June_27_1964/ സി കെ ഗോവിന്ദൻ നായർ

 7*എകെജിയെ വിജയിപ്പിക്കുക,*
*സഖാവ് _എകെ ഗോപാലനെ_* *വിജയിപ്പിക്കുക.*

*സികെജിയെ വിജയിപ്പിക്കുക,*
*നമ്മുടെ നേതാവ്* 
*_സികെ ഗോവിന്ദൻനായരെ_ വിജയിപ്പിക്കുക*

ഇംഗ്ലീഷ് അക്ഷരമാലയിലെ "ബി" എന്ന അക്ഷരത്തിന് അപ്പുറവുമിപ്പുറവുമുള്ള അക്ഷരങ്ങളിൽ ചുരുക്കപ്പേര് തുടങ്ങുന്ന രണ്ട് രാഷ്ട്രീയ വമ്പന്മാർ. ഭാരതം സ്വതന്ത്രമായതിന് ശേഷം ഒരു പൊതു തിരഞ്ഞെടുപ്പിന്റെ  പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന
വേളയിൽ *കണ്ണൂർ* ലോകസഭാമണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വേണ്ടി അണികൾ മുഴക്കിയ ശബ്ദകോലാഹലങ്ങളാണ് വാക്യരൂപത്തിൽ നാം കണ്ടത്.
1952 ൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ 
_സഖാവ് എകെജിയാണ്_ ലോകസഭയിലെത്തിയത്.

*ബ്രിട്ടന്റെ* ഭരണത്തിൽ ഭാരതം വീർപ്പുമുട്ടിയ നാളുകൾ.
_കോൺഗ്രസ്സിന്റെ_ ആദർശങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരു യുവാവിനോട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് കോടതി മുറിയിൽ ജഡ്ജി നിർദ്ദേശിച്ചു.
ജോലി തന്നെ വേണ്ടെന്നാണ് ആ യുവാവ് തീരുമാനിച്ചത്.
സമ്പന്നമായ ജീവിത സൗഭാഗ്യങ്ങൾക്കിടയിൽനിന്ന്
പൊതു പ്രവർത്തനത്തിന്റെ കല്ലും മുള്ളും നിറഞ്ഞ വഴി തിരഞ്ഞെടുത്ത ആ യുവാവായിരുന്നു *സി.കെ.ജി* എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന
*സികെ. ഗോവിന്ദൻനായർ.*
മദിരാശി നിയമസഭാംഗം,
കെ.പി.സി സി പ്രസിഡണ്ട്, സെക്രട്ടറി,
രാജ്യസഭാംഗം എന്നീ നിലകളിലെല്ലാം തിളങ്ങിയിരുന്നു ആ ജീവിതം.

മലബാറിലെ വിദ്യാർത്ഥി പ്രവർത്തനത്തിലൂടെ സ്വാതന്ത്ര്യസമരരംഗത്ത് പ്രവർത്തിക്കുകയും തുടർന്ന്
രാഷ്ട്രീയ പ്രവർത്തനമേഖലയിൽ സജീവമാവുകയും ചെയ്ത സികെ. ഗോവിന്ദൻനായർ,
കേരളത്തിൽ, പ്രത്യേകിച്ചും മലബാറിൽ കോൺഗ്രസ്സിന്റെ വളർച്ചയ്ക്കും വേണ്ടി മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച ദേശാഭിമാനി.
അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 55 വർഷം തികയുന്നു.

*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പിറന്ന്* പതിനൊന്ന് വർഷത്തിന് ശേഷം 1896 ൽ _കണ്ണൂർ_ ജില്ലയിലെ *തലശ്ശേരിയിൽ* 
_കെഎം അപ്പനായരുടേയും_ *ചിങ്ങോറ്റോം കോളോത്ത്* ( *സികെ*) _നാരായണിയമ്മയുടെയും_ മകനായാണ്
_ഗോവിന്ദൻനായർ_ ജനിച്ചത്.
കോഴിക്കോട് പുതിയങ്ങാടി സ്കൂളിലും തലശ്ശേരി മുൻസിപ്പൽ സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
ഇന്റർമീഡിയറ്റിന് "ബ്രണ്ണൻ കോളേജിൽ" എത്തിയതോടെയാണ് _ഗോവിന്ദൻനായർ_ 
രാഷ്ട്രിയകാര്യങ്ങളിൽ താല്പര്യം കാട്ടിയത്.
1917 ൽ *പാലക്കാട്* നടന്ന വിദ്യാർത്ഥി സമ്മേളനത്തിൽ ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥികളാരും പങ്കെടുക്കരുതെന്ന് കോളേജ്
അധികൃതർ നിർദ്ദേശിച്ചിരുന്നു.
എന്നാൽ അധികൃതരുടെ വിലക്ക് ലംഘിച്ചുകൊണ്ട്
സികെജിയുടെ നേതൃത്വത്തിൽ നിരവധി വിദ്യാർത്ഥികൾ പാലക്കാട്ടെ സമ്മേളനത്തിൽ പങ്കെടുക്കുകയും കോളേജധികൃതരുടെ നീരസത്തിന് പാത്രമാവുകയും ചെയ്തു.
ഈ സംഭവത്തെത്തുടർന്ന്
 സികെജിയേയും സമ്മേളനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും കോളേജിൽ നിന്നു പുറത്താക്കി.
ഈ സംഭവത്തോടെ 
സികെജി പൊതു സമൂഹത്തിൽ പ്രസിദ്ധനായി.

1917 ലെ ഈ സമ്മേളനത്തിലാണ് 
*വികെ കൃഷ്ണമേനോനെ* പരിചയപ്പെടുന്നത്.
ബ്രണ്ണൻ കോളേജിൽനിന്ന് പുറത്താക്കപ്പെട്ട _സികെജി_
*മദിരാശിയിലെ* 
_മദ്രാസ്സ് കൃസ്ത്യൻ കോളേജിലും_ _പച്ചയ്യപ്പാസ്സ്_ കോളേജിലും ചേർന്ന് പഠിച്ച്
ബിഎ പരിക്ഷ പാസ്സാവുകയുണ്ടായി.
അതിനുശേഷം മദിരാശി
 ലോ കോളേജിൽ ചേർന്ന് "എഫ്എൽ" ബിരുദവും
1922 ൽ *തിരുവനന്തപുരം* ലോ കോളേജിൽനിന്ന് 
"ബിഎൽ" ബിരുദവും നേടി.
മദിരാശി ലോ കോളേജിൽ
പഠിക്കുമ്പോൾ മഹാത്മജിയേയും അലി സഹോദരന്മാരെയും നേരിൽ കാണാൻ കഴിയുകയും അവരുടെ ആഹ്വാനമനുസരിച്ച് വിദേശ വസ്ത്രങ്ങൾ കത്തിച്ച് കളഞ്ഞ്  ഖാദി വസ്ത്രങ്ങൾ ധരിച്ചു തുടങ്ങുകയും ചെയ്തു.
ബിഎൽ ബിരുദമെടുത്ത ശേഷം അദ്ദേഹം *കൊയിലാണ്ടി* കോടതിയിൽ 
പ്രാക്ടീസ് ചെയ്തു തുടങ്ങിയെങ്കിലും അദ്ദേഹത്തിന് അഭിഭാഷക ജോലിയിൽ താല്പര്യമില്ലായിരുന്നു..
ഇന്ത്യൻ സ്വാതന്ത്ര്യസമരരംഗം ചൂടുപിടിച്ചു വരുന്ന സമയമായതിനാൽ സമരത്തിന് തന്റേതായ
പങ്ക് വഹിക്കാൻ വേണ്ടി വക്കീൽപ്പണി ഉപേക്ഷിക്കാൻ തീരുമാനിച്ചു.
1931 ൽ കൊയിലാണ്ടി 
അമ്പ്രമോളി തറവാട്ടിൽ നിന്നും മുറപ്പെണ്ണായ *ലക്ഷ്മിക്കുട്ടിയെ*
അദ്ദേഹം വിവാഹം കഴിച്ചു.
പൊതുരംഗത്തെ നിരന്തരമായ പ്രവർത്തനം മൂലം കുടുംബത്തെ ശ്രദ്ധിക്കാനോ വേണ്ട രീതിയിൽ പരിപാലിക്കാനോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ചുള്ള നിയമ നിക്ഷേധ പ്രക്ഷോഭത്തിന്റെ ഭാഗമായി.
1931 ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് _കണ്ണൂരിലേയും_ _കോഴിക്കോട്ടേയും_ ജയിലുകളിൽ പാർപ്പിച്ചു.
ആറ് മാസത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും സമരരംഗത്തും കോൺഗ്രസ്സ് സംഘടനാ പ്രവർത്തന രംഗത്തും സജീവമായ 
സികെജിയെ 1933 ൽ വീണ്ടും അറസ്റ്റ് ചെയ്ത് ഒന്നരമാസം
ജയിലിലടച്ചു. ജയിലിൽ നിന്നിറങ്ങിയ ശേഷം പൂർവ്വാധികം ശക്തിയോടെ കോൺഗ്രസ്സ് പ്രവർത്തകരെ സംഘടിപ്പിച്ച് 
സ്വാതന്ത്ര്യസമരരംഗം ഉഷാറാക്കി.
1933 ൽ _കോഴിക്കോട്ടെത്തിയ_ _ഗാന്ധിജിയെ_ അദ്ദേഹം സന്ദർശിച്ചു.
_ഗാന്ധിജിയുടെ_ നിർദ്ദേശപ്രകാരം മലബാറിലെ
പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ _സികെജി_ സജീവമായി.
ആ വർഷം അദ്ദേഹം കോൺഗ്രസ്സിന്റെ മലബാർ
വിഭാഗം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
വടക്കേ മലബാറിൽ കോൺഗ്രസ്സിന്റെ താലൂക്ക് ജില്ലാ കമ്മിറ്റികൾ ശക്തമാക്കുന്നതിനും 
കൂടുതൽ കൂടുതൽ  പ്രവർത്തകരെ
 സ്വാതന്ത്ര്യസമരരംഗത്ത് അണിനിരത്താനും അദ്ദേഹം നേതൃത്വം നല്കി.
1942 ലെ "ക്വിറ്റ് ഇന്ത്യാ" സമരത്തിൽ ഏറെ സജീവമായി നേതൃത്വം നല്കിയ _സികെജിയെ_
അറസ്റ്റ് ചെയ്ത് മൂന്നു വർഷത്തേക്ക് ശിക്ഷിച്ച്
*വെല്ലൂർ* ജയിലിലടച്ചു.
1945 ൽ ജയിൽവാസം കഴിഞ്ഞ് പുറത്ത് വന്ന 
_സികെജിയെ_ സ്വീകരിക്കാൻ
*അമരാവതി* ജയിലിൽ നിന്നും ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ 
*കോഴിപ്പുറത്ത് മാധവമേനോന്റെയും*
*കെ.കേളപ്പന്റെയും*
നേതൃത്വത്തിൽ സമരഭടന്മാരുടെ വൻനിരയുണ്ടായിരുന്നു.

സ്വാതന്ത്ര്യസമരരംഗത്തെ നിരന്തരമായ പ്രവർത്തനത്താലും സമയാസമയങ്ങളിൽ ആഹാരം കഴിക്കാതിരുന്നതിനാലും
അദ്ദേഹത്തെ പലപല രോഗങ്ങളും പിടികൂടിയിരുന്നു.
സ്വാതന്ത്ര്യസമര പരിപാടികളിൽപ്പെട്ട വ്യക്തി സത്യാഗ്രഹങ്ങളിൽ പങ്കെടുക്കാൻ ഇതുമൂലം അദ്ദേഹത്തിന് കഴിഞ്ഞില്ല.
1946 ൽ മദിരാശി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയ്ക്ക് സ്വാതന്ത്രൃം കിട്ടിയ വർഷം കോൺഗ്രസ്സിന്റെ മലബാർ മേഖലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
_കേ കേളപ്പനായിരുന്നു_ പ്രസിഡന്റ്.
കേളപ്പജിയും കൂട്ടരും കോൺഗ്രസ്സ് വിട്ട്
_കിസ്സാൻ മസ്ദൂർ പ്രജാ_ പാർട്ടിയിൽ ചേർന്നപ്പോൾ
_സികെജി_ അവരോടൊപ്പം പോകാതെ കോൺഗ്രസ്സിൽ ഉറച്ചുനിന്നു. 
പാർട്ടിയുടെ പ്രവർത്തനങ്ങൾക്കായി
1951 ൽ കോഴിക്കോട്ട് നിന്ന് *ജനവാണി* എന്നൊരു പത്രം അദ്ദേഹം തുടങ്ങി.

1956 ൽ ഭാഷാടിസ്ഥാനത്തിൽ കേരളം രൂപപ്പെടുകയും 1957 ൽ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിൽ മലബാർ മേഖലയിലുള്ള കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് വേണ്ടി
കയ്മെയ് മറന്ന് പ്രവർത്തിച്ചു.
1959 ലെ പ്രസിദ്ധമായ വിമോചന സമരത്തോടനുബന്ധിച്ച് *നമ്പൂതിരിപ്പാട്* സർക്കാരിന്റെ കൊടിയ
മർദ്ദനമുറകളെയും  പോലീസിന്റെ ക്രൂരമായ ചെയ്തികളെയും അദ്ദേഹം അതിജീവിച്ചു.
തലശ്ശേരിയിൽ സർക്കാർ പ്രഖ്യാപിച്ച 144 ലംഘിച്ച് അറസ്റ്റ് വരിക്കുകയും ചെയ്തു.

1960 ൽ സികെജി കടുത്ത എതിർപ്പിനെ മറികടന്ന് *KPCC* പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
*AICC* എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി.
1964 രാജ്യസഭാംഗമായി.
നിരന്തരമായ രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാക്കി.
1964 ജൂൺ 27 ന് _കോഴിക്കോട്‌_ അദ്ദേഹം അന്തരിച്ചു.
അദ്ദേഹത്തിന്റെ ജീവചരിത്രം
*CKG ഒരോർമ്മ* എന്ന പുസ്തകം രചിച്ചിരിക്കുന്നത് _തിക്കൊടി നാരായണനാണ്._

പ്രദേശ് കോൺഗ്രസ്സിന്റെ തലപ്പത്ത് അതിന് ശേഷം അതികായന്മാരുടെ ഒരു പട തന്നെ ആസനസ്ഥരായിട്ടുണ്ട്.
ഇന്നും അധ്യക്ഷന് ഒരു മന്ത്രിയുടെ സ്ഥാനമാണ് കല്പിച്ച് അനുവദിച്ചിരിക്കുന്നത്.
എന്നാലും വ്യക്തിപരമായ കാര്യങ്ങൾക്കോ സ്വസുഖത്തിനായോ ആ പദവി ദുരുപയോഗപ്പെടുത്താൻ മറന്നു പോയ അധികം അധ്യക്ഷന്മാർ കോൺഗ്രസ്സിലുണ്ടായിട്ടില്ല.
പഴയ തലമുറക്ക് ഇന്നും പ്രദേശ് കോൺഗ്രസ്സ് അധ്യക്ഷൻ എന്നു കേൾക്കുമ്പോൾ 
സികെ. ഗോവിന്ദൻനായരെ
ഓർത്താൽ ഒരത്ഭുതവുമില്ല.

*കെ.ബി.ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള