Smaranika_19

*"ചെന്നറിയിക്കണം"*

*"മോഹൻതോമസിന്റെ* *ദീനാനുകമ്പയെക്കുറിച്ച് ഭരത്ചന്ദ്രനോട്"*

തുടർന്ന് മോഹൻതോമസ്സ് തന്റെ സങ്കേതത്തിൽ അതിക്രമിച്ച് കയറിയ
സിഐ ഇക്ബാലിന്റെ
(മോഹൻതോമസ്സിന്റെ വിശ്വസ്തനായ അനുചരൻ വിൽഫ്രഡ്ഡിനാൽ അടിച്ചവശനാക്കപ്പെട്ട) തൊള്ളയിലേക്ക് പോയിന്റ് കാലിബർ തോക്ക് കടത്തി വളരെ സൗമ്യതയോടെ കാഞ്ചിയിലമർത്തുന്നു.  ചിന്നിച്ചിതറിയ തലയിൽ നിന്നും മോഹൻ തോമസിന്റെ മുഖത്ത്തെറിച്ച ചോരത്തുള്ളികൾ വളരെ നിസ്റ്റാരഭാവത്തിൽ വിരലുകളാൽ തുടച്ചുമാറ്റിയതിന് ശേഷം ഇങ്ങിനെ പറഞ്ഞു.

*"അദ്ദേഹത്തെ ഒന്നറിയിച്ചേക്കണം**

ശ്രീ _ഷാജികൈലാസ്_ 1993 ൽ സംവിധാനം ചെയ്ത *കമ്മീഷണർ* എന്ന ചിത്രത്തിലെ *രതീഷ്* അവതരിപ്പിച്ച
*മോഹൻതോമസ്സിന്റെ* ഡയലോഗാണ്  തൊട്ടുമുമ്പ്  വായിച്ചത്. അമ്പരപ്പും ഭയവും കൂടാതെ മേല്പറഞ്ഞ സീൻ കണ്ട കാണികൾ ചുരുക്കമായിരിക്കും. _രൺജിപണിക്കരുടെ_ കഥ, തിരക്കഥ, സംഭാഷണം മുതലാക്കി _അരോമാമണി_ നിർമ്മിച്ച ചിത്രം ഒരുഗ്രൻ ആക്ഷൻ ത്രില്ലറായിരുന്നു.

മോഹൻതോമസ്സ് എന്ന സൗമ്യനായ വില്ലൻകഥാപാത്രത്തെ  അവിസ്മരണീയനാക്കിയ *രതീഷ്* വിടവാങ്ങിയത് ഡിസംബറിലെ തണുത്തുറഞ്ഞ 23 നായിരുന്നു.

1980 ൽ *ജയന്റെ* അപകടമരണത്തെത്തുടർന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആക്ഷൻ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് കാണികളുടെ കയ്യടി നേടാൻ
നടന്മാരില്ലാതെയായി.  അന്നത്തെ ഹിറ്റ്മേക്കർ *ഐ.വി.ശശി* ജിയോയുടെ *മീൻ* എന്ന  ചിത്രത്തിന് ശേഷം പട്ടാളവും കാശ്മീരും പശ്ചാത്തലമാക്കി *തുഷാരം* എന്നൊരു ചിത്രം _ജയനെ_ നായകനാക്കി ചെയ്യന്നതിന് തീരുമാനിച്ചിരുന്നു.  എന്നാൽ ജയന്റെ വേർപാട്  ചിത്രത്തിന്റെ നിർമ്മാണത്തെ കുറച്ചൊന്നുബാധിച്ചെങ്കിലും
തുഷാരത്തിലെ മേജർരവി എന്ന കഥാപാത്രം രതീഷിന്റെ കൈകളിൽ ഭദ്രമായിരുന്നു.
തട൪ന്ന് 1988 വരെ മുൻനിര നായകന്മാരോടൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയും നായകകഥാപാത്രങ്ങളേയും വളരെ തന്മയത്വമായി അവതരിപ്പിച്ച് പ്രേക്ഷകമനസിൽ ഇടംതേടി.

*ആലപ്പുഴ* നഗരത്തിനടുത്ത കലവൂരാണ് രതീഷിന്റെ
ജനനസ്ഥലം. പുത്തൻപുരയിൽ  _രാജഗോപാലിന്റെയും_ _പത്മാവതിയമ്മയുടേയും_ മകൻ. *എസ്എൻ കോളേജ് കൊല്ലം, ചേർത്തല* എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. കോളേജ് പഠനകാലത്ത് തന്നെ അഭിനയത്തിൽ തല്പരനായിരുന്നു. ആലപ്പുഴയിലെ ഒരു
ഫോട്ടോസ്റ്റുഡിയോവിൽ ചില്ലിട്ട് സൂക്ഷിച്ചിരുന്ന  രതീഷിന്റെ സുസ്മേരമുഖം യാദൃശ്ചികമായി സംവിധായകനായ _സ്റ്റാൻലിജോസ്സിന്റെ_
ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിന്റെ *വേഴാമ്പൽ* എന്ന
_ജഗതിശ്രീകുമാർ_ മുഖ്യവേഷത്തിലഭിനയിച്ച ചിത്രത്തിൽ  ചെറിയവേഷം രതീഷിന് നല്കി. എന്നാൽ ചിത്രം പുറത്തിറങ്ങിയില്ല.

1979 ൽ _കെജി.ജോർജ്_ *ഉൾക്കടൽ* എന്ന ചിത്രത്തിൽ _രതീഷിന്_ ഒരു മെഡിക്കൽ റെപ്രസെന്റിയേറ്റീവിന്റെ വേഷംനല്കി.1980 ൽ _ ഉദയ,_ *കുഞ്ചാക്കോ* യുടെ മരണശേഷം മകൻ *ബോബൻ കുഞ്ചാക്കോയുടെ* സംവിധാനത്തിൽ
വടക്കൻപാട്ട് ചിത്രമായ *പാലാട്ട് കുഞ്ഞിക്കണ്ണനിൽ* _രാജഗുരു_ എന്ന കുഞ്ഞിക്കണ്ണന്റെ പിതാവിന്റെ റോൾനല്കി. _ജയൻ_ അഭിനയിച്ച *ഇടിമുഴക്കം* എന്ന ചിത്രത്തിലും ആ വർഷം വേഷമിട്ടു.

1980 ൽ *വിൽക്കാനുണ്ട് സ്വപ്നങ്ങൾ* എന്ന *ആസാദ്* സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു നിഷേധിയുടെ വേഷമഭിനയിച്ച _വൈക്കം മുഹമ്മദ്കുട്ടി_ എന്ന _മമ്മൂട്ടിയും_ അഭിനയിക്കാൻ അവസരങ്ങൾ തേടുന്ന സമയം.
_എംടി വാസുദേവൻനായരുടെ_ ഒരു സ്ക്രിപ്റ്റ്
*ഐവി ശശിയെ* ക്കൊണ്ട് സംവിധാനം ചെയ്യിക്കാൻ നിർമ്മാതാവ്
_റോസമ്മ ജോർജ്_ തീരുമാനിക്കുന്നു. _ദാസ്സ്_ എന്ന അവിവാഹിതനും സമ്പന്നനുമായ യുവാവിനെ അവതരിപ്പിക്കാൻ _ശിവന്റെ_ *യാഗം* എന്ന ചിത്രത്തിലഭിനയിച്ച
_ബാബുനമ്പൂതിരിയെ_ കാസ്റ്റ് ചെയ്യൂന്നു. _ചിങ്കൻ_ എന്ന _വിജയശങ്കറിന്റെ_ കഥാപാത്രമാണ്  _രതീഷിന്_ ലഭിച്ചത്. നമ്പൂതിരി
ആദ്യഷോട്ടിൽത്തന്നെ ഭയന്ന് ശശിയുടെ ചിത്രത്തിൽനിന്ന് പിന്മാറി. തുടർന്നാണ് രതീഷ് ദാസ്സിന്റെ റോളിലേക്ക് മമ്മൂട്ടിയെ ശുപാർശ ചെയ്യൂന്നത്. മമ്മൂട്ടിയുടെ ജീവിതത്തിൽ നടനവൈഭവത്തിന്റെ തുടക്കം  രതീഷ് എന്ന നടനീലൂടെയാണ്. _ശ്രീകുമാരൻതമ്പി_ _സുബ്രമണ്യംകുമാറിനായി_ ഒരുക്കിയ *മുന്നേറ്റ* ത്തിൽ മമ്മൂട്ടി നായകനും രതീഷ്
ഒട്ടുംപ്രാധാന്യം കുറയാത്ത ഉപനായകനുമായിരുന്നു.
ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ചാലക്കമ്പോളത്തിലും പരിസരങ്ങളിലുമായിരുന്നു ആ പരിചയത്തിന്റെ വെളിച്ചത്തിലാണ് _രതീഷ്_ *തൃഷ്ണ* യിൽ മമ്മൂട്ടിയ്ക്കായ് നല്ലവേഷം നല്കിയത്.
ഐവി ശശിയുടെ തുടർന്നുള്ള ചിത്രങ്ങളിൽ _രതീഷിന്_ മറക്കാനാകാത്ത വേഷങ്ങൾ ലഭിച്ചു. _അഹിംസ, ഈനാട്_, _ഇനിയെങ്കിലും_,
_ഇന്നല്ലെങ്കിൽ നാളെ, തടാകം, _അടിമകൾ ഉടമകൾ,_
 _ജോൺ ജാനി ജനാർദ്ധനൻ_,   _ഉയരങ്ങളിൽ_, _അബ്കാരി_ എന്നിവയായിരുന്നു അവ.

1986 എന്ന വർഷം രതീഷിന് _ജോഷിയുടെ_
*ആയിരം കണ്ണുകൾ*
*തമ്പി കണ്ണന്താന* ത്തിന്റെ *രാജാവിന്റെ മകൻ* എന്നീ ചിത്രങ്ങളിൽ ലഭിച്ച *ജെയിംസ്*(ചൂവന്നവസ്ത്രങ്ങൾ ധരിച്ചുവരുന്ന മനുഷ്യരെ കാണുമ്പോൾ  പൈശാചികതയോടെ അവരെ വകവരുത്താൻ തോന്നുന്ന കൊലപാതക പ്രവണതയൂളള കഥാപാത്രം) _മന്ത്രി കൃഷ്ണദാസ്സ്_ എന്നീ കഥാപാത്രങ്ങൾ പ്രത്യേകമെടുത്ത് പറയേണ്ടതാണ്.

1988 ഓണത്തിന് പുറത്തുവന്ന _മണ്ണിൽ ഫിലിംസിന്റെ_ മലബാർകലാപത്തെ അടിസ്ഥാനമാക്കിയുള്ള *1921* ൽ പണ്ഡിതനും സൂഫിവരനുമായ *വള്ളുവമ്പ്രം ആലിമുസലിയാരുടെ*  അനുയായികളിൽ പ്രധാനിയായ *ലവക്കുട്ടിയുടെ* വേഷം ഗംഭീരഭാവപ്രകടനങ്ങളോടെ ആയിരുന്നു രതീഷ് ചെയ്തത്.

അക്കാലത്ത് മനോരാജ്യം, മംഗളം, മനോരമ ,കുമാരി വാരികകളിൽ പരമ്പരയായി പ്രസിദ്ധീകരിച്ചു വന്നിരുന്ന നോവലുകളായ
 മനസ്സൊരു മഹാസമുദ്രം, ഹിമവാഹിനി, നിഴൽ മുടിയ നിറങ്ങൾ, ബ്ലാക്ക്ബെൽട്ട്,
( ശാന്തം ഭീകരം) കരിമ്പ്, പിന്നെയും പൂക്കുന്ന കാട്, ഇലഞ്ഞിപ്പൂക്കൾ എന്നിവ സിനിമയായപ്പോൾ രതീഷിന് പ്രധാന വേഷങ്ങൾ  ലഭിച്ചു.
_മമ്മൂട്ടിയും മോഹൻലാലും_ മലയാള സിനിമയിൽ  ജ്വലിക്കുന്ന താരങ്ങളായി നിലനിന്നു തുടങ്ങിയപ്പോൾ നായകവേഷങ്ങളിൽ നിന്നും വില്ലൻ വേഷങ്ങളിലേക്ക് രതീഷ് തിരിഞ്ഞു.

1977 ലെ _എ.കെ. ആന്റണി_ മന്ത്രിസഭയിൽ  ധനകാര്യമന്ത്രിയായിരുന്ന *എം.കെ ഹേമചന്ദ്രന്റെ* മകൾ _ഡയാനയെ_ 1983 സെപ്തംബർ പതിനൊന്നിന് രതീഷ് വിവാഹം ചെയ്തു. നാലു മക്കൾ. 2002 ഡിസംബറിൽ _തിരുവനന്തപുരത്ത്_
_കെ.കെ രാജീവിന്റെ_ *വേനൽമഴ* എന്ന മെഗാപരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കേ ഹൃദയസ്തംഭനത്താൽ രതീഷ് അന്തരിച്ചു. 2014 ൽ ഡയാനയും യാത്രയായി. മൂത്തപുത്രി പാർവ്വതിയുടെ വിവാഹം ചലച്ചിത്രകൂട്ടായ്മയിലെ പ്രമുഖരായ  _മേനകാസുരേഷും_ ഭർത്താവും  മുന്നിൽനിന്നുകൊണ്ടാണ് നടത്തിയത്. മകൻ  _പത്മരാജ്_ നടനാണ്.

ഒരു കോടി സ്വപ്നങ്ങളുമായി സ്വർണ്ണത്തേരിൽ ചൈത്രം വന്നതുപോലെ നെഞ്ചിൽ കുളിരലമാലയുമായി
 പനിനീർസൂനം കവിളിൽത്തേറുന്ന
ഹൃദയമയികൾക്ക് ആടിത്തിമിർക്കാൻ
പ്രണയപദങ്ങൾ പാടാൻവന്ന  നീരദശ്യാമളകോമളരൂപൻ  അരങ്ങിൽനിന്നും അണിയറയിൽനിന്നും വേർപിരിഞ്ഞത് ഒരു കാലഘട്ടത്തിലെ പ്രേക്ഷകർക്ക് ഇന്നും വേദനയാണ്.

*"രതീഷിന് പ്രണാമം."*

*കെ.ബി. ഷാജി. നെടുമങ്ങാട്*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ