Mar_22_2010/ പി .എൻ .സുന്ദരം

*മാമലയിലെ പൂമരം പൂത്ത നാൾ.....*
*പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തോഴി.....*
*മാമലയിലേ...*

പരക്കെ അറിയപ്പെടുന്ന പിന്നണി ഗായകനല്ലെങ്കിലും എറണാകുളം സ്വദേശിയായ ശ്രി ജോളി എബ്രഹാമും ശ്രീമതി വാണിജയറാമും ചേർന്ന് പാടിയ സംഘഗാനത്തിന്റെ ആദ്യവരികളായിരുന്നു മേലുദ്ധരിച്ചത്.
ഭാസ്ക്കരൻ മാഷും സലിൽചൗധരിയും ചേർന്നാണ് ഈ ഗാനമൊരുക്കിയത്.

1976 അവസാനങ്ങളിലാണ് മനോരമ വാരികയിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്  _ജോസഫ് മേയ്ൻ_ തന്റെ ഒദ്യോഗിക ജീവിതത്തിലെ അനുഭവകഥകൾ ഖണ്ഡശ എഴുതിത്തുടങ്ങിയത്.
അതിലൊന്നായിരുന്നു മൂന്നാറിനടുത്തുള്ള തേയിലത്തോട്ടത്തിൽ നടന്ന കൊലപാതകത്തിന്റെ കഥ.
വായനക്കാരെ ആകാംക്ഷഭരിതരാക്കിയ ഈ ക്രൈം സ്റ്റോറി ചലച്ചിത്രമായി വന്നാൽ വൻവിജയമായിരിക്കുമെന്ന്
വായനക്കാരുടെ
അഭിപ്രായത്തെ വിലയിരുത്തിയാണ് യശ്ശശരീരനായ *എസ്പാവമണി* _പ്രതാപചിത്രയുടെ_ ബാനറിൽ
*പിഎൻ സുന്ദരത്തെക്കൊണ്ട്*
*അപരാധി* എന്ന പേരിൽ ആ കഥ വെളളിത്തിരയിലെത്തിച്ചത്.
പ്രതീക്ഷിച്ചത്പോലെ ചിത്രം ഹിറ്റായി.
*പ്രേംനസീറായിരുന്നു*  കഥാകൃത്തായ
ഡിവൈഎസ്സ്പിയുടെ വേഷത്തിൽ വന്നത്.

മലയാള സിനിമാപ്രേമികൾ ഒരിക്കലും മറക്കാനിടയില്ലാത്ത
ഒരു സംഭവമായിരുന്നു
മലയാള ചലച്ചിത്രലോകത്തെ സാഹസിക നടനായ *ജയന്റെ* അകാലത്തിലുള്ള അപമൃത്യു.
1980 നവംബർ 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് *മദിരാശി* നഗരത്തിലെ തിരക്കിൽ നിന്നൊഴിഞ്ഞുള്ള _ഷോളാവാരം_ മൈതാനത്താണ്
_സിവി ഹരിഹരൻ_
_സുഗുണാസ്ക്രീനിനായി_ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച മൾട്ടിസ്റ്റാർ ചിത്രമായ *കോളിളക്കത്തിന്റെ*
അവസാനരംഗത്ത് ഹെലികോപ്ടറിൽ രഹസ്യരേഖകളുമായി
പറന്നു പൊങ്ങുന്ന വില്ലനെ കീഴടക്കാൻ കോക്ക്പിറ്റിൽ, ഓടിക്കൊണ്ടിരിക്കുന്ന മോട്ടോർ ബൈക്കിൽ എഴുന്നേറ്റ് നിന്ന് തഞ്ചത്തിൽ ചാടിപ്പിടിച്ച് കയറുന്ന ഭാഗങ്ങൾ ക്യാമറാമാനും ചിത്രത്തിന്റെ സംവിധായകനുമായ
*പിഎൻ സുന്ദരം*
 ഷൂട്ട്‌ചെയ്തത്.

വല്ലാത്തൊരു ദുർവിധിയായിരുന്നു അത്.
മലയാള ചലച്ചിത്രലോകം കണ്ട എക്കാലത്തേയും സാഹസികനായ നടന്റെ അന്ത്യത്തിന് സാക്ഷ്യം വഹിക്കുക.
അതിലേറെ ആ ചിത്രത്തിന്റെ ഛായാഗ്രാഹകനും സംവിധായകനുമാകുക.
ഒരു പക്ഷേ ജീവിതാന്ത്യംവരെ ആ രംഗങ്ങൾ
*പിഎൻ സുന്ദരത്തിന്റെ*  ഓർമ്മകളുടെ  ഫ്രെയിമിൽ ഉണ്ടായിരുന്നിരിക്കണം.

*കോളിളക്കത്തിന്റെ*  ക്ലൈമാക്സ് രംഗ ചിത്രീകരണത്തെക്കുറിച്ച് സുന്ദരം പിന്നീട് പറഞ്ഞു.

""കുറെ ഷോട്ടുകളെടുത്തു.
അതുകൊണ്ട്തന്നെ ഞാൻ തൃപ്തനായിരുന്നു.""
എന്നാൽ ഒരു ഷോട്ട് കൂടി എടുക്കണമെന്ന് *ജയൻ* നിർബന്ധിക്കുകയായിരുന്നു.
ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
*നിങ്ങൾ എടുക്കുക.*
*എന്നിട്ട് നമുക്ക് പോകാം*
ആ വാക്കുകൾ മരണം വിളിച്ചു വരുത്തുന്നതാണെന്ന് അപ്പോൾ തോന്നിയില്ല.
ജയനല്ലാതെ മറ്റൊരു നടൻ ഇങ്ങിനെ ആവശ്യപ്പെട്ടിരുന്നെങ്കിൽ  ഞാൻ എതിർക്കുമായിരുന്നു.
ഇരുപതും മുപ്പതും അടി ഉയരത്തിൽ നിന്ന് ചാടിയിട്ടുള്ള നടനാണ് *ജയൻ.*
അപ്പോൾ പിന്നെ പത്തടി ഉയരത്തിലുള്ള ഹെലികോപ്ടർ രംഗം ചിത്രീകരിക്കാൻ പേടിക്കാനൊന്നുമില്ലല്ലോ?
പക്ഷേ ആരും പ്രതീക്ഷിക്കാത്ത ദുരന്തമാണ് ഷോളാവാരത്തെ ചിത്രീകരണ സ്ഥലത്ത് പറന്നിറങ്ങിയത്.

*ബാബു* എന്ന കഥാപാത്രമായാണ് *ജയൻ* _കോളിളക്കത്തിൽ_ വേഷമിട്ടത്.
മധുവിന്റെയും കെ.ആർ വിജയയയുടെയും സീമന്തപുത്രനായി. ഒരു നാൾ കടലിൽ മത്സ്യബന്ധനത്തിന് പോയ മധു കോളിളക്കത്തിൽപ്പെട്ട്‌ കാണാതാകുന്നു.
മക്കളും അമ്മയും  നാടുവിടുന്നു.
തീവണ്ടിയിലെ യാത്രയ്ക്കിടയിൽ
_ജയനും സോമനും_ അമ്മയിൽ നിന്ന് വേർപിരിയുന്നു.
ഒടുവിൽ *ബാബുമോൻ* എന്നന്നേയ്ക്കുമായി മാതാപിതാക്കളുടെ വാത്സല്യവും സ്റ്റേഹവുമറിയാതെയും.

മലയാളത്തിൽ വിരലിലെണ്ണാവുന്ന സുന്ദര ചിത്രങ്ങളുടെ സംവിധായകനായ
*പിഎൻ സുന്ദരം*
 2010   മാർച്ച് 22 ന് ചെന്നൈയിൽ ഇഹലോകവാസം വെടിഞ്ഞു.

ഇരുനൂറ്റിയമ്പതോളം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച _സുന്ദരം_ 1927 നവംബറിൽ *പാലക്കാട്* ജില്ലയിലെ _കൊല്ലങ്കോടിനടുത്ത_ *പനങ്ങാട്ടിരി* ഗ്രാമത്തിൽ ജനിച്ചു.
മഹാഭാരതത്തിലെ *അർജ്ജുനൻ* എന്ന കഥാപാത്രത്തിന് *ഉലൂപി*
എന്ന രാക്ഷസകന്യയിൽ ജനിച്ച *ഇരാവന്* ഒരു ആരാധനാലയമുള്ളത് ഇവിടെയാണ്.
വർഷംതോറും 
ഇവിടെനടക്കുന്ന _കൂത്താണ്ടവേല_ പ്രസിദ്ധമാണ്.
ഈ കുറിപ്പ് എഴുതുന്നയാൾ  പാലക്കാട് ജില്ലയിൽ സർക്കാർ സർവ്വീസിലായിരിക്കുമ്പോൾ
കൂത്താണ്ട വേല
നേരിട്ട് കണ്ട്
സായൂജ്യമടഞ്ഞത് ഇന്നും സ്മരണീയമാണ്.
സമീപത്തുള്ള കാച്ചാംകുറിശ്ശി
മഹാവിഷ്ണു ക്ഷേത്രം
ജീർണാവസ്ഥയിലാണെങ്കിലും
പത്മനാഭപ്പെരുമാളിന്
സ്വർണ്ണമകുടം ചാർത്തുന്ന
തരത്തിലുള്ള പുണ്യസങ്കേതമാണ്.

പ്രാഥമിക പഠനത്തിന്ശേഷം
സിനിമാമോഹം മൂത്ത്
സുന്ദരം മദിരാശിയിലെത്തി. ക്യാമറാസഹായിയായാണ് തുടക്കം.1950 കളിൽ *വിജയവാഹിനി* സ്റ്റുഡിയോവിൽ
സഹഛായാഗ്രാഹകനായി.
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ
മലയാളിയായ
*എ. വിൻസന്റായിരുന്നു*  സുന്ദരത്തെ പ്രമുഖനായ ഒരു ഛായാഗ്രാഹകനാക്കിയത്.
*എംജിആർ, ഗണേശൻ, ജയലളിത* എന്നിവരുമായുള്ള അടുപ്പം  ശക്തനായ ഒരു ഛായാഗ്രാഹകനെ സുന്ദരത്തിൽ വാർത്തെടുത്തു.
_അടിമപ്പെൺ ഒളിവിളക്ക്_,
_തങ്കപ്പതക്കം, _
_ഉയർന്ത മനിതൻ_,
_വിയറ്റ്നാം വീട്_ മുതലായവ ആദ്യകാല ചിത്രങ്ങളാണ്

*കൈകേയിയാം വന്ദ്യജനനി*
*കാടുവാഴാൻ ശാപമേകി*.
*മന്ഥരയും കൂട്ടുനിന്നു*.

_സുന്ദരത്തിന്റെ_ ആദ്യമലയാള ചിത്രമാണ്
1975 ൽ സംവിധാനം ചെയ്ത
_ പ്രതാപചിത്രയുടെ_ *അയോദ്ധ്യ.* തെലുങ്ക്
 ഭാഷയിലിറങ്ങിയ  *സംസാരം* എന്ന ചിത്രത്തിന്റെ  ആവിഷ്കാരം.
സാക്ഷാൽ _ശ്രീരാമചന്ദ്രൻ_ വാണതുപോലെ  അച്ഛനുമമ്മയും രണ്ട് മക്കളും മദിരാശി നഗരത്തിലെ _അയോദ്ധ്യ_ എന്ന് വിളിപ്പേരുള്ള ഒരു വീട്ടിൽ വസിക്കുന്നു.  കുടുംബനാഥന്റെ മാതാവും സഹോദരിയും നാട്ടിൽ നിന്നെത്തുന്നതോടെ ആ കുടുംബത്തിലെ സന്തോഷകരമായ അന്തരീഷം കാറും കോളും നിറഞ്ഞ് ശിഥിലമാകുന്നു.
ഇരുന്നോറോളം ദിവസങ്ങളിൽ നിറഞ്ഞോടിയ ചിത്രം സുന്ദരത്തിന്റെ നെറുകയിൽ പൊൻതുവൽ ചാർത്തിക്കൊടുത്തു എന്ന് പറഞ്ഞാൽ അതിശയിക്കാനില്ല.
കുടുംബചിത്ര സ്നേഹികളായ പ്രേക്ഷകരുടെ ഒരു കാലമായിരുന്നു അന്ന്.

*മുല്ല മാല ചൂടി വന്ന വെള്ളിമേഘമേ?*
*ഇന്നു നിന്റെ പൂർണ്ണചന്ദ്രൻ*
*പിണങ്ങി നിന്നല്ലോ?*

_സുന്ദരം_ 1976 ൽ  സംവിധാനം ചെയ്ത മറ്റൊരു കുടുംബചിത്രത്തിലെ ശ്രീമതി _വാണിജയറാമിന്റെ_ സൗന്ദര്യം തുളുമ്പുന്ന ഈരടികൾ.

പ്രതാപചിത്രയുടെ
*ആയിരം ജന്മങ്ങൾ* എന്ന ചിത്രവും കുടുംബസദസ്സുകളിൽ തകർത്തോടി.
*ദീർഘ സുമംഗലി* എന്ന തമിഴ് ചിത്രത്തിന്റെ  റീമേക്കായിരുന്നു ഈ സിനിമ.
കർക്കശക്കാരനായ ഒരു പിതാവ് മക്കളെ കർശന നിയന്ത്രണത്തിൽ വളർത്തിയതിന്റെ ദോഷഫലങ്ങളാണ് പ്രേക്ഷകർക്ക് പിന്നീട് കാണാനായത്.
ഗൃഹനാഥയ്ക്ക് ബാധിച്ച അസുഖം അവരറിയാതിരിക്കാൻ പാടുപെടുന്ന ഭർത്താവും തനിക്ക്‌ ഇങ്ങിനെയൊരു രോഗം ബാധിച്ചിട്ടില്ല
എന്നയവസ്ഥ അഭിനയിച്ച്, ഇറങ്ങിപ്പോയ മക്കൾ തിരികെയെത്തുമെന്ന പ്രതീക്ഷയിൽ സ്റ്റേഹവതിയായ അമ്മയും.

_കോളിളക്കത്തിന്_ ശേഷം മൂന്നുവർഷങ്ങൾ കഴിഞ്ഞാണ്  *കക്ക* എന്ന ചിത്രം
1982 നവംബറിൽ _സുന്ദരം_ സംവിധാനം ചെയ്യുന്നത്.
രണ്ട്ദിവസം മുമ്പ് നടത്തിയ *രഘുവരൻ* അനുസ്മരണത്തിൽ ചിത്രത്തെക്കുറിച്ച് വിശദമായി വിവരണം എഴുതിയിരുന്നു.
*തണ്ണീർമുക്കമായിരുന്നു* ലൊക്കേഷൻ.

1983 ൽ  *മേലാറ്റൂർ രവിവർമ്മയുടെ* കഥയെ അടിസ്ഥാനമാക്കി *പ്രതിജ്ഞ* എന്നൊരു ചിത്രമാണ് _സുന്ദരം_ അവസാനമായി സംവിധാനം ചെയ്തത്. .
*പങ്കായം* എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം നാമകരണം ചെയ്തത്.
പ്രശസ്ത നടൻ _മമ്മൂ'ട്ടി_ ഈ ചിത്രത്തിൽ അഭിനയിച്ചു.
സാമ്പത്തികമായി ചിത്രം പരാജയമായിരുന്നു.

ആദ്യം പറഞ്ഞ മൂന്ന് ചിത്രങ്ങളുടെ തങ്കത്തിളക്കം മാത്രം മതിയാകും അദ്ദേഹത്തെ അനശ്വരനാക്കാൻ..
എങ്കിലും കോളിളക്കം സൃഷ്ടിച്ച ആ ദുരന്തം തുടർന്നുള്ള ജീവിതത്തെ വല്ലാതെ വിഷമത്തിലാക്കി.

*ആയിരം പ്രണാമം*

*കെ.ബി ഷാജി.. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ