June_17_1948/ ചങ്ങമ്പുഴ

*വെള്ളിനക്ഷത്രമെ നിന്നെ* *നോക്കി*
*തുള്ളിത്തുളുമ്പുകയെന്യേ*
*മാമകചിത്തത്തിലന്നും ഇല്ല*
*മാദക വ്യാമോഹമൊന്നും*

ഒരു വിരഹഗാനത്തിന്റെ  ആന്തരികലാവണ്യം സംശോഭിതമായതിന് ഇതിലും ഉത്തമമായ മാതൃക    കണ്ടെത്താനാവില്ല.
1967 ൽ *ചങ്ങമ്പുഴയുടെ* _രമണൻ_ എന്ന വിലാപകാവ്യം 
*ഡിഎം പൊറ്റക്കാട്ട്* എന്ന സംവിധായകൻ ചലച്ചിത്രമാക്കുന്നതിന് തീരുമാനിച്ചു. 
ഗാനങ്ങൾ ചിട്ടപ്പെടുത്താനായെത്തിയ *കെ.രാഘവനോട്* നിഷ്ക്കർഷിച്ച്  
പറഞ്ഞതിൻപ്രകാരമായിരുന്നു.
""പുസ്തകത്തിലെ വരികൾക്ക് മാറ്റമുണ്ടാകാതെയും കാവ്യഭംഗി നഷ്ടപ്പെടാതെയും സന്ദർഭമനുസരിച്ചും 
ഏഴോ എട്ടോ ഗാനങ്ങൾ യോജിച്ചരീതിയിൽ, 
അങ്ങ്  ചിട്ടപ്പെടുത്തണം.""
സംവിധായകന്റെ 
അഭിപ്രായപ്രകാരം ഇരുപതോളം ഗാനങ്ങൾ ചിത്രത്തിനായി ചിട്ടപ്പെടുത്തി.
"ചപല വ്യാമോഹങ്ങൾ ആനയിക്കും,"
"കാനനഛായയിൽ",
"ഏകാന്ത കാമുകാ", 
"സംപൂതമി പ്രേമഭിക്ഷ",
"പൊട്ടുകില്ലിനി" 
മുതലായ ഗാനങ്ങൾ  കവിതപോലെ വമ്പൻ വിജയമായി. 
ചിത്രം ശരാശരി വിജയമേ  കരസ്ഥമാക്കിയുള്ളുവെങ്കിലും ഗാനങ്ങൾക്കുള്ള പ്രസക്തി നഷ്ടമായിട്ടില്ല.

*എൻതുച്ഛജീവിതംകൊണ്ടുമീ ലോകത്തി-*
*നെന്തെങ്കിലും ഗുണമുണ്ടായിരിക്കണം.*

1948 ജൂൺ17 ന്
( 1123 മിഥുന മാസം 4) *തൃശൂരിലെ*
_മംഗളോദയം നഴ്സിംഗ് ഹോമിൽ_ ക്ഷയരോഗത്താലാണ്
37 മത്തെ വയസ്സിൽ 
കാല്പനികതയുടെ ജാലാകലാപം സൃഷ്ടിച്ച് പൊടുന്നനെ അദ്ദേഹം പൊലിഞ്ഞത്.

*ആരുവാങ്ങു, മിന്നാരുവാങ്ങു, മീ*
*യാരാമത്തിന്റെ രോമാഞ്ചം.?*

പത്താംക്ലാസ്സിൽ മലയാള പുസ്തകത്തിൽ
*ആ പൂമാല* എന്നൊരു കവിത പഠിച്ചതിന്റെ ഓർമ്മയുടെ സുഗന്ധത്തിലാണിന്ന് ഉണർന്നത്.   
മന്ദചേഷ്ടനായ് മന്ദിരാങ്കണ വീഥിയിൽ തന്റെ കാവ്യപ്രപഞ്ചത്തെ ഏറ്റുവാങ്ങാൻ ആരാണെത്തുക?
കവിക്കും സംശയം.
ബാഷ്പാഞ്ജലിയിൽ നിന്നുള്ള ഒരു അധ്യായമായിരുന്നു
"ആ പൂമാല". 

1930, 40  ദശകങ്ങളിൽ കേരളീയ യുവത്വത്തെയാകെ
_ചങ്ങമ്പുഴയുടെ_ കവിത ഇളക്കിമറിച്ചിരുന്നു.
ആത്മദുഖങ്ങളും പ്രണയ വൈവശ്യവും ജീവിതാസക്തിയും  നൈരാശ്യവും മരണാനുരാഗവും
കുല ചിഹ്നങ്ങളായുള്ള സ്വപ്നജീവിതമായിരുന്നു 
ആ കവിതകൾ.
ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക
പ്രതിസന്ധിനിറഞ്ഞ ഇരുണ്ട മുപ്പതുകളിലെ ജീവിതത്തിൽ കണ്ണീരും കിനാവും നിറച്ച സംഗീതമായിരുന്നു അത്.
കാവ്യഭാഷയിൽ വലിയൊരു വിപ്ലവംതന്നെ _ചങ്ങമ്പുഴ_ സൃഷ്ടിച്ചു. സംഗീതാത്മകവും സുന്ദരവുമായ പദനിരയിലൂടെ കാല്പനികതയുടെ ഏറ്റവും വശ്യസുന്ദരമായ മുഖമാണ് _ചങ്ങമ്പുഴയുടേയും_ ആത്മസുഹൃത്ത് *ഇടപ്പള്ളി രാഘവൻപിള്ളയുടേയും* കാര്യങ്ങളിൽ തെളിഞ്ഞത്.
ആത്മാലാപനത്തിന്റെ തീവ്രതയും വാക്കുകളുടെ ഉദ്യാനകാന്തിയും അവയിൽ നിറഞ്ഞുനിന്നു.

*ചങ്ങമ്പുഴ കൃഷ്ണപിള്ള*  
37 മത്തെ  വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ കവിത 
കോവിലകം മുതൽ
കുപ്പമാടംവരെ  എല്ലായിടങ്ങളിലും താലപ്പൊലിയോടും വായ്ക്കുരവയോടും സ്വീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
അപശബ്ദങ്ങൾ അവഗണനീയമായിരുന്നു.
ആധുനിക മലയാളത്തിൽ *വള്ളത്തോളിനും കുമാരനാശാനും* മാത്രമേ ഏതാണ്ട് തത്തുല്യമായ ജനപ്രീതി മുമ്പ് ലഭിച്ചിരുന്നുള്ളു. പ്രശസ്തരായിരുന്നെങ്കിലും  *ഉള്ളൂരിനോ*
*ശങ്കരക്കുറുപ്പിനോ* 
ഈ സർവ്വജനാരാധ്യത സംപ്രാപ്തമായില്ല. 
ചങ്ങമ്പുഴക്കവിതയ്ക്ക് അനന്യവിശിഷ്ടമായ ഒരു കാന്തശക്തിയുണ്ട്.
സ്പർശിക്കുമ്പോൾത്തന്നെ നാം വശീകൃതരായിപ്പോകുന്നു.

""ഞാൻ ചിന്തിക്കുന്നു
അതിനാൽ എനിക്ക് ഉണ്മയുണ്ട് എന്ന കാർത്തീസിയൻ പാരമ്പര്യത്തോട് വിടപറഞ്ഞ്
എനിക്ക് വികാരമുണ്ട് അതിനാൽ എനിക്ക് ഉണ്മയുണ്ട് എന്ന റൊമാന്റിക് ഭാവത്തിലേക്ക് ഇവിടെ ആദ്യമായി വഴിമാറിച്ചവിട്ടിയത്
_ചങ്ങമ്പുഴയാണ്_.""
വൈദ്യൂതാഘാതംപോലെ  മലയാള കവിതയെ ഞെട്ടിച്ച് ഭാവനയുടെ വസന്തോത്സവം സൃഷ്ടിച്ച കവി ചങ്ങമ്പുഴ
കൃഷ്ണപിള്ളയെപ്പറ്റി നിരൂപകനായ
*എസ്സ്. ഗുപ്തൻനായർ*
ഇങ്ങനെയാണെഴുതിയത്.
ചങ്ങമ്പുഴ മലയാളത്തിൽ കൊണ്ടുവന്ന കാവ്യവിപ്ലവത്തിന്റെ നഖചിത്രമാണിത്.

*മൽക്കരൾ പൊട്ടി ഞാനിന്നു മരിച്ചാലാ-*
*പ്പുൽക്കൊടിപോലും കരയുകില്ല.*

_ചങ്ങമ്പുഴ_ *എറണാകുളം* മഹാരാജാസിൽ ചേരുന്നതിന് കുറച്ചുമുമ്പായിരുന്നു
ആത്മസുഹൃത്തായ 
_ഇടപ്പള്ളി രാഘവൻപിള്ള_ ആത്മഹത്യ ചെയ്തത്.
രാഘവൻപിള്ള എറണാകുളത്തെ സമ്പന്നമായ ഒരു ഭവനത്തിൽ
ട്യൂഷനെടുക്കാൻ പോയതോടെയാണ്
പ്രണയവും ദുരന്തവുമുണ്ടായത്.
1936 ജൂലൈ 7 ന്  പ്രേമഭാജനത്തിന്റെ വിവാഹത്തിൽ മനംനൊന്തായിരുന്നു   ആത്മഹത്യ.
അധികദിവസം കഴിയുന്നതിന് മുമ്പ്തന്നെ
""തകർന്ന മുരളി"_
എന്നൊരു ലഘുകാവ്യം _ചങ്ങമ്പുഴ_ എഴുതി. 
എന്നിട്ടും  മനസ്സമാധാനം കിട്ടാത്തതിനാലാണ്
1936 ൽ രമണൻ എന്ന വിലാപകാവ്യമെഴുതിയത്.
അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന
_എകെ ഹമീദാണ്_ പുസ്തക പ്രസാധനം ഏറ്റെടുത്തത്.
ആ കാവ്യം _ചങ്ങമ്പുഴയെ_
പ്രശസ്തിയുടെ ഗൗരിശിഖരത്തിലെത്തിച്ചു.
പ്രഭു കുടുംബത്തിലെ ചന്ദ്രികയും ഇടയച്ചെറുക്കനായ രമണനും തമ്മിലുള്ള പ്രേമബന്ധത്തിന്റെയും അതിന്റെ തകർച്ചയുടേയും കഥ വർണിച്ച കൃതിയാണ് "രമണൻ" 
പ്രാണപ്രേയസിയുടെ വിവാഹക്കുറി രാഘവൻപിള്ളയുടെ 
ഭൗതികശരീരം തൂങ്ങി നിന്നിരുന്ന മുറിയിലുണ്ടായിരുന്നു. അലക്കിത്തേച്ച ഷർട്ടും മുണ്ടും ധരിച്ച് നെറ്റിയിൽ ചന്ദനക്കുറിയും വരച്ച് രാത്രിയാണ് തൂക്കുകയറിൽ തലവച്ചത്,
2017 വരെ 60 ലധികം പതിപ്പുകൾ, അംഗീകരിക്കപ്പെട്ട 
ഇന്ത്യൻ ഭാഷകളിൽ ഏറെക്കൂറെയും, 
ആറോളം ലോകഭാഷകളിലും പരിഭാഷ. 
*പി കേശവദേവ്* രമണൻ നാടകരൂപത്തിൽ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1936 ൽ വെറും ആറണ വിലയുള്ള പുസ്തകം വിറ്റ് നടന്നത് കവിതന്നെയായിരുന്നു.
ആയിരം കോപ്പികളായിരുന്നു ആദ്യ പതിപ്പിൽ അച്ചടിച്ചത്.
രമണന്റെ കഥാപ്രസംഗ രൂപം
പ്രശസ്ത കാഥികൻ
കെടാമംഗലം സദാനന്ദന്ദൻ
ഒരു കാലത്ത് 
കേരളം കേട്ട് കോരിത്തരിച്ചിരുന്നിട്ടുണ്ട്.

രാഘവൻപിള്ള പ്രണയിച്ചിരുന്ന ധനികയായ മഹിളാരത്നം അധ്യാപികയായി പിന്നെ പ്രധാന അധ്യാപികയായി തിരുവനന്തപുരം പേരൂർക്കട സർക്കാർ പെൺപള്ളിക്കൂടത്തിലെത്തി.
ഒരിക്കൽ ഒരു സ്കൂൾ യുവജനോത്സവത്തിന് ഉച്ചഭാഷിണിയിൽ ഇടവേളകൾ
കൊഴുപ്പിക്കാൻ മൈക്ക് ഓപ്പറേറ്റർ, രമണൻ സിനിമയിലെ ഗാനങ്ങൾ ഘോഷിപ്പിച്ചത് (മറ്റൊരു അധ്യാപകന്റെ കുബുദ്ധിയിൽ
വിളഞ്ഞതാണ്) അവർ
ആക്രോശത്തോടെ നിറുത്തിവച്ചു. 
നാല്പത് വർഷങ്ങൾക്ക് മുമ്പുള്ള കഥയാണിത്.

ചങ്ങമ്പുഴ 1939 ൽ തിരുവനന്തപുരം ആർട്സ് കോളേജിൽ മലയാളം ഓണേഴ്സിന് ചേരുമ്പോൾ നാടകകൃത്ത് 
*ടിഎൻ ഗോപിനാഥൻനായർ*
കഥാകാരി
*കെ. സരസ്വതിയമ്മ*
നാടക ചലച്ചിത്ര
നടൻ *തിക്കുറിശ്ശിയുടെ* സഹോദരി *ഓമനക്കുഞ്ഞമ്മ*
എന്നിവരവിടെ ഉണ്ടായിരുന്നു'.
ഇവിടെ പഠിക്കുമ്പോഴാണ് പഠനത്തിനുള്ള പുസ്തകങ്ങളിൽ ഒന്ന്  ചങ്ങമ്പുഴയുടേതാണെന്ന കൗതുകകരമായ കാര്യമുണ്ടായത്.
അദ്ധ്യാപകർ പോലും കുഴഞ്ഞിട്ടുണ്ടാകും.

*ഇതിനൊക്കെ പ്രതികാരം ചെയ്യാതsങ്ങുമോ?*
*പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ?*

മലയപ്പുലയന്റെ സങ്കടമോർത്ത് കവിതന്നെ
രോഷാകുലനായി.
*വാഴക്കുല* എന്ന മനോഹരമായ കവിതയുണ്ടാക്കിയ പ്രകമ്പനങ്ങൾ
ചില്ലറയൊന്നുമായിരുന്നില്ല. കവിയുടെ  
ചങ്ങമ്പുഴത്തറവാട്ടിലെ പ്രതാപകാലത്ത് അടിയാന്മാർക്കെതിരെ ഇത്തരം ദുർനടപടികളുണ്ടായിരുന്നിട്ടുണ്ടാകാം.
പൂവൻകുല പുലയൻ
തോളിലേറ്റി 
തമ്പുരാന്റെ വീട്ടിറയത്ത്
വ്യഥിതനായി
കൊണ്ട് വയ്ക്കുന്ന
വരികളൊന്നും
ലഘു കവിതയിൽ കാണാനില്ല. ഒറ്റ വരിയിൽ ആ രംഗങ്ങൾ
*കരയാതെ മക്കളെ കല്പിച്ചു*തമ്പുരാൻ,*
കവി ആ ഉച്ചനീചത്വം
തിരിച്ചറിയാൻ
കുറിച്ചിടുകയായിരുന്നു.

ചങ്ങമ്പുഴയുടെ ജീവചരിത്രം, കൃതികൾ അവസാന നാളുകൾ ഇവയൊന്നും ഇവിടെ ചേർക്കുന്നില്ല.
*ചങ്ങമ്പുഴ വിധിയുടെ* 
*വേട്ടമൃഗം,*
*ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ*
*സ്നേഹഭാജനം*
മുതലായ പുസ്തകങ്ങൾ
അദ്ദേഹത്തിന്റെ ജീവിതത്തെയും കൃതികളെയും സംബന്ധിച്ച്
തയ്യാറാക്കിയ ഗ്രന്ഥങ്ങളാണ്.
ചങ്ങമ്പുഴയുടെ
ആത്മകഥയേയും
(ആത്മകഥ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതായി അറിവില്ല.)
ഡയറിക്കുറിപ്പുകളെയും
അടിസ്ഥാനമാക്കി
*പോട്ടയിൽ എൻജി നായർ*
രചിച്ച *ചങ്ങമ്പുഴയുടെ*
*കാവ്യസുധ* എന്ന
പുസ്തകമാണ്
കവിയുടെ തനിമയായ
ഒരു ജീവചരിത്രം
വെളിവാക്കുന്നത്.
പൂനെയിലെ
പട്ടാള ഓഫീസിൽ
അക്കൗണ്ട്സ് വിഭാഗത്തിൽ
ജോലി ചെയ്യുന്ന വേളയിൽ
നഗരത്തിലെ മോശമായ
തെരുവുകൾ
(ശുക്രവാരത്തെരുവ്) കൂട്ടുകാരോടൊത്ത്
സന്ദർശനത്തിന് പോയ
അനുഭവം ഡയറിയിൽ
കുറിച്ചിട്ടിരിക്കുന്നതിപ്രകാരമാണ്.
"ശുക്രവാരത്തെരുവിൽ 
ഇരുപുറവുമുള്ള സൗധവാതായനങ്ങൾക്കരികിൽ കാമുകരെ
മാടിവിളിച്ചുകൊണ്ടണിഞ്ഞൊരുങ്ങിയിരിക്കുന്ന
വാരാംഗനകളുടെ ചാപല്യങ്ങൾ നോക്കി രസിച്ച് കൊണ്ട് നടന്നുപോയി."

ഇതേ ചങ്ങമ്പുഴയാണ്

*അങ്കുശമില്ലാത്ത ചാപല്യമെ, മന്നി-*
*ലംഗനയെന്ന് വിളിക്കുന്നു നിന്നെ ഞാൻ.*
ഷേക്സ്പിയറുടെ
_Frailty the name is woman_
എന്ന ആശയമുൾക്കൊണ്ട്
പാടിയത്.
വനിതകളെക്കുറിച്ച്‌
സ്വന്തമായ ഭർത്സനങ്ങൾ
വേറെയുമുണ്ട്.

*നാരികൾ നാരികൾ വിശ്വവിപത്തിന്റെ*
*നാരായവേരുകൾ,*
*നാരകീയാഗ്നികൾ.*

മലയാളം മരിയ്ക്കാത്ത കാലത്തോളം ആ കുയിലിന്റെ പാട്ട് മുഴങ്ങും. കാല്പനികതയുടെ ഇളനീർക്കുളിർ കലർന്ന കവിതകളാൽ മഴവില്ലൊരുക്കിയ സർഗഗന്ധർവ്വൻ.
കാഴ്ചപ്പെട്ടതിലെല്ലാം സർഗവിസ്മയങ്ങൾ തുന്നിച്ചേർത്ത ഭാവഗായകൻ
കാലത്തിന്റെ ഇരുൾ കാനനത്തിലേക്ക് മറഞ്ഞെങ്കിലും ആ ഓർമ്മകൾക്ക് നിത്യവസന്തമാണ്.
ഓരോ തലമുറയും സ്വന്തം ഇഷ്ടങ്ങളുടെ കൈയൊപ്പുകളും ചേർത്ത് ആ കവിതകൾക്ക് സ്വപ്നവ്യാഖ്യാനങ്ങൾ ചമയ്ക്കുമ്പോൾ സർഗചൈതന്യത്തിന്റെ പൂവിതളൊളി പൂശിയ 
നറുംനിലാവിലാണ് 
മലയാളനാട് ഉറങ്ങുക.

എറണാകുളത്തിനടുത്തുള്ള
ഇടപ്പള്ളിയിലെ
ചങ്ങമ്പുഴയുടെ ശവകുടീരവും പാർക്കും കാണുന്നതിനും,
അവിടെയുള്ള കലാമന്ദിരങ്ങളിൽ ദിവസവും നടന്നുവരുന്ന കലാവിരുന്നുകൾ ആസ്വദിക്കുന്നതിനും  അനേകർ  വന്നുകൊണ്ടിരിക്കുന്നു.  കവിയെ വാസ്തവത്തിൽ മനസിലാക്കുന്നില്ലെങ്കിലും 
മാലോകർ ആ നാലക്ഷരം മനസിൽ കുറിച്ചിടുന്നല്ലോ 

*കനകച്ചിലങ്കയും കാഞ്ചനകാഞ്ചിയും* 
*എന്നും കിലുങ്ങട്ടെ*

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള