Smaranika_05

*കണ്ണന്റെ കവിളിൽ നിൻ സിന്ദൂരതിലകത്തിൻ*
*വർണ്ണരേണുക്കൾ ഞങ്ങൾ കണ്ടല്ലോ രാധേ.*

*ചിറയിൻകീഴ്* ജനിച്ച്  വളർന്ന പരമേശ്വരൻനായരും
(ശോഭനാ പരമു)
*പ്രേംനസീറിന്റെ* സഹോദരനായ _പ്രേംനവാസും_ ചേർന്ന് 1977 ൽ ഒരു ചിത്രം നിർമ്മിച്ചു.
*എൻ ശങ്കരൻനായർ* സംവിധാനം ചെയ്ത
*പൂജയ്ക്കെടുക്കാത്ത പൂക്കൾ.*
ചിത്രം സാമ്പത്തികമായി വിജയിച്ചിരുന്നു.
പ്രശസ്ത കഥാകൃത്ത്
*എൻ മോഹനന്റെ* കഥയാണെന്നും കർണാടക സംഗീത കുലപതി
*ഡോ എം ബാലമുരളീകൃഷ്ണ*
ചിത്രത്തിൽ പാടിയിട്ടുണ്ടെന്നും
പ്രചരണം വന്ന സ്ഥിതിക്ക്
ചിത്രം കാണുകയും ഇഷ്ടപ്പെടുകയുമുണ്ടായി.
ബാലമുരളിയുടെ ഒരു ഗാനത്തിന്റെ പല്ലവിയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.
*കെ. രാഘവന്റെ* സംഗീത സംവിധാനത്തിൽ മനോഹരമായ
_"നഭസ്സിൽ മുകിലിന്റെ പൊന്മണി വില്ല്"_ എന്നൊരു
ഗാനവും മുരളീകൃഷ്ണ പാടിയിട്ടുണ്ട്. 
*ഭാസ്ക്കരൻമാഷിന്റെ*   വരികളാണ്.
*പികെ വേണുക്കുട്ടൻനായരുൾപ്പെടെ* നല്ലൊരു നിര അഭിനയിച്ചിരുന്നു.

തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ ഉടമ ശിവൻ ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
*യാഗം*
ഇതിന്റെ കഥയും മോഹനന്റേതാണ്.
1979 ൽ എംജി കോളേജിൽ ഒരു പരീക്ഷാ നടത്തിപ്പ് രംഗം ചിത്രീകരിച്ചത് കോളേജ്  മാഗസീനിൽ വാർത്തായി വന്നിരുന്നു.
അഭിനേതാക്കളായ
ശ്രീ ബാബു നമ്പൂതിരി
ജലജ എന്നിവരുടെ ആദ്യകാല ചിത്രമാണ്.
*വാനപ്രസ്ഥം* പോലെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത ശ്രീ _ഷാജി എൻ കരുൺ_ അന്ന് ഈ ചിത്രത്തിന്റെ ക്യാമറാ സഹായിയായിരുന്നു.

വികാരത്തിന്റെ അതിസൂക്ഷ്മ തന്ത്രികളെ സ്പർശിക്കുന്നതിൽ  അസാമാന്യ വൈഭവം   പ്രദർശിപ്പിച്ച സ്നേഹത്തിന്റേയും   കാരുണ്യത്തിന്റേയും കഥാകൃത്താണ് *മോഹനൻ.*
തിരുവനന്തപുരം ദൂരദർശൻ,
1991 കാലഘട്ടങ്ങളിൽ പ്രശസ്ഥരായ കാഥികരുടെ കഥകൾ, കഥാരൂപത്തിൽ സംപ്രേക്ഷണം ചെയ്യാറുണ്ടായിരുന്നു.
മോഹനന്റെ കഥകൾക്ക് മികച്ച പ്രാമുഖ്യം നല്കാൻ ദൂരദർശൻകാർ
മറക്കാതിരുന്നതും
ഓർത്തുവയ്ക്കണ്ടതാണ്.

*കോട്ടയം* ജില്ലയിലെ *രാമപുരത്ത്* 1933 ഏപ്രിൽ 27 ന് മോഹനൻ ജനിച്ചു.  അച്ഛൻ, അമനകര ഇല്ലത്ത് _നാരായണൻ നമ്പൂതിരി._ അമ്മ, പ്രശസ്തയായ സാഹിത്യകാരി
*ലളിതാംബിക അന്തർജ്ജനം.*
രാമപുരം  സെൻറ് അഗസ്റ്റിൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം.
പിന്നീട് *തിരുവനന്തപുരത്ത്* യൂണിവേഴ്സിറ്റി കോളേജിൽനിന്ന്
സസ്യശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ എംഎയും നേടി. കുറച്ചുനാൾ
അദ്ദേഹം *കാലടി*
ശ്രീശങ്കരാകോളേജിൽ അധ്യാപകനായിരുന്നു.
1958 ൽ അദ്ദേഹം കേരള സർക്കാരിന്റെ അസിസ്റ്റൻറ് കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറും തുടർന്ന്  കൾച്ചറൽ ഡെവലപ്മെന്റ്  ഓഫീസറുമായി. സാംസ്കാരികകാര്യ ഡയറക്ടർ, ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ എന്നീ ഉദ്യോഗങ്ങളും അദേഹം വഹിച്ചു. കുറച്ചുകാലം *ഏഷ്യാനെറ്റ്* ഡയറക്ടറായിരുന്നു.
1988  ലാണ് സർക്കാർ ജോലിയിൽ നിന്നും വിരമിച്ചത്.  1999 ഒക്ടോബർ മൂന്നിന് അദ്ദേഹം തിരുവനന്തപുരത്ത് അന്തരിച്ചു.

1980 കളിലാണ്  കഥാകൃത്ത് എന്ന നിലയിൽ മോഹനൻ ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. അന്ന്  പത്ത് പതിന്നാല് കൊല്ലത്തിനകം ഏറെക്കുറെ രണ്ട് ഡസനോളം  കഥകളെ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയുള്ളൂ.
ധാരാളം  എഴുതുക അദ്ദേഹത്തിന്റെ
ശീലമായിരുന്നില്ല. എന്നാൽ മിക്കവാറും കഥകൾ വ്യാപകമായി ശ്രദ്ധപിടിച്ചുപറ്റി.
അന്തരീക്ഷസൃഷ്ടി, ഭാവോത്മീലനം, വികാരതീക്ഷ്ണത, ആത്മനിഷ്ഠമായ സമീപനം എന്നിവയാലും ദുഃഖത്തിന്റേയും കാരുണ്യത്തിന്റേയും ആർദ്ര സ്പർശത്താലും തന്റെ രചനകളെ
തീവ്രാനുഭവങ്ങളാക്കി
മാറ്റിത്തീർക്കുവാൻ മോഹനന് സാധിച്ചു.
കൊച്ചു തിരുമേനി,
ഒരു കൊച്ചുകുട്ടിയുടെ വലിയ ആഗ്രഹം,
നിന്റെ കഥ (എന്റേയും), അഹല്യ തുടങ്ങിയ കഥകൾ വായനക്കാർ ഇന്നും നെഞ്ചേറ്റി
ലാളിക്കുന്നവയാണ്.
പിന്നീട് നമ്മുടെ
കഥാ ലോകത്തുനിന്നും മോഹനൻ അപ്രത്യക്ഷനാകുന്നു.
പത്തിരുപത് വർഷത്തോളം അദ്ദേഹത്തിൽനിന്നും എണ്ണപ്പെട്ട ഒരു സംഭാവനയും നമുക്ക് കിട്ടുന്നില്ല. എന്നാൽ അതിനുശേഷം വീണ്ടും പ്രത്യക്ഷപ്പെട്ട മോഹനൻ എഴുതാൻതുടങ്ങി. ധാരാളമായി എഴുതാൻ തുടങ്ങി.
പുതിയ വായനക്കാരുടെ ഭാവത്തിലും ചെറുകഥയുടെ രചനാസമ്പ്രദായങ്ങളിലും മാറ്റംവന്ന്
കഴിഞ്ഞിരുന്നെങ്കിലും മോഹനന്റെ കഥകൾ പരക്കെ സ്വീകരിക്കപ്പെട്ടു. കാരണം അവ ആവിഷ്കരിച്ചത് മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളിൽ ഒന്നായ ദുഃഖമായിരുന്നു. സാമൂഹിക പ്രശ്നങ്ങൾക്ക് നേരെ ഈ എഴുത്തുകാരൻ മുഖംതിരിച്ചു എന്നുപറയാൻ വയ്യ. ഓരോ പ്രശ്നവും തന്റെ മനസ്സിൽ ഏല്പിച്ച മുദ്രകൾ, വാക്കുകളിൽ ആവിഷ്കരിക്കുന്നതിൽ അദ്ദേഹം സത്യസന്ധത പുലർത്തി.
ടിബറ്റൻ അഭയാർത്ഥിയുടെ കഥപോലും മോഹനൻ എഴുതിയിട്ടുണ്ട്.
എന്നാൽ അവിടെപ്പോലും  അദ്ദേഹത്തിന് സൃഷ്ടി
ആത്മാവിഷ്കാരമായിരുന്നു.
അതിവൈകാരികത. വാചാലത. എന്നൊക്കെ ചിലർ മോഹനന്റെ കഥകളുടെ ദൗർബല്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എന്നാൽ വായനക്കാരനെ പിടിച്ചിരുത്തുക അയാളുടെ മനസ്സിന്റെ നന്മയെ
തൊട്ടുണർത്തുക സഹാനുഭൂതി നിർഭരമായ ഒരാത്മാവിന്റ സാന്നിധ്യം അയാളെ അനുഭവിക്കുക എന്നീ കാര്യങ്ങളിൽ മോഹനന്റെ കഥകൾക്ക് ഒരിക്കൽ പോലും പരാജയം പറ്റിയിട്ടില്ല.
ജീവിതത്തിൽ ഒരുപാട് നേരമ്പോക്കുകൾ പറയുമായിരുന്നു ഈ എഴുത്തുകാരൻ നർമ്മം ഒരു കഥയിലേ ( *ത്യാഗത്തിന്റെ ഇതിഹാസം*) ആവിഷ്കരിക്കുന്നുളളൂ.
നാനാതരം ദുഃഖങ്ങളുടെ ആവിഷ്കാരത്തിലായിരുന്നു അദ്ദേഹത്തിന് ശ്രദ്ധ.
ഈ ദുഃഖങ്ങളുടെ അഗ്നികുണ്ഡങ്ങളിൽ ഹോമിക്കപ്പെടുന്നത് സ്നേഹബന്ധങ്ങളാണ് എന്ന ബോധം വായനക്കാരനെ വീർപ്പുമുട്ടിക്കുന്നു. അതേസമയം മനുഷ്യനിലെ നന്മ ആ അന്തരീക്ഷത്തിന്  തെളിച്ചവും തണുപ്പും  നൽകുന്നു.
പെരുവഴിയിലെ കരിയിലകൾ, ശേഷപത്രം തുടങ്ങിയ രചനകൾ - അവ ഒരു ചെറുകഥയുടെ
രൂപസംവിധാനത്തിൽ ഒതുങ്ങുമോ  എന്ന സംശയം പ്രസക്തമാണ്--.
മികച്ച ഉദാഹരണങ്ങളാണ് നിന്റെ കഥ( എന്റേയും),
ദുഃഖത്തിന്റെ രാത്രികൾ,  സ്നേഹത്തിന്റെ വ്യാകരണം,
പൂജയ്ക്കെടുക്കാത്ത പൂക്കൾ, നുണയുടെ ക്ഷണികതകൾ  എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ. *ഇന്നലത്തെ മഴ* എന്ന ഒരു നോവലും അദ്ദേഹം രചിച്ചു.
*ഒരിക്കൽ* എന്ന  ആത്മകഥാപരമായ സ്നേഹഗാഥ മലയാള മനോരമ *രാഗങ്ങൾക്ക് ഒരു കാലം* എന്ന പേരിലാണ് ആദ്യകാലത്ത് പ്രസിദ്ധീകരിച്ചിരുന്നത്. *പറയിപെറ്റ പന്തിരുകുലം* എന്ന ഐതിഹ്യത്തിന്റെ 
ചട്ടക്കൂടിനകത്ത്നിന്ന്   രൂപപ്പെടുത്തിയ ഈ രചന മോഹനന്റെ സർഗ്ഗപ്രതിഭയുടെ  മറ്റൊരു തേജോമയോമുഖം വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്റെ കുറെ കഥകൾ, തിരഞ്ഞെടുത്ത കഥകൾ എന്ന പേരിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്.
നാലാപ്പാടൻ പുരസ്ക്കാരം,
പത്മരാജൻ പുരസ്ക്കാരം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവാർഡ്,
സംസ്ഥാനസർക്കാർ ടെലിവിഷൻ കഥയ്ക്ക് നല്കുന്ന പുരസ്ക്കാരം,
അബുദാബി മലയാള സമാജം അവാർഡ്,
കേരള സാഹിത്യഅക്കാദമി
അവാർഡ് എന്നിവ മോഹനന് ലഭിച്ചിട്ടുണ്ട്.

ഇരുപത്  വർഷങ്ങൾക്ക് മുമ്പ് സാഹിത്യപ്രേമികൾക്കായി ദുഖം ഒരു അന്തർധാരയായി ഭവിച്ച നിരവധി സാഹിത്യസൃഷ്ടികൾ ഉപേക്ഷിച്ച് അദ്ദേഹം
കടന്നുപോയി. എല്ലാവർഷവും
ഒക്ടോബർ 3 ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച് വരുന്ന *സമ്മോഹനം*
സ്മൃതിസായാഹ്നത്തിൽ നിരവധി എഴുത്തുകാർ
എത്തിച്ചേരുന്നു.
സഹധർമ്മിണി ഭാമ.
മകൾ സരിതാവർമ്മ.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ