May_03_1896/ V.K.Krishna Menon

*പഞ്ചശീലാതത്വങ്ങളിലധിഷ്ഠിതമായ,*
*_ഹിന്ദി ചീനി_*
*_ഭായ് ഭായ്_*
*മന്ത്രമുരുവിട്ട് ശീലിച്ചിരുന്ന, പ്രധാനമന്ത്രി  നെഹ്രുവിനേറ്റ* *കടുത്ത ആഘാതമായിരുന്നു,*
*1962 സെപ്റ്റംബറിലെ ചീനപ്പടയിറക്കം.*
*ആർക്കും വേണ്ടാതെ കിടന്നിരുന്ന _നേഫാ_*  *എന്നറിയപ്പെടുന്ന*
*ഭാരതത്തിന്റെ വടക്ക്* *കിഴക്കൻ പ്രവിശ്യയായ* *അരുണാചൽപ്രദേശത്തിന്റെ* *ഏറ്റവും വടക്കേമൂലയിൽ _ചീനപ്പട്ടാളം_ ഒരു സുപ്രഭാതത്തിൽ കടൽപോലെപരന്ന് തമ്പടിച്ച വാർത്ത ഡൽഹിയിലെത്തിയത് വളരെ വൈകിയായിരുന്നു."*

*എംകെകെ നായരുടെ*  ആത്മകഥയായ
*ആരോടും പരിഭവമില്ലാതെ* എന്ന ഗ്രന്ഥത്തിലെ ഒരധ്യായം ആരംഭിക്കുന്നത് മേല്പറഞ്ഞ വരികളിലാണ്.
*പണ്ഡിറ്റ്ജി* പിന്നെ ആഹ്ളാദിച്ചിട്ടില്ലെന്നും
പ്രതിരോധ മന്ത്രി
*കൃഷ്ണമേനോൻ*
രാജി സമർപ്പിച്ച് ക്യാബിനറ്റിൽ നിന്നും പുറത്ത് ചാടിയെന്നും കൂടിയെഴുതി ആ അധ്യായമവസാനിപ്പിക്കുകയാണ് നായർ.   
ഇന്ത്യൻ സൈനികനീക്കത്തിന്റെ  തൽസമയത്തെ മുന്നൊരുക്കത്തിന്റെ പിഴവും ചീനയുടെ അതിർത്തിയിലേക്കുള്ള കുതിച്ചുകയറ്റവും  മുൻകൂട്ടിയറിയാത്ത വിജിലൻസ് സംവിധാനത്തിന്റെ തളർച്ചയും പ്രതിരോധമന്ത്രിയുടെ  ഉത്തരവാദിത്തമില്ലായ്മയും, കഴിവുകെട്ട പട്ടാളമന്ത്രി പുറത്ത് പോകണമെന്നും ശഠിച്ച് ഉപജാപകവൃന്ദങ്ങൾ  പ്രത്യക്ഷമായും പരോക്ഷമായും ശരവർഷമാരംഭിച്ചു.

*വിശ്വപൗരൻ പത്മഭൂഷൺ വേങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ.* നിര്യാതനായിട്ട് നാല്പത്തിയഞ്ച്  സംവത്സരങ്ങൾ
കടന്നുപോയിരിക്കുന്നു.
കാലം മുന്നോട്ട് ചുവട് വയ്ക്കുന്ന കാലടികളുടെ വേഗതകൂടിപ്പോകുന്ന  അവസ്ഥയാണിന്ന്.
നൈമിഷികതയെ അളക്കാനും അസാധ്യം. ചരിത്രപുരുഷന്മാരുടെ തിരോധാനം, ചരിത്രം പഠിക്കുന്നവർപോലും അതിവേഗം വിസ്മൃതിയിലാഴ്ത്തുന്നു.

*കോഴിക്കോട്* നഗരത്തിന്റെ പ്രാജ്ജ്വലപ്രദേശമായ *പന്നിയങ്കരയിൽ* നിന്നും ഒരു സാധാരണ മനുഷ്യൻ ഐക്യരാഷ്ട്രസഭയിൽ, എട്ട്  മണിക്കൂറുകളോളം നീണ്ട   _കാശ്മീരിനെക്കുറിച്ചുള്ള_ ഇന്ത്യൻനിലപാട് വിശദീകരിച്ച് കൊണ്ടുള്ള വിഖ്യാത പ്രസംഗമാണ് ലോകത്തിന് മുന്നിൽ ഇന്ത്യൻ നയതന്ത്രജ്ഞതയ്ക്ക് മാന്യതയുണ്ടാക്കിയത് .
1957 ലാണ് പ്രസിദ്ധമായ ഈ പ്രസംഗം.
നൂറ്റാണ്ടുകൾ ഇന്ത്യയെ അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ, സ്വതന്ത്രേന്ത്യയുടെ ആദ്യത്തെ നയതന്ത്രപ്രതിനിധി,  രാഷ്ട്രശില്പി ജവഹർലാൽ നെഹ്രുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ദീർഘകാലം കേന്ദ്രമന്ത്രി, ഭാരതീയ നയതന്ത്രജ്ഞത ലോകത്തിന് മുന്നിൽ ബഹുമാന്യമാക്കിത്തീർത്ത വിശ്വപൗരൻ, എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് മേനോന് കൂടുതലിണങ്ങുക.
ലോകമെമ്പാടുമുള്ള ഭരണാധികാരികളെപ്പോലും
വിസ്മയഭരിതനാക്കിയ നയതന്ത്രജ്ഞൻ, വിശ്വത്തോളം വളർന്ന കേരളത്തിന്റെ വീരപുത്രൻ
എന്നീ നിലകളിലുളള
വ്യക്തിത്വത്തിന്റെയും ഉടമയായിരുന്നു മേനോൻ.
ദേശീയ ചരിത്രത്തിൽ ഒളിമങ്ങാത്ത ഓർമ്മകൾ അവശേഷിപ്പിച്ച്കൊണ്ട് കടന്ന് പോയ ആ മഹാപുരുഷനെക്കുറിച്ച് അത്ഭുതാദരവോടെ മാത്രമെ
ഓർമ്മിക്കുവാൻ കഴിയൂ.
ലോകരാഷ്ട്രത്തലവന്മാരുടെ വേദിയിലേയ്ക്ക് ഇടറാത്ത കാലടികളോടെ കടന്ന് ചെല്ലാൻ അർഹത നേടിയ,
വിവിധ രംഗങ്ങളിൽ പ്രതിഭാശാലിയായ കൃഷ്ണമേനോൻ,
രാഷ്ട്രതന്ത്രജ്ഞൻ, ഉജ്ജ്വല വാഗ്മി എന്നീ നിലകളിൽ പ്രതിയോഗികളുടെ പോലും ആദരവാർജ്ജിച്ചു.

1896 മേയ് മാസം 3 ന് കോഴിക്കോട്ടെ പന്നിയങ്കരയിലെ വേങ്ങാലിൽ തറവാട്ടിൽ,  *തലശ്ശേരിയിലെ* പ്രമുഖ അഭിഭാഷകനായ _കോമത്ത് കൃഷ്ണക്കുറുപ്പിന്റെയും_ _ലക്ഷ്മിക്കുട്ടിയമ്മയുടെയും_ മകനായി ജനനം. അച്ഛനമ്മമാരുടെ
ബൗദ്ധികപാരമ്പര്യം പകർന്ന്  കിട്ടിയ മേനോന്റെ പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോടും പരിസരങ്ങളിലും തുടർന്ന് *മദ്രാസിലെ* പ്രസിഡൻസി കോളേജിലുമായിരുന്നു.
ഇന്ത്യയുടെ  ദാർശനിക പ്രസിഡണ്ടായ
ഡോ. *സർവ്വേപ്പിള്ളി രാധാകൃഷ്ണൻ* മേനോന്റെ അധ്യാപകനും കരസേനയുടെ ആദ്യത്തെ ജനറൽ
*കെഎം കരിയപ്പാ* സഹപാഠിയുമായിരുന്നു.
മദ്രാസിലെ പഠനകാലത്ത്
*ആനിബസന്റ്* മദാമ്മയുടെ
_ഹോംറൂൾ_ പോലെയുള്ള ദേശീയപ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി.
ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവായ
ഡോ. *അരുൺഡെയിലിന്റെ*  സഹായത്താൽ *ഇംഗ്ലണ്ടിൽ* പഠനത്തിനെത്തിയ മേനോൻ നിയമം പഠിക്കാനും അധ്യാപകനാകാനുമുള്ള ആഗ്രഹം അറിയിച്ചു. പഠനശേഷം അധ്യാപകനായെങ്കിലും  തന്റെയുള്ളിലെ _വിപ്ലവകാരി_ വളർന്നുകൊണ്ടിരിക്കുന്നത് മേനോന്
വളരെ ബോധ്യമായിരുന്നു. സ്വയംപഠനംകൊണ്ടൊന്നും തൃപ്തനാകാതെയാണ്  _ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ_ പ്രൊഫസർ *ഹാരോൾഡ്ലാസ്ക്കിയുടെ* കീഴിൽ മേനോൻ
പഠനമാരംഭിച്ചത്.
ഇന്ത്യൻ ദേശീയവാദിയെന്ന നിലയിൽ ഇംഗ്ലണ്ടിൽ തനിക്ക് പലതും ചെയ്യാനുണ്ട് എന്ന് ബോധ്യപ്പെട്ട മേനോൻ ബുദ്ധിപൂർവ്വമായ പല പരിപാടികളും ആസൂത്രണം ചെയ്തു. ഇന്ത്യൻ
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗം എന്ന നിലയിൽ
*ഇന്ത്യൻ ലീഗ്* എന്ന വേറിട്ടൊരു സ്ഥാപനം ഇംഗ്ലണ്ടിൽ ഉദയംചെയ്യാനിടയായത് മേനോന്റെ പ്രാഗത്ഭ്യം ഒന്നുകൊണ്ടുമാത്രം.
ലാസ്കിയുമായുള്ള പ്രത്യേക അടുപ്പമാണ് ബ്രിട്ടനിലെ ഭരണ പാർട്ടിയായ
*ലേബർപാർട്ടിയുമായി* മേനോന് ഗാഢബന്ധമുണ്ടാക്കിക്കൊടുത്തത്. പതിനൊന്ന്  വർഷങ്ങൾ നീണ്ട മേനോന്റെ കടുംപിടിത്തത്തിന്റെയും മുട്ടാപ്പോക്ക് ചർച്ചകളുടേയും ഫലമായാണ് അധികാരത്തിലിരുന്ന *ലേബർ പാർട്ടി* ഇന്ത്യയിൽ നിന്നൊഴിയാമെന്ന പ്രമേയം ബ്രിട്ടീഷ് പാർലമെന്റിൽ പാസാക്കിയത്.1947 ൽ _ബ്രിട്ടീഷ്മേൽക്കോയ്മ_ ഇന്ത്യയിലവസാനിച്ചു.

അക്കാലം ഇന്ത്യയിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന *കോൺഗ്രസ്സ്* പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങൾ വർദ്ധിച്ചുവരുന്ന സമയമായിരുന്നു. _സോഷ്യലിസ്റ്റ്_ ആദർശങ്ങളിൽ ആകൃഷ്ടനായിരുന്ന നെഹ്രു  സ്വതന്ത്രേന്ത്യയെ സോഷ്യലിസ്റ്റ് പാതയിലൂടെ നയിക്കാൻ സ്വപ്നംകണ്ടിരുന്നു. *പഞ്ചവത്സരപദ്ധതികൾ* ആവിഷ്ക്കരിക്കപ്പെട്ടതും നടപ്പിലാക്കിയതും ഇതിന്റെ വെളിച്ചത്തിലായിരുന്നു.
1947 മുതൽ 1952 വരെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായി  നെഹ്രുവിന്റെ ആഗ്രഹത്താൽ പല രാജ്യങ്ങളിലും മേനോൻ  നിയമിതനായി.
1956 ൽ മദ്രാസിൽ നിന്നും രാജ്യസഭാംഗമായി നെഹ്രു മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി.
1957 62 ൽ ആരോഗ്യ, പ്രതിരോധ വകുപ്പുകളുടെ മന്ത്രിയായി.1957
1962 വർഷങ്ങളിൽ
*വടക്കൻ മുംബൈയിൽ* നിന്നാണ് മേനോൻ ലോകസഭയിലെത്തിയത്.
ഇക്കാലത്താണ് ഈ കുറിപ്പിന്റെ തുടക്കഭാഗത്ത്  കുറിച്ച ചില സംഭവങ്ങളുണ്ടായത്.
1964 ൽ ജവഹർലാൽ
നിര്യാതനായി.
നെഹ്രുവിന്റെ ആത്മമിത്രം, മികച്ച മന്ത്രി എന്ന നിലയിലും അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചില്ല എന്ന പേരുദോഷം ചില ദോഷൈകദൃക്കുകൾ അദ്ദേഹത്തിനു് ചാർത്തി.
1962 ൽപ്പോലും പാർട്ടിക്കകത്ത് ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്ന മേനോൻ _വടക്കൻ_
_മുംബൈയിൽ_
*ആചാര്യ ജെബി കൃപാലിനിയെ* രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്ക് തോല്പിച്ചു.
നെഹ്രുവിന്റെ കാലശേഷം മേനോൻ വിരുദ്ധപക്ഷം സംഘടിതമായി നീങ്ങി.
മേനോൻ കോൺഗ്രസ്സിൽ നിന്നും അകലാൻ തുടങ്ങി.
നെഹ്രു പുലർത്തിയിരുന്ന മൈത്രിയോ സ്ഥാനങ്ങളോ, തന്റേടിയായ മകൾ
*ഇന്ദിര* മനപ്പൂർവ്വം
മേനോന് നിഷേധിച്ചു.
1967 ൽ അദ്ദേഹത്തിന്
വടക്കൻ മുംബൈ സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും  പരാജിതനായി.
1969 ൽ പശ്ചിമ ബംഗാളിലെ *മിഡ്നാപൂരിൽ* നിന്നും പാർലമെന്റംഗമായി.
1971 ൽ മേനോൻ തട്ടകം വീണ്ടും മാറി. പൊതുതിരഞ്ഞെടുപ്പിൽ *തിരുവനന്തപുരത്ത്* സ്വതന്ത്രസ്ഥാനാർത്ഥിയായി
ഇടത് പക്ഷത്തിന്റെ പിന്തുണയോടെ ജയിച്ച്  ലോകസഭയിലെത്തി.
കോൺഗ്രസ്സിലെ _എ ദാസ്_ 
ആണ് മേനോനോട് പരാജയപ്പെട്ടത്.
മേനോൻ ലോകസഭയിൽ അലറുന്ന ഒരു പഞ്ചാസ്യനായിരുന്നു.
1975 ൽ രാജ്യത്ത് ഇന്ദിര, ആഭ്യന്തര അടിയന്തിരാവസ്ഥ ഏർപ്പെടുത്തുന്നതിന് മുമ്പായി വിശ്വപൗരൻ  ഇഹലോകവാസം വെടിഞ്ഞത് ഇന്ദിരയ്ക്ക് അനുഗ്രഹമായെന്ന്
ജീവചരിത്രഗ്രന്ഥത്തിൽ കാണുന്നുണ്ട്.

1974 മാർച്ചിൽ, മേനോന് ലണ്ടനിലായിരിക്കുമ്പോൾ ഹൃദ്രോഗബാധയുണ്ടായി.
പ്രാഥമിക ചികിത്സയ്ക്ക്
ന്യൂഡൽഹിയിൽ തിരിച്ചെത്തി.
*ജിബി പന്ത്* ആശുപത്രിയിൽ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലിരിക്കെ
ഒക്ടോബർ 6 ന് അദ്ദേഹം
നിര്യാതനായി.
1932 മുതൽ പലവട്ടം
മരണത്തോടടുക്കുന്ന വിധത്തിൽ അദ്ദേഹം രോഗബാധിതനായിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ
യുഎൻ പ്രസംഗത്തിനിടയിൽ   മേനോൻ പലവട്ടം കുഴഞ്ഞ് പോയിട്ടുണ്ട്. .
പക്ഷേ തളർത്താവുന്നതിലും
തീക്ഷ്ണമായ ഇച്ഛാശക്തിയായിരുന്നു
മേനോനെ നയിച്ചിരുന്നത്.

*ഒരഗ്നിപർവ്വതമെരിഞ്ഞടങ്ങി*
മേനോന്റെ നിര്യാണത്തിൽ ഇന്ദിരയുടെ പ്രതികരണമിതായിരുന്നു.
അവിവാഹിതനായ മേനോൻ
പത്രപ്രവർത്തകൻ എന്ന നിലയിലും വിഖ്യാതിയാർജ്ജിച്ചിരുന്നു.
ബ്രിട്ടനിലെ *പെൻഗ്വിൻ*
പ്രസാധകക്കമ്പനിയുടെ സ്ഥാപകരിലൊരാളായിരുന്നു.
ഭാരതത്തിന്റെ ഐക്യത്തിനും പ്രശസ്തിക്കും വേണ്ടി മേനോനനുഷ്ഠിച്ച യാതന ദേശാഭിമാനികളുടെ മനസ്സിൽ നിന്നും മാഞ്ഞ് പോകില്ല.
കാശ്മീർ പ്രശ്നം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിൽ ചെയ്ത പ്രസംഗം, *ചിക്കാഗോയിലെ*
ലോകമതപാർലമെന്റിൽ *സ്വാമി വിവേകാനന്ദൻ*
ചെയ്ത പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
*വിപി സിംഗ്* മന്ത്രിസഭയിൽ അംഗമായിരുന്നതും കോൺഗ്രസ്സ് കക്ഷിയിലംഗവുമായ
ശ്രീ "കെ.പി ഉണ്ണിക്കൃഷ്ണൻ"
മേനോന്റെ ബന്ധുവാണ്.
*മാതൃഭൂമി* ബുക്സ് വിക്കെയുടെ ബൃഹത്തായ ജീവചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2008 ഏപ്രിലിൽ
ദക്ഷിണാഫ്രിക്ക എന്ന
രാഷ്ട്രം അവരുടെ
പരമോന്നത സിവിലിയൻ
ബഹുമതിയായ
*ഓർഡർ ഓഫ് ദ* *കമ്പാനിയൻ* *സ് ഓഫ് ഓ ആർ ടാമ്പോ* സമ്മാനിക്കു കയുണ്ടായി.
ഭാരതത്തിന്റെ ഐക്യത്തിനും പ്രശസ്തിക്കും വേണ്ടി മേനോനനുഷ്ഠിച്ച യാതന ദേശാഭിമാനികളുടെ മനസ്സിൽ നിന്നും മാഞ്ഞുപോകില്ല.
ഭാരത സർക്കാർ
മേനോന്റെ സ്മരണയ്ക്കായി
പോസ്റ്റൽ സ്റ്റാമ്പ് ഇറക്കിയിട്ടുണ്ട്.

ഇന്ന് നാം വാഴ്ത്തപ്പെടുന്ന സ്വച്ഛന്ദമായ സ്വാതന്ത്ര്യം, അനേകം മനുഷ്യാത്മാവുകളുടെ നിസ്വാർത്ഥമായ പ്രാർത്ഥനകളുടെയും ഘോരമായ പോരാട്ടങ്ങളുടേയും  ഫലമായാണെങ്കിലും     
അമിതമായ സ്വാതന്ത്ര്യത്തിന്റെ ഇഷ്ടപ്രാപ്തിയിൽ
ആർത്തലറുന്ന പ്രകൃതത്തിനും സംസ്ക്കാരത്തിനും മാനവവംശം
കീഴ്പ്പെടരുത്, 

*"അടിമകിടത്തിയ ഭാരതപൗരനുണരാൻ"* 

*കെ.ബി. ഷാജി. നെടുമങ്ങാട്*
9947025309

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള