Dec_30_1971/ വിക്രം സാരാഭായി

*ഇക്കണ്ട നമ്മിലാർക്കും കടക്കാവാത-*
*ല്ലീക്കടൽ മർക്കട വീരരെ! നിർണ്ണയം.*
*മുന്നം ത്രിവിക്രമൻ മൂന്ന് ലോകങ്ങളും,*
*ഛന്നനായ് മൂന്നടിയായളക്കും വിധൗ.*

*അധ്യാത്മരാമായണം* കിഷ്ക്കിന്ധാകാണ്ഡത്തിൽ "സമുദ്രലംഘനത്തിന് കപികളുടെ ആലോചന" എന്ന
ഭാഗത്ത് *ജാംബവാൻ* എന്ന വാനരൻ കപികളോടായി
പറയുന്നൊരു ഭാഗമാണ്
മേല്പറഞ്ഞത്.

ഇക്കഴിഞ്ഞ സെപ്തംബറിൽ ലോകമാകെയുള്ള ഭാരതീയരെ നിരാശരാക്കിയ ഒരു വാർത്തയും ഉണ്ടായി.
*ചന്ദ്രയാൻ-2* ദൗത്യത്തിന്റെ ഭാഗമായുള്ള
*വിക്രം ലാൻഡർ*
ചന്ദ്രന്റെ ഉത്തര ധ്രുവത്തിൽ
ഇടിച്ചിറങ്ങാൻ 7 കിലോമീറ്റർ ദൂരം മാത്രം ബാക്കിയുള്ളപ്പോൾ
നിയന്ത്രണത്തിനതീതമായി പ്പോയത്രേ.

ഈ കുറിപ്പെഴുതുന്നയാളിന്റെ ബാല്യകാലത്ത്,
എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 8.00 മണിയോടടുപ്പിച്ച് വീട്ടിലെ സർവ്വരും മുറ്റത്തിറങ്ങിനിന്ന്  ആകാശത്തിന്റെ പടിഞ്ഞാറോട്ട് സാകൂതം
നിർന്നിമേഷരായ് നോക്കി നില്ക്കുന്നതും കൃത്യം എട്ട് മണിക്ക്
"അതാ തുമ്പയിൽ നിന്ന് റോക്കറ്റ് പോകുന്നുവെന്ന്"
പറയുന്നതും ഗഗനത്തിലേക്ക് തീപ്പന്തം കുറെദൂരം
ഒഴുകിനീങ്ങി പൊലിഞ്ഞ് പോകുന്നതും കണ്ടിരിക്കുന്നു.
കുറച്ച് നേരം പിന്നെ അത് സംബന്ധിച്ചുള്ള നാട്ടുകാരുടേയും അയൽവാസികളുടേയും വിശ്വസിക്കാൻ കഴിയാത്ത പലതരത്തിലുള്ള വിവരണങ്ങളാണ്.
തുമ്പയിൽ നിന്നും വാണം കുതിച്ച് പൊങ്ങുമ്പോൾ ഇടിയൊച്ചപോലെ ശബ്ദവുമുണ്ടാകാറുണ്ടായിരുന്നു.

പഴയകാലത്ത് പല മത്സരപ്പരീക്ഷകളിലും കാണാറുണ്ടായിരുന്ന സ്ഥിരം ചോദ്യമാണ്
*വിഎസ്സ്എസ്സ്സിയുടെ*
ആസ്ഥാനമെവിടെ സ്ഥിതി ചെയ്യുന്നുവെന്ന്.
ഉദ്യോഗാർത്ഥികളെ വലയ്ക്കാൻ
*ഇസ്രോയുടെ* ആസ്ഥാനവും ചോദിച്ചിട്ടുണ്ട്.
ഉത്തരങ്ങൾ തെറ്റായെഴുതി
അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ടുമുണ്ട്.
എന്തായാലും റോക്കറ്റ് വിക്ഷേപണവും പിഎസ്സ്സി
പഠനത്തിലുമൊക്കെ നിറഞ്ഞ് നിന്നത് മഹാനായ ആ ശാസ്ത്രജ്ഞന്റെ നാമമാണ്.
*വിക്രം സാരാഭായി*

ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക പുരോഗതിയെ ആകാശത്തേക്കുയർത്തിയ അതികായനാണ്
*വിക്രം സാരാഭായി.* ആരും കാണാത്ത സ്വപ്നങ്ങളാണദ്ദേഹം കണ്ടത്. കണ്ട സ്വപ്നങ്ങളെല്ലാം അസാധാരണ പാടവത്തോടെ പ്രാവർത്തികമാക്കുകയും ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതികൾക്ക് തുടക്കം കുറിച്ചത് സാരാഭായിയാണ്. ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രനിലയം സ്ഥാപിച്ചത് അദ്ദേഹമാണ്.  നമ്മുടെ ഉപഗ്രഹ വാർത്താവിനിമയ കേന്ദ്രത്തിന്റേയും റോക്കറ്റ് നിർമ്മാണകേന്ദ്രത്തിന്റേയും
ശില്പിയും അദ്ദേഹം തന്നെ.
അണുശക്തി മേഖലയ്ക്കും വസ്ത്രനിർമ്മാണ വ്യവസായത്തിനും
ഔഷധവ്യവസായത്തിനുമെല്ലാം അതുല്യ സംഭാവനകൾ നൽകിയ ഈ ബഹുമുഖ പ്രതിഭ സംഗീതത്തിന്റേയും നൃത്തത്തിന്റേയും സഹയാത്രികനും തികഞ്ഞ മനുഷ്യസ്നേഹിയുമായിരുന്നു,

*ഗുജറാത്തിലെ* അഹമ്മദാബാദിൽ 1919 ആഗസ്റ്റ് 12 നാണ് വിക്രം
അംബാലാൽ സാരാഭായി ജനിച്ചത്. അച്ഛൻ _അംബാലാൽ സാരാഭായി._
സാമൂഹിക പ്രവർത്തകയായ  _സരളാദേവിയാണ്_ മാതാവ്. സമ്പന്ന വ്യവസായ കുടുംബമായിരുന്നു
സാരാഭായിയുടേത്.
അമ്മ തുടങ്ങിയ വിദ്യാലയത്തിലായിരുന്നു വിക്രം സാരാഭായിയുടെ പ്രാഥമികവിദ്യാഭ്യാസം. ഗുജറാത്ത് കോളേജിൽനിന്ന് 1937 ൽ ഇന്റർമീഡിയേറ്റ്  പാസായി.
ഉപരിപഠനം *ഇംഗ്ലണ്ടിൽ.*
_കേംബ്രിഡ്ജിലെ_
*സെന്റ്ജോൺ* കോളേജിൽനിന്ന് 1949 ൽ പ്രകൃതി ശാസ്ത്രത്തിൽ
ട്രൈപോസ് ബിരുദം നേടി. രണ്ടാംലോകയുദ്ധം തുടങ്ങിയപ്പോൾ ഇന്ത്യയിലെത്തി. *ബാംഗ്ലൂരിലെ* _ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ_
*സിവി രാമന്റെ* കീഴിൽ ഗവേഷണം തുടങ്ങി,

കോസ്മിക് രശ്മികളായിരുന്നു ഗവേഷണ വിഷയം. ബഹിരാകാശത്തുനിന്ന് പുറപ്പെടുന്ന ധാരാളം ഊർജ്ജമടങ്ങിയ കണങ്ങളാണ് കോസ്മിക് രശ്മികൾ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയ നിരീക്ഷണകേന്ദ്രങ്ങളിൽ നിന്ന് കിട്ടിയ വിവരങ്ങൾ ശേഖരിച്ച് അദ്ദേഹം ഭൂമധ്യരേഖാ പ്രദേശത്തെ കോസ്മിക് രശ്മികളെപ്പറ്റി പഠിച്ചു.
യുദ്ധം അവസാനിച്ചതോടെ
1945 ൽ ഇംഗ്ലണ്ടിലേക്ക് മടങ്ങി.
കേംബ്രിഡ്ജിലെ *കാവൻഡിഷ്* ലബോറട്ടറിയിൽ ഗവേഷണം തുടർന്നു. കോസ്മിക് രശ്മികളെപ്പറ്റിയുള്ള പഠനത്തിന് 1947 ൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് കിട്ടി. പില്ക്കാലത്ത് തിരക്കുപിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും
കോസ്മിക് രശ്മികളെ പറ്റിയുള്ള പഠനം സാരാഭായി തുടർന്നു. കോസ്മിക് രശ്മികളുടെ ശക്തിയിലും അളവിലുള്ള മാറ്റം ഭൂമിയിലെ കാലാവസ്ഥയ്ക്ക് അനുസൃതമല്ലെന്നും സൗരോപരിതലത്തിലെ മാറ്റങ്ങളുമായാണ് അതിന് ബന്ധമുള്ളതെന്നും അദ്ദേഹം കണ്ടെത്തി. ഇതിന് ഗണിതശാസ്ത്രപരമായ തെളിവും നൽകി.

ഡോക്ടറേറ്റ് നേടി ഇന്ത്യയിൽ തിരിച്ചെത്തിയ സാരാഭായി തുടക്കത്തിൽ കോസ്മിക്
രശ്മികളെയും വ്യോമ പ്രതിഭാസങ്ങളെയും പറ്റിയുള്ള ഗവേഷണങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്.
എന്നാൽ ഇന്ത്യയുടെ ശാസ്ത്ര, സാങ്കേതിക, വ്യാവസായിക മുന്നേറ്റത്തിന് തുടക്കം കുറിച്ച ഒട്ടനേകം സുപ്രധാന സ്ഥാപനങ്ങളുടെ ശില്പിയാവുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നിയോഗം. തൊട്ടതെല്ലാം പൊന്നാക്കുന്ന
മാന്ത്രികശക്തിയെന്നാലെന്നവണ്ണം സാരാഭായിയുടെ നേതൃപാടവത്തിന് കീഴിൽ ഒന്നൊന്നായി ഉയർന്നുവന്ന സ്ഥാപനങ്ങൾ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.

ശാസ്ത്രഗവേഷണത്തിന് ഒരു സ്ഥാപനം തുടങ്ങുകയാണ് ആദ്യമായി സാരാഭായി ചെയ്തത്.
1947 ൽ അഹമ്മദാബാദിൽ *ഫിസിക്കൽ റിസർച്ച് ലബോറട്ടറി* (പിആർഎൽ) തുടങ്ങുന്നത് അങ്ങനെയാണ്. ശാസ്ത്രവിദ്യാഭ്യാസ മേഖലയിലെ സന്നദ്ധസംഘടനകളും സർക്കാർ വകുപ്പുകളും സാരാഭായി കുടുംബത്തിന്റെ കീഴിലുള്ള ട്രസ്റ്റുകളുമെല്ലാം ഇതിന് സഹായിച്ചു. കാലാവസ്ഥാനിരീക്ഷണ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന മലയാളി ശാസ്ത്രജ്ഞൻ ഡോക്ടർ
*കെ ആർ രാമനാഥൻ*
പിആർഎൽ ന്റെ നടത്തിപ്പിൽ സാരാഭായിക്ക് സഹായവുമായെത്തി.
സാരാഭായിയും രാമനാഥനും ചേർന്ന് പിആർഎൽ നെ വിശ്വോത്തര ഗവേഷണ സ്ഥാപനമായുർത്തി.
1951ൽ *കൊടൈക്കനാലിലും* 1955 ൽ *തുമ്പയിലും*
പിആർഎൽ ന് കീഴിൽ  നിരീക്ഷണാലയങ്ങൾ സ്ഥാപിച്ചു.
പിആർഎൽ ൽ നടന്ന ഗവേഷണങ്ങളിലൂടെയാണ് സാരാഭായി കോസ്മിക്
രശ്മികളെ പറ്റിയുള്ള സുപ്രധാന കണ്ടുപിടിത്തം നടത്തിയത്.
യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ അത്യപൂർവ്വമായ പാടവം പ്രകടിപ്പിച്ചയാളാണ് സാരാഭായി. പില്ക്കാലത്ത് പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞരായി മാറിയ
*യുആർ റാവുവും കസ്തൂരിരംഗനും*
പിആർഎൽ ൽ സാരാഭായിയുടെ ശിഷ്യരായിരുന്നു.

*സോവിയറ്റ് യൂണിയൻ* 1957 ൽ *സ്ഫുട്നിക്ക്*
എന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചതോടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത്.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ചുമതല വിക്രം സാരാഭായിക്കായിരുന്നു അന്ന്. ഇന്ത്യയുടെ
ശാസ്ത്ര ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ
*ഹോമി ജഹാംഗീർ ഭാഭയാണ്* വിക്രം സാരാഭായിയെ ഈ ചുമതലയേല്പിച്ചത്.  സാരാഭായിയുടെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി ബഹിരാകാശ ഗവേഷണത്തിന്റെ ഈറ്റില്ലമായി മാറി.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിനുള്ള *ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച്*
1962 ൽ നിലവിൽവന്നു. സാരാഭായിയായിരുന്നു അതിന്റെ ചെയർമാൻ. സാരാഭായിയുടെ നേതൃത്വത്തിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാനുള്ള ജോലി തുടങ്ങി.
ഭൂമധ്യരേഖയ്ക്ക് അടുത്ത് കിടക്കുന്ന സൗകര്യപ്രദമായ സ്ഥലം എന്ന നിലയ്ക്ക് കേരളത്തിലെ തുമ്പയാണ് അതിന്  തിരഞ്ഞെടുത്തത്.
*തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷ( ടേൾസ്)നിൽ*
നിന്ന് 1963 നവംബർ 21ന് ആദ്യ റോക്കറ്റ് വിക്ഷേപിച്ചു. അമേരിക്കൻ നിർമ്മിത റോക്കറ്റായിരുന്നു ഇത്. സ്വന്തമായി റോക്കറ്റ് ഉണ്ടാക്കാനുള്ള ശ്രമം ഇന്ത്യ അതിന് ശേഷം തുടങ്ങി.
തുമ്പയിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തോട്  ചേർന്ന് "സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സെന്റർ,"
"റോക്കറ്റ് ഫാബ്രിക്കേഷൻ ഫെസിലിറ്റി,"
"പ്രോപ്പല്ലന്റ് ഫ്യുവൽ കോംപ്ലക്സ്" തുടങ്ങിയ സ്ഥാപനങ്ങളും വന്നു. ഇവയെല്ലാം കൂടി പിന്നീട്
*വിക്രം സാരാഭായി സ്പേസ് സെന്റർ* എന്ന് അറിയപ്പെടാൻ തുടങ്ങി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ
(ഐഎസ്സ്ആർഓ) ഏറ്റവും വലിയ യൂണിറ്റ് ആണിത്.
തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന്
1965 ൽ *ഐക്യരാഷ്ട്രസഭ,* രാജ്യാന്തര വിക്ഷേപണ കേന്ദ്രമായി അംഗീകാരം നൽകി. സാരാഭായിയുടെ  നേതൃത്വത്തിൽ പിആർഎൽ ഇന്ത്യയിലെ ബഹിരാകാശ ശാസ്ത്ര ഗവേഷണത്തിന്റെ ആസ്ഥാനമായി മാറി. *അഹമ്മദാബാദിലെ* _ഉപഗ്രഹ വാർത്താവിനിമയ കേന്ദ്രത്തിന്റേയും_ *ശ്രീഹരിക്കോട്ടയിലെ* _ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിന്റേയും_ ശില്പിയും അദ്ദേഹം തന്നെ.
1967 നവംബർ 2 ന് ഇന്ത്യ നിർമ്മിച്ച ആദ്യ റോക്കറ്റ് *രോഹിണി* തുമ്പയിൽ നിന്ന് വിക്ഷേപിച്ചു. ഇന്ത്യ നിർമ്മിച്ച ആദ്യ ഉപഗ്രഹം *ആര്യഭട്ട* 1975 ൽ ഭ്രമണപഥത്തിലെത്തി.

ഹോമി ഭാഭയുടെ മരണത്തെത്തുടർന്ന്
1966 ൽ സാരാഭായി *അണുശക്തി കമ്മീഷൻ* ചെയർമാനായി സ്ഥാനമേറ്റു. ഉപഗ്രഹ വാർത്താവിനിമയരംഗത്ത്
സാരാഭായിയുടെ സേവനം തുടർന്നും ലഭിച്ചു.
വാർത്താവിനിമയത്തിനും  കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗിക്കുക വഴി ബഹിരാകാശ ഗവേഷണത്തിന്റെ ഫലങ്ങൾ സാധാരണക്കാരിലെത്തിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഉപഗ്രഹ വാർത്താവിനിമയ സൗകര്യങ്ങൾ ഉപയോഗിച്ച് ടെലിവിഷൻ സംപ്രേഷണവും ടെലിവിഷൻ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ പദ്ധതികളും പില്ക്കാലത്ത് ഇന്ത്യയൊട്ടാകെ വ്യാപിക്കുന്നതിന് അടിത്തറയിട്ടത് സാരാഭായിയാണ്. വ്യവസായികളുടെ കുടുംബത്തിൽ പിറന്ന സാരാഭായി വ്യാവസായിക പുരോഗതിക്കും സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്.

വിക്രം സാരാഭായിയുടെ
ഇഷ്ടസ്ഥലമായിരുന്നു കേരളം.
1942 ൽ മലയാളിയും  ലോകപ്രശസ്ത നർത്തകിയുമായ *മൃണാളിനിയെയാണ്* അദ്ദേഹം വിവാഹം കഴിച്ചത്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് നിരവധി സംഭാവനകൾ നല്കിയ *പാലക്കാട്* ജില്ലയിലെ പടിഞ്ഞാറ് ഭാഗത്തുള്ള *ആനക്കര* പഞ്ചായത്തിലെ  വടക്കത്ത് തറവാട്ടിലെ *അമ്മുസ്വാമിനാഥന്റെ* പുത്രിയാണ് മൃണാളിനി.
*ദർപ്പണ* എന്ന കലാകേന്ദ്രം
സ്ഥാപിച്ചത് ഇവരായിരുന്നു.
ഈ ദമ്പതിമാരുടെ മകളാണ് പ്രശസ്ത നർത്തകിയായ _മല്ലികാ സാരാഭായി._
മകൻ കാർത്തികേയനും ശാസ്ത്രജ്ഞനാണ്. നൃത്തവും സംഗീതവും ഫോട്ടോഗ്രാഫിയും സാരാഭായിയുടെ ഇഷ്ടവിഷയങ്ങളായിരുന്നു. ശാസ്ത്രഗവേഷണങ്ങൾക്ക് ചുക്കാൻ പിടിച്ച വിക്രം സാരാഭായിയെ
1966 ൽ രാജ്യം *പത്മഭൂഷൻ* നൽകി ആദരിച്ചു.
1962 ൽ *ശാന്തിസ്വരൂപ്*
*ഭട്നഗർ* പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു, നിരവധി സ്ഥാപനങ്ങളുടെ നായകസ്ഥാനം അലങ്കരിക്കവെ തുമ്പയിൽ തിരക്കുപിടിച്ച പരിപാടികൾക്കൊടുവിൽ തിരുവനന്തപുരത്ത്
കോവളത്ത്  ഹോട്ടലിൽ വിശ്രമിക്കുമ്പോൾ
1971 ഡിസംബർ 30ന്
വിക്രം സാരാഭായി അന്തരിച്ചു.
ഉറക്കത്തിലുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം.
1972 ൽ *പത്മവിഭൂഷൺ*
നല്കപ്പെട്ടു.
മാനേജ്മെന്റ് പഠനത്തിനായി
1962 ൽ അഹമ്മദാബാദിൽ
_ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്_
_മാനേജ്മെന്റ്_ എന്ന സ്ഥാപനത്തിന്റെ  തുടക്കം വിക്രമിന്റെ നേതൃത്വത്തിലായിരുന്നു.
സ്വാതന്ത്ര്യസമരസേനാനി
മൃദുല സാരാഭായി സഹോദരിയാണ്.
2016 ൽ സഹധർമ്മിണി
മൃണാളിനിയും അരങ്ങൊഴിഞ്ഞു.

*കെ.ബി. ഷാജി. നെടുമങ്ങാട്.*
9947025309.

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ