Jan_23_1986/ മണവാളൻ ജോസഫ്

*വാഴുന്നോർ നല്കിയ ചന്ദനപ്പല്ലക്കിൽ വേദനയോടെ വിഷമത്തോടെ*
*പുത്തൂരംവീട്ടിൽ* *ചെന്നാരോമൽചേകവർ*     
*കച്ചയഴിച്ചു മരിച്ചുവീണു*

*ആരോമലുണ്ണി*
എന്നചിത്രത്തിലെ ""പാടാം പാടാം ആരോമൽചേകവർ പണ്ടങ്കം"" എന്ന
സംഘഗാനത്തിന്റെ  അവസാനഭാഗത്തെ ചിലവരികളാണ്
മുകളിൽ കുറിച്ചത്.

ഇവിടെ *വാഴുന്നോർ* (ഉണ്ണിക്കോനാർ)എന്ന കഥാപാത്രമായി *ഉദയായുടെ* ആദ്യ വടക്കൻപാട്ട് ചിത്രമായ *ഉണ്ണിയാർച്ചയിൽ* വേഷമിട്ട _ഫോർട്ട്കൊച്ചിക്കാരൻ_ മൺമറഞ്ഞ
*മണവാളൻ ജോസഫിനെ* ഓർക്കുന്നതിനാണ് ഇത്രയും ആഖ്യായനം ചെയ്തത്.

നടന്മാരെയും രാഷ്ട്രീയക്കാരെയും തന്മയത്തത്തോടും
വികൃതഭാവത്തിലും അരങ്ങുകളിൽ  കളിയാക്കുന്ന മിമിക്രി വീരന്മാരുടെ പട്ടികയിൽപ്പെടാതെ, ഈശ്വരാധീനത്താൽ രക്ഷപ്പെട്ട ഒരു ഹാസ്യനടനാണ് *മണവാളൻ*. അദ്ദേഹത്തിന്റെ തൊണ്ടയിൽ നിന്നു ബഹിർഗമിക്കുന്ന  ഇടർച്ചയേറിയ ചിലമ്പിച്ച സ്വരത്തിന്റെ പ്രത്യേകതഒന്നുകൊണ്ടു മാത്രമാണ്.

1954 ൽ 
_ചന്ദ്രതാരാഫിലിംസിനായി_
*രാമുകാര്യാട്ടം,*
*പി.ഭാസ്ക്കരനും* ഒരുമിച്ചൊരുക്കിയ
*നീലക്കുയിൽ*
മലയാളസിനിമയെ ആദ്യമായി
ദേശീയതലത്തിലേയ്ക്ക് ഉയർത്തിയ ചലച്ചിത്രമായിരുന്നു. നീലക്കുയിലിനായിരുന്നു
 ആ വർഷം *രാഷ്ട്രപതിയുടെ* _വെള്ളിമെഡൽ_ ലഭിച്ചത്. പുതുമകളുടെ അനുഭവക്കൂമ്പാരമാണ് _നീലക്കുയിൽ_ സമ്മാനിച്ചത്.

*രാഘവൻമാഷിന്റെ*
നാടൻമണമുള്ള സംഗീതം മണ്ണിന്റെമണമുള്ള കഥാപാത്രങ്ങൾ അവർക്കിടയിൽ ചായക്കടക്കാരൻ
*നാണുനായർ*.
ഏറെ ശ്രദ്ധിക്കപ്പെട്ടു. _നാണുനായരാണ്_ ജോസഫ്  അഭിനയിച്ച ആദ്യചിത്രം. 

1922 ജനുവരിയിൽ
*ഫോർട്ട്കൊച്ചിയിലെ*
ഒരു ഹൈന്ദവ കുടുംബത്തിൽ _വേലു, നാരായണിയമ്മ_ എന്നിവരുടെ
പുത്രനായി ജനിച്ച _ഗോപാലനാണ്_
ക്രൈസ്തവധാരയിലേയ്ക്ക് മാറിയപ്പോൾ _ജോസഫ്_ എന്നപേര് സ്വീകരിച്ചത്. സാമാന്യവിദ്യാഭ്യാസം ലഭിച്ച _ജോസഫ്,_
*കൊച്ചിൻ ആർട്ട്സ് ക്ലബ്ബ്* എന്ന അമച്വർ
നാടകസംഘത്തിൽ അംഗമായി.
ഫോർട്ട് കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നാരംഭിക്കുന്ന തന്റെ കലാജീവിതം ജന്മസിദ്ധമായ താളബോധത്തോട് കൂടി സ്വയം ശിക്ഷണത്തിലൂടെ വളർത്തിയെടുത്ത _ജോസഫിന്റെ_
അഭിനയവാസനയാണ് ഏറ്റവുംവലിയ മൂലധനം.

_ഫോർട്ട്കൊച്ചിയിലെ_
നാടകപ്രവർത്തകർ പ്രൊഫഷണൽ നാടകരംഗത്തേക്ക് സജീവമായി കടന്നുവരുന്നതിന് മുമ്പുള്ള നാളുകളിലും ഒരു പക്ഷേ അതിന്ശേഷവും
നാടകസീസൺ കഴിഞ്ഞുള്ള
ക്ഷീണകാലത്തിന്റെ നാളുകളിലും  അര, മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള  കൊച്ചുകൊച്ചു നാടകങ്ങൾ അവതരിപ്പിച്ച്കൊണ്ട് തങ്ങളുടെ നാടകയാനം തുടർന്നും
ചലിപ്പിച്ച്പോന്നിരുന്നു
അപ്രകാരം _ഫോർട്ട്കൊച്ചിയിലെ_ വിവിധ ഭാഗങ്ങളിൽ നാടകകൂട്ടായ്മകൾ തലപൊക്കുകയായിരുന്നു. അങ്ങിനെ ഉയർന്നുവന്ന മുക്കാൽമണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ _ജോസഫ്_ പെണ്ണ്കാണാൻ വരുന്ന ഒരു *മണവാളന്റെ* വേഷമഭിനയിക്കുകയുണ്ടായി.
കുണുങ്ങിക്കുണുങ്ങിയുള്ള നടത്തയും, കാലൻകുട കൈയ്യിൽവച്ചുകൊണ്ടുള്ള കടന്നുവരവും ഇടയ്ക്കിടെ തന്റെകുട എവിടെവച്ചു എന്നുൽക്കണ്ഠാകുലനാകുന്നതും  എന്റെ
കുടയെന്നുപറഞ്ഞ് ചുറ്റുംതപ്പുന്നതും പ്രേക്ഷകരെ
കുടുകുടെചിരിപ്പിച്ചു. _മണവാളന്റെ_ വേഷത്തിൽ _ജോസഫ്_ ആ നാടകത്തിൽ നിറഞ്ഞാടി. അവിടെ ലാഘവത്വമാർന്ന ജീവിതനിമിഷങ്ങളെ  നർമ്മത്തിലൂടെ ചാലിച്ചെടുത്തുകൊണ്ടുള്ള നടനസപര്യയുടെ തുടക്കം കുറിക്കുകയായിരുന്നു _ജോസഫ്._ അങ്ങിനെ ആ കഥാപാത്രത്തെ
ജനങ്ങളുടെമനസ്സിൽ  ആഴത്തിൽ പതിയുമാറാവിഷ്ക്കരിച്ച _ജോസഫിന്_ പ്രേക്ഷകസമൂഹം
പതിച്ചുനല്കിയ പേരാണ്
*മണവാളൻ ജോസഫ്.*

അങ്ങിനെ _മണവാളൻ_ _ജോസഫായ_ അദ്ദേഹം വീണ്ടും തന്റെ നാടക ജൈത്രയാത്ര തുടരുകയാണ്. ആ തുടർച്ചയിലാണ് കൊച്ചിയിലെ ഒരു നാടകഗുരു എന്ന് വിശേഷിപ്പിക്കാവുന്ന *എബ്ബി മാസ്റ്ററുടെ*
സ്ഥിരം നാടകവേദിയിലും പിന്നീട്
*കലാനിലയം കൃഷ്ണൻ നായരുടെ* _"ഇളയിടത്ത്റാണിയിൽ"_ _മാസ്റ്ററും മണവാളനും_
 പ്രമുഖവേഷങ്ങൾ അവതരിപ്പിക്കുന്നതും..
അതു കഴിഞ്ഞാണ് മാസ്റ്റർ നായകനായ കാര്യാട്ടിന്റെ രണ്ടാമത്തെ ചിത്രമായ *മിന്നാമിനുങ്ങിൽ* _ജോസഫിന്റെ_ സാന്നിദ്ധ്യമുണ്ടാകുന്നത്

തുടർന്നാണ്
*കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ* നാടകങ്ങളായ  _ഡോക്ടറിലും അൾത്താരയിലും_  പ്രധാന വേഷങ്ങളല്ലെങ്കിലും 
ഇരുത്തംവന്ന കഥാപാത്രങ്ങളായിരുന്നു  _ജോസഫിന്_ ലഭിച്ചത്. 
*ഓ. മാധവൻ, ദേവരാജൻ മാസ്റ്റർ* എന്നിവരുമായുള്ള സഹവർത്തിത്തവും സുദൃഢമാകുന്നത് ഇക്കാലത്താണ്.

ഒരിക്കൽ  കലാകേന്ദ്രത്തിൽ
_ദേവരാജൻമാസ്റ്റർക്ക്_  സംഗീതമൊരുക്കിയിരുന്ന ഹാർമോണിസ്റ്റിന്റെ തിരോധാനം നാടകാവതരണത്തിന് ഭംഗം വരുത്തിയപ്പോൾ കൊച്ചിയിലെ കൊച്ചുകൊച്ചു നാടകങ്ങൾക്ക് സംഗീതമൊരുക്കിയിരുന്ന സംഗീതത്തിനോട് പ്രതിബദ്ധതയുള്ള ഒരു യുവ കലാകാരനെ
ദേവരാജസന്നിധിയിൽ ഹാർമോണിയം വായിക്കാൻ  _ജോസഫ്,_ എത്തിച്ചു.
ആ കൊച്ചീക്കാരനാണ് പിന്നീട് ലോകമറിയുന്ന അജയ്യനായ ""അർജ്ജുനൻ മാസ്റ്റർ"".

സിനിമയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുമ്പോൾ _ജോസഫിന്_ ഹാസ്യം അവതരിപ്പിക്കേണ്ടി വരില്ല. അദ്ദേഹത്തിന്റെ നടത്തയിൽ, അംഗചലനങ്ങളിൽ, മുഖത്ത് മാറിമറയുന്ന ഭാവങ്ങളിലെല്ലാം  നർമ്മത്തിന്റെ തിരയിളക്കം നമുക്ക് അനുഭവവേദ്യമാണ്.
ചിരിച്ചുകൊണ്ട് കരയാനും കരഞ്ഞുകൊണ്ട് ചിരിക്കാനും കഴിയുന്ന അപൂർവ്വം നടന്മാരിലൊരാളായിരുന്നു അദ്ദേഹം.
ശോകഭാവം അഭിനയിക്കുമ്പോഴും അതിന് നർമ്മത്തിന്റെ ഒരു ഭൂമിക ഒരുക്കികൊണ്ടാണ്  _ജോസഫ്_ അഭിനയിച്ചുപോന്നത്.
അലിവിന്റെ ഒരു ആവരണത്തിനുള്ളിൽ പൊതിഞ്ഞുവച്ചുകൊണ്ട്
ഏത് വികാരങ്ങളെയും പ്രസരിപ്പിക്കാൻ കഴിയുക,
പ്രണയിക്കുമ്പോഴാകട്ടെ, അല്ലെങ്കിൽ മറ്റ്തരത്തിൽ എന്തെങ്കിലും ചെയ്യൂമ്പോഴാകട്ടെ,
നർമ്മം വിതറുമ്പോൾ പോലും എനിക്ക്  ചിരിക്കാനും വയ്യ ചിരിപ്പിക്കാതിരിക്കാനും വയ്യ  അല്ലെങ്കിൽ എനിക്ക് ശ്വാസം മുട്ടും എന്ന് നിശബ്ദമായി പറഞ്ഞൂകൊണ്ട്
ആ ഭാവത്തിലൂടെ നമ്മെ കൈപിടിച്ചാനയിക്കുന്ന ഒരഭിനയരീതി. അത് കഥാപാത്രത്തിന്റെ 
ആന്തരികഭാവത്തെ സ്വന്തമാത്മാവിന്റെ 
ആന്തരികഭാവവുമായി അനുപാതപ്പെടുത്തിക്കൊണ്ട് പാത്രാവിഷ്ക്കാരം നടത്തുവാൻമാത്രം  അഭിനയത്തിൽ ജന്മസിദ്ധമായ വരം ലഭിച്ചവർക്ക് മാത്രം പ്രാപ്യമാകുന്ന ഒരവതരണ രീതിയായിരുന്നു *മണവാളൻ ജോസഫിന്റേത്.*

*തോപ്പിൽഭാസിയുടെ* പ്രസിദ്ധമായ നാടകം *മൂലധനം* 1969 ൽ അസീംകമ്പനിയുടെ ബാനറിൽ *പി.ഭാസ്‌കരൻ*
 സിനിമയാക്കി.  രവി(സത്യൻ), മമ്മൂട്ടി(നസീർ) എന്നീ വിപ്ലവകാരികളെ അകത്താക്കുന്നതിന് നിയോഗിക്കപ്പെട്ട സ്പെഷ്യൽ പോലീസ് ടീമിന്റെയൊപ്പം
യൂണിഫോം
ധരിക്കാത്ത  *ഐ.ഡി കാസിംപിള്ള* എന്നകഥാപാത്രമായി
കശാപ്പുകാരൻ അസ്സനാരുടെ(ശങ്കരാടി) ചായപ്പീടികയിൽ ഇടയ്ക്കിടെ കടന്നുവന്ന് ഗൗരവവും നർമ്മവുംകലർന്ന അഭിനയത്തിലൂടെ  കോപ്രായങ്ങൾ കാട്ടി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു.
ഒരിക്കലും പോലീസ് വേഷം ധരിക്കാതെ അതാണ് നമ്മുടെ സ്റ്റാറ്റസ്സ് എന്നിടയ്ക്കിടെ വീമ്പിളക്കുന്ന മണവാളന്റെ കഥാപാത്രം ചിത്രത്തിന്റെ അവസാനഭാഗത്ത് യൂണിഫോമിൽ ഇളിഭ്യനായി നില്ക്കുന്ന ഭാഗവും അനശ്വരമാക്കി.

മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച _ജോസഫിന്_ അധികവും  ലഭിച്ച വേഷങ്ങൾ
_കൃസ്തീയകഥകൾ_ സിനിമകളായപ്പോഴാണ്.
ഉദയായുടെ *പേൾവ്യൂ* എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരുതന്നെ *മണവാളൻ* എന്നാണ്.

1977 ൽ *പി.ജി.വിശ്വംഭരൻ* _കമലഹാസനെ_ നായകനാക്കി *സത്യവാൻ സാവിത്രി* എന്നൊരു ചിത്രം സംവിധാനം ചെയ്തു.
ആ ചിത്രത്തിലെ
കൊട്ടാരംവൈiദ്യന്റെ റോൾ *അടൂർഭാസിയോടും,* 
*പട്ടം സദനോടും*  ചേർന്ന് _മണവാളൻ_ എത്ര ഭാവസുന്ദരമാക്കിയെന്നു  മനോഹരമായ
ആ പുരാണചിത്രം കണ്ടാസ്വദിക്കുമ്പോൾ മാത്രമെ മനസ്സിലാകൂ.

1975 ൽ 
എംഎസ്സ് പ്രൊഡക്ഷൻസ്സിന്  വേണ്ടി *ശശികുമാർ* സംവിധാനം ചെയ്ത *പിക്നിക്* എന്ന ചിത്രത്തിലെ  _പാചകക്കാരൻ പണിക്കർ_, പുതിയ ഡാം നിർമ്മിക്കാൻ കാട്ടിനുള്ളിൽ സർവ്വേയ്ക്കു വന്ന എഞ്ചിനീയർ എ ബി മേനോനെ(അടൂർഭാസി) കുരുക്കിലാക്കാൻ ശ്രമിക്കുന്ന രംഗം രസാവഹമാണ്.

*ഒതേനന്റെ മകനിലെ* _തണ്ടാച്ചേരി ചാപ്പൻ_, *ഇത്തിക്കര പക്കിയിലെ* _അടിമവ്യാപാരക്കാരൻ ചെട്ടിയാർ_, *പോസ്റ്റ്മാനെ കാണാനില്ലയിലെ* _ഓട്ടൻതുള്ളക്കാരൻ ശശി_, *യക്ഷിപ്പാറുവിലെ* _ഹെഡ് കോൺസ്റ്റബിൾ ശങ്കരപ്പിള്ള, _ *കളക്ടർ മാലതിയിലെ* കുടിലതന്ത്രക്കാരൻ _അപ്പുപിള്ള,_ *ജയിക്കാനായ് ജനിച്ചവനിലെ* രാജ്യാവകാശം നഷ്ടമായ അരവട്ടനായ _ഉദയവർമ്മ രാജാവ്_ *ശക്തിയിലെ* _കുടിയൻ കേളു_ അങ്ങിനെ നിരവധി നർമ്മവും ധർമ്മവും തുളുമ്പുന്ന കഥാപാത്രങ്ങൾ ജോസഫ് അവതരിപ്പിച്ചു.

1986 ൽ _പ്രിയദർശന്റെ_ *മഴപെയ്യുന്നു*
*മദ്ദളംകൊട്ടുന്നു* ആണ് അഭിനയിച്ച് പൂർത്തിയാക്കിയ അവസാന ചിത്രം.
*ഗൃഹലക്ഷ്മിയുടെ* _ഐ.വി.ശശി_ ചിത്രമായ *വാർത്തയിൽ*
ഒരു പോലീസ്
ഹെഡ്കോൺസ്റ്റബിളിന്റെ റോളായിരുന്നു .
 *കുതിരവട്ടംപപ്പു* എന്ന നടനെ പോലീസ് ലോക്കപ്പിൽ ചിത്രവധം ചെയ്യുന്ന സീൻ ഓർമ്മയിൽ തെളിയുന്നു. ആ ചിത്രത്തിന്റെ ഡബ്ബിംഗിനായി *മദിരാശിയിലെ* കോടമ്പാക്കത്തുള്ള  *ഉമാലോഡ്ജിൽ* വസിക്കുമ്പോഴാണ് 1986 ജനുവരി 23 ന് ഹൃദയസ്തംഭനത്താൽ  അന്തരിക്കുന്നത്.

കലയേയും കലാകാരന്മാരെയും അതിരില്ലാതെ സ്നേഹിച്ചിരുന്ന
*എം. കെ. കെ. നായർ,* ഫാക്ടിന്റെ ചെയർമാനായിരുന്നപ്പോൾ ജോസഫ്മായുണ്ടായ അടുപ്പം , ജോസഫിന്റെ ഒരു മകൾക്ക് കലാകേരളത്തിന്റെ അംഗീകാരമെന്ന നിലയിൽ ഫാക്ടിൽ ഉദ്യോഗസ്ഥയാകുന്നതിന് നിമിത്തമായി. പ്രശസ്ത താടകകൃത്ത് *സി.ജെ.തോമസ്സ്* അദ്ദേഹത്തെക്കുറിച്ച്  എഴുതിയിട്ടുണ്ട്.

നാടകത്തിന്റെ അരങ്ങിലായാലും  സിനിമയുടെ വെള്ളിവെളിച്ചത്തിന്റെ മുന്നിലായാലും ഇതു
രണ്ടുമല്ലാതെ നേർക്കാഴ്ചയിലും  സ്നേഹ സൗഹൃദങ്ങളുടെ ഇഴയടുപ്പത്തിൽ നന്മയുടേയും സ്നേഹത്തിന്റെയും സങ്കീർത്തനം പാടിക്കൊണ്ട് മനസ്സിൽ മായാത്ത മുദ്രകൾ പതിപ്പിച്ചു
കടന്നുപോയ ഒരു സാന്നിദ്ധ്യമായിരുന്നു  _മണവാളൻ ജോസഫിന്റേത്_.

*അദ്ദേഹം കലയുടെ മണവാളനായിരുന്നു.*

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ