Mar_14 പി.ജെ ആന്റണി

*പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ?*
*ഖദറിനുള്ളിൽ പാത്തുകിടക്കും*
*അണലിപ്പാമ്പിന് കലികയറി*
*ഖദറിൻ പാട്ടുകൾ പാടും തോക്കുകൾ*
*ഇടിവണ്ടികളിൽ പാഞ്ഞേറി.*

പ്രസിദ്ധമായ മട്ടാഞ്ചേരി
വെടിവെപ്പ് നടന്നപ്പോൾ *പി.ജെ. ആന്റണി* രചിച്ച് തെരുവുകൾതോറും പാടിനടന്ന പ്രശസ്ത വിപ്ലവഗാനത്തിലെ വരികളാണിത്.
പടപ്പാട്ടുകളെയും നാടകത്തെയും പിന്നീട് ചലച്ചിത്രമാധ്യമത്തെയും സമരായുധമാക്കിമാറ്റിയെന്ന
പ്രസക്തിയാണ്
*പി.ജെ. ആന്റണിക്കുള്ളത്*.

നാടകനടൻ. നാടകകൃത്ത്, നാടകസംവിധായകൻ, ഗായകൻ, സിനിമാനടൻ, സിനിമാസംവിധായകൻ, തിരക്കഥാകൃത്ത്, സംഗീതജ്ഞൻ, പ്രാസംഗികൻ എന്നീ നിലകളിലെല്ലാം കേരളത്തിന്റെ സാംസ്ക്കാരിക മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു അദ്ദേഹം.

*ശ്രീ മഹാദേവൻ തന്റെ*
*ശ്രീ പുള്ളോർക്കുടം കൊണ്ട്* *ഓമന ഉണ്ണീടെ നാവേറു പാടുന്നേൻ*

_എംടി വാസുദേവൻ നായരുടെ_ *പളളിവാളും കാൽച്ചിലമ്പും* എന്ന ചെറുകഥയെ അവലംബിച്ച് എംടി തന്നെ സംവിധാനം നിർവ്വഹിച്ച നിർമാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിന്റെ ദുഖങ്ങൾ അവതരിപ്പിച്ച ആന്റണിയെത്തേടി ഭരത് അവാർഡ് മലയാള മണ്ണിലെത്തി.
മലയാള ചലച്ചിത്രമേഖലയിലെ ഒട്ടനവധി പ്രമുഖരായ നടന്മാരെ ആദ്യമായി അണിനിരത്തിയ ചിത്രം രാഷ്ട്രപതിയുടെ
സ്വർണ്ണമെഡലിനും  അർഹമായി. ശാന്തിമുട്ടിയ ഒരു  ജീർണത കൈവന്ന അമ്പലത്തിലെ വെളിച്ചപ്പാടിന്റെ ജീവിതത്തിൽ ദുരിതങ്ങൾ പെയ്തിറങ്ങിയപ്പോൾ സർവ്വവും നഷ്ടമായെന്നറിഞ്ഞപ്പോൾ  ദേവിയുടെ  തിരുനടയിലെത്തി ഉറഞ്ഞുതുള്ളി
പള്ളിവാൾകൊണ്ട് ശിരസ്സിലാഞ്ഞുവെട്ടി ജീവിതത്തിന്റെ കയ്പ്പാകെ  ദൈവത്തിന്റെ മുഖത്ത് ആഞ്ഞ് തുപ്പിയ നിർമാല്യത്തിലെ വെളിച്ചപ്പാട്  ഒരു തലമുറയുടെ ഹൃദയവ്യഥയാകുകയായിരുന്നു.

നാടക കലയുടെ സമസ്ത മേഖലകളിലും വളരെയധികം കർമ്മോത്സുകനായി വിരാജിച്ച
*ഭരത് പി.ജെ. ആന്റണി* അരങ്ങൊഴിഞ്ഞിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.
*ശശികുമാർ* സംവിധാനം ചെയ്ത ആന്റണി അഭിനയിച്ച *ചൂള* എന്ന ചിത്രം പ്രദർശിപ്പിച്ചുവരവെയാണ് _നാടക നടന്റെ_ അന്ത്യം.

*എറണാകുളത്തിനടുത്ത്* _പച്ചാളത്താണ്_
1924 ജനുവരിയിൽ
_ജോസഫ് എലിസബത്ത്_ ദമ്പതികളുടെ മകനായി "ആന്റണി" ജനിച്ചത്.
പ്രാഥമിക പഠനത്തിന് ശേഷം ശാസ്ത്രി പരീക്ഷ ജയിച്ചു. പഠിക്കുന്ന കാലത്ത്തന്നെ *കമ്യൂണിസ്റ്റ്* ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്നു.
ചുറ്റുപാടും നാടകം സജീവമായ കാലം.
ആ നാടകങ്ങളിൽ നിന്ന് _ആന്റണിയും_ പ്രചോദനമുൾക്കൊണ്ടു. ജനപക്ഷ നാടകങ്ങളോടുള്ള പക്ഷപാതം അദ്ദേഹത്തിനുണ്ടാകുന്നതും ഈ പരിതസ്ഥിതിയിൽ തന്നെ.
കൂട്ടുകാരായ
 കുറെ കുട്ടികളോടൊത്ത്  _ആന്റണി_ ചെറുപ്പത്തിൽത്തന്നെ വീട്ടിൽ നാടകം നടത്തി.
അപ്പച്ചന്റെ മുണ്ടും അമ്മച്ചീടെ നേര്യതുമായിരുന്നു
നാടകകർട്ടൻ.
ക്രമേണ കമ്യൂണിസ്റ്റ്പാർട്ടി പ്രവർത്തകനായി. കത്തോലിക്കക്കാരനായ  ആന്റണി കമ്യൂണിസ്റ്റായത് കുടുംബത്തിലും
സമുദായത്തിലും വലിയ ഒച്ചപ്പാടുണ്ടാക്കി. അവ വകവയ്‌ക്കാതെ _ആന്റണി_ തന്റെ പാതയിൽ സധൈര്യം മുന്നോട്ട് പോയി. പാർട്ടി പ്രചരണത്തിനായി അദ്ദേഹം വിപ്ലവവീര്യം തുടിക്കുന്ന നിരവധി പാട്ടുകൾ എഴുതുകയും അവ പൊതുവേദികളിൽ പാടുകയും ചെയ്തു. ഇത് *കെ.പി.എ.സിക്കും* മുമ്പുള്ള ഒരു തലമുറയെ ആഴത്തിൽ സ്വാധീനിച്ചു.
നാടകാഭിനയത്തിൽ താല്പര്യം തോന്നിയ _ആന്റണി_
*പി.ജെ ചെറിയാന്റെ* നാടകകമ്പനിയിൽ അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.
എങ്കിലും നാട്ടിലെ എതിർപ്പുമുലം അത് സാധിച്ചില്ല.
നിരാശനായ _ആന്റണി_
നാട് വിട്ട് *കോയമ്പത്തൂരിലെത്തി*  നാവികസേനയിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലമായിരുന്നു അത്. രാജ്യ സേവനത്തോടൊപ്പം
നാടകതാല്പര്യം അവിടെയും കൊണ്ട്നടന്നു അദ്ദേഹം.
നാവികസേനയിൽ ജോലി ചെയ്യുന്ന കാലത്ത്  *ഓടക്കുഴൽ* എന്ന നാടകം അദ്ദേഹം എഴുതി അവതരിപ്പിച്ചു.
നാവികകലാപത്തിൽ പങ്കെടുത്തതിനാൽ നേവിയിൽ നിന്നും പിരിയേണ്ടി വന്നു.
നാട്ടിലെത്തി ഒരു മോട്ടോർ വർക്ക്ഷോപ്പിൽ ജോലിതേടി. വാഹനങ്ങളുടെ  അറ്റകുറ്റപ്പണികൾക്കിടയിലും കലാ പ്രവർത്തനത്തിന് നേരം കണ്ടെത്തി. തൊഴിലാളി വർഗ്ഗ  പ്രവർത്തനങ്ങളുടെ ഭാഗമായി ആന്റണി എഴുതിയവതരിപ്പിച്ച *തെറ്റിദ്ധാരണ* എന്ന നാടകം സഹപ്രവർത്തകരിൽത്തന്നെ വിയോജിപ്പുണ്ടാക്കി.  ആ എതിർപ്പുകളിൽ നിന്ന് ആന്റണിയെന്ന നാടകക്കാരൻ പിറവിയെടുത്തു.
വർക്ക്ഷോപ്പിലെ ജോലി അതോടെ അവസാനിച്ചു.

*വാഴക്കുളത്ത്* ഒരു ബേക്കറിയും ഇക്കാലത്ത് നടത്തി.
അതും താമസിയാതെ പൂട്ടേണ്ടി വന്നു.
വീണ്ടും *ബോംബെയിൽ* എത്തിയെങ്കിലും
പണി കിട്ടാതെ കഷ്ടപ്പെട്ടു.  പൈപ്പു വെള്ളവും തെരുവിലുറക്കവും.
മനംമടുത്ത് വീണ്ടും *കൊച്ചിയിലേയ്ക്ക്*.
നാട്ടിൽവന്ന്
_പി.ജെ. തിയേറ്റേഴ്സ്_ എന്നൊരു
നാടക സംഘമുണ്ടാക്കിയെങ്കിലും വിജയിച്ചില്ല.
പിന്നീടാണ്  *പ്രതിഭാ ആർട്ട്സ് ക്ലബ്ബിന്റെ* രൂപീകരണം.
നാടകവേദിയിൽ ഒരു വഴിത്തിരിവുണ്ടാക്കിയ _പ്രതിഭ_ കരുത്തുറ്റ നാടക സമിതികളുമായുള്ള മത്സരത്തിനിടയിൽ  *ഇൻക്വിലാബിന്റെ മക്കൾ* എന്ന നാടകം സമരതീക്ഷ്ണമായ അമ്പതുകളിലാണ് രംഗത്തവതരിപ്പിച്ചു തുടങ്ങിയത്.
കമ്യൂണിസ്റ്റ് വേദികളെ സജീവമാക്കാനായി ആന്റണി രചിച്ച നിരവധി നാടകങ്ങളിൽ  ഏറ്റവും പ്രധാനവും ഇതുതന്നെ.
_മണ്ണ്, സോഷ്യലിസം, രശ്മി,_ _പ്രളയം, ശിക്ഷ_, _കാഴ്ചബംഗ്ലാവ്,_
_ഇത് പൊളിറ്റിക്സാണ്_, _കുറ്റവും ശിക്ഷയും_, _ചക്രായുധം, രാഗം_, _മൂഷികസ്ത്രീ, സോക്രട്ടീസ്_, _കടലിരമ്പുന്നു_,
തുടങ്ങി എത്രയോ നാടകങ്ങൾ അദ്ദേഹത്തിന്റെതായി മലയാളിക്ക് ലഭിച്ചു.
""നാടകമാണ് എന്നെ ഞാനാക്കിയത് എന്ന്  അദ്ദേഹം പലപ്പോഴും ആവർത്തിക്കാറുള്ള പല്ലവിയായിരുന്നു

1957 ലാണ് *തകഴിയുടെ* _രണ്ടിടങ്ങഴി_ എന്ന ചലച്ചിത്രത്തിൽ *കോരൻ* എന്ന കഥാപാത്രമാകുന്നത്. .
*മിസ്സ് കുമാരി* ചിരുതയെന്ന ആന്റണിയുടെ   നായികയായി. പാടത്തെ കാർഷിക പ്രശ്നങ്ങളുമായി ജയിലിൽ വാസമനുഷ്ഠിക്കേണ്ടി വന്ന കോരൻ ഒരു നാൾ പുറത്ത് വരുന്നു
അപ്പോഴേയ്ക്കും _ചിരുത_
കോരന്റെ കൂട്ടുകാരന്റേതായെന്നും
""നിങ്ങൾക്കിപ്പോൾ എത്ര പേരാ"" എന്നുള്ള കുശലാന്വേഷണവും വ്യത്യാസമായ
സംഗതിയായിത്തോന്നും.

*കാറ്റ് ചിക്കിയ തെളിമണലിൽ, കാലടിയാൽ നീ കഥയെഴുതി*

1964 ണ് *വൈക്കം മുഹമ്മദ് ബഷീറിന്റെ* _നീലവെളിച്ചം_ എന്ന സാഹിത്യസൃഷ്ടി
*ഭാർഗ്ഗവി നിലയം* എന്ന പേരിൽ *വിൻസന്റ്* സിനിമയാക്കിയത്.
ചിത്രം കണ്ടവർ *എംഎൻ* എന്ന _നാണുക്കുട്ടനെ_ പെട്ടെന്ന് മറക്കില്ല'. _ശശികുമാറിന്_ ട്രെയിനിൽ കഴിക്കാനുള്ള ഭക്ഷണപ്പൊതിയിൽ
വിഷം ചേർക്കാനും _ഭാർഗവിയെ_  സൂത്രത്തിൽ കിണറ്റിൽ തള്ളിയിട്ട്
വക വരുത്താനും  ഈ രഹസ്യങ്ങൾ മണത്തറിഞ്ഞ _സാഹിത്യകാരനെ_ കഠാരയ്ക്കിരയാക്കാനും തുനിഞ്ഞപ്പോൾ _ഭാർഗവിയുടെ_ പ്രേതാത്മാവ് _എംഎന്നിനെ_ കിണറ്റിൽ തന്നെ മൃത്യുവിനരയാക്കി പ്രതികാരം തീർക്കുന്നു.
_ആന്റണിയുടെ_ അഭിനയ ജീവിതത്തിലെ ക്രൂരനായ ദുഷ്ടവേഷമായിരുന്നു _എം.എൻ._ അവിസ്മരണീയമായ ആ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച _പിജെയെ_ *ബേപ്പൂർ സുൽത്താൻ*
ഏറ്റവും ഇഷ്ടപ്പെട്ടിരുന്നു.

*കതിരിടും ഇവിടമാണദ്വൈത ചിന്തതൻ*
*കാലടി പതിഞ്ഞൊരു തീരം*

_സുപ്രിയായുടെ_ *നദി*
 എന്ന ചിത്രത്തിന്റെ കഥ _ആന്റണി_ തന്നെ രചിച്ചതാണ്.
അതിലെ പേടിപ്പെടുത്തുന്ന *വർക്കിയെന്ന* കഥാപാത്രത്തിന്റെ
ഭ്രാന്തൻ ചേഷ്ടകൾ _ആന്റണിക്കല്ലാതെ_
ഇത്ര ഭാവം പകർന്ന് ഉൾക്കൊള്ളാനാകുമോ എന്ന് സംശയമാണ്.
സ്വന്തം നിറതോക്കിനിരയാകുന്നത് മകനായിട്ടു പോലും അടങ്ങാത്ത പക ജോണിക്കുട്ടിയുടെ നേർക്ക് പതിക്കാതെയിരിക്കുന്നില്ല.

*കന്നിനിലാവത്ത് കസ്തൂരി പൂശുന്ന,*
*കൈതേ കൈതേ കൈനാറി*
*കയ്യിലിരിക്കണ പൂമണമിത്തിരി.....*

*കതിരൂർ ഗുരുക്കൾ*
സാക്ഷാൽ കുഞ്ഞിഒതേനനെ അടവുകൾ പഠിപ്പിച്ച് കേമനാക്കിയെങ്കിലും ചെറിയൊരു  സൗന്ദര്യപ്രശ്നം കടുത്ത വൈരമുളവാക്കി.
*ലോകനാർകാവ്* ഉത്സവത്തിന്റെ പന്തൽപണി വീക്ഷിക്കാനെത്തിയ ഗുരുക്കളുമായി _ഒതേനൻ_ ഇടഞ്ഞതും
_പൊന്നിയംപടയിൽ_ ഗുരുക്കളുടെ തലയരിഞ്ഞതും *പരീക്കുട്ടി* മാപ്പിള 1964 ൽ *തച്ചോളിഒതേനൻ* എന്ന സിനിമയിലൂടെ നമുക്ക് കാട്ടിത്തന്നു.
_ആന്റണിയുടെ_ അത്യുജ്ജ്വലമായ
അഭിനയപാടവമായിരുന്നു
"കതിരൂർഗുരുക്കളിൽ" കണ്ടത്.

"അസുരവിത്തിലെ" മുസ്ലിം കഥാപാത്രം,
"നഗരമെ നന്ദിയിലെ" ടാക്സി ഡ്രൈവർ,
"പ്രിയമുള്ള സോഫിയയിലെ"
ഉലകം ചുറ്റും വല്യപ്പൻ,
ഇരുട്ടിന്റെ ആത്മാവിലെ
തറവാട്ട് കാരണവർ,
"കാവാലം ചുണ്ടനിലെ"
നിഷേധി,
"പേൾവ്യൂവിലെ"
കൂട്ടുകച്ചവടക്കാരൻ തുടങ്ങിയ വേഷങ്ങൾ  എടുത്തു പറയേണ്ടതാണ്.

1980 ൽ *ഒരു ഗ്രാമത്തിന്റെ ആത്മാവ്* എന്ന ആന്റണിയുടെ നോവലിനെ _ശ്രീ കെ.ജി ജോർജ്_ *കോലങ്ങൾ* എന്ന പേരിൽ അതിസുന്ദരമായ ചലച്ചിത്രമാക്കി.
ശ്രിമതി _മേനകയുടെ_ ആദ്യ ചിത്രം. എന്നാൽ *ആന്റണിയുടെ* തണലിൽ അഭിനയത്തിന്റെ കൊടുമുടികൾ കീഴടക്കിയ *തിലകൻ* എന്ന
അനശ്വരപ്രതിഭയുടെ *കള്ളുവർക്കി* എന്ന കഥാപാത്രമാണ് ചിത്രത്തിന് ട്രാജഡിയുടെ പൂർണ്ണത കൈവരുത്തിയത്.

മലയാള ചലച്ചിത്ര ലോകം കണ്ട അനശ്വര പ്രതിഭകളെ  കാലം മറന്ന് തുടങ്ങിയിരിക്കുന്നു. ഒടുവിൽ വേഷമിട്ട _ചൂളയിലെ_ കഥാപാത്രത്തിന്റെ നിസ്സഹായത മിഴികളിൽ നീരണിയിച്ചല്ലേ കടന്നു പോയത്.
ഇന്ന് നാല്പത്തൊന്നാണ്ട് തികയുന്ന വേളയിലും അദ്ദേഹത്തിനായി ഒരു  നിമിഷം.......

*കെ.ബി. ഷാജി. നെടുമങ്ങാട്.*
9947025309.

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ