Jan_05_2014/ പി.കെ.ഉദയഭാനു

*വെണ്ണീറാകും വ്യാമോഹമൊരുനാൾ,*
*മണ്ണായ് തീരും ദേഹം.*
*മണ്ണടിയില്ല മഹിയിതിലെങ്ങും*
*നിർമ്മലമാം അനുരാഗം നമ്മുടെ*
*സുന്ദരമാം അനുരാഗം.*

*ചുടുകണ്ണീരാലെൻ ജീവിതകഥ ഞാൻ,*

1962 ൽ *ലൈലാമജ്നു* എന്ന ചിത്രത്തിന് വേണ്ടി
*പി ഭാസ്‌കരന്റെ* വരികൾ, *ബാബുരാജിന്റെ* ഈണത്തിൽ *ഉദയഭാനു* പാടിയപ്പോൾ പലരും കരളുരുകിക്കരഞ്ഞിട്ടുണ്ട്.

*തിരുവനന്തപുരഞ്ഞ* മ്യൂസിയത്തിന് സമീപമുള്ള
ഒരു ഫ്ലാറ്റിലെ കിടപ്പ് മുറി.
കുറെ ട്യൂബുകളാൽ ബന്ധിതനായി നിശ്ചലനും നിശബ്ദനുമായി കിടക്കുന്ന
ശോഷിച്ച രൂപം, "മാദക വ്യാമോഹങ്ങളൊന്നും" മനസ്സിലില്ലാതിരുന്ന
*പാലക്കാട്ടുകാരൻ*
*കിഴക്കെ പൊറ്റ ഉദയഭാനുവാണെന്ന്*
തിരിച്ചറിയാൻ
വളരെ പ്രയാസം. ഒരു വർഷത്തോളമായി പാർക്കിൻസൺമ്പ് രോഗം ബാധിച്ച, ഈ മഹാഗായകന്റെ ദയനീയമായ സ്ഥിതി കാണാനായി ചെന്ന
അദ്ദേഹത്തിന്റെ ഒരടുത്ത ബന്ധു, ഇങ്ങിനെയാണ് ആശ്വസിച്ചത്..
_"ഒരു സുഖ നിമിഷത്തിൻ നിർവൃതിയെങ്കിലും"_
_"ഏകാന്ത കാമുകന്"_
സ്വന്തമായിരുന്നെങ്കിൽ....

"വിഷാദഗായകനായി മുദ്രകുത്തപ്പെട്ടതാണ് എന്റെ ഏറ്റവും വലിയ ശാപം"
ഒരിക്കൽ ഉദയഭാനു സ്വയം
സങ്കടമടക്കിക്കൊണ്ട് പറഞ്ഞതാണ്.
60 ചിത്രങ്ങളിലായി
ഏകദേശം 300 ഗാനങ്ങൾ ആലപിച്ച, "പാടാൻ മറന്നു പോയ മൂകനാം വേഷക്കാരന്റെ"
അന്ത്യരംഗത്തിന്റെ തിരശ്ശീല
വീണത് 2014 ജനുവരി
5 നായിരുന്നു.

"കാനനഛായയിലാട് മേയ്ക്കാൻ"
ഉദയഭാനുവിന്റെ
ഏറ്റവും പ്രശസ്തമായ പാട്ട്,
*രമണൻ* എന്ന ചിത്രത്തിലെ
മലയാളികൾ നെഞ്ചേറ്റിയ
പ്രശസ്തനായ റൊമാന്റിക്
കവി ചങ്ങമ്പുഴയുടെ വരികൾ.
ഒരു പക്ഷേ മലയാളത്തിൽ മറ്റൊരു ഗായകനും ലഭിക്കാത്ത ഭാഗ്യമാകാം
നിസ്സാരനായ ഈ സ്ഥാനക്കാരന്
കൈവന്നത്. ചങ്ങമ്പുഴയുടെ കവിതകൾ സിനിമാപ്പാട്ടുകളാകുകയും മറ്റ് ഗായകർ ആലപിച്ചിട്ടുണ്ടോയെന്നും സംശയമാണ്.
അദ്ദേഹത്തോടൊപ്പം
എത്രയെത്ര ഗായികമാരാണ്
വിവിധ വേദികളിൽ കൂടെപ്പോയിരിക്കുന്നത്?.!!..
_ഇടയനായ രമണൻ_ എന്നും ഉദയഭാനു തന്നെ.
*പി.ലീലയെന്ന* _ഉജ്ജയിനിയിലെ_ ഗായികയെത്തുടർന്ന്
വിവിധവേദികളിൽ നൂറോളം ഗായികമാർ അദ്ദേഹത്തോടൊപ്പം ഈ ഗാനം പാടി അത്ഭുതപ്പെടുത്തിയിരിക്കുന്നുഏറ്റവുമൊടുവിൽ
റിമി ടോമിയും.

*താമരത്തുമ്പീ വാ*
*താരാട്ട് പാടാൻ വാ*

ആലപിച്ച ഗാനങ്ങളുടെ മാധുര്യം കൊണ്ട് സംഗീതാസ്വാദകരുടെയെല്ലാം മനംകവർന്ന കെപി ഉദയഭാനു എന്ന ഗായകൻ ജനിച്ചത്
1936 ജൂൺ 6 ന് *പാലക്കാട്* ജില്ലയിലെ _തരൂരിലാണ്._ അച്ഛൻ _എൻ.എസ്. വർമ്മ,_ അമ്മ _അമ്മുനേത്യാരമ്മ._ സ്വാതന്ത്ര്യസമരസേനാനിയും *മാതൃഭൂമി*
സ്ഥാപകപത്രാധിപരുമായ
*കെപി കേശവമേനോൻ* അമ്മാവനാണ്.

*തങ്കം തങ്കം നമുക്ക് കിട്ടി,*
*തങ്കം കൊണ്ടൊരു മണിമേട.*

ചെറുപ്പത്തിലേ സംഗീതവാസനയുള്ള കുട്ടിയായിരുന്നു ഉദയഭാനു. അച്ഛന് *സിംഗപ്പൂരിൽ* ബിസിനസ്സ് ആയിരുന്നതിനാൽ കുട്ടിക്കാലം അവിടെയായിരുന്നു. ഏഴ് വയസ്സായപ്പോൾ അമ്മയെ നഷ്ട്ടപ്പെട്ടു. അമ്മയുടെ മരണശേഷം 1944 ൽ സഹോദരങ്ങൾക്കൊപ്പം കേരളത്തിലേക്ക് തിരിച്ചു വന്നു. പാലക്കാട്, അമ്മാവനായ
കെപി അപ്പുക്കുട്ടമേനോന്റെ ശിക്ഷണത്തിലാണ് പിന്നീട് കഴിഞ്ഞിരുന്നത്. സംഗീതം പഠിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ച ഉദയഭാനു, തന്റെ കുടുംബാഗങ്ങളുടേയുംകൂടി പ്രോത്സാഹനത്താൽ *കല്പാത്തിയിലെ* ത്യാഗരാജ വിദ്യാലയത്തിൽ ചേർന്നു. അവിടെ
*എംഡി രാമനാഥൻ,*
*ഫ്ലൂട്ട് കൃഷ്ണയ്യർ,* *പാലക്കാട് മണി അയ്യർ* തുടങ്ങിയ പ്രഗല്ഭരുടെ കീഴിൽ സംഗീതം പഠിക്കാൻ തുടങ്ങി.
ഒന്ന് രണ്ട് വർഷങ്ങൾകൂടി
എംഡി രാമനാഥന്റെ കീഴിൽ സംഗീതം അഭ്യസിച്ച്, ക്ലാസ്സിക്കൽ സംഗീതം കൊണ്ട് തന്റെ സംഗീതജീവിതത്തിന് അടിത്തറ പാകി.

*സോജാ രാജകുമാരി സോജാ*
*സോജാ മേം ബലിഹാരി സോജാ*

*കിദാർശർർമ്മയുടെ* വരികളിലൂടെ,
*പങ്കജ് മല്ലിക്കിന്റെ* ഈണത്തിലൂടെ,
സ്വയംമറന്ന് ഒഴുകി ഇറങ്ങുകയാണ് *കോഴിക്കോട് അബ്ദുൽഖാദർ,*
മുന്നിലെ പുരുഷാരം
ആ ശബ്ദഗാംഭീര്യത്തിൽ ലയിച്ച് തരിച്ചിരിക്കുന്നു, ഏതോ സ്വപ്നത്തിലെന്നപോലെ.
കെപി ഉദയഭാനു എന്ന ഗായകന്റെ ശൈശവസ്മരണകളെ ദീപ്തമാക്കുന്ന അനേകമനേകം ചിത്രങ്ങളിലൊന്ന്. "മറക്കാനാവില്ല,
കോട്ടമൈതാനത്തെ ആ സന്ധ്യ.
ജീവിതത്തിലാദ്യമായി ഒരു പ്രശസ്ത ഗായകനെ നേരിൽ കാണുകയായിരുന്നു. കേൾക്കുകയും.
*സൈഗാളിന്റെ* വിഖ്യാതമായ 
സോജാരാജകുമാരി ഖാദർക്ക പാടിത്തീർന്നപ്പോൾ സദസ്സിൽ
നിന്നുയർന്ന കരഘോഷം
ഇന്നും കാതിൽ മുഴങ്ങുന്നു."

പാലക്കാട് "വിദ്യാ വിനോദം പരമേശ്വരയ്യർ" ഹൈസ്കൂളിൽ സ്കൂൾ
ഫൈനൽ വിദ്യാർഥിയാണ്
അന്ന് ഭാനു.
പതിനഞ്ചോ പതിനാറോ വയസ്സേ പ്രായം വരൂ.
ഗാനമേളയുണ്ടെന്നറിഞ്ഞ് ഓടിച്ചെന്നപ്പോൾ സൂചികുത്താനിടമില്ലാത്തവിധം ജനപ്രളയം.
ദൂരെ സ്റ്റേജിൽ ഒരു പൊട്ടുപോലെ _അബ്ദുൽഖാദർ._
ജനസാഗരത്തിനിടയിലൂടെ
നുഴഞ്ഞ് കയറി സ്റ്റേജിന്റെ മുന്നിലെത്തി. പ്രിയഗായകനെ  അന്തം വിട്ട് നോക്കി നിന്ന നിമിഷങ്ങൾ.......
ഇന്നലെയെന്നവണ്ണം
ഓർക്കുന്നു ഉദയഭാനു.
1989 ൽ *ദൂരദർശനിൽ,*
ഒരഭിമുഖത്തിൽ
ഭാനു, വളരെയേറെ സമയമെടുത്ത്
പ്രേക്ഷകരോട് പങ്ക് വച്ച
കാര്യങ്ങളാണ്.
1977 ൽ ഖാദർ അന്തരിക്കുന്നത്.
മരിക്കുന്നതിന് കുറച്ചുനാൾ മുൻപ് മുമ്പ് തിരുവനന്തപുരത്ത് ജഗതിയിലെ വസതിയിൽ ഉദയഭാനുവിനെ കാണാൻ വന്നതും തിരുവനന്തപുരം  റേഡിയോനിലയത്തിൽ ലളിതഗാനങ്ങൾ അവതരിപ്പിക്കാൻ ശുപാർശ ചെയ്യണമെന്നും
ഖാദർ അഭ്യർത്ഥിച്ചിരുന്നുവത്രേ.

*വസന്തസുന്ദര വനവീഥികളിൽ*
*മലരുകൾ നുള്ളാൻ പോയ്..*

1955 ൽ *കോഴിക്കോട്* ആകാശവാണിയിൽ അനൗൺസറായി ജോലിയിൽ പ്രവേശിച്ചു. ആകാശവാണിയിൽ
*പി ഭാസ്ക്കരൻ,*
*കെ രാഘവൻ,*
*തിക്കൊടിയൻ,*
*ശാന്താ പി നായർ,*
*കെ പത്മനാഭൻനായർ*
*കെ.എ. കൊടുങ്ങല്ലൂർ,*
*ഉറൂബ്* തുടങ്ങി ഒട്ടനവധി പ്രതിഭകളുമായി അടുത്തിടപഴകുവാനും സഹകരിച്ച് പ്രവർത്തിക്കുവാനുമുള്ള സാഹചര്യം ഭാനുവിന് ലഭിച്ചു.
ഈ സൗഹൃദമാണു് ചലച്ചിത്രപിന്നണി ഗാനരംഗത്തേയ്ക്ക് ഉദയഭാനുവിനെ നയിച്ചത്. 1958 ൽ ഭാസ്ക്കരൻ
രചിച്ച് രാഘവൻ  സംഗീതസംവിധാനം നിർവ്വഹിച്ച *‘നായരുപിടിച്ച പുലിവാല്"*’ എന്നചിത്രത്തിൽ
_‘എന്തിനിത്ര പഞ്ചസാര...’,_
എന്ന ഗാനം *സത്യന്* വേണ്ടി
ഉദയഭാനു പാടുകയുണ്ടായി.
സത്യനും രാഗിണിയും ചേർന്നഭിനയിച്ച മറ്റൊരു ഗാനരംഗമാണ്
"വെളുത്ത പെണ്ണേ
വെളുത്ത പെണ്ണേ
മനസ്സിലെന്താണ്?"
ഉദയഭാനുവും പി ലീലയും ചേർന്നാണ് സർക്കസ്സ്കാരുടെ
കഥ പറഞ്ഞ ചിത്രത്തിലെ
രണ്ടാമത്തെ ഗാനം   ആലപിച്ചത്.
ആദ്യഗാനങ്ങൾ തന്നെ ഹിറ്റായതോടെ ഉദയഭാനു എന്ന ഗായകൻ ശ്രദ്ധേയനായി. പിന്നീടങ്ങോട്ട് സംഗീതാസ്വാദകരുടെ മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞ ഒട്ടനവധി ഗാനങ്ങൾ അദ്ദേഹത്തിന്റെ ശബ്ദമധുരിമയിൽക്കൂടി പിറന്നു.

*കതിർചൂടും പുന്നെല്ലിൻ മർമ്മരമോ?*
*കരളിലെ പുളകത്തിൻ മൃദു മന്ത്രമോ?*

1976 ൽ കെ തങ്കപ്പൻ സംവിധാനം ചെയ്ത
*സമസ്യ* എന്നചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം ചെയ്തുകൊണ്ടു് സംഗീത സംവിധാനരംഗത്തേയ്ക്കും പ്രവേശിച്ചു.
ഈ ചിത്രത്തിലെ ചില ഗാനങ്ങൾ ശ്രീ ശ്യാം ആയിരുന്നു ചിട്ടപ്പെടുത്തിയത്. സമസ്യയിലെ
*ഒഎൻവി കുറുപ്പ്* രചിച്ച് യേശുദാസ് പാടിയ
"കിളിചിലച്ചു കിലുകിലെ
കൈവള ചിരിച്ചു..." എന്ന ഗാനം എക്കാലത്തേയും ഹിറ്റ് ഗാനമാണ്.
ഏത് മധുരമൊഴിയും കാതോർത്തു നിന്ന് നുകരും.
1989 ൽ ദുബായ് ആസ്ഥാനമായുള്ള *തോംസൺ മ്യൂസിക്സ്* പുറത്തിറക്കിയ
_ഒഎൻവി കവിതകൾ-_ _ആലാപനം
ശ്രീ യേശുദാസ്,_
എന്ന ആഡിയോ കാസ്സറ്റിലെ
22 ഗാനങ്ങളിൽ സമസ്യയിലെയും
മയിൽപ്പീലിയിലെയും
ഗാനങ്ങളാണ് ഉദയഭാനുവിന്റേതായി
ഉൾപ്പെടുത്തിയിരുന്നത്

*ഇന്ദു സുന്ദര സുസ്മിതം തൂകും*
*കുഞ്ഞു മുല്ലയെ മാറോട് ചേർക്കും*
മയിൽപ്പീലി എന്ന ചിത്രത്തിലെ
മനോഹരമായ ഗാനം.
കൂടാതെ മറ്റ് നാലഞ്ച് ചിത്രങ്ങൾക്കും, ധാരാളം ആൽബം ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ശ്രദ്ധിക്കപ്പെട്ട അനവധി ദേശഭക്തിഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്..

38 വർഷത്തോളം അദ്ദേഹം ആകാശവാണിയിൽ ജോലിചെയ്തിട്ടുണ്ട്. *ഊട്ടിയിലെ* ലോറൻസ് സ്കൂളിൽ കുറച്ചുനാൾ സംഗീതാദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചലച്ചിത്ര പിന്നണിഗാനാലാപനരംഗത്തുനിന്നും അത്ര സജീവമാകാതെ പതുക്കെ പിൻ‌വലിഞ്ഞ ശേഷം, 1984-ൽ, കാലത്തിന്റെ മറവിയിലേക്കു് പിന്തള്ളപ്പെട്ടുപോയ പഴയകാല ഗായകരേയും പുതിയ തലമുറയിലെ ഗായകരേയും ഒന്നിച്ച്‌
അണിനിരത്തിക്കൊണ്ടു് അദ്ദേഹം വിഭാവനം ചെയ്ത്
തിരുവനന്തപുരത്ത് ആരംഭിച്ച *‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’* എന്ന സംരംഭവും, *ഉദയഭാനു ഫൗണ്ടേഷനും* മലയാളത്തിലെ കലാസാംസ്‌ക്കാരികരംഗത്ത്
ഇന്നും സജീവമാണ്.
തന്റെ ഗാനമേള ട്രൂപ്പുമായി ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, സിങ്കപ്പൂർ, മറ്റ് വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ സംഗീതപരിപാടികളുമായി ധാരാളം യാത്ര ചെയ്തിട്ടുണ്ട്.

*സഖീ വിരിഞ്ഞ് ജീവനിലേതോ*
*കമല വിഷാദം കല്പാന്തകാലം.*

ഉദയഭാനുവിനെ 2009-ല്‍ രാജ്യം *പത്മശ്രീ* നല്‍കി ആദരിച്ചു.1982 ൽ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചിട്ടുണ്ട്.
1987 ൽ കേരളസംഗീതനാടക അക്കാദമി അവാർഡ്,
1995 ൽ സംഗീതത്തിലെ സമഗ്രസംഭാവനയ്‌ക്കുള്ള ദേശീയപുരസ്‌കാരം,
1999ൽ കേരളത്തിലെ ബ്രോഡ്‌കാസ്റ്റിങ്ങ് രംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള ആകാശവാണിയുടെ ദേശീയ പുരസ്‌കാരം, ഡോക്യുമെന്ററി സം‌ഗീതത്തിനുള്ള ദേശീയ പുരസ്കാരം
(സന്തോഷ് ശിവന്റെ മിത്ത് ഓഫ് ദി ട്രീ,സെർപെന്റ് മദർ എന്നീ ഡോക്യുമെന്ററികളിലെ സംഗീതത്തിനു്) തുടങ്ങിയ ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ടു്.
ഗായകൻ കോഴിക്കോട് അബ്ദുൽ ഖാദറിന്റെ പേരിൽ  ഏർപ്പെടുത്തിയ ആദ്യ പുരസ്കാരവും ഉദയഭാനുവിനാണ് ലഭിച്ചത്.

*കാൽപ്പാടുകൾ* എന്ന ചിത്രത്തിൽ സംഗീത സംവിധായകൻ,
*എംബി ശ്രീനിവാസൻ*
യേശുദാസ് എന്ന ഗായകനെ മലയാള സിനിമാ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്
ഉദയഭാനുവിന്റെ സമ്മതത്തോടെയാണ്.
*ഗുരുദേവന്റെ* സൃഷ്ടിയായ
*ജാതിഭേദം മതദ്വേഷം* എന്ന വരികൾ ദാസ്
പാടുന്നത്
ഉദയഭാനുവിന്റെ മുന്നിൽ നിന്നുകൊണ്ടായിരുന്നു.
ഒരു ചെറിയ വിഘാതം
തന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കിൽ
300 പാട്ടുകൾ ആലപിച്ചതിന്റെ
നൂറിരട്ടി എന്ന റെക്കോർഡ് ഗാനഗന്ധർവ്വന്
ഉണ്ടാകുമായിരുന്നോ?

*അനുരാഗനദിയിലലിയുമ്പോൾ*
*കാണുന്ന*
*കനകക്കിനാവുകളുണ്ടോ?*

അദ്ദേഹത്തിന്റെ പത്നി, ഒരു ഗായികയും കൂടിയായിരുന്ന  വിജയലക്ഷ്മി 2007 ൽ മരിച്ചു. ഏകപുത്രൻ രാജീവ്. രാജീവിന്റെ ഭാര്യ സരിത. പേരക്കുട്ടി ഉണ്ണിക്കുട്ടൻ എന്നിവർക്കൊപ്പം തിരുവനന്തപുരത്തായിരുന്നു
അദ്ദേഹം താമസിച്ചുവന്നിരുന്നത്.
മ്യൂസിയത്തിനടുത്തുള്ള വസതിയിൽ അവസാന കാലത്ത് ആളുകളെ തിരിച്ചറിയാനാകാത്തവിധം
കണ്ണീർക്കണികകൾ മാത്രം
പൊഴിച്ച് കഴിഞ്ഞിരുന്നു.
സീനിയറും സഹഗായകനുമായ
*എഎം രാജ*  വള്ളിയൂർ സ്റ്റേഷനിൽ ടെയിനിനടിയിൽപ്പെട്ട്
അന്ത്യയാത്രയായതിന് ശേഷമേറ്റ മാനസികാഘാതം
പിന്നീടുള്ള കാലത്ത് പൂർണ്ണമായും വിട്ടിരുന്നില്ല.

*എല്ലാർക്കും എപ്പോഴും എല്ലാം തികഞ്ഞാൽ*
*സ്വർലോകത്തിനെ വെറുക്കില്ലേ?*
*നമ്മൾ സ്വർലോകത്തിനെ വെറുക്കില്ലേ.?*

*കെ.ബി. ഷാജി നെടുമങ്ങാട്‌.*

Comments

Popular posts from this blog

Jan_01_1989/ജി.ശങ്കരപിള്ള

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ