June_08_1982/ Dr K Bhaskara Nair

*എന്റെ കുട്ടിക്കാലത്താണ് ഒരു ദിവസം നാട്ടിൻ പുറത്തെ റോഡിലൂടെ സൈക്കിളിൽ പോയ ഒരു യാത്രക്കാരൻ എന്തോ അപകടം പറ്റിയത് പോലെ പെട്ടെന്ന് വണ്ടി നിർത്തി താഴെയിറങ്ങി കാറ്റ് പോയല്ലോ എന്നു പറഞ്ഞ് വണ്ടിച്ചക്രം പരിശോധിക്കാൻ തുടങ്ങി.*
*അടുത്ത് ചെന്നവർ കാരണം ഊഹിച്ചു*.
*ആണി തറച്ചതായിരിക്കും*

പഴയ അഞ്ചാം പാഠ പുസ്തകത്തിലെ 
*കൊഴുവിലും പഴയ ഉഴവൻ* എന്ന അധ്യായം ചിലർക്കെങ്കിലും ഓർമ്മ വരാതെയിരിക്കില്ല.

സൈക്കിൾ യാത്രക്കാരന്റെ കഥ അവസാനിക്കുന്നില്ല.
കാറ്റ്പോയ ടയറിൽ സൈക്കിൾ പമ്പ് ഉപയോഗിച്ച് കാറ്റ് നിറച്ചിട്ട് കാറ്റ് നില്ക്കാതെ വന്നതും വാൾവ് ട്യൂബ് പോയതാണെന്ന് മനസിലാക്കി
അടൂത്തുള്ള പറമ്പിലെ മണ്ണ് മാന്തി മണ്ണിരയെ കുഴൽ രൂപത്തിലാക്കി വാൾവ് ട്യൂബിന് 
പകരമുപയോഗിച്ചുമെന്നാണ് പറയുന്നത്.
*ഡോ കെ ഭാസ്ക്കരൻനായരുടെ*  നിരവധി ശാസ്ത്രലേഖനങ്ങൾ പഴയകാലത്ത് മലയാളം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു
നിസ്സാരമായ ഞാഞ്ഞൂലിന്റെ(മണ്ണിര)
ജീവിതത്തെ സംബന്ധിച്ച് പുതിയ തലമുറയ്ക്ക് യാതൊരു പരിചയവും ഇല്ലെന്നാണ് മനസിലാക്കേണ്ടത്.
മീൻ പിടിക്കാൻ ചൂണ്ടലിൽ കോർക്കാനുള്ള ഇരയായും മണ്ണിരയെ കിട്ടാനില്ല.
മണ്ണിര കിളച്ചിടുന്ന 
കുരിച്ചിൽ മണ്ണ് ( *കുക്കിരിക്കട്ട*) പോലും കാണാനില്ല.
ഭൂമുഖത്ത് മനുഷ്യന് മുമ്പുണ്ടായ മണ്ണിര ഭൂമിയെ കിളച്ചുമറിച്ചു കൃഷിക്ക് ഉപയുക്തമാക്കിയെന്നാണ് *ഡാർവിൻ* അഭിപ്രായപ്പെട്ടത്.
പരമമായ ഈ സത്യം ആധുനികലോകം അറിയുന്നില്ല.

മലയാള
ശാസ്ത്രസാഹിത്യരംഗത്തെ
നിസ്തുല വ്യക്തിത്വമാണ് *ഡോ*
*കെ. ഭാസ്ക്കരൻനായർ.*.
കേരളത്തിലെ ശാസ്ത്ര സാഹിത്യപ്രസ്ഥാനത്തിന്റെ ആചാര്യനായ അദ്ദേഹം ശാസ്ത്രകൃതികൾ മാത്രമല്ല രചിച്ചത്. സാഹിത്യനിരൂപണ ഗ്രന്ഥങ്ങളും ബാലസാഹിത്യ കൃതികളുമായി മുപ്പതോളം പുസ്തകങ്ങളും ആയിരത്തിലധികം ലേഖനങ്ങളും അദ്ദേഹത്തിന്റേ തായിട്ടുണ്ട്.
ഭരണതന്ത്രജ്ഞനും ആധ്യാത്മികവാദിയുമായ അദ്ദേഹത്തിന്റെ ലേഖനങ്ങളും കൃതികളും ആധുനിക വിജ്ഞാനത്തിന്റെ വിശാലമായ മേഖലകളെ
മലയാളം മാത്രമറിയാവുന്നവർക്ക്
പ്രാപ്യമാക്കിക്കൊടുത്തു.

1975--76 വിദ്യാഭ്യാസ വർഷത്തിൽ കേരളപാഠാവലി ഏഴാംക്ലാസ്സിലെ പുസ്തകത്തിൽ *കുഷ്ഠരോഗം* 
എന്നൊരദ്ധ്യായം പഠിച്ചത് മറക്കാനിടയില്ല.
അതിപ്രാചീനകാലം മുതൽക്ക് തന്നെ അറിയപ്പെടുന്ന മഹാരോഗമായ കുഷ്ഠത്തെപ്പറ്റി സകലമാനവിധമാളുകൾക്കും ഉപകാരപ്രദമായ ലേഖനമായിരുന്നു അത്.
കുഷ്ഠരോഗികൾ പൂർവ്വകാലത്ത് കണ്ണൊഴികെയുള്ള ശരീരഭാഗങ്ങൾ തുണികൊണ്ട് മൂടി മണിയും കിലുക്കി 
നടന്നുകൊള്ളണമെന്ന് നിയമം യൂറോപ്പിലുണ്ടായിരുന്നുവത്രെ.
രോഗത്തിന്റെ ലക്ഷണങ്ങൾ,
അപകടാവസ്ഥ, പകർച്ച, ചികിത്സ തുടങ്ങിയ സകലവിധ
കാര്യങ്ങൾ കൂടാതെ ബെൽജിയൻ മിഷണറിയായ *ഫാദർ ഡാമിയനെക്കുറിച്ചും*
ശാന്തസമുദ്രത്തിലെ *മൊളോക്കായി* ദ്വീപുകളിൽ16 വർഷം രോഗികളെ പരിചരിച്ച് ഒടുവിൽ രോഗത്തിനടിമയായി മൃതനായതും ആ പാഠഭാഗത്തിൽ വിവരിക്കുന്നുണ്ട്.

*പത്തനംതിട്ട* ജില്ലയിലെ _ഇടയാറന്മുളയിൽ_ ഐക്കരേത്ത് _നാരായണപിള്ളയുടേയും_ തെക്കുംകോലിൽ _കാർത്ത്യായനിയമ്മയുടേയും_ നാലാമത്തെ മകനായി
1913 ആഗസ്റ്റിൽ ഭാസ്ക്കരൻനായർ
ജനിച്ചു. റെവന്യൂ വകുപ്പിൽ സർവ്വേയറായിരുന്നു അച്ഛൻ.
*വൈക്കത്തുള്ള* പ്രൈമറി സ്കൂളിലായിരുന്നു നായരുടെ വിദ്യാഭ്യാസം. 
1924  ൽ ഇടയാറന്മുളയിലെ ഇംഗ്ലീഷ് മിഡിൽ സ്കൂളിലേയ്ക്ക് അദ്ദേഹത്തെ മാറ്റി.
*ചെങ്ങന്നൂർ* ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്നാണ്
1929 ൽ അദ്ദേഹം SSLC  പാസ്സാകുന്നത്.
*തിരുവനന്തപുരം*
യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 1929 ൽ ഇന്റർമീഡിയേറ്റും 
1931 ൽ ബി.എ യും ജയിച്ചു.
സൂവോളജിയായിരുന്നു ഐച്ഛികവിഷയം.
ഡോ.കെ.എസ്സ് പത്മനാഭയ്യരുടെ കീഴിൽ തിരുവിതാം സർക്കാർ ഏർപ്പെടുത്തിയ ഗവേഷണ
സ്കോളർഷിപ്പ് ആദ്യമായി ലഭിച്ച ഒന്നാംറാങ്കുകാരനായ _ഭാസ്ക്കരൻനായർ_ ഗവേഷണത്തിന് ചേർന്നു.

സൗകര്യങ്ങൾ പരിമിതമായതിനാൽ
1935 ൽ അദ്ദേഹം ഗവേഷണരംഗം മദ്രാസ്സ് സർവ്വകാലശാലയിലേക്ക് മാറ്റി. മണ്ണിരയെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.
മദ്രാസ്സിലെത്തിയപ്പോൾ ഗവേഷണം കൊഞ്ചിന്റെ വർഗ്ഗത്തിൽപ്പെട്ട ജന്തുക്കളുടെ ഭ്രൂണപരിവർത്തനത്തെപ്പറ്റിയായി. രണ്ട് 
വർഷത്തിനുള്ളിൽ ഗവേഷണം പൂർത്തിയാക്കി *എംഎസ്സ്സിക്കുള്ള* പ്രബന്ധം അദ്ദേഹം സമർപ്പിച്ചു.
ഇംഗ്ലണ്ടിലുള്ള മൂന്ന് ശാസ്ത്രജ്ഞരാണ് തിസീസ് പരിശോധിച്ചത്.
മറ്റ് സാങ്കേതിക തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ ഈ പ്രബന്ധത്തിന് _പിഎച്ച്ഡി_
ബിരുദം തന്നെ 
നല്കാവുന്നതാണെന്നായിരുന്നു അവരുടെ വിധിനിർണയം.
പക്ഷേ അത് നടന്നില്ല.
എങ്കിലും തുടർന്ന് ഗവേഷണം നടത്താൻ സർവ്വകലാശാല അദ്ദേഹത്തെ ക്ഷണിച്ചു.

1971 ൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന പഴയ പത്താംക്ലാസ്സ്
പുസ്തകത്തിലും *ഭാസ്ക്കരൻനായരുടെ* ഒരധ്വായം പഠിക്കാനുണ്ടായിരുന്നു
*ജെറ്റ് വിമാനം* എന്നാണ് പാഠത്തിന്റെ പേര്.
ആകാശയാനങ്ങൾ മാനത്തുകൂടെ മിന്നൽപോലെ കുതിക്കുന്നതിന്റെ രഹസ്യമാണ് വടംവലി മത്സരത്തിലെ ഒരു കൂട്ടർ കയർ  വിട്ടു കൊടുത്താൽ സംഭവിക്കുന്ന അവസ്ഥയിലൂടെ വരച്ചുകാട്ടിയത്.

_ഭാസ്ക്കരൻനായർ_ മദ്രാസ്സ് സർവ്വകലാശാലയിൽ ഫെലോ ആയി ഗവേഷണം നടത്തുന്ന കാലത്താണ് (1939) തിരുവിതാംകൂർ സർവ്വകലാശാല( *കേരള യൂണിവേഴ്സിറ്റി*) ആരംഭിക്കുന്നത്. അവിടെ സയൻസ്സ് കോളേജിൽ സുവോളജി വകുപ്പിൽ അദ്ദേഹത്തിന് ആദ്യം തന്നെ ജോലികിട്ടി. ഇവിടെ 
അധ്വാപകനായിരിക്കുമ്പോഴാണ്  അദ്ദേഹം _മാതൃഭൂമി_ ആഴ്ചപ്പതിപ്പിൽ ശാസ്ത്രസംബന്ധമായ ലേഖനങ്ങൾ നല്ല തെളിഞ്ഞ മലയാളത്തിൽ എഴുതിത്തുടങ്ങിയത്.
ഇതിന് മുമ്പ് 1934 ൽ അദ്ദേഹം *പ്രാണിലോകം*
എന്നപേരിൽ ഒരു പുസ്തകം രചിച്ചിരുന്നു. പക്ഷേ മാതൃഭൂമിയിൽ വന്ന ലേഖനങ്ങൾ അദ്ദേഹത്തിന് ശാസ്ത്രഗദ്യകാരൻ എന്ന പേര് പതിപ്പിച്ച് നല്കി.
1943 ൽ മദ്രാസ്സ് സർവ്വകലാശാലയിൽ നിന്ന് അദ്ദേഹത്തിന് 
ഡിഎസ്സ്സി ബിരുദം ലഭിച്ചു.1945 ൽ അദ്ദേഹം തിരുവിതാംകൂർ സർവ്വകലാശാലയിൽ സുവോളജി പ്രൊഫസ്സറായി.
*ആധുനികശാസ്ത്രം, പരിണാമം* എന്നീ കൃതികൾ
രചിച്ചു.

*പ്രകൃതിപാഠങ്ങൾ, ശാസ്ത്ര ദീപിക*(1951)
*ശാസ്ത്രത്തിന്റെ ഗതി*
(1946) *ശാസ്ത്രാപാഠാവലി* (1954) എന്നിവ ഇക്കാലത്തെ സംഭാവനകളാണ്.
ശാസ്ത്രം പഠിക്കുന്നതിനും
പഠിപ്പിക്കുന്നതിനും ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിനും ഭാസ്ക്കരൻനായർ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ചു.

വായനക്കാരെ രസിപ്പിക്കാനും കൃതിയിലേയ്ക്ക് ആകർഷിക്കാനും തക്ക രചനാപാടവം അദ്ദേഹത്തിനുണ്ടായിരുന്നു.
നാടൻപ്രയോഗങ്ങളും  ബിംബകല്പനകളും കൊണ്ട് സമ്പുഷ്ടമായിരുന്നു അദ്ദേഹത്തിന്റെ കൃതികൾ.
എഴുതുന്നതെന്തും സാധാരണക്കാർക്ക് പ്രയോജനപ്രദമാകണം എന്നത്പോലെതന്നെ അദ്ദേഹത്തിന് നിഷ്ഠയുള്ള കാര്യമായിരുന്നു അത് മനസിലാക്കണം എന്നതും.
തർജ്ജമയാണെന്ന് തോന്നാത്ത തരത്തിലായിരുന്നു രചനകൾ.
ഒന്നാം തരം വായനക്കാരനായിരുന്ന അദ്ദേഹം 
*സിവി രാമൻപിള്ളയുടെ*
നോവലുകളുടെ ആരാധകനായിരുന്നു.
സിവി കൃതികളെ ആസ്പദമാക്കി രചിച്ച
*ദൈവനീതിക്ക് ദാക്ഷിണ്യമില്ല*
എന്ന കൃതി അദ്ദേഹത്തിനുള്ളിലെ കറകളഞ്ഞ നിരൂപകനെ നമുക്ക് കാണിച്ചു തരുന്നു.
*കലയും കാലവും* (1945)
*ധന്യവാദം* (1951)
*ഏതുമാർഗം* (1954 )
*സംസ്ക്കാരലോചനം* (1958)
*താരാപഥം* (1960) *ചിന്താതീർത്ഥം*(1969) *ഉപഹാരം*(1970)
*പുണ്യഭൂമി*(1971)
*പ്രേമത്തിന്റെ നറുംവെളിച്ചങ്ങൾ*(1972)
എന്നിവയൊക്കെ അദ്ദേഹത്തിന്റെ നിരൂപണ ഗ്രന്ഥങ്ങളും മറ്റ് കൃതികളുമാണ്.

*മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ* 
*മനോരമേ നിന്റെ നയനങ്ങൾ*
  
പഴയ ഒരു ജയചന്ദ്രൻ ഗാനമാണ്.

അദ്ദേഹത്തിന്റെ വിജ്ഞാനപ്രദങ്ങളായ നിരവധി ലേഖനങ്ങൾ ഉൾപ്പെടുത്തിയ ഒരു പുസ്തകമാണ്
1964 ൽ പ്രസിദ്ധീകൃതമായ *മാനത്തുകണ്ണി*
 ആ പുസ്തകത്തിൽ നിന്ന് *ബാഹ്യാകാശം* എന്നൊരധ്യായം 
പത്താംക്ലാസ്സിലെ മലയാളത്തിൽ പഠിക്കാനുണ്ടായിരുന്നു.
അതിലദ്ദേഹം പറയുന്നു.

_""ഈ പ്രപഞ്ചഭാഗത്തെപ്പറ്റി നമുക്ക്‌ യാതൊരു_ _ഊഹവുമില്ല. ഭൂമിയിൽ നിന്ന്_ _കാണുന്ന നീല മേലാപ്പ്_ _അവിടെയില്ല._
_സൂര്യപ്രകാശം_ 
_വായുമണ്ഡലത്തിലൂടെ_ _കടന്നുവരുമ്പോൾ_ _കണ്ടുവരുന്ന പ്രതീതിയാണത്._
_വെറും തോന്നൽ._
_വായുമണ്ഡലത്തിന്_ _വെളിയിൽക്കടന്നാൽ നല്ല കറുപ്പ് നിറമാണ് കാണുന്നത്.""_

മികച്ച അധ്യാപകനായിരുന്നു
ഡോക്‌ടർ ഭാസ്ക്കരൻനായർ.
വിപുലമായ ശിഷ്യസമ്പത്തുള്ള
അദ്ദേഹം കോളേജ് പ്രിൻസിപ്പലായും വിദ്യാഭ്യാസ
ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
പന്ത്രണ്ട് വർഷം കേരള സാഹിത്യ അക്കാഡമിയുടെ ജനറൽ കൗൺസിൽ മെമ്പറായിരുന്ന അദ്ദേഹം1960 മുതൽ 1968 വരെ ജനറൽ സെക്രട്ടറിയുമായിരുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി 1964 മുതൽ 1968 വരെ പ്രവർത്തിച്ച അദ്ദേഹം
മലയാള വിഭാഗത്തിന്റെ ഉപദേഷ്ടാവായിരുന്നു.
1956 മുതൽ 1972 വരെയുള്ള
16 വർഷക്കാലം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഏഴ് സമ്മേളനങ്ങളിൽ അദ്ദേഹമായിരുന്നു വിവിധ വിഭാഗങ്ങളുടെ അദ്ധ്യക്ഷൻ.
കേരള സർക്കാരിന്റെ ലിപി പരിഷ്ക്കരണ കമ്മിറ്റിയിൽ സജീവാംഗമായിരുന്നു നായർ.
1971 ൽ ഭരണഭാഷ മലയാളമാക്കിയതിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ മലയാളം ടൈപ്പ് ചെയ്യാൻ നവീന ടൈപ്പ് റൈറ്റർ നിർമ്മിക്കാനുള്ള കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിലും അംഗമായിരുന്നു

മിശ്രവിവാഹം പ്രാബല്യത്തിൽ വരാതിരുന്ന നാല്പതുകളിൽ,
ഉത്പതിഷ്ണുവായ അദ്ദേഹം *കണ്ണൂരിലെ* തീയസമുദായാംഗമായ
*സികെ രത്നവതിയെ* വിവാഹം കഴിച്ച് ചരിത്രം സൃഷ്ടിച്ചു.
രണ്ട് മക്കളാണ് അവർക്കുള്ളത്.
1982 ജൂൺ 8 ന് ഹൃദയസ്തംഭനംമൂലം _ഭാസ്ക്കരൻനായർ_ കഥാവശേഷനായി.
അദ്ദേഹത്തിന്റെ ശാസ്ത്ര സംബന്ധമായ അറിവുകൾ പലപല പുസ്തകങ്ങളിലായി ചിതറി കിടക്കുന്നു. അവയിൽ പലതും കിട്ടാനുമില്ല.
വളരെ സരസവും ലളിതവുമായ ആഖ്യാന രീതി.
അദ്ദേഹത്തെ ഓർക്കാൻ ആരും ഒരുമ്പെട്ടില്ലെങ്കിലും 
ആ പുസ്തകങ്ങൾ വരുന്ന തലമുറയിലെ ജനതയ്ക്ക് ഉപകാരപ്പെടാൻ ശ്രമമുണ്ടാകണം.

*കെ.ബി. ഷാജി. നെടുമങ്ങാട്.*
9947025309.

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ