June19_1995/ പി എൻ പണിക്കർ

*വായിച്ചാൽ വളരും,*
*വായിച്ചില്ലെങ്കിലും വളരും.*
*വായിച്ചാൽ വിളയും*.
*വായിച്ചില്ലെങ്കിൽ 'വളയും*

*കുഞ്ഞുണ്ണിമാഷുടെ* കുട്ടിക്കവിതയാണെങ്കിലും സാരാംശം ഗംഭീരം.
''മനുഷ്യാ പുസ്തകം കൈയിലെടുക്കൂ
അതൊരു ആയുധമാണ്""
എന്ന് _ജർമ്മൻ_ മഹാകവി
*ബ്രെഹ്തോൾഡ്* പാടിയിട്ടുണ്ട്.
മനുഷ്യന് ആദ്യം വേണ്ടത് ഭക്ഷണമാണെന്നും പിന്നെ വേണ്ടത് വിശപ്പ് മാറ്റാനാവശ്യമായ അക്ഷരത്തിന്റെ കരുത്താണെന്നും 
*പി.എൻ പണിക്കർ* തലമുറകളെ പഠിപ്പിച്ചു.
ക്ഷരം(നാശം) ഇല്ലാത്തതാണ് *അക്ഷരം*
അത് ഭാഷയുടെ അടിസ്ഥാനമാണ്.
"വായനകൊണ്ടേ അത് നിലനില്ക്കു."
*വായനക്ക് മരണമില്ല.*
ഇന്ന് ദേശീയ വായനാദിനം..
ഇന്നു മുതൽ ഒരാഴ്ചക്കാലം വായനാ വാരമാഘോഷിക്കുന്നു.
കൂട്ടുകാരെ
അക്ഷരങ്ങളെ പ്രണയിക്കൂ...

""വായന അറിവും തിരിച്ചറിവുമാണ്. മുന്നിലും പിന്നിലും കിടക്കുന്ന വഴികണക്കെയാണത്.
കാലങ്ങൾക്കപ്പുറത്തേക്കാണ് ഓരോ പുസ്തകത്തിന്റെയും താളുകൾ മറിയുന്നത്.
ഓർമ്മകളുടെയും സ്വപ്നങ്ങളുടെയും കാവൽക്കാരാണ് വാക്കുകൾ.
ജീവിതത്തിന്റെ സംഗീതമാണ് വായന.......
വസന്തവും......""

കന്യാകുമാരിമുതൽ കാസർകോടുവരെയുള്ള  അയ്യായിരത്തിലേറെ വരുന്ന ഗ്രാമങ്ങളിലൂടെ നെടുകെയും
കുറുകെയും സഞ്ചരിച്ചിട്ടുള്ള ഒരാളെ ഈ ഭൂമുഖത്തുണ്ടായിട്ടുള്ളു.
അതാണ് *പി.എൻ പണിക്കർ*
അക്ഷരത്തിന്റെയും വായനയുടേയും ലോകത്തേക്ക് മലയാളിയെ കൈപിടിച്ച് നടത്തിയ പണിക്കരെക്കുറിച്ച്
*ഡി.സി. കിഴക്കേമുറി*  ഒരിക്കൽ പറഞ്ഞതാണിത്.

കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനവും സാക്ഷരതാ പ്രവർത്തനവും കടപ്പെട്ടിരിക്കുന്നത് *പുതുവായിൽ നാരായണപ്പണിക്കർ* എന്ന
_പിഎൻ പണിക്കരുടെ_ ഈ അക്ഷീണപ്രവർത്തനത്തോടാണ്. അരനൂറ്റാണ്ടിലേറെക്കാലം സാംസ്ക്കാരികരംഗത്ത് തിളങ്ങിനിന്ന _പണിക്കർ_
കേരളത്തിന്റെ പ്രബുദ്ധമായ അന്തരീക്ഷത്തിന്  നല്കിയ സംഭാവനകൾ  എണ്ണമറ്റതാണ്.
*ഗ്രന്ഥശാലാസംഘം, കാൻഫെഡ്* എന്നീ പ്രസ്ഥാനങ്ങളിലൂടെ അദ്ദേഹം കേരളത്തിന്റെ സാംസ്ക്കാരിക പരിസരം ആകെ മാറ്റിമറിച്ചു.

1909 മാർച്ച് 1 ന് ആലപ്പുഴ ജില്ലയിലെ *നീലമ്പേരൂർ*
ഗ്രാമത്തിൽ പുതുമായിൽ _ഗോവിന്ദപ്പിള്ളയുടേയും ജാനകിയമ്മയുടേയും_ മകനായി ജനിച്ച _പണിക്കർ_
ചെറുപ്പത്തിൽത്തന്നെ വായനയിൽ ആകൃഷ്ടനായിരുന്നു.
നീലമ്പേരൂരും പരിസരത്തുമായി
പ്രാഥമികവിദ്യാഭ്യാസം നടത്തിയ അദ്ദേഹം ഗ്രന്ഥശാലാപ്രവർത്തനം തുടങ്ങിയത് സ്വന്തം ഗ്രാമത്തിലെ _സനാതനധർമ്മ_
വായനശാലയിൽ നിന്നാണ്.
1925 ൽ സ്ക്കൂൾഫൈനൽ പരീക്ഷ ജയിച്ച _പണിക്കർ_
അടുത്തവർഷം അവിടെ അദ്ധ്യാപകനായി. 
*അമ്പലപ്പുഴ* സ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടിയതോടെ പ്രവർത്തന മേഖല വിപുലമായി.

അമ്പലപ്പുഴയിൽ ഒരു ഗ്രന്ഥശാല വേണമെന്ന പണിക്കരുടെ ആഗ്രഹം സഫലമായത്1938 ലാണ്.
തദ്ദേശ്ശിയനായ
*സാഹിത്യ പഞ്ചാനനൻ*
*പികെ നാരായണപിള്ളയുടെ*
പേരിൽ ഒരു ഗ്രന്ഥശാല വേണമെന്ന നാട്ടുകാരുടെ  ആഗ്രഹത്തിന്റെ സഫലീകരണമായിരുന്നു അത്.
ചില സുഹൃത്തുക്കളുടെ സഹായത്തോടെ തുടങ്ങിയ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയുടെ സ്ഥാപക സെക്രട്ടറിയായി പണിക്കർമാറി. 
പിന്നീട് ഗ്രന്ഥശാലകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള പണിക്കരുടെ ശ്രമം ഏഴ് വർഷങ്ങൾക്ക് ശേഷം സഫലമായി.

പണിക്കരുടെ ശ്രമഫലമായി 1945 സെപ്തംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം പികെ മെമ്മോറിയൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തു. കന്യാകുമാരി മുതൽ പാറശ്ശാലവരെയുള്ള തിരുവിതാംകൂർ പ്രദേശത്ത് അന്ന് നൂറിലേറെ ഗ്രന്ഥശാലകളുണ്ടായിരുന്നു.
1882 ൽ സ്ഥാപിതമായ കോട്ടയം പബ്ളിക് ലൈബ്രറിയായിരുന്നു അതിൽ പ്രധാനപ്പെട്ടത്.
സമ്മേളനത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു
ദിവാൻ സി.പി. രാമസ്വാമി അയ്യർ ഉദ്ഘാടനം  ചെയ്ത സമ്മേളനം ഏവൂർ ഗ്രന്ഥശാലയിലെ കെ.എം കേശവൻ പ്രസിഡന്റും പണിക്കർ സെക്രട്ടറിയുമായി പതിനാലംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.
അങ്ങനെ ഗ്രന്ഥശാലാസംഘം
പിറവിയെടുത്തു.

1947 മെയ് മാസത്തിൽ സംഘം രജിസ്റ്റർചെയ്തു.
ആദ്യം പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിലും തിരുവനന്തപുരത്ത്
ശ്രീ ചിത്തിരതിരുനാൾ ഗ്രന്ഥശാലയിലും ആയിരുന്നു സംഘത്തിന്റെ പ്രവർത്തനം.
1948 ൽ പ്രവർത്തനം സംസ്കൃത കോളേജിലെ ഒരു മുറിയിലേക്ക് മാറി.
1951ൽ മുഖ്യമന്ത്രി *സി.കേശവന്റെ* താല്പര്യപ്രകാരം പട്ടം തുളസി ഹിൽ ബംഗ്ലാവിലേക്ക് സംഘം ഓഫീസ് മാറ്റി.
1957 ൽ പബ്ളിക് ലൈബ്രറിയുടെ കോമ്പൗണ്ടിൽ സ്വന്തം കെട്ടിടത്തിൽ ഗ്രന്ഥശാലാ സംഘം താമസമുറപ്പിച്ചു.
സംഘത്തിന് സ്വന്തമായൊരു കെട്ടിടമെന്ന പണിക്കരുടെ ദീർഘകാലമായുള്ള ആഗ്രഹവും സാധ്യമായി.

ഗ്രാമാഗ്രാമാന്തരങ്ങളിലൂടെ ഓടിനടന്ന് പണിക്കർ ഗ്രന്ഥശാലകൾ കെട്ടിപ്പൊക്കി.
ആയിരത്തിലേറെ ഗ്രാമങ്ങളിൽ വായനയുടെ പുതുവെളിച്ചം എത്തിക്കാൻ പണിക്കരുടെ ശ്രമത്തിനായി.
1949 ൽ തിരുവിതാംകൂറും കൊച്ചിയും ഒന്നായപ്പോൾ സംഘത്തിന്റെ തിരുക്കൊച്ചി
ഗ്രന്ഥശാലാ സംഘമെന്നാക്കി
മാറ്റി. കേരളം രൂപം കൊണ്ട ശേഷം കേരളാ ഗ്രന്ഥശാലാ സംഘമെന്നായി മാറി

കേരളത്തിലങ്ങോളമിങ്ങോളമായി ഇന്ന് നാലായിരത്തിലേറെ ഗ്രന്ഥശാലകളുണ്ട്. ഈ വലിയ നേട്ടത്തിന് മലയാളി കടപ്പെട്ടിരിക്കുന്നത് പണിക്കരോടാണ്.
ഇന്ന് കേരളത്തിൽ ഒന്നരക്കോടിയിലേറെപ്പേർ ലൈബ്രറികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മലയാളക്കരയിലെ ഏറ്റവും വലിയ പ്രസ്ഥാനമായി അത് വളർന്നിരിക്കുന്നു.
ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സാക്ഷരതാ പ്രവർത്തനത്തിനും പണിക്കർ രൂപം നല്കി. സംഘത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് 1970 നവംബർ -ഡിസംബർ മാസങ്ങളിൽ കാസർകോട് മുതൽ പാറശാലവരെ നടത്തിയ സാംസ്ക്കാരിക ജാഥ അതിനു തുടക്കമിട്ടു.
വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.
സാക്ഷരകേരളം വാരികയും നവസാക്ഷര പുസ്തകങ്ങളും സംഘം പുറത്തിറക്കി.
ലോകമെമ്പൊടും  ശ്രദ്ധയാകർഷിച്ച ഈ പ്രവർത്തനങ്ങൾ സംഘത്തിന് 1975 ൽ _യുനെസ്ക്കോയുടെ_ 
*ക്രൂപ്സ്ക്കായ* പുരസ്ക്കാരം നേടിക്കൊടുത്തു.

1977 ൽ സംഘത്തെ സർക്കാർ ഏറ്റെടുത്തതോടെ പണിക്കർ അനൗപചാരിക വിദ്യാഭ്യാസത്തിലും സാക്ഷരതാ പ്രവർത്തനത്തിലും 
ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇതിനായി *കാൻഫെഡ്*
സ്ഥാപിച്ചു.
സംഘത്തിന്റെ മുഖപത്രമാണ് *ഗ്രന്ഥലോകം.* 
ജീവിതത്തിൽ വിശ്രമമില്ലാതെ പ്രവർത്തിച്ച 1994 ൽ സംഘത്തിന്റെ അമ്പതാംവാർഷികമാഘോഷിച്ചപ്പോൾ _അമ്പലപ്പുഴയിൽ_ നടത്തിയ കാൽനടജാഥയുടെ  മുന്നിൽ എൺപത്തിയഞ്ചാം വയസ്സിലും പണിക്കർ എത്തിയിരുന്നു.

32 വർഷം താൻ പരിപാലിച്ച ഗ്രന്ഥശാലാ സംഘത്തിൽ നിന്ന് പിരിയേണ്ടി വന്നെങ്കിലും അതിന്റെ ഗതി 
നിരീക്ഷിച്ചുകൊണ്ട് അവസാനംവരെ പണിക്കർ രംഗത്തുണ്ടായിരുന്നു.
ജനകീയ സംഘടന എന്ന നിലയിൽ പിറന്ന സംഘം സർക്കാർ നിയന്ത്രണത്തിലാകുന്നതിനും അദ്ദേഹം സാക്ഷിയായി.
1989 ലെ ലൈബ്രറിസ് ആക്ട് പ്രകാരം രൂപം വരുത്തിയ സംസ്ഥാന ലൈബ്രറി കൗൺസിൽ
1994 ഏപ്രിൽ മുതൽ കേരളത്തിലെ മുഴുവൻ ലൈബ്രറികളുടേയും പ്രവർത്തനം ഏറ്റെടുത്തു.
1995 ൽ പണിക്കർ അന്തരിച്ചു.
അന്ത്യകർമ്മങ്ങൾക്ക് സർക്കാർ ബഹുമതികളുണ്ടായിരുന്നെങ്കിലും അർഹിക്കുന്ന പുരസ്ക്കാരങ്ങൾ
ഒന്നുംതന്നെ സംസ്ഥാന ദേശീയ തലത്തിൽ ലഭിച്ചിട്ടില്ല എന്നത് ദുഖകരമായ സത്യമാണ്.

*വായിച്ചു വളരുക* എന്ന സന്ദേശവുമായി കേരളത്തിലെ വീടുവീടാന്തരം കയറിയിറങ്ങി പുസ്തകങ്ങളുടെ വിശാലമായ ലോകം മലയാളിക്ക് പരിചയപ്പെടുത്തിയ ഈ അക്ഷരസ്നേഹിയുടെ ഓർമ്മകൾ *വായനാദിനമായ* ഇന്നുമാത്രമല്ല എന്നും മലയാളികൾ സ്മരിക്കേണ്ടതാണ്.

*കെ.ബി.ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള