June_13_1982/ (കാനം EJ) ഇലവുങ്കൽ ജോസഫ്ഫിലിപ്പ് .
*പെരിയാറേ പെരിയാറേ*
*പർവ്വതനിരയുടെ പനിനീരേ*
*കുളിരുംകൊണ്ട് കുണുങ്ങി നടക്കും മലയാളിപ്പെണ്ണാണ് നീ*
*ഒരു മലയാളിപ്പെണ്ണാണ് നീ*
1962 ൽ പുറത്തിറങ്ങിയ _ഉദയായുടെ_ *ഭാര്യ* എന്ന ചിത്രമാരംഭിക്കുന്നത് സിനിമാ പ്രേക്ഷകർ നെഞ്ചിലേറ്റിയ മേല്പറഞ്ഞ ഗാനത്തോടെയാണ്.
*കുഞ്ചാക്കോ* സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് പ്രശസ്ത നോവലിസ്റ്റ്
*കാനം* ആയിരുന്നു.
മധ്യതിരുവിതാംകൂറിലെ
ഒരു കോളേജ് പ്രൊഫസ്സറുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തമായിരുന്നു _ഭാര്യയുടെ_ തിരക്കഥയ്ക്ക് ആധാരം.
ചിത്രം വമ്പിച്ച വിജയമായെന്ന്
മാത്രമല്ല യഥാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്ന യഥാർത്ഥ ചിത്രങ്ങൾ കൂടി സിനിമയുടെ കൂടെ അന്നു പ്രദർശിപ്പിച്ചിരുന്നു.
*സത്യനും ,രാഗിണിയും, ബഹദൂറും ,എസ്പിയും* അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് *വയലാറും ദേവരാജനുമായിരുന്നു.*
ശ്രീ _കെ.ജെ യേശുദാസ്_ ആദ്യമായി ദേവരാജന്റെ സംഗീതത്തിൽ പാടിയ ചിത്രവും _ഭാര്യയാണ്_
അധ്യാപകൻ ഗാനരചയിതാവ്
നോവലിസ്റ്റ്, നാടകകൃത്ത്
എന്നീ രംഗങ്ങളിൽ പ്രവർത്തിച്ച *കാനം ഇജെ*
എന്ന *ഇലവുങ്കൽ ജോസഫ് ഫിലിപ്പ്*
കോട്ടയംജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള കാനം എന്ന സ്ഥലത്ത് 1926 ജൂൺ 13 ന് ജനിച്ചു. കങ്ങഴ ഹൈസ്കൂളിൽ നിന്ന് പഠിച്ചിറങ്ങി പട്ടാളത്തിൽ ചേർന്നു. പതിനഞ്ച് വർഷത്തെ സൈനിക സേവനത്തിന് ശേഷം തിരികെയെത്തിയത് ഒരു ഡോക്ടറായിട്ടായിരുന്നു.
പട്ടാളത്തിൽ സേവനം ചെയ്യുമ്പോൾ നിർബന്ധ പ്രകാരം മെഡിക്കൽ പ്രാക്ടീഷണർ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരുന്നു.
നാട്ടിലെത്തിയ ഫിലിപ്പ് ആരോഗ്യ രംഗത്ത് സേവനതല്പരനാകാൻ മടിച്ചു.
ഹൈസ്ക്കൂളിലെ മലയാള പഠനവും സാഹിത്യത്തിലുള്ള വാസനയും ഫിലിപ്പിനെ കങ്ങഴ സ്കൂളിലെ അധ്വാപകനാക്കി.
*ബാഷ്പോദകം* എന്ന കവിതാസമാഹാരമായിരുന്നു
ആദ്യം പുറത്ത് വന്നത്.
അതിലെ *കുടിയിറക്ക്*
എന്ന കവിത കഥാപ്രസംഗമായി സ്കൂൾ കലോത്സവങ്ങളിൽ പേരെടുത്തു.
*ജീവിതം ആരംഭിക്കുന്നു*
കാനത്തിന്റെ ആദ്യ നോവലാണ്. തുടർന്ന് മനോരമയിൽ ജോലിക്ക് ചേർന്നു.
ജീവിക്കുന്ന സാഹചര്യങ്ങൾക്ക് ഒത്തിണങ്ങിയ കഥാരചനയിൽ മുൻപന്തിയിൽ നിന്ന നോവലിസ്റ്റും നാടകകൃത്തുമായിരുന്നു കാനം.
നൂറിലധികം നോവലുകൾ മാത്രം രചിച്ച് ചരിത്രം സൃഷ്ടിച്ച ഒരു സാഹിത്യകാരൻ കൂടിയാണ് കാനം.
അതിൽ ഇരുപതിലധികം കഥകൾ ചലച്ചിത്രമായി. വലിയ സാഹിത്യഗുണമൊന്നും കാനത്തിന്റെ സൃഷ്ടികളിൽ ഒത്തുചേർന്നിട്ടില്ലെന്ന് ആസ്വാദകർ വിലയിരുത്തിയിട്ടുണ്ട്.
മസാലകളും,
ഉദ്വേഗം നിറഞ്ഞ കഥാസന്ദർഭങ്ങളും ആ
കാലങ്ങളിൽ വായനക്കാർ അത്യുത്സാഹത്തോടെ ആസ്വദിക്കുകയായിരുന്നു. രചനകൾ വായനക്കാർക്ക് ഇഷ്ടപ്പെടാതെയിരുന്നിട്ടില്ല. വിശാലമായ ചിന്താസരണിയോ ദീർഘവീക്ഷണമോ ഒന്നും തന്നെ കൈമുതലില്ലാതിരുന്ന ഒരു എഴുത്തുകാരനാണെന്ന് കാനം തന്നെ സ്വയം വിലയിരുത്തിയിട്ടുണ്ട്.
എന്നാൽ സ്വജീവിതത്തിലെ അനുഭവങ്ങൾ നോവൽ രചനയ്ക്ക് പ്രമേയമായിട്ടില്ലെന്നും പറഞ്ഞിട്ടുണ്ട്.
മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള വാരിക
*മലയാള മനോരമയാണെന്ന്*
ആർക്കും ആലോചിക്കാതെ പറയാനുണ്ടായിരുന്നൊരു കാലമുണ്ടായിരുന്നു.
രസകരങ്ങളായ വിവിധ പംക്തികളാലും *കാനത്തിനെയും*
*മുട്ടത്തു വർക്കിയേയും ചാലിൽജേക്കബ്ബിനെയും കോട്ടയം പുഷ്പനാഥിനെയും* പോലെയുള്ള നോവലിസ്റ്റുകളുടെ കഥകളും കൊണ്ട് സമ്പുഷ്ടമായിരുന്നു മനോരമ വാരിക.
*പമ്പാനദി പാഞ്ഞൊഴുകുന്നു*,
*ഈ അരയേക്കർ നിന്റേതാണ്.* മുതലായ തുടർ നോവലുകൾ മനോരമയിലായിരുന്നു പ്രസിദ്ധീകരിച്ചത്.
വായനക്കാരെ അത്യന്തം ആകർഷിക്കപ്പെട്ടൊരു കഥയായിരുന്നു
"ഈ അരയേക്കർ."
*പള്ളിമണികളെ* *പള്ളിമണികളെ*
*സ്വർലോകഗീതത്തിന്നുറവുകളെ*
*നല്ലൊരു നാളയെ മാടി വിളിക്കുവിൻ*
1968 ൽ റിലീസായ നീലായുടെ *അധ്യാപിക* എന്ന ചിത്രം കാണാൻ സ്കൂളിൽ നിന്ന് കൊണ്ടുപോയതിന്റെ ഓർമ്മയാണ് മനസ്സിൽ വരുന്നത്.
അധ്യാപികയായി അഭിനയിച്ചത് *പത്മിനിയെന്ന* നടിയായിരുന്നുവെന്ന് അന്നറിയില്ലായിരുന്നു.
എന്നാൽ ആ ചിത്രം പിന്നീട് ദൂരദർശനിൽ 1986 ൽ സംപ്രേക്ഷണം ചെയ്തപ്പോൾ
വീണ്ടും കണ്ണ് നിറഞ്ഞത് പറയാതെ വയ്യ.
എല്ലാവർക്കും വേണ്ടി ജീവിച്ച സാറാമ്മ എന്ന അധ്യാപിക ക്ഷയരോഗബാധിതയായി വീടിന് സമീപത്തെ ചായ്പ്പിൽ നിരാലംബയായി ഇറ്റ് വെള്ളത്തിനായി ഉഴറുമ്പോൾ സ്നേഹിച്ച് വളർത്തിയ അവളുടെ നായയുടെ ദയയും സ്നേഹവുമാണ് കാണികളെ സങ്കടത്തിലാക്കുന്നത്.
നന്ദിയുടെ പര്യായമായ ആ നായ വളരെ കഷ്ടപ്പെട്ട് ഒരു പാത്രത്തിൽ സാറാമ്മയ്ക്ക് എത്തിച്ചുകൊടുക്കുന്ന ദാഹജലം പാനം ചെയ്ത് അവർ മരണത്തിന് കീഴടങ്ങുന്നു.
"പി.സുബ്രമണ്യമായിരുന്നു"
സംവിധായകൻ.
*നീലപ്പൂഞ്ചേലയാൽ മാറിടം മറച്ചു*
*വേളിക്കസവിട്ട മണവാട്ടി*
*കടലിന്റെ കൈകളാൽ*
*നഖക്ഷതമേല്ക്കുമ്പോൾ...*
*തിരയും തീരവും ചുംബിച്ചുറങ്ങി*
മനോരമ വാരികയിൽ പരമ്പരയായി പ്രസിദ്ധികരിച്ച കാനത്തിന്റെ
*അവൾ വിശ്വസ്തയായിരുന്നു* എന്ന നോവൽ ചലച്ചിത്രമായപ്പോൾ ചലച്ചിത്ര പ്രേമികൾ അത്ഭുതത്തോടെയാണ് സ്വീകരിച്ചത്.
1978 ൽ *ജേസി* സംവിധാനം ചെയ്ത ഈ ചിത്രത്തിൽ
*വിൻസന്റ്* _ജയഭാരതി_ *സോമൻ* എന്നിവരായിരുന്നു പ്രധാന വേഷങ്ങൾ ചെയ്തിരുന്നത്. ഭാര്യയും ഭർത്താവും സന്തോഷകരമായി കഴിഞ്ഞിരുന്ന ഒരു വലിയ വീട്ടിൽ ഭർത്താവിന്റെ ആത്മാർത്ഥ സ്നേഹിതൻ താമസത്തിനെത്തുന്നതോടെയാണ് ചിത്രമാരംഭിക്കുന്നത്.
പുതിയ അതിഥി തന്റെ കാമുകനായിരുന്നുവെന്നുള്ള സത്യം മറയ്ക്കാനും കൂട്ടുകാരന്റെ ഭാര്യ ഒരു കാലത്ത് എല്ലാമായിരുന്ന പ്രണയിനിയായിരുന്നുവെന്നുള്ള രഹസ്യവും മറച്ചുകൊണ്ട് വീർപ്പുമുട്ടലോടെ, ആനന്ദം വിടർന്നുനിന്ന ആ ഗൃഹത്തിൽ സന്താപത്തിലമരുന്നതുമാണ് കഥ.
ചിത്രത്തിനായി കഥ, തിരക്കഥ സംഭാഷണം ഗാനങ്ങൾ എന്നിവയെല്ലാം ഒരുക്കിയത് നോവലിസ്റ്റ് കാനമായിരുന്നു.
*അർജ്ജുനൻ* ചിട്ടപ്പെടുത്തിയ
""ചക്രവാളം ചാമരം വീശും ചക്രവർത്തിനി രാത്രി"" എന്ന ഗാനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
ആദ്യം കൊടുത്തിരുന്ന ഗാനം ചിത്രത്തിൽ രണ്ട് സന്ദർഭങ്ങളിലായി യേശുദാസും വാണിജയറാമും ആലപിക്കുന്നുണ്ട്.
*ഇനിയെന്റെ ഓമലിനായൊരു ഗീതം*
*ഹൃദയങ്ങൾ പാടും സംഗീതം*
*ഒരു ഉയിരാകും നേരം*
*രവീന്ദ്രൻ* എന്ന സംഗീതമാന്ത്രികൻ തന്റെ സംഗീതജീവിതത്തിന്റെ ആരംഭത്തിൽ യേശുദാസിനെക്കൊണ്ട് പാടിപ്പിച്ച സുന്ദരമായൊരു ഗാനത്തിന്റെ ആദ്യവരികൾ. ഒരുപക്ഷേ
യേശുദാസ് രവീന്ദ്രൻ കൂട്ടുകെട്ടിലെ ഏറ്റവും നല്ലൊരു
ഗാനമാണെന്നു പറയാം.
*ശശികുമാറിന്റെ* സംവിധാനത്തിൽ
1981 ൽ *എംജി സോമൻ* ഇരട്ടവേഷത്തിലഭിനയിച്ച
*ഒരു വർഷം' ഒരു മാസം* എന്ന ചിത്രത്തിലെയാണ്
ഈ ഗാനം.
കാനത്തിന്റെ ശക്തമായ കഥ.
കർക്കശക്കാരനായ
അച്ഛനും ധിക്കാരിയായ മകനും തമ്മിലുള്ള ഉജ്ജ്വലമായ പോരാട്ടം. സോമന്റെ അഭിനയം ഗംഭീരമായി.
*മോഹം മുഖപടമണിഞ്ഞു.*
*മൗനം തേങ്ങിക്കരഞ്ഞു.*
അദ്ദേഹത്തിന്റെ ചില കഥകൾ സിനിമയായത് *മനോരാജ്യം* വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചവയായിരുന്നു.
*ആരും അന്യരല്ല,*
1978 ൽ ജേസി സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു. വാരികയിൽ തുടർക്കഥയായി വന്നതുകൊണ്ടോ എന്തോ ജേസിയുടെ ഈ ചിത്രം വളരെയേറെ ഇഷ്ടപ്പെട്ടു പ്രേക്ഷകർക്ക്.
മനോരാജ്യത്തിൽ തുടർക്കഥയായി വന്ന *മനസ്സൊരു മഹാസമുദ്രം,*
*ഹിമവാഹിനി* എന്നീ നോവലുകൾ അതേ പേരിൽ പിന്നീട് ചിത്രങ്ങളായി.
മമ്മൂട്ടിയും മോഹൻലാലിനേയും പോലെയുള്ള പുതുമുഖ നടന്മാരാണ് അഭിനയിച്ചിരുന്നതെന്ന് മാത്രം.
*ഏദൻ തോട്ടം* *സന്ധ്യയ്ക്കെന്തിന് സിന്ദൂരം* *കലയും കാമിനിയും* മുതലായവ മനോരമ വാരികയിൽ കഥയായി വരികയും ചലച്ചിത്രങ്ങളുമായവയാണ്.
പ്രശസ്ത സംഗീത പ്രതിഭ *ബാലമുരളികൃഷ്ണ* രണ്ടാമത് പറഞ്ഞ ചിത്രത്തിലഭിനയിച്ചിട്ടൂണ്ട്.
1982 ൽ *കടത്ത്* എന്ന ചിത്രത്തിനാണ് അവസാനം കഥയെഴുതിയത്.
ജനിച്ച തീയതിയിലും മാസത്തിലും യാത്രയാകാൻ മലയാളികളുടെ പ്രിയങ്കരനായ നോവലിസ്റ്റിന് സംഭവിച്ചത് ഭാഗ്യമാണോ നിർഭാഗ്യമാണോ എന്നറിയില്ല.
1982 ജൂൺ 13 ന് കോട്ടയത്താണ് കഥാകാരൻ കഥാവശേഷനായത്.
താനെഴുതിയ കഥകൾ സത്യമാണോ കല്പിതകഥകളാണോ എന്നുള്ള ചിന്തയൊന്നും രചനാകാലത്ത് ഉൾക്കൊണ്ടിരുന്നില്ല.
എങ്കിലും സാഗരശയ്യകളിൽ രതിസുഖമാടിയ പ്രണയിനികളുടെ കഥകൾ അന്ന് സമൂഹത്തിൽ ചോദ്യം ചെയ്യപ്പെടാനാകാതെ നിന്നിരുന്ന പുരുഷാധിപത്യത്തിനെ
ജയിക്കുകയായിരുന്നു.
ഒരു വർഷം ഒരു മാസം എന്ന ചിത്രത്തിലെ "ഇനിയെന്റെ ഓമലിനായ്" എന്ന രവീന്ദ്രസംഗീതവും കേൾക്കൂ.
*കെ.ബി. ഷാജി. നെടുമങ്ങാട്.*
9947025309
Comments
Post a Comment