Dec_31_196l/ ടി.എം വർഗീസ്

*തിരുവിതാംകൂറിൽ ചിത്തിരതിരുനാൾ ബാലരാമവർമ്മ* നാടുവാഴുന്ന കാലം. രാജാവിനെ ഉപദേശിക്കാൻ _ബ്രിട്ടീഷ് വൈസ്രോയിയുടെ_ നിർദ്ദേശാനുസരണം നിയുക്തനായ മദിരാശിയിൽ നിന്നെത്തിയ
*സർ സിപി രാമസ്വാമിഅയ്യർ,* രാജഭരണത്തിലേർപ്പെടുകയും
ഒരു സേച്ഛാധിപതിയായി കിരാതഭരണത്തിലൂടെ പ്രജകൾക്ക് വൈഷമ്യങ്ങളും ദുരിതങ്ങളും സമ്മാനിച്ചിരുന്ന കാലം. 

ഉത്തരവാദിത്വ ഭരണം വേണമെന്ന അഭിമാനികളായ രാഷ്ട്രീയ പ്രവർത്തകരുടെ ശക്തമായ പ്രക്ഷോഭങ്ങൾ തിരുവനന്തപുരത്ത് നടക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ *കൊല്ലം* നഗരത്തിൽ പ്രഗത്ഭലനായ ഒരഭിഭാഷകനുണ്ടായിരുന്നു.പ്രാക്ടീസ് തുടങ്ങിയ വർഷത്തിൽത്തന്നെ പ്രശസ്തനും എതിരാളികളുടെ പേടിസ്വപ്നവുമായ വക്കീൽ, അഭിഭാഷകവൃത്തിയിൽ നിന്നും പണം വാരിക്കൂട്ടിയ അദ്ദേഹം തന്റെ
അതിമനോഹരമായ വിദേശകാറിലല്ലാതെ പട്ടണത്തിലുടെ സഞ്ചരിച്ചിരുന്നില്ല.
എന്നാൽ ഏതാനും വർഷത്തിനകം
*മദിരാശി* നഗത്തിലെ
ടൗൺബസിൽ സഞ്ചരിക്കാൻ പണമില്ലാത്തതിനാൽ മൈലുകളോളം നടക്കേണ്ടി വരുന്ന സ്ഥിതിയിലേക്ക് അദ്ദേഹം മാറി.
പക്ഷെ അപ്പോഴേക്കും കൊല്ലം നഗരത്തിൽ അഭിഭാഷകൻ എന്ന നിലയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന അദ്ദേഹത്തിന്റെ പ്രശസ്തി മലയാളികളുളള ദേശങ്ങളിലെല്ലാം വ്യാപിച്ചിരൂന്നു.
*തിരുവിതാംകൂറിൽ*
സി.പി. രാമസ്വാമിഅയ്യരുടെ കിരാത ഭരണത്തിനെതിരെ പോരാടുന്ന    രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകരിലൊരാളും തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയമന്ത്രിസഭയിൽ അംഗവുമായിരുന്ന
*ടി.എം വർഗീസാണത്*
തികഞ്ഞ രാഷ്ട്രീയക്കാരനായി  മദിരാശിയിൽ സത്യാഗ്രഹത്തിന് പോയ നാളുകളിലാണ് നഗരത്തിലൂടെ കാൽനട വേണ്ടിവന്നത്.

1885  ഏപ്രിൽ 22 ന് *കായംകുളം* പള്ളിയ്ക്കൽ ഗ്രാമത്തിൽ _തണ്ടാനത്ത് മത്തായി മാപ്പിളയുടേയും  മറിയാമ്മയുടേയും_ മകനായി ജനിച്ച _വർഗീസിന്_ മുന്ന് സഹോരന്മാരും മുന്ന് സഹോദരിമാരും ഉണ്ടായിരുന്നു. എന്നാൽ ബാല്യകാലത്തെ വർഗ്ഗീസിനെ സ്വാധീനിച്ചത് ഇവരാരുമായിരുന്നില്ല. കൊല്ലം കോടതിയിലെ അഭിഭാഷകനും അമ്മാവനുമായ
*പി.കെ. ജോൺ* വക്കീലായിരുന്നു.. തനിക്കിഷ്ടമില്ലാത്ത എന്തിനെയും ആക്രമിച്ച അദ്ദേഹം
നിയമസഭാസാമാജികൻ എന്ന നിലയിലും പ്രശസ്തനായിരുന്നു.
_കറ്റാനം, മാവേലിക്കര, കോട്ടയം_ എന്നിവടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം *തിരുവനന്തപുരത്ത്* നിന്ന് ബിഎ. പാസ്സായ വർഗീസ്, കുറച്ചുകാലം ക്ലാർക്കായും അധ്യാപകനായും
ജോലിചെയ്തു.
എന്നാൽ അമ്മാവനോടുള്ള ആരാധനകൊണ്ടാകണം തന്റെ ജീവിതം നിയമത്തിന്റെ വഴിക്കാണെന്ന് തിരിച്ചുറിഞ്ഞ അദ്ദേഹം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ബി.എൽ പാസായി. കൊല്ലം കോടതിയിൽ അമ്മാവന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു.

ചുരുങ്ങിയ കാലംകൊണ്ട്  പ്രശസ്തനായ അദ്ദേഹം ആദ്യമാസങ്ങളിൽത്തന്നെ അന്നത്തെ  മൂന്നൂറു രൂപയോളം ഫീസ് വാങ്ങിയിരുന്നു. രാഷ്ട്രീയ കാര്യങ്ങളിലൊന്നും
ശ്രദ്ധയില്ലാതെ അഭിഭാഷകവൃത്തിയിൽ അർപ്പിച്ചാണ് അദ്ദേഹം  അക്കാലം കഴിച്ച്കൂട്ടിയത്. കോടതിമുറിയിൽ ഒരു പ്രകാശഗോപുരംപോലെ ഉയർന്ന്നിന്നിരുന്ന അദ്ദേഹം ജഡ്ജിയേയോ,
എതിർഭാഗത്തെയോ വകവച്ച്കൊടുക്കുന്ന പ്രകൃതക്കാരനല്ലായിരുന്നു.

അഭിഭാഷക സുഹൃത്തായ
*സി കേശവൻ*, ഫലിതസാമ്രാട്ടായ *ഇവി.കൃഷ്ണപിള്ള,* പത്രപ്രവർത്തകനായ *കെ.സി.മാമ്മൻമാപ്പിള* എന്നിവരാണ് രാഷ്ട്രീയ പ്രവർത്തനത്തിന്‌ വർഗീസിന് വഴികാട്ടികളായത്.
ദിവാൻ *സർ സി.പി.* തിരുവിതാംകൂറിൽ,
ക്രൈസ്തവർ, ഈഴവർ, മുസ്ലീങ്ങൾ എന്നിവരെയും നായന്മാരെയും
സാമുദായികമായി ഭിന്നിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്ന കാലമാണത്.
തിരുവിതാംകൂറിലെ ഈഴവ ക്രൈസ്തവ മുസ്ലിം സമുദായങ്ങൾ
ഒന്നിച്ചുചേർന്ന് സംയുക്ത രാഷ്ട്രീയസഭ ഉണ്ടാക്കിയത് ഇക്കാലത്താണ്.
1933 ഡിസംബറിൽ ചിത്തിരതിരുനാളിനെ സന്ദർശിച്ച് സംയുക്ത രാഷ്ട്രീയസഭയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിക്കാൻ പോയ സംഘത്തിൽ വർഗീസുമുണ്ടായിരുന്നു. 
ആ സമയത്താണ് സി.കേശവൻ *കോഴഞ്ചേരി* പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലാകുന്നത്. അദ്ദേഹത്തിന് വേണ്ടി കോടതിയിൽ വർഗീസ് നടത്തിയ പ്രകടനം ചിരസ്മരണീയമാണ്. വഴക്കിൽ നീതി ലഭിക്കില്ല എന്നറിയാമായിരുന്നിട്ടും കേസിനെ
രാഷ്ട്രീയ പ്രചരണായുധം എന്ന നിലയ്ക്കുപയോഗിക്കാനാണ്. വർഗീസ് തുനിഞ്ഞത്.
പ്രഗല്ഭനായ ആ അഭിഭാഷകൻ  പിന്നീട് രാഷ്ട്രീയത്തിൽ ആണ്ടിറങ്ങുകയും തന്റെ ജോലി ഏതാണ്ടുപേക്ഷിക്കുകയും ചെയതു.
കൊല്ലത്തെ അദ്ദേഹത്തിന്റെ വീട്‌ രാഷ്ട്രീയ ഓഫീസ്  പോലെയായി. ദീർഘയാത്രകളും രാപ്പകലില്ലാത്ത പ്രവർത്തനങ്ങളുമായി നടന്ന വർഗീസ് വീട്ടുകാര്യങ്ങളോ, കുട്ടികളുടെ കാര്യങ്ങളൊ ശ്രദ്ധിച്ചില്ല. സമ്പന്നമായിരുന്ന ആ വീടിന്റെ
നിത്യവൃത്തിക്ക്പോലും തുടർന്ന്  അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം ബുദ്ധിമുട്ടായി മാറി.

1936 ൽ *പത്തനംതിട്ടയിൽ* നിന്ന് നിയമസഭാംഗമായ അദ്ദേഹം *ശ്രീ മൂലം അസംബ്ലിയുടെ* ഡെപ്യൂട്ടി പ്രസിഡണ്ടായി.  തിരുവിതാംകൂറിലെ ജനങ്ങൾക്ക് ഉത്തരവാദിത്വ ഭരണം നല്കണം  എന്നാവശ്യപ്പെടുന്ന പ്രമേയം വർഗീസ് പിന്നീട് സഭയിലവതരിപ്പിച്ചു.

1938 ഫെബ്രുവരിയിൽ *തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്* 
നിലവിൽവന്നു. തുടർന്നുള്ള ഒരു ദശാബ്ദക്കാലം തെക്കൻ കേരളത്തിന്റെ മണ്ണിൽ അഭൂതപൂർവ്വമായ ജനമുന്നേറ്റം നടന്നു.
1947  ജൂലൈയിൽ സി.പി.യെ പിരിച്ചയക്കണമെന്ന് സ്റ്റേറ്റ് കോൺഗ്രസ്സ് പ്രമേയം പാസാക്കി. രണ്ട് മാസത്തിനകം ആക്രമിക്കപ്പെട്ട സി.പി. രാജ്യം വിട്ടുപോയി.

1947 സെപ്തംബറിൽ തിരുവിതാംകൂറിന് പൂർണ ഉത്തരവാദിത്വം അനുവദിച്ചതിനെത്തുടർന്ന്  റിഫോംസ് കമ്മിറ്റിയിൽ  അംഗമായ വർഗീസ് അതിനിടെ രോഗഗ്രസ്തനായി. പത്തനാപുരം മണ്ഡലത്തിൽ കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായ
*പി.ടി. പുന്നൂസിനെ* പരാജയപ്പെടുത്തി 
*പട്ടം* _പ്രധാനമന്ത്രിയായ_ മന്ത്രിസഭയിലംഗമായി.  സി.കേശവനും
മന്ത്രിസഭയിലുണ്ടായിരുന്നു. എന്നാൽ പട്ടവുമായി സ്വരചേർച്ചയില്ലാതെ ഒരു മന്ത്രിയെന്ന നിലയിൽ ശോഭിക്കാനായില്ല. വർഗീസ്സിന്റെ ജീവിതത്തിലെ ഉജ്ജ്വലകാലം ഇതോടെ കൊഴിഞ്ഞു.

*തിരുക്കൊച്ചി* സംയോജനത്തിലൂടെ 
പുതിയരാജ്യം നിലവിൽവന്നു.  *പറവൂർ ടി.കെ. നാരായണപിള്ള* പുതിയ മുഖ്യമന്ത്രി.
വർഗീസ് സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ടികെയുടെ
രാജിക്ക്ശേഷം നിലവിൽവന്ന *ജോൺമന്ത്രിസഭയിൽ* വർഗീസ് ആഭ്യന്തരമന്ത്രിയായി.
1957 ൽ *കമ്യൂണിസ്റ്റ്മന്ത്രിസഭ* അധികാരമേല്ക്കുന്നത് വരെ ആ പദവിയിലിരുന്നു.

സജീവരാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞ് അവസാനകാലം കഴിച്ചുകൂട്ടിയ അദ്ദേഹം സാമ്പത്തികമായി വളരെ  ക്ലേശിച്ചു. മന്ത്രിയായിരുന്ന കാലത്ത് തൊഴിലില്ലാതെ നടന്നിരുന്ന മൂത്തമകന് വഴിവിട്ട് ജോലിവാങ്ങിക്കൊടുക്കാൻ പോലും അദ്ദേഹത്തിന്റെ ധർമ്മബോധം അനുവദിച്ചില്ല.
ഏകാന്തമായ വാർദ്ധക്യത്തിനൊടുവിൽ 1961 ലെ അവസാനദിനം അദ്ദേഹം രാഷ്ട്രീയവും സമ്പത്തും വാർദ്ധക്യവുമില്ലാത്ത ലോകത്തേക്ക് യാത്രയായി.

വർഗീസിനെപ്പോലെയുള്ള രാഷ്ട്രീയസമരഭടന്മാരുടെ പാത പിന്തുടരാൻ വർത്തമാനകാലത്തെ നേതാക്കൾക്കാകുമോ എന്ന് സംശയമാണ്.
തലസ്ഥാന നഗരത്തിലെ *കേശവദാസപുരത്ത്* (കറ്റച്ചൽക്കോണം)    എന്നെന്നും വർഗീസിന്റെ ഓർമ്മയ്ക്കായി സർക്കാർ, 1912 ൽ അദ്ദേഹത്തിന്റെ  വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്
പുതിയ തലമുറയിലെ പൗരന്മാരും ആ നേതാവിന്റെ
ജീവനില്ലാത്ത സ്വരൂപം ദർശിച്ച് മനസ്സിലാക്കട്ടെ....

*കെ.ബി.ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ