Oct_15_2001A.T. ഉമ്മർ

'*ഈ മുഗ്ദ്ധ വധുവിന്റെ കാമുകനാരെന്ന്*
*ഭുമിയും വാനവും*
*നോക്കിനിന്നു.*
*പരിണയം നടക്കുമോ? '* *മലരിന്റെചെവികളിൽ,*
*പരിമൃദു പവനൻ* *ചോദിക്കുന്നു?.*

1971 ൽപ്രദർശനത്തിന് വന്ന
*ആഭിജാത്യം* എന്നൊരു മനോഹരമായ കുടുംബചിത്രത്തിലെ  _വൃശ്ചികരാത്രിതൻ അരമന മുറ്റത്തൊരു_ എന്ന ഗാനത്തിന്റെ രണ്ടാമത്തെ ചരണത്തിലെ വരികളാണ് മുകളിലുദ്ധരിച്ചത്.  ചിത്രം പോലെ മനസിനെ താമരയാക്കിയ ഗാനങ്ങളുമതിലുണ്ടായിരുന്നു.
ചരണത്തിലെ വരികളിൽ ചോദിക്കൂന്നത് പോലെ ഈ പാട്ടുകളൊരുക്കിയ അനുപമമാനായ സംഗീത സംവിധായകനാരെന്ന് പലരും ചോദിച്ചിരിക്കാം.!

മെലഡിയുടെ നവ്യസുഗന്ധങ്ങളാൽ നാദധാരയൊഴുക്കിയ
*എ ടി ഉമ്മർ* സ്മൃതിദിന മാണിന്ന്‌.
ഇന്നുച്ചയ്ക്ക്  ആകാശവാണി തിരുവനന്തപുരം നിലയം
*നൂതന ഗാനത്തിൻ യമുനാ തീരത്ത് നൂപുരധ്വനികൾ മുഴങ്ങുന്ന*
അനുപമസൗന്ദര്യം കഴിഞ്ഞ വർഷം സൃഷ്ടിച്ചിരുന്നു.
എന്നാൽ പരിപാടിയുടെ എല്ലാ ഭാഗത്തും  ഹിന്ദുസ്ഥാനി ഛായയുള്ള   ശബ്ദകോലാഹലങ്ങളില്ലാത്ത   പാട്ടുകളുടെ _നീലജലാശയത്തിൽ_ നീന്തിത്തുടിക്കാനായില്ല..

*ആ മധുര സംഗീതത്തിൻ ലഹരിയാലേ സ്വന്തം ഭൂമി പുത്രിയെ*

_പ്രിയമുള്ളവർക്കായി നവ സ്വപ്നോപഹാരങ്ങളൊരുക്കിയ_ *അഞ്ചുകണ്ടി തലക്കൽ ഉമ്മർ* _കണ്ണൂരിൽ_ 1933 ൽ ജനിച്ചൂ. _മൊയ്തീൻ കുഞ്ഞും സൈനബയുമാണ്_ മാതാപിതാക്കൾ.  പത്താംക്ലാസ്സ് പഠനത്തിന് ശേഷം _വിശ്വം ചമച്ചും ഭരിച്ചും വിളങ്ങുന്ന വിശ്വൈകസാക്ഷിയായ_ *റസൂലിനെ*  വണങ്ങി സംഗീതപഠനം തുടങ്ങി.
സ്കൂളിൽ പഠിക്കുന്ന കാലങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു.
_വേണുഗോപാൽ_ ഭാഗവതരായിരുന്നു ആദ്യഗുരു. _വിണ്ണിൽ നിന്നും വന്നിറങ്ങിയ ഭഗവാൻ_ സമ്മാനിച്ച _ചന്ദനത്തിൻ മണിവീണയുമായി_ കർണാടക സംഗീതവും, _വളപട്ടണം_ _മുഹമ്മദ്‌,_ ശരശ്ചന്ദ്ര മറാലെ,
_കാസർകോട്‌ കമാർ_
എന്നിവരുടെ ശിക്ഷണത്തിൽ  ഹിന്ദുസ്ഥാനി സംഗീതവും   അലങ്കാരമില്ലെങ്കിലും ആടിപ്പാടുവാൻ പഠിച്ചു.
കണ്ണൂർ നഗരത്തിലെ  പ്രസിദ്ധമായ ഒരു സ്പോർട്സ് ക്ലബ്ബായിരുന്നു *സ്പിരിറ്റഡ് യൂത്ത്.*
അവിടെ ഫുട്ബോളിലും ഹോക്കിയിലും മികവോടെ കളിക്കുമായിരുന്ന ഉമ്മറിന്റെ
കൂട്ടുകാരനായിരുന്നു
_ഡോ പവിത്രൻ_.
സ്പോർട്സ്  ക്ലബ്ബിനോടൊപ്പം  ഒരു മ്യൂസിക് ക്ലബ്ബും പ്രവർത്തിച്ചിരുന്നു.
*ബെൻസ്* എന്ന പേരിലുള്ള ക്ലബ്ബിനുവേണ്ടി പവിത്രനും ഉമ്മറും ചേർന്ന് കലാ പരിപാടികൾ നടത്തിയിരുന്നു.
മ്യൂസിക് ക്ലബ്ബിന്റെ സമീപത്ത്   പ്രവർത്തിച്ചിരുന്ന  മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനായി കുറച്ചു കാലം ഉമ്മർ പ്രവർത്തിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ അവിടെയെത്തുന്ന 
സാഹിത്യകാരന്മാരായ
_ടി പത്മനാഭൻ,_
*ഡോ.സുകുമാർ അഴിക്കോട്* എന്നിവരുമായുള്ള അടുപ്പം
ഉമ്മറിന്റെ കലാഹൃദയത്തെ
പരിപോഷിപ്പിക്കാൻ
സഹായകമായി.
*കൊൽക്കത്തയിൽ* നിന്ന്
കോഴിക്കോടും തലശ്ശേരിയിലും  സ്റ്റേജ് പരിപാടിക്കെത്തിയ പ്രശസ്ത ബംഗാളി  സംഗീതജ്ഞൻ *പങ്കജ് മല്ലിക്ക്* എന്ന കലാകാരനുമായി ഇക്കാലത്ത് പരിചയപ്പെടാനിടയായി.
അദ്ദേഹവുമൊന്നിച്ച് രണ്ടുമൂന്ന് ഗാനങ്ങൾ സ്റ്റേജിൽ ആലപിക്കുകയും ചെയ്തിരുന്നു.
അക്കാലത്താണ്  പവിത്രന്റെ സുഹൃത്തായ ഡോക്ടർ _ബാലകൃഷ്ണനെ_ ഉമ്മർ പരിചയപ്പെടുന്നത്.
മദിരാശിയിലെ മലയാളി സമാജത്തിന്റെ വാർഷികാഘോഷത്തിന്
സ്റ്റേജിൽ പാടുന്നതിന്
പാട്ടുകൾക്ക്  സംഗീതസംവിധാനം നിർവഹിക്കാൻ ഉമ്മറിനെ ബാലകൃഷ്ണൻ മദ്രാസിലേക്ക് ക്ഷണിച്ചു.
ആയിരമായിരമഭിലാഷങ്ങൾ തെളിനീർക്കുമിളകളായി ഭവിച്ചുതുടങ്ങിയത് 1966 ൽ *ഡോക്ടർ ബാലകൃഷ്ണൻ* എന്ന  കഥാകൃത്ത് *തളിരുകൾ* എന്ന ചിത്രത്തിലവസരം നല്കിയിയതോടെയാണ്.
അതിലെ _ആകാശ വീഥിയിൽ ആയിരം ദീപങ്ങൾ_ എന്ന യേശുദാസ് ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ ഉമ്മറിന്റെ _കൺകുളിർക്കാൻ_ തരത്തിലുള്ള ഗാനങ്ങൾ സൃഷ്ടിക്കാൻ  അവസരം നൽകിയത്  പ്രസിദ്ധനായ സംവിധായകൻ *എ വിൻസന്റ്* ആയിരുന്നു.
അദ്ദേഹത്തിന്റെ  *ആൽമരം* _ആഭിജാത്യം_ എന്നീ സിനിമകളിലെ  ഗാനങ്ങളാണ് ഉമ്മറിന്  മലയാള ചലച്ചിത്ര സംഗീതലോകത്ത് മനസ്സിനെ
താമരയാക്കാനിടയായത്.

*പി.ഭാസ്ക്കരന്റെ* കവിതകളായിരുന്നു ഉമ്മറിന് ആദ്യകാലത്ത് ഈണമിടാൻ ലഭിച്ചത്.
ആഭിജാത്യവും *വിലക്കപ്പെട്ട ബന്ധങ്ങളും*  ഉമ്മറിന്റെ  ഗാനങ്ങളാൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയപ്പോൾ
_മാരിവില്ല് പന്തലിട്ട  ദൂരചക്രവാളമാകുന്ന_
ചലച്ചിത്രലോകം ഉമ്മറിനെ _മാടിമാടി_ വിളിക്കാൻതുടങ്ങി.
_മാനസമുരളിതൻ സ്വരരാഗസംഗീതത്തെ_
അടക്കിനിർത്താനാകാതെ  മലയാള  ചലച്ചിത്ര സംഗീത ലോകമാകുന്ന _ചന്ദനപ്പല്ലക്കിലേറി_  ആ _കൊട്ടാരം പരിചാരകൻ_ പ്രയാണമാരംഭിച്ചു
മലയാള സിനിമാ ചരിത്രത്തിൽ  ഹിറ്റുകൾ സമ്മാനിച്ച  *ഐവി ശശി* ചിത്രങ്ങളിലെ  പാട്ടുകളധികവുമൊരുക്കിയത്  ഉമ്മറായിരുന്നു. അവരുടെ _ആദ്യസമാഗമം_ *ഉത്സവം* എന്ന ചിത്രമായിരുന്നു.
തുട൪ന്ന്  ശശിയുടെ പതിനൊന്നോളം ചിത്രങ്ങളിൽ ഉമ്മർ സഹകരിച്ചു പ്രവർത്തിച്ചു.
1986 ൽ *വാർത്ത*
എന്ന സിനിമയായിരുന്നു ഇവരുടെ അവസാന ചിത്രം.

1978 ൽ പുറത്തുവന്ന ഐ വി ശശിയുടെ *അവളുടെ രാവുകൾ*  എന്ന വിവാദ ചിത്രത്തിലെ * _രാകേന്ദുകിരണങ്ങൾ ഒളിവീശിയില്ല_ എന്ന  ഗാനത്തിന്റെ ഓർക്കസ്ട്രാ ശ്രദ്ധിക്കുന്ന ഒരു സംഗീത പ്രേമിക്ക് നന്നായി മനസിലാകും ഹിന്ദി ട്യൂൺ കടമെടുത്തതാണോയെന്ന് !!?
വാസ്തവത്തിൽ  അദ്ദേഹത്തിന്റെ മനസിൽനിന്നുവന്ന ട്യൂൺതന്നെയായിരുന്നു ആ ചിത്രത്തിനായി മീട്ടിയത്..
നവീന പാശ്ചാത്യ വാദ്യോപകരണങ്ങൾ,
ഉമ്മർ ചലച്ചിത്ര സംഗീത മേഖലയിൽ പ്രയോഗിക്കാൻ തുടങ്ങിയ കാലമായിരുന്നു
അത്..

ഉമ്മർ സംഗീതസംവിധാനം നിർവഹിച്ച ചിത്രങ്ങൾ ചികഞ്ഞുനോക്കിയാൽ ഗാനങ്ങൾ ഹിറ്റാകാതെപോയ നിരവധി സിനിമകളുണ്ടെന്ന് കാണാൻകഴിയും. എന്നാൽ അപ്രധാനരായ കലാകാരുടെ ചില ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ഹിറ്റായിയെന്നും കാണാം.
*ഓണത്തുമ്പിക്കൊരൂഞ്ഞാൽ* 1985 ൽ പുറത്തു വന്ന ഒരു ചിത്രമാണ്.
*കൊടിയേറ്റം ഗോപി*
"രാമേശ്വരി" മുതലായവർ അഭിനയിച്ച "സുരേഷ്"
സംവിധാനം നിർവ്വഹിച്ച
സിനിമയിലെ
_ഓണത്തുമ്പിക്കൊരൂഞ്ഞാല്_
_മാരിവില്ലിൻ ഊഞ്ഞാല്_ 
എന്ന ഗാനത്തിന്റെ സൗരഭലഹരിയിൽ അലിഞ്ഞ് പോയിട്ടുണ്ട്.
ഉമ്മറിന് വേണ്ടി കവിതകൾ, ഏറ്റവുമധികം രചിച്ച _പൂവച്ചൽ ഖാദറായിരുന്നു_ ഇതിലെ വരികളുടെ കർത്താവ്.

*ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ,*

_അലകടലിനെ ചുബിച്ചുണർത്തുന്ന, പ്രാലേയ_ _ശൈലങ്ങൾ തഴുകി വരുന്ന_ ഗീതങ്ങളായിരുന്നു ഉമ്മറിന്,
ഗാനഗന്ധർവ്വന്റെ സ്വരരാഗസുധ.
തന്റെ എല്ലാ പാട്ടുകളും ഗന്ധർവ്വൻതന്നെ പാടിയാൽ,
സന്തോഷമായിരിക്കുമെന്ന്
പലപ്പോഴും ഉമ്മർ പറഞ്ഞിട്ടുണ്ട്. എഴുപതുകളിലേയും  എൺപതുകളിലെയും റൊമാന്റിക് ഹിറ്റുകളിലെ ചില ഗാനങ്ങൾ ഉമ്മറിന്റെതാണ്.

_ചന്ദനക്കുറിയിട്ട  ചന്ദ്രലേഖേ,_
_ഒരു നിമിഷം തരൂ നിന്നിലലിയാൻ,_
_ഈ വഴിയും ഈ മരത്തണലും,_
_കളഭക്കുറിയിട്ട മുറപ്പെണ്ണേ,_
_നീലജലാശയത്തിൽ നീരാടും,_
_കവിതയാണ് നീ നീറുമെൻ,_
_നിന്നെ പുണരാൻ നീട്ടിയ കൈകളിൽ,_
_അനുവദിക്കൂ ദേവി അനുവദിക്കൂ,_
_മരുഭുമിയിൽ വന്ന മാധവമെ നീ,_
_പൊട്ടിക്കരഞ്ഞുകൊണ്ടോ മനേ ഞാനെന്റെ,_
_കൊമ്പിൽക്കിലുക്കും കെട്ടി,_
_ദേവീ നിൻ ചിരിയിൽ,_
_വാകപ്പൂമരംചൂടും വാരിളം പൂങ്കുല,_
_നീല നിലാവൊരു തോണി,_
_സാന്ദ്രമായ ചന്ദ്രികയിൽ,_
_അനുപമ സൗന്ദര്യമേ,_
ഇന്നും പ്രേഷകരിഷ്ടപ്പെടുന്ന ഈ ഗാനങ്ങളുടെ ലാളിത്യവും സൗന്ദര്യവും ഒന്നനുഭവിച്ചു നോക്കൂ.
_എല്ലാം കുങ്കുമപ്പൊട്ടിലൂറുന്ന കവിതകളാണ്._

*തുഷാര ബിന്ദുക്കളെ നിങ്ങൾ*
*എന്തിന് വെറുതേ ചെമ്പനീരലരിൽ,*

മറ്റ് മലയാള ഗായകരും ഉമ്മറിന്റെ  _സ്വയംവരത്തിന് പന്തലൊരുക്കാതിരുന്നില്ല._
_പ്രഭാതം പൂമരക്കൊമ്പിൽ,_
_മധുമക്ഷികെ,_
_ഒരു മയിൽപ്പീലിയായ് ഞാൻ,_
_യാമിനീ എന്റെ സ്വപ്നങ്ങൾ_
_വാരിപ്പുണർന്നു,_
_ജലശംഖുപുഷ്പം ചൂടും,_
_മഴമുകിലൊളിവർണ്ണൻ_
_സൂര്യ നമസ്ക്കാരം ചെയ്തുയരും,_
_എന്നോ എങ്ങെങ്ങോ എന്റെ മാനസം കളഞ്ഞ് പോയി,_
_സിന്ദൂര പുഷ്പവന ചകോരം,_
_സ്വർണമുകിലുകൾ സ്വപ്നം കാണും_
മുതലായ ഗാനങ്ങൾ മതിയല്ലോ ജാനകിക്ക്
വികാര രാജാങ്കണമേറാൻ.
ആലിംഗനം എന്ന ചിത്രത്തിലെ "തുഷാര ബിന്ദുക്കളെ" എന്ന ഗാനത്തിന് രണ്ട് പേർക്കും സംസ്ഥാന അവാർഡ് ലഭിച്ചു.

ജയചന്ദ്രൻ, *ബ്രഹ്മാനന്ദൻ,*
കൃഷ്ണചന്ദ്രൻ, ജോളി എബ്രഹാം, വാണിജയറാം
അമ്പിളി, ബി വസന്ത,
*അടൂർ ഭാസി*
*പിബി ശ്രീനിവാസ്,*
 പി.സുശീല ചിത്ര മുതലായ സര്ഗ്ഗധരരുടെ നാദവിസ്മയങ്ങളെയും ഉമ്മർ
ദണ്ഡനമസ്ക്കാരം ചെയ്തിരുന്നു.
_പിന്നെയും ഇണക്കുയിൽ പിണങ്ങിയല്ലോ,_
_മണിത്തൂവൽ ചിറകുളള,_
_ഒരു നോക്ക് ദേവീ കണ്ടോട്ടെ,_
_ശ്രീരഞ്ജിനീ സ്വരരാഗിണീ,_
_പ്രിയമുള്ളവളെ നിനക്ക്‌ വേണ്ടി,_
_ചന്ദ്രക്കലാധരന് കൺകുളിർക്കാൻ ദേവി,_
_വരിക നീ വസന്തമേ,_
_വെള്ളിച്ചെല്ലം ചിതറി,_
_വേലിപ്പരുത്തിപ്പൂവേ,_
_ആനന്ദരാഗമെഴുതിയ ,_
_പെണ്ണിന്റെ നെഞ്ചിൽ പതിനേഴാം വയസ്സിൽ,_
_തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി,_
_അങ്ങാടി മരുന്നുകൾ ഞാൻ ചൊല്ലിത്തരാം,_
_കുങ്കുമപ്പൊട്ടിലൂറും കവിതേ_
മുതലായ ഗാനങ്ങൾ  മേൽപ്പറഞ്ഞ ഗായകർ,
അമൃതശീതള വർഷമായ്
പാടി പ്രേക്ഷകഹൃദയത്തിൽ  പ്രതിഷ്ഠിച്ചവയാണ്.

*ഹൃദയശാരികേ ഉണരുക നീ*
*അമൃതസ്വരങ്ങൾ അരുളുക നീ* എന്ന *ആഗ്രഹ* ത്തോടെയോടെയാകാം  അദ്ദേഹം വിടവാങ്ങിയത്. മൂന്നു പതിറ്റാണ്ടോളം  നാദധാരകൊണ്ട്  ആനന്ദലഹരിയൊഴുക്കിയ  ഉദ്യാനപാലകൻ ഇന്നും
ചൈത്രദേവതയെ ആരാധിക്കുകയാകും!!!!.
ഇന്നും മലയാളികളുടെ ഓർമ്മകളെ ദീപ്തവും
സുരഭിലവുമാക്കുന്നു ഉമ്മറിന്റെ ഗാനങ്ങൾക്ക് നശ്വരതയുണ്ടെന്ന് തോന്നുന്നില്ല.
മലയാള ചലച്ചിത്ര ഗാനങ്ങളുടെ പൊയ്പ്പോയ വസന്തകാലത്തെ പാടിയുണർത്തുകയാണ്
ചെമ്പകപ്പൂങ്കാവനത്തിലെ
ആ ഇടയൻ.

2001 ഒക്ടോബർ 15 ന്
ഈണങ്ങളും താളങ്ങളുമില്ലാത്ത ലോകത്തേക്ക് അദ്ദേഹം യാത്രയായി.
ഭാര്യ അറ്റത്ത്
മകന് അമർ ഇലാഹി.
1985 ൽ മലയാള സിനിമയ്ക്കുള്ള മികച്ച സംഭാവനയ്ക്ക് കേരള സർക്കാരിന്റെ സർട്ടിഫിക്കറ്റ്
ഓഫ് ഓണർ ബഹുമതി ലഭിച്ചു.

*കൃഷ്ണഭക്തി* തുളുമ്പുന്ന *അമൃതവാഹിനി* എന്ന ചിത്രത്തിലെ _വൃന്ദാവനം സ്വർഗമാക്കിയ കാർവർണ്ണാ_
 അമ്പിളി പാടിയ ഭക്തിഗാനവും കേൾക്കൂ.......

*കെ.ബി. ഷാജി നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ