Sep_30_1975/കാരൂർ നീലകണ്ഠപിള്ള

*കുട നന്നാക്കാനുണ്ടോ?. കുട.??*
*കുട നന്നാക്കാനുണ്ടോ?. കുട.??*

പഴയ ഏഴാംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒരധ്യായം..1975 ൽ കേരള പാഠാവലി മലയാളം റീഡർ ആവിഷ്ക്കരിച്ചതോടെ പഴയ ഏഴാംക്ലാസ്സ് പുസ്തകം വെറുതേ വായിച്ച് രസിക്കാനേ തരമായുള്ളു.
കുട നന്നാക്കുന്നയാളും
ഈയംപൂശുകാരനും
നാട്ടിൻപുറങ്ങളിൽ ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട് തങ്ങളുടെ നിത്യവൃത്തിയ്ക്കായ് തലച്ചുമടുകളുമായി നടന്നിരുന്ന കാലം. വീടുകളിലെ ഇറയത്തോ മുറ്റത്തോ വന്നിരുന്ന് ഗൃഹനാഥനുമായി കൂലിക്കണക്ക് പറഞ്ഞുറപ്പിച്ച് പണിയായുധങ്ങൾ എടുത്ത് നിരത്തി ഒരുലയുമുണ്ടാക്കി  ജോലിചെയ്യുന്നത് കാണാൻ കൗതുകത്തോടെയും ഉത്സാഹത്തോടെയും നിന്നിരുന്ന ബാല്യകാലം.   *കാരൂർ നീലകണ്ഠപ്പിള്ളയുടെ* മുകളിൽ പേരുപറഞ്ഞ കഥയും അത്തരത്തിലായിരുന്നു.

"മരപ്പാവകൾ," "പൂവമ്പഴം,," "ഉതുപ്പാന്റെ കിണർ" മലയാള ചെറുകഥയുടെ ചരിത്രത്തിലെ ഒളിമങ്ങാത്ത ശില്പങ്ങളാണവ.
*കാരൂർ നീലകണ്ഠപ്പിള്ള* എന്ന വരിഷ്ഠശില്പി കൊത്തിയ കഥാശില്പങ്ങൾ.  മലയാള ചെറുകഥയിൽ ഒരു അളവുകോലാണ് ഇന്നും കാരൂർ.
സാഹിത്യപ്രവർത്തക  സഹകരണസംഘത്തിന്റെ സ്ഥാപകൻ,  അധ്യാപക സംഘടനാ പ്രസ്ഥാനത്തിന്റെ മുന്നണിപ്പടയാളികളിലൊരാൾ,
കാരൂർ കേരളചരിത്രത്തിന്റെ  ഭാഗമാകുന്നത് അങ്ങനെയും ചില കാരണങ്ങൾ കൊണ്ടാണ്. സാഹിത്യകാരന്റെ ജീവിതനിലവാരം  ഉയർത്തിയതിലും അദ്ദേഹത്തിന് നിസ്തുലമായ പങ്കുണ്ട്.
ഒരു പ്രസ്ഥാനമായിരുന്നു കാരൂരിന്റെ  ജീവിതം.

നോവൽ, നാടകം, ബാലസാഹിത്യം തുടങ്ങിയ സാഹിത്യമേഖലയിൽ കൈവച്ചിട്ടുണ്ടെങ്കിലും *ചെറുകഥാകൃത്ത്* എന്ന നിലയിലാണ് കാരൂരിന്റെ പ്രശസ്തി. നവോത്ഥാന കാഥികരിൽ പലതുകൊണ്ടും വ്യത്യസ്തനായ കാരൂരിന്റെ സാഹിത്യ സംഭാവനകളെക്കുറിച്ച് സമഗ്രമായ പഠനം നാളിതുവരെ ഉണ്ടായിട്ടില്ല.
ഏതൊരെഴുത്തുകാരനേയും മനസിലാക്കേണ്ടത് അയാളുടെ വ്യതിരിക്തതകളുടെ അടിസ്ഥാനത്തിലാവണം. സമകാല സാഹിത്യകാരന്മാരിൽനിന്നും കാരൂരിനെ വ്യത്യസ്തനാക്കുന്നത് എങ്ങിനെ?. *നിസ്വവർഗത്തിന്റെ* ധർമ്മസങ്കടങ്ങൾ പ്രമേയമാക്കിയവരാണ് പൊതുവേ കാരൂരിന്റെ കാലത്തെ എഴുത്തൂകാർ. കാരൂരും ഇതിൽനിന്ന് വ്യത്യസ്തനായിരുന്നില്ല. *പട്ടിണിയുടെ കഥകൾ*
കുറച്ചധികം അദ്ദേഹമെഴുതിയിട്ടുണ്ട്.

1898 ഫെബ്രുവരിയിൽ കോട്ടയത്തിനടുത്ത്  *ഏറ്റുമാനൂരിൽ*
പാലമ്പടത്തിൽ  നീലകണ്ഠപ്പിള്ളയുടെയും കാരൂർ വീട്ടിൽ കുഞ്ഞീലിയമ്മയുടേയും മകനായാണ് കാരൂർ നീലകണ്ഠപ്പിള്ള ജനിച്ചത്. 
അഞ്ചാംവയസ്സിൽ നീലകണ്ഠപ്പിള്ളയെ എഴുത്തിനിരുത്തി. തുടർന്ന് *വെച്ചൂർ* സ്കൂളിൽ ചേർത്തു.
ബ്രിട്ടീഷ് ചക്രവർത്തി *ജോർജ്ജ് അഞ്ചാമന്റെ*  കിരീടധാരണ സമയത്ത് സമർഥരായ വിദ്യാർഥികൾക്ക് സമ്മാനിച്ച സ്വർണ്ണനാണയം ബാലനായ കാരൂരിനും ലഭിച്ചു. ഏറ്റുമാനൂർ സ്കൂളിൽ നിന്ന് ഏഴാംക്ലാസ് ജയിച്ചയുടൻ കാരൂരിന് ജോലികിട്ടി.
കടപ്പൂരുള്ള പള്ളിവക സ്കൂളിലായിരുന്നു നിയമനം. പക്ഷേ അത് വേണ്ടെന്നു വയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. ഒട്ടുംവൈകാതെ തന്നെ മറ്റൊരിടത്ത്
അധ്യാപകജോലി ലഭിച്ചു.
വാദ്ധ്യാർക്കഥകൾ  രചിക്കുന്നതിന് പ്രചോദകമായ ആ ജീവിതം *പോത്താനിക്കാട്* സർക്കാർസ്കൂളിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് ഏറ്റുമാനൂർ, കാണക്കാരി, വെമ്പള്ളി, പേരൂർ എന്നിവിടങ്ങളിൽ കാരൂർ അധ്യാപകനായി. 1913 ൽ അദ്ദേഹം പ്രൈവറ്റായി പഠിച്ച് ഒമ്പതാംക്ലാസും ട്രെയിനിംഗ് പരീക്ഷയും ജയിച്ചു.
അധ്യാപകരുടെ
സേവനവേതന വ്യവസ്ഥകൾ അക്കാലത്ത് തീരെ മോശമായിരുന്നു. സർക്കാരിനെതിരായി ജീവനക്കാർക്ക് ഒരക്ഷരംപോലും പുറത്തു പറയാനാവാത്ത രാജഭരണകാലമായിരുന്നു അത്. കാരൂർ പാവപ്പെട്ട അധ്യാപകരെ സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങി.1920 ൽ
സർക്കാർ സ്കൂളിലെ
അധ്യാപകർ ചേർന്ന് ഒരു
അധ്യാപകമഹാസഭ ഉണ്ടാക്കി. *പറവൂർ* ആയിരുന്നു സഭയുടെ
ആദ്യ സമ്മേളനം.
1922 ൽ ഏറ്റുമാനൂരിൽ നടന്ന രണ്ടാം സമ്മേളനത്തിൽ കാരൂർ സെക്രട്ടറിയായി.
*സദസ്യതിലകൻ ടികെ വേലുപ്പിളളയായിരുന്നു* പ്രസിഡണ്ട്.  അധ്യാപകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ  പണിമുടക്കണം എന്ന പ്രമേയം യോഗത്തിൽ അവതരിപ്പിച്ചിരുന്നു. യോഗം അതംഗീകരിച്ചില്ലെങ്കിലും മേലധികാരികൾ സംഗതി അറിയുകയും സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. എല്ലാവരും മാപ്പെഴുതി കൊടുത്തെങ്കിലും "പരവൂർ നീലകണ്ഠപ്പിള്ളയും"
കാരൂരും  പിരിച്ചുവിടപ്പെട്ടു. കുടുംബസുഹൃത്തായ
പെരുന്ന ശങ്കരപ്പിള്ള ഏറ്റുമാനൂർ അമ്പലത്തിനടുത്ത്  തുടങ്ങിയ വൈദ്യശാലയിൽ
കാരൂർ പിന്നീട് കണക്കെഴുത്ത്കാരനായി. ആ വഴിക്ക് കുറച്ച് വൈദ്യവും പഠിച്ചു. ഇതിനിടെയാണ്  സഹകരണരംഗത്തേക്ക്
കാരൂർ പ്രവേശിക്കുന്നത്. ഏറ്റുമാനൂർ
യുവജനപരസ്പരസഹായസംഘം രജിസ്റ്റർ ചെയ്തപ്പോൾ കാരൂർ പ്രസിഡണ്ടായി.
ഒരു ബന്ധുമുഖേന ശിക്ഷയിൽ ഇളവ് കിട്ടിയതിനെത്തുടർന്ന് *നാമക്കുഴി* സ്കൂളിൽ ജോലികിട്ടി. കുറച്ച്ദിവസം അവധിയെടുത്ത് കാരൂർ കോട്ടയം സഹകരണ യൂണിയൻ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു.

വീണ്ടും അധ്യാപക ജോലിയിൽ കയറിയെങ്കിലും അത് അധികനാൾ നീണ്ടില്ല. സുഹൃത്തായ
എം.എൻ. നായരും ചിലരും ചേർന്ന് തുടങ്ങിയ ഒരു കമ്പനിയിൽ കാരൂരും അംഗമായി. കയറും  കയറുൽപ്പന്നങ്ങളും  ശേഖരിച്ചു വിൽക്കുക.
കൊപ്രക്കച്ചവടം, ചീഞ്ഞ തൊണ്ട് വ്യാപാരം എന്നിവയായിരുന്നു കമ്പനിയുടെ ബിസിനസ്സ്. ഇവിടെ ജോലി ചെയ്യുമ്പോഴാണ് കാരൂർ കാരാപ്പുഴ കിഴക്കേമഠത്തിൽ
ഭവാനിയമ്മയെ വിവാഹം കഴിച്ചത്. 1930 ഏപ്രിലിൽ തിരുവനന്തപുരത്തായിരുന്നു കല്യാണം. കമ്പനി നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ച് വരുമ്പോഴാണ്  പൊടുന്നനെ ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ക്ഷാമം നാട്ടിലെങ്ങും ഉണ്ടായപ്പോൾ നാളികേരത്തിന്റെ വിലയിടിഞ്ഞു.
കയറുൽപ്പന്നങ്ങൾ ആർക്കും വേണ്ടാതായി. കാരൂർ വ്യവസായശ്രമം ഉപേക്ഷിച്ച് കോട്ടയത്തേക്ക് പോയി വീണ്ടും അധ്യാപകനായി.

*പന്മനയിൽ* ഭാര്യാസമേതം താമസിക്കുമ്പോഴാണ് കാരൂർ  ആദ്യകഥ എഴുതുന്നത്. മുപ്പത്തി നാലാമത്തെ വയസ്സിൽ, *ഭൃത്യവാത്സല്യം* എന്ന ആ ചെറുകഥ *മാതൃഭൂമി* ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതിനുമുമ്പുതന്നെ സർക്കാർ സർവീസിൽ ഇരിക്കുമ്പോൾ "കണ്ടപ്പൻ"  എന്ന തൂലികാനാമത്തിൽ കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന
*ശ്രീവാഴുംകോട്* വാരികയിൽ *കണ്ടതും കേട്ടതും* എന്ന ഒരു സ്ഥിരം പംക്തി  ഒരുവർഷം എഴുതിയിരുന്നു.
കഥയെഴുത്തുകാര നായെങ്കിലും കാരൂരിന്റെയുള്ളിലെ വ്യവസായി ക്ഷീണിച്ചില്ല. കൃഷിയായിരുന്നു അദ്ദേഹത്തിന്റെ
അടുത്ത തട്ടകം.
1943 -44  കാലത്ത് അദ്ദേഹം *മൂന്നാറിൽ* ചെന്ന് താമസിച്ച് ഏലക്കൃഷി തുടങ്ങി. പക്ഷേ മലമ്പനി വന്നത് മിച്ചം. മൂന്ന് വർഷം *വിശ്വഭാരതി*
എന്ന പ്രസ്സ് നടത്തി നോക്കിയെങ്കിലും അതും ലാഭകരമായില്ല.

*എംപി പോളിന്റെ* നേതൃത്വത്തിൽ രൂപീകരിച്ച സാഹിതീസഖ്യത്തിലാണ് കാരൂർ തന്റെ *ഉതുപ്പാന്റെ കിണർ* എന്ന പ്രശസ്ത കഥ ആദ്യമായി വായിച്ചത്. കോട്ടയത്ത് നടത്തിയിരുന്ന പോൾസ് കോളേജിലെ സാഹിത്യകാരന്മാരും അധ്യാപകരുമായ ഡോക്ടർ എസ്കെ നായർ,
സിഐ രാമൻനായർ, പൊൻകുന്നം വർക്കി, പുത്തൻകാവ് മാത്തൻ തരകൻ,
എംഎൻ ഗോവിന്ദൻനായർ, ആനന്ദക്കുട്ടൻ, കാരൂർ, വൈക്കം മുഹമ്മദ് ബഷീർ എന്നിവരായിരുന്നു
സാഹിതീസഖ്യത്തിലെ അംഗങ്ങൾ.
സാഹിതീസഖ്യം കോട്ടയത്ത് പുരോഗമനസാഹിത്യ സമ്മേളനം നടത്താൻ തീരുമാനിച്ചു.
പോളും കാരൂരുമായിരുന്നു സംഘാടകർ. ഈ സമ്മേളനമാണ് എഴുത്തുകാരന്റെ സാമ്പത്തികസ്ഥിതിയെപ്പറ്റി ചിന്തിക്കാൻ ഇടവരുത്തിയത്. സാഹിത്യകാരന്മാരുടെ ഒരു സഹകരണസംഘം രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് കാരൂരിന് തോന്നിത്തുടങ്ങി. മലയാളത്തിലെ
എഴുത്തുകാർക്ക് സ്വന്തമായൊരു പ്രസിദ്ധീകരണശാല വേണം. സഹകരണമേഖലയിലായാൽ  അത് കൂടുതൽ നന്നായിരിക്കും എന്ന് കാരൂരിന് അഭിപ്രായമുണ്ടായിരുന്നു.
പോൾ എൽ.സി ഐസക് എം.എൻ ഗോവിന്ദൻനായർ കാരൂർ എന്നിവർ അതിനുള്ള ശ്രമം തുടങ്ങി.
സഹകരണ വകുപ്പിൽ അസിസ്റ്റൻറ് രജിസ്ട്രാർ ആയിരുന്ന സാഹിതീസഖ്യത്തിലെ ഒരംഗം ജി.ആർ. പിള്ള നിയമാവലി തയ്യാറാക്കി. പത്തുരൂപ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഒരോഹരിയുടെ വിലയും ഒരു രൂപ പ്രവേശന ഫീസും ആയിരുന്നു.
1943 ൽ കാരൂരിനെ കാണാൻ *ഡീസി കിഴക്കെമുറി* ചെന്നു. *കാഞ്ഞിരപ്പള്ളിയിലുള്ള* സഹൃദയ ഗ്രന്ഥശാലയുടെ വാർഷിക സുവനീറിന്  ഒരു കഥയ്ക്കാണ് ഡീസി ചെന്നത്.
ഉതുപ്പാന്റെ കിണർ എന്ന കഥ
നൽകിയതിന് പുറമെ  അദ്ദേഹം ഡീസിയേയും സഹകരണസംഘത്തിൽ അംഗമാക്കി. അതൊരു വലിയ സ്നേഹബന്ധത്തിന്റെ തുടക്കമായിരുന്നു.
1945 മാർച്ചിൽ തിരുവിതാംകൂർ സാഹിത്യപ്രവർത്തക സഹകരണസംഘം ലിമിറ്റഡ് നമ്പർ 2458 രജിസ്റ്റർ ചെയ്തു. ഏപ്രിൽ ഒടുവിലാണ് പ്രവർത്തനമാരംഭിച്ചത്.
12 പേരായിരുന്നു സ്ഥാപകാംഗങ്ങൾ. ഒന്നാമത്തെ അംഗം
എം.പി പോൾ.
പി ശ്രീധരൻപിള്ള, നാരായണദേവ്, കാരൂർ,
ഡീസി കിഴക്കേമുറി എന്നിവർ തുടർന്നുള്ള അംഗങ്ങൾ.
120 രൂപ  ഓഹരിത്തുകയായി പിരിഞ്ഞുകിട്ടി.
1945 ഡിസംബർ 15ന് സംഘത്തിന്റെ ആദ്യ പുസ്തകം  *തകഴിയുടെ കഥകൾ* പ്രസിദ്ധീകൃതമായി.

തുടക്കത്തിൽ തട്ടിയും മുട്ടിയും നീങ്ങിയ സംഘം പിന്നീട് കാരൂരിന്റേയും ഡിസി കിഴക്കേമുറിയുടേയും നേതൃത്വത്തിൽ വളർച്ചയുടെ പടവുകൾ താണ്ടി.
1951 ആയപ്പോഴേക്കും സംഘത്തിൻറെ അടിത്തറ ഭദ്രമാവുകയും വൈകാതെ കേരളത്തിലെ ഏറ്റവും വലിയ പ്രസാധനസ്ഥാപനമായി വളരുകയും ചെയ്തു.
ഇന്ന് തകർച്ചയിലായ സാഹിത്യപ്രവർത്തക സഹകരണസംഘം, 1950 മുതൽ നാല് പതിറ്റാണ്ട്, കേരളത്തിലെ പ്രസാധനരംഗം അടക്കിവാണു.
1953 ഫെബ്രുവരിയിൽ 40 വർഷത്തെ ഔദ്യോഗിക ജീവിതത്തോട് കാരൂർ വിടപറഞ്ഞു. കൂടെ ജോലി ചെയ്തവരൊക്കെ ഹെഡ്മാസ്റ്റർമാരായി പെൻഷൻ പറ്റിയപ്പോൾ
കാരൂർ  *ഇടപ്പള്ളിയിൽ* പ്രൈമറിസ്കൂൾ ഇൻസ്പെക്ടർ തസ്തികവരെയെ എത്തിയിരുന്നുളളു. ഇടപ്പള്ളിയിൽ ചുമതലയേറ്റെടുക്കാതെ അവധിയെടുത്ത അദ്ദേഹം അങ്ങനെതന്നെയാണ് വിരമിച്ചത്.
1965 ജൂൺ 30ന് സാഹിത്യപ്രവർത്തക സഹകരണസംഘം സെക്രട്ടറി സ്ഥാനത്ത്നിന്നും അദ്ദേഹം വിരമിച്ചു. 1975 സെപ്റ്റംബർ 30 ന് അദ്ദേഹം കഥാവശേഷനായി.
പണിക്കുറ തീർന്ന ശില്പങ്ങളാണ് കാരൂരിന്റെ  ചെറുകഥകൾ.
       
അന്നത്തെ പാഠ്യപദ്ധതി പൊതുവേ ഭാഷാസാഹിത്യനിഷ്ഠമായിരുന്നതിനാൽ പഠിതാക്കളിൽ ശക്തമായ സാഹിത്യ സംസ്ക്കാരം ഉളവാക്കിയിരുന്നു.എന്നാൽിജ്ഞാനം വേണ്ടത്ര നേടാൻ കഴിഞ്ഞില്ല. പിൽക്കാലത്ത് കാരൂരിന് തന്റെ കഥകളെക്കുറിച്ച് ഇംഗ്ലീഷിലെഴുതിയ നിരൂപണങ്ങൾ മനസിലാക്കാൻ പരസഹായം വേണ്ടിവന്നു.
ആധൂനികശാസ്ത്രമോ പുതിയ വിജ്ഞാനങ്ങളോ പരിചയപ്പെടാൻ ഈ പരിമിതി കാരൂരിനെ അനുവദിച്ചില്ല. ഈ സവിശേഷത കാരൂരിന്റെ സാഹിത്യജീവിതത്തെ  കുറച്ചൊന്നുമല്ല സ്വാധീനിച്ചിരുന്നത്.
കാരൂർ ഒരെഴുത്തുകാരൻ എന്ന നിലയിൽ സർവ്വതന്ത്ര സ്വതന്ത്രനായിരിക്കുന്നതിനും കഥകളിൽ പരകീയ ഭാവങ്ങളും ആശയങ്ങളും വിരളമായി ഭവിച്ചു.
നല്ല കഥകളെഴുതുവാൻ ആംഗലപരിജ്ഞാനം കൂടിയേ തീരൂവെന്നോ ആംഗലമറിയാത്തവരൊക്കെ അനുകരണ വിമുഖരാണെന്നോ  വാദിക്കാനാവില്ല. വിദേശകഥകളുടെ
മൊഴിമാറ്റരൂപം കാരൂർ വായിച്ചിരുന്നെങ്കിലും അവയുടെ ഗാഢമായ സ്വാധീനത്തിന് വഴങ്ങിയിരുന്നില്ല.
*കാറൽമാർക്സിന്റെ* ചിന്താപദ്ധതിയുടെ സ്വാധീനഫലമായുണ്ടായ
*വർഗ്ഗസമരപ്രധാനമായ* കഥകൾ അക്കാലത്ത് സുലഭമായിരുന്നെങ്കിലും അദ്ദേഹമതിനുപുറകെയും പോയിരുന്നില്ല. ജീവിതത്തിലും സാഹിത്യത്തിലും അന്യസ്വാധീനതകൾക്ക് അന്ധമായടിമപ്പെടാതെ തനതായൊരു മാർഗത്തിലൂടെ സഞ്ചരിക്കാനിഷ്ടപ്പെട്ടയാളാണ് കാരൂർ.

സാമൂഹികപ്രശ്നങ്ങളുടെ നേർക്കദ്ദേഹം
മുഖംതിരിഞ്ഞുനിന്നിട്ടില്ല. മനശാസ്ത്രതത്വം ഗണ്യമായി സ്ഫുരിക്കുന്ന കഥകളിൽ കാരൂരിന്റെ പ്രത്യേകചില രീതികൾ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചു.
ഔദ്യോഗികവൃത്തിയിൽ അധ്യാപനമാണ് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടത്
ജോലിചെയ്ത സ്കൂളുകളുടെ പശ്ചാത്തലം  ഉദ്യോഗത്തിലൂടെ ലഭിച്ച അനുഭവങ്ങൾ കാരൂരിന്റ സാഹിത്യരചനയെ സമ്പുഷ്ടമാക്കി. ആകെ രചിച്ച 191 കഥകളിൽ 21 എണ്ണം *വാധ്യാർക്കഥകളായിരുന്നു.*
കാരൂർ അധ്യാപകനായിരുന്ന കാലത്ത് കേരളത്തിലെ അധ്യാപകവർഗത്തിന്റെ സ്ഥിതി പരമദയനീയമായിരുന്നു. ജീവിക്കാനുതകുന്ന തരത്തിലുള്ള ശമ്പളമോ സേവനത്തിന് യോഗ്യമായ അംഗീകാരമോ ലഭിക്കാതെ  തന്റെ സഹജീവികൾ അനുഭവിച്ചിരുന്ന ദാരിദ്ര്യവും ദുഖവും പ്രതിസ്ഫുരിച്ചതാണ് പ്രശസ്തമായ  _വാധ്യാർക്കഥകൾ_ . *സംഘടിതശക്തിയുടെ*  പ്രാധാന്യത്തെക്കുറിച്ച്
അധ്യാപകരെ ബോധ്യപ്പെടുത്താനും അവരുടെ ദുരിതങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും അദ്ദേഹം യത്നിച്ചു.

ഒരധ്യാപകനെക്കുറിച്ച് സമൂഹത്തിന് ആദർശാത്മകമായൊരു സങ്കല്പം നിലനിന്നിരുന്നു. ആദർശപരത, പാണ്ഡിത്യം, ആർജ്ജവശക്തി, സഹാനുഭൂതി നിറഞ്ഞ വ്യക്തിത്വം, സംസ്ക്കാരസമ്പുഷ്ടി ഇതൊക്കെ ഉത്തമനായ ഒരു അധ്യാപകന്റെ രൂപത്തിൽ തെളിഞ്ഞുനിന്നിരുന്ന കാലം
ഒരിക്കലും ഇനി കാണാൻ സാധിക്കാത്ത വിധം വിദൂരത്തിൽ മറഞ്ഞു. ( *ലോഹിതദാസ്* 1997 ൽ തന്റെ രണ്ടാമത്തെ ചിത്രം *കാരുണ്യം* പുറത്തിറക്കി.
ആ ചിത്രത്തിൽ *മുരളി* എന്ന നടനവതരിപ്പിച്ച പ്രധാനധ്യാപകന്റെ  രൂപവും സ്വഭാവവും പെരുമാറ്റവും മേല്പറഞ യോഗ്യതക്കൾക്ക് അനുസരണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.)
തന്നെ സാഹിത്യകാരനാക്കിയതിൽ അധ്യാപകവൃത്തിക്ക് പ്രധാന പങ്കുണ്ടെന്ന് കാരൂർ സമ്മതിക്കുന്നുണ്ട് കുടുംബഭാരവും ജീവിതത്തിന്റെ ഞെരുക്കവും വൈവിധ്യപൂർണ്ണമായ ജീവിതാനുഭവങ്ങളും കാരൂരിന്റെ കഥകളെ പ്രചോദിപ്പിച്ചിട്ടുണ്ട്.
 
അധ്യാപക ജീവിതത്തിന്റെ
ദൈന്യങ്ങൾ പകർത്തിയ
*പൊതിച്ചോറ്* പോലുള്ള കഥകൾ അദ്ദേഹത്തിന്
വാധ്യാർക്കഥാകൃത്തെന്ന പേര് നല്കി. ജീവിതത്തിന്റെ
ദുരന്തഭാവങ്ങളും നർമ്മവും
സ്ത്രീപുരുഷബന്ധത്തിന്റെ വൈചിത്ര്യങ്ങളുമെല്ലാം കാരൂരിന്റെ കഥകൾക്ക് വിഷയമായി. ഗതികെട്ട അധ്യാപകരും ചെറുകിട ഉദ്യോഗസ്ഥരും ദാരിദ്ര്യം കൊണ്ട് തെറ്റ് ചെയ്തു പോകുന്ന പാവങ്ങളുമെല്ലാം ആ കഥകളിൽ നിറഞ്ഞു നിൽക്കുന്നു. അനാർഭാടമായി അതീവ സ്വാഭാവികമായി അനുകമ്പയുടെ
ആർദ്രസ്പർശത്താൽ തിളങ്ങുന്ന നർമ്മബോധത്തോടെ അദ്ദേഹം കഥ പറയുന്നു. നാട്ടിൻപുറത്തെ ശരാശരി മനുഷ്യരുടെ സാധാരണ ചിത്രങ്ങളാണ് തൊട്ടതൊക്കെ പൊന്നാക്കിയ  കാരൂർ അവതരിപ്പിക്കുന്നത്.  മീൻകാരി,
തൂപ്പ്കാരി, ആസ്ട്രോളജർ, മേൽവിലാസം, മരപ്പാവകൾ, പിശാചിന്റെ കുപ്പായം, മോതിരം എന്നിവ പ്രധാന കഥകൾ. നോവലുകളായ *ഗൗരി, ഹരി, പഞ്ഞിയുംതുണിയും*
ഒരു തരത്തിലും സാഹിത്യ ഗുണത്താലോ പ്രമേയത്താലോ  നിലവാരം പുലർത്താതെ പോയത്  സാഹിത്യനഭസ്സിൽ കാറിരുണ്ടിരുന്നു.
അപ്പൂപ്പൻ എന്ന നാടകവും രചിച്ച കാരൂർ അറിയപ്പെടുന്ന ബാലസാഹിത്യകാരനുമായിരുന്നു. ബാലമനശാസ്ത്രം ശരിക്കും അപഗ്രഥിച്ച് പഠിച്ച കാരൂർ കുട്ടികളുടെ മനസ്സിലൂടെയാണ് കഥ പറയുന്നത്.
മലയാളത്തിൽ ബാലസാഹിത്യത്തിന് പ്രചാരം നല്കാൻ മുൻകൈയെടുത്ത കാരൂർ പതിനൊന്ന് കൃതികൾ രചിച്ചിട്ടുണ്ട്.
_അഞ്ച് കടലാസ്_
_എന്നെ രാജാവാക്കണം_
_അഴകനും പൂവാലിയും_
_ആനക്കാരൻ_
_ബാലചന്ദ്രൻ_
_രാജകുമാരിയും ഭൂതവും_
_സമ്മാനം_
_ഓലയും നാരായവും_
_ഭൃത്യൻ_
_മൺമയിൽ_
_കാരൂരിന്റെ ബാലകഥകൾ_
എന്നിവ
   
ചെറുപ്പത്തിൽ വായിച്ചിരുന്ന കാരൂർക്കഥകളുടെ സൗരഭ്യവും ലാളിത്യവും ഇന്നും  മാഞ്ഞിട്ടില്ല. കഥകൾ ധാരാളം വർത്തമാനകാലത്തും ജനിക്കുന്നു. എന്നാൽ കാരൂർക്കഥകൾ രചിക്കപ്പെട്ട ആ പഴയ മണ്ണിന്റെ ഗന്ധം  ഇന്നത്തെക്കഥകൾക്കുണ്ടാവില്ല. ഇനി ഉണ്ടാകുമെന്ന് തോന്നുന്നുമില്ല.

*ധരിത്രിയെച്ചെറിയന്നേ ജയിച്ചതും....*

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ