Jan_25/ (DC) ഡൊമിനിക്ക് ചാക്കോ

*"പ്രതിഫലേച്ഛ കൂടാതെ നാടിനെ സേവിക്കുക* *ജനങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുക"*

ഒരു സദസ്സിനെ അഭിസംബോധന ചെയ്തു ഒരു മന്ത്രി സംസാരിക്കുന്നു


_"ഈ ട്രിപ്പിന് നല്ലൊരു തുക_
_ടി എ യായും_ _മറ്റലവൻസുകളും ഇന്നു തന്നെ _എഴുതിയെടുക്കണം"_
(മന്ത്രിയുടെ മനസ്സിലെ മന്ത്രം)

*കോട്ടയത്തു* നിന്നും വാരികയായി പ്രസിദ്ധികരിച്ചു കൊണ്ടിരുന്ന മനോരാജ്യത്തിലെ ആദ്യ താളുകളിൽ  വന്നിരുന്ന *കറുപ്പും വെളുപ്പും* എന്ന രസകരമായ കോളത്തിൽ നിന്നാണ് മേല്പറഞ്ഞ നർമ്മം എടുത്തെഴിയത്.

*ഡിസി കിഴക്കേമുറി* എന്ന മഹാരഥനായ സാഹിത്യ സാർവ്വഭൗമനാണ്
_കറുപ്പുംവെളുപ്പും_  എന്ന ആശയഗാംഭീരത തുളുമ്പുന്ന,
വായന കഴിഞ്ഞ് ഊറിച്ചിരിക്കാൻ
വകനല്കിയിരുന്ന നർമ്മവചനങ്ങൾ മുഖമോ പദവിയോ തെല്ലൂപോലും വകവയ്ക്കാതെ എഴുതിയിരുന്നത്.

1999 ജനുവരി 26 ന് *ഭാരതം* അമ്പതാം റിപ്പബ്ലിക്ദിനമാഘോഷിക്കാനൊരുങ്ങുന്നു.
തലേന്ന് _രാഷ്ട്രപതി_
*കെ.ആർ നാരായണൻ*
പത്മ അവാർഡുകൾ പ്രഖ്യാപിക്കുന്നു. കേരളത്തിൽ നിന്നുള്ള പ്രമുഖ പ്രസാധകനും എഴുത്തുകാരനുമായ
_ഡിസി കിഴക്കേമുറിക്ക്_ *പത്മഭൂഷൺ.*
എന്നാൽ  അർബുദരോഗം ബാധിച്ച് രോഗശയ്യയിൽ പ്രജ്ഞയറ്റ് കിടക്കുകയായിരുന്ന *പുസ്തകസനേഹി*
രാഷ്ട്രം തനിക്ക് സമർപ്പിച്ച ഉന്നത ബഹുമതിയുടെ വൈശിഷ്ഠ്യമറിയാതെ  കഥാവശേഷനായി.

കേരളത്തിന്റെ പുസ്തക ചരിത്രം ഡിസിയുടെ
ജീവിതചരിത്രം കൂടിയാണ്.
പുസ്തകം എന്ന സാംസ്ക്കാരിക ചിഹ്നത്തെ മലയാളിയുടെ ജീവിതത്തിൽ പച്ചകുത്തുകയായിരുന്നു ഡി.സി. ചെയ്തത്.
അദ്ദേഹത്തിന്റെ കയ്യിൽ പുസ്തകപ്രസാധനം കലയും സാംസ്ക്കാരികവും വിപണിശാസ്ത്രവുമായി മാറി. അതുവഴി മലയാളിയുടെ സാംസ്കാരിക ജീവിതത്തെയും മലയാള ഭാഷയുടെയും
സാഹിത്യത്തിന്റെയും  ആധുനികരണത്തെയും സ്വാധീനിക്കാൻ ഡിസിക്ക് കഴിഞ്ഞു.

അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രകാശമാനമായ പലമുഖങ്ങളിൽ ഒന്നു മാത്രമായിരുന്നു പ്രസാധനം.
സ്വാതന്ത്ര്യസമരസേനാനി, എഴുത്തുകാരൻ,
പത്രപംക്തികാരൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, അധ്യാപകൻ, സംഘാടകൻ തുടങ്ങിയ പല വശങ്ങളുണ്ട് ഡിസിയുടെ ജീവിതത്തിന്.

*കോട്ടയം* ജില്ലയിലെ കാഞ്ഞിരപ്പളളിക്കടുത്തുളള _പാറത്തോട്_ ഗ്രാമത്തിലെ *കിഴക്കേമുറിവീട്ടിൽ*
1912  ജനുവരി 12 ന്
_ചാക്കോ ഏലിയാമ്മ_ ദമ്പതികളുടെ മൂത്തമകനായി *ഡൊമിനിക്ക് ചാക്കോ* എന്ന _ഡി.സി_ ജനിച്ചു.
1930 ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായയുടൻ മിഡിൽ സ്കൂളിൽ അധ്യാപകനായി ജോലിലഭിച്ചു. ടി ടി സി പരീക്ഷ _ചങ്ങനാശേരിയിൽ_ നിന്നു ജയിച്ച അദ്ദേഹം 1942 വരെ സ്കൂൾ ജീവിതം തുടർന്നു.
തിരൂവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപം കൊള്ളുകയും  ഉത്തരവാദഭരണത്തിനും ദേശീയ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരം ആരംഭിക്കുകയും ചെയ്തതോടെ ഡി.സിയും അതിൽ പങ്കാളിയായി.

സാഹിത്യകാരനായ *പൊൻകുന്നം വർക്കിയുടെ* ഉപദേശപ്രകാരമാണ് 1945 ജനുവരി ഒന്നിന് കോട്ടയത്തെ കളരിക്കൽബസാറിൽ *നാഷണൽ ബുക്ക് സ്റ്റാൾ* ആരംഭിച്ചത്.  _വർക്കിയും_ ഡിസിയുമടക്കം അഞ്ചുപേർ ചേർന്നാണ് ഇത് തുടങ്ങിയത്.
ഇതേവർഷം നിരൂപകനായ *എംപി പോളും* കഥാകൃത്തായ *കാരൂരും* ചേർന്ന്  _കോട്ടയത്ത്_ *സാഹിത്യ പ്രവർത്തക സഹകരണസംഘം* രൂപീകരിച്ചു.. പന്ത്രണ്ട്പേർ ചേർന്ന് പത്തുരൂപാ വീതം ഓഹരിയെടുത്തതിൽ അഞ്ചാമൻ ഡി.സി.യായിരുന്നു.
1945 ൽ _തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം_ രൂപവത്ക്കരിക്കാൻ _അമ്പലപ്പുഴ_ _പി.കെ.മെമ്മോറിയൽ_ ലൈബ്രറിയിൽ ചേർന്ന യോഗത്തിൽ ഡിസിയും പങ്കെടുത്തു. ഇന്നത്തെ *സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ* എന്ന സ്ഥാപനമായി മാറിയത്  ഇതായിരുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ആറുമാസം _ഡിസി_ പൂജപ്പുര ജയിലിൽ തടവിലുമായി. *സ.കേശവൻ, കുമ്പളത്ത് ശങ്കുപിള്ള, കെ.എം ചാണ്ടി* എന്നിവരായിരുന്നു സഹതടവുകാർ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ജയിൽ മോചിതനായ അദ്ദേഹം തകർച്ചയിലായിരുന്ന എൻബിഎസ്സിനെ ഏറ്റെടുത്തു.
1947 ൽ *കേരളഭൂഷണം* മാസികയിലാണ് അദ്ദേഹം മലയാളത്തിലെ ആദ്യത്തെ പത്രപംക്തിയായ *കറുപ്പും വെളുപ്പും* ആരംഭിക്കുന്നത്.
പ്രമുഖ വ്യക്തികളുടെ  പ്രസ്താവനകൾ
ഉദ്ധരിച്ചശേഷം തന്റെ കമന്റുകളെഴുതുന്ന  ഈ കോളം പല പ്രസിദ്ധീകരണങ്ങളിലായി തുടർന്നു. 1949 ൽ എൻബിഎസ്സിനെ
സാ പ്ര. സ.സംഘം ഏറ്റെടുത്ത് വില്പന വിഭാഗമാക്കി.
ജനറൽമാനേജരായി അദ്ദേഹം ചുമതലയേറ്റു.
1953 ന്  കോട്ടയത്തെ
*ഇന്ത്യാപ്രസ്സ്,* സംഘം വിലയ്ക്ക് വാങ്ങി അച്ചടിയും തുടങ്ങി.

1956 ൽ *തിരുവനന്തപുരത്ത്* എൻബി.എസ്സ് ശാഖ തുടങ്ങിയതോടെ കേരളത്തിലെ ഏറ്റവും വലിയ പുസ്തക പ്രസിദ്ധീകരണശാലയായി. 1956 ൽ
_സമസ്തകേരളസാഹിത്യ പരിഷത്തിന്റെ_ ഇരുപത്തിയാറാം വാർഷിക സമ്മേളനം _കോട്ടയത്ത്_  വർണ്ണോജ്വലമായി ആഘോഷിച്ചത്
ഡിസിയുടെയും  സാപ്രസ സംഘത്തിന്റെയും നേതൃത്വത്തിലാണ്.
1970 ൽ എല്ലാ
ജില്ലാ ആസ്ഥാനങ്ങളിലും ശാഖകൾ തുറന്നു.1965 ൽ *കാരൂർ* വിരമിച്ചപ്പോൾ ഡി.സി. സംഘം സെക്രട്ടറിയായി.1970 ൽ സംഘത്തിന്റെ രജതജൂബിലി ആഘോഷത്തിൽ മുഖ്യമന്ത്രി *അച്യുതമേനോൻ* ഡിസിയെ പ്രശംസിച്ചത്   ചിലരിൽ അസഹിഷ്ണുത സൃഷ്ടിച്ചു. 1970 ൽ സംഘം ഭരണസമിതി അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു.   *ജി.ശങ്കരക്കുറുപ്പും പ്രൊ. മുണ്ടശേരി* എന്നിവർ ഈ സംഭവത്തെ എതിർത്തു. പിന്നീട് ഭരണസമിതി തന്നെ അവിശ്വാസത്തിലൂടെ പുറത്താവുകയും ഡിസിയെ സർക്കാർ
_സ്പെഷ്യൽ ഓഫീസിറായി_ നിയമിക്കുകയും ചെയ്തു. 1973 ൽ ഡി.സി. വിരമിച്ചു.

"അവിടെനിന്നു തുടങ്ങുന്നു ഡിസി ബുക്സിന്റെ കഥ".

1974  ആഗസ്റ്റ് 29 ന് _കോട്ടയം_ ബസ്സേലിയസ്സ് കോളേജിനടുത്തുള്ള
എം.ഡി. കൊമേഴ്‌സ്യൽ സെന്ററിലെ രണ്ടാംനിലയിലെ
വാടകമുറിയിൽ _ഡി.സി.ബുക്സ്_ ആരംഭിച്ചു.
*ടി. രാമലിംഗംപിള്ളയുടെ* _മലയാള ശൈലി നിഘണ്ടുവാണ്_ ആദ്യ ചുസ്തകം.  _മുണ്ടശേരിയുടെ_ മകൻ _തൃശൂരിൽ_ നടത്തിവരികയായിരുന്ന *കറന്റ്ബുക്സ്* ഡി.സി 1977 ൽ ഏറ്റെടുത്തു.

ഇന്ന് ഡി.സി.ബുക്സ്,
കറന്റ് ബുക്സ് എന്നീ പേരുകളിൽ കേരളത്തിനകത്തും പുറത്തും അക്ഷര സാമ്രാജ്യം പന്തലിച്ചു നില്ക്കുന്നു. നല്ല പുസ്തകങ്ങളും നവീനമായ വിപണീതന്ത്രങ്ങളും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പുസ്തക പ്രസാധകരിലൊന്നാക്കി ഡി.സി.ബുക്സിനെ മാറ്റി. പുസ്തകവ്യാപാരത്തിൽ മൂല്യാധിഷ്ഠിതമായ മാനേജ്‌മെന്റ് വൈദഗ്ധ്യം അവതരിപ്പിച്ചു എന്നതാണ് ഡിസിയുടെ സവിശേഷത.1966 ൽ കുട്ടികളുടെ ലൈബ്രറിക്ക് വേണ്ടി ഡി സി ലോട്ടറിടിക്കറ്റ് വില്പനയാരംഭിച്ചു.
മൂന്നുപ്രാവശ്യം സർക്കാർ അനുമതിയോടെ
ലോട്ടറിടിക്കറ്റ് വില്പനയിലൂടെ തുക സ്വരൂപിച്ചു.
തുടർന്ന് *പി.കെ.കുഞ്ഞ്* മന്ത്രിയായപ്പോൾ
സർക്കാർ നിയന്ത്രണത്തിൽ ലോട്ടറി വകുപ്പാരംഭിച്ചപ്പോൾ ഡി.സിയെ ചെന്നുകാണാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനും വകുപ്പിലെ ഉദ്യോഗസ്ഥർ മറന്നില്ല.
നറുക്കെടുപ്പ് നടത്തുന്ന യന്ത്രം ഡി സി. സംഭാവന ചെയ്തതും സ്മരണീയമാണ്.

1963 ൽ  അദ്ദേഹത്തിന്റെ നാലപ്പത്തിയൊമ്പതാം വയസ്സിൽ *ചെങ്ങന്നൂർ* സ്വദേശിനി 29 കാരി _പൊന്നമ്മയെ_    വിവാഹം ചെയ്തു.  പുസ്തകച്ചുമടുമായി നടന്നിരുന്ന കാലത്ത് ഒരു പ്രണയസഖി ഉണ്ടായിരുന്നെങ്കിലും പരിണയം നടന്നില്ല
_താര, മീര, രവി_ എന്നിവരാണ് മക്കൾ. അച്ഛന്റെ  ശ്രേഷ്ഠഗുണസമ്പന്നനായ മകൻ ശ്രീ രവി, ഡി.സി ബുക്സിന്റെ അമരത്ത് സുശോഭിതനായി വിരാജിക്കുന്നു.

പുസ്തകവില്പനയ്ക്ക്  നികുതിയിനത്തിൽ വായനക്കാർ  നഷ്ടം സഹിക്കേണ്ടിവരില്ല എന്ന് എത്ര പേർക്കറിയാം?.
ഡി സി യുടെ ശ്രമഫലമായാണ് സർക്കാർ നികുതിചുമത്തൽ ഒഴിവാക്കിയത്.
പ്രധാനമന്ത്രി *നെഹ്റുവും* കേരളത്തിലെ ഈ നല്ലനടപടി ശ്രദ്ധിക്കുകയും ഭാരതമൊട്ടാകെ  പുസ്തകക്കച്ചവടത്തിന് നികുതി ഒഴിവാക്കാൻ
നടപടി സ്വീകരിക്കുകയും ചെയ്തു.

ഡി സി യുടെ വ്യക്തിത്വം പൂർണമാകുന്നത്
ലളിതജീവിതവും  *ഗാന്ധിയൻ നിഷ്ഠകളും* രചനാ
ജീവിതവുംകൂടി പറയുമ്പോൾ മാത്രമാണ്. ഒരിക്കലും ആത്മകഥയെഴുതാത്ത ഡിസിയുടെ ജീവിതം  മലയാള പുസ്തകത്തിന്റെ
ജീവിതകഥതന്നെയാണ്.
1948 ൽ *സ്വദേശാഭിമാനിയുടെ* ചിതാഭസ്മം _കണ്ണൂർ_ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന സംഘത്തോടൊപ്പം ഡി.സിയുമുണ്ടായിരുന്നു.
എഴുത്തുകാരായ _ബഷീർ,_ _വർക്കി _എന്നിവരുടെ പുത്രിമാരായ ഷാഹിന, ഗീത ഡി.സി.ബുക്സിലെ ജീവനക്കാരായത് ആ കാരുണ്യമൂർത്തിയുടെ താല്പര്യപ്രകാരമാണ്.

_കോട്ടയം_ ജില്ലയിലെ *ദേവലോകം* എന്ന സ്ഥലത്ത് ഡി.സി, പണി കഴിപ്പിച്ച് വസിച്ചിരുന്ന ആ പഴയ വീട് ഇന്ന്
പുതുക്കിപ്പണിതെങ്കിലും  ഇരുപത് വർഷത്തോളമുള്ള  ആ രണ്ടക്ഷര ശൂന്യതയറിയാതെ പ്രിയ ബന്ധുക്കളും  പുസ്തകപ്രേമികളും  ധീരനായ അക്ഷരസ്നേഹിയുടെ ഓർമ്മകളിൽ ജീവിക്കുന്നു.

*പ്രിയ പ്രസാധകാ അങ്ങെയ്ക്ക്  പ്രണാമം.*
*പുസ്തകങ്ങളെ പുച്ഛിക്കുന്ന പുതുതലമുറയ്ക്ക് എന്നും പുതുവെളിച്ചമാകൂ.*

*കെ.ബി. ഷാജി. നെടുമങ്ങാട്.*.

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ