Dec_12_1997/ എം.ജി.സോമൻ

*നേരാ തിരുമേനി*

*ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല.*

*മരം വെട്ടുകാരനായിരുന്നു എന്റെ അപ്പൻ*
*കണ്മുന്നിൽവച്ചെന്റെ അമ്മച്ചിയെ കയറിപ്പിടിച്ച *റേഞ്ചർ സായിപ്പിനെ ഒറ്റ*
*വെട്ടിന് രണ്ടു* *തുണ്ടമാക്കിയിട്ടെന്റെയപ്പൻ ജയിലിൽ കയറുമ്പോൾ* *എനിക്കന്ന് ഒമ്പതു വയസ്സ്*.

*അന്യൻ വിയർക്കുന്ന കാശു കൊണ്ട് അപ്പവും തിന്ന്* *വീഞ്ഞും കുടിച്ച് കോണ്ടാസയിലും*
*ബെൻസേലും കേറി നടക്കുന്നവരുടെ പളുപളുത്ത* *കുപ്പായത്തോട് അന്നു തീർന്നതാ തിരുമേനി* *ബഹുമാനം*
*ഇറവറെൻസ്*

മദ്യവ്യാപാരം കുത്തകയാക്കിയിരുന്ന റേഞ്ചുകൾ വിട്ടുകൊടുക്കാൻ മെത്രാനച്ചന്റെ നേതൃത്വത്തിൽ കടയാടി കുന്നേൽ കുടുംബാംഗങ്ങളുടെ യോഗത്തിലാണ് _ഈപ്പച്ചന്റെ_ പോർവിളി.

_രൺജിപണിക്കരുടെ_ തിരക്കഥയിൽ _ജോഷി_ സംവിധാനം ചെയ്ത *ലേലം* എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ വിശേഷങ്ങളാണ് മുകളിൽ പറഞ്ഞത്.
കുട്ടനാട്ടുകാരനാണെങ്കിലും
രൺജിപണിക്കരുടെ ആംഗലേയ ഭാഷയിലുള്ള അപാരമായ ജ്ഞാനം, നമ്മൾ നാളിതുവരെ പരിചയപ്പെട്ടിട്ടില്ലാത്ത ഇംഗ്ലീഷ് പദങ്ങൾ അത്തരം ചിത്രങ്ങളിൽ നിന്നു മനസിലാകും.
മദ്യരാജാവായ
_ആനക്കാട്ടിൽ ഈപ്പച്ചൻ_ എന്ന കഥാപാത്രത്തിന് കാട്ടുതീയുടെ  ആളലായിരുന്നു.. _ഈപ്പച്ചനെ_ സിനിമയിൽ ആർത്ത് പുകഴ്ത്തക്കവണ്ണം ചിത്തമോദാൽ അത്യുജ്ജ്വലമാക്കിയ
 *എംജി സോമൻ*
1997 ഡിസംബർ 12 ന് തന്റെ സിനിമാഭിനയത്തിന്റെ
രജതജൂബിലി ആഘോഷങ്ങളിൽ  പങ്കെടുക്കാൻ കാത്തു നില്ക്കാതെ *എറണാകുളത്ത്* സ്വകാര്യ ആശുപത്രിയിൽ മഞ്ഞപ്പിത്തരോഗംമൂലം നിര്യാതനായത്
ചലച്ചിത്രലോകത്തിന് തീരാനഷ്ടമായി.

_സെവൻ ആർട്ട്സ്_ 1997 ൽ _ലേലം_ എന്ന ചിത്രത്തിന്റെ നിർമ്മാണം തുടങ്ങുന്നതിന് മുന്നെ _സോമൻ_ എന്ന നടൻ തിരക്കഥാകൃത്ത് രൺഞിപണിക്കരോട്
ഇതിലെങ്കിലും എനിക്കൊരു നല്ല വേഷം തരണമെന്ന് ആവശ്യപ്പെട്ടിരുന്നത്രേ.
പ്രത്യേക സംസാരശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത സ്വഭാവനടൻ, കലങ്ങിച്ചുവന്ന കണ്ണുകളും രൗദ്രത താണ്ഡവമാടുന്ന മുഖവുമായി വെള്ളിത്തിരയിലേക്ക് പ്രത്യക്ഷപ്പെട്ട കറകളഞ്ഞ വില്ലൻ. മലയാള സിനിമയിലെ _ക്ഷുഭിതയൗവനം_ എന്ന് വിശേഷണത്തിന് തികച്ചും അർഹനാണ്
എം.ജി സോമൻ.
മുൻകാല നടന്മാർക്ക് പലർക്കും തിരക്കൊഴിഞ്ഞപ്പോഴും ഭേദപ്പെട്ട കഥാപാത്രങ്ങൾ സോമന് ലഭിച്ചു കൊണ്ടേയിരുന്നു.

1973 ൽ
*മലയാറ്റൂർ രാമകൃഷ്ണന്റെ* കഥയെ
 അടിസ്ഥാനമാക്കി
*പിഎൻ മേനോൻ* സംവിധാനം ചെയ്ത ദേശീയ ശ്രദ്ധയാകർഷിച്ച *ഗായത്രി* ചിത്രത്തിലൂടെയാണ് സോമൻ സിനിമാഭിനയ രംഗത്തെത്തുന്നത്.
*കൊട്ടാരക്കരയും* രാഘവനും, ജയഭാരതിയുമൊക്കെ വേഷമിട്ട ചിത്രത്തിൽ _രാജാമണി_ എന്ന നിഷേധിയും റിബലും അധപതനവാദിയുമായ കഥാപാത്രം അതുവരെയുണ്ടായിരുന്ന നായകസങ്കല്പം മാറ്റി മറിയ്ക്കുന്ന ഒന്നായിരുന്നു.

*പത്തനംതിട്ട* ജില്ലയിലെ _തിരുവല്ലയ്ക്ക്_ സമീപമുള്ള *തിരുമൂലപുരം.* അവിടെയുള്ള പ്രസിദ്ധമായ ഒരു നായർ തറവാടായ മണ്ണടിപ്പറമ്പിൽ വീട്ടിൽ _ഗോവിന്ദപ്പണിക്കരുടെയും_ _ഭവാനിയമ്മയുടെയും_ മകനാണ്
*സോമശേഖരൻനായർ* എന്ന എം.ജി.സോമൻ. സമീപത്തുള്ള സ്കൂളിൽ ഏഴാംതരത്തിൽ പഠിക്കുമ്പോൾത്തന്നെ നാടകാഭിനയത്തിൽ ശ്രദ്ധിച്ചിരുന്ന സോമൻ *മൺതരികൾ ഗർജ്ജിക്കുന്നു* എന്ന നാടകത്തിൽ അഭിനയിച്ചിരുന്നത് സുഹൃത്തുക്കളുടെ സ്മൃതിയിലിന്നുമുണ്ട്. _ചങ്ങനാശേരിയിലെ_ പേരുകേട്ട
*സെന്റ് ബർക്ക്മെൻസ്* കോളേജിലാണ്
പ്രീയൂണിവേഴ്സിറ്റി പഠനം മുഴുമിച്ചത്. തുടർന്ന് വായുസേനയിൽ ചേർന്നു


മലയാള ചലച്ചിത്രലോകത്ത് പ്രസിദ്ധങ്ങളായ സാഹിത്യകൃതികൾ അഭ്രകാവ്യമായി പരിലസിച്ചു കൊണ്ടിരുന്ന കാലം.
*ഉറൂബിന്റെ* _അണിയറ_, *തകഴിയുടെ*_ചുക്ക്,_ *വൈക്കം *ചന്ദ്രശേഖരൻ നായരുടെ* _മാധവിക്കുട്ടി_,
*വെട്ടൂർ രാമൻനായരുടെ* _ജീവിക്കാൻ മറന്ന് പോയ സ്ത്രീ_ എന്നീ നോവലുകൾ പ്രസിദ്ധ ബാനറുകളായ *മഞ്ഞിലാസ്, സുപ്രിയ* ചലച്ചിത്രമാക്കിയപ്പോൾ അപ്രധാനമല്ലെങ്കിലും നെഗറ്റീവ് റോളുകളുൾപ്പെടെയുള്ള കഥാപാത്രങ്ങൾ സോമനെത്തേടിയെത്തിയിരുന്നു. ആവേശഭരിതതയോടെ _സോമൻ_ ആനന്ദമുൾക്കൊണ്ടഭിനയിച്ചു.

1970 ൽ വ്യോമസേനയിലെ സേവനത്തിൽ നിന്നും വിട്ടു വന്ന സോമൻ തിരുവല്ലയിലും കായംകുളത്തും നാടകാഭിനയത്തിൽ സജീവമായി. *കൊട്ടാരക്കര ശ്രീധരൻനായരുടെ* കേരള ആർട്സ് ക്ലബ്ബിന്റെ നാടകങ്ങളിലും
*കെ.പി.എ.സി* യിലും അഭിനയിക്കുമ്പോഴാണ് കൊട്ടാരക്കര മുഖേന ഗായത്രി സിനിമയിൽ വിചിത്രമായെത്തുന്നത്‌.

*ഏതോ ഒരു പൊൻകിനാവായ് നീ മറഞ്ഞല്ലോ*
*എന്റെ പൈങ്കിളിപ്പെണ്ണേ?*

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ക്രാഫ്റ്റ്മാനായ *ഐവി.ശശിയുടെ* ആദ്യ ചിത്രമായ *ഉത്സവം* ത്തിൽ തുടങ്ങിയ സൗഹൃദം *പത്മരാജന്റെ* ഭാവനയിൽ
 ആരൂഢമോദം പിറന്ന കുട്ടനാടൻ പശ്ചാത്തലത്തിൽ  രചിക്കപ്പെട്ട ഒടുങ്ങാത്ത പ്രതികാരദാഹത്തിന്റെ  തീക്കനലായ
*ഇതാ ഇവിടെ വരെയിലെ *വിശ്വനാഥനിൽ* ചെന്നെത്തുമ്പോൾ
എംജി സോമൻ
മലയാള
ചലച്ചിത്രലോകത്തിലെ സന്മയനായ നടനായി മാറി.

*ഇനിയെന്റെ ഓമലിനായൊരു ഗീതം*
*ഹൃദയങ്ങൾ പാടും സംഗീതം*

*പമ്മൻ* എന്ന നോവലിസ്റ്റിന്റെ 
ആംഗ്ലോഇന്ത്യൻസിന്റെ കഥ പറഞ്ഞ _ചട്ടക്കാരി._ _മലയാറ്റൂരിന്റെ_ അട്ടപ്പാടി മൊട്ടക്കുന്നുകളും ഊരാള ഗോത്രവർഗ്ഗത്തിന്റെ സംസ്ക്കാരവും പശ്ചാത്തലമാക്കിയ _പൊന്നി_
_പത്മരാജന്റെ_ തന്നെ _നക്ഷത്രങ്ങളെ കാവൽ_
*കാനത്തിന്റെ*_അവൾ വിശ്വസ്തയായിരുന്നു,_
_ഏദൻതോട്ടം_ മുതലായ നോവലുകളും ചലച്ചിത്രമാകുന്നതിന് മുമ്പ് പ്രേക്ഷകർ വായിച്ച് പരിചയപ്പെട്ടതായിരുന്നു. ഇതിലെല്ലാം സോമന്റെ വിസ്മയാവഹമായ രസികൻ പ്രകടനങ്ങൾ സാകൂതം പ്രേക്ഷകർ  ദർശിച്ചറിഞ്ഞതാണ്.

പുരാണ, ചരിത്ര കഥാപാത്രങ്ങളുടെ
സവിശേഷതകൾ  ഒട്ടനവധിയെണ്ണം സോമൻ അവതരിപ്പിച്ചിട്ടുണ്ട്.
_പിക്നിക്,_ _വെള്ളായണി പരമു_ _ഗുരുവായൂർ കേശവൻ_, _മഹാബലി_, _ശ്രീകൃഷ്ണപ്പരുന്ത്_, _മുളമൂട്ടിലടിമ, കൃഷ്ണാ_ _ഗുരുവായൂരപ്പാ_ മുതലായ ചിത്രങ്ങളിലെ വ്യത്യസ്തത പുലർത്തിയ വേഷങ്ങൾ ഉദാഹരണങ്ങളാണ്.

_എസ്സ്. പ്രിയദർശൻ_ എന്ന ഇന്ത്യൻ ഫിലിം മേക്കർ _സോമൻ_ എന്ന നടനെ തന്റെ നിരവധി ചിത്രങ്ങളിൽ സഹകരിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ ചിത്രമായ *പൂച്ചയ്ക്കൊരു മൂക്കുത്തി* മുതൽ *ചന്ദ്രലേഖ* വരെ ആ കൂട്ടുകെട്ടിന്റെ മനോഹാരിത തെളിഞ്ഞു കാണാം.
ഒരു വലിയ പണക്കാരന്റെ മകനായി "പൂച്ചക്കൊരു മൂക്കുത്തിയിലെ"
_ജഗതി ശ്രീകുമാറിന്റെ_
ബംഗ്ലാവിൽ, കുറച്ച് നാൾ   താമസിക്കുവാൻ എത്ര
പണം വേണമെങ്കിലും
ചിലവഴിക്കാൻ
തയ്യാറാണെന്ന് പറഞ്ഞ് ജഗതിയെ കൊതിപ്പിക്കുന്ന
സീനിന്റെ ചിരിയവസ്ഥ
കണ്ടാൽ മതിയാകയില്ല.
ഇത് തന്നെ
1987 ൽ പ്രിയദർശൻ *താളവട്ടം* എന്ന ചിത്രത്തിൽ
തിരിച്ചിട്ട് പ്രേക്ഷക കൈയടി നേടി.

*എന്റെ ജന്മം നീയെടുത്തു, നിന്റെ ജന്മം ഞാനെടുത്തു..*

സംഭാഷണത്തിലെ _സോമൻ_ ടച്ച് പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു. അറുത്ത് മുറിച്ച് കുറുകെക്കൊള്ളുംവിധം പ്രത്യേക താളത്തിലായിരുന്നു സംസാരിച്ചിരുന്നത്. കാണികൾക്ക് അത് കേൾക്കാനിഷ്ടവുമായിരുന്നു.
സിനിമാ ജീവിതത്തെ തിരക്കിനിടയിൽ ഒരു വർഷം നാല്പത്തിയേഴ് ചിത്രങ്ങളിൽ വരെ അഭിനയിച്ച റെക്കോർഡ് ഇന്നും സോമന്റെ പേരിലാണ്.
സാഹസികതയും, ചുറുചുറുക്കും, കാമവും, പ്രണയവും, നിഷേധസ്വഭാവവും നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു അധികവും അദ്ദേഹത്തിന് ലഭിച്ചത്. നായക പ്രാധാന്യമുള്ള വേഷത്തെക്കാൾ അഭിനയ സാധ്യതകളുള്ള ചെറിയ റോളുകളോടായിരുന്നു സോമന് താല്പര്യം. *പ്രേംനസീർ* കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നായികമാരോടൊത്ത് അഭിനയിച്ച നടനാണ് സോമൻ.
തമിഴിൽ *എംജിആറിന്റെ* പിതാവിന്റെ വേഷത്തിൽ *നാളൈ നമതേ* എന്ന ചിത്രത്തിലഭിനയിച്ചത്
തമിഴ്മക്കൾ മറക്കില്ല. ഈ ചിത്രം മലയാളത്തിൽ *ധർമ്മക്ഷേത്രേ കുരുക്ഷേത്രേ* എന്ന പേരിൽ സിനിമയായപ്പോൾ മറ്റൊരു വേഷമായിരുന്നു സോമന് ലഭിച്ചത്.
തമിഴ് നാട്ടിലെ തീവണ്ടിയാഫീസുകളിൽ വണ്ടിയിറങ്ങുന്ന സോമന്റെ
പെട്ടിയെടുക്കാൻ പോർട്ടർമാർ മത്സരിക്കുമത്രേ!.
മക്കൾതിലകം എംജിആറിന്റെ
തന്തയായി വേഷമിട്ടതിന്റെ
ഭവിഷ്യൽ പ്രാഭവം..

1975 ൽ ഏറ്റവും നല്ല സഹനടനും 1976 ൽ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡും സോമൻ കരസ്ഥമാക്കി.
ശ്രീമതി സുജാതയാണ് സഹധർമ്മിണി. മകൻ
സജിസോമൻ നടനാണ്.

ഇന്ന് ഇരുപത്തിമൂന്നാം വാർഷിക ദിനത്തിൽ,
*മണ്ണി* ൽ നിന്നും യാത്രയായ നടനെ നമുക്ക്‌ സ്മരിക്കാം.
എത്രയോ അവസരങ്ങളിൽ തിരുവനന്തപുരം അമൃതാ ഹോട്ടലിൽ
(തൈക്കാട്ട് മേട്ടുക്കട)
വന്നിറങ്ങുന്നത് അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്.
*ഈറ്റ* എന്ന ചിത്രത്തിലെ അറപ്പ് തോന്നിക്കുന്ന പ്രതിനായക കഥാപാത്രത്തെ ഓർക്കുമ്പോൾ തെല്ല് ഭീതിയും
ഉണ്ടായിരുന്നു.
അദ്ദേഹം പാടിയഭിനയിച്ച, *ജീവിതം ഒരു ഗാനം* എന്ന ചിത്രത്തിലെ
*സത്യനായകാ മുക്തിദായകാ* ഗാനം  _ഇടയൻ_ ജനിച്ച ഈ
കുളിർനിറഞ്ഞ മാസത്തിൽ കേൾക്കുന്നതും മാനസങ്ങൾക്ക് ഉണർവേകും....

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

Jan_01_1989/ജി.ശങ്കരപിള്ള

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ