Smaranika_16

*ഒരു കരളുറപ്പിന്റെ കഥ*

*ഒരു ബാലൻ,*
*തൊട്ടടുത്ത് വലത് കരത്തിൽ*
*ഒരറ്റം ചുവന്ന് പഴുത്ത ഇരുമ്പ്*
*ദണ്ഡുമായി അറച്ച് നിൽക്കുന്ന*
*നാട്ട് വൈദ്യൻ.*

നാല്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് *ബാലരമ* എന്ന കുട്ടികളുടെ മാസികയിൽ പ്രസിദ്ധീകരിച്ച് വന്ന കഥയുടെ
തലക്കെട്ടും
കാരിക്കേച്ചർ ചിത്രവും
സ്മൃതിയിൽ നിന്ന് മായുകയില്ല.
ആ കഥയുടെ രത്നച്ചുരുക്കം ഇപ്രകാരമാണ്.
ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ, സാധാരണ ഒരു കുടുംബത്തിലെ 12 വയസ്സുള്ള ബാലന് ഇടതു കാൽ മുട്ടിനു താഴെയായി നെല്ലിക്കാ വലിപ്പത്തിലുള്ള ഒരു വലിയ മുഴ പ്രത്യക്ഷപ്പെട്ടു.
കുട്ടിയുടെ മാതാപിതാക്കൾ, അറിയാവുന്ന ചികിത്സകൾ നടത്തി നോക്കിയെങ്കിലും
മുഴ മാറിയില്ല.
ഒടുവിലാണ് നാട്ടുവൈദ്യൻ  പുതിയ വിദ്യ ഉപദേശിച്ചത്.
മുഴയിൽ ഇരുമ്പ് പഴുപ്പിച്ച്
വയ്ക്കുക.
മാതാപിതാക്കൾ ആദ്യമൊന്നും ഇത് സമ്മതിച്ചില്ല.
ഒടുവിൽ ബാലൻ രഹസ്യമായി ഈ വിവരം അറിയാൻ ഇടയായി.
പുതിയ ചികിത്സയ്ക്ക് താൻ തയ്യാറാണെന്നും വൈദ്യനോട്
ചികിത്സയാരംഭിക്കുവാൻ
വരുന്നതിന് പിതാവിനെ
അറിയിക്കുകയും ചെയ്തു.
ഒരു സന്ധ്യാനേരത്താണ് വൈദ്യന്റെ വരവ്.
ചുട്ടുപഴുത്ത ഇരുമ്പ്
കമ്പി പയ്യന്റെ കാൽമുട്ടിലെ മുഴുത്ത കുരുവിൽ പതിപ്പിക്കുന്നതിന് വൈദ്യൻ തുനിഞ്ഞെങ്കിലും കുറിച്ച് നേരം ഭീതിയാൽ അറച്ച് നിന്നു. ഇത് കണ്ട ബാലൻ.
ധൈര്യസമേതം തീപ്പൊള്ളലേല്ക്കാൻ ഒരുങ്ങി വൈദ്യന്റെ കൈയിലിരുന്ന  ദണ്ഡ് പിടിച്ച് വാങ്ങി സ്വന്തം കാൽമുട്ടിലുള്ള വലിയ കുരുവിൽ പൊള്ളലേല്പിച്ചുവെന്നും കുരു അപ്രത്യക്ഷമായെന്നുമാണ്
കഥ.
ആരായിരുന്നു ആ ബാലൻ?
മറ്റാരുമല്ല.
ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ
എന്നറിയപ്പെട്ടിരുന്ന
*സർദാർ വല്ലഭഭായി പട്ടേൽ.*

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഹിന്ദി പ്രധാന പുസ്തകത്തിൽ,
ഒരു പാഠമുണ്ടായിരുന്നു.
*ബാർദോളി കെ സർദാർ*
_ഗുജറാത്തിലെ_ *ബാർദോളി* ജില്ലയിൽ റിവിഷൻ
സെറ്റിൽമെന്റ് വഴി1927
ജൂൺ 30 ന് ഭൂനികുതി
20 മുതൽ 25 ശതമാനം വരെ
സർക്കാർ വർദ്ധിപ്പിച്ചു.
1928 ഫെബ്രുവരി 12 ന് കോൺഗ്രസ്സ് വിളിച്ച് കൂട്ടിയ കർഷകസമ്മേളനം നികുതിത്തോത് പുനപരിശോധിക്കുന്നത് വരെ
നികുതി നിഷേധസമരമാരംഭിച്ചു.
വർദ്ധിപ്പിച്ച നികുതി
കൊടുക്കാതിരിക്കുന്നതിന് പുറമേ സർക്കാരുദ്യോഗസ്ഥരുമായി ഒരു വിധത്തിലും സഹകരിക്കരുതെന്നും
ആഹാരസാധനങ്ങളോ വാഹന സൗകര്യങ്ങളോ അവർക്ക് നല്കരുതെന്നും കോൺഗ്രസ്സ്, കർഷകരെ
ആഹ്വാനം ചെയ്തു.
നിരവധി കർഷകർ
അക്രമരഹിതസമരം നടത്തി
ജയിലിലായി.
അവരുടെ ഭൂമിയും വീട്ട് സാമാനങ്ങളും കന്നുകാലികളും
സർക്കാർ ജപ്തി ചെയ്തു.
എല്ലാത്തരം പീഡനമുറകളും
ഭരണകൂടം പ്രയോഗിച്ചിട്ടും കർഷകർ സഹനസമരത്തിൽ
ഉറച്ച് നിന്നു.
ഇന്ത്യയെങ്ങും ബാർദോളി സമരവാർത്ത പടർന്നു.
*ഗാന്ധിജിയുടെ* ആഹ്വാനമനുസരിച്ച്
ജൂൺ 12 ന് ഇന്ത്യയെങ്ങും ബാർദോളി ദിനമാചരിച്ചു.
പഴയ നികുതി പുനസ്ഥാപിക്കാമെന്നും കർഷകരുടെ ജപ്തിവസ്തുക്കൾ വിട്ട് കൊടുക്കാമെന്നും
തടവ്കാരെ വിട്ടയക്കാമെന്നുള്ള ഉറപ്പിന്മേൽ ജൂലായിൽ കോൺഗ്രസ്സ്, സമരം
പിൻവലിച്ചു.
സംഘടിതസമരത്തിന്റെ
ശക്തി തെളിയിച്ചു ബാർദോളി.
ഗാന്ധിജിയുടെ ഉപദേശനിർദ്ദേശങ്ങളോടെ മുഴുവൻ സമയവും സമരനേതൃത്വം വഹിച്ച് ബാർദോളി കർഷകരുടെ കരുത്തുറ്റ നേതാവായി മാറിയ *വല്ലഭഭായി പട്ടേലായിരുന്നു* ഈ
സമരവിജയത്തിന്റെ ശില്പി.
ബാർദോളിയുടെ വിജയം കണ്ട 
ഗാന്ധിജി, *സർദാർ* എന്ന പേര് നല്കി പട്ടേലിനെ ആദരിച്ചു.

ഗുജറാത്തിലെ *ഖേഡാ* ജില്ലയിലുള്ള ആനന്ദ് താലൂക്കിലെ കരംസാദ് ഗ്രാമത്തിൽ 1875 ഒക്ടോബർ 31ന് _ജാവെർഭായി പട്ടേലിന്റെയും_ _ലൊഡ്ബായിയുടെയും_
ആറ് മക്കളിൽ നാലാമനായി വല്ലഭഭായി ജനിച്ചു.
അഞ്ച് പുത്രന്മാരും ഒരു പുത്രിയുമായിരുന്ന് ദമ്പതികൾക്ക്.
വല്ലഭഭായിയുടെ നേരെ
മൂത്തയാളായിരുന്നു പിന്നീട് ദേശീയപ്രസ്ഥാന നായകരിൽ പ്രമുഖനായ മാറിയ *വിഠൽഭായി പട്ടേൽ*
പഞ്ചാബിൽ നിന്ന് ഗുജറാത്തിലേക്ക് കുടിയേറിപ്പാർത്തവരായിരുന്നു പട്ടേൽ വംശക്കാർ. പാട്ടക്കൃഷി ചെയ്യുന്ന കർഷക കുടുംബമായിരുന്നു ജാവെർ പട്ടേലിന്റേത്.
*1857 ലെ* ഒന്നാം സ്വാതന്ത്ര്യസമരത്തിൽ *ഝാൻസിറാണിയുടെ* സൈനികനായി പങ്കെടുത്ത്
അറസ്റ്റും യാതനയും അനുഭവിച്ചയാളാണ്
ജാവെർ.

സ്വന്തം ഗ്രാമത്തിൽ
നിന്ന് മൂന്ന് മൈൽ അകലെ
പെട്ലാഭ് ഗ്രാമത്തിലായിരുന്നു
വല്ലഭഭായി പട്ടേലിന്റെ
പ്രാഥമിക വിദ്യാഭ്യാസം. പതിമൂന്നാംവയസ്സിൽ
*നാഡിയാഡ്* ഹൈസ്കൂളിൽ ചേർന്നു. അവിടെനിന്ന്
1897 ൽ മെട്രിക്കുലേഷൻ പാസായി. ഇതിനിടെ പതിനാറാം വയസ്സിൽ
*സാവർഭായിയെ* വിവാഹം
ചെയ്തു. നിയമം പഠിച്ച്
1900 ൽ ഡിസ്ട്രിക്ട് പ്ലീഡർഷിപ്പ് പരീക്ഷ വിജയിച്ചു.
*ഗോധ്രയിൽ* വക്കീലായി
പ്രാക്ടീസാരംഭിച്ചു.
പിന്നീട് *ബോർസാദിലേക്ക്* പ്രാക്ടീസ് മാറ്റി. ജ്യേഷ്ഠൻ വിട്ടൽ ഭായിയും അവിടെ
വക്കീലായിരുന്നെങ്കിലും സ്വന്തമായാണ് വല്ലഭഭായി പ്രാക്ടീസ് ആരംഭിച്ചത്. കുറച്ചുകാലം കൊണ്ട് പ്രശസ്തനായ അഭിഭാഷകനായി പട്ടേൽ മാറി. ഇതിനിടെ ദമ്പതികൾക്ക്
*മണിബെൻ* എന്ന പുത്രിയും
*ദയാഭായി* എന്ന പുത്രനും
ജനിച്ചിരുന്നു.
1908 ൽ ഭാര്യ മരിച്ചുവെങ്കിലും
പട്ടേൽ തുടർന്ന് വിവാഹിതനായില്ല.

ഏറെ നാൾ കൊണ്ട് സ്വന്തമായി സ്വരുക്കൂട്ടിയ പണമുപയോഗിച്ച്
1910 ൽ വല്ലഭഭായി ഉപരിപഠനത്തിനായി *ഇംഗ്ലണ്ടിലേക്ക്* പോയി. അവിടെ ബാർ അറ്റ് ലായ്ക്ക് പഠിക്കുമ്പോൾ താമസസ്ഥലത്തുനിന്ന് 19 കിലോമീറ്റർ അകലെയുള്ള
മിഡിൽ ടെമ്പിൾ ബാറിലേക്ക് ദിവസവും രാവിലെ അദ്ദേഹം നടന്നാണത്രേ പോയിരുന്നത്. മൂന്ന് വർഷത്തെ പഠനകാലയളവിൽ നാല് മാസത്തെ ഇളവോടെ
ഒന്നാംക്ലാസിൽ ഒന്നാംറാങ്ക് വാങ്ങി പട്ടേൽ വിജയിച്ചു. 1913 ഫെബ്രുവരിയിൽ
ബാരിസ്റ്ററായി ഇന്ത്യയിൽ തിരിച്ചെത്തി.
*അഹമ്മദാബാദിൽ* പ്രാക്ടീസ് ആരംഭിച്ചു.
അവിടെ മുൻസിപ്പൽ കൗൺസിലറായും
1924 - 28 ൽ മുൻസിപ്പൽ പ്രസിഡന്റായും പ്രവർത്തിച്ചു.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഗാന്ധിജി അഹമ്മദാബാദിനടുത്ത് ആശ്രമം സ്ഥാപിച്ചാണ് താമസമാക്കിയത്. ആദ്യമൊക്കെ ഗാന്ധിജിയുടെ പ്രവർത്തന രീതികളിൽ പട്ടേലിന് പരിഹാസമാണുണ്ടായത്. എന്നാൽ ക്രമേണ അദ്ദേഹം ഗാന്ധിജിയുടെ മഹത്വം തിരിച്ചറിഞ്ഞു.

ഗാന്ധിജിയുടെ *സ്വരാജ്*
എന്ന ആശയത്തിന് പിന്തുണ നല്കിക്കൊണ്ടാണ് പട്ടേൽ
രാഷ്ട്രീയത്തിലിറങ്ങുന്നത്.
ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം
നേടിയെടുക്കുന്നതിനായുളള
പെറ്റീഷനിൽ ഒപ്പ് വെയ്ക്കാനായി പട്ടേൽ
ജനങ്ങളോടാഹ്വാനം ചെയ്തു.
ഇന്ത്യയുടെ നട്ടെല്ല് കൃഷിക്കാരായിട്ടും കടക്കെണിയിലും പട്ടിണിയിലും അധികനികുതി ഭാരത്തിലും അവർ വലയുകയായിരുന്നു.
1917ൽ ഖേഡാ ജില്ലയിൽ പേമാരി മൂലം കൃഷി നശിച്ചപ്പോൾ ദുരിതാശ്വാസം നൽകുന്നതിന് പകരം നികുതിയടക്കാൻ കർഷകരെ നിർബന്ധിക്കുകയാണ് സർക്കാർ ചെയ്തത്. പട്ടേലിന്റെ സഹായത്തോടെ ഗാന്ധിജി സത്യസ്ഥിതി അന്വേഷിച്ചറിഞ്ഞു. സർക്കാർ നിലപാടിനെതിരെ സത്യഗ്രഹവും നികുതിനിഷേധവും ആരംഭിച്ചു. ഗാന്ധിജിയുടെ നേതൃത്വവും പട്ടേലിന്റെ മേൽനോട്ടവും ജനങ്ങളുടെ ശക്തിയുമുണ്ടായിരുന്ന
ആ സമരത്തിന് മുന്നിൽ സർക്കാരിന് കീഴടങ്ങേണ്ടിവന്നു.
1923 ൽ *ബോർസാദ്* താലൂക്കിൽ സർക്കാർവിരുദ്ധരെ അമർച്ച ചെയ്യാനായി നിയോഗിച്ചിരുന്ന സ്പെഷ്യൽ പോലീസിന്റെ ചിലവ് വഹിക്കുന്നതിന് ജനങ്ങൾ പ്രത്യേക പിഴയടയ്ക്കണം എന്ന നിയമത്തിനെതിരെ പട്ടേൽ രംഗത്തിറങ്ങി.
എന്തൊക്കെ പീഡനങ്ങളുണ്ടായാലും പിഴയടയ്ക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സർക്കാർ കടുത്ത അടിച്ചമർത്തൽ നയം സ്വീകരിച്ചിട്ടും ജനങ്ങൾ പിഴയൊടുക്കിയില്ല.
ഒടുവിൽ പിഴ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു.
പട്ടേലിന്റെ വിജയത്തിൽ ഒരു
തൂവൽകൂടി ചാർത്തി
ഈ സമരം.

1928 ലെ ബാർദോളി സമരത്തോടെ ഇന്ത്യയെങ്ങും അറിയപ്പെടുന്ന നേതാവായി സർദാർ വല്ലഭഭായി പട്ടേൽ മാറി. 1930 മാർച്ച് 12ന് ഉപ്പ് നിയമം ലംഘിക്കാൻ ഗാന്ധിജി
*ദണ്ഡി* കടൽപ്പുറത്തേക്ക് യാത്ര തിരിക്കുന്നതിന് അഞ്ച് ദിവസം മുമ്പേ പട്ടേൽ അറസ്റ്റിലായി. ശിക്ഷ മൂന്ന്
മാസം തടവും 500 രൂപ പിഴയും. ജയിൽമോചിതനായ അദ്ദേഹത്തെ ജൂൺ 30 ന് വീണ്ടും അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തേക്ക് ശിക്ഷിച്ചു.
പ്രസംഗിക്കാൻ പാടില്ല എന്ന വ്യവസ്ഥയിലാണ് വിട്ടയച്ചത്. എന്നാൽ നിയമം ലംഘിച്ച് പ്രസംഗിച്ച അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
1931 മാർച്ചിൽ, *കറാച്ചി* കോൺഗ്രസ്സ് സമ്മേളനത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് പട്ടേലാണ്.
1932 ജനുവരി 4 ന് വീണ്ടും അറസ്റ്റിലായ പട്ടേലിനെ ഗാന്ധിജിക്കൊപ്പം
*യെർവാദാ* ജയിലിലടച്ചു.
1934 ൽ മോചിപ്പിക്കപ്പെട്ടു.
വ്യക്തിഗത നിയമലംഘന സമരത്തിൽ പങ്കെടുത്ത്,
1940 നവംബറിൽവീണ്ടും പട്ടേൽ ജയിലിലായി. ആരോഗ്യനില മോശമായതിനാൽ
1941ൽ വിട്ടയച്ചു. രോഗംകാരണം ആരോഗ്യാവസ്ഥ മോശമായിരുന്നിട്ടും
*ക്വിറ്റ് ഇന്ത്യാ* സമരത്തിന് ജനങ്ങളെ സജ്ജരാക്കുന്നതിനായി മുംബൈയിലുടനീളം
ചുറ്റിസഞ്ചരിച്ചു.
1942 ഓഗസ്റ്റ് 9 ന് കോൺഗ്രസ്സ്
ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. അതിന് തലേദിവസം പട്ടേൽ അറസ്റ്റുചെയ്യപ്പെട്ടു. അഹമ്മദാബാദ് കോട്ടയിലെ
തടവിൽനിന്ന് 1949 ജൂൺ15 ന് മറ്റ് നേതാക്കൾക്കൊപ്പം മോചിപ്പിക്കപ്പെട്ടു.

1946 ഡിസംബർ 2 ന് *ജവഹർലാൽ നെഹ്റുവിന്റെ* നേതൃത്വത്തിൽ രൂപവത്കരിച്ച ഇടക്കാല സർക്കാരിൽ ആഭ്യന്തരം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തത് പട്ടേലാണ്.
1947 ഓഗസ്റ്റ് 15ന് സ്വതന്ത്രമായ ഭാരതത്തിലെ ആദ്യ സർക്കാരിന്റെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ഉപപ്രധാനമന്ത്രി പട്ടേലും ആയിരുന്നു.
ഇന്ത്യാ വിഭജനത്തിന് ശേഷം  *പഞ്ചാബിലെയും* ഡൽഹിയിലെയും അഭയാർഥികളെ പുനരധിവസിപ്പിക്കുക എന്ന ചുമതല പട്ടേലിനായിരുന്നു.
ആഭ്യന്തരവകുപ്പും നാട്ടുരാജ്യങ്ങളുടെ ഭരണസംവിധാന ചുമതലയും
പട്ടേലിനായിരുന്നു.
ശിഥിലമായി കിടന്നിരുന്ന സ്വതന്ത്ര ഇന്ത്യയിലെ
550 നാട്ടുരാജ്യങ്ങളെ
*ഇന്ത്യൻയൂണിയനിൽ* ലയിപ്പിച്ചു എന്നതാണ്   ഏറ്റവും വലിയ ശ്രമകരമായ യത്നം.
ശ്രമകരമായ ആ ജോലി കൃത്യതയോടെ പട്ടേൽ നിർവ്വഹിച്ചത് കണ്ട് നെഹ്റു പറഞ്ഞു.
"അനേകമനേകം വർഷങ്ങളിലെ പഴക്കമുള്ള നാടുവാഴി പ്രഭുത്വം കടപുഴകി വീണുകൊണ്ടിരിക്കുന്ന കാഴ്ചകാണുമ്പോൾ അതിത്ര നിഷ്പ്രയാസം നിലംപതിക്കുമെന്ന് ആറ് മാസം മുമ്പ് പ്രവചിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.
സർദാർ വല്ലഭഭായി പട്ടേലിനോട് നാമെല്ലാം കടപ്പെട്ടിരിക്കുന്നു."
എഴുപത്തഞ്ചാം വയസ്സിലും ഉരുക്കുമനുഷ്യനായി ഓടിനടന്ന് ഇന്ത്യയുടെ ഉന്നതിക്ക് വേണ്ടി പ്രേയത്നിച്ച പട്ടേലിനെ ഇതിനിടെ ഹൃദ്രോഗം വിടാതെ പിടികൂടിയിരുന്നു.
പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ വിധിച്ചത്.
1950 ഡിസംബർ 12ന് വിശ്രമാർത്ഥം അദ്ദേഹം
മുംബൈയിലേക്ക് പോയി.
അവിടെവച്ച് ഡിസംബർ 15 ന്
ഹൃദ്രോഗബാധയാൽ
അദ്ദേഹം അന്തരിച്ചു.

1946 ൽ ഇടക്കാല സർക്കാർ രൂപീകൃതമാകുമ്പോൾ സർക്കാരിനെ നയിക്കാൻ തുല്യ പ്രാപ്തിയുണ്ടായിരുന്ന
രണ്ട് പേരിൽ (പണ്ഡിറ്റ്ജി, പട്ടേൽ) ആരാണ് മുന്നോട്ട് വരേണ്ടതെന്ന ചില വ്യക്തികളുടെ നിലപാടുകൾ,
1983 ൽ പുറത്ത് വന്ന റിച്ചാർഡ് അറ്റൻബറോയുടെ
*ഗാന്ധി* ചിത്രത്തിൽ കാണാം. *സയ്യിദ് ജാഫ്രി*
എന്ന ഹിന്ദി ചലച്ചിത്രനടനാണ് പട്ടേലായി വന്നത്.
*സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ* എന്ന പുസ്തകത്തിൽ നെഹ്റു, അധികാരക്കൈമാറ്റം നടക്കുന്ന ദിവസത്തിന് മുമ്പ്
വൈസ്രോയിയെ സന്ദർശിച്ച്,
ഭരണകാര്യങ്ങളിൽ സഹായിക്കുന്നതിന്
ഒരു വർഷം കൂടി രാജ്യത്ത് തങ്ങണമെന്ന് അഭ്യർത്ഥിക്കുകയുണ്ടായിയെന്ന് പറയുകയുണ്ടായി എന്നൊരു ഭാഗമുണ്ട്.
മുന്നോട്ടുള്ള കാൽവയ്‌പിലും
ധീരനായ ഭരണനൈപുണ്യനെന്ന നിലയിലും പട്ടേലിനെ കടത്തിവെട്ടാൻ മറ്റൊരാളുണ്ടായിരുന്നില്ല
എന്ന് ചിലരുടെ അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്.
2013 ൽ *യുപിഎ* സർക്കാർ തുടക്കമിട്ട
*ഏകതാ പ്രതിമാ* നിർമ്മാണം
തുടർന്ന് അധികാരത്തിലേറിയ
നരേന്ദ്രമോദി സർക്കാർ
2018 ഒക്ടോബർ 31 ന്
സാക്ഷാത്‌ക്കരിച്ചു.
മധ്യപ്രദേശിൽ ഉത്ഭവിച്ച് പടിഞാറോട്ടൊഴുകുന്ന
*നർമ്മദാ* നദിയിൽ,
ഗുജറാത്ത് സംസ്ഥാനത്തെ
*കെവാഡിയ* ജില്ലയിൽ
സ്ഥിതി ചെയ്യുന്ന *സർദാർ സരോവർ* അണക്കെട്ടിനടുത്താണ്
ഒരു കുന്നിൽ, 182 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള
പട്ടേലിന്റെ  വാസ്തുവിസ്മയം
സ്ഥിതിചെയ്യുന്നത്.
2989 കോടി രൂപ ചിലവഴിച്ച്
33 മാസങ്ങൾ കൊണ്ടാണ്ട്
മോദിയുടെ സ്വപ്നപദ്ധതി
പൂർത്തിയായത്.
പട്ടേലിന്റെ ജന്മദിനമായ
ഒക്ടോബർ 31 രാഷ്ട്രീയ
ഏകതാദിനമായി ആചമിച്ച്
വരുകയാണ്.
1991 ൽ *ഭാരതരത്നം*
കോൺഗ്രസ്സ് സർക്കാർ പ്രഖ്യാപിച്ചു.
നാട്ട് രാജ്യങ്ങളുടെ സംയോജന
പ്രക്രിയയിൽ പട്ടേലിന്റെ
വലംകൈയായിരുന്ന മലയാളിയായ
*വിപി മേനോൻ*
തന്റെ ഗ്രന്ഥമായ *ദ സ്റ്റോറി ഓഫ് ഇന്റഗ്രേഷൻ ഓഫ് ദ*
*ഇന്ത്യൻ സ്റ്റേറ്റ്സിൽ*
പട്ടേലിന്റെ ഒരു സ്വർണചിത്രം
വരച്ചിട്ടുണ്ട്.
അതിൽ ഒരു വാക്യം ഇപ്പോഴും എപ്പോഴും ഓർക്കേണ്ടതാണ്.

"ഇന്ത്യയുടെ ഭൂപടം ഇന്നത്തെ രീതിയിലിരിക്കാൻ കാരണം,
സർദാർ പട്ടേലിന്റെ വിശ്രമമില്ലാത്ത പ്രവർത്തനം കൊണ്ടാണ്."
മറിച്ചൊരഭിപ്രായമുണ്ടാകാനിടയില്ല.

*കെബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ