Smitha pattil

*"ആശുപത്രി മേലാളന്മാരുടെ കനത്ത അനാസ്ഥ* *കാരണമാണ് രാജ്യം കണ്ട*
*വിഖ്യാത അഭിനേത്രിയെ കലാ ലോകത്തിന് നഷ്ടമായത്"*

പ്രശസ്ത ഇന്ത്യൻ സംവിധായകൻ
*മൃണാൾസെൻ*
2007 ൽ ഒരഭിമുഖത്തിൽ
*സ്മിതാ പാട്ടീലിനെ*
സ്മരിച്ച് അഭിപ്രായപ്പെട്ടതാണ്.

1985 ലാണ് *ജി അരവിന്ദൻ* സാജ് പ്രൊഡക്ഷൻസിനായി *സിവി ശ്രീരാമന്റെ* കഥയെ അടിസ്ഥാനമാക്കി പ്രശസ്ത ചിത്രമായ *ചിദംബരം* സംവിധാനം ചെയ്തത്.
*കൊടിയേറ്റം ഗോപി*,
ശ്രീനിവാസൻ, *മുരളി*, *ജെയിംസ്*  പ്രശസ്ത
ഹിന്ദിനടി *സ്മിതാപാട്ടീലും*  ചിത്രത്തിലഭിനയിച്ചിരുന്നു. 
അരവിന്ദന്റെ സുഹൃത്തും സന്തത സഹചാരിയുമായ പ്രശസ്ത ഫോട്ടോഗ്രാഫർ  *എൻ എൽ ബാലകൃഷ്ണൻ* ഒരിക്കലെഴുതിയിരുന്നു.
ചിദംബരത്തിന്റെ ചിത്രീകരണം മൂന്നാറിലെ *മാട്ടുപ്പട്ടിയിൽ* അവസാനിക്കുമ്പോൾ *ശിവകാമിയുടെ* വേഷവും ഭാവവും  നിഷ്ക്കളങ്കതയും  അനായാസം ഭാവപൂർണ്ണിമയിലെത്തിച്ച 
സ്മിതാ പാട്ടീൽ പ്രതിഫലമായി അരവിന്ദനിൽ നിന്ന് ഇഷ്ടത്തോടെ സ്വീകരിച്ചത് മറ്റൊന്നുമായിരുന്നില്ല
*നാല് മുണ്ടും നേര്യതും* മാത്രം.

മാട്ടൂപ്പട്ടിയിലെ ഡയറി ഫാമിൽ കാലികളെ തീറ്റിക്കുകയും മേയ്ക്കുകയും ചെയ്യുന്ന *മുനിയാണ്ടി,* ഊരിൽ നിന്നും വിവാഹം ചെയ്തു കൊണ്ടു വന്ന തമിഴ് ശാലീനതയും നിഷ്ക്കളങ്കതയും നിറഞ്ഞ ശിവകാമിയെ, ഫാമിലെ  മുതിർന്ന ഓഫീസറായ _ശങ്കരൻ_ അടങ്ങാത്ത അഭിനിവേശത്താൽ
കാമപരിതപ്തനായി   വശംവദയാക്കുന്നു.
ഇത് മനസിലാക്കുന്ന മുനിയാണ്ടി ശിവകാമിയെ കൊലക്കത്തിക്കിരയാക്കി തൂങ്ങിമരിക്കുന്നു. പശ്ചാത്താപവിവശനായ ശങ്കരൻ സ്വസ്തത ലഭിക്കാൻ തീർത്ഥാടനത്തിനിറങ്ങുന്നു. തമിഴ്നാട്ടിലെ *ചിദംബരം* എന്ന ക്ഷേത്രനഗരത്തിലെത്തിയായ ശങ്കരൻ യാചകിയുടെ രൂപത്തിൽ ശിവകാമിയെ വീണ്ടും കണ്ടുമുട്ടുന്നതായാണ് കഥ. ഒരൊറ്റ സിനിമ കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ സ്നേഹവും ഇഷ്ടവും  പ്രശംസയും പിടിച്ച് പറ്റിയ താരമായിരുന്നു സ്മിത.

*പാൽക്കടൽമാനിനി തന്നുടെ*
*കണ്ണിന്,*
*പാൽക്കുഴമ്പായുള്ളോരായാർ പൈതൽ,*
*പാർക്കൊരു ഭൂഷണമായി*
*വിളങ്ങുമ്പോൾ*
*കാർക്കാലം പോന്നിങ്ങ് വന്നു കൂടി.*

ചില പൂവുകൾ പൂർണ്ണമായി വിടരും മുമ്പേ വിധിയുടെ കൊടുങ്കാറ്റിൽ കൊഴിഞ്ഞു പോകുന്നു
സ്മിതാ പാട്ടീലിന്റെ ജീവിതവും അത്തരത്തിലൊന്നായിരുന്നു. വിടർന്ന് എല്ലാവരുടെയും കണ്ണുകളിൽ വസന്തവും, മനസ്സുകളിൽ സൗരഭ്യവും അത്ഭുതവും നിറച്ച് പെട്ടെന്നൊരു തിരിച്ച്പോക്ക്.
1986 ഡിസംബർ   പതിമൂന്നിനാണ്
*ബോംബെയിലെ* സ്വകാര്യ ആശുപത്രിയിൽ ആദ്യ പ്രസവത്തോടെ സംഭവിച്ച മസ്തിഷ്ക രക്തസ്രാവ രോഗത്താൽ, അതി പ്രശസ്തയായ *ബോളിവുഡ്* സുന്ദരി മുപ്പത്തിയൊന്നാം വയസ്സിൽ ലോകത്തോട് വിടപറയുന്നത്.
പുത്രൻ പ്രതീക് ബബ്ബാർ
ജീവിതത്തിലേയ്ക്ക് കടന്ന് വരികയും ചെയ്തു.
അസാധാരണമായ അഭിനയശേഷിയുമുണ്ടായിരുന്ന, രണ്ട്തവണ *ഉർവശി* അവാർഡ് നേടിയ  സ്മിതയുടെ വിയോഗത്തിന് മുപ്പത്തിമൂന്ന് വർഷങ്ങളാകുന്നു.

1955 ഒക്ടോബറിലാണ്
14 ന് *മഹാരാഷ്ട്രയിലെ*
ഖണ്ഡേഷ്  പ്രവിശ്യയിലെ *ഷിർപ്പൂരിൽ* ശിവാജിറാവു ഗിരിധർപാട്ടീലിന്റെയും
വിദ്യാധിപാട്ടീലിന്റെയും മകളായി ജനിച്ച സ്മിത പൂനയിലെ രേണുകാ സ്വരൂപ് മെമ്മോറിയൽ ഹൈസ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
തുടർന്ന് *ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ* അഭിനയം പഠിക്കുന്നതിനായി ചേർന്നു.
അധ്യാപകനായ
*ശ്യാംബെനഗലുമായുളള* പരിചയമാണ്
ചലച്ചിത്രലോകത്ത് പ്രവേശനം  സാധ്യമായത്.
നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായ സ്മിത
*ബോംബെ ദൂരദർശൻ,* 1970 ൽ സംപ്രേക്ഷണമാരംഭിച്ചപ്പോൾ  വാർത്താ അവതാരകയായിരുന്നു. മികച്ച സ്ത്രീപക്ഷവാദിയായിരുന്ന അവർ *ചക്ര* എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്ന് വരുന്ന വേളയിൽ _മഹാനഗരത്തിലെ ചേരികൾ_ സന്ദർശിച്ചത് ഏറെ ഒച്ചപ്പാടുണ്ടാക്കി. പ്രശസ്ത ഹിന്ദിനടൻ *രാജ്ബബ്ബാർ* 1985 ൽ സ്മിതയെ ജീവിതസഖിയാക്കി. രാജിന്റെ രണ്ടാം പരിണയമായിരുന്നു ഇത്. ആദ്യഭാര്യയായ നദിര ബബ്ബാറിൽ നിന്ന് വിവാഹമോചനം നേടിയാണ്
സ്മിതാപരിണയം.

1970 കളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ
ശ്യാംബെനഗലിന്റെ
*ചരൺദാസ് ചോർ* ആയിരുന്നു സ്മിതയുടെ ആദ്യ ചിത്രമെങ്കിലും അതിന്ശേഷം 1976 ൽ പുറത്തുവന്ന  *മന്ഥൻ* എന്ന ചിത്രമാണ്  സ്മിതയെ കൂടുതൽ പ്രശസ്തയാക്കിയത്.
തൊട്ടടുത്ത് പുറത്തിറങ്ങിയ *ഭൂമിക* യിലെ  അഭിനയത്തിന്  മികച്ച നടിക്കുള്ള
ദേശീയ പുരസ്ക്കാരവും പാട്ടീലിന് നേടിക്കൊടുത്തു.

നായകനുമായി അതല്ലെങ്കിൽ നായകന വെല്ലുന്ന അഭിനയ പ്രകടനവുമായി മുന്നിട്ട് നില്ക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ അവരിലൂടെ വെള്ളിത്തിരയിൽ അനശ്വരമായി. കലാപരമായി ഏറെ മുന്നിട്ട് നില്ക്കുന്ന സിനിമകളിലൂടെയുള്ള സ്മിതയുടെ വളർച്ച പെട്ടെന്നായിരുന്നു. വല്ലാത്തൊരു വശ്യതയോടെ നീറിക്കത്തുന്ന സൗന്ദര്യവും അസാധാരണമായ അഭിനയപാടവവും സ്മിതയെ വെള്ളിത്തിരയിലെ മിന്നുംതാരമാക്കി മാറ്റി.

ബാഹ്യസൗന്ദര്യം മാത്രം ആസ്വദിക്കാൻ തിയേറ്ററിൽ കയറുന്ന പ്രേക്ഷകർക്ക് മുന്നിൽ തന്റെ കഥാപാത്രങ്ങളിലൂടെ
സ്ത്രീയുടെ 
ആന്തരസൗന്ദര്യവും ഒപ്പം സിനിമ എന്ന കലാരൂപത്തിന്റെ  തന്നെ യഥാർത്ഥ സൗന്ദര്യവും ബോധ്യപ്പെടുത്തിക്കൊടുക്കാൻ അവർ നിയുക്തയാക്കപ്പെട്ടു.
"ശബ്നാ ആസ്മി," "നസ്സീറുദ്ദീൻ ഷാ", "ഓംപുരി" എന്നിവരോടൊപ്പം ചേർന്ന്നിന്ന്കൊണ്ട് സമാന്തര സിനിമയുടെ പ്രധാനഭാഗമാകാനും അവർക്ക് സാധിച്ചു.
*ഭൂമിക, ആക്രോശ്, ചക്ര*, തുടങ്ങി മികച്ച
സിനിമകളുടെയെല്ലാം കൂടെ വികാരതീവ്രമായ ഭാവങ്ങളും തീക്ഷ്ണമായ നോട്ടവും അതിനെല്ലാം അപ്പുറത്തേക്ക് വളർന്ന് നില്ക്കുന്ന അഭിനയ സിദ്ധിയുമായി *സ്മിതയുടെ* സാന്നിധ്യമുണ്ടായിരുന്നു.

ശബ്നാആസ്മിയെപ്പോലുളളവർ നിറഞ്ഞ് നിന്ന 70 കളിലെ
 രാഷ്ട്രീയസിനിമകളിൽ സ്മിതയുടെയും സജീവ സാന്നിധ്യമുണ്ടായിരുന്നു.
ശ്യാംബെനഗൽ, മൃണാൾസെൻ,
*ഗോവിന്ദ്  നിഹലാനി* തുടങ്ങിയ അതികായന്മാരുടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ പാട്ടീലിന് സാധിച്ചു.
ആദ്യകാലങ്ങളിൽ സമാന്തര സിനിമയുടെ മാത്രം ഭാഗഭാക്കായ സ്മിത പിന്നീട് കച്ചവട സിനിമകളിലും നിറഞ്ഞ്നിന്നു. *രാജ്ഘോഷ്ല, രമേഷ്സിപ്പി*,
*ബിആർ. ചോപ്ര* തുടങ്ങിയവരുടെ  ചിത്രങ്ങളിലൂടെ മസാലക്കൂട്ടൂകളുടെ സിനിമാലോകത്ത് വലിയൊരു ആരാധകക്കൂട്ടം വളർന്നു വന്നിട്ടും സമാന്തര
സിനിമയോടുളള താല്പര്യം യാതോരു കോട്ടവും തട്ടാതെ അവർ നിലനിർത്തിയിരുന്നു.

പരമ്പരാഗതമായ പുരുഷ മേധാവിത്വത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന സ്ത്രീ കഥാപാത്രങ്ങളായിരുന്നു  സ്മിതാപാട്ടീൽ സിനിമകളുടെ പ്രധാനപ്പെട്ട സവിശേഷത.
രണ്ടു തവണ ദേശീയ പുരസ്കാരം നേടിയ പാട്ടീലായിരുന്നു 2011 ൽ *റെഡിഫ്* പ്രസിദ്ധികരിച്ച  ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടിമാരിൽ *നർഗ്ഗീസിന്* പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയത്.
1985 ൽ *പത്മശ്രീയും* അവരെത്തേടിയെത്തി.

സ്മിതാപാട്ടീലിന്റെ ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന പ്രകടനം അവരുടെ അവസാന സിനിമയായ *മിർച്ഛ് മസാല* യായിരുന്നു. _കേതൻമേത്ത_ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്സീറുദ്ദീൻ ഷാ അവതരിപ്പിച്ച നിന്ദ്യനും ലമ്പടനുമായ മേലുദ്യോഗസ്ഥനെതിരെ ജ്വലിച്ചു നില്ക്കുന്ന
സ്മിതയുടെ *സോൻബായ്* എന്ന നായികാ കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടു.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടം ചിത്രീകരിക്കപ്പെട്ട ആ ചിത്രത്തിൽ
ഇന്ത്യക്കാരായ പട്ടാള ഉദ്യോഗസ്ഥരുടെ
കാട്ടാളതൃഷ്ണകൾക്ക് സ്വന്തം മാനം വിട്ടുകൊടുക്കേണ്ടിവരുന്ന നിസ്സഹായരായ സ്ത്രീകളുടെ പ്രതിനിധിയായിരുന്നു സോൻബായ്. തന്റെ ഗ്രാമത്തിലെ മുഴുവൻ
സ്ത്രീകൾക്കും  വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് പ്രഖ്യാപിച്ച് ഉറച്ച് നിന്ന് പോരാടിയ ആ നായികാ കഥാപാത്രം സ്മിതയുടെ വ്യക്തിത്വത്തോടും  ചേർന്ന് നില്ക്കുന്നു.
1987 ഫെബ്രുവരിയിലാണ്
പുറത്ത് വന്നത്. ബോംബെയിലെ തിയേറ്ററുകളിൽ നിറഞ്ഞ
സദസ്സുകളിൽ ചിത്രം പ്രദർശിപ്പിച്ച വാർത്തകൾ
ദൂരദർശൻ പ്രത്യേകം ഒരുക്കിയിരുന്നു.
1988 ൽ ഇഥംപ്രഥമമായി തിരുവനന്തപുരത്ത് 
*ഫിലിമോത്സവ്* നടന്നു.
സ്മിതയോടുള്ള ആദരവിന്റെ
ഭാഗമായി മിർച്ച് മസാലയും
ചക്രയും പ്രദർശിപ്പിച്ചു.
ഇന്ത്യൻ സിനിമയുടെ ശതാബ്‌ധിയാഘോഷ വേളയിൽ, 2013 ഏപ്രിലിൽ
ഫോർബ്സ് മാഗസീൻ തിരഞ്ഞെടുത്ത പ്രഗത്ഭമതികളായ ഇരുപത്തഞ്ച്
ഇന്ത്യൻ സിനിമാ അഭിനേത്രികളുടെ പട്ടികയിൽ
സ്മിതയുടെ പേരും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു.

*സത്യജിത്ത്റേയുടെ* _സദ്ഗതി_ എന്ന സിനിമയുൾപ്പെടെ ഒരു ദശാബ്ധം കൊണ്ട് എൺപതോളെം ചിത്രങ്ങളിൽ അവരഭിനയിച്ചു.
_അമിതാബ് ബച്ചന്റെ_ നായികയായി 1982 ൽ
*നമക് ഹലാൽ* എന്ന ചിത്രത്തിന്റെ പ്രദർശനം നടന്നത് *നെടുമങ്ങാട്* ബിജു തിയേറ്ററിലായിരുന്നു. ഈ ചിത്രം തമിഴിൽ *വേലൈക്കാരൻ* എന്ന പേരിൽ രജനിയെ നായകനാക്കി പുനർനിർമ്മിച്ചത് ഏറെ വിജയിച്ചു.

*പി.പത്മരാജൻ* 1984 ൽ തിരക്കഥയെഴുതി
*ഐവി ശശി* സംവിധാനം ചെയ്ത വൻവിജയമായ
വിസി ഫിലിംസ് ഇന്റർനാഷണലിന്റെ *കാണാമറയത്തിന്റെ* ഹിന്ദിപതിപ്പിൽ
*(അനോഘ രിസ്ത)* സ്മിതപാട്ടീലായിരുന്നു
സീമ കൈകാര്യം ചെയ്ത വേഷം ഭാവോജ്ജ്വലമാക്കിയത്. *രാജേഷ്ഖന്ന* യായിരുന്നു _മമ്മൂട്ടിയുടെ_ ഭാഗം അവതരിപ്പിച്ചത്.
ഐവി ശശി  തന്നെയായിരുന്നു ഹിന്ദി പതിപ്പും അണിയിച്ചൊരുക്കിയത്.
1984 ൽ കാനഡയിലെ *മോൺട്രീയലിൽ* നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ജൂറിയംഗമായി തിരഞ്ഞെടുത്തതും ഈ മുഗ്ദ്ധാംഗിയെത്തന്നെയായിരുന്നു.

അനുപമമായ വശ്യ സൗന്ദര്യത്തിനാലും അലൗകികമായ അഭിനയ പാടവംകൊണ്ടും ഇന്ത്യൻ സിനിമയാകുന്ന നഭസ്സിൽ ഉദിച്ചുയരുകയും വിധിവൈപരീത്യത്താൽ ഉജ്ജ്വലിക്കാതെ അതിവേഗം പൊലിയുകയും ചെയ്ത വെളളിനക്ഷത്രമാകുന്ന സുന്ദരഗാത്രിയുടെ ഭാവങ്ങൾ പ്രേക്ഷകമനസ്സിൽ ചിരം സ്ഫുരിക്കുകതന്നെ ചെയ്യും.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ