Smaranika_18

*"പഴിചാരി കൊത്തിഞാൻ കൊന്നുപോയല്ലോ*
*പയർ വറുക്കുമ്പോൾ കുറഞ്ഞു പോമെന്നുളള*
*പരമാർത്ഥമറിയാതെൻ പൊന്നുമോളേ*
*ഉരി മണിപ്പയറിന് കുഞ്ഞിനെക്കൊന്നേൻ*
*ഉലകത്തിലെന്തിന് ഞാനിരിപ്പു*: *മേലിലുലകത്തിലെന്തിന് ഞാനിരിപ്പൂ??"*

കേരള പാഠാവലി അഞ്ചാംക്ലാസ്സ് പാഠപുസ്തകത്തിലെ *ചങ്ങാലിപ്രാവ്* എന്ന കവിതയിലെ അവസാന വരികളാണ് മേല്പറഞ്ഞത്.  നമ്മളെല്ലാം നിർബന്ധമായും  മനസിലാക്കിയിരിക്കൂവാനുളള ഒരു ചെറിയലോകതത്വം. കവി, ഒരമ്മപ്രാവ് പയർ വറൂക്കാൻ പൊന്നുമകളെ ഏല്പിച്ച കഥയിലൂടെ അനാവരണം ചെയ്തിരിക്കുന്നു.

മഹാകവി
*വൈലോപ്പിള്ളിക്കല്ലാതെ* നാട്ടറിവിന്റെ ഈ സാരാംശം കവിതയിലൂടെ മണിമണിയായി കോർക്കുക അസാദ്ധ്യം.

ഇന്ന്  ഡിസംബർ 22. ജീവിത യാഥാർത്ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ    *കാച്ചിക്കുറുക്കിയ കവിതകളുടെ*  രചയിതാവ്, കടലിനെ മഷിക്കുപ്പിയാക്കിയ എഴുത്തുകാരൻ   എന്നിങ്ങനെ പ്രശസ്തനായ
മഹാകവി _വൈലോപ്പിള്ളിയുടെ_ ഓർമ്മദിനം.  മുപ്പത്തിമൂന്നു സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു കവി ഓർമ്മയായിട്ട്.
കുറച്ച്നാൾ മുമ്പ് അദ്ദേഹത്തിന്റെ പത്നി ഭാനുമതിയമ്മയും യാത്രയായി.

മലയാളികളെ മുഴുവൻ കണ്ണീരണിയിച്ച  *മാമ്പഴം* എന്ന കവിതയാണ് അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ എല്ലാവരുമോർക്കുക. മാമ്പഴത്തെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ സാമൂഹ്യശാസ്ത്രത്തിൽ അടിസ്ഥാനപ്പെട്ടിട്ടുള്ള 
ചരിത്രപരത
ഇഴചേർക്കപ്പെട്ടിട്ടുള്ളതായി കാണാം. ജീവിതത്തിൽ ഒരിക്കൽ ചെയ്ത തെറ്റ് ജീവിതാന്ത്യംവരെയും വേട്ടയാടിയേക്കാമെന്നും ആരെയും വേദനിപ്പിക്കാതെ ജീവിക്കേണ്ടതിന്റെ അടിസ്ഥാനത്തെക്കുറിച്ചും ഏറെ ഹൃദയംഗമമായി പാടിയിട്ടുണ്ട്.

മാവിന്റെ പൂക്കുല  ബാല്യചാപല്യത്താൽ ഒടിച്ച് അമ്മയെ കാണിച്ചപ്പോൾ അമ്മ വഴക്ക് പറയുകയും  മാമ്പഴം പെറുക്കാൻ താൻവരില്ലെന്ന് പിണങ്ങിനിന്ന ഉണ്ണിക്കുട്ടൻ
പൂവിരിഞ്ഞ് മാങ്ങകൾ പഴുത്തപ്പോഴേക്കും
അറംപറ്റിയത്പോലെ
അസുഖം ബാധിച്ച്
മരിച്ചുപോയ ദുരന്തകഥയാണ്.

മകന്റെ വേർപാടിൽ അമ്മ ദുഖിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു. 
*അമ്മതൻ നേത്രത്തിൽ*
*നിന്നുതിർന്നു ചുടുകണ്ണീർ.*

അമ്മയ്ക്കു മാത്രമല്ലല്ലോ
കണ്ണുനീരുതിരുക?? 

മാമ്പഴത്തിന് മധുരവും കയ്പുമുണ്ട്. വൈലോപ്പിളളിക്കവിതയിലും അത് രണ്ടുമുണ്ട്. വേർപാടിന്റെ ദുഖവും ഓർമ്മയുടെ മാധുര്യവും.. മാധുര്യത്തിന്റെയും ദുഖത്തിന്റെയും അനുഭവങ്ങൾ മാമ്പഴത്തിൽ സമ്മേളിച്ചിരിക്കുന്നു.
കവിത ആസ്വാദക ഹൃദയങ്ങളിൽ മധുരമുളള ഒരനുഭുതിയായ് പരിണമിക്കുന്നു.
പരലോകത്തെക്കുറിച്ചുള്ള സങ്കല്പം മാമ്പഴത്തിലെ അമ്മയ്ക്ക് തുണയേകുന്നു

സുപ്രസിദ്ധ നിരൂപകൻ *എം.എൻ വിജയൻ* പറഞ്ഞത്പോലെ പിണക്കത്തിൽ നിന്നിണക്കങ്ങളും,
ചവർപ്പിൽനിന്ന് മാധുര്യവും, മരണത്തിൽനിന്ന് ജീവിതവും വാറ്റിയെടുക്കുന്ന പുതിയ കൈത്തഴക്കം മലയാളികൾ ഈ കവിതയിൽ കണ്ടെത്തി. ജനനമരണങ്ങളും സുഖദുഖങ്ങളും ഇടകലർന്ന ജീവിതത്തെ സമഗ്രമായി നോക്കിക്കാണുന്ന ഒരു കവിതയെ മാമ്പഴത്തിലൂടെ നാം കാണുന്നു.

ആ ലഘുകാവ്യം _വൈലോപ്പിള്ളിയുടെ_
 വരിഷ്ഠരചന,
കാല്പനികതാരള്യത്തിനും പദസംഗീതത്തിനും പകരം മലയാളകവിതയിൽ ആധുനിക ജീവിതത്തിന്റെ സംഘർഷങ്ങളും നവീനമായ ഭാവുകത്വവും കൊണ്ടുവന്നു. 
*ചങ്ങമ്പുഴ* യ്ക്ക്ശേഷമുള്ള  മലയാള കവിതയുടെ പരിവർത്തനത്തിൽ
*പി.കുഞ്ഞിരാമൻനായർ, ഇടശേരി ഗോവിന്ദൻനായർ*
എന്നിവർക്കൊപ്പം മഹത്തായ പങ്കാണ്  _വൈലോപ്പിളളി_ വഹിച്ചത്.ജീവിതത്തിന്റെയും  മനുഷ്യപുരോഗതിയുടേയും സങ്കീർത്തനകാരനായിരുന്നു അദ്ദേഹം.

*എറണാകുളം* നഗരത്തിലെ കലൂരിലെ
കളപ്പുരയ്ക്കൽവീട്ടിൽ നാണിക്കുട്ടിയമ്മയുടെയും "ചേരാനല്ലൂർ" കൊച്ചുകുട്ടൻ കർത്താവിന്റെയും മകനായി 1911 മേയ് 11 നാണ് "ശ്രീധരമേനോൻ" ജനിച്ചത്.
സസ്യ ശാസ്ത്രത്തിൽ ബിരുദമെടുത്തതിന് ശേഷം1931 ൽ അധ്യാപനവുത്തിയിൽ പ്രവേശിച്ചു..1966 ൽ ഹൈസ്കൂൾ പ്രധാനദ്ധ്യാപകനായാണ് വിരമിച്ചത്.മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട് സ്പർശിച്ച കവിയാണ് _വൈലോപ്പിള്ളി_
പതിനെട്ടാമത്തെ വയസിലാണ് ആദ്യ കവിതയെഴുതിയത്. എന്നാൽ ആദ്യ പുസ്തകം ഒരു ശാസ്ത്രഗ്രന്ഥമായിരുന്നു.
1947 ൽ ആദ്യ കവിതാസമാഹാരം *കന്നിക്കൊയ്ത്ത്* പ്രസിദ്ധീകരിക്കപ്പെട്ടു. മാമ്പഴം ഈ സമാഹാരത്തിലേതാണ്.
1952 ലാണ് ഏറ്റവും പ്രശസ്തമായ *കുടിയൊഴിക്കൽ* രചിക്കപ്പെട്ടത്.

മരിച്ച് തിരിച്ച് വന്ന് ജീവിതത്തെ തിരുത്തുന്ന ഒരു രീതിയാണ് കുടിയൊഴിക്കലിൽ കാണുന്നത്.ജീവിതമാകുന്ന കടൽ അഗാധമാണ്, ദുരൂഹത നിറഞ്ഞതാണ്, അവ പ്രക്ഷുബ്ധവുമാണ്. ജീവിതമാകുന്ന കടലിൽ തൂലികമുക്കിയാണ് താൻ കവിതകൾ എഴുതുന്നതെന്ന് വൈലോപ്പിളളിത്തന്നെ പറഞ്ഞിട്ടുണ്ട്. ജീവിതമാകുന്ന കടലിനെ മഷിക്കുപ്പിയാക്കിയിരിക്കുന്നു കവി.

*ജലസേചനം*  എന്ന കവിതയിലെ ഒരു ഭാഗം പത്താംക്ലാസ്സിലെ പാഠപുസ്തകത്തിൽ പഠിച്ചത് ഓർക്കാത്തവരുണ്ടാകുമോ?

*"കണ്ടിതോ ഭദ്രാ വരണ്ടുപോയ് മന്നിടം*
*കണ്ണുനീർ മാത്രമേ ബാക്കിയുളളു".*

യാദവന്മാരുടെ യാചനയാണ്. മധുപാനത്താൽ മദോന്മത്തനായ _ബലഭദ്രൻ_ നേരായ വഴിക്ക് ആദ്യം കാളിന്ദിയോട്  മഥുരയിലെ കൃഷിയിടങ്ങളിലേക്ക് സ്വയം   ഒഴുകാനിരന്നു. അഹങ്കാരത്താൽ മതിമറന്ന നദി കള്ളിന്റെ തികട്ടലുകൾ ചെവിക്കൊണ്ടില്ല.  പൊതുവേ ദേഷ്യക്കാരനായ _ബലരാമന്റെ_ കോപമിരട്ടിച്ചു. ലഹരിയിൽ അത് വീണ്ടും വർദ്ധിച്ചു. കലപ്പയുടെ
കൂർത്ത കൊഴുവാര് ആറ്റിനെ തന്റെ ഇഷ്ടത്തിനൊഴുക്കി കർഷകരുടെ
കണ്ണുനീർതുടച്ചു. ഭാഗവതത്തിലെ അധികമാരും വായിച്ച് പരിചയപ്പെടാത്ത ഈ കഥാഭാഗം *അശ്വതിതിരുനാളിന്റെ* _പൗണ്ഡ്രകവധം_ കഥകളിയിൽ സാക്ഷാൽ പത്മശ്രീ *കലാമണ്ഡലം കൃഷ്ണൻനായർ* ബലരാമന്റെ വേഷത്തിൽ ആടിപ്പൊലിപ്പിക്കുന്നത് കാണാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട'.

മഹാകവി
*ജീ.ശങ്കരക്കുറുപ്പിന്റെ* ഭവനത്തിൽ ഒരിക്കൽ സന്ദർശനത്തിനെത്തിയ കവി വീട്ട് വളപ്പിലെ പാവൽക്കൃഷിയുട മനോഹാരിതയാത് മനം കുളിർത്തെഴുതിയതാണ് *കയ്പവല്ലരി* എന്ന സമാഹാരം. ഇതിലെ ഒരു ഭാഗവും നമ്മൾ പഠിച്ചിട്ടുണ്ട്.

1985 ഒക്ടോബർ 15 ന് മസ്തിഷ്കാഘാതത്തെത്തുടർന്ന് കിടപ്പിലായ അദ്ദേഹം ഡിസംബർ 22 ന് തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് അന്തരിച്ചു. മൃതദേഹം പ്രദർശനത്തിന് വെക്കരുതെന്നും
*സാഹിത്യഅക്കാദമി* ഹാളിൽ കിടത്തരുതെന്നും ചുവന്ന വസ്ത്രങ്ങൾ പുതപ്പിക്കരുതെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. *നിളാനദി* തീരത്താണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം.

*"ഏതു ധൂസരസങ്കല്പത്തിൽ വളർന്നാലും*
*ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും.*
*മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും*
*മണവും , മമതയും, ഇത്തിരി കൊന്നപ്പൂവും"*

*കെബി.ഷാജി.* *നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ