Mar_29_1990/ അടൂർ ഭാസി

*"മുറ്റി വളരുമെൻ സ്വത്തിന് പാരിൽ,*
*കെട്ടും പൂട്ടും വേണ്ടല്ലൊ?.*
*സ്വപ്നങ്ങളെൻ സമ്പാദ്യം.*
*അവ സ്വർഗ്ഗത്തിൻ ബാങ്കിൽ കിടക്കുന്നു".*


*കാലശേഷമെൻ വിൽപ്പത്രം തുറന്നാൽ,*
*മാലോകർക്കെല്ലാം അവകാശം.!*

*"എന്റെ വീടിന് ചുമരുകളില്ല."*

ഇത്തരമൊരു ഗാനം
*പി ഭാസ്ക്കരൻ* 1973 ൽ രചിച്ചത് ഭാസിക്ക് വേണ്ടി മാത്രമായിരുന്നു.
സാക്ഷാൽ *അടൂർഭാസിക്ക്*

1973 ൽ *വീണ്ടും പ്രഭാതം* എന്ന ചിത്രത്തിനായി
*ദക്ഷിണാമൂർത്തി* സംഗീതം നല്കി _ശശിധരൻ_ ആലപിച്ച  ഗാനത്തിലെ ചില വരികളാണ് മേലുദ്ധരിച്ചത്.

ഡൽഹിയിൽ നിന്ന് കേരളത്തിലെത്തുന്ന _സി.ഐ.ഡി നസീറിനെ_ സഹായിക്കാൻ
_സി.ഐ.ഡി ഭാസിയും_ ഉടനെ പുറപ്പെടുന്നതാണെന്ന സിനിമാ സംഭാഷണം തിയേറ്ററുകളിൽ മുഴങ്ങുമ്പോഴുണ്ടാകുന്ന കരഘോഷത്തെക്കാളുപരിയൊരു വിസ്മയം ഇല്ലായെന്നു ഇന്നും വിശ്വസിക്കുന്നയാളാണ്
ഈ ലേഖന കർത്താവ്.

കണ്ണീർക്കഥകളും ദുഖപുത്രിമാരും മലയാള സിനിമ ഭരിച്ചിരുന്ന കാലത്ത്  ഒരു മുഖം സ്ക്രീനിൽ തെളിയുമ്പോൾ പ്രേക്ഷകർ പൊട്ടിച്ചിരിക്കമായിരുന്നു. നിറഞ്ഞ ചിരിയോടെ തിയേറ്റർ വിട്ടിറങ്ങുന്ന അവരുടെ ഉള്ളിൽ നിന്ന് അടുത്ത തലമുറകളിലേക്കും
ആ ചിരി പടർന്നു. മലയാള സിനിമയിൽ ഹാസ്യത്തിന് പര്യായമായിരുന്നു *അടൂർഭാസി.*

1989  ജനുവരിയിൽ *പ്രേംനസീർ* യാത്രയായതോടെ   മനസുകൊണ്ട് മൃതനായ ഭാസിയും 1990 മാർച്ച് 29 ന് _തിരുവനന്തപുരത്ത്_ അന്ത്യയാത്ര പറഞ്ഞു.

ആദ്യകാലത്ത് മിക്ക
അനുഗൃഹീത നടന്മാർക്കും വന്നുപെട്ട ദുര്യോഗം തന്നെയായിരുന്നു വാസ്തവത്തിൽ അടൂർഭാസിയേയും ഗ്രസിച്ചത്.
വാർപ്പ് മാതൃകയിലുള്ള കുറേയേറെ കഥാപാത്രങ്ങൾ.
ഒരു സിനിമയിൽ ഹാസ്യവേഷത്തിൽ വിജയിച്ചത്കൊണ്ട്  ജീവിതാന്ത്യംവരെ ഹാസ്യകഥാപാത്രങ്ങൾ മാത്രം ആടിത്തീർക്കാൻ വിധിക്കപ്പെട്ട നടൻ.
പക്ഷേ ഈ ആവർത്തനങ്ങൾക്കിടയിലും സ്വതസിദ്ധമായ അഭിനയ നൈപുണ്യവും നർമ്മബോധവും
ഭാവനാവിലാസവും കൊണ്ട്  കഥാപാത്രങ്ങളെ ഒന്നിനൊന്ന് വ്യത്യസ്തവും ഓർമ്മയിൽ നിൽക്കുന്നതുമാക്കാൻ
ഭാസിക്ക് കഴിഞ്ഞു.
അതിന് കാരണം അദ്ദേഹം പിൻപറ്റിയ പൈതൃകമാണ്.
ഹാസ്യം ജന്മസിദ്ധമായിരുന്നു കെ.ഭാസ്ക്കരൻനായർ എന്ന അടൂർഭാസിക്ക്.
മലയാളഹാസ്യസാഹിത്യ രംഗത്തെ കുലപതി  *ഇവി.കൃഷ്ണപിള്ളയുടെ* മകനും പ്രഹസനക്കാരനും നോവലിസ്റ്റുമായ
*സിവി രാമൻപിള്ളയുടെ* പൗത്രനുമായ ഭാസി അങ്ങനെയല്ലാതെ വരാൻ വഴിയില്ലല്ലോ?!.

1927 ൽ *പത്തനംതിട്ട* ജില്ലയിലെ *അടൂരിലാണ്* ഭാസി ജനിച്ചത്. _സിവിയുടെ_ പുത്രി _മഹേശ്വരിയമ്മയാണ്_ മാതാവ്. അച്ഛനോടൊപ്പം തിരുവനന്തപുരത്ത് ചേക്കേറിയ ഭാസി
*എംജി കോളേജിൽ* നിന്ന് ബിരുദം നേടിയശേഷം
ടെക്‌സ്റ്റൈൽ ടെക്നോളജിയിൽ ഡിപ്ലോമ കരസ്ഥമാക്കി.
കുറച്ചുകാലം *മധുരയിൽ* ജോലി നോക്കിയശേഷം _തിരുവനന്തപുരം_ *ആകാശവാണി* ജീവനക്കാരനായി.
അതാണ് ഭാസിയുടെ കലാജീവിതത്തിലെ വഴിത്തിരിവ്.
അവിടത്തെ ജീവിതത്തിനിടെ  അമ്പതുകളിൽ തിരുവനന്തപുരത്തെ സാഹിത്യ സാംസ്ക്കാരിക വേദികളിൽ അദ്ദേഹം സജീവമായി.
*കൈനിക്കര സഹോദരന്മാർ*
*ടിഎൻ ഗോപിനാഥൻനായർ,*
*നാഗവള്ളി,* *ജഗതി,*
*വീരരാഘവൻനായർ*
തുടങ്ങിയ പ്രതിഭാധനർ ആകാശവാണിയിൽ
നിറഞ്ഞകാലം.
അവർക്കൊപ്പം ഒട്ടേറെ നാടകങ്ങൾക്ക് ഭാസി ശബ്ദം നല്കി. ഹാസ്യ രൂപകങ്ങൾ
നിർമ്മിച്ചു. തലസ്ഥാനത്തെ നാടകവേദികളിലും ശ്രദ്ധിക്കപ്പെട്ടു.
അതിനിടയിൽ രാഷ്ട്രീയം തലയ്ക്ക് പിടിച്ച്
ആർഎസ്പിയിൽ ചേർന്ന്
നഗരസഭാംഗമായി.
അതിനോടകം സിനിമ അദ്ദേഹത്തിന്റെ
മോഹമായിക്കഴിഞ്ഞിരുന്നു.

1953 ൽ
*പിആർഎസ് പിള്ള* സംവിധാനം ചെയ്ത *തിരമാല* എന്ന സിനിമയിലൂടെയാണ് _ഭാസ്ക്കരൻനായർ_ എന്ന അമച്വർ നാടകനടൻ
""അടൂർഭാസി"" എന്ന സിനിമാനടനാകുന്നത്.
തുടർന്ന് ഒരു നീണ്ട ഇടവേളയായിരുന്നു സിനിമാഭിനയത്തിന്.
1963 ൽ *രാമുകാര്യാട്ടിന്റെ*
_"മുടിയനായപുത്രൻ"_ എന്ന ചിത്രത്തിലൂടെയാണ് ഭാസി സജീവമായ സിനിമാഭിനയമാരംഭിക്കുന്നത്.
അന്നുമുതൽ മരണം വരെ അറുന്നൂറിലധികം സിനിമകൾ.
ചിരിയുടെ പുതുയുഗം സൃഷ്ടിക്കുകയായിരുന്നു അടൂർഭാസി.

*തോട്ടിൻകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും*
*കൃഷിക്കാർക്ക് കൃഷി ഭൂമി,*
*പണക്കാർക്ക് മരുഭൂമി,*
*എൻജിഒ മാർക്കെല്ലാം ഇന്നത്തെ ശമ്പളം നാല് നാലിരട്ടി.*

*മുട്ടത്തുവർക്കിയുടെ* കഥയെ അടിസ്ഥാനമാക്കി _"സേതുമാധവൻ"_ സംവിധാനം ചെയ്ത
*സ്ഥാനാർത്ഥി സാറാമ്മ*
സിനിമയിലെ
_സാറാമ്മയ്ക്കും_ _ജോണിക്കുട്ടിക്കും_ പാട്ടുപാടി പ്രചരണം നടത്തുന്ന _കുറുപ്പ്_ എന്ന കഥാപാത്രത്തിന്റെ വിക്രിയകളും വിഢിത്തങ്ങളും ഇന്നും മനസിലുണ്ട്.
*ലോട്ടറിടിക്കറ്റ്* സിനിമയിലെ
""വരുവിൻ നിങ്ങൾ വരുവിൻ"" ""മായമില്ല മന്ത്രമില്ല ജാലവുമില്ല""
""ഒരു രൂപ നോട്ടു കൊടുത്താൽ......""
*ആഭിജാത്യത്തിലെ*
""തള്ള് തള്ള് തള്ള് തള്ള്
പന്നാസ്സ് വണ്ടി""
*അമൃതവാഹിനിയിലെ*
""അങ്ങാടി മരുന്നുകൾ ഞാൻ
ചൊല്ലിത്തരാം ഓരോന്നായി""
*മയിലാടുംകുന്നിലെ*
""പാപ്പീ അപ്പച്ചാ
അപ്പച്ചനോടോ അമ്മച്ചിയോടോ
പാപ്പിക്ക് സ്നേഹം?""
*ഭരതൻ* സംവിധാനം ചെയ്ത
*ഗുരുവായൂർ കേശവനിലെ*
""ധിം തനക്ക കൊടുമല ഗണപതി
ധിം തനക്ക കോട്ടയ്ക്കൽ ഗണപതി""
മുതലായ ഗാനങ്ങൾ ഭാസി പാടിയഭിനയിച്ച രംഗങ്ങളാണ്.

സിനിമയിൽ അഭിനയത്തിനും ഹാസ്യാവതരണത്തിനും മുൻ മാതൃകളൊന്നുമില്ലാതിരുന്ന കാലമായിരുന്നു അത്. അപൂർവ്വം ഹിന്ദിച്ചിത്രങ്ങളും കുറച്ച് തമിഴ് ചിത്രങ്ങളുമാണ് നടന്മാർക്കും ചലച്ചിത്ര പ്രവർത്തകർക്കും അന്ന് മാതൃകയായി മുന്നിലുണ്ടായിരുന്നത്.
ഇംഗ്ലീഷ് ചിത്രങ്ങളൊക്കെ അന്ന് കേരളത്തിലെത്തുക വിരളമാണ്.
സിനിമയിലെ ഹാസ്വാദിനയത്തിന് തന്റെതായ ഒരു ശൈലി കെട്ടിപ്പടുക്കാനും വെട്ടിത്തെളിക്കാനുമായി എന്നതാണ് അടൂർഭാസി എന്ന നടന്റെ ചരിത്രപരമായ പ്രസക്തി.

അദ്ദേഹത്തിന്റെ അഭിനയത്തെ
അടുക്കള ഹാസ്യമെന്നും കുടവയറിളക്കിച്ചിരി എന്നും മറ്റും ആക്ഷേപിച്ച് നിരൂപകർ വിമർശിച്ചിട്ടുണ്ട്.
അന്നൊക്കെ പ്രധാന കഥയ്ക്ക് സമാന്തരമായി ഹാസ്യകഥയും പറഞ്ഞുപോകുന്ന
കഥന രീതിയായിരുന്നു സിനിമയിലുള്ളത്.
നായികാനായകന്മാരുടെ വീട്ടുവേലക്കാരനോ,
ഡ്രൈവറോ, തോട്ടക്കാരനോ ആയ വിഡ്ഢി കഥാപാത്രം. അതേപോലെയുളള ഒരു വിഡ്ഢി സ്ത്രീ കഥാപാത്രം.
അവർ തമ്മിലുളള പ്രേമം.
അതിൽ വില്ലനായി വരുന്ന മറ്റൊരു ഹാസ്യ കഥാപാത്രം.
ഇങ്ങനെ പമ്പരവിഡ്ഢിത്തങ്ങളുടെ സമാന്തര ട്രാക്കിലൂടെയാണ് ചിരിപ്പിക്കൽ എന്ന കർമ്മമനുഷ്ഠിച്ചിരുന്നത്.
മിക്ക ചിത്രങ്ങങ്ങളിലും
ഭാതൃനിർവിശേഷമായ സ്നേഹവും വാത്സല്യവും എക്കാലവും പരസ്പരം പുലർത്തിപ്പോന്ന  *പ്രംനസീറിന്റെ*
ഉറ്റതോഴനോ ബന്ധുവോ വേലക്കാരനോ ഒക്കെയായിരുന്നു _ഭാസി._

പലപ്പോഴും പലതിരക്കഥാകൃത്തുക്കളും
വികാരം മുറ്റിനില്ക്കുന്ന രംഗങ്ങൾക്കിടയിൽ അല്പം സാന്ത്വനത്തിനായി തിരുകിക്കയറുന്ന ഹാസ്യരംഗങ്ങളുടെ സ്ഥാനത്ത്
*ഭാസി-- ബഹദൂർ*  എന്നു മാത്രം എഴുതിവിടുമായിരുന്നത്രേ.!
ഈ ഭാഗങ്ങളിലെ സന്ദർഭങ്ങളും അബദ്ധങ്ങളുമൊക്കെ തയ്യാറാക്കി
സംഭാഷണങ്ങൾവരെ എഴുതുന്നതും അവതരിപ്പിക്കുന്നതും ഭാസിയും ബഹദൂറും ചേർന്നായിരുന്നു.
അവരുടെ സഖ്യം അങ്ങനെ മലയാള സിനിമയിൽ ശക്തമായ സാന്നിദ്ധ്യമായി മാറി. _ശ്രീലത_, *സുകുമാരി,* *അടൂർ പങ്കജം* തുടങ്ങിയവരാണ് ഭാസിയോടൊപ്പം ഹാസ്യവേഷങ്ങളിൽ പങ്കാളികളായത്.

അഭിനയ ജീവിതത്തിന്റെ രണ്ടാം പകുതിയിലാണ് അദ്ദേഹത്തിലെ യഥാർത്ഥ അഭിനേതാവിന് മറ നീക്കി പുറത്തുവരാൻ അവസരം ലഭിച്ചത്.
*ജോൺ എബ്രഹാമിന്റെ*
""ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ""
എന്ന ചിത്രത്തിലെ _ചെറിയാച്ചൻ_ എന്ന നായകവേഷത്തിലൂടെ ഗൗരവമുളള നടനാണെന്ന് തെളിയിക്കാൻ കഴിഞ്ഞു.
1974 ൽ *പമ്മന്റെ*
_"ചട്ടക്കാരി"_ എന്ന ചിത്രത്തിലെ
 ട്രെയിൻ ഡ്രൈവർ,
1979 ൽ _ചെറിയാച്ചന്റെ_ അവതരണത്തിനും ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി.
വില്ലൻ വേഷങ്ങളും മികച്ച അഭിനയം കാഴ്ചവച്ച ചിത്രങ്ങളും ആ കാലഘട്ടത്തിൽ പുറത്തുവന്നു.

1977 ൽ _കമലഹാസൻ_ നായകനായ *ആദ്യപാഠം*
1978 ൽ *രഘുവംശം*
1979 ൽ _ഷീല_ ഇരട്ടവേഷത്തിൽ അഭിനയിച്ച _ഉദയായുടെ_
*അച്ചാരം അമ്മിണി ഓശാരം ഓമന* മുതലായ ചിത്രങ്ങൾ _ഭാസി_ സംവിധാനം ചെയ്തു.
*അരനാഴികനേരം*
*ഇതാ ഒരു മനുഷ്യൻ,*
*കരിമ്പന* തുടങ്ങിയ ചിത്രങ്ങളിലെ നെഗറ്റീവ് റോളുകൾ ഭാസി  ഒരിക്കലും ചെയ്യരുതേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്.

*ആക്കനി പാൽക്കനി*
*തട്ടിപ്പറിച്ചെടുത്തമ്മാനമാടുന്നതാര്.?*

*നിക്കാഹ് കഴിക്കും നിൻ സുൽത്താൻ,*
*നിക്കാഹ് കഴിക്കും നിൻ സുൽത്താൻ.*

അടുർഭാസിയും ശ്രീലതാ നമ്പൂതിരിയും ചേർന്ന്
പഴയ കാല ചിത്രങ്ങളിൽ
ചെയ്ത് തീർത്ത
ഹാസ്യരംഗങ്ങൾ ഒരു പ്രത്യേകാവേശം തന്നെ സൃഷ്ടിച്ചിരുന്നു.
*വിലക്കപ്പെട്ട ബന്ധങ്ങൾ*
എന്ന ചിത്രത്തിലെ
ഏകനായ വാടകക്കാരനായി
ശ്രീലതയുടെ വീടിനോട് ചേർന്ന് താമസിക്കുന്നതും
( സമമായ മുറികൾ)
കാമുകിയായ ലതയുടെ മുറിയിലേക്ക് വട്ടത്തിൽ
ഒരു ദ്വാരം സൃഷ്ടിച്ച്
ആരും അറിയാതിരിക്കാൻ
ഒരു കലണ്ടർ കൊണ്ട് മറയ്ക്കുന്നതും
ലതയുടെ അമ്മ ടിആർ ഓമന
ഉറക്കമായാൽ
കലണ്ടർ മാറ്റുകയും
രഹസ്യ കാമുകിക്ക് മധുര പലഹാരങ്ങൾ ഭാസി
കൊടുക്കുന്നതും
തള്ളയെ വകവരുത്തി
സംബന്ധം ചെയ്യാനുള്ള
തന്ത്രങ്ങൾ പറഞ്ഞ് കൊടുക്കുന്നതിലെ
വാക്ചാതുര്യവും പ്രാസവും
ഒക്കെ സ്വന്തം ഭാവനയാണെന്ന് പറയാതെ തന്നെ ബോധ്യമാകും.
ഒടുവിൽ
*കല്യാണപ്പന്തലിൽ ഭാസിയെക്കണ്ടാൽ*
*നിങ്ങളെത്തള്ളി ഞാൻ*
*ഭാസിയെക്കെട്ടും.....*
എന്നുവരെ ലതയെക്കൊണ്ട്
പറയിപ്പിച്ചു ഭാസി.
പഴയ ചലച്ചിത്രങ്ങളിൽ
സംഘട്ടന രംഗങ്ങളിൽ
നായകൻ സർവ്വ ശക്തിയുപയോഗിച്ച്
പോരാടുമ്പോൾ
ഭാസിയുടെ കഥാപാത്രം
ദേഹം വിയർക്കാതെ
പൊണ്ണത്തടിയന്മാരെ
സൂത്രവിദ്യകളും ചുളിവും
കാട്ടി നിലം പരിശാക്കുന്നത് കാണാം.
_ഹലോ ഡാർലിംഗ്._
_സിഐഡി നസീർ_ മുതലായവ
ചില ദൃഷ്ടാന്തങ്ങൾ.

*വില്ല് കെട്ടിയ കടുക്കനിട്ടൊരു*
*വലിയമ്മാവൻ,*
*തലയിൽ വെള്ളിരോമക്കുടുമ*
*വച്ചൊരു വലിയമ്മാവൻ.*

ജീവിതത്തിന്റെ സായാഹ്നങ്ങളിൽ,
ഒരു വിവാഹജീവിതം  അന്യമായിപ്പോയതിൽ മനസ്സ് തുറന്നു വിഷമിച്ചിരുന്നു.
നേരമ്പോക്കുകാരന് ജീവിതവും നേരമ്പോക്കായി ഭവിച്ചത്രേ!.
ഉറ്റ തോഴനായ
*വീരരാഘവൻനായരുമായി* പെണ്ണ്കാണാൻ പോയതും കുട്ടിയുടെ അമ്മയെക്കണ്ടതും സ്ഥലം വിട്ടതും  അനുസ്മരിച്ചിട്ടുണ്ട്.
കുട്ടിയുടെ അമ്മ തന്നോടൊപ്പം സഹപാഠിയായിരുന്ന കാര്യം
പെൺവീട്ടിൽ നിന്നും
ഏറെ ദൂരം സഞ്ചരിച്ചകന്നതിന്
ശേഷമാണ് വീരനോട് പറഞ്ഞത്.

*സാമ്യമകനോരുദ്യാനം*
*എത്രയുമാഭിരാമ്യമിതിനുണ്ടത് നൂനം.*

_തിരുവനന്തപുരം ദൂരദർശൻ,_
1989 ൽ പ്രേക്ഷകർക്കിഷ്ടപ്പെടുന്ന
ഒരു പരമ്പര
ആരംഭിച്ചു.
*വിടരുന്ന ഓർമ്മകൾ.*
ആദ്യം ഓർമ്മകൾ പങ്ക് വച്ചത്
പ്രേംനസീറായിരുന്നു.
രണ്ടാമൻ ഭാസിയും.
ഒരു പൂന്തോട്ടത്തിന് നടുവിലുള്ള തുറന്ന സ്ഥലത്തായിരുന്നു
ഭാസിയും ചോദ്യകർത്താവും
ഉപവിഷ്ടരായിരുന്നത്.
മേല്പറഞ്ഞ കഥകളിപ്പദം
ഒരു കഥകളി ഗായകൻ
പാടുന്നത് പോലെ ഇംഗ്ലീഷിൽ പാടിക്കൊണ്ടാണ്
ഭാസിയുടെ മറുപടി വന്നത്.
*നളചരിതം* ആട്ടക്കഥയിലെ  സൗന്ദര്യം തുളുമ്പുന്ന പദങ്ങൾ ആംഗലേയത്തിൽ പരിഭാഷപ്പെടുത്തി അതിഥിയായി വരുന്നവരെ അതേരാഗത്തിൽ ആടിപ്പാടി രസിപ്പിക്കുമായിരുന്നു.
*അധ്യാത്മരാമായണത്തിലെ*  ശ്ലോകങ്ങൾ മിക്കതും കാണാപ്പാടം.
ചലച്ചിത്രങ്ങളിൽ സ്വന്തം ഇഷ്ടപ്രകാരം വേണ്ടിടത്തു
രാമായണശീലുകൾ
ഈണത്തിൽ പാരായണം ചെയ്തിട്ടുണ്ട്,
കഥാനായകന്റെ *അപ്പൂപ്പന്റെ*
കഥകളിക്കമ്പം അതേപടി
ലഭിച്ചിരുന്നു.
ലോകപ്രശസ്തരായ
നടന്മാർ അരങ്ങ് തകർത്താടിയിരുന്ന
തിരുവനന്തപുരത്തെ
ചില അരങ്ങുകളിൽ വേദിയിലെ മുൻനിരയിൽ
ഭാസിസാറിനെ കണ്ടിട്ടുണ്ട്.

മിമിക്രി എന്ന കലയെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വേദികളിൽ പറഞ്ഞവതരിപ്പിക്കുകയും ചെയ്തുവരുന്ന മികച്ച കലാകാരന്മാർക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത നടന്മാരിൽ ഒരാളാണ് "ഭാസി."
ശബ്ദത്തെ കണ്ഠനാളത്തിലൂടെ ഉളളിലേക്ക് വിഴുങ്ങുന്ന പ്രയോഗം അനുകരിക്കാൻ അസാദ്ധ്യം.

ചന്ദ്രശേഖരൻ നായർ എന്ന *ചന്ദ്രാജി*(1988 ലെ *ചിത്രം* എന്ന സിനിമയിലെ മൂപ്പൻവേഷം) ജ്യേഷ്ഠനും _പത്മനാഭൻനായർ_ എന്ന *പത്മൻ* അനുജനുമാണ്.
നാടക, ടിവി നടൻ _ഹരികുമാർ_ അനന്തിരവനുമാണ്.
*രാജവീഥി* എന്ന പേരിൽ അനുഭവങ്ങളെ പുസ്തകമാക്കിയിട്ടുണ്ട്.

കടുത്ത പ്രമേഹവും വൃക്കകൾ തകരാറിലായതും ജീവിതത്തിൽ നിന്ന് പിന്മാറാനുള്ള അടയാളങ്ങളായി അദ്ദേഹം ചിന്തിച്ചു.
1990 ൽ _തിരുവനന്തപുരത്ത്_ ആ പൊട്ടിച്ചിരി നിലച്ചു.
""സ്വർഗത്തിൻ ബാങ്കിലെ സ്വപ്നങ്ങളായ സമ്പാദ്യം പിൻവലിക്കാനുള്ള
അനന്തയാത്ര.""

*കെ.ബി. ഷാജി. നെടുമങ്ങാട്.*.
9947025309.

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ