Jan_16_1989/പ്രേം നസീർ

*മലർമിഴികൾ തുറക്കുകില്ലേ*
*മന്ദഹാസം വിടരുകില്ലേ?*
*ഉണരുകില്ലേ* *പ്രേമഗായകൻ* 
*ഉണരുകില്ലേ ഉണരുകില്ലേ?*
1989 ജനുവരി 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് കേരളത്തിലെ ആകാശവാണി നിലയങ്ങൾ സംയുക്തമായി
 _ശ്രീ ബിച്ചുതിരുമല_ അവതരിപ്പിച്ച *സ്മരണാഞ്ജലി*  എന്ന പ്രത്യേക ചലച്ചിത്രഗാന പരിപാടിയിലെ
ആദ്യഗാനം
ഒഴുകിവരുന്നു. 1966 ൽ *ഉദയാ* നിർമ്മിച്ച *അനാർക്കലിയിൽ* _പി.സുശീല_ ആലപിച്ച ഗാനത്തിന്റെ രണ്ടാം ചരണമാണ് മുകളിലുദ്ധരിച്ചത്.  പ്രണയത്തെ അതിന്റെ
എല്ലാവിധ
ഭാവസംഘർഷങ്ങളോടെയും തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാക്കിയ *നിത്യകാമുകൻ,* _തിരുവനന്തപുരം_ വി.ജെ.ടി.ഹാളിനുള്ളിൽ ശീതീകരിച്ച കണ്ണാടിക്കൂടിൽ മന്ദസ്മിതത്തോടെ ഒരിക്കലുമുണരാത്ത നിദ്രയിൽ. 

ശോകം തളംകെട്ടി നില്ക്കുന്ന _വിജെടിഹാളും_  പരിസരവും. *കെഎസ്ആർടിസിയുടെ* സിറ്റിഫാസ്റ്റായി ഓടുന്ന
പച്ചനിറത്തിലുള്ള
ഒരു ബസ്സിന്റെ ഉൾഭാഗത്തെ എല്ലാസീറ്റുകളും ഇളക്കിമാറ്റി പുറമെ പുഷ്പചക്രങ്ങളും പുമാലകളുംകൊണ്ട് മനോഹരമായി അലങ്കരിച്ച് മുൻവശത്തെ ചില്ലൂകൾ പൂർണമായും മറയാതെ *കാര്യംനിസ്സാരത്തിലെ* കേസില്ലാ വക്കീലായ *ഉണ്ണിത്താന്റെ* കണ്ണട ധരിച്ച വലിയചിത്രവും  ഉറപ്പിച്ച് ഹാളിന് സമീപം പാർക്ക്ചെയ്തു.

മുഖ്യമന്ത്രി *നായനാർ* അടക്കം നാനാതുറകളിൽ നിന്നുള്ളവരുടെയും  സിനിമാസ്വാദകരുടെയും ആദരാഞ്ജലിയോടെ ബസ്സ് *പ്രേമതാരകത്തിന്റെ* ചേതനയറ്റ ദേഹവുമായി   ദേശീയപാതയിൽ ഇരുവശവും *പ്രേമഗായകനെ*
ഒരു നോക്ക്കാണാൻ നിന്നിരുന്ന ജനതതിയുടെ അശ്രുപൂജയോടെ _ചിറയിൻകീഴ്_ *കൂന്തള്ളൂർ* സ്കൂളിലേയ്ക്ക്
രണ്ടരമണിയോടെ സാവധാനം പ്രയാണമാരംഭിച്ചു.

സിനിമാലോകത്ത് തുടക്കക്കാരനായ _ജയറാം_ _കോഴിക്കോട്_  നിന്ന്  ആരാധനാമൂർത്തിയെ ഒന്നു വന്ദിക്കാൻ വന്നെത്തിയപ്പോഴേയ്ക്കും അദ്ദേഹത്തെ അന്ത്യവിശ്രമം കൊള്ളുന്നതിനായി
 *കാട്ടുമുറാക്കൽ* ജൂമാമസ്ജിദിലെ ഖബറിസ്ഥാനത്തിലേക്ക് കൊണ്ടുപോയിരുന്നു.

""ഞാനൊരു ശാസ്ത്രജ്ഞനാണ്""
""ഈ പരീക്ഷണത്തിൽ ഞാൻ വിജയിക്കും""
""ഈ ലോകം  ഞാൻ കീഴടക്കും"".

_അബ്ദുൽഖാദർ_ *ചങ്ങനാശേരി*
_സെന്റ് ബർക്ക്മെൻസ്_ കോളേജിൽ  ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ വാർഷികത്തിന് അവതരിപ്പിച്ചു ഒരു നാടകത്തിലെ  സംഭാഷണം ജീവിതത്തിൽ അന്വർത്ഥമായിത്തീർന്നു.
ആ നാടകത്തിലെ അഭിനയം എല്ലാവരുടേയും പ്രശംസയ്ക്ക് പാത്രമായി.
അതിൽനിന്നുണ്ടായ പ്രചോദനവും പ്രോത്സാഹനവുമാണ് ലോകമറിയുന്ന
_നക്ഷത്രമായി തിളങ്ങാൻ_ *പരമകാരുണികൻ* ആ ഉത്കൃഷ്ടമനസിനുടമയിൽ  പ്രസാദിച്ചത്.

*കീഴൂവിലം* പഞ്ചായത്തിലെ
സമ്പന്നമായ
*ആക്കോട്ട് വീട്ടീൽ* _ഷാഹുൽഹമീദിന്_
ഓമനപ്പുത്രൻ  എഞ്ചിനിയറായിക്കാണാൻ അഭിലാഷം. വലിയൊരു വ്യാപാരിയായിരുന്നു ഹമീദ്.
 _അസുമാബീവി_ *മുഹമ്മദ് അബ്ദുൾഖാദറെ*  പ്രസവിച്ച നാളുകളിൽ ദീനംവന്ന  കുഞ്ഞിന്  മുലപ്പാൽ കൊടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായത്രേ . അയൽപക്കക്കാരായ വിവിധ ജാതിക്കാരായ സ്ത്രീകളുടെ അമ്മിഞ്ഞപ്പാൽ നുണഞ്ഞതിനാലാണ്  സുന്ദരരൂപികൾ പോലും വിസ്മയിച്ച സൗന്ദര്യം  ഉണ്ടായതെന്ന് *പ്രേമലേഖകൻ* മനോരമ വാരികത്താളുകളുകളിൽ എഴുതിയിരുന്നിട്ടുണ്ട്.

_തിരുവനന്തപുരം_
പേട്ട  *കേരളകൗമുദി* ഓഫീസ് കെട്ടിടത്തിന് സമീപം മുറിക്കൈയ്യൻ വെളുത്ത ടെറിലിൻ കുപ്പായവും മുണ്ടും ധരിച്ച ഒരു യുവകോമളൻ സൈക്കിളുമുരുട്ടി
*കെ ബാലകൃഷ്ണനെ* കാണാനായി വന്നതും ആലപ്പുഴയിലെ പോലീസ്‌ ഇൻസ്പെക്ടർ ഉദ്യോഗം ഉപേക്ഷിച്ച്  അഭിനയം ജീവിതമാർഗമായി തുടങ്ങാനും  തീപ്പൊരിബാലൻ ആയിടെ രചിച്ച ഒരു കഥയുടെ ചർച്ചകഴിഞ്ഞിറങ്ങി വന്ന _സത്യനേശൻനാടാരുമായി_ _അബ്ദുൾഖാദർ_  ക്ഷോഭിച്ചതും  സൈക്കിൾ പിടിച്ച് തിരിച്ചതും
_മാത്തുക്കുട്ടി ജെ കുന്നപ്പള്ളി_ *സത്യന്റെ കഥ* എന്ന ജീവചരിത്രഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. വിഖ്യാതരായ മിക്ക അഭിനേതാക്കൾക്കും സംഭവിച്ച നിർഭാഗ്യം തന്നെ ഇവിടെ  അവർക്കും സംഭവിച്ചു.  ചിത്രീകരണം തുടങ്ങിയെങ്കിലും
*ത്യാഗസീമ* പുറത്തുവന്നില്ല.

*വിശപ്പിന്റെവിളി* മുതൽ *കടത്തനാടൻഅമ്പാടി* വരെ അറുനൂറ്റിയമ്പതിലധികം ചിത്രങ്ങൾ. 

നാല്പതോളം സിനിമകളിൽ ഇരട്ടവേഷങ്ങൾ.

_ഉദയായുടേയും_ _വടക്കൻപാട്ട് സിനിമകളിലെയും_ സ്ഥിരം അഭിനേതാവ്.

 _അസുരവിത്ത്_ 100)
_മിസ്സ് മേരി_ (200)
_പാവങ്ങൾ പെണ്ണുങ്ങൾ_ (300)
_കണ്ണപ്പനുണ്ണി_ (400)
_കരിപുരണ്ട ജീവിതങ്ങൾ_ (500)
_മറക്കില്ലൊരിക്കലും_ (600)
ഈ രീതിയിലാണ് അദ്ദേഹത്തിന്റെ ശതത്തിലവസാനിക്കുന്ന ചിത്രങ്ങളുടെ വിവരം.

പ്രശസ്ത സാഹിത്യകാരന്മാരായ _പൊറ്റക്കാട്_ _കേശവദേവ്, തകഴി_, _പാറപ്പുറത്ത്, ചങ്ങമ്പുഴ,_ _തോപ്പിൽഭാസി, വൈക്കം_, _സുരേന്ദ്രൻ, വത്സല_,
_മുട്ടത്ത് വർക്കി, കാനം_ , _ബഷീർ, കാക്കനാടൻ_, _ശ്രീകുമാരൻതമ്പി_, _മാധവ്,_ _കെ.ടി. മുഹമ്മദ്, എംടി,_
_എൻ,പി.മുഹമ്മദ്_ _ലളിതാംബിക അന്തർജനം_
_തിക്കൊടിയൻ,_
_കെ.ജി. സേതുനാഥ്,_ _സിഎൽ ജോസ്,__പമ്മൻ_
_വിവേകാനന്ദൻ,,_
_മലയാറ്റൂർ_,_
_എൻ എൻ പിഷാരടി_
_മൊയ്തു പടിയത്ത്_ തുടങ്ങിയവരുടെ കൃതികൾ ചലച്ചിത്രമായപ്പോൾ കാതലായ വേഷങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തിനായിരുന്നു ഏറെ ഭാഗ്യം സിദ്ധിച്ചത്.

*ഗാനഗന്ധർവ്വൻ* _യേശുദാസ്_ ആദ്യമായി നാലുവരികൾ പാടിയത് നിത്യനായകന്റെ *കാല്പാടുകൾ* എന്ന ചിത്രത്തിലായിരുന്നല്ലോ. സത്യം പറഞ്ഞാൽ ദാസിന്റെ വളർച്ച അദ്ദേഹത്തിന്റെ  ചുണ്ടനക്കത്തിന്റെ സൗന്ദര്യത്തിലൂടെയായിരുന്നു.
*അസ്സേ* എന്നു പ്രിയപ്പെട്ടവരെ മാത്രമല്ല പരിചയമുള്ള എല്ലാവരെയും സംബോധന ചെയ്തു തുടങ്ങിയതും ദാസ്സിൽ നിന്നായിരുന്നു.

ഒരു നീണ്ടകാലയളവ്
മലയാളി കുടുംബങ്ങൾ ഒന്നടങ്കമായാണ് അദ്ദേഹത്തികെ സിനിമകൾ കാണാനെത്തിയിരുന്നത്. ആ സിനിമകൾക്ക് പ്രത്യേകിച്ച് വ്യത്യസ്തതകൾ ഒന്നുമില്ലായിരുന്നു. അഭിനയത്തിനോ ഡയലോഗ് അവതരണത്തിനോ പുതുമയില്ല. എന്നിട്ടും അദ്ദേഹത്തെ കാണാൻ, പ്രണയിക്കുന്നതും പാടുന്നതും കാണാൻ, വില്ലനെ
അടിച്ചുതോല്പിക്കുന്നത്
കണ്ട് രസിക്കാൻ പ്രേക്ഷകർ കൂട്ടത്തോടെയെത്തി. ഫോർമുല  സിനിമകളായിരുന്നു അവ.
ഭാരതീയ കുടുംബസങ്കല്പവുമായി ബന്ധപ്പെട്ട യാഥാസ്ഥിതിക ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു അവയിൽ ഭുരിപക്ഷവും.

*ഗിന്നസ് ബുക്ക്സ് ഓഫ് ലോക റിക്കോർഡുകൾ* എന്ന പുസ്തകത്തിന്റെ സിനിമ സാംസ്ക്കാരിക മേഖലകളിലെ വിവരങ്ങൾ കുറിക്കുന്ന ഭാഗത്ത് അദ്ദേഹത്തിന്റെ പേരിലുളള നാല് വ്യത്യസ്ത അത്ഭുതങ്ങൾ ആർക്കും ഭേദിക്കാനായിട്ടില്ല.

(1)ഏറ്റവുമധികം ചിത്രങ്ങളിൽ പ്രധാന വേഷമഭിനയിച്ച നടൻ

(2)ഒരു നായികയോടൊപ്പം നായകനായി 107 ചിത്രങ്ങൾ.

(3)വ്യത്യസ്ത നായികമാരുമായി നായകവേഷത്തിൽ എൺപത്തഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

(4)1974 ൽ 39 ചിത്രങ്ങളിൽ നായകൻ.

1975 ലെ എക്കാലത്തേയും അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ്
*പിക്നിക്* എന്ന ചിത്രത്തിന്റെ  ഷൂട്ടിംഗ് *കോട്ടുർ കാപ്പുകാട്*  തുടങ്ങി.
 _എഞ്ചിനിയറിംഗ് സ്റ്റുഡന്റായ_ *രാജന്റെ* കഥാപാത്രത്തിന് വേഷമൊരുക്കാൻ *നെടുമങ്ങാട് ഗോപീ ഡ്രസ്സസിൽ* പാകത്തിന്  തുന്നിയെടുക്കാൻ അളവ് നല്കാൻ എത്തിയ താരത്തിനെക്കാണാൻ ജനങ്ങൾ തടിച്ചുകൂടി.
പിറ്റേന്ന് ഫോട്ടോസ ഹിതം _കൗമുദി_ പത്രത്തിൽ വാർത്തവന്നതും ഇവിടെ സ്മരിക്കുന്നു.

*കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (എം)* യുടെ _പതിമൂന്നാം കോൺഗ്രസ്സ്_
ഇഥംപ്രഥമമായി 1988 ഡിസംബർ 1989 ജനുവരി മാസങ്ങളിൽ _തിരുവനന്തപുരത്ത്_ ചേർന്നു *കനകക്കുന്നിലെ* വേദികളിൽ കലാപരിപാടികൾ സിനിമാപ്രദർശനം എന്നിവ നടന്നെങ്കിലും അദ്ദേഹം വിപ്ലവാവേശം പകർന്ന കഥാപാത്രങ്ങളായി അഭിനയിച്ച ഒരൊറ്റച്ചിത്രം പോലും പ്രദർശിപ്പിച്ചില്ല.
എന്തിനേറേ  *മൂലധനം* *കൊടുമുടികൾ* ഈ ചിത്രങ്ങളിലെ
""ഓരോതുള്ളി ചോരയിൽ നിന്നും"",
""ഇങ്ക്വിലാബിൻ മക്കൾ ഞങ്ങൾ"" ഈ ഗാനങ്ങൾ ഉച്ചഭാഷിണിയിലൂടെ അലയടിപ്പിക്കാനും മറന്നു

പ്രശസ്തനാണെങ്കിൽപ്പോലും ഒരാൾക്ക് ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയണമെന്നില്ല. ഒരു ജീവിതം മറ്റുള്ളവരെ സ്വാധീനിക്കുന്നതാകണമെങ്കിൽ കർമ്മമേഖല ഉയർന്ന അംഗീകാരമുള്ളതായാൽ പോരാ. അയാളുടെ
സാമൂഹ്യ ഇടപെടലുകൾ ഉത്കൃഷ്ടമായിരിക്കണം.
അദ്ദേഹത്തിന്റെ മതം സിനിമയായിരുന്നു. അഭിനയമായിരുന്നു ജാതി. മഹാനടനായിരുന്നില്ല.പക്ഷേ മഹാനായ മനുഷ്യനായിരുന്നു.
മറ്റുള്ളവരുടെ വിഷമങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു.
സാമ്പത്തിക വിഷമങ്ങൾ അനുഭവിക്കുന്നവരെ  കൈയയച്ചു സഹായിച്ചു.
കൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ കൈവിറച്ചിരുന്നില്ല. കരുണാകടാക്ഷത്തിന്റെ കഥകൾ അനന്തമാണ്.

1982  ൽ *കിടങ്ങൂരിനെ* രാഷ്ടീയത്തിൽ തഴച്ചുവളരാൻ അനുവദിക്കാതെ കുതന്ത്രങ്ങൾ മെനഞ്ഞ് ഒതുക്കിയ  അന്നത്തെ മുഖ്യമന്ത്രി *കരുണാകരൻ* താരത്തിന്റെ  കക്ഷിരാഷ്ട്രീയ പ്രവേശനത്തിനും വിഘാതം സൃഷ്ടിച്ചു.. 1983 ജനുവരിയിൽ രാഷ്ട്രം അദ്ദേഹത്തിന് *പത്മഭൂഷൺ*  നല്കി ആദരിച്ചു. അതേവർഷം മാർച്ചിൽ ചിറയിൻകീഴ് പൗരാവലിയും
സിനിമാമേഖലയിലെ
സമസ്തരും ചേർന്നൊരുക്കിയ  നാടിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടുള്ള  സ്വീകരണം നല്കിയിരുന്നു.

പ്രശസ്ത
സാഹിത്യവിമർശകനും *കലാകൗമുദി* വാരികയിൽ _സാഹിത്യവാരഫലമെന്ന_ പംക്തിയുടെ
കർത്താവുമായിരുന്ന
*എം കൃഷ്ണൻനായർ*  ആഴ്ചപ്പതിപ്പിൽ എഴുതിയ *അടൂർ ഭാസി* മറനീക്കിയ _"ഒരു കടപ്പാടിന്റെ ഓർമ്മ"_ , വായനക്കാരുടെ മിഴികളീറനാകുന്നവിധത്തിയിരുന്നു. എത്ര പ്രഗത്ഭരായ വ്യക്തികളെയും വിമർശനബുദ്ധ്യാ ഏങ്കോണിച്ച് വീക്ഷിക്കാൻ മത്സരിക്കുന്ന  _പ്രൊഫസ്സറും_ നമ്രശിരസ്ക്കനായി മാറി.

ജയറാം നായകനായി അഭിനയിച്ച
_പിആർ നാഥന്റെ_ നോവൽ *ധ്വനി,* മോഹൻലാലിന്റെ
*ലാൽ അമേരിക്കയിൽ* എന്നീ ചിത്രങ്ങൾ നഗരത്തിൽ പ്രദർശിപ്പിക്കുമ്പോഴാണ് നിത്യഹരിതനായകന്റെ ഭൗതികശരീരം മദ്രാസിൽനിന്നും തലസ്ഥാനത്തെത്തുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹവും അങ്ങിനെയായിരുന്നു.
1989 ജനുവരി 16 തിങ്കളാഴ്ച  സംസ്ഥാനത്ത്  പ്രസിദ്ധീകരിച്ച പത്രങ്ങളിൽ
_കേരളകൗമുദി_ സിറ്റി പതിപ്പിൽ മാത്രമായിരുന്നു
സമ്പൂർണ്ണമായ ചരമവാർത്തയുണ്ടായിരുന്നത്..
അദ്ദേഹമായിരിക്കും മലയാളത്തിലെ എക്കാലത്തേയും
*നിത്യഹരിതനായകൻ*.
താരങ്ങളും സൂപ്പർതാരങ്ങളും അതിന്പിന്നും ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹത്തെപ്പോലെ
സ്ത്രീ പുരുഷ ഭേദമെന്യേ ഇത്രയും നീണ്ടകാലം ആരാധന ലഭിച്ഛിട്ടുള്ള മറ്റൊരു താരമില്ല. മാത്രമല്ല ഒരു നായകനടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ കാലഘട്ടത്തിന്റെ ദൈർഘ്യത്തെയും നേട്ടങ്ങളേയും മറ്റൊരു താരത്തിന് ഇനിവരുന്നകാലത്ത് മറികടക്കാനും കഴിയില്ല.

മുപ്പത് സംവത്സരങ്ങളായി അദ്ദേഹം പാടി അഭിനയിച്ച ഒരു ഗാനം ശ്രവിക്കാതെയോ ഏതെങ്കിലും ഒരു ചാനലിൽ പ്രേമാനുരാഗന്റെ ചിത്രം സംപ്രേഷണം ചെയ്യാത്ത ദിവസമോ ഉണ്ടായിട്ടില്ല.

*ശാർക്കരേശ്വരിയുടെ* തിരുമുറ്റത്തെ മണലിൽ
ചെറുപ്രായത്തിൽ  കളിച്ചുവളർന്ന പ്രണയനായകൻ ലോകമറിഞ്ഞ ഒരു താരമായപ്പോഴും ദേവിയെ മറന്നില്ല. ഇസ്ലാം മതത്തിൽ ജനിച്ച താരം  ഒരാനയെ വാങ്ങി ദേവിക്ക് സമർപ്പിച്ചു.. ആനയ്ക്കൊരു പേരും നല്കി.
സാക്ഷാൽ...............

അദ്ദേഹം എപ്പോഴും പറയാറുണ്ട്.

*stardom is a not a roses of bed.*

*മനുഷ്യനായ നടന് പ്രണാമം.*

*കെ.ബി.ഷാജി. നെടുമങ്ങാട്*

Comments

Popular posts from this blog

Jan_01_1989/ജി.ശങ്കരപിള്ള

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ