Smaranika_04

*പശുംപൊൻതേവർ തിരുമകൻ ശിവഗംഗൈ ജില്ല,*
*കട്ടബൊമ്മൻ നെല്ലായ് ജില്ല,*
*കാമരാജൻ വിരുദ്നഗർ,*
*ചിദംബരനാർ തൂത്തുക്കുടി*
*പെരിയാർ ഈറോഡ്,*
*ദിണ്ടുക്കൽ അണ്ണാ,*
*നോർത്ത് ആർക്കോട്ട് അംബേദ്ക്കർ*

തമിഴകത്തെ ചില ജില്ലകൾ സ്ഥലപ്പേരിനോടൊപ്പം  അറിയപ്പെട്ടിരുന്നത്  അതാത് പ്രദേശത്ത്  ജനിച്ച്  ജീവിതം ഇതിഹാസമായി മാറ്റിയ സത്പുരുഷന്മാരുടെ  പേരുകൾ മുന്നിൽ ചേർത്ത് കൊണ്ടായിരുന്നു.
ഒരു തരത്തിൽ ചരിത്രത്തിൽ ഇടം തേടിയ വീരപുരുഷന്മാരുടെ പേരുകൾ ജില്ലകളുടെ പേരിനോടൊപ്പം  ഒരലങ്കാരാമായല്ല ധീരസ്മൃതികളും ചരിത്രസ്മരണകളും ഉണർത്താനായിരുന്നു ഒരളവ് വരെ ഭരണാധികരികൾ ഉദ്ദേശ്യിച്ചിരുന്നത്.
തമിഴ്ജനത സന്തോഷപുരസ്സരം അതുൾക്കൊള്ളുകയും ചെയ്തിരുന്നു.
പുതിയ പുതിയ ജില്ലകൾ രൂപവത്ക്കരണവും സ്ഥലത്തെ വീരന്മാരുടെ പേര് ചാർത്തലും സ്ഥിരപരിപാടിയായത് സാമുദായികമായ പ്രശ്നങ്ങളും സംഘർഷങ്ങളും
സംജാതമായതോടെ
*കരുണാനിധി* സർക്കാർ,
ജില്ലകളുടേയും ഗതാഗത സ്ഥാപനങ്ങളുടേയും മുന്നിലുണ്ടായിരുന്ന ധീരദേശാഭിമാനികളുടെ നാമം നീക്കിക്കൊണ്ട് ഉത്തരവ് പുറത്തിറക്കി.
*വിരുദ്നഗർ* ജില്ലയ്ക്ക് അലങ്കാരമായിത്തിളങ്ങിയ
*കാമരാജർ*
എന്ന പദം കഥകളിലും  ഓർമ്മകളിലും ചില സ്ഥാപനങ്ങളിലും  മാത്രമായി.

2003 ൽ *മാതൃഭൂമി* വാരാന്തപ്പതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച് വന്നിരുന്ന മുൻ മുഖ്യമന്ത്രി
*കെ കരുണാകരന്റെ*
സ്മരണകളായ *പതറാതെ മുന്നോട്ടിലെ*  ഒരധ്യായത്തിലെ വിശേഷങ്ങൾ ശാസ്ത്രിയുടെ *താഷ്ക്കന്റിലുണ്ടായ* അന്ത്യവും ഇന്ദിരയെയല്ലാതെ വേറൊരാളെ  പ്രധാനമന്ത്രിയായി അവരോധിക്കുന്നതിലെ
ചരട് വലികളുമൊക്കെയായിരുന്നു.
*കാമരാജ് നാടാരും* *ഇന്ദിരാഗാന്ധിയും* സന്തോഷത്തോടെ പുഞ്ചിരിച്ചിരിക്കുന്ന  ഫോട്ടോയോട് കൂടിയുള്ള അധ്യായം പിന്നീട് മാതൃഭൂമി പുസ്തകമാക്കിയപ്പോൾ ചിത്രം നീക്കം ചെയ്തിരുന്നു.


പ്രോത്സാഹനങ്ങളോ  അനുകൂല പരിതസ്ഥിതികളോ ഇല്ലാതിരുന്നിട്ടും ഉന്നത വിദ്യാഭ്യാസമേഖലകളിലേക്കൊന്നും എത്തിനോക്കാൻ പറ്റാതിരുന്നിട്ടും സാമുദായികവും സാമ്പത്തികവും സാംസ്ക്കാരികവുമായി
താഴേത്തട്ടിലായിരുന്നിട്ടും
തമിഴ്നാട്ട്കാരുടെ
*ഏഴൈതോഴനും* ഇന്ത്യൻ രാഷ്ട്രീയത്തിലെ
*കിങ്മേക്കറുമായി* മാറിയ അസാമാന്യ വ്യക്തിത്വത്തിനുടമയാണ്
*കുമാരസ്വാമി കാമരാജ് നാടാർ.*

തമിഴ്നാട്ടിൽ രാമനാട് ജില്ലയിലെ *വിരുദ്നഗറിൽ*  മാങ്ങാക്കച്ചവടക്കാരനായ
_കുമാരസ്വാമി നാടാരുടേയും_
_ശിവകാമി അമ്മാളുടേയും_ മൂത്ത പുത്രനായി
1903 ജൂലൈ 15 ന് കാമരാജ് പിറന്നു. സഹോദരങ്ങളായി അനുജത്തി നാഗമ്മാൾ മാത്രം
കാമരാജിന്  ആറ് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.ദാരിദ്ര്യം കാരണം ആറാം ക്ലാസ്സിൽ പഠനം നിർത്തി. മാതുലന്റെ തുണിക്കടയിൽ സഹായിയായി. ഇക്കാലത്ത് പുസ്തകങ്ങൾ ധാരാളമായി വായിച്ചു. സ്വാതന്ത്ര്യ സമര ചരിത്രമുൾപ്പെടുന്ന രാഷ്ട്രീയ ഗ്രന്ഥങ്ങളും താല്പര്യത്തോടെ വായിച്ചു. നിരന്തരമായ വായനയിലൂടെയുണ്ടായ രാഷ്ട്രീയബോധം സുഹൃത്തുക്കളോടും മുതിർന്നവരോടും പങ്കുവച്ചു.
അന്നുഭവങ്ങളിലും പുസ്തകങ്ങളിലും നിന്നാണ്
കാമരാജ്  പഠിച്ചത്.
സ്വാതന്ത്ര്യസമരരംഗം ചൂട് പിടിച്ച കാലമായിരുന്നു അന്ന്.
1919 ൽ *ജാലിയൻ വാലാബാഗ്* കൂട്ടക്കൊലയോടെ  രാജ്യമെങ്ങും ജനങ്ങൾ രോഷാകുലരായി.
രാഷ്ട്രീയാവസ്ഥകൾ കാമരാജിനേയും സ്വാധീനിച്ചു.
ദേശീയ നേതാക്കളുടെ പ്രസംഗങ്ങൾ എവിടെയുണ്ടായാലും പോയിക്കേട്ടു.
1919 ൽ വിരുദ്നഗറിൽ നടന്ന ഒരു കോൺഗ്രസ്സ് സമ്മേളനത്തിൽ വോളണ്ടിയറായി പ്രവർത്തിച്ച് ശ്രദ്ധ പിടിച്ച് പറ്റി.
കാമരാജിന്റെ കോൺഗ്രസ്സ് പ്രവർത്തനങ്ങൾ വീട്ട്കാർക്കിഷ്ടപ്പെട്ടില്ല.
രാഷ്ട്രീയത്തിൽനിന്ന് കഴിയുന്നത്ര അകറ്റിനിർത്താനായി കാമരാജിനെ മറ്റൊരു മാതുലന്റെ *തിരുവനന്തപുരത്തുള്ള* പച്ചക്കറിക്കടയിൽ വില്പനക്കാരനായി നിയോഗിച്ചു. എന്നാൽ ഏറെക്കാലം കാമരാജിന്റെ ആവേശത്തെ തടുത്ത് നിർത്താനായില്ല.

*കന്യാകുമാരി* ജില്ലയിലെ കോൺഗ്രസ്സ് പ്രവർത്തകനായി മാറിയ അദ്ദേഹം 1924 ൽ *വൈക്കം സത്യാഗ്രഹസമരത്തിൽ* പങ്കെടുത്തു.
കേരളത്തിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി.
*ഗാന്ധിജി* നിസ്സഹരണ പ്രസ്ഥാനമാരംഭിച്ചപ്പോൾ
കോൺഗ്രസ്സ് നിർദ്ദേശത്തോടെ  കാമരാജ്
ഖാദി പ്രചരണത്തിനിറങ്ങി.
1921 ൽ *മധുരയിൽ*
മഹാത്മാഗാന്ധി സന്ദർശനം നടത്തുമ്പോഴാണ് അദ്ദേഹം ഗാന്ധിയെ കാണുന്നത്.
1930 ൽ ഉപ്പ് സത്യാഗ്രഹ സമരത്തിൽ സി.രാജഗോപാലാചാരിയോടൊപ്പം *വേദാരണ്യം* കടപ്പുറത്ത് പങ്കെടുത്ത്
രണ്ട് വർഷത്തോളം ജയിൽ ശിക്ഷ  അനുഭവിച്ചു.
ശിക്ഷ കഴിഞ്ഞെത്തിയ കാമരാജ് പ്രമുഖ കോൺഗ്രസ് നേതാവായ
*എസ്. സത്യമൂർത്തിയുമായി* പരിചയപ്പെട്ടു.
കുറച്ച് നാളുകൾക്കുള്ളിൽ അവർ  ഗുരുശിഷ്യന്മാരായി മാറി. അന്ന് മദ്രാസ് സംസ്ഥാന കോൺഗ്രസ്സിന്റെ ഒരു ഗ്രൂപ്പിന്റെ നേതാവായിരുന്നു സത്യമൂർത്തി.
മറ് ഗ്രൂപ്പിന്റെ നേതാവ്
സർ സി *രാജഗോപാലാചാരിയും.*
നികുതിനിഷേധസമരത്തിൽ പങ്കെടുത്ത് 19932 ൽ കാമരാജ്  ഒരു വർഷം ജയിൽ വാസമനുഷ്ഠിച്ചു.
1932 ൽ വിരുദ്നഗറിൽ നടന്ന ഒരു ബോംബ് കേസിൽ പ്രതിയാക്കി ശിക്ഷിച്ചു.
ഇക്കാലത്ത് മദ്രാസ് പ്രവിശ്യാ കോൺഗ്രസ്സ് കമ്മിറ്റിയംഗമായി.
*രണ്ടാംവട്ടമേശസമ്മേളന* പരാജയത്തോടെ ഗാന്ധിജി വീണ്ടും നിസ്സഹകരണ പ്രസ്ഥാനമാരംഭിക്കാൻ ആഹ്വാനം നല്കിയപ്പോൾ കാമരാജ് അതിന്റെ പ്രചരണ  ജോലികളിൽ ഏർപ്പെട്ടു.
അറസ്റ്റിലായ അദ്ദേഹത്തെ ഒരു വർഷത്തേക്ക് ജയിലിലടച്ചു.
1934 ൽ മദ്രാസ് പ്രവിശ്യാ കോൺഗ്രസ്സിന്റെ സെക്രട്ടറിയായി കാമരാജിനെ തെരഞ്ഞെടുത്തു.
1937 ലെ പൊതുതിരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയെ പരാജയപ്പെടുത്തി അധികാരം നേടുന്നതിന് കോൺഗ്രസിനെ പ്രാപ്തമാക്കിയതിൽ  സെക്രട്ടറി എന്ന നിലയിൽ
കാമരാജിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. *രാജാജി* മദ്രാസ് പ്രധാനമന്ത്രിയായി. 1939 ൽ കാമരാജിനെ  മദ്രാസ് കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. അപ്പോൾ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഗുരു സത്യമൂർത്തിയായിരുന്നു.
*ക്വിറ്റ് ഇന്ത്യാ* സമരകാലത്ത്
ഒളിവിലിരുന്ന് പ്രധാന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും പോലീസ് പിടിയിൽ അകപ്പെട്ടു മൂന്നുവർഷത്തെ ജയിൽശിക്ഷ കഴിഞ്ഞ്
1943 ൽ മോചിതനായി.
1937, 1946 വർഷങ്ങളിൽ *സാത്തൂർ,* *സാത്തൂർ-അറപ്പുകോട്ട* മണ്ഡലങ്ങളിൽനിന്ന് പ്രവിശ്യാ സഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷം 1952 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ
*ശ്രീവില്ലിപുത്തൂർ*, മണ്ഡലത്തിൽ മത്സരിച്ച് പാർലമെന്റിലെത്തി.
ജിഎ നായിഡു ആയിരുന്നു എതിരാളിയായി മത്സരിച്ചത്.
1952 ൽ  രാജാജി വീണ്ടും മുഖ്യമന്ത്രിയായി.
1954 ൽ രാജാജി മുഖ്യമന്ത്രി സ്ഥാനമൊഴിയുമ്പോൾ *നെഹ്റു* പകരം നിർദ്ദേശിച്ചത്  കാമരാജിനെയാണ്. അപ്പോൾ ലോകസഭാംഗമായിരുന്ന അദ്ദേഹം ആ സ്ഥാനം
രാജിവെച്ച് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. *ഗൂഡിയാട്ടം* മണ്ഡലത്തിൽ നിന്ന് സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു.

കോൺഗ്രസ് പ്രവർത്തക സമിതിയിലും പാർലമെന്ററി ബോർഡിലും 1946 മുതൽ സ്ഥിരാംഗമായിരുന്ന  കാമരാജിന്റെ  തീരുമാനങ്ങളും അഭിപ്രായങ്ങളും പലപ്പോഴും ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടിരുന്നു. ഇക്കൂട്ടത്തിൽ  പ്രസിദ്ധമാണ് 1963 ൽ അവതരിപ്പിച്ച *കാമരാജ് പദ്ധതി.*
പത്ത് വർഷത്തിലേറെ അധികാരത്തിലിരിക്കുന്നവർ സംഘടനാ പ്രവർത്തനത്തിന് വേണ്ടി അധികാരം ഉപേക്ഷിക്കണമെന്ന ഈ പദ്ധതി 1963 ഓഗസ്റ്റ് 10 ന് നെഹ്റുവിന്റെ വസതിയിൽ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗീകരിച്ചു. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പൂർണസമയ സംഘടനാ പ്രവർത്തനങ്ങൾക്ക് തയ്യാറായിക്കൊണ്ട് കാമരാജ് തന്നെ മാതൃക കാട്ടി.
നെഹ്റുവും
രാജിക്കൊരുങ്ങിയെങ്കിലും മറ്റുള്ളവരൊന്നിച്ച് അദ്ദേഹത്തെ പിന്തിരിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ *മൊറാർജി ദേശായി,*
*എസ്.കെ പാട്ടീൽ.*
*ലാൽ ബഹാദൂർ ശാസ്ത്രി.* *ജഗജ്ജീവൻ റാം* *കെഎൽ ശ്രീമാലി,* *ഗോപാലറെഡ്ഡി* എന്നിവരും സംസ്ഥാന മുഖ്യമന്ത്രിമാരിൽ കാമരാജിനെക്കൂടാതെ
*സി.ബി ഗുപ്ത* (ഉത്തർപ്രദേശ്) *ബക്ഷി ഗുലാം മുഹമ്മദ്*(ജമ്മു കാശ്മീർ) *ഭഗവന്ത് റായ് മണ്ടോളി*(മധ്യ പ്രദേശ്)
*ബിഎൽ ഝാ*(ബീഹാർ)
*വിജയാനന്ദ് പട്‌നായിക്*
(ഒറീസാ)  എന്നിവരും രാജിവച്ചു.  1964 ൽ കാമരാജിനെ *എഐസിസി* അധ്യക്ഷനായി ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.

1964 മേയ്  27 ന്  പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അന്തരിച്ചപ്പോൾ കാമരാജിന്റെ  തന്ത്രപരമായ നീക്കങ്ങളുടെ ഫലമായി കോൺഗ്രസ് എംപിമാർ ഐക്യകണ്ഠ്യേനയാണ്
ജൂൺ രണ്ടിന്
_ലാൽബഹാദൂർശാസ്ത്രിയെ_ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ശാസ്ത്രിയുടെ മരണാനന്തരം  _ഇന്ദിരാഗാന്ധിയെ_ 1966 ൽ പ്രധാനമന്ത്രിയാക്കുന്നതിലും തന്ത്രപ്രധാനമായ പങ്കുവഹിച്ചു. രണ്ടുവട്ടവും _മൊറാർജിദേശായിയെയാണ്_ ഒരു വിഭാഗം, പ്രധാനമന്ത്രിസ്ഥാനാർഥിയായി മുന്നിൽ നിർത്തിയത്.
കോൺഗ്രസ് പ്രസിഡണ്ട് ആയ കാമരാജും ഇന്ദിരാഗാന്ധിയും തമ്മിൽ ക്രമേണ അകലാൻ തുടങ്ങി. 1969 ൽ കോൺഗ്രസ്സ് രണ്ടായി.
ഇന്ദിരാ കോൺഗ്രസ്സും,
*നിജലിംഗപ്പയുടെ*  സംഘടനാ കോൺഗ്രസ്സും. കാമരാജ് സംഘടനാ കോൺഗ്രസ്സിൽ ഉറച്ചുനിന്നു. പിളർപ്പിനു ശേഷം ആ വർഷം തന്നെ  നടന്ന തെരഞ്ഞെടുപ്പിൽ *നാഗർകോവിൽ* മണ്ഡലത്തിൽനിന്ന് കാമരാജ് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
മത്ത്യേസ് ആയിരുന്നു എതിരാളി. 1971 ലെ പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും നാഗർകോവിലിൽ നിന്ന് ജയിച്ചു.
എംസി ബാലനെയായിരുന്നു പരാജയപ്പെടുത്തിയത്. എങ്കിലും സംഘടനാ കോൺഗ്രസ്സിന് വിജയിക്കാനായില്ല. പിന്നീട്
സംഘടനാ കോൺഗ്രസ്സ് തകർന്നുപോയി. അപ്പോഴേക്കും മാനസികമായും ശാരീരികമായും ഇന്ത്യൻ
അഭിനവ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ തളർന്നിരുന്നു.
കോൺഗ്രസ്സിന്റെ പുനരേകീകരണത്തിനായുളള കാമരാജിന്റെ ശ്രമങ്ങളൊന്നും ഫലിച്ചില്ല. അവിവാഹിതനായിരുന്ന കാമരാജ് 1975 ഒക്ടോബർ 2ന് ചെന്നൈയിൽ അന്തരിച്ചു.
അധികാരത്തിന്റെ മേടയിൽ വിരാജിച്ചിരുന്ന കാമരാജ് സ്വത്ത് സമ്പാദനത്തിൽ തല്പരനായിരുന്നില്ല.
വെറും 130 രൂപയും രണ്ട് ജോഡി ചെരുപ്പുകളും നാല് കുപ്പായവും രണ്ട് ദോത്തിയും കുറച്ച് പുസ്തകവും അവശേഷിപ്പിച്ചാണ് യാത്രയായത്.
1976 ൽ രാഷ്ട്രം *ഭാരതരത്നം* സമ്മാനിച്ചു.

*ധർമ്മത്തെ*
*രക്ഷിപ്പതിന്നായുധവുമായ്*
*നിർമ്മത്സരം നടക്കുന്നിതു നീളെ ഞാൻ.*

ദക്ഷിണേന്ത്യയിൽ നിന്ന് ദേശീയരാഷ്ട്രീയത്തിൽ അതും കോൺഗ്രസ്സ് പാർട്ടിയുടെ  അമരക്കാരനായി മാറിയ വേറെ നേതാക്കളുണ്ടായിരുന്നോ എന്ന്  സംശയമാണ്.
അഴിമതിയുടെ കറ ലവലേശം പുരളാത്ത ആ സ്വച്ഛമാനസവും കരങ്ങളും
മക്കൾക്കായുള്ള ജീവിതാവാശ്യങ്ങൾക്കും ക്ഷേമത്തിനും നിരന്തരം പ്രവർത്തിച്ചു.
വിരുദുനഗർ നഗരസഭ കാമരാജിന്റെ  ഗൃഹത്തിലേക്ക്  പ്രത്യേകമായി  സജ്ജമാക്കിക്കൊടുത്ത
ശുദ്ധജലവിതരണകണക്ഷൻ,
അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ
നിറുത്തലാക്കാൻ  ആജ്ഞാപിച്ചത്പോലെയുള്ള വാർത്തകൾ
ആദർശനിഷ്ഠനായ  ഒരു ഭരണാധികാരിയുടെ
ധർമ്മബോധത്തെ പ്രതിസ്ഫുരിപ്പിക്കുന്നു.
*മധുരൈ കാമരാജ് സർവ്വകലാശാല*.
ചെന്നൈയിലെ  വിമാനത്താവളത്തിലെ *കാമരാജ് ആഭ്യന്തര ടെർമിനൽ* മുതലായവ അദ്ദേഹത്തിന്റെ പേര് നിലനിർത്താനുള്ള
ചില സ്മാരകങ്ങൾ മാത്രം.
അദ്ദേഹത്തിനെപ്പോലെയുളള
ദേശീയ നേതാക്കൾ
ശരിക്കും
*രാമരാജൻ* എന്നാണ് അറിയപ്പെടേണ്ടത് എന്ന് പക്ഷം.

*കെ.ബി. ഷാജി. നെടുമങ്ങാട്.*s

Comments

Popular posts from this blog

Jan_01_1989/ജി.ശങ്കരപിള്ള

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ