May_02_1519/ ലിയനാർഡോ ഡാവിൻ ചി

*"എന്നോട് കൂടി ഭക്ഷണം* *കഴിക്കുന്നവരിൽ ഒരുവൻ*
*എന്നെ ഒറ്റിക്കൊടുക്കും"*

പ്രശസ്തമായ ഒരു ബൈബിൾ
വചനം.

*ലാഗിയോകോൺഡാ*
ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രം.
എന്നാൽ ഈ പേര് പറഞ്ഞാൽ എല്ലാവരും അറിയണമെന്നില്ല.
മറ്റൊരു പേര് പറഞ്ഞാൽ എല്ലാവരും അറിയുകയും ചെയ്യും.
*മോണോലിസ,*
ഇറ്റാലിയൻ ചിത്രകാരനായ
*ലിയനാർഡോ ഡാ വിൻചിയുടെ* വിഖ്യാതമായ
പെയിന്റിങ്.
മോണോലിസയുടെ പുഞ്ചിരിയുടെ അർത്ഥമെന്താണെന്ന ചോദ്യത്തിന്
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
അതുപോലെതന്നെ
വിശ്വകീർത്തിയുണ്ട്
ഡാ വിൻചിയുടെ
മറ്റൊരു രചനയ്ക്കും.
*അവസാനത്തെ അത്താഴം.*
യേശുക്രിസ്തുവിന്റെ തിരുവത്താഴം ചിത്രീകരിച്ച *ലാസ്റ്റ് സപ്പറിന്റെയും* മോണോലിസയുടെയും പതിപ്പുകൾ ലോകമെങ്ങുമുള്ള ചുമരുകൾ അലങ്കരിക്കുന്നു.
അങ്ങനെ മരണത്തിന്
അഞ്ച് നൂറ്റാണ്ട് ശേഷവും
ഡാ വിൻചി നിത്യവും ഓർമ്മിക്കപ്പെടുന്നു.--- വരയുടെ
പെരുമാളായി.

ഇറ്റലിയിലെ ഫ്ലോറൻസിടുത്തുള്ള വിൻചി ഗ്രാമത്തിലെ ടസ്ക്കനിൽ
1452 ഏപ്രിൽ15 ന്
ലിയനാർഡോ ജനിച്ചു.
ധനികനായ ഒരു നോട്ടറിയായിരുന്നു പിതാവ് _പിയെറോ ഡാ വിൻചി._
അദ്ദേഹത്തിന് ഗ്രാമീണയായ ഒരു കർഷക കന്യകയായ കാറ്ററിയനിയിലുണ്ടായ മകനാണ് ലിയനാർഡോ.
പിതാവ് നാല് വിവാഹം
ചെയ്തിരുന്നെങ്കിലും
1476 ൽ മാത്രമാണ്
അവരിലൊരാൾക്ക്
ആദ്യ സന്താനമുണ്ടായത്.
കാറ്ററിനയെ പിയെറോ വിവാഹം കഴിച്ചിരുന്നില്ല.
കുലമഹിമയ്ക്കു അവർ ഇണങ്ങാത്തതായിരുന്നു കാരണം.
പിയെറോയിൽ നിന്ന്
ഗർഭം ധരിച്ച യുവതി പ്രസവിച്ച
കുട്ടിയെ ഡാ വിൻചി
കുടുംബം ഏറ്റെടുത്ത് വളർത്തി. പിതൃഗൃഹത്തിൽ
പിതൃപത്നിമാരുടെ
സംരക്ഷണത്തിൽ ലിയനാർഡോ വളർന്നു.
സമ്പത്തിന് നടുവിലാണ് ലിയനാർഡോ വളർന്ന് വലുതായത്.
മികച്ച വിദ്യാഭ്യാസം ലഭിച്ച് കലയ്ക്കും സംഗീതത്തിനുമിടയിൽ വളർന്ന ലിയനാർഡോ ചിത്രകലയോടാണ് ആഭിമുഖ്യം കാണിച്ചത്.
സംഗീതമായിരുന്നു മറ്റൊരു പ്രിയം. മകന്റെ
ചിത്രകലാതാല്പര്യം കണ്ട പിതാവ് അവനെ ഫ്ലോറൻസിലെ അക്കാലത്തെ ഏറ്റവും പ്രശസ്ത ചിത്രകാരനും ശില്പിയുമായ
*ആന്ദ്രിയ ഡെൽ വെറോച്ചിയോയുടെ* ശിഷ്യനാക്കി.
1466 ന് അടുത്തായിരുന്നു ഇത്.
വെറോച്ചിയോയുടെ
ശിഷ്യനും സഹായിയുമായി
ലിയനാർഡോ
ചിത്രശില്പകലകളിലെ
തന്ത്രങ്ങൾ പഠിച്ചു.
അൾത്താരാചിത്രങ്ങളും
പാനൽ ചിത്രങ്ങളും വരയ്ക്കലും
മാർബിളിലും വെങ്കലത്തിലും
ശില്പങ്ങളുണ്ടാക്കലും
ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലുമാണ്
ലിയനാർഡോ പരിശീലനം നേടിയത്.
1472 ൽ ഫ്ലോറൻസിലെ പ്രശസ്ത കലാകാരന്മാരുടെ വേദിയായ
*പെയിന്റേഴ്സ് ഗിൽഡിൽ* പ്രവേശനം കിട്ടിയെങ്കിലും വെറോച്ചിയോയുടെ സഹായിയായിത്തന്നെ ലിയനാർഡോ തുടർന്നു.

പള്ളിയിലോ പൊതുസ്ഥാപനങ്ങളിലോ
പ്രഭുഭവനങ്ങളിലോ ഒരു രചനയ്ക്കുള്ള കരാർ ലഭിക്കുകയായിരുന്നു അക്കാലത്ത് ഒരു ചിത്രകാരനോ ശില്പിക്കോ കിട്ടുന്ന അംഗീകാരത്തിന്റെ അടയാളം.
ഫ്ലോറൻസ് ടൗൺഹാളിലെ
_പലാസോ വെച്ചിയോ_
ചാപ്പലിൽ
ഒരു അൾത്താരാ ചിത്രം
വരയ്ക്കാൻ ലിയനാർഡോയ്ക്ക് കരാർ ലഭിച്ചു. പക്ഷേ അതൊരിക്കലും നടപ്പിലായില്ല.
ഇക്കാലത്ത് പല ചിത്രങ്ങളും
ഡാ വിൻചി പാതിവഴിയിൽ ഉപേക്ഷിച്ചു.
ജോലിതീർക്കാതെ ഉപേക്ഷിച്ച് പോകുന്നയാൾ എന്ന ചീത്തപ്പേര് പതിയുകയും ചെയ്തു.
1478 ൽ സ്വന്തം സ്‌റ്റുഡിയോ
തുടങ്ങി. ചിത്രകലയിൽ മാത്രം
ഒതുങ്ങിനിന്നതായിരുന്നില്ല
ഡാ വിൻചിയുടെ പ്രതിഭ. സംഗീതം, ശരീരശാസ്ത്രം, എൻജിനീയറിങ്,
ആയുധരൂപകല്പന,
യന്ത്രരൂപകല്പന, ഗണിതം, വാസ്തുവിദ്യ, തുടങ്ങിയ  ഭിന്നരംഗങ്ങളിലേക്ക് അത് വ്യാപിച്ചു.
1480 ൽ മിലാനിലെ
ഡ്യൂക്കിന് കീഴിൽ
ഡാ വിൻചി ജോലി നേടി.
ആയുധങ്ങൾ, മടക്കിയെടുക്കാവുന്ന പാലങ്ങൾ, കപ്പലുകൾ തുടങ്ങിയവ നിർമ്മിക്കാൻ
നേതൃത്വം നൽകിയ
ഡാ വിൻചിയായിരുന്നു
ഡ്യൂക്കിന്റെ
സൈനികോപകരണങ്ങൾ മിക്കവയുടെയും മുഖ്യ എൻജിനീയർ.
അവിടെ രാജകീയ
കലാകാരനും വാസ്തുവിദ്യാവിചക്ഷണനും
എൻജിനിയറുമായി നിയമിക്കപ്പെട്ടു.
ഇക്കാലത്തുതന്നെ ഗണിതശാസ്ത്രജ്ഞനായ
*ലൂക്കാ പസിയോലിയുടെ*
സഹായിയായും പ്രവർത്തിച്ചു. മിലാനിൽ നിരവധി വിദ്യാർത്ഥികളെ അദ്ദേഹം ചിത്രകല പഠിപ്പിക്കുകയും ചെയ്തിരുന്നു.
ലിയനാർഡോയുടെ
നോട്ട്ബുക്കുകളിൽ നിന്നാണ്
ഈ നാനാമുഖ പ്രതിഭയുടെ
സമഗ്ര ചിത്രം ലഭിക്കുന്നത്.
ഇപ്പോൾ അവ പലഭാഗമായി
സൂക്ഷിക്കപ്പെടുന്നത്
_മിലാൻ, ടുറിൻ, പാരീസ്,_
_ലണ്ടൻ, വിൻറസർ, മാഡ്രിഡ്_
എന്നീ സ്ഥലങ്ങളിലെ
ഗ്രന്ഥശാലകളിലാണ്.
അനേകായിരം പേജുകൾ നിറയെ കുറിപ്പുകളും,
ചിത്രങ്ങളും, രേഖാരൂപങ്ങളും
ലിഖിതങ്ങളുമുണ്ട്.
ലിഖിതങ്ങൾ വലത്ത്നിന്ന്
ഇടത്തോട്ട് വായിക്കത്തക്കവണ്ണമാണ്
എഴുതിയിരിക്കുന്നത്.
ഇദ്ദേഹം ഇടത് കയ്യനായിരുന്നു.
കണ്ണാടിയിൽ പ്രതിഫലിപ്പിച്ചാൽ
ഇത് സാധാരണ രീതിയിൽ
വായിക്കാം.

മിലാനിൽ വെച്ചാണ്
ഡാ വിൻചി തന്റെ
ആദ്യകാല ചിത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ
*ദ വിർജിൻ ഓഫ് ദ റോക്സ്* വരച്ചത്.
ഈ ചിത്രത്തിന്റെ
രണ്ട് പാഠഭേദങ്ങൾ ഇന്ന് നിലവിലുണ്ട്.
പാരീസിലെ ലൂവ്ര് മ്യൂസിയത്തിലുള്ളതും
(1483-85 കാലത്ത് വരച്ചത്)
*ലണ്ടനിലെ* _നാഷണൽ_ ഗ്യാലറിയിലുള്ളതും.
(1490-1508
കാലത്തിനിടയ്ക്ക് വരച്ചത്)
1495 ൽ ഡാ വിൻചി തന്റെ മാസ്റ്റർപീസ് വരയ്ക്കാൻ ആരംഭിച്ചു.
_അവസാനത്തെ അത്താഴം_ 1498 ൽ ചിത്രം പൂർത്തിയായി.

മിലാനിലെ സാന്താ മരിയ
ഡെല്ലെ ഗ്രാസി സന്യാസി മഠത്തിലെ ഭക്ഷണമുറിയിലാണ് ഈ ചുവർച്ചിത്രം ഡാ വിൻചി വരച്ചത്.
യേശുക്രിസ്തു ശിഷ്യന്മാരോടൊത്ത് നടത്തിയ അവസാനത്തെ അത്താഴമാണ് പ്രമേയം. നിങ്ങളിൽ ഒരുവൻ എന്നെ  ഒറ്റിക്കൊടുക്കും എന്ന് യേശു പറയുന്ന സന്ദർഭമാണ് അദ്ദേഹം ചുമരിലേക്കാവാഹിച്ചത്.
പശ്ചാത്യ ചിത്രകലയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായാണ് അവസാനത്തെ അത്താഴം വിലയിരുത്തപ്പെടുന്നത്.
ക്രിസ്തുവിന്റെയും പന്ത്രണ്ട്
ശിഷ്യന്മാരുടെയും ഭാവങ്ങളിലുള്ള സുവ്യക്തമായ
വൈശദ്യവും വ്യത്യാസവും
ലാസ്റ്റ്‌ സപ്പറിനെ അനശ്വര കലാസൃഷ്ടിയാക്കി.
എന്നാൽ സാങ്കേതികമായ അശ്രദ്ധ ചിത്രത്തെ പ്രതികൂലമായി ബാധിച്ചു.
ഉണങ്ങിയ ചുമരിൽ എണ്ണച്ചായം ഉപയോഗിച്ച്
ഡാ വിൻചി നടത്തിയ പരീക്ഷണം വിജയം കണ്ടില്ല.
പൂർത്തിയായി രണ്ട് വർഷം കഴിഞ്ഞതോടെ
ചിത്രം മങ്ങാൻ തുടങ്ങി.
രണ്ട് അടർ എണ്ണച്ചായവും
അതിന് മേൽ ടെമ്പറ
വർണ്ണങ്ങളുമാണ്
ഡാ വിൻചി
ഉപയോഗിച്ചത്.
അത് കൊണ്ട് തന്നെ
ചിത്രത്തിന്
കാലാവസ്ഥാവ്യതിയാനങ്ങൾ
ചെറുത്തുനില്ക്കാനുമായില്ല.
ഇരുപത് വർഷം കഴിഞ്ഞതോടെ ചിത്രത്തിൽ വിള്ളലുകൾ വീണ്
തുടങ്ങി. ചുമർ, ജലാംശം വലിച്ചെടുത്തതായിരുന്നു കാരണം.
ചിത്രം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ1726 മുതൽ തുടങ്ങിയെങ്കിലും
ഒരു പരിധിവരെ വിജയിക്കാനായത്
1977 ൽ മാത്രമാണ്.
തുടർന്നും സംരക്ഷണ ശ്രമങ്ങൾ നടന്നു.
ഡാ വിൻചി വരച്ചതിന്റെ
തീരെ മങ്ങിയ രൂപമാണ്
ഇന്ന് നിലവിലുള്ളത്.

ഫ്രഞ്ചുകാർ1499 ൽ
മിലാൻ കീഴടക്കിയതോടെ
ഡാ വിൻചി ഫ്ലോറൻസിലേക്ക്
മടങ്ങി.
ഈ കാലഘട്ടത്തിലാണ്
(1503-06)
വിഖ്യാതമായ മോണോലിസയുടെ രചന.
പാരീസിലെ ലൂവ്ര് മ്യൂസിയത്തിലാണ്
ഈ വിശിഷ്ട ഛായാപടം
സൂക്ഷിച്ചിരിക്കുന്നത്.
77×53 സെമീ വലിപ്പമുള്ള ഈ എണ്ണച്ചായ ചിത്രം
പുഞ്ചിരിക്കുന്ന
ഒരു ഇറ്റാലിയൻ വനിതയുടേതാണ്.
*മാർക്വി ഡെൽ ഗിയോകോൺഡോ*
എന്ന ഫ്ലോറൻസ് കാരൻ
പ്രഭുവിന്റെ ഭാര്യയാണ്
മോണോലിസയ്ക്ക്
മാതൃകയായത്.
ലാ ഗിയോകോൺഡാ
എന്ന പേരിൽ
ചിത്രം ഇറ്റലിയിൽ
അറിയപ്പെടാൻ കാരണവും
അതുതന്നെ.
ഡാ വിൻചിക്ക് ഏറെ
പ്രിയങ്കരമായിരുന്നു
മോണോലിസ.
പർവ്വതങ്ങൾ നിറഞ്ഞ
ഭൂഭാഗദൃശ്യത്തിന്റെ
പശ്ചാത്തലത്തിൽ
വ്യംഗ്യമായ സ്മിതത്തോടെയിരിക്കുന്ന
മോണോലിസയെക്കുറിച്ച്
ആയിരക്കണക്കിന്
പേജുകൾ എഴുതപ്പെട്ടിട്ടുണ്ട്.
ലക്ഷക്കണക്കിന് തവണ
മോണോലിസയുടെ
പതിപ്പുകളുണ്ടായിട്ടുണ്ട്.
കലാചരിത്രത്തിലും
സാഹിത്യത്തിലും
തത്വചിന്തയിലും
പരസ്യങ്ങളിലും ഇന്നും
മോണോലിസ പ്രത്യക്ഷപ്പെടുന്നു.
1911 ഓഗസ്റ്റ് 21 ന്
പാരീസിൽ നിന്ന്
മോണോലിസ മോഷ്ടിക്കപ്പെട്ടു.
_വിസെൻസോ പെറുജിയ_
എന്ന ഇറ്റലിക്കാരനായിരുന്നു
മോഷ്ടാവ്.
1912 ൽഫ്ലോറൻസിൽ നിന്ന് കേടുകൂടാതെ ചിത്രം കണ്ടുകിട്ടി.
*കോട്ടയം പുഷ്‌പനാഥിന്റെ*
പ്രശസ്തവും ബൃഹത്തുമായ
ഒരു ഡിറ്റക്ടീവ് നോവലുണ്ട്.
*ഫറവോന്റെ മരണമുറി.*
വളരെയധികം
ആവേശത്തോടെ ബാല്യകാലത്ത്
വായിച്ച ആ പുസ്തകത്തിൽ
ഡിറ്റക്ടീവ് ഡോക്ടർ
മാർക്സിൻ
ഈജിപ്തിലെ ഒരു
ആൾപാർപ്പില്ലാത്ത
ഒരു കൂറ്റൻ വീട്ടിനുള്ളിലെ
മുറിയിൽ
ഈ ചിത്രത്തെ നോക്കി
അന്ധാളിച്ച് നില്ക്കുന്നൊരു
രംഗം വായിച്ചത്
ഇന്നും ഓർമ്മയിലുണ്ട്.

മനുഷ്യശരീരഘടനയെക്കുറിച്ച്
വിശദമായി പഠിച്ച്
നിരവധി ശരീരശാസ്ത്ര ചിത്രങ്ങളും ഡാ വിൻചി
വരച്ചു.
ശവശരീരങ്ങൾ പരിശോധിച്ച്
പഠിച്ചാണ് അദ്ദേഹം ഈ ചിത്രങ്ങൾ തയ്യാറാക്കിയത്.
കടലാസിൽ പേനയും
മഷിയുപയോഗിച്ച്
വരച്ച ഈ ചിത്രങ്ങൾ
അക്കാലത്തെ ഉയർന്ന
ശാസ്ത്രീയജ്ഞാനത്തിന്
നിദർശകമാണ്.
ശാസ്ത്രപഠനത്തിന്റെ
പുരോഗതിക്കും അവ
സഹായകമായി.
1492 ലെ *വിട്രൂവിയൻ മാൻ* ആണ് ഡാ വിൻചിയുടെ അനാട്ടമി
ചിത്രങ്ങളിൽ
ഏറ്റവും പ്രസിദ്ധം.

ഫ്രഞ്ച് ഗവർണറുടെ ക്ഷണപ്രകാരം
1506 ൽ ഡാ വിൻചി വീണ്ടും
മിലാനിലെത്തി.
അടുത്ത വർഷം
മിലാനിൽ
താമസിക്കുകയായിരുന്ന
ഫ്രഞ്ച് രാജാവ് ലൂയി പന്ത്രണ്ടാമൻ ഡാ വിൻചിയെ
കൊട്ടാരം ചിത്രകാരനായി
പ്രഖ്യാപിച്ചു.
1514 മുതൽ 1516 വരെ
റോമിൽ *പോപ്പ് ലിയോ പത്താമന്റെ*
സംരക്ഷണത്തിലും
ഡാ വിൻചി താമസിച്ചു.
ഈ കാലയളവുകളിലെല്ലാം
ശാസ്ത്രീയ പരീക്ഷണങ്ങളും
എൻജിനിയറിംഗ് പദ്ധതികളും,
പൂർണവും അപൂർണവുമായ
ചിത്രശില്പനിർമ്മാണങ്ങളും
അദ്ദേഹം തുടർന്നു.
1519 മെയ് 2 ന് ആ
വരിഷ്ഠ ചിത്രകാരൻ
അന്തരിച്ചു.

ഡാ വിൻചി ചിത്രകലയെപ്പറ്റി എഴുതിവച്ചവയെ ചേർത്ത് ഒരമൂല്യ സൈദ്ധാന്തിക ഗ്രന്ഥമായാണ്
കണക്കാക്കുന്നത്.
അഞ്ചിന്ദ്രിയങ്ങളിലും വച്ച്
കണ്ണാണ് മനുഷ്യന്
പ്രപഞ്ചരൂപബോധമുണ്ടാക്കുന്നതിൽ
സഹായകമാവുന്നതെന്നതിനാൽ നേത്രമാത്രവേദ്യമായ ചിത്രകലയെ പ്രപഞ്ചവിജ്ഞാനം
നല്കുന്ന ശാസ്ത്രം പോലെ തന്നെ പ്രധാനമായി
കണക്കാക്കണമെന്ന് അദ്ദേഹം വാദിച്ചു.
ചിത്രകലയെ ശാസ്ത്രത്തോട്
മാത്രമല്ല ദർശനം, കവിത,
സംഗീതം, ശില്പവിദ്യ മുതലായവയോടും
താരതമ്യപ്പെടുത്തി
അപഗ്രഥിച്ചിട്ടുണ്ട്.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള