Dec_28/ റോസ്സമ്മ പുന്നൂസ്സ്

*തിരുവനന്തപുരം* _വെള്ളയമ്പലം_ ഭാഗത്ത് നിന്ന് *നെടുമങ്ങാട്* ഭാഗത്തേക്കുള്ള റോഡിലൂടെ കടന്നുവരുമ്പോൾ *കേരളരാജ്ഭവന്റെ* എതിർദിശയിൽ ഒരു ധീരവനിതയുടെ വെങ്കലത്തിലുള്ള  പൂർണ്ണകായ പ്രതിമ ദർശിക്കാം.

കേരള *ഝാൻസിറാണി* എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന
*അക്കാമ്മ ചെറിയാന്റേതാണത്.*

കാലം 1938 . തിരുവനന്തപുരത്തെ വെട്ടിമുറിച്ച കോട്ടയുടെ മുന്നിലൂടെ തെക്കേത്തെരുവ് കൊട്ടാരത്തിലേക്ക് ഒരു ജാഥ മുന്നേറുകയാണ്. സ്ത്രീകളുൾപ്പെട്ട ജാഥയെ  പോലീസ് ഗേറ്റിൽ തടഞ്ഞു. വഴിതടയപ്പെട്ട ജാഥാംഗങ്ങൾ റോഡിൽ കുത്തിയിരുന്നു. ഒരുദ്യോഗസ്ഥൻ ജാഥ നയിച്ച ഒരു സ്ത്രീയെ സമീപിച്ച് വന്ന വിവരമാരാഞ്ഞു. *മഹാരാജാവിനെ* നേരിട്ട് കണ്ട് ജനങ്ങളുടെ ആവശ്യങ്ങളറിയിക്കാൻ വന്നതാണെന്നായിരുന്നു മറുപടി.
രാത്രി ഏഴ്മണിയോടെ പട്ടാളമേധാവി *കേണൽ വാട്കിസ്* അവിടേക്ക് വന്നു.
കുറച്ച് കഴിഞ്ഞ് കുറച്ച് കുതിരപ്പട്ടാളക്കാർ, റോഡിൽ ഇരിക്കുകയും കിടക്കുകയും ചെയ്തിരുന്ന ജാഥാംഗങ്ങളുടെ പുറത്ത് കൂടെ കുതിരകളെ ഓടിച്ചുപോയി.പക്ഷേ അവർ മാറിയില്ല. വ്യവസ്ഥാപിതമായ രീതിയിയിലല്ലാതെ മഹാരാജാവിനെ
കാണാൻപറ്റില്ലെന്ന് വാട്കിസ് പറഞ്ഞു. തർക്കത്തിന് മുതിർന്നപ്പോൾ ജനങ്ങൾ പിരിഞ്ഞ് പോയില്ലെങ്കിൽ കൈത്തോക്കെടുത്ത് വെടിവച്ചു പിരിച്ചുവിടുമെന്ന് വാട്കിസ് ഭീഷണിപ്പെടുത്തി.
"വെടിവയ്ക്കാനാണ് ഭാവമെങ്കിൽ ആദ്യം ഞങ്ങളുടെ നെഞ്ചത്ത്തന്നെ നിറയൊഴിക്കൂ എന്നു പറഞ്ഞു രണ്ട്സ്ത്രീകൾ സധൈര്യം മുന്നോട്ടു വന്നു. അവർ ആ വെള്ളപ്പട്ടാളക്കാരന്റെ മുന്നിൽ അക്ഷോഭ്യരാവുകയും
പട്ടാളക്കാർ പിൻവാങ്ങുകയുമുണ്ടായി.

ഈ കുറിപ്പിന്റെ ആദ്യഭാഗത്ത് നമ്മൾ പരിചയപ്പെട്ട  _അക്കാമ്മ ചെറിയാനും_ കേരള സംസ്ഥാനനിയമസഭയിലെ ആദ്യഅംഗവുമായ
*റോസമ്മ പുന്നൂസ്സു* മായിരുന്നു ആ
ധീരവനിതകൾ.

കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ പ്രോടൈം സ്പീക്കർ, കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യത്തെയാൾ, ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വിജയി റെക്കോർഡ്കളേറെയിട്ട
നൂറ്റിയൊന്നു പിറന്നാളുകളാഘോഷിച്ച _റോസ്സമ്മ പുന്നൂസ്സ്_
രാഷ്ട്രീയവും തെരഞ്ഞെടുപ്പുമില്ലാത്ത ലോകത്തേക്ക് യാത്രയായത് *ഒരു ഡിസംബർ ഇരുപത്തെട്ടിനായിരുന്നു.*

*കോട്ടയം* ജില്ലയിലെ _കാഞ്ഞിരപ്പള്ളി_ എന്ന സ്ഥലത്തെ പേരുകേട്ട കത്തോലിക്കാകുടുംബമായ _കരിപ്പാപ്പറമ്പിൽ ചെറിയാന്റെയും പായിപ്പാട് പുന്നക്കുടി അന്നാമ്മയുടേയും_ നാലാമത്തെ മകളായാണ് _റോസ്സമ്മ_ പിറന്നത്. നാട്ടിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം മദിരാശി എന്നിവിടങ്ങളിൽ നിന്ന്
ബിരുദവും( നിയമം) കരസ്ഥമാക്കി. 1938 ൽ *തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലംഗമായി*. മൂത്ത സഹോദരിയായിരുന്ന _അക്കാമ്മ ചെറിയാനെ_  അനുജത്തി *അക്കാക്ക* എന്നായിരുന്നു വിളിച്ചിരുന്നത്.
1938 ലെ വഴിതടയൽ സമരത്തിൽ പങ്കെടുത്തതിന് സഹോദരിമാർ _പൂജപ്പുര_ ജയിലിൽ കുറച്ച്നാൾ കിടക്കേണ്ടിവന്നു.
*ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ* നാളുകളിൽ തമിഴ്നാട്ടിലെ  *തിരുച്ചിറപ്പള്ളിയിൽ* മഹാത്മജിയെ കണ്ടതും സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതാൻ ആഹ്വാനം ചെയ്തതും അവർ സ്മരിച്ചിട്ടുണ്ട്.

*കമ്മ്യണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലെ* നേതാവും ആലപ്പുഴക്കാരനുമായ
_പി.ടി. പുന്നൂസ്സു_ മായുള്ള വിവാഹാലോചന വരൂന്നത് ഇന്ത്യ സ്വതന്ത്രയാകുന്നതിന് കുറച്ച്മൂന്നേയാണ്.  _മാർത്തോമാ_ വിഭാഗത്തിലുള്ള പുന്നൂസ്സിന്റെ  ആലോചനയെ വീട്ടുകാരെതിർത്തു, കൃസ്ത്യൻ മതവിഭാഗത്തിൽ കത്തോലിക്കക്കാരും മാർത്തോമാക്കാരും
ചേരാൻപാടില്ലെന്ന അലിഖിത വ്യവസ്ഥയുള്ളത്കൊണ്ടായിരുന്നു എതിർപ്പ്.
ഒടുവിൽ *എറണാകുളത്തെ* ഒരു പള്ളിയിൽ നടന്ന വിവാഹത്തിന് സാക്ഷാൽ *പോപ്പിന്റെ* സമ്മതമുണ്ടായിരുന്നുവെന്നു പറയുന്നു. 1948 ൽ _റോസ്സമ്മ_ കമ്യൂണിസ്റ്റ്പാർട്ടിയിൽ ചേർന്നു.

നാടിന് സ്വാതന്ത്ര്യം ലഭിച്ചു. നാട്ടുരാജ്യങ്ങളെ
ഇന്ത്യൻയൂണിയനിൽ ചേർത്തു.1956 ലെ
സംസ്ഥാന പുനസംഘടന പ്രകാരം കേരളത്തിലും സർക്കാർ രൂപീകരണത്തിന് 1957 മാർച്ചിൽ തിരഞ്ഞെടുപ്പ്.
ഇന്നത്തെ *ഇടുക്കി* ജില്ലയിലെ _ദേവികുളം_ മണ്ഡലത്തിൽ നിന്ന് വിജയിച്ച _റോസമ്മ_ ആദ്യ സഭാംഗമായി . താല്ക്കാലിക അധ്യക്ഷയെന്നനിലയിൽ മറ്റുള്ള അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചതും സഭയുടെ ചരിത്രത്തിൽ ഒളിമങ്ങാത്ത ഒരധ്യായമാണ്.
1952 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ഭർത്താവായ പുന്നൂസ് *ആലപ്പുഴ*
ലോകസഭാമണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. 1957 ലും _ആലപ്പുഴയിൽ_ നിന്ന് വിജയിച്ചപ്പോൾ ഇന്ത്യയിൽ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഒരു
_പൊൻതൂവലായി._ ദമ്പതികളാദ്യമായി ഒരേസമയം ലോകസഭയിലേയ്ക്കും നിയമസഭയിലേയ്ക്കും എന്ന അപൂർവ്വത.
ഒരു കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആദ്യമായി ഒരംഗത്തിന് അംഗത്വം നഷ്ടപ്പെടേണ്ടിവന്ന വിശേഷവും
റോസമ്മയ്ക്ക്തന്നെ. എന്നാൽ 1958 ൽ ദേവികുളത്തെ ഉപതെരഞ്ഞെടുപ്പിൽ
അവർതന്നെ വിജയിച്ചുവന്നു.  *മക്കൾതിലകം എംജി ആർ* മൂന്നാറിനടുത്ത് ഒരു സിനിമയുടെ ചിത്രീകരണത്തിന് വന്നപ്പോൾ റോസമ്മയ്ക്കായി പ്രസംഗിച്ചതും അവർ നൂറാം വയസ്സിലും ഓർത്തിരുന്നു.
കമ്യൂണിസ്റ്റ്പാർട്ടി പിളർന്നപ്പോൾ
വലത്പക്ഷത്തോട്
ഉറച്ചുനിന്നപ്പോൾ  അന്നും അവർ പറഞ്ഞിരുന്നത്.
പാർട്ടിയിലെ വിഭാഗീയത ഒഴിവാക്കാമായിരുന്നുവെന്നാണ്.  പിളർപ്പിന് കാരണം വ്യക്തിവിരോധമാണെന്നും  ഇക്കാര്യത്തിൽ
 *ഇഎംഎസി* നെ പ്രതിക്കൂട്ടിൽ നിർത്താനും അവർ മടിച്ചിരുന്നില്ല. 1964 ൽ _വടകരയിൽ_ നടന്ന പാർട്ടിയുടെ  യോഗത്തിൽ പിളർപ്പിനെപ്പരാമർശിച്ച് അവർ പറഞ്ഞതിങ്ങനെയായിരുന്നു.
"1947 മുതൽ പാർട്ടിയിൽ അഭിപ്രായഭിന്നതകളുണ്ടായിരുന്നു. പിന്നീട് *ചൈനീസ് ആക്രമണത്തോടെ* അത് ഗുരുതരമായി.
_ചീനപ്പടയുടെ_ ആക്രമണത്തെ  ശക്തമായി അപലപിച്ചും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഭാരതത്തിന് പിന്തുണ നല്കി പാർട്ടിയുടെ *നാഷണൽ കൗൺസിലിൽ* പ്രമേയം പാസ്സാക്കിയതും _നമ്പൂതിരിപ്പാടിനും_
_എകെജിക്കും_  ദഹിച്ചില്ല.
ഇതാണ് പാർട്ടിയിൽ പിളർപ്പുണ്ടായതിന് കാതലായ കാരണം". എന്നാൽ ഇക്കാര്യം നാട്ടുകാരോട് പറയാതിരുന്നത് സി.പി.ഐക്ക് സംഭവിച്ച വലിയ അബദ്ധമായിരുന്നെന്നും അവർ വ്യക്തമാക്കാൻ മറന്നില്ല.

1982 ,1987 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ _ആലപ്പുഴയിൽ_ നിന്നും വിജയിച്ചു. കുറച്ചൂകാലം _വനിതാകമ്മീഷൻ_ അധ്യക്ഷയായിരുന്നു.
സുൽത്താനേറ്റ് ഓഫ് ഒമാനിലെ ഹരിതവർണ്ണാഭ നിറഞ്ഞ *സലാല* എന്ന സ്ഥലത്ത് മകനോടൊപ്പം നൂറ്റിയൊന്നാം പിറന്നാളാഘോഷിച്ച ചാരുതാർത്ഥ്യത്തിലും നിറവിലും വസിക്കുമ്പോഴാണ്  അവർ കർത്താവിൽ നിദ്രപ്രാപിക്കുന്നത്.
ഭൗതികശരീരം  *കോട്ടയത്ത്* എത്തിക്കുകയും ഡിസംബർ 30 ന് സംസ്ക്കരിക്കുകയും ചെയ്തു.

നൂറു വർഷത്തെ ഭൂജീവിതം. രാജ്യത്തെ വിമോചിപ്പിക്കാൻ സ്വസഹോദരിയോടൊപ്പം മൂന്ന് വർഷത്തെ കാരാഗൃഹവാസം. കോൺഗ്രസിലും കമ്യൂണിസ്റ്റിലും പ്രവർത്തിച്ച പരിചയം. നാലുതവണ നിയമസഭാഗം, നിരവധി ബോർഡ്കളുടെ അധ്യക്ഷപദവി. ഒരു പുരുഷായുസ്സിന്റെ  വക്കോളമെത്തിയ ഈ വനിതയ്ക്ക് അയവിറക്കാൻ ഇതിൽക്കൂടുതൽ സ്മരണകൾ വേണമെന്നില്ല.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ