Oct_07_1978/ എം.എസ്. ബാബുരാജ്

*"ചുടുകണ്ണീരാലെൻ ജീവിതകഥ ഞാൻ*
 *മണ്ണിതിലെഴുതുമ്പോൾ"*
*കരയരുതാരും കരളുകളുരുകി*
*കരയരുതേ വെറുതേ ആരും*
*കരയരുതേ വെറുതേ!.*


1962 ൽ പുറത്തുവന്ന  ഒരു പേർഷ്യൻകഥയെ  അടിസ്ഥാനമാക്കിയുള്ള  *ലൈലാമജ്നു*  എന്ന ചിത്രത്തിലെ മനസ്സിനെ മഥിക്കുന്ന *കെ.പി. ഉദയഭാനു* ആലപിച്ച ഒരു ദുഖഗാനം.  *പി.ഭാസക്കരന്റെ* രചന. ഗാനത്തിന്റെ വരികളുടെ സാരാംശങ്ങൾ  ജീവിതത്തിലും അമ്പർത്ഥമായി ഭവിച്ച *ബാബുരാജിന്റെ* ഈണം.

ഇന്നും മനസിൽ അനുരണനം കൊള്ളുന്ന എത്രയെത്ര ലളിതമനോഹരമായ ഈണങ്ങളുടെ വിസ്മയമായിരുന്ന *മുഹമ്മദ് സുബൈർ ബാബുരാജ്*  എന്ന എംഎസ്സ് ബാബുരാജിനെ സംഗീതപ്രേമികൾ സ്മരിക്കേണ്ട ദിനമാണിന്ന്.
1978 ഒക്ടോബർ 7 മലയാള ചലച്ചിത്ര സംഗീതലോകത്തെ മാത്രമല്ല സൃഷ്ടിയുടെ സൗന്ദര്യ മൂന്തിരിച്ചാറിനായി കൈക്കൂമ്പിൾ  നീട്ടിയ സമസ്തരെയും  ശോകത്തിലാഴ്ത്തി ചലച്ചിത്ര സംഗീതലോകത്തെ ഇരുട്ടിലാക്കി സംഗീത ചക്രവർത്തി വിടപറഞ്ഞ ദിനം.

*താതാനിൻ കല്പനയാൽ*
*പൂവനം തന്നിലൊരു പാതിരാപ്പൂവായി വിരിഞ്ഞു ഞാൻ*

ശരിയല്ലേ???....... *ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നും*(ബംഗാൾ)
ബാബുരാജിന്റെ  പിതാവ്
ജാൻമുഹമ്മദ് *കണ്ണീരും സ്വപ്നങ്ങളും വില്ക്കുവാനായാണ്*  കേരളത്തിലെത്തിയത്. ഒരു കോഴിക്കോട്കാരിയിൽ
1921ൽ ജാൻമുഹമ്മദിന്  പിറന്ന *പാമരനായ  പാട്ടുകാരനായ* ബാബുരാജ് മലയാള സിനിമാഗാനങ്ങളിൽ ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും മധുരം പകർന്ന അതുല്യ
സംഗീതപ്രതിഭയായിരുന്നു.
ഉത്തരേന്ത്യൻ സംഗീതം ആദ്യമായി മലയാള
ചലച്ചിത്രസംഗീതത്തിൽ പരീക്ഷിച്ചത് ബാബുരാജാണ്. അന്നൊക്കെ ഹിറ്റായ ഹിന്ദി,തമിഴ് ഗാനങ്ങളിൽനിന്ന് സിനിമാഗാനങ്ങൾക്ക് ഈണം കടമെടുക്കുന്ന രീതിയായിരുന്നു. "ദക്ഷിണാമൂർത്തി,"  "ദേവരാജൻ," 'രാഘവൻ" തുടങ്ങിയ പ്രതിഭാധനരാവട്ടെ കർണാടകസംഗീതത്തെയും നാടോടിസംഗീതപാരമ്പര്യത്തെയും ആസ്പദമാക്കിയാണ് സിനിമാസംഗീതമൊരുക്കിയിരുന്നത്. അവരിൽനിന്ന് വ്യത്യസ്തമായി ഹിന്ദുസ്ഥാനി സംഗീതത്തെ ആധാരമാക്കിയ ഒരു പുതിയ ശൈലിയുമായി ബാബുരാജ് രംഗപ്രവേശം ചെയ്തപ്പോൾ ശ്രോതാക്കളൂം സംഗീതപ്രേമികളും അത് ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ബാബുരാജിന്റെ ചെറുബാല്യത്തിൽ തന്നെ പിതാവ് ജാൻമുഹമ്മദ് അഞ്ചംഗകുടുംബത്തെ  കഷ്ടതകൾ മാത്രമനുഭവിക്കാൻ യോഗമൊരുക്കി  ഇഹത്തിൽ നിന്ന് കടന്നുപോയി. ആ അമ്മയും മക്കളും
*പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ എന്ന് പാവനനാം ആട്ടിടയനോട്* കരളുരുകി പ്രാർത്ഥിച്ചു.
*കരയാനും ചിരിക്കാനുമറിയാത്ത കൺമൂടിയ കളിമൺ പ്രതിമകളായ ദൈവങ്ങൾ* _പാവങ്ങൾക്കുള്ള ജീവിതം പാദം ചൂട്ടുപൊള്ളുന്ന പാഴ്മരുഭൂവാക്കിത്തീർത്തു._ അതാണല്ലോ അല്ലെങ്കിലും ജഗന്നിയന്താവിന്റെ എപ്പോഴുമുള്ള  തീരുമാനം!!?

ബാബുരാജിനെക്കുറിച്ച് പഠിക്കാൻ കോഴിക്കോടിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകളും  നാനാവിധ കലാചൈതന്യങ്ങളായ _ഖയാലും ധൂമ്രിയും ഗസലും ബിംപലാശിയും ഡർബാറിയും കെസ്സുകളും ചിന്തുകളും_ നിറഞ്ഞ  തെരൂവോരങ്ങളെ അറിയേണ്ടതുണ്ട്.

പാണ്ടികശാലകളുടെ മുകൾത്തട്ടിലരങ്ങേറുന്ന സംഗീതസദിരുകൾ മര ,അരി, സ്വർണ്ണക്കച്ചവടക്കാർ, തങ്ങളുടെ പകലുകളുകളിലെ കർമ്മഭാരമിറക്കിവച്ചിരുന്നത് ഇവിടെയായിരുന്നു.
ഇത്തരം കലാസദിരുകളിലൂടെയാണ് കോഴിക്കോടൻ മനസിന്റെ നാദവാഞ്ച്ഛകൾ സ്ഫുരിക്കപ്പെട്ടത്. ബാബുരാജ് എന്ന സംഗീതജ്ഞന്റെ പിറവി ഇവിടെയാണ്.വഴിയോരത്തും തീവണ്ടിമുറികളിലും വയറ്റത്തടിച്ച് പാടിയിരുന്ന ബാലനായ സുബൈറിനെ പോലീസുകാരനായ  _കുഞ്ഞ് മുഹമ്മദിന്റെ_ കാരുണ്യം നിറഞ്ഞ മനസ്സ് ഒന്നു കൊണ്ടു മാത്രമാണ് തെരുവിൽ നിന്ന് വിളിച്ച് കൊണ്ടുപോയി വളർത്തി സംഗീതപ്രേമികളുടെ പ്രിയങ്കരനായ   സംഗീതരാജനാക്കിയത്.
തുടർന്ന് കോഴിക്കോടിന്റെ രാപ്പലുകളെ ബാബുരാജിന്റെ  സ്വരരാഗസുധ ആനന്ദകരമാക്കി. സംഗീതം പെയ്ത എത്രയോ മെഹ്ഫിൽ സന്ധ്യകളെ ബാബുരാജ് അവിസ്മരണീയമാക്കി.
ഇതിനിടെയാണ് നടനും നാടകകൃത്തുമായ
*നിലമ്പൂർ ബാലന്റെ*
സംഗീതസംഘത്തിൽ അംഗമാകുന്നത്. മലബാറിലെ ഗസ്സൽ ഖവ്വാലി സദസുകളിലൂടെ ശ്രദ്ധേയനായ ബാബുരാജ് പുരോഗമന നാടക പ്രസ്ഥാനത്തിലൂടെ 1957 ൽ *മിന്നാമിനുങ്ങ്* എന്ന ചിത്രത്തിലൂടെയാണ്  സിനിമയിലേക്ക്  കടന്നുവരുന്നത്.

തുടർന്ന് _ഉമ്മ_(1960),
_കണ്ടം ബച്ചകോട്ട്_(1961), _മുടിയനായ പുത്രൻ_(1961), _ലൈലമജ്നു_(1962) _പാലാട്ടു കോമൻ_(1962) _ഭാഗ്യജാതകം_(1962), _നിണമണിഞ്ഞ കാല്പാടുകൾ_(1963) മുതലായ ചിത്രങ്ങളിലെ അനശ്വരഗാനങ്ങളൊരുക്കാൻ ബാബുരാജിന് അവസരം ലഭിച്ചു.
1964 ലാണ് *വൈക്കം മുഹമ്മദ്ബഷീറിന്റെ* _നീലവെളിച്ചം_ എന്ന സാഹിത്യകൃതികൾ,
*ടികെ പരീക്കുട്ടി* ചന്ദ്രതാരാ ഫിലിംസിന്റെ ബാനറിൽ *ഭാർഗ്ഗവി നിലയം*  എന്ന പേരിൽ ചലച്ചിത്രമാക്കിയത്. ചിത്രത്തിനായി ഗാനങ്ങളൊരുക്കിയത്
പി ഭാസ്ക്കരനും ബാബുരാജും കൂടിയായിരുന്നു. മലയാളത്തിൽ  കെ.ജെ.യേശുദാസ്സ് എന്ന _ഗാനഗന്ധർവ്വനെ_ സൃഷ്ടിച്ചത് *താമസമെന്തേ വരുവാൻ* എന്ന മാസ്റ്റർപീസായിരുന്നല്ലോ.? യേശുദാസ്സ് എണ്ണമറ്റ ഹിറ്റുകളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചെങ്കിലും താമസമെന്തേ എന്നപോലെ മറ്റൊന്നില്ല. _ബിംബ്ലാസ്_ രാഗത്തിന്റെ ലാവണ്യം മുഴുവനും പുരണ്ട  ശില്പമാണ് ആ ഗാനം.
ഭാസ്ക്കരൻ മാഷിന്റെ ഭാവന ബഷീർ പ്രതിഭയിൽ നിന്നിറുത്തെടുത്ത ബിംബങ്ങൾ, ഇതിലേയ്ക്കാണ് ഒരു കാമുകന്റെ സ്നിഗധ മധുരമായ ശാരീരവുമായി യേശുദാസ്സെത്തുന്നത്. ഗാനരംഗത്തിൽ *നിത്യഹരിത നായകൻ* _ശശികുമാറിന്റെ_ വേഷത്തിലെത്തിയപ്പോൾ ഗാനം ഉത്തരേന്ത്യൻ ഗസ്സലുകളെപ്പോലും അതിശയിപ്പിച്ചു..

ഗാനഗന്ധർവ്വനായി ഒരുക്കിയ സ്വർണ്ണസിംഹാസന പടവുകളുടെ മനോഹാരിത ഒന്നാസ്വദിക്കാം.
_ആദ്യത്തെ കണ്മണി_ (ഭാഗ്യജാതകം) ബാബുരാജിന്റെ സംവിധാനത്തിൽ ദാസ്സ് പാടിയ ആദ്യഗാനം ഒപ്പം ലീലയും.
_പൊന്നും തരിവള_(മിടുമിടുക്കി)
_തെളിഞ്ഞു പ്രേമയമുന_ (മനസ്വിനി)
_അന്നു നിന്റെ നുണക്കുഴി_(പരീക്ഷ)
_സുറുമയെഴുതിയ_ (ഖദീജ)
_കളി ചിരി മാറാത്ത പെണ്ണേ_(ഉദ്യോഗസ്ഥ)
_കന്നിയിൽ പിറന്നാലും_(തറവാട്ടമ്മ)
_ഇന്നലെ മയങ്ങുമ്പോൾ_ (അന്വേഷിച്ചു കണ്ടെത്തിയില്ല)
_പാവാട പ്രായത്തിൽ_(കാർത്തിക)
_ഇന്ദുലേഖ തൻ_(അനാഥ)
_കാലം മാറി വരും_(കോസ്സ്ബെൽട്ട്)
_ചന്ദ്രബിംബം_(പുള്ളിമാൻ)
_വിജനതീരമേ_(രാത്രിവണ്ടി)
ചേട്ടത്തി എന്ന ചിത്രത്തിനായി വയലാറെഴുതിയ *ആദിയിൽ വചനമുണ്ടായി* എന്ന ഗാനം പാടിയഭിനയിച്ചിരിക്കുന്നതും  കവിതന്നെയാണ്.
മലയാളത്തിലെ ഏറ്റവും നല്ല ഖവ്വാലികൾ സൃഷ്ടിച്ചത് ഈ സംഗീത സംവിധായകനാണ്. *ലൈലാമജ്നുവിലെ*
_"കണ്ണിനകത്തൊരു കണ്ണ്"_
_" അന്നത്തിനും പഞ്ഞമില്ല"_ എന്നീ ഖവ്വാലിയോട് കിടപിടിക്കുന്ന മറ്റൊന്ന് മലയാളത്തിലുണ്ടെങ്കിൽ ' അത് ബാബുരാജ് തന്നെ സംവിധാനം ചെയ്ത _"പൂക്കാത്തമാവിന്റെ"_ ( *കറുത്തകൈ*) എന്നതായിരിക്കും.

*എസ് ജാനകി* എന്ന ഗായികയെ മലയാളിയുടെ മനസ്സിൽ  പ്രതിഷ്ഠിച്ചത് ബാബുരാജിന്റെ
സംഗീതമായിരൂന്നു. പല സംഗീത സംവിധായകർക്കും  ജാനകിയുടെ ശബ്ദത്തിന്റെ രുചി ഇഷ്ടമായിരുന്നില്ല. ബാബുരാജ് ഈ അരുചി മാറ്റിയെടുത്തത്  _"തളിരിട്ട കിനാക്കൾ തൻ"_ (മൂടുപടം) എന്നയൊറ്റഗാനത്താലായിരുന്നു. ജാനകിയുടെ സ്വരത്തിന്റെ മാസ്മരികതയറിയുന്ന ചുരുക്കം ചില ഗാനങ്ങൾ _"വാസന്തപഞ്ചമിനാളിൽ"_ (ഭാർഗ്ഗവി നിലയം), _"സൂര്യകാന്തി"_ (കാട്ടുതുളസി)
_"അഞ്ജനക്കണ്ണെഴുതി"_ (തച്ചോളി ഒതേനൻ)  ഇവയാണ്.
യേശുദാസ്സ് ഗാനരംഗത്ത് വരുന്നതിന് മുമ്പ് നമ്മുടെ പ്രധാന ഗായകൻ *കെ.പി.ഉദയഭാനുവായിരുന്നല്ലോ?* അദ്ദേഹത്തിന്റെ ഏറ്റവും മികച്ചഗാനം _"ചുടുകണ്ണീരാലെൻ ജീവിതകഥ"_ (ലൈലാമജ്നു) ആയിരിക്കും.. അദ്ദേഹത്തിന്റെ തന്നെ _"അനുരാഗനാടകത്തിൻ അന്ത്യമാം"_(നിണമണിഞ്ഞ കാല്പാടുകൾ),
_"പൊൻവളയില്ലെങ്കിലും"_ (കുട്ടിക്കുപ്പായം)
_"വളകിലുക്കും വാനമ്പാടി"_
(മായാവി) ഈ ഗാനങ്ങൾ പാടി ഉദയഭാനുവിന്റെ ശബ്ദം ഉറച്ച തായി പരക്കെയൊരു വാദമുണ്ട്.

*കമുകറ പുരുഷോത്തമൻ* തത്വചിന്തകളുടെയും  ഭക്തിയുടേയും ശബ്ദമായിരുന്നു. അതിൽ അപാരതയുടെ മുഴക്കമുണ്ടെന്ന് പുതിയൊരു  ശൈലിയിൽ കേൾപ്പിച്ചു തന്നത് ബാബുരാജായിരുന്നു.
*ഭാർഗ്ഗവി നിലയത്തിലെ* _ഏകാന്തതയുടെ അപാരതീരം_ വാക്കിലും സംഗീതത്തിലും ഇത്രയും അഗാധധ്വനികളുള്ള ഒരു സാഗരസംഗീതം വേറേ നമുക്കില്ല. ഉത്തരേന്ത്യൻ രാഗങ്ങളിൽ പടുത്ത തന്റെ
ഗാനസംവിധാനശൈലിയെ ഹിന്ദി ഗായകനും ഗസ്സൽ ചക്രവർത്തിയുമായ
*തലത്ത് മഹമൂദിന്റെ* ശബ്ദംകൊണ്ട് മകുടം ചാർത്തിയത് അതിന്റെ സ്വാഭാവിക പരിണാമമാകാം. തലാത്തിന്റെ തരളമധുരമായ ശൈലിക്കു തീർത്തും യോജിച്ചമട്ടിൽ തീർത്താണ് *രാമു കാര്യാട്ടിന്റെ* _ദ്വീപിലെ _കടലേ നീലക്കടലേ_ എന്ന ഗാനം.  ബാബുരാജിന്റെ അവസാനകാല ഗാനങ്ങളിലൊന്നായിരുന്നു ദ്വീപിലെ നീറുന്ന നൊമ്പരമായി മാറിയ ഈ ഗാനം .
ഭാസക്കരൻ മാഷിന്റെ  ഗീതങ്ങൾക്കായിരുന്നു ബാബുരാജ് കൂടുതലും ഈണമിട്ടത്. സ്വർണ്ണനിറമുള്ള വിഷാദം നിറഞ്ഞ ഗാനങ്ങളുടെ വരികൾക്ക് ബാബുരാജിന്റെ ജീവിതവുമായി  ഒത്തുചേരാനായത്  ഈശ്വര സങ്കല്പം  ഒന്നുകൊണ്ടുമാത്രം.

*ആരുടെ കനക മനോരഥമേറി?*

*കർപൂരനാളമായ് നിങ്ങൾ തൻ മുന്നിൽ കത്തിയെരിഞ്ഞവൾ ഞാൻ*

*ഗാനലോലവീഥികളിൽ വേണുവൂതുമാട്ടിടയൻ*

*പ്രാണസഖീ നിൻ കല്യാണത്തിന് ഞാനൊരു സമ്മാനം നല്കാം*

*മധുരപ്രതീക്ഷതൻ മണിദീപം കൊളുത്തിയ*
തുടങ്ങിയ വരികൾ ബാബുരാജിന്റെ കയ്പേറിയ ജീവിതത്തിന്റെ പ്രതിസ്ഫുരണങ്ങളായിരുന്നു.
അദ്ദേഹത്തിന്റെ  ഇഹലോകജീവിതം വിഷമങ്ങൾ മാത്രം' നിറഞ്ഞതായിരുന്നു. പല കരാറുകളിൽ നിന്നും പറഞ്ഞുറപ്പിച്ചു പ്രതിഫലം ലഭിച്ചിരുന്നില്ല. എന്തെങ്കിലും കിട്ടിയാൽത്തന്നെ സംഗീതവും സദിരും ദർബാറും സൽക്കാരവുമായി നാളുകൾ കടന്നുപോകും. തന്നെ തെരുവിൽ നിന്നെടുത്തു 
കൈപിടിച്ചുകയറ്റിയ കുഞ്ഞുമുഹമ്മദിന്റെ ഇളയ പെങ്ങൾ *ബിച്ചാ* വിനെയാണ് _ജീവിതേശ്വരിയാക്കിയത്_.1978 ൽ മദ്രാസിലെ *പൂനമല്ലി* ജനറൽ ആശുപത്രിയിലാണ്  ആ ഹാർമോണിയപ്പെട്ടിയുടെ പുറകിലിരുന്നുകൊണ്ടുള്ള ശ്രുതിചേർക്കൽ അവസാനിച്ചത്. പിറ്റേന്ന്. കോഴിക്കോട്
കബറടക്കവും നടന്നു.
ധാരാളം വിജയങ്ങൾ നേടിയിട്ടും പൂർണ്ണതയകലെയാണ് എന്നു വിശ്വസിച്ച് അനുസ്യൂതമായി പരിശ്രമം തുടരുമ്പോഴാണ് കലാകാരൻ വളരുന്നത്. ദൈവദത്തമായ സിദ്ധികളും നിലയ്ക്കാത്ത മാനുഷിക പ്രയത്നവും ചേരുമ്പോഴാണ് അവിസ്മരണീയമായ കലാസൃഷ്ടികളുണ്ടാകുന്നത്. മലയാളസിനിമയിലെ അത്ഭുതകരമായ ഒരദ്ധ്യായം വിസ്മയങ്ങളുടെ സ്വരലയങ്ങൾകൊണ്ട് എഴുതിച്ചേർത്ത് ബാബുരാജ് പൊടുന്നനെ കടന്നുപോയി.

*ജീവിതേശ്വരിക്കേകുവാനൊരു പ്രേമലേഖനമെഴുതി.*

*കെ.ബി. ഷാജി. നെടുമങ്ങാട്*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ