June_16_1997/ സുകുമാരൻ

*കാർ കുഴലിൽ പൂവ് ചൂടിയ കറുത്ത പെണ്ണേ,*
*വാർതിങ്കൾ പൂവ് ചൂടിയ കറുത്ത പെണ്ണേ,*
*ഇതിലേ വാ* 
*തോണി തുഴഞ്ഞിതിലേ വാ,*
*ഇവിടത്തെ കടവത്തെ കൈത പൂത്തു.*

1980 ലാണ് മലയാള ചലച്ചിത്രമേഖലയിലെ വിതരണക്കാരായ
"വിജയാ മൂവീസ് റിലീസ്"
 ഒരു ബിഗ്ബഡ്ജറ്റ് ചിത്രം *ജയനെ* 
കേന്ദ്രകഥാപാത്രമാക്കി നിർമ്മിക്കുവാൻ തീരുമാനിച്ചത്.
ആഗസ്റ്റിൽ താരനിർണയവും പ്രാരംഭ പ്രവർത്തനവും ആരംഭിച്ചു.
പ്രമുഖ കഥാകൃത്ത് *ഷെരീഫാണ്* പേപ്പർവർക്ക്.  
*പിജി.വിശ്വംഭരൻ* സംവിധാനവും ഏറ്റെടുത്തു
ദോഷകരമെന്നേ പറയേണ്ടു.
നായകനായ കയർ തൊഴിലാളി യൂണിയൻ പ്രവർത്തകൻ _ഗോപിയുടെ_ വേഷമഭിനിയിക്കേണ്ട _ജയൻ_ അപകടത്തിൽ
മൃത്യു വരിച്ചു.
അണിയറ പ്രവർത്തകർ ആകെ സങ്കടത്തിലായി.
നിർമ്മാണം നിലച്ചു.
തുടർന്നാണ് അന്ന് രണ്ടാംകിട നായകനടന്മാരിൽ
മുൻ നിരയിലായിരുന്ന *സുകുമാരനെ* ഗോപിയുടെ വേഷമേല്പിച്ചത്.
*വാണിയമ്പാടി* ട്രെയിനപകടത്തിൽ നിന്നും രക്ഷപ്പെട്ട *കെ.പി.ഉമ്മറും*
*സ്ഫോടനം* എന്ന പേരിൽ
1981ൽ പുറത്തുവന്ന സിനിമയിൽ അഭിനയിച്ചു. ചിത്രം വൻ വിജയമാവുകയും _സുകുമാരന്റെ_ താരമൂല്യം ഒന്നുകൂടി ഉയരുകയുമുണ്ടായി. "ധിക്കാരിയുടെ കാതൽ" എന്നൊരു പുസ്തകം മലയാളത്തിലുള്ളതായി കേട്ടിരിക്കുന്നു.
ചലച്ചിത്ര രംഗത്തെ അഭിനയ പ്രതിഭയായിരുന്ന സുകുമാരൻ  വേഷമിട്ട കഥാപാത്രങ്ങളുടെ സ്വഭാവം നിർണയിക്കുമ്പോഴാണ് മേല്പറഞ്ഞ അവസ്ഥ എന്താണെന്ന് മനസ്സിലായത്.
അത് അന്വർത്ഥമാകാൻ
*ഇതാ ഒരു ധിക്കാരി* *നിഷേധി* എന്നീ ചിത്രങ്ങളിൽ ടൈറ്റിൽ റോളുകളുമുണ്ടായി.

ചലച്ചിത്ര കഥാപാത്രങ്ങളിലെ
"ക്ഷുഭിത യൗവ്വനം" "ധിക്കാരി"
"നിഷേധി" "തന്റേടി" മുതലായ രൂപങ്ങളുടെ അനുപമമായ ഭാവങ്ങൾ വെള്ളിത്തിരയിലുടെ വിസ്മയിപ്പിച്ച് 
ഒരു തലമുറയുടെ ഹൃദയങ്ങളിൽ ചേക്കേറിയിരുന്ന സുകുമാരന്റെ അഭിനയ പാടവത്തിന് പകരക്കാരനാകാൻ ഇന്നും സിനിമയിൽ ആരെയും കാണുന്നില്ല.
വിപുലമായ കാഴ്ചപ്പാടോടെ കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും വേഷങ്ങൾ, കാണികളുടെ കൂകലിനിരയാകാതെ
കയ്യടിനേടാൻ ഈ നടൻ പുലർത്തിയിരുന്ന 
അർപ്പണ മനോഭാവവും അംഗീകരിക്കേണ്ടതാണ്.

""അമ്പടി കളളീ""

"ഒരു ബീഡി തരൂ" 
"ഒരു ബീഡിക്കുറ്റി തരൂ"
"ഒരു തീപ്പെട്ടിക്കൊള്ളി തരൂ"
സ്റ്റേജിൽ ഹർഷാരവം മുഴക്കാൻ മാക്രികൾ ആവേശത്തോടെ പറഞ്ഞു പൊലിപ്പിക്കുന്ന ഡയലോഗുകൾ.
അതെ ഡയലോഗ് വീരൻ എന്ന വിശേഷണം അർഹിച്ചിരുന്ന മലയാളികളുടെ പ്രിയങ്കരനായ താരം വിട പറഞ്ഞത് ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു ജൂൺ 16 ന് ആയിരുന്നു.

ലഭിക്കുന്ന റോളുകൾ നല്ലതോ ചീത്തയോ എന്നുള്ളതല്ല കാര്യം ആത്മസംഘർഷങ്ങളും നഷ്ടസൗഭാഗ്യങ്ങളും 
കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളാൽ സമ്പുഷ്ടമാണോ മുതലായ ഘടകങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ 
പരിധിയിൽ നിന്നും വിട്ടുകളയാനൊരിക്കലും അദ്ദേഹം തയ്യാറായിരുന്നില്ല.
1981 ൽ ഓണത്തിന് വന്ന _മോഹൻ_ സംവിധാനം ചെയ്ത *വിട പറയും മുമ്പേ* എന്ന ചിത്രത്തിൽ *പ്രേംനസീർ* കൈകാര്യം ചെയ്ത _മാധവൻകുട്ടിയുടെ _ വേഷം
_സുകുമാരൻ_ 
വേണ്ടാ എന്നുപറഞ്ഞ് വലിച്ചെറിഞ്ഞതാണ്.
_മോഹൻ_ തന്നെ ഇക്കാര്യം വിഷമത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്.
തന്റെ എക്കാലത്തേയും നല്ല ചിത്രങ്ങളായ 
""ശാലിനി എന്റെ കൂട്ടുകാരി""
_വിടി നന്ദകുമാറിന്റെ_
 *രണ്ട് പെൺകുട്ടികൾ*
"കൊച്ചു കൊച്ചു തെറ്റുകൾ" ഇവയിലൊക്കെ മികച്ച കഴിവ് തെളിയിച്ച _സുകുമാരൻ_ 
പിൻവാങ്ങിയതിലെ സത്യം
ഇന്നും മനസ്സിലായിട്ടില്ലത്രേ.
എന്നാൽ  വളരെയേറെ അടുത്ത മിത്രമായ 
_കെ.ജി ജോർജ്ജിന്റെ_ 
1982 ലെ *യവനികയിലെ*
അന്വേഷണോദ്യോഗസ്ഥന്റെ റോൾ തനിക്ക് ലഭിക്കാൻ ആവശ്യപ്പെട്ടതായി കേട്ടിട്ടുമുണ്ട്.
കൊലക്കേസുകളിൽ ഒരു പോലീസ് ഓഫീസറുടെ അന്വേഷണ രീതി,
ചോദ്യം ചെയ്യൂന്നതിലെ നീചത്വം മുതലായവ പ്രേക്ഷകർ 
ശ്രീ. _കെ മധുവിന്റെ_
1988 ലെ 
*ഒരു സി ബി ഐ ഡയറിക്കുറിപ്പ്* എന്ന ചിത്രത്തിലെ 
ഡിവൈഎസ്സ്പി
ദേവദാസിലൂടെ പ്രേക്ഷകർ കണ്ടാസ്വദിച്ചവരാണ്.

_എംടിയുടെ_ *പള്ളിവാളും കാൽച്ചിലമ്പും* എന്ന ചെറുകഥ തിരക്കഥയാക്കി നിർമ്മിച്ച് സംവിധാനം ചെയ്യാൻ അദ്ദേഹം തന്നെ തീരുമാനിച്ചു.
1973 ൽ കഥയുടെ അന്തസ്സത്ത ഉൾക്കൊള്ളുന്ന നാമമായ *നിർമ്മാല്യം* എന്ന ചിത്രം *പാലക്കാട്* ജില്ലയിലെ _മുക്കുതല ഭഗവതിക്ഷേത്രം_ , _തിരുമിറ്റക്കോട്_ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.
വെളിച്ചപ്പാടിന്റെ മകനായ 
അപ്പുവിന്റെ വേഷം എംടിയുടെ കോഴിക്കോടുള്ള സുഹൃത്തായ _പൂതക്കുടി ബാലൻ_ മുഖേനയാണ് *നാഗർകോവിൽ*
സ്കോട്ട് കൃസ്ത്യൻ കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായ
_സുകുമാരൻ_ നായരിലേക്കെത്തുന്നത്. *പാലക്കാട്‌* _കരിമ്പുഴ_ സ്വദേശിയായ
*രവിമേനോനും* നടാടെ ഈ ചിത്രത്തിൽ ഉണ്ണി നമ്പൂതിരിയായി അഭിനയിച്ചു.
സുകുമാരൻ കഴിയുന്നത്ര ഭാവോജ്ജ്വലതയോടെ അപ്പുവിന്റെ റോൾ ഭംഗിയാക്കി. തൊഴിലില്ലായ്മ. ദാരിദ്ര്യം, നിഷേധിത്തനം, ഈശ്വരനിൽ അന്ധമായി വിശ്വസിക്കുന്നവരോടുള്ള പുച്ഛം ഇതൊക്കെ ആ മുഖത്തുളവായി.
നിർമ്മാല്യം പ്രസിഡണ്ടിന്റെ സ്വർണ്ണമെഡലിനും *ആന്റണി* എന്ന കലാകാരന് ആദ്യത്തെ ഭരത് അവാർഡിനും നിദാനമായിത്തീർന്നു.
ഒപ്പം കരുത്തുറ്റ ഒരു തീപ്പൊരി നടനേയും.
_വാസുദേവൻനായരുടെ_
"ബന്ധനം" ,"വാരിക്കുഴി"
"വളർത്തുമൃഗങ്ങൾ,"
"വില്ക്കാനുണ്ട് സ്വപ്നങ്ങൾ"
മുതലായ ചിത്രങ്ങളിലും
സുകുമാരൻ നല്ല പ്രകടനമായിരുന്നു.
വിഭജിച്ച ഗോളങ്ങളുടെ ഒരു പകുതിയിലൂടെ മോട്ടോർ സൈക്കിളിൽ അതിവേഗത്തിൽ  വട്ടമിടുന്ന ""വളർത്തു മൃഗങ്ങളിലെ"' _ഡെയർ ഡെവിൾ ഭാസ്ക്കരൻ_ എന്ന സർക്കസ്സ്  അഭ്യാസി എടുത്ത് പറയേണ്ട വേഷമാണ്.

എന്താണ് നടൻ _സുകുമാരന്_ മാത്രം ഡയലോഗ് അവതരണത്തിൽ വല്ലാത്തൊരു വ്യത്യസ്തമായ പ്രത്യേകതയുണ്ടാകാൻ കാരണം? 
ഇംഗ്ലീഷ് ഭാഷ നാവിൻ തുമ്പിലിട്ട് കസ്സർത്ത് കാട്ടുന്ന "ചെമ്പിലരയനും"   ഇക്കാര്യത്തിൽ നമ്മുടെ സുകുമാരനൊപ്പമെത്താനായിട്ടില്ല.
കണ്ഠനാളത്തിൽ അക്ഷരങ്ങൾ ഉടക്കാതെ അനർഗ്ഗളമായി പുറത്തോട്ട് വിട്ട് ഒരു ഏറ്റിറക്കമാക്കി തിര പതഞ്ഞൊഴുകി അവസാനിക്കുന്നത് പോലെ പരിവർത്തനം ചെയ്തെടുക്കാൻ മനപ്പൂർവ്വമാണെങ്കിലും  അനായാസത അദ്ദേഹത്തിനെ തുണച്ചു.
ക്ഷോഭമായാലും ക്രൗര്യമായാലും  വികാരങ്ങളുടെ പ്രക്ഷുബ്ധത നിയന്ത്രിക്കാൻ  അദ്ദേഹത്തിലെ നടന് വീഴ്ചയുണ്ടായിരുന്നു. 
പ്രിയ സുഹൃത്ത് അപകടത്തിൽ മരിച്ച് രക്തത്തിൽ കുളിച്ച് കിടക്കുന്ന രംഗത്തെത്തുന്ന ഒരു ചിത്രത്തിലെ സുകുമാരന്റെ ഭാവപ്രകടനം അധികമാണെന്ന് കണ്ടിട്ടുണ്ട്.
"ഹരിഹരന്റെ" *അങ്കുരം*(1982).

ഉദ്വേഗം ജനിപ്പിക്കുന്നതും എന്നാൽ രസകരവുമായ ഒരു
കഥാപാത്രമാണ് 
*കോട്ടയം കുഞ്ഞച്ചനിലെ* _ഉപ്പുകണ്ടം സഹോദരന്മാരിലെ_ ജ്യേഷ്ഠൻ
"കോര" 
വലിയ ആക്രോശത്തോടെ _കുഞ്ഞച്ചനോട്_ ഫൈറ്റിന് വരുന്ന ജൂബ്ബ ധരിച്ച _കോര_ നിലം പരിശാകുന്നത് മനസ്സിൽ വിഷമമുണ്ടാക്കി.
_ജോഷിയുടെ_ *ശരം* എന്ന സിനിമയിലെ സൂത്രശാലിയായ പ്രതികാരമോഹി, 
*ചാകരയിലെ* ഇൻസ്പക്ടർ ദേവരാജൻ, *കോളിളക്കത്തിലെ* 
കനിഷ്ഠപുത്രൻ,
*ഉത്സവപ്പിറ്റേന്നിലെ* തറവാട്ട് കാരണവർ,
*ആഗസ്റ്റ് 1* ലെ മുഖ്യമന്ത്രി,
*അഹിംസയിലെ* ദേവൻ ഇവയൊക്കെ പ്രധാന വേഷങ്ങളാണ്

നെടുനീള മുഖ്യകഥാപാത്രങ്ങളിൽ ജൈത്രയാത്ര നടത്തിയ സുകുമാരൻ 1980 കളിൽ സഹനടനായും വില്ലനായും ഒതുങ്ങാൻ തുടങ്ങി.
ആവനാഴി, ഒളിയമ്പുകൾ  ന്യായവിധി എന്നിവയിലെ നെഗറ്റീവ് കഥാപാത്രങ്ങൾ കയ്യടി നേടാതെ മങ്ങപ്പെട്ടു.
എന്നാൽ *സർവ്വകലാശാലയിലെ* കോളേജദ്ധ്യാപകൻ *അയിത്തത്തിലെ* ചായക്കടക്കാരൻ മുതലായവ ശ്രദ്ധിക്കപ്പെട്ടു.
കോളിളക്കമുണ്ടാക്കിയ
ചില ആനുകാലിക
സംഭവങ്ങൾ ചലച്ചിത്രമായപ്പോൾ
ലീഡ് റോളുകൾ
സുകുമാരന്
ലഭിച്ചതും ഓർക്കേണ്ടതാണ്.
അടിയന്തിരാവസ്ഥക്കാലത്ത്
കോഴിക്കോട്ടെ
എഞ്ചിനിയറിംഗ് കോളേജ്
വിദ്യാർത്ഥി പോലീസ്
കസ്റ്റഡിയിൽ കൊല്ലപ്പെട്ടതും
മാവേലിക്കര ചെറിയനാട്
സ്വദേശിയായ ഒരു ധനമോഹിയായ വിരുതൻ
വൻതുക ഇൻഷ്വറൻസ്
ഇനത്തിൽ തട്ടിയെടുക്കാൻ
1984 ജനുവരിയിൽ
നടത്തിയ ഫിലിം
റെപ്രസെന്റിയേറ്റിവിന്റെ
ആസൂത്രിത കൊലപാതകവും
ചിലതാണ്.

*മലപ്പുറം* ജില്ലയിലെ *എടപ്പാളിൽ* 
1948 ൽ പോന്നംകുഴി  
_പരമേശ്വരൻനായർ സുഭദ്രാമ്മ_ ദമ്പതികളുടെ മൂത്ത മകനായി ജനനം. കോഴിക്കോട് നിന്ന് ബിരുദവും തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷിൽ  പിജിയുമെടുത്തു. 
സാഹിത്യവാസന മൊട്ടിട്ടത് തലസ്ഥനത്തെ ലൈബ്രറികളിലെ സന്ദർശനത്താലാണ്. 
പരന്ന വായനയും സ്വയം മനസിലാക്കിയെടുക്കുന്ന വിജ്ഞാനവും ഇരുത്തം വന്ന മാന്യനായ ഒരു കലാകാരനാകാൻ സുകുമാരന് അധികസമയം വേണ്ടി വന്നില്ല.
1988 ൽ ചലച്ചിത്ര വികസന കോർപ്പറേഷൻ അധ്യക്ഷനായി ഇടതുപക്ഷ സർക്കാർ നിയോഗിച്ചു.
1991ൽ *കരുണാകരൻ* 
അധികാരത്തിൽ വന്നെങ്കിലും
ഇടത് ചിന്താഗതിക്കാരനായ ചെയർമാന്റെ സ്ഥാനം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്താൽ തെറിച്ചില്ല.
ഹരിപ്പാട്ടെ കൈനിക്കര തറവാട്ടിലെ മല്ലികയുമായുള്ള പ്രണയം വിവാഹത്തിൽ കലാശിച്ചു.
1978 ൽ _ബന്ധനത്തിലെ_ പ്രകടനത്തിന് നല്ല നടനുള്ള അവാർഡ്.
1985 ൽ കെ.ജി.ജോർജിന്റെ സംവിധാനത്തിൽ *ഇരകളും*
1986 ൽ *പടയണി* എന്ന ചിത്രവും നിർമ്മിച്ചു. 
മകൻ ഇന്ദ്രജിത്ത് ഈ ചിത്രത്തിൽ ബാലനടനായിരുന്നു
പ്രശസ്ത സംവിധായകൻ _സത്യൻ അന്തിക്കാട്_
1982 ൽ *കുറുക്കന്റ കല്യാണം* എന്ന 
ആദ്യ ചിത്രത്തിൽ സുകുമാരനെ ഹാസ്യവേഷത്തിൽ അവതരിപ്പിച്ചു.
*തോപ്പിൽ ഭാസിയുടെ* 
"ഒളിവിലെ ഓർമ്മകൾ " എന്ന ആത്മകഥയെ അടിസ്ഥാനമാക്കി ഒരു സിനിമയ്ക്ക് പദ്ധതിയിട്ടു.
തിരുവനന്തപുരത്ത്  സ്ഥിരതാമസമായ സുകുമാരൻ പുത്രന്മാരെ അഭിനയരംഗത്ത് കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നില്ല. മികച്ച കരിയർ തെരഞ്ഞെടുക്കാൻ വിദേശ വിദ്യാഭ്യാസത്തിന് തുനിഞ്ഞ പുത്രന്മാർ 
ചലച്ചിത്ര രംഗത്തുതന്നെയെത്തുകയായിരുന്നു.
1997 ൽ *ശിബിരം* എന്ന ചിത്രത്തിന്റെ സെറ്റിലാണ് സുകുമാരൻ ഹൃദ്യോഗബാധിതനായത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അഭിനയപ്രതിഭയായി ആളിക്കത്തിയ ദീപമണഞ്ഞു.

അഭിനയ പ്രതിഭയുടെ ഓർമ്മകൾക്ക്
മുന്നിൽ ആദരാഞ്ജലി.

*പൊൻ പളുങ്ക്മൂശയ്ക്കുള്ളിൽ*
*വെന്തെരിഞ്ഞ് വീഴുമ്പോഴും*
*മാറ്റുരച്ച് നോക്കാൻ തമ്മിൽ*
*ഏറ്റിടും കനൽത്തുണ്ടങ്ങൾ.*

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള