June_18_1941/ അയ്യൻകാളി
*ആഴുവാഞ്ചേരി തമ്പ്രാക്കളിലു-*
*ണ്ടയ്യൻ പുലയനിലു-* *ണ്ടാദിത്യനിലുണ്ടണുകൃമിയിലുമു-*
*ണ്ടതിൻ പരസ്ഫുരണം*
1893 തിരുവനന്തപുരത്തിനടുത്തുള്ള *വെങ്ങാനൂരിലെ* പൊതുവഴിയിലൂടെ ഒരു വില്ലുവണ്ടി കുതിച്ചു പായുകയാണ്.
രണ്ട് വെള്ളക്കാളകളെ കെട്ടിയ ആ വണ്ടി മണിനാദം മുഴക്കി പാഞ്ഞുവന്നപ്പോൾ ആളുകൾ കൂട്ടംകൂടി, വണ്ടിയിൽ വരുന്നതാരാണെന്ന് കാണാൻ.
വണ്ടിക്കുള്ളിൽ അവർ കണ്ടത് പതിവ്പോലെ ഒരു തമ്പ്രാനെയല്ല.
അധകൃതരിലൊരാളെയായിരുന്നു.
*അയ്യൻകാളിയെ.*
തമ്പ്രാക്കന്മാരെപ്പോലെ വെള്ള അരക്കയ്യൻ ബനിയനും മേൽമുണ്ടും ധരിച്ചായിരുന്നു ആ വരവ്.
തലയിൽ വട്ടക്കെട്ടുമുണ്ടായിരുന്നു.
ചട്ടമ്പികൾ വണ്ടിയെ വളഞ്ഞു. മേൽ മുണ്ടെടുത്തു മാറ്റാൻ അവർ അയ്യൻകാളിയോട് കല്പിച്ചു. അത് കേട്ടതായി ഭാവിക്കാതെ
ഇടത്കൈകൊണ്ട് മീശതടവി
വലത്കൈകൊണ്ട് മടിക്കുത്തിൽ നിന്ന് കഠാര വലിച്ചൂരി _അയ്യൻകാളി_ അവരെ നേരിട്ടു.
വില്ലുവണ്ടിയിൽ _അയ്യൻകാളി_
യാത്ര ചെയ്തുവന്നത് ചരിത്രത്തിലേക്കാണ്.
താഴ്ന്ന ജാതിക്കാർക്ക് പൊതുവഴി നടക്കാൻ പാടില്ലാതിരുന്ന കാലഘട്ടത്തിൽ
വില്ലുവണ്ടിയോ വെള്ള
വസ്ത്രമോ ധരിക്കാൻ പാടില്ലാത്ത സമയത്ത് _അയ്യൻകാളിയുടെ_ ""അയിത്തവണ്ടി"" പല
വഴികളിലൂടെ സഞ്ചരിച്ചു.
അധകൃതരുടെ അവകാശ സമരത്തിന്റെ മുന്നണിപ്പടയാളിയായി സ്വയം അവരോധിച്ച അദ്ദേഹം അക്ഷരാഭ്യാസമില്ലാതിരുന്നിട്ടും ഒരു ജനതയുടെ നേതാവായി. *ഗാന്ധിജിക്കും*
*ശ്രീ നാരായണഗുരുവിനും* ബഹുമാന്യനായ അദ്ദേഹം
ദളിത സമുദായങ്ങളുടെ വിശേഷിച്ചും ഹരിജനങ്ങളുടെ നവോത്ഥാനത്തിന് നേതൃത്വം നല്കി. വഴി നടക്കാൻ മാത്രമല്ല വിദ്യ അഭ്യസിക്കാനും നീതി ലഭിക്കാനും ഉള്ള അവകാശസമരങ്ങൾക്ക് നേതൃത്വം നല്കിയ _അയ്യൻകാളി_ അധകൃതർക്ക് വിദ്യാലയ പ്രവേശനത്തിനും ഉയർന്ന കൂലിക്കും അർഹതയുണ്ടാക്കി.
1982 മെയ് മാസത്തിൽ നടന്ന സംസ്ഥന നിയമസഭാ തെരഞ്ഞെടുപ്പിൽ *പാലക്കാട്* ജില്ലയിലെ *തൃത്താല* പട്ടികജാതി സംവരണ മണ്ഡലത്തിൽ
നിന്നും തെരഞ്ഞെടുക്കപ്പെട്ട
*കെ.കെ. ബാലകൃഷ്ണൻ* മുന്നാമത്തെ *കരുണാകരൻ* മന്ത്രിസഭയിൽ
ഹരിജനക്ഷേമവകുപ്പ് മന്ത്രിയായി.
ഒരു നിയോഗം പോലെ അദ്ദേഹത്തിന് മഹാനായ _അയ്യൻകാളിയെ_ സംബന്ധിച്ച് ചിത്രീകരിച്ച ഒരു ഡോക്യുമെന്ററി ചിത്രത്തിൽ ഒത്തതലയെടുപ്പോടെ ടൈറ്റിൽ റോളിൽ വേഷമിട്ടഭിനയിക്കാനും
ഭാഗ്യമുണ്ടായി. അയ്യൻകാളിയുടെ വേഷവിതാനത്തിൽ ഒരുങ്ങി നിന്നിരുന്ന മന്ത്രിയെക്കണ്ടാൽ
അയ്യൻകാളിയുമായി യാതൊരു വ്യത്യാസവുമില്ലായിരുന്നു.
_കരുണാകരൻ_ മന്ത്രിസഭയുടെ ഭരണനാളുകളിൽത്തന്നെ തിരുവനന്തപുരം നഗരത്തിന്റെ പ്രോജ്ജ്വലഭാഗമായ *വെള്ളയമ്പലം* സ്ക്വയറിൽ _അയ്യൻകാളിയുടെ_ പൂർണകായ പ്രതിമ അന്നത്തെ പ്രസിഡണ്ട് *സെയിൽസിംഗിനാൽ* അനാഛാദനം ചെയ്യപ്പെട്ടു.
വെങ്കലപ്രതിമ വടക്ക് ദിശയിൽ കവടിയാർ രാജസൗധത്തിലേക്ക് തെല്ല് പ്രതിഷേധഭാവത്തോടെ
ദൃഷ്ടി പതിപ്പിച്ചുകൊണ്ടു നില്ക്കുന്നത് തിരുവനന്തപുരത്തുകാർക്ക് പരിചിതമാണെങ്കിലും അന്യദേശക്കാർ
അത്ഭുതത്തോടെയാണ് അത് വീക്ഷിക്കുന്നത്.
വെള്ളയമ്പലത്തിലെ പ്രതിമ സ്ഥാപനത്തോടെ ശ്രീപത്മനാഭദാസനായ *ചിത്തിരതിരുനാൾ ബാലരാമവർമ്മ,
*HIS HIGHNESS* ദിവസവും രാവിലെയുള്ള സ്വാമിദർശനത്തിന് തെക്കെനടയിലെത്താൻ യാത്ര *നന്തൻകോട്* വഴിയാക്കിയതും പഴമക്കാർ മറന്നിട്ടില്ല.
ഇതിനെല്ലാം കാരണഭുതനായ *അയ്യൻകാളി* യുടെ ചരമവാർഷികദിനമാണിന്ന്.
1941 ജൂൺ 18 നാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം.
അദ്ദേഹത്തിന്റെ ജന്മദിനം. 2017 മുതൽ
കേരളസർക്കാർ
പൊതുഅവധിയാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
1863 ആഗസ്റ്റ് 28 ന്
*വിഴിഞ്ഞത്തിനടുത്ത്* ചരിത്ര പ്രാധാന്യമുള്ള _വെങ്ങാനൂർ_ ദേശത്ത് പിറന്ന *കാളി* എന്ന ബാലൻ അത്യാവശ്യ വിദ്യാഭ്യാസം പോലും ലഭിക്കാതെ കൊടിയ യാതനകളും ഉയർന്നവരുടെ അടിയും ചവിട്ടുമേറ്റ് ദൃഢനിശ്ചയത്തോടെ ഭരണകർത്താക്കളുടെ അനീതിക്കെതിരെയും സാമന്തന്മാരായ ഉയർന്ന ജന്മിമാരുടെ ഈശ്വരന് പോലും നിരക്കാത്ത ജാതി വ്യവസ്ഥകൾക്കെതിരെയും പോരാടി വിജയിച്ചത് തങ്കത്താളുകളിൽത്തന്നെ കുറിക്കേണ്ട ചരിത്രമാണ്.
ഈയിടെ അന്തരിച്ച
*ടിഎച്ച് ചെന്താരശേരിയാണ്* _അയ്യൻകാളിയുടെ_ ഒരു സമഗ്ര ജീവചരിത്രം കുറ്റമറ്റ രീതിയിൽ തയ്യാറാക്കിയത്. ആ പുസ്തകത്തിൽ ഇങ്ങിനെ പറയുന്നു. അപമാനകരമായ ഒട്ടനവധി അനാചാരങ്ങളായ കല്ലുമാല ധരിക്കൽ, കാതിൽ ഇരുമ്പുതുണ്ടുകൾ അണിയൽ, മേൽജാതിക്കാരുടെ മുന്നിൽ യവ്വനയുക്തകളായ സ്ത്രീകൾ മാറ് മറയ്ക്കാതെ നില്ക്കൽ, അടിയാളന്റെ കുറ്റത്തിന് തെങ്ങിൽ കെട്ടിയിട്ട് തൊലി പൊളിയുന്നവരെ കഠിനമായുള്ള അടിയേല്പിക്കൽ മുതലായവ നിറുത്തലാക്കാൻ
*ശ്രീമൂലം പ്രജാസഭയിൽ* അദ്ദേഹത്തിന്റെ സിംഹഗർജ്ജനമുയർന്നത്രെ.!
നീണ്ട ഇരുപത്തിയെട്ട് വർഷം അദ്ദേഹം പ്രജാസഭയിൽ അംഗമായിരുന്നു.
1936 ൽ *മഹാത്മാഗാന്ധിയുടെ* അവസാന കേരള സന്ദർശനത്തിൽ വെങ്ങാനൂരിൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ മഹാത്മാവിന് ഗംഭീര വരവേല്പ് നല്കി.
നൂറ്റാണ്ടുകളായി അടിമകളുടെ അടിമകളായി നരകയാതന അനുഭവിച്ചിരുന്ന ഒട്ടേറെ സാമൂഹിക വിലക്കുകളും പീഡനങ്ങളും അനുഭവിക്കേണ്ടിവന്ന അധകൃതജനവിഭാഗത്തെ ഉദ്ധരിക്കുന്നതിന് സാഹസികമായി യത്നിച്ച വിശിഷ്ട വ്യക്തിയാണ് അയ്യൻകാളിയെന്ന് ഗാന്ധിജി പറഞ്ഞു. *പുലയരാജാവ്* എന്ന വിശേഷണവും അദ്ദേഹത്തിന് നല്കി.
അയിത്തത്തിനെതിരെ ധർമ്മസമരം നടത്തിയ *ഗുരുദേവനെ* അയ്യൻകാളി ബാലരാമപുരത്തായിരുന്നു ആദ്യം കണ്ടനുഗ്രഹംവാങ്ങിയത്.
അവർ അയിത്തത്തെപ്പറ്റിയും ജാതി വ്യത്യാസത്തെപ്പറ്റിയും ചർച്ച ചെയ്തു.
ഗുരുവിന്റെ നിർദ്ദേശപ്രകാരം
_അയ്യൻകാളി_ തന്റെ പ്രവർത്തനങ്ങൾ കുറെക്കൂടി വിപുലികരിച്ചു.
അപമാനകരങ്ങളായ അനാചാരങ്ങൾ അവസാനിപ്പിക്കാൻ അദ്ദേഹം തന്റെ അനുയായികളെ ഉദ്ബോധിപ്പിച്ചു.
ഇതിനിടയിൽ അദ്ദേഹത്തിന്റെ പ്രശസ്തിയും പേരും
കളഞ്ഞ് കുളിക്കാൻ ഒരു സംഘം ആൾക്കാർ *അയ്യങ്കാളിപ്പട* എന്ന പേരിൽ ഒരു സ്കോഡ് രൂപീകരിച്ച്
വിധ്വംസക പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
1996 ൽ *പാലക്കാട്* കളക്ടർ
ശ്രീ _ഡബ്ളിയു ആർ റെഡ്ഡിയെ_ ബന്ദിയാക്കാൻ തുനിഞ്ഞതും ഇവരായിരുന്നു.
അക്രമസമരവും ഭീഷണിപ്പെടുത്തലും അയ്യൻകാളിയും അന്നുണ്ടായിരുന്ന ഹീനമായ
ആചാരങ്ങൾക്കെതിരെ ഒരായുധമായി പ്രയോഗിച്ചിരുന്നു.
സാമാജ്യത്വ ശക്തികൾ
പിൻവാങ്ങുകയും
ജനായത്തഭരണത്തിന് തുടക്കമാവുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരം മാർഗങ്ങൾ നാടിന് യോജിച്ചതല്ല എന്നും
ഓർമ്മപ്പെടുത്തുന്നു.
ആ സാമൂഹ്യപരിഷ്ക്കർത്താവിന്റെ ഓർമ്മകൾക്ക് മുന്നിൽ നമസ്ക്കാരം
*കെ.ബി. ഷാജി. നെടുമങ്ങാട്.*
Comments
Post a Comment