Mar_28_1916/ കെ.രാമകൃഷ്ണപിള്ള

*"ഭീഷണിക്കും പ്രലോഭനങ്ങൾക്കും* *വഴങ്ങാതെ പത്രപ്രവർത്തനം നടത്താൻ നിനക്കാകുമോ"??.*

*"മുഖം നോക്കാതെ മുഖപ്രസംഗമെഴുതാൻ നിനക്ക് കഴിയുമോ"??.*

1986 ൽ _
ഗൃഹലക്ഷ്മി ഫിലിംസ്_
*ടി ദാമോദരന്റെ* തിരക്കഥയിൽ *ഐവി ശശി* സംവിധാനം ചെയ്ത *വാർത്ത* എന്നൊരു ചിത്രം റിലീസ് ചെയ്തു.
ചിത്രമാരംഭിക്കുന്നതിന് മുന്നോടിയായി
"Our Sincere Thanks to"
_"ശ്രീ എം.ഡി നാലാപ്പാട്"_
എന്നൊരു ടൈറ്റിൽ കാണാനിടയായി.
1984 മുതൽ _മാതൃഭൂമി_ പത്രത്തിന്റെ
മുഖ്യപത്രാധിപരായിരുന്ന "നാലാപ്പാട്, സാഹിത്യകാരി *കമലസുരയ്യയുടെ* പുത്രനാണ്.

ചിത്രത്തിൽ "കേരളഭൂമി" പത്രത്തിന്റെ എഡിറ്റർ സ്ഥാനത്ത് അവരോധിതനായ ""മാധവൻകുട്ടി"" (മമ്മൂട്ടി)
എന്നകഥാപാത്രം മുത്തച്ഛന്റെ
(തിക്കുറിശ്ശി) അനുഗ്രഹത്തിനായി വന്നപ്പോൾ ചോദിച്ചതാണ്
മേല്പറഞ്ഞ സംഭാഷണം.

1910  സെപ്തംബർ 26.
അർദ്ധരാത്രി.
*തിരുവനന്തപുരത്ത്* _പാളയത്ത്_ നിന്ന് ഒരു ജഡ്ക്ക വണ്ടി തെക്കോട്ട് നീങ്ങുകയാണ്.
"ബി. ഗോവിന്ദപ്പിള്ള",
"പിച്ചു അയ്യങ്കാർ" എന്നീ പോലീസ് ഇൻസ്പക്ടർമാർ ആ വണ്ടിയിലുണ്ട്.
ഒപ്പം യുവാവായ ഒരു തടവുകാരനും.
*നെയ്യാറ്റിൻകരയിൽ* എത്തിയപ്പോൾ അവർ ജഡ്ക്ക മാറ്റി ഒരു കാളവണ്ടിയിൽകയറി.
പിറ്റേന്ന് രാത്രി രണ്ട് മണിയോടെ ആ സംഘം  *തിരുവിതാംകൂറിന്റെ*  അതിർത്തിയായ  *ആരുവാമൊഴിയിലെത്തി.*
ചുരത്തിനപ്പുറം _തമിഴ്നാടാണ്_.
_ബ്രിട്ടീഷ്സർക്കാരിന്റെ_ പ്രദേശം.
*ആരുവാമൊഴി* കോട്ടവാതിലിൽ
ആ തടവുകാരനെ ഇറക്കിവിട്ട് വ്യസനത്തോടെ പോലീസുകാർ പിൻവാങ്ങി.
തടവുകാരൻ സ്വതന്ത്രനായി. ജന്മനാടിന്റെ മണ്ണ് വിട്ട്
അന്യദേശത്തേക്ക് കടന്നു.
ഇനി അയാൾക്ക്
തിരിച്ചുവരാനാവില്ല.
അയാൾ
നാടുകടത്തപ്പെട്ടിരിക്കുകയാണ്.
നിർഭയത്വം, ധീരത, തലകുനിക്കാത്ത പൗരുഷം, അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള
വിട്ട് വീഴ്ചയില്ലായ്മ എന്നീ ഗുണങ്ങളും അയാളോടൊപ്പം നാട് കടന്നു.
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള* എന്ന പേരിൽ ചരിത്രത്തിൽ നിറഞ്ഞുനില്ക്കുന്ന *പത്രാധിപർ*

തിരുവിതാംകൂർ മഹാരാജാവിന്റെ രാജകീയ വിളംബരം ഇങ്ങനെ പ്രഖ്യാപിച്ചു.
_തിരുവനന്തപുരത്ത്_  നിന്നും പ്രസിദ്ധം ചെയ്യുന്ന *സ്വദേശാഭിമാനി* എന്ന പത്രത്തെ അമർച്ച ചെയ്യുന്നതും മാനേജിങ്ങ് പ്രൊപ്പൈറ്ററും എഡിറ്ററുമായ *കെ. രാമകൃഷ്ണപിള്ളയെ*  നമ്മുടെ നാട്ടിൽനിന്നും നീക്കം ചെയ്യുന്നതുമാകുന്നു.

*രാമകൃഷ്ണപിള്ള* എന്ന ധീരനായ പത്രാധിപർ വിടപറഞ്ഞതിന്റെ നൂറ്റിയഞ്ചാം ശ്രദ്ധാഞ്ജലിദിനവാർഷികമാണിന്ന്.
1916 മാർച്ച് 28 ന്  *കണ്ണൂരിൽ,* കടുത്ത ക്ഷയരോഗത്താൽ മുപ്പത്തിയെട്ടാം വയസ്സിലാണ്
അദ്ദേഹം യാത്രയായത്.

പഴയ പത്താംക്ലാസ്സ് മലയാള പുസ്തകത്തിലെ മൂന്നാമധ്യായമായ *പത്രധർമ്മം* എന്നൊരു ചെറുലേഖനം പഠിക്കാത്തവർ കുറവായിരിക്കും.
ഒരു പത്രപ്രവർത്തകൻ ആചരിക്കാനുള്ള നിഷ്ഠകൾ, ശീലങ്ങൾ, ധർമ്മങ്ങൾ, ആചാരങ്ങൾ, മര്യാദകൾ, മുതലായ കാര്യങ്ങൾ
പ്രതിപാദിക്കുന്ന  ചെറുലേഖനം അദ്ദേഹത്തിന്റെ വിലപ്പെട്ട ഗ്രന്ഥമായ  *വൃത്താന്തപത്രപ്രവർത്തനത്തിലെ* ഒരു ഭാഗമാണ്.

_ആരുവായ്മൊഴിയിൽ_  ഇറക്കിവിടട്ടപ്പെട്ട പിള്ള നേരേ *തിരുനെൽവേലിയിൽ* ചെന്നു. പിന്നെ *മദിരാശിയിലേയ്ക്കും.*
അവിടെ കുറച്ച് നാൾ
*ടിഎം നായരുടെ* കൂടെ
പാർത്തശേഷം *പാലക്കാട്,*
സാഹിത്യകാരി
*തരവത്ത് അമ്മാളുഅമ്മയുടെ* (നായരുടെ സഹോദരി) വീട്ടിലെത്തി താമസമാരംഭിച്ചു.

എന്തിനാണ് പിള്ളയെ തിരുവിതാംകൂറിൽ നിന്നും *ദിവാൻ പി. രാജഗോപാലാരി*, നിഷ്ക്കാസനം ചെയ്തത്?.
എന്തായിരുന്നു അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം.?
നിർഭയമായ പത്രപ്രവർനത്തിലൂടെ രാജകൊട്ടാരത്തിലെ  ഉദ്യോഗസ്ഥമേധാവികളെയും ദിവാനേയും അഴിമതികളുടേയും അധർമ്മങ്ങളുടേയും പേരിൽ വിമർശിച്ചു. അവ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി.
പൗരാവകാശങ്ങളെപ്പറ്റി എഴുതി.
തുടങ്ങിയവയായിരുന്നു _രാമകൃഷ്ണപിള്ളയുടേയും_ അദ്ദേഹം പത്രാധിപരായ _സ്വദേശാഭിമാനിയുടേയും_ കുറ്റം.

1878 മെയ് 25 ന് *ണയ്യാറ്റിൻകരയിൽ,*
ശാന്തിക്കാരനായ
_നരസിംഹൻ പോറ്റിയുടേയും_ _ചക്കിയമ്മയുടെയും_ മകനായി ജനിച്ചു.
മരുമക്കത്തായ കാലമായിരുന്നു അന്ന്.
അമ്മാവൻ _കേശവപിള്ളയാണ്_ പിള്ളയെ പഠിപ്പിച്ചത്.
1894 ൽ യൂണിവേഴ്സിറ്റി കോളേജിൽ എഫ്എ വിദ്യാർത്ഥിയായി.
പ്രശസ്ത അഭിഭാഷകനും രാഷ്ടീയനേതാവുമായ *ചങ്ങനാശേരി പരമേശ്വരൻപിള്ള* സഹപാഠിയായിരുന്നു.
*മഹാകവി ഉള്ളൂർ*,
*ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ* എന്നിവർ ബി.എ. വിദ്യാർത്ഥികളും.

വിദ്യാർത്ഥിയായിരിക്കുമ്പോൾ
വർത്തമാനക്കത്തുകളും സമസ്യാപൂരണങ്ങളും പത്രങ്ങളിൽ എഴുതിയിരുന്ന പിളള _"ഒടുവിൽ'_ നടത്തിയിരുന്ന പ്രതിവാരപത്രമായ *രാമാനുജനിൽ* എഴുതാൻ തുടങ്ങി.
സാഹിത്യപ്രവർത്തനങ്ങളിൽ മുഴുകിയ പിളളയ്ക്ക് മൂന്നാം തവണയാണ് പരീക്ഷ ജയിക്കാനായത്.
1898 ൽ അതേ കോളേജിൽ ബിഎ(തത്വശാസ്ത്രം) യ്ക്ക് ചേർന്നു.
മലയാളം വകുപ്പ് മേധാവിയായ
*എ.ആർ രാജരാജവർമ്മയുടെ* പ്രിയശിഷ്യരിലൊരാളായി പിള്ള മാറി.
പഠനത്തിനിടയിൽ പത്രപ്രവർത്തനത്തിലേക്ക്  പിള്ള ആകൃഷ്ടനായിക്കഴിഞ്ഞു.
ഇന്നത്തെ പത്രലോകമായിരുന്നില്ല അത്.
വാർത്തകൾ മാത്രമായിരുന്നില്ല ഉള്ളടക്കം.
വാർത്തയും കവിതയും ലേഖനവുമെല്ലാം ചേർന്നതായിരുന്നു പത്രങ്ങൾ.
1899 ൽ *കേരളദർപ്പണം* എന്ന പ്രതിവാരപത്രം *പാൽക്കുളങ്ങരയിൽ* തുടങ്ങിയപ്പോൾ പിള്ളയായിരുന്നു പത്രാധിപർ.
അനന്തരവൻ ഈ രംഗത്തേക്ക്‌ തിരിഞ്ഞതിൽ അമ്മാവൻ കോപാകുലനായി പിള്ളയെ വീട്ടിൽക്കയറ്റാതായി.
കുറച്ച് നാൾ മാത്രമെ ഈ പത്രം നിലനിന്നുള്ളു.
പിൽക്കാലത്ത് പത്രപ്രവർത്തനത്തിൽ *മുഖമുദ്രയായി* സ്വീകരിച്ച അധികാരവിമർശനം ഈ പത്രത്തിലില്ലായിരുന്നു.

1901 ൽ പിള്ള വീട്ടുകാരറിയാതെ പാൽക്കുളങ്ങര തോപ്പ് വീട്ടിൽ _നാണിക്കുട്ടിയമ്മയെ_ വിവാഹംചെയ്തു.
1904 ൽ പ്രസവത്തിൽ അവർ മരിച്ചു.
1901 ൽ _കേരള ദർപ്പണം_ *വഞ്ചി ഭൂപഞ്ചിക*   എന്നീ
 പത്രങ്ങൾ ഒന്നായി
*കേരള പഞ്ചിക* തുടങ്ങിയപ്പോൾ അതിന്റെയും പത്രാധിപരായി പിള്ള.
സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് തുടങ്ങിയത് ഇതിലൂടെയാണ്.
പത്രമുടമയുമായി സ്വരചേർച്ചയില്ലാതെ പത്രാധിപർ സ്ഥാനമുപേക്ഷിച്ചു.
തുടർന്ന് *കേരളൻ* എന്ന തൂലികാനാമത്തിൽ *മലയാളി* ഉൾപ്പെടെയുള്ള ചില പത്രങ്ങളിൽ രാജ്യകാര്യങ്ങളെപ്പറ്റി എഴുതാൻ തുടങ്ങി.
കൊല്ലത്ത് നിന്നുള്ള
_"മലയാളിയുടെ"_ നായകത്വം പിള്ള ഏറ്റെടുത്തു.
ഉദ്യോഗസ്ഥ പ്രമാണിമാരെ വിമർശിക്കുന്ന പിള്ളയുടെ  രീതി പത്രത്തെ അപകടത്തിലാക്കി.
നയം മാറ്റണമെന്ന് ഉടമ നിർബന്ധിച്ചപ്പോൾ രാജിവച്ചൊഴിഞ്ഞു.

1905 ൽ പിള്ള,
 *വഞ്ചിയൂർ*
കുഴിവിളാകത്ത് വീട്ടിൽ *കല്യാണിയമ്മയെ* പരിഗ്രഹിച്ചു.
അക്കാലത്ത് മെട്രിക്കുലേഷൻ ജയിച്ച നഗരത്തിലെ ആദ്യ നായർവനിതയായിരുന്നു അവർ.
*വ്യാഴവട്ടസ്മരണകൾ* എന്ന പേരിലുള്ള അവരുടെ പുസ്തകം വളരെ പ്രസിദ്ധമാണ്.
വിവാഹാനന്തരം പിള്ള ചില പുസ്തകങ്ങളെഴുതി.
*കേരളൻ* എന്ന മാസികയാരംഭിച്ച്
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തേയും നഗരജീവിത പൊങ്ങച്ചങ്ങളെയും മറ്റും പിള്ള ഇതിലൂടെ രൂക്ഷമായി
വിമർശിച്ചു.

പിള്ളയുടെ ജീവിതം മാറ്റിമറിച്ച പത്രജീവിതം,1905 ൽ *അഞ്ചുതെങ്ങിൽ* നിന്ന് മുസ്ലിം സമുദായ പരിഷ്ക്കർത്താവും പണ്ഡിതനുമായ *വക്കം അബ്ദുൾഖാദർ മൗലവി*  ആരംഭിച്ച *സ്വദേശാഭിമാനി*
പത്രത്തിന്റെ പത്രാധിപർ സ്ഥാനം ഏറ്റെടുത്തതോടെയാണ്.
തിരുവിതാംകൂറിലെ അധികാര കേന്ദ്രങ്ങളിലും പൊതുജീവിതത്തിലും കൊടുങ്കാറ്റ് വിതച്ച ദിനങ്ങളായിരുന്നു  പിന്നീടുണ്ടായത്.
പുതിയ ദിവാനായ _രാജഗോപാലാചാരിയുടെ_ അനാശാസ്യ ദുർനടപടികൾക്കെതിരെ പത്രം ആഞ്ഞടിച്ചു.
രാജകൊട്ടാരത്തിൽ അമിത സ്വാധീനമുണ്ടായിരുന്ന _ശങ്കരൻതമ്പി_ തുടങ്ങിയ ഉദ്യോഗസ്ഥ പ്രമാണിമാരെയും പത്രം പൊതുജനമധ്യത്തിൽ തുറന്നുകാട്ടി.
അധികാര വിമർശനം മാത്രമല്ല പത്രം ചെയ്തിരുന്നത്,
ക്രിസ്ത്യാനി, ഈഴവർ  വിഭാഗക്കാർക്ക് എല്ലാ ഉദ്യോഗങ്ങളിലും പ്രവേശനം നൽകണമെന്നും മദ്യം നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.
1907 ൽ പത്രത്തിന്റെ അച്ചടി തിരുവനന്തപുരത്തായി.
പത്രം ആഴ്ചയിൽ മൂന്ന് ദിവസമാക്കി.
ശ്രീമൂലം പ്രജാസഭയിലേയ്ക്ക്  പിള്ളയെ തെരഞ്ഞെടുത്തെങ്കിലും ചില സാങ്കേതികങ്ങൾ
പറഞ്ഞൊഴിവാക്കി.
ദിവാനും ഉദ്യോഗസ്ഥരും കാണിക്കുന്ന അഴിമതികൾ നിർഭയമായി പിള്ള തുറന്നെഴുതാൻ തുടങ്ങിയതോടെ ശത്രുത പാരമ്യത്തിലെത്തി.
പിള്ളയെ  എക്കാലത്തേയ്ക്കും ഒഴിവാക്കാൻ തന്ത്രപൂർവ്വം മഹാരാജാവായ
*ശ്രീ മൂലം തിരുനാളിന്റെ* അനുമതിയും സംഘടിപ്പിച്ചു.
അങ്ങിനെയാണ് സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ നാവറുത്തുകൊണ്ട്
1910 സെപ്തംബർ 26 ന് പ്രസ്സ് കണ്ട് കെട്ടിയതും പിള്ളയെ നാട് കടത്തിയതും.

രാജാവാഴ്ച നശിച്ച് രാജ്യത്ത് ജനാധിപത്യം സംജാതമായപ്പോൾ
_എക്സിക്യൂട്ടീവ്_
_ലെജിസ്ലേച്ചർ_
_ജുഡ്യീഷ്യറി_
എന്നീ സിസ്റ്റത്തിന് പുറകിലായി നാലാം സ്ഥാനത്താണ് *പത്രം*( *പ്രസ്സ്*)
അധികാര വർഗ്ഗം മുട്ട് മടക്കേണ്ടി വന്നിട്ടുള്ള സാഹചര്യങ്ങൾ നിരവധി
തവണ നാം കണ്ടിരിക്കുന്നു

പാലക്കാട്‌ താമസിക്കുമ്പോൾ പിളള *എന്റെ നാടുകടത്തൽ* എന്ന സ്മരണകൾ  അലയടിക്കുന്ന പുസ്തകം രചിച്ചു.
1913 ൽ _കുന്നംകുളത്ത്_ നിന്നാരംഭിച്ച
*ആത്മപോഷിണി* പത്രാധിപർ സ്ഥാനവും പിള്ള സ്വീകരിച്ചു.
തുടർച്ചയായ സാഹിത്യ പത്രപ്രവർത്തനങ്ങളിലൂടെ കടന്ന് പോകുന്നതിനിടയിലാണ് ക്ഷയരോഗം പിടികൂടിയത്.
ഫലപ്രദമായ ചികിത്സ ഈ രോഗത്തിനില്ലാതിരുന്ന കാലം.
രോഗാതുരതയ്ക്കിടയിലും രചന തുടർന്നു
1915 ൽ ഭാര്യയ്ക്ക് *കണ്ണൂരിൽ* സർക്കാർ ബാലികാ പാoശാലയിൽ അധ്യാപികയായി ജോലി ലഭിച്ചു.
കുടുംബം അങ്ങോട്ട് നീങ്ങി.
പിള്ളയുടെ നില ആദ്യം നന്നായെങ്കിലും ഒടുവിൽ
1916 ൽ അന്ത്യയാത്രയായി.
പ്രശസ്തരായവർ നിത്യനിദ്രകൊള്ളുന്ന കണ്ണൂർ
നഗരത്തിന് സമീപത്തായുള്ള *പയ്യാമ്പലം* കടപ്പുറത്ത് അദ്ദേഹവും ഉറങ്ങുന്നു
1939 ൽ കല്യാണിയമ്മ വിരമിച്ചു.
ഭർത്താവിനെ നാട് കടത്തിയ സ്വദേശമായ അനന്തപുരിയിൽ പിന്നെയവർ വന്നിട്ടില്ല.
കോഴിക്കോട്,  മകൾ ഗോമതിയമ്മയുടെ വസതിയായ ചാലപ്പുറത്തായിരുന്നു മരിക്കുന്നതുവരെ വാസം.
ഗോമതിയമ്മയുടെയും ബാരിസ്റ്റർ എകെ പിള്ളയുടെയും മകനാണ് പ്രശസ്ത പത്ര പ്രവർത്തകൻ ശ്രീ. _കെ. രാമകൃഷ്ണൻ_.
മറ്റൊരു മകൾ
ശ്രിമതി _അംബിക_

1948 ൽ രാമകൃഷ്ണപിള്ളയുടെ ചിതാഭസ്മ ദീപശിഖാ പ്രയാണം തിരുവനന്തപുരത്ത് പാളയത്ത് വന്ന് ചേർന്നപ്പോൾ
*പട്ടം താണുപിള്ളയുടെ* നേതൃത്വത്തിലുള്ള ഭരണകൂടം  സൂക്ഷിക്കാൻ സ്ഥലം
വിട്ടുകൊടുക്കാത്ത സാഹചര്യങ്ങളുമുണ്ടായി.
അദ്ദേഹത്തിന്റെ പ്രതിമ
1957 ൽ പ്രസിഡണ്ട് *രാജേന്ദ്രപ്രസാദ്*  പാളയത്ത് സ്ഥാപിച്ചു.
ജന്മദേശമായ നെയ്യാറ്റിൻകരയിലും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
1992 ൽ *നെയ്യാറ്റിൻകര-- പയ്യാമ്പലം* എക്സ്പ്രസ്സ് ബസ്സ് സർവ്വീസ് (പച്ചപ്പാവാട ഉടുത്ത) തുടങ്ങിയെങ്കിലും പിന്നെ നിലച്ചു.

പത്രപ്രവർത്തകൻ എന്നതിനോളം പ്രാധാന്യമുണ്ട്  ഗ്രന്ഥകാരൻ എന്ന നിലയിലും പിള്ളയ്ക്ക് ഖ്യാതി .
*കാറൽ മാർക്സിന്റെ* ജീവചരിത്രം മലയാളത്തിൽ ആദ്യമെഴുതിയത്  അദ്ദേഹമാണ്.
സോക്രട്ടീസ്, ബെഞ്ചമിൻ ഫ്രാങ്ക്ളീൻ, കൊളംബസ് , മോഹൻദാസ് ഗാന്ധി എന്നിവരുടെ ചരിത്രവും രചിച്ചു.
എന്നാൽ പത്രധർമ്മത്തെ ഏറ്റവും മഹത്തരമായി ഉദ്ഘോഷിച്ചിട്ടുള്ള _വൃത്താന്ത പത്രപ്രവർത്തനം_ എന്ന പുസ്തകമാണ് രചനാ സൗന്ദര്യത്തിൽ മുന്നിൽ.

2010 സെപ്തംബറിൽ നാട് കടത്തലിന്റെ നൂറുവർഷങ്ങൾ സംസ്ഥാനം വേദനയോടെ അയവിറക്കി.
വാക്ശൗര്യത്തിന്റെ അധിപതിയായ ( ദിവാൻഭരണത്തെ ആന്തം വെട്ടിയരിഞ്ഞ) ദൃഢനിശ്ചയക്കാരൻ
ആരുവായ്മൊഴിയിൽ
ഇറങ്ങിനടന്നപ്പോൾ ചരിത്രം അടയാളപ്പെടുത്തിയത് ഇങ്ങിനെയായിരുന്നു.

""കരുണ യാചിക്കാത്ത, ആരുടേയും കാലുകളിൽ വീഴാത്ത,  നാടുകടത്തപ്പെടാത്ത വാക്കിന്റെ ബലം സത്യത്തെ തിരിച്ചറിയുകതന്നെച്ചെയ്യും.""

*കെ.ബി. ഷാജി. നെടുമങ്ങാട്.*
9947025309

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ