June_23_1993/ എൻ ഗോവിന്ദൻകുട്ടി

*"പൊന്നുതമ്പുരാൻ പൊറുക്കണം.*
*ഇതൊരു വിജയമേ അല്ലെന്ന് പറയേണ്ടിയിരിക്കുന്നു '*
*നമ്മുടെ നീക്കം അത്രയും പാഴിലായില്ലേ?.*
*അല്ല* 
*ഇനിയും* 
*ഇവിടത്തോട്*
*ഈയുള്ളവന്*
*ചിലത് ഉണർത്തിക്കാനുണ്ടേ!.*
*നാലാൾ കൂടുന്നിടത്ത്* *നാക്കിലൊരടക്കം* *പറയുന്നതായി അറിയുന്നു*,
*ഇളയതമ്പുരാൻ ""ഉദയനൻ"" *എന്തോ ചില ദുരുദ്യേശ്യങ്ങളോടുകൂടി,*
*നാടിനെ നശിപ്പിക്കുന്നതിനായി.....*
*അല്ല കേട്ടത്.....?""*

1981 ഫെബ്രുവരിയിൽ *നവോദയയുടെ*
_ഫാസ്സിൽ_ സംവിധാനം ചെയ്ത പുതുമുഖ അഭിനേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള 
*മഞ്ഞിൽ വിരിഞ്ഞ പൂക്കൾ* എന്ന ചലച്ചിത്രത്തിന്റെ *അമ്പതാംദിനം*  *തിരുവനന്തപുരം*
_"എം പി തിയേറ്ററിൽ"_ ആഘോഷിക്കുന്നു.
ചലച്ചിത്രരംഗത്തെ പ്രമുഖർ ചിത്രത്തിലെ പുതുമുഖങ്ങൾ സർക്കാർ പ്രതിനിധികൾ എന്നിവരൊക്കെയുള്ള വേദിയിൽ
*നവോദയാ അപ്പച്ചൻ*
(എംസി.പുന്നൂസ്സ്)  തങ്ങളുടെ പുതിയ ബിഗ്ബഡ്ജറ്റ്, വടക്കൻപാട്ട് ശൈലിയിലുള്ള  ചിത്രത്തിന്റെ ചീത്രീകരണമാരംഭിക്കുന്ന 
കാര്യത്തെക്കുറിച്ച് അറിയിച്ചു.
തുടർന്നുള്ള നാളുകളിലെ സിനിമാ പ്രസിദ്ധീകരണങ്ങളിൽ നിന്നാണ് അപ്പച്ചൻ *പടയോട്ടം* എന്ന വ്യത്യസ്തതകളുള്ള ചിത്രമാണ് നിർമ്മിക്കുന്നതെന്നും  വിശ്വസാഹിത്യത്തിലെ 
ഏറെ പരിചിതമായ 
*മോണ്ടിക്രിസ്റ്റോ പ്രഭു* എന്ന നോവലിനെ ആസ്പദമാക്കി 
*എൻ ഗോവിന്ദൻകുട്ടിയുടെ* രചനയാണെന്നുമറിയുന്നത്. 
1982 ലെ ഓണക്കാലത്ത് പുറത്തുവന്ന _പടയോട്ടം_
എന്ന സിനിമയിലെ 
ആദ്യ ഭാഗത്തെ ഒരു സീനിൽ കോലത്തിരി രാജാവിനോട്  *പെരുമനക്കുറുപ്പ്* പറയുന്ന ചിലകാര്യങ്ങളാണ് ആദ്യം സംസാര രൂപത്തിൽ കണ്ടത്.
പടയോട്ടം എന്ന ചിത്രത്തിൽ
പേര് കേട്ട പെരുമനക്കുറുപ്പിന്റെ
അന്ത്യരംഗവും അസ്സലാക്കുവാൻ
ഗോവിന്ദൻകുട്ടി
സമർത്ഥതയോടെ ആശയത്തിലും അഭിനയത്തിലും ശ്രദ്ധാലുവായി.
അസ്തമയ സൂര്യന്റെ
വെളിച്ചത്തിൽ
ചുവുന്നു തുടുത്ത
കോലത്തിരിക്കുന്നിന്റെ
നെറുകയിൽ
നിർവ്വികാരതയോടെ
നില്ക്കുന്ന
ആറേക്കാട്ടമ്പാടിത്തമ്പാൻ.
കോലത്തിരി സൈനികരുടെ
പിടിയിലകപ്പെടാതെ ഓടി
രക്ഷപ്രാപിക്കാൻ ശ്രമിക്കുന്ന
_കുറുപ്പ്,_ മലമുകളിലെ
തമ്പാന്റെ സമീപത്തേയ്ക്ക്
അത്യന്തം ഉന്മാദാവസ്ഥയിൽ
നാലുകാലിൽ വരുന്ന ആ
സീൻ ഒരു കാലത്തും
വിസ്‌മൃതിയിലാകുകയില്ല.
ആ ചിത്രത്തിലെ അനേകം
ഉജ്ജ്വലരംഗങ്ങളിൽ
ഒന്നാണ് കുറുപ്പിന്റെ
പതനം.

*തമ്പാൻ......*
*രക്ഷിക്കണം തമ്പാൻ*
*ഒരു പട്ടിയെപ്പോലെ*
*അവരെന്നെ തല്ലിക്കൊല്ലും*
*തമ്പാൻ,*
*എന്തു വേണമെങ്കിലും തരാം,*
*എടുത്തോളൂ എടുത്തോളൂ*
*അവിടുന്ന് തന്നതും,*
*കള്ളക്കരം പിരിച്ചതും,*
*ഭണ്ഡാരത്തിൽ* *നിന്നെടുത്തതും,*
*എല്ലാമെടുത്തോളൂ...*
*എല്ലാം എല്ലാം...*
*എനിക്ക് ജീവിച്ചാൽ മാത്രം*
*മതി തമ്പാൻ,*
*എവിടെയെങ്കിലും പോയി*
*ഇരന്ന് ജീവിച്ച് കൊള്ളാം*
*എന്നെ രക്ഷിക്കണം*
*തമ്പാൻ,*

ക്രൂരതയും ചതിയും പണക്കൊതിയും കൈമുതലായുള്ള ചിത്രത്തിലെ കുറുപ്പിന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചത് *ഉദയാ* _നവോദയാ_  എന്നീ നിർമ്മാണക്കമ്പനികളുടെ വലങ്കൈയായി പ്രവർത്തിച്ച 
_ഗോവിന്ദൻകുട്ടിയായിരുന്നു._
സിനിമാ പ്രേക്ഷകരുടെ മനസ്സിൽ അങ്ങിനെ  
പ്രത്യേകയിഷ്ടം തോന്നുന്ന കഥാപാത്രങ്ങൾ വളരെയൊന്നും അദ്ദേഹത്തിന്റെതായിട്ടില്ല. 
ഒരു കാലത്ത് മുഴുവൻ മലയാളികൾക്ക് അറിയാമായിരുന്ന സിനിമാക്കാരനായ
ഗോവിന്ദൻകുട്ടി  അഭിനയത്തിന്റെയും രചനയുടേയും ലോകത്ത് നിന്ന് യാത്രയായത് 
1993 ജൂൺ 23 നാണ്.
അന്യാദൃശമായ ശബ്ദഗാംഭീര്യവും നിയന്ത്രണമുള്ള ഈ നടന്റെ സംഭാഷണങ്ങൾ ഒരു കാലത്ത് കേരളത്തിലെ എണ്ണമറ്റ മിമിക്രി വേദികളിൽ ഏറ്റവും കൂടുതൽ അനുകരിക്കപ്പെട്ട ഒന്നായിരുന്നു.

1947 ൽ *പൊന്നാനി* 
കലാസമിതിയുടെ ഒന്നാം വാർഷികത്തിൽ 
കലാസാഹിത്യരംഗങ്ങളിലുള്ള
കക്ഷിരാഷ്ട്രീയക്കാരുടെ ഇടപെടലുകൾ ഉണ്ടാകുന്നതിനെതിരെ സംഘാടകർ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു.
എന്നാൽ ഇത്തരത്തിലുള്ള പ്രമേയത്തിന് പ്രസക്തി ഇല്ലെന്നായിരുന്നു പ്രമുഖ സാഹിത്യകാരൻ 
*എം ഗോവിന്ദൻ* വാദിച്ചത്.
അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കാൻ
_എൻ ഗോവിന്ദൻകുട്ടിയല്ലാതെ_ ആരുമുണ്ടായിരുന്നില്ല.
അന്ന് ആ യോഗത്തിലുണ്ടായിരുന്ന
*എംവി ദേവൻ* 
_ഗോവിന്ദൻകുട്ടി_ ആ യോഗത്തിൽ പ്രസംഗിച്ച ചില കാര്യങ്ങൾ പിന്നീടോർത്തു പറഞ്ഞിട്ടുണ്ട്.
"മനുഷ്യനുണ്ട്.
ആ മനുഷ്യൻ ആരാണെന്ന് കാണിച്ചു കൊടുക്കാൻ ഞാനുണ്ട്.
നിങ്ങളുണ്ട് നമുക്ക് പിൻബലം നല്കാൻ,
എത്രയോപേർ അപ്പുറത്തും ഇപ്പുറത്തുമുണ്ട്.""

*സുവർണരേഖാ നദിയിൽപ്പണ്ടൊരു സുന്ദരി നീന്താനിറങ്ങി*

_ആലിബാബയും 41 കള്ളന്മാരും_ എന്ന ചിത്രത്തിൽ പട്ടണത്തിലെ അടിമവ്യാപാരിയായ കാസ്സിമിന്റെ  അനുചരനായ _ജാഫറിന്റെ_ വേഷത്തിൽ തെരുവിൽ ഒരു സുന്ദരിയുടെ നൃത്തം കുതിരമേലിരുന്ന് വീക്ഷിക്കുന്ന രംഗമാണ് ഓർമ്മവരുന്നത്.
1972 ൽ ചിത്രകലാ ഫിലിംസിന്റെ ബാനറിൽ *പാറപ്പുറത്തിന്റെ* 
പ്രശസ്ത നോവൽ
*പണി തീരാത്ത വീട്* _കെഎസ് സേതുമാധവൻ_
ചലച്ചിത്രമാക്കുന്നു.
അതിലെ *തങ്കയ്യൻ* എന്ന കഥാപാത്രം വിചാരിച്ചിരിക്കാതെ ഗോവിന്ദൻകുട്ടിയുടെ_ കൈകളിലാണ് വന്നു ചേർന്നത്. 
കഥാപാത്രാവിഷ്ക്കാരം കൊണ്ട് വിഷമം പിടിച്ച ഈ റോൾ ഗോവിന്ദൻകുട്ടി പ്രയാസത്തോടെയാണെങ്കിലും അഭിനയിച്ചു ഫലിപ്പിച്ചു.
_ശോഭന_ കൈകാര്യം ചെയ്ത നിഷ്ക്കളങ്കയായ *ലീലയെന്ന* കഥാപാത്രത്തെ മുതലാളി കടത്തിക്കൊണ്ടു പോകുന്നതും സ്വന്തം കുടുംബഭദ്രതയോർത്ത് 
നിസ്സഹായതയോടെ  തേങ്ങുന്നതും ഉള്ളിൽത്തട്ടിയ സീനായിരുന്നു.
സേതുമാധവനെപ്പോലെ മറ്റൊരു സംവിധായകനും ഗോവിന്ദൻകുട്ടിയുടെ അഭിനയശേഷി പുറത്തുകൊണ്ട് വന്നിട്ടില്ല.
യക്ഷി, അരനാഴികനേരം, കടൽപ്പാലം,
ഒരു പെണ്ണിന്റെ കഥ,
അനുഭവങ്ങൾ പാളിച്ചകൾ,
മുതലായ ചിത്രങ്ങളിൽ ഇതു കാണാം.
തങ്കയ്യൻ എന്ന വേഷം കണ്ടിട്ട് സാഹിത്യകാരി *മാധവിക്കുട്ടി* നടന്റെ മകൾക്ക് നേരിട്ട് കത്തെഴുതി അഭിനന്ദിച്ചിട്ടുണ്ട്.

പ്രതിഭാശാലിയായ  ചെറുകഥാ രചയിതാവും
വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമാരംഗത്ത് തിളങ്ങിയിരുന്നതുമായ
_ഗോവിന്ദൻകുട്ടി_ _എറണാകുളത്തെ_ *ഫോർട്ടുകൊച്ചിക്കാരനാണ്.*
1924 ഏപ്രിൽ15 ന് _ശങ്കരനാരായണൻ
നാണിക്കുട്ടി_ ദമ്പതികളുടെ മകനായി ജനനം. കൊച്ചിയിൽത്തന്നെയായിരുന്നു വിദ്യാഭ്യാസം.
1939 ൽ പതിനഞ്ചാമത്തെ വയസ്സിൽ ആദ്യ കവിത *അന്ധതേ നീ ലസിയ്ക്ക*
പുറത്തുവന്നു.
വ്യത്യസ്തങ്ങളായ ഒട്ടേറെ സാഹിത്യരചനകളുടെ
കർത്താവാണ് അദ്ദേഹമെന്ന് എത്രപേർക്കിന്നറിയാം?.
1967 ൽ 
*എൻഎൻ പിഷാരടിയുടെ*
_മുൾക്കിരീടം_ എന്ന ചിത്രത്തിൽ ""ദുഷ്ടൻ"'
എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്
സിനിമാ പ്രവേശം.
ലഭിച്ച മിക്കവേഷങ്ങളും വില്ലൻ ചുവയുള്ളതായിരുന്നു.
വല്ലാത്തൊരു ഭാവവികാരമാണ്  കഥാപാത്രങ്ങളിൽ കണ്ടിരുന്നത്. കുടിലതയും ചതിയും വൈരാഗ്യവും  നയനങ്ങളിലൂടെയായിരുന്നു കാണികൾ കണ്ടത്.
1967 ൽ ഉദയായുടെ  *മൈനത്തരുവി കൊലക്കേസ്സിൽ*
""പ്രാഞ്ചോ"" എന്ന കഥാപാത്രവും വില്ലൻവേഷമായതോടെ 
_ഗോവിന്ദൻകുട്ടി_ വില്ലൻ വേഷങ്ങളിൽ തളച്ചിടപ്പെട്ടു.
*എൻ ശങ്കരൻനായരുടെ*
1981 ൽ പുറത്ത് വന്ന
*സ്വത്ത്* എന്ന ചിത്രത്തിലെ
ദുഷ്ടന്റെ വേഷം
കണ്ടവർക്കറിയാം
ആ നടന്റെ അഭിനയപാടവം.

"മാർഗ്ഗദീപമേ ഞങ്ങളെ വെളിച്ചത്തിലേയ്ക്ക് നയിച്ചാലും"
മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായ *തച്ചോളി അമ്പു*
അങ്ങയുടെ പാവനസ്മരണയ്ക്ക് മുമ്പിൽ ഞങ്ങളിതാ സമർപ്പിക്കുന്നു.

_ഗോവിന്ദൻകുട്ടിയുടെ_ ശബ്ദത്തിലാണ് _നവോദയായുടെ_  ചിത്രങ്ങൾ ആദ്യകാലത്ത് തിയേറ്ററുകളിൽ ആരംഭിച്ചിരുന്നത്.
മലയാളത്തിലെ അതിവിശിഷ്ടമായ ഒരു ചിത്രമായിരുന്നില്ലെങ്കിലും _തച്ചോളി അമ്പുവിന്റെ_ കെട്ടുറപ്പോടെയുള്ള കഥയും തിരക്കഥയും സംഭാഷണവും രചിച്ചതും
തച്ചോളി കുഞ്ഞിഒതേനന്റെ ഭാര്യാസഹോദരനായ *പരുന്തിങ്കൽ പണിക്കർ* എന്ന നിഷ്ഠുരന്റ വേഷം അതിസുന്ദരമായ ഭാവവൈവിധ്യങ്ങളോടെ അവതരിപ്പിച്ചതും 
_ഗോവിന്ദൻകുട്ടിയായിരുന്നു._

*വയനാടൻ കേളൂന്റെ പൊന്നും കോട്ട*
*പടകാളി നിർമ്മിച്ച പൊന്നും കോട്ട*

കൺകെട്ടും മാന്ത്രിക വിദ്യകളും വശമാക്കിയ പൊന്നാപുരം കോട്ടയുടെ അധിപനായ
ഉഗ്രപ്രതാപിയായ _കേളുമൂപ്പന്റെ_ വേഷം അവതരിപ്പിച്ചതും _ഗോവിന്ദൻകുട്ടിയായിരുന്നു._
രണ്ട് പതിറ്റാണ്ട് കാലം സിനിമയിൽ വില്ലൻ വേഷങ്ങൾ കെട്ടിയാടുമ്പോഴും ഒട്ടനവധി തിരക്കഥകളും അദ്ദേഹം രചിച്ചു.
"വടക്കൻപാട്ട്" മലയാള നാടകവേദിക്കും സിനിമയ്ക്കും ആദ്യമായി പരിചയപ്പെടുത്തുന്നത് അദ്ദേഹമാണ്.
നാടകവേദിയിൽ 1956 ൽ അവതരിപ്പിച്ച *ഉണ്ണിയാർച്ച*
ഒരു സംഭവവും വഴിത്തിരിവുമായിരുന്നു.
1961 ൽ _ഉദയാ_ ഇത് ചലച്ചിത്രമാക്കി.
അദ്ദേഹത്തിന്റെ വടക്കൻ പാട്ട് ചിത്രങ്ങൾ മുഴുവൻ അക്കാലത്ത് ഹിറ്റായിരുന്നു.
1949 ൽ ഗോവിന്ദൻകുട്ടിയുടെ ആദ്യ കഥാസമാഹാരമായ *നർത്തകി* വായിച്ച് മഹാകവി അക്കിത്തം  അദ്ദേഹത്തെ ശ്ലാഘിച്ചിട്ടുണ്ട്.

1993 ൽ _അനിൽബാബു_ സംവിധാനം ചെയ്ത *സാക്ഷാൽ ശ്രീമാൻ ചാത്തുണിയായിരുന്നു*
അവസാന ചിത്രം.
_അങ്കമാലി നാടകനിലയം_ പോലെയുള്ള പ്രൊഫഷണൽ നാടക ട്രൂപ്പുകളിൽ ഇടക്കാലത്ത് അഭിനയിച്ചിരുന്നു.
150 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ശാന്തയാണ് _ഭാര്യ_.
ഏക മകൾ _രേഖ_
കാഴ്ചക്കുറവ് മൂലം എറണാകുളത്തെ _എളമക്കരയിലെ_  ചെറുവാരണത്ത് വീട്ടിൽ വിശ്രമജീവിതം നയിച്ചിരുന്നപ്പോഴും അദ്ദേഹം എഴുതിയിരുന്നു.
എഴുപതാമത്തെ വയസ്സിൽ കരൾ രോഗബാധിതനായി മരിക്കുന്നതിന് മുമ്പ് അദ്ദേഹമെഴുതിയത്
*മൃത്യോർമാ അമൃതംഗമയ* എന്ന കഥാസമാഹാരമാണ്. 
ജീവന്റെ അവസാന ശ്വാസം വരെ തന്റെ പ്രിയപ്പെട്ട സാഹിത്യരൂപമായ ചെറുകഥയെ കൈവെടിഞ്ഞില്ല.
"സ്മൃതിദലങ്ങൾ,'
"വടക്ക് നിന്നൊരു പെണ്ണ്"
"ഗൂർഖ",
"തിടമ്പ്" എന്നിവ നോവലുകളാണ്.
"അവർ ജീവിക്കുന്നു,"
"ജീവിതത്തിന്റെ വിത്തുകൾ"
"നീലക്കണ്ണും പ്രേതകഥകളും"
എന്നിവ ചില കഥാസമാഹാരങ്ങളുമാണ്.

_"ഗോവിന്ദൻകുട്ടിയുടെ_ കഴിവിന് മുന്നിൽ എന്റെ നമോവാകം."
എന്ന് *ജോസഫ് മുണ്ടശേരി* പറഞ്ഞു.
എന്നാൽ എഴുപതുകൾ മുതൽ ഇവിടത്തെ ആധുനിക നിരൂപകർക്ക്  ആ കഥാകൃത്ത് ആരുമല്ലാതായി.
ഇങ്ങിനെയൊരാൾ ഇവിടെ ഉണ്ടായിരുന്നില്ല എന്ന മട്ടിലായിരുന്നു അവരുടെ ഗണനവും പഠനവും.

അദ്ദേഹം  ചില വടക്കൻപാട്ട് ചിത്രങ്ങളിൽ  പറഞ്ഞത് പോലെ

""എന്തിനേറെപ്പറയുന്നു?"

""കണ്ടറിയാത്തത്കൊണ്ട് കുണ്ഠിതപ്പെട്ടിട്ട് കാര്യമില്ല.""

എന്നാൽ *പ്രേംനസീറിന്റെ* സി.ഐ ഡി കഥകളിലെ വില്ലൻവേഷങ്ങൾ കണ്ടിരുന്ന
പഴയകാലം ഓർക്കുമ്പോൾ കുണ്ഠിതമില്ലാതെയുമില്ല.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള