Smaranika_22

1964 മെയ് 17
*ദി ഹിന്ദുസ്ഥാൻ ടൈംസ്* എന്ന ദിനപ്പത്രത്തിലെ മുൻപേജിൽ പ്രത്യക്ഷപ്പെട്ട  ഒരു കാർട്ടൂൺ ചിത്രം അധികാരത്തിലേക്കുള്ള വടംവലി മത്സരത്തിന്റെ വിലക്ഷണചിത്രമായിരുന്നു.

*പണ്ഡിറ്റ്ജിയുടെ* മരണത്തിന് പത്ത്ദിവസം മുമ്പുള്ള ചിത്രം  ഇത്തരത്തിലായിരുന്നു.

അസ്ഥികളെല്ലാം പുറത്ത് കാണാവുന്ന
മെലിഞ്ഞ്കുത്തിയ മേനിയോട്കൂടി *നെഹ്റു* വലങ്കയ്യിൽ ഉയർത്തിപ്പിടിച്ച  അഗ്നിജ്വാലകളോടുകൂടിയ
ഒരു പന്തവുമായി
മുന്നോട്ട്കുതിക്കുന്നു. പുറകെ *ശാസ്ത്രി, ഗുൽസാരിലാൽ, ഇന്ദിര, മൊറാർജി* എന്നിവരും.
കാർട്ടൂണിസ്റ്റിന്റെ ഭാവന അക്ഷരംപ്രതി യാഥാർത്ഥ്യമായ രാഷ്ടീയ നീക്കങ്ങളാണ് നാം  പീന്നീടിങ്ങോട്ട് കണ്ടത്.

*ആലപ്പുഴ* ജില്ലയിലെ _കായംകുളത്തിന്_ സമീപം _കൃഷ്ണപുരത്ത്_ ദേശീയ പാതയോരത്ത് കേരള ലളിതകലാ അക്കാദമിയുടെ നിയന്ത്രണത്തിലുള്ള *ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം & ആർട്ട് ഗ്യാലറി* ഒരു നാടിന്റെ ചരിത്രമായി തലയൂയർത്തി നില്ക്കുന്നു.
സർഗ്ഗവൈഭവസൃഷ്ടികളുടെ  കേളികൊട്ടുയരുന്ന ശില്പചാരുതകളും ചിത്രകലാ പാടവശേഷിയുള്ള കുട്ടികളുടെ ചിത്രപ്രദർശനശാലകളും അനുഭവവേദ്യങ്ങളാകുമ്പോൾ  ഈ മ്യൂസിയം അനശ്വരമാകുന്നത്  ഇന്ത്യൻ കാർട്ടൂൺ ചിത്രകലയിലെ കുലപതിയായ കാർട്ടൂണിസ്റ്റ് *കേശവപിള്ള ശങ്കർ* എന്ന അതുല്യ പ്രതിഭയുടെ പേരിലാണ്.

കായങ്കുളത്ത് ഇല്ലിക്കുളത്ത് തറവാട്ടിൽ 1902 ൽ _ശങ്കരപ്പിള്ള_ ജനിച്ചു.നാട്ടിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം *തിരുവനന്തപുരം* _യൂണിവേഴ്സിറ്റി കോളേജിൽ_ നിന്ന് ബിരുദം നേടി.തൊഴിൽതേടി _ബോംബെ_ യിലെത്തിയ പിള്ള അവിടെ
നിയമവിദ്യാർത്ഥിയായി.  സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ത്തന്നെ കാരിക്കേച്ചറുകൾ വരച്ചിരുന്നത് ബോംബെയിലും തുടർന്നു. എന്നാൽ ആ പ്രതിഫലംകൊണ്ട് ജീവിക്കാനാകുമായിരുന്നില്ല. അങ്ങിനെയാണ് _സന്ധ്യ സ്റ്റീം നാവിഗേഷൻ_ എന്ന കപ്പൽക്കമ്പനി ഉടമയായ  _നരോത്തം മൊറാർജിയുടെ_
പ്രൈവറ്റ് സെക്രട്ടറിയായി ശങ്കർ ജോലി സ്വീകരിച്ചത്. ഒപ്പം
*ബോംബെ ക്രോണിക്കിൾ* പോലുള്ള പത്രങ്ങളിൽ വരയ്ക്കുകയും ചെയ്തു.
അക്കാലങ്ങളിൽ ഇന്ത്യയിൽ  പത്രങ്ങളിൽ രാഷ്ട്രീയ കാർട്ടൂണുകൾ ആരംഭിച്ചിരുന്നില്ല. _സ്ട്രീറ്റ് കോർണർ ജോക്ക്സ്_ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നിർദ്ദോഷ ഫലിത കാർട്ടൂണുകളായിരുന്നു പത്രങ്ങളിൽ വന്നിരുന്നത്. ഇതോടെ ഇന്ത്യയിലെ രാഷ്ട്രീയ കാർട്ടൂൺ ജന്മംകൊണ്ടു.
അക്കാലത്താണ് ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ കുലഗുരുവായ *ചെങ്ങന്നൂർ* സ്വദേശി *പോത്തൻ ജോസഫിനെ* പരിചയപ്പെടുന്നതും  അദ്ദേഹം പുതിയതായി പത്രാധിപരായി  ചുമതലയേറ്റെടുത്ത  ഡൽഹിയിലെ _ദി ഹിന്ദൂസ്ഥാൻ ടൈംസിലേക്ക്_ ക്ഷണിക്കുന്നത്. 

ശങ്കർ ഭാര്യ തങ്കത്തോടൊപ്പം ഡൽഹിയിലെത്തി. പിന്നീട് മരണംവരെയും _ശങ്കർ_ ആ നഗരത്തിൽത്തന്നെ ജീവിച്ചു.
1946 വരെ ആ പത്രത്തിൽ ജോലിചെയ്തു.
ടൈംസിലെ
സേവനകാലത്താണ്  ശങ്കറിന്റെ വരയും ഇന്ത്യൻ കാർട്ടൂണിന്റെ മൂർച്ചയും തെളിഞ്ഞ്മിന്നിയത്.  അമേരിക്കൻ പ്രസിഡണ്ട്മാരും ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും പാർലമെന്റംഗങ്ങളും ദേശീയ നേതാക്കളുമെല്ലാം ശങ്കറിന്റെ ഇരകളായി. അന്നത്തെ ഇന്ത്യൻ നേതാക്കളിൽ പലർക്കും _ശങ്കറിന്റെ_ മുനയുള്ള ഹാസ്യം സഹിക്കാനായില്ല. എന്നാൽ _ഗാന്ധിയും നെഹ്റുവും_ ശങ്കറിന്റെ വരകൾ ആസ്വദിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് _മഹാത്മജി_ ശങ്കറെ തഴുകി വാത്സല്യം പ്രകടിപ്പിച്ചു.

ഒരു പ്രസ്ഥാനമായിരുന്നു _ശങ്കർ._ ഇന്ത്യയിലെ രാഷ്ട്രീയ കാർട്ടൂണിന്റെ സൃഷ്ടാവായ _ശങ്കർ_ വെറുമൊരു തല്ക്കാലച്ചിരിയുടെ ഉപാധി എന്നതിൽനിന്ന് രാഷ്ട്രീയ വിമർശനത്തിന്റെ ഉന്നതായുധമാക്കി കാർട്ടൂണിനെ മാറ്റി.പത്രപ്രവർത്തനത്തിന്റെ അനിവാര്യ ഘടകമായി കാർട്ടൂണിനെ ഉയർത്തിയതിനോടൊപ്പം ഒരു നിര ഒന്നാംകിട കാർട്ടൂണിസ്റ്റുകളെ സൃഷ്ടിക്കുകയും ചെയ്തു. *അബുഎബ്രഹാം, കുട്ടി,* *കേരളവർമ്മ, പ്രകാശ്,* *സാമുവൽ, ഒ.വി. വിജയൻ,* ആ നിര നീളുന്നു. *സി.പി. രാമചന്ദ്രനെപ്പോലെ* ഒരു പത്രപ്രവർത്തകനെ സൃഷ്ടിച്ചതും _ശങ്കറാണ്._ കായങ്കുളത്തുകാരനായ _ശങ്കരപ്പിള്ള_ എന്ന _ശങ്കർ_ *കായങ്കുളംവാളിന്റെ* സ്വഭാവമുള്ള ഇരുതലഹാസ്യം നിറഞ്ഞ സ്വന്തം കാര്ട്ടൂണിലൂടെ എല്ലാവർക്കും വഴിതെളിച്ചു.
_ബ്രിട്ടീഷ് ഭരണമേധാവികളും_ *ഗാന്ധിയും* _നെഹ്റുവും_ ഉന്നതരായ മറ്റ് രാഷ്ട്രീയ നേതാക്കളും ശങ്കറെ സ്നേഹിച്ചു. അദ്ദേഹത്തിന്റെ വരയുടെ നിശിത സ്പർശമേൽക്കാനിഷ്ടപ്പെട്ടു.

1948 ൽ *ശങ്കേഴ്സ് വീക്ക്ലി* ആരംഭിച്ചു. ഇരുപത്തിയേഴ്കൊല്ലം തുടർന്ന വീക്കിലി 1975 ൽ *അടിയന്തിരാവസ്ഥക്കാലത്ത്* പ്രസിദ്ധീകരണം നിർത്തി. അവസാന ലക്കത്തിലദ്ദേഹമെഴുതി.

""ദുഖത്തോട് കൂടിയാണ് ഞാനിതിന്റെ പ്രസിദ്ധീകരണം നിർത്തുന്നത്. മുന്നോട്ടുള്ള യാത്രയിൽ അടിയന്തിരാവസ്ഥ കണക്കിലെടുക്കാതിരിക്കാമായിരുന്നു. എന്നാൽ പരിമിതമായ വിഭവങ്ങളുമായി ഇത് നടത്തിക്കൊണ്ട് പോവുക ദുഷ്ക്കരമാണ്.""

ഇന്ത്യൻരാഷ്ട്രീയത്തെ  ഹാസ്യത്തിന്റെ രൂക്ഷതയുമായി നവീകരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന  _ശങ്കേഴ്സ് വീക്കിലി_ മരണമടഞ്ഞത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്നായ  _അടിയന്തിരാവസ്ഥക്കാലത്തായത്_ വേദനിപ്പിക്കുന്ന
ഐറണിയാണ്.
*ഒ.വി. വിജയന്റെ* _പ്രവാചകന്റെ വഴി_ എന്ന നോവലിൽ ശങ്കറും വീക്കിലിയും പ്രത്യക്ഷപ്പെടുന്നുണ്ട്.

ന്യൂഡൽഹിയിൽ ശങ്കർ സ്ഥാപിച്ച *ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ്* 1949 മുതൽ കുട്ടികൾക്ക്‌ വേണ്ടിയുള്ള ചിത്രരചനാ മത്സരമാരംഭിച്ചു. നെഹ്റുഹൗസിൽ അദ്ദേഹം സ്ഥാപിച്ച _ഇന്റർനാഷണൽ  ഡോൾസ് മ്യൂസിയം_ അപൂർവ സ്വഭാവമുളള ഒരു പാവക്കാഴ്ചബംഗ്ലാവാണ്.
വിവിധ രാജ്യങ്ങളുടെ തനതു വസ്ത്രങ്ങളണിഞ്ഞ ആറായിരത്തിലധികം പാവകളാണ് ഈ മ്യൂസിയത്തിലുള്ളത്.

1976 ൽ രാഷ്ടം *പത്മവിഭൂഷൺ* ബഹുമതി നല്കിയാദരിച്ചു.  തിരുവനന്തപുരത്ത്, വിദ്യാർത്ഥിയായിരുന്നപ്പോൾ പ്രണയിച്ച *വഞ്ചിയൂർ* സ്വദേശിനി *തങ്കത്തെ* 1931 ൽ അദ്ദേഹം പരിഗ്രഹിച്ചു. രണ്ടാൺമക്കളും നാല് പെൺമക്കളും ആ ദമ്പതിമാർക്കുണ്ടായി.
1989 ലെ ഇതേ ദിനത്തിൽ വരയുടെ ലോകത്ത് നിന്ന് അദ്ദേഹം യാത്രയായി.  മരണാനന്തര ചടങ്ങുകൾ ഡൽഹിയിൽത്തന്നെയായിരുന്നു.

അദ്ദേഹത്തിന്റെ വിയോഗത്തിന് മുപ്പതാണ്ട് തികയാറാകുന്നു. ഇലക്ട്രോണിക്ക് യുഗം അനുദിനം പുരോഗമിച്ചുവരുന്ന ഇന്ന്  പ്രത്യേക ആപ്ലിക്കേഷനുകളിലൂടെ  നൊടിയിടയ്ക്കുള്ളിൽ വിലക്ഷണചിത്രനിർമ്മാണം സുഗമമാണ്. എന്നാൽ സ്വാന്തന്ത്ര്യസമരത്തീച്ചൂളയിലും ജനാധിപത്യഭരണകാലത്തും  തെറ്റിന്റെ വഴികളിലേക്ക്
നടന്ന്തുടങ്ങാൻ ശ്രമിച്ച ആരെയും വിടാതെ പിടികൂടി വരകളിലൂടെ നേർവഴിക്കും ഇരുത്തിച്ചിന്തിപ്പിക്കുന്നതിനും പൊട്ടിച്ചിരിപ്പിക്കുന്നതിനും കളമൊരുക്കിയത്പോലെ ഒരു കട്ടിക്കടലാസ്സ് വരക്കാരനെ പെറ്റുവളർത്താൻ മലയാളക്കരയ്ക്കാകുമോ??

*കെ.ബി. ഷാജി. നെടുമങ്ങാട്*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ