Mar_30_1938/ ഈ വി.കൃഷ്ണപിള്ള

*അല്പന് ഐശ്വര്യം വന്നാൽ അർധരാത്രിക്കും കുടപിടിക്കും*

മിക്ക മലയാളികൾക്കും സുപരിചിതമായ ഒരു പഴമൊഴി.
വർഷങ്ങൾക്ക് മുമ്പ്
പത്താംക്ലാസ്സിലെ
മലയാളപാഠപുസ്തകത്തിലെ *അല്പന്മാർ* എന്ന അധ്യായത്തിലെ
*കാച്ചിൽ കൃഷ്ണപിള്ളയെ* പരിചയപ്പെട്ടതും അയാളുടെ പൊങ്ങച്ചങ്ങൾ സരസമായി അധ്യാപകന്മാർ,
പുറമെനിന്നുള്ള ഉദാഹരണങ്ങൾ സഹിതം ക്ലാസ്സ്മുറി ചിരിയരങ്ങാക്കിയതും ചിലരെങ്കിലും ഓർക്കുന്നുണ്ടാവും.

*"ഇന്നലെ ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു.*
*നിന്റെ അച്ഛനെ കണ്ടു.*
*അയാൾ അർദ്ധരാത്രിക്ക്*
*കുട പിടിക്കുന്ന ടൈപ്പാ"!*

1986 ൽ _മോഹൻലാൽ_ എന്ന നടന് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രം,
*ടിപി ബാലഗോപാലൻ എം എ.* അതിലെ മോഹൻലാലിന്റെ ഒരു സംഭാഷണമാണ്.
ശോഭനയുടെ പിതാവായ *ബാലൻ കെ നായർ* ഒരു പൊളിഞ്ഞ് പാളീസായ കരാറുകാരനായിരുന്നു.
വറുതിയും ബുദ്ധിമുട്ടും നിലനിന്നിരുന്ന കാലത്ത്
മോഹൻലാൽ, നായരെ
സഹായിച്ചിരുന്നു.
കോടതിയിൽ നിലവിലിരുന്ന തർക്കം ഇയാൾക്കനുകൂലമായി വിധി വന്നു. സർക്കാർ കൊടുക്കാനുള്ള കരാർപ്പണം
മൊത്തമായി ലഭിച്ച ഈ അല്പൻ വീട്ടിൽ വാങ്ങിക്കൊണ്ട് വരുന്ന ഇലക്ട്രിക് ഉപകരണങ്ങളും, മറ്റും കൈകാര്യം ചെയ്യുന്നതും
വിഡ്ഢിത്തത്തോടെയും വിവരമില്ലായ്മയോടെയും ഓരോന്ന് എഴുന്നള്ളിക്കുന്നതും കണ്ട് ചിരിച്ചിട്ടുണ്ട്.
ശോഭനയെ ലാലിന്
വിവാഹം ചെയ്ത് കൊടുക്കുന്നില്ലെന്ന് മാത്രമല്ല
ലാലിന് പണവും മടക്കിക്കൊടുക്കാൻ ഭാവമില്ല.

*എടോ പ്യൂൺസേ ഇവിടെ വരിക.!*
സംവിധായകൻ _എസ് പ്രിയദർശൻ_ ഒരുക്കിയ ചില ഹാസ്യരംഗങ്ങൾക്കും സംഭാഷണത്തിനും ഈവിയോട് നല്ല കടപ്പാടുണ്ട്.

മിനഞ്ഞാന്ന്  ( *29.03.2020* ) മലയാള ചലച്ചിത്രപ്രേമികളെ കുടുകുടെ ചിരിപ്പിച്ച മകന്റെ
( *അടുർഭാസി*) സ്മരണയിൽ ഒരു നിമിഷം നഷ്ടബോധത്തിലാണ്ടുപോയിരുന്നു. ഇന്നലെയാണ്
(30.03.2020) ആ ഹാസ്യസാമ്രാട്ടിന് ജന്മംനല്കിയ *പിതാവിന്റെ* സ്മരണകൾ തുടിക്കുന്ന
ദിവസം.
വളരെക്കാലമായി കൊണ്ട്
നടന്നിരുന്ന
ഇതിഹാസകാരനായിരിക്കണം
ഇന്നലെ അനുസ്മരണത്തിൽ
വരേണ്ടത് എന്ന് നിശ്ചയിച്ചുറപ്പിച്ചിരുന്നു. ഇതേ ദിനം തന്നെ മനസ്സിൽ നിറഞ്ഞ്
നിന്ന ഈവിയുടെ ഓർമ്മകൾ
ദിവസക്രമത്തിൽ താളം തെറ്റിയതിൽ വിഷമുണ്ട്.
മനസ്സിന് ധന്യതയേകാൻ
ഒരു നിമിത്തം പോലെ
അപ്പുപ്പന്റെയും അച്ഛന്റെയും
മകന്റെയും വിടപറഞ്ഞ
നാളുകൾ മാർച്ചിൽ തന്നെ
വരുകയും ചെയ്തതിൽ
അതിശയവുമുണ്ട്.
പ്രശസ്ത കഥകളി
നടൻ *കോട്ടയ്ക്കൽ*
*കൃഷ്ണകുട്ടിനായരുടെ*
ഓർമ്മദിനവും ഇന്നാണ്.
അദ്ദേഹത്തെക്കുറിച്ച്
ഭാഗികമായി
തയ്യാറാക്കിയ കുറിപ്പ്
ഇനിയൊരിക്കൽ.


*ഇ.വി.കൃഷ്ണപിള്ളയുടെ* *ചിരിയും ചിന്തയും* എന്ന പുസ്തകത്തിലെ രസകരമായ ഒരധ്യായമായ *അല്പന്മാരിലെ* ആദ്യ വാചകമാണ് ലേഖനത്തിന്റെ ആരംഭ ഭാഗത്ത് പറഞ്ഞത്.
മരിച്ചു എന്ന് എല്ലാവരും വിധിയെഴുതിയതായിരുന്നു.
പെറ്റമ്മയടക്കം.
ശിശുവിന്റെ മൃതശരീരത്തെ പാളയിലാക്കി തുണിയിട്ടുമൂടി
ഓട്ടുവിളക്കിന്റെ അടിത്തട്ടിൽ
മണ്ണെണ്ണ ചിമ്മിനി വിളക്ക് കത്തിച്ച് അതിന്
സാക്ഷിയായിരുത്തി  എല്ലാവരും പുറത്തിറങ്ങി.
കുഴിവെട്ടാൻ ആളുപോയി.
അടുത്തുള്ള ഒരമ്മൂമ്മ കുഞ്ഞ് മരിച്ചുപോയ വിവരമറിഞ്ഞു വന്നു. നിലവിളിക്കും ബഹളത്തിനുമിടയിൽ മണ്ണെണ്ണ വിളക്ക് തട്ടി മറിഞ്ഞു.
എണ്ണ പടർന്നു. തീയും.
അമ്മയ്ക്ക് അത് സഹിക്കാനായില്ല.
അരുമക്കുഞ്ഞിന്റെ മൃതദേഹം ഇതാ കത്തിച്ചാമ്പലാവാൻ പോകുന്നു.
തടുക്കാനായി ഓടിയടുത്ത്  ശരീരത്തെ വാരിപ്പുണർന്നപ്പോൾ ഞെട്ടലോടെ അവർ ഒന്നറിഞ്ഞു.
കുഞ്ഞ് മരിച്ചിട്ടില്ല.
മരണത്തിൽ നിന്ന് ആ അമ്മ മകനെ വീണ്ടെടുത്തത് തനിക്ക് വേണ്ടി മാത്രമായിരുന്നില്ല, മലയാള
സാഹിത്യത്തിനാകെയായിരുന്നു.

നടൻ, വാഗ്മി, എഴുത്തുകാരൻ, അഭിഭാഷകൻ, പത്രപ്രവർത്തകൻ,
രാഷ്ടീയനേതാവ്,
ഗാന്ധിശിഷ്യൻ,
എടുത്ത് ചേർക്കാൻ ഇനിയും വിശേഷണങ്ങൾ അനവധിയുണ്ട് ആ വ്യക്തിക്ക്.
നാല്പത്തിനാല് വർഷത്തെ ആയുസ്സുകൊണ്ട് ചെറുകഥയ്ക്കും നാടകത്തിനും ഹാസ്യസാഹിത്യത്തിനും പുത്തൻ മാനങ്ങൾ സമ്മാനിച്ച അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹം.
സാക്ഷാൽ
*ഈവി. കൃഷ്ണപിള്ള.*
ചെറുകഥ, നോവൽ,
നാടകം, ഹാസ്യലേഖനം,
ആത്മകഥ, ബാലസാഹിത്യം
ഇങ്ങനെ അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല.
തൊട്ടതെല്ലാം പൊന്നാക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ മകനാകട്ടെ
ആളുകളെ
അഭിനയിച്ച്
ചിരിപ്പിച്ചു.
*അടൂർ ഭാസി.*

*ആലപ്പുഴ* ജില്ലയിലെ കുന്നത്തുർ ഇഞ്ചക്കാട് പുത്തൻവീട്ടിൽ _കല്യാണിയമ്മയുടെയും_
_പപ്പുപിള്ളയുടെയും_  മകനായി 1894 സെപ്തംബർ 14 ന് കൃഷ്ണപിള്ള ജനിച്ചു.
ചെറുപ്പത്തിൽത്തന്നെ സാഹിത്യത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്ന പിള്ളയുടെ വിദ്യാഭ്യാസം പെരിങ്ങനാട്, വടക്കടത്തുകാവ്, തുമ്പമൺ എന്നീ സ്ഥലങ്ങളിലെ  സ്കൂളുകളിലും ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിലുമായാണ്
നടന്നത്. പരസ്യമായും രഹസ്യമായും സാഹിത്യരചനയിൽ ഏർപ്പെട്ടിരുന്ന കൃഷ്ണപിള്ള ആദ്യമായി എഴുതിയ നോവലാണ് *ശശികല*
ആരോരുമറിയാതെ പ്രഥമസംരഭം മറയുകയും ചെയ്തു. ആറാം ക്ലാസ്സിലായിരുന്നു പിള്ള അപ്പോൾ പഠിച്ചിരുന്നത്.
കൊല്ലത്തെ
*എസ്സ്ടി റെഡ്യാർക്ക്* പുസ്തകം അച്ചടിക്കാമോ എന്നു ചോദിച്ച് കത്തുവരെ അയച്ചു. പക്ഷേ അച്ഛൻ അറിഞ്ഞതോടെ
എഴുത്ത് നിർത്തി.
പിന്നെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ്
ഈവി വീണ്ടും എഴുത്ത് തുടങ്ങിയത്.
*ആത്മപോഷിണി* മാസികയിൽ അച്ചടിച്ച് വന്ന കഥയുടെ പേര് "മറിയാമ്മ"
എന്നായിരുന്നു.
തുടർന്ന് മെട്രിക്കുലേഷൻ പരീക്ഷകഴിഞ്ഞ സമയത്ത്
*ബാലകൃഷ്ണൻ* എന്ന നോവൽ എഴുതി.
കോട്ടയം സിഎംഎസ് കോളേജിലാണ് കൃഷ്ണപിളള
ഇന്റർമീഡിയേറ്റിന് പഠിച്ചത്.
ബിഎ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും.
കോളേജിൽ പഠിക്കുന്ന സമയത്ത് അദ്ദേഹം നോവലിസ്റ്റ്
*സിവി രാമൻപിളളയെ*
കണ്ട്മുട്ടി. ആ ബന്ധം ദൃഢമായി.
1918 ൽ ബിഎ പാസായ
കൃഷ്ണപിള്ള
1919 ൽ സിവിയുടെ ഇളയമകളായ
_മഹേശ്വരിഅമ്മയെ_ വിവാഹം ചെയ്തു. സിവിയുമായുണ്ടായ സൗഹൃദം, അദ്ദേഹത്തിന്റെ സാഹിത്യവാസനയെ കുറച്ചൊന്നുമല്ല പരിപോഷിപ്പിച്ചത്!.

1922 ൽ അദ്ദേഹം *കൽക്കുളത്തെ*
( ഇന്നത്തെ തമിഴ്നാട്ടിലെ
*പത്മനാഭപുരം*)
അസിസ്റ്റന്റ് തഹസീൽദാരുദ്യോഗം രാജിവച്ച് തിരുവനന്തപുരം
ലോ കോളേജിൽ ചേർന്നു.
ബിഎൽ പരീക്ഷ ജയിച്ച പിള്ള,
തിരുവനന്തപുരം ജില്ലാക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.
ഇക്കാലത്തും അതിന് മുമ്പും
ധാരാളം കഥകൾ അദ്ദേഹം ആനുകാലികങ്ങളിലും
പത്രത്തിലുമൊക്കെ
എഴുതിയിരുന്നു.
തിരുവനന്തപുരത്ത് സിവിയുടെ  മേൽനോട്ടത്തിലാരംഭിച്ച *മിതഭാഷി* വാരികയുടെ എല്ലാ ചുമതലയും വഹിച്ചിരുന്നത് ഈവിയാണ്.
അതിന് ശേഷം കൽക്കുളത്തായിരുന്നപ്പോൾ
*കുന്നംകുളത്ത്* നിന്ന് പ്രസിദ്ധീകരിച്ചിരുന്ന
*കഥാകൗമുദിയുടെ*
പത്രാധിപത്യവും
ഈവിക്ക് തന്നെയായിരുന്നു.
സർക്കാരുദ്യോഗസ്ഥനായിരുന്നതിനാൽ ഭാര്യയുടെ പേരിലായിരുന്നുവെന്നു മാത്രം.
1924 ൽ ഈവി പ്രാക്ടീസ്
കൊല്ലത്തേക്ക് മാറ്റി.
അതോടൊപ്പം കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന
*മലയാളി* യുടെ
പത്രാധിപരാകുകയും ചെയ്തു. ഇക്കാലത്ത്
മലയാളരാജ്യത്തിൽ ഈവി
രചിച്ച ഫലിതലേഖനങ്ങൾക്ക്
വായനക്കാർ അനവധിയുണ്ടായി.
*ത്രിലോകസഞ്ചാരി*
എന്ന
തൂലികാനാമത്തിലായിരുന്നു
ഈവി എഴുതിയിരുന്നത്.
മലയാളമനോരമയിൽ
*നേത്രരോഗി* എന്ന പേരിൽ അദ്ദേഹം എഴുതിയിരുന്ന
ഹാസ്യലേഖനങ്ങൾക്കും
ധാരാളം വായനക്കാരുണ്ടായിരുന്നു.
1926 ൽ *കെ ദാമോദരനും*
ഈവിയും കൂടി *സേവിനി* എന്ന മാസിക തുടങ്ങി.

1931 ൽ കൊട്ടാരക്കര-കുന്നത്തൂർ നിയോജകമണ്ഡലത്തിൽ നിന്ന് കൃഷ്ണപിള്ള തിരുവിതാംകൂർ നിയമസഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടു.
ദിവാൻ സർ *സിപി രാമസ്വാമി അയ്യർക്കെതിരായി* നടന്ന പ്രക്ഷോഭണത്തിൽ ഈവി
മുൻനിരയിൽത്തന്നെയുണ്ടായിരുന്നു.
1932 ലെ നിയമസഭാ പരിഷ്ക്കാരങ്ങളുടെ ഫലമായി തിരുവിതാംകൂർ നിയമസഭയ്ക്ക്
_ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ,_
_ശ്രീമൂലം അസംബ്ലി_ എന്നീ രണ്ട് മണ്ഡലങ്ങൾ
നിലവിൽവന്നു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും ഈവി
പത്തനംതിട്ട നിയോജകമണ്ഡലത്തിൽ നിന്നും ജയിക്കുകയുണ്ടായി.
1938 വരെ അദ്ദേഹം നിയമസഭാംഗമായിരുന്നു.
1938 ൽ *തിരുവിതാംകൂർ*
*സ്റ്റേറ്റ് കോൺഗ്രസ്സിന്റെ* പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഈവി രോഗബാധിതനായി.
മാർച്ച് 29 ന് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ അദ്ദേഹം 30 ന് രാവിലെ നിര്യാതനായി.

നോവലുകൾ, ചെറുകഥകൾ,
പ്രഹസനങ്ങൾ ഇങ്ങനെ
കൈകാര്യം ചെയ്ത വിഷയങ്ങൾ നിരവധി.
രചിച്ച പുസ്തകങ്ങൾ അനവധി.
മലയാളത്തിലെ ആദ്യത്തെ ആത്മകഥകളിൽ
മികച്ചതാണ് അദ്ദേഹത്തിന്റെ
*ജീവിതസ്മരണകൾ.*
മലയാള ചെറുകഥയ്ക്കും
നാടകത്തിനും നവോത്ഥാനം നല്കിയതും ഈവിയാണ്.

മഹേശ്വരിയമ്മയിൽ
ഈവിയ്ക്ക് പിറന്ന ഏഴ്  മക്കളിൽ പുത്രന്മാരായ
രാമചന്ദ്രൻനായർ *(ചന്ദ്രാജി)* ഭാസ്ക്കരൻനായർ
*(അടൂർ ഭാസി)* പ്രശസ്തരായ അഭിനേതാക്കളും
പത്മനാഭൻനായർ *(പമ്മൻ)* പത്രപ്രവർത്തകനും ജനപ്രിയ
കാർട്ടൂണായ
*കുഞ്ചുക്കുറുപ്പിന്റെ*
കർത്താവുമാണ്.
രണ്ട് പെൺമക്കൾ
ഓമനഅമ്മ, രാജലക്ഷ്മിഅമ്മ ( സീരിയൽ നടൻ ഹരികുമാറിന്റെ മാതാവ്)
ഇവർക്ക് താഴെ രണ്ട് പുത്രന്മാൻകൂടി ജനിച്ചിട്ടുണ്ട്.
സിവിയുടെ പ്രശസ്ത നോവൽ
*രാമരാജബഹാദൂർ*
ഭൂരിഭാഗവും പകർത്തെഴുത്ത്
ഈവിയായിരുന്നു നിർവ്വഹിച്ചത്.

നൈസർഗികമായ വാസന കൊണ്ട് അനുഗൃഹീതനായ
ഈവി *കുഞ്ചൻനമ്പ്യാർക്ക്*
ശേഷം മലയാള ഹാസസാഹിത്യത്തിന്
ലഭിച്ച സാഹിത്യകാരന്മാരിൽ
*സഞ്ജയനൊപ്പം*
നിൽക്കുന്നു.
എല്ലാത്തരത്തിലുള്ള വായനക്കാരെയും ഒരു പോലെ രസിപ്പിക്കാൻ കഴിയുന്ന രചനാശൈലിയാണ്
ഈവിയുടേത്.
ആ ഭാഷ കൊണ്ട്
സാമൂഹിക ജീവിതത്തിലെ വൈകൃതങ്ങളെ അദ്ദേഹം എടുത്ത് കാട്ടി പരിഹസിക്കുകയും
അതിന് കാരണക്കായവരെ
തിരഞ്ഞ് പിടിച്ച് തൊലിയുരിക്കുകയും
ചെയ്തു.
കണിയാന്മാർ, വിവാഹദല്ലാളന്മാർ,
കൊച്ചമ്മമാർ,
പത്രാധിപന്മാർ.
വിരുന്നുകാർ തുടങ്ങിയവരെയൊക്കെ
അദ്ദേഹം തന്മയത്വത്തോടെ
അവതരിപ്പിച്ചു.
ആ ഫലിതത്തിൽ കൃത്രിമത്തം
ഒട്ടുമില്ലായിരുന്നു.
സാഹിത്യത്തിലെ പുതിയ പ്രവണതകളുടെ
പ്രോത്ഘാടകനായ അദ്ദേഹം
പുതിയ തലമുറയ്ക്ക്
ഒരു മാർഗദർശിയായിരുന്നു.
ജീവിതം തന്നെ ഒരർത്ഥത്തിൽ
ഫലിതമായിരുന്നു
അദ്ദേഹത്തിന്.
പ്രതിഭാധനനായ ഈവി
ഹൃദയാവർജ്ജകമായിട്ടാണ്
കുട്ടികളുടെ മനോവ്യാപാരങ്ങളുമായി
ഇണങ്ങിച്ചേർന്നിരുന്നത്.

*കെ.ബി. ഷാജി. നെടുമങ്ങാട്‌.*
9947025309.

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള