Mar_03 രവീന്ദ്രൻ മാസ്റ്റർ

*അമ്പേന്തി വില്ലേന്തി വാളേന്തിയും*
*തമ്പേറിൻ താളത്തിൽ പോരാടിയും*
*നിലപാട് നിന്ന തിരുമേനിമാർ,*
*തലകൾ കൊയ്തെറിഞ്ഞു പടകൾ നയിച്ച കഥ:*
*ഇന്നെന്റെ ചിന്തയ്ക്ക് ചിന്തേരിടാൻ*
*അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളെ പറയു....*

1984 ൽ _തരംഗിണി_ പുറത്തിറക്കിയ
*വസന്തഗീതങ്ങൾ* എന്ന ആഡിയോ കാസ്സറ്റിലെ  ആദ്യത്തെ ഗാനത്തിലെ ചില വരികളാണ് മുകളിൽ. പന്ത്രണ്ടോളം ഗാനങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. സംഗീതപ്രേമികൾ  ആവേശത്തോടെ,
കാസ്സറ്റ് കടകളിൽ ക്യൂ നിന്ന് വാങ്ങിയ കാസ്സറ്റിലുള്ള ഗാനങ്ങളെല്ലാം യേശുദാസ്സായിരുന്നു ആലപിച്ചത്.

മലയാള
ചലച്ചിത്രസംഗീതലോകത്ത് എൺപതുകളിലും തൊണ്ണൂറുകളിലും പത്മരാഗ നവപ്രഭ വിതറിയ എന്നും ചിരിക്കുന്ന
*രവീന്ദ്രൻമാസ്റ്റർ*  ഓർമ്മയായത്
2005 മാർച്ച് 3 ന് ചെന്നൈയിലായിരുന്നു.
കടുത്ത അർബുദം അദ്ദേഹത്തിന്റെ തൊണ്ടയിൽ കയറിക്കൂടിയത്
കണ്ടുപിടിക്കാൻ  വൈകിപ്പോയിരുന്നു.

കുടമുല്ലപ്പൂവിന്റെ സുഗന്ധം തേടി യാത്രയായത്  കാലത്തിൻ കാളിന്ദീ തീരത്തെ
ഗന്ധർവ്വമണ്ഡപത്തിൽ, "നീയെന്റെ ആനന്ദ നീലാംബരി" എന്ന  ഭഗ്നപദങ്ങളാൽ
നൃത്തമാടിയ ദേവനാണ്‌.

പുലർകാലസുന്ദര സ്വപ്നങ്ങളൊക്കെയും പൂമ്പാറ്റയായി മാറുകയാണ്.
ഏഴുസ്വരങ്ങളും തഴുകിവരുന്ന
ഗാനവീചികൾക്ക്  ജീവസംഗീതമേകിയ രവീന്ദ്രന് സംഗീതമെന്നാൽ പ്രപഞ്ചസംഗീതമാണ്.
തിരുവനന്തപുരം
സ്വാതിതിരുനാൾ സംഗീത കോളേജിൽ ഗാനഗന്ധർവ്വൻ യേശുദാസ് സഹപാഠിയായിരുന്നു.
യശ്ശശരീരനായ ഗുരു ശെമ്മാങ്കുടിയുടെ ശിഷ്യത്വം.
വെറും ആറുരൂപയുമായി  മദിരാശിയിലേയ്ക്ക് വണ്ടികയറുന്നു. കലയുടെ കനിവുതേടി അലഞ്ഞ തീക്ഷ്ണമായ നാളുകൾ.
പ്രതിഭകളുടെ കാലഘട്ടത്തിൽ പരിചയപ്പെടുത്താൻപോലും ആരുമില്ലാതിരുന്നു.

മലയാള ചലച്ചിത്രലോകമെന്ന ദേവസഭാതലം രാഗിലമാകുവാൻ ഈ നാദമയൂഖത്തെ സ്വാഗതം ചെയ്തത് ഗാനഗന്ധർവ്വനായിരുന്നു.
1979 ൽ *ശശികുമാർ* സംവിധാനം ചെയ്ത
*പി.ജെ. ആന്റണി*  അവസാനമായി അഭിനയിച്ച *ചൂളയിലെ*
""താരകെ മിഴിയിതളിൽ കണ്ണീരുമായി"" എന്ന _പൂവച്ചൽ ഖാദർ_ രചിച്ച് _യേശുദാസ്_ പാടിയ ഗാനമായിരുന്നു _മാഷിന്റെ_ ആദ്യം റെക്കോർഡ് ചെയ്ത ഗാനം.

*എന്തു പറഞ്ഞാലും എന്നരികിൽ എൻ പ്രിയനെപ്പോഴും മൗനം*
ചൂളയിലെ _ദാസ്സ് ജാനകി_  രണ്ടാമത്തെ ഈ ഗാനവും വളരെ ശ്രദ്ധിക്കപ്പെട്ടു.

സിനിമകൾക്ക് പാട്ടൊരുക്കുന്ന ഒരു സംവിധായകൻ എന്ന നിലയിൽ രവീന്ദ്രൻ വളരാൻ തുടങ്ങിയത് മുകിലെങ്കിൽ മാനത്ത് പെയ്തൊഴിയുന്നതു പോലെയായിരുന്നു.
_ശശികുമാറിന്റെ_ തന്നെ 1980 ലെ *ഒരു വർഷം ഒരു മാസം* എന്ന ചിത്രം.
*എം ജി സോമൻ* അച്ഛനും മകനുമായി അഭിനയിച്ച ചിത്രം.
_ഖാദറിന്റെ_ വരികളായ *ഇനിയെന്റെ ഓമലിനായൊരു ഗീതം* എന്ന പ്രണയഗാനത്തിന്റെ അലകൾ ദിവസവും  ഉച്ചകളിൽ റേഡിയോവിലെ സ്ഥിരം ഗാനമായിരുന്നു
ഹിന്ദി ചലച്ചിത്രം *ഷോലെയിലെ* ഒരു
സംഗീതശകലം കടമെടുത്ത് ഈ ഗാനത്തിനിടയിൽ ചേർത്തത് ഏതെങ്കിലും സംഗീതപ്രേമികളുടെ ശ്രദ്ധയിൽെപ്പെട്ടിരുന്നോ എന്നറിയില്ല.

*കുളത്തുപ്പുഴ*
കൊല്ലംജില്ലയിലെ  വനപ്രദേശമുൾപ്പെടുന്ന
ഒരു ചെറുപട്ടണം.
*തിരുവനന്തപുരം തെന്മല* _ദേശീയപാതയിൽ_ *നെടുമങ്ങാട്* നിന്ന് 40 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യൂന്ന,
സാക്ഷാൽ *ധർമ്മശാസ്താവ്* ബാലരൂപനായി ഭക്തക്കർക്ക് ദർശനമരുളുന്ന പുണ്യസ്ഥലം.
1941 നവംബറിൽ മാധവൻ ലക്ഷ്മി ദമ്പതികളുടെ
ഒമ്പതുമക്കളിൽ ഇളയവനായ രവിക്ക് രാഗലോലമായി മുരളിയുണരുന്ന
സ്വരയമുനാനദി നീന്താനാഗ്രഹമുണ്ടായത്   ദൈവനിശ്ചയം.

വെണ്ണക്കൽ കൊട്ടാരമായിരുന്നില്ല തൈക്കാട്ടെ സർക്കാർ സംഗീത അക്കാഡമി.
ബാല്യത്തിൽ രവി അമ്പലത്തിൽ ഭജനസംഘത്തിൽ ഗഞ്ചിറ  വായിച്ചിരുന്നത് സ്വയം പഠിച്ചിട്ടാണ്. തുടർന്നാണ് തിരുവനന്തപുരത്തെത്തുന്നത്.
അക്കാഡമിയിൽ അന്ന് ഗുരുസ്ഥാനീയരിൽ
വയലിൻവാദകനായ ചാലക്കുടി
*എൻ എസ്സ്  നാരായണസ്വാമിയുമുണ്ടായിരുന്നു.*
മൃദംഗവിദ്വാൻ _വി സുരേന്ദ്രൻ_ ജൂനിയറും.
അക്കാഡമിയിലെ
പഠനത്തിന്ശേഷം
_തണ്ടർ ബേർഡ്സ്_ എന്ന ഗാനമേള സംഘത്തിലംഗമായി. _കുളത്തുപ്പുഴ രവി_ എന്നപേരിൽ
_മദിരാശിയിൽ_ കരളിലെ കനലിൽ വസന്തങ്ങൾ കരിഞ്ഞ കാലം. സ്വപ്നങ്ങൾ എന്നിനി തിരികെ വരുമെന്നറിയില്ല.
സിനിമാസംഘവുമായുള്ള പരിചയം നടൻ *സത്യനേയും* അതുവഴി *ബാബുരാജിനേയും* കണ്ട്മുട്ടി.
1969 ൽ *വെള്ളിയാഴ്ച* എന്ന ചിത്രത്തിൽ ജാനകിയോടൊപ്പം
""പാർവ്വണ രജനിതൻ പാനപാത്രത്തിൽ"" എന്ന ഗാനം ആലപിച്ചാണ് ആദ്യമായി പിന്നണിഗായകനാകുന്നത്. സത്യൻ എന്ന നടനായിരുന്നു ഗാനരംഗത്തിൽ.
1972 ൽ _ഉദയായുടെ_
*ആരോമലുണ്ണിയിൽ* സാക്ഷാൽ ദേവരാജൻ മാഷും *ആടിക്കളിക്കെടാ കൊച്ചു രാമാ* എന്ന ഗാനം
പാടാനവസരം നല്കി.

മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നാണ്  കണക്ക്.
*ഗിരിഷ് പുത്തഞ്ചേരിയുടെ* വരികളാണ് കൂടുതലും പാട്ടാക്കി മാറ്റിയത്.
*ഒഎൻവി* തമ്പി, ഖാദർ എന്നിവർക്കാണ് രണ്ടാം സ്ഥാനം.
1990 ൽ _പ്രണവമാർട്സിന്റെ_ ആദ്യചിത്രമായ *ഹിസ്സ് ഹൈനസ്സ് അബ്ദുള്ളയിൽ* പാടുകയും
_നാദരൂപിണി ശങ്കരി പാഹിമാം_ എന്ന ഗാനത്തിന് _എം ജി ശ്രീകുമാറിന്_ ദേശീയ അവാർഡ് നേടിക്കൊടുത്തു.
1997 ലെ
*ആറാംതമ്പുരാനിലെ* _സിന്ധുഭൈരവി_ രാഗത്തിൽ  ഒരുക്കിയ _ഹരിമുരളിരവം_ എന്ന ഗാനം ഏറ്റവും ദൈർഘ്യമേറിയ ഗാനമാണ്.
*വടക്കുംനാഥൻ* എന്ന ചിത്രമായിരുന്നു അദ്ദേഹം പാട്ടുകളൊരുക്കിയ അവസാന ചിത്രം. അദ്ദേഹത്തിന്റെ ഗാനങ്ങളധികവും റെക്കോർഡ് ചെയ്തത് സഹോദരതുല്യനായ _യേശുദാസ്സായിരുന്നു_

_രവീന്ദ്രൻമാഷിന്റെ_ ഗാനങ്ങളിൽ പ്രകടമാകുന്ന ക്ലാസ്സിക്കൽ ടച്ചിനെക്കുറിച്ച് ആസ്വാദകർതന്നെ വിലയിരുത്തിയിട്ടുണ്ട്. ഇത് അക്കാഡമിയിൽ _ഗാനൂഷണം_ പാസ്സായതിന്റെ ലക്ഷണമാണെന്ന് പറയാനാകില്ല.
മേഘപുരുഷൻ കനിഞ്ഞു നല്കിയ പൊൻവീണമീട്ടിയാൽ താരസ്വരങ്ങൾ  സംഗീതധാരയായല്ലേ ഉതിരൂ..
ഉദാഹരണങ്ങൾ നോക്കൂ.
1981 ൽ റിലീസായ *സ്വർണ്ണപക്ഷികളിലെ* മാഷിന്റെ ആദ്യകാലസൃഷ്ടിയായ  ഹൃദന്തം തുളുമ്പുന്ന   ""സ്മൃതികൾ നിഴലുകൾ തേങ്ങും മനസ്സിൽ"" എന്ന _കാനഡ_ രാഗത്തിലുളള ഗാനത്തിന്റെ ക്ലാസ്സിക്കൽ ഭാവം നോക്കൂ.
ഒരു വർഷം പിന്നിട്ടപ്പോൾ _ഗൃഹലക്ഷ്മിക്കുവേണ്ടി_ ഒരുക്കിയ
 *ചിരിയൊ ചിരിയിലെ*
_ഏഴ് സ്വരങ്ങളും തഴുകിവരുന്നൊരു_
എന്നഗാനം സാധാരണ പ്രേക്ഷകന് പോലും  ശാസ്ത്രിയമായി കമ്പോസ് ചെയ്തതാണെന്ന് മനസിലാക്കാൻ  നിഷ്പ്രയാസമാകുമായിരുന്നു.
ഇവിടെ നിന്നാണ് _രവീന്ദ്രന്റെ_ ഗാനങ്ങളെ മലയാളികൾ തിരിച്ചറിയാൻ തുടങ്ങിയത്.

കളിമണ്ണ് മെനഞ്ഞെടുത്ത് കത്തുന്ന കനലിൽ  പുത്തനായി അഴകിന്റെ ശില്പങ്ങൾ തീർക്കുന്ന ഒരു ശില്പിയെപ്പോലെയല്ല അദ്ദേഹം പാട്ടുകൾ ഒരുക്കിയിരുന്നത്.
ശോകസാന്ദ്രമായ ഒരു കഥയുടെ ഭാവങ്ങൾ ചിത്രീകരിക്കുമ്പോൾ ഇടയിൽ ഒരു ഗാനത്തിന്റെ ആവിർഭാവം എങ്ങിനെയായിരിക്കണം?
1991 ൽ *ഭരതം* സിനിമയുടെ ചിത്രീകരണം *കോഴിക്കോട്* നടക്കുന്നു.
മേല്പറഞ്ഞ സിനിമയുടെ ശോകനിർഭരമായ കഥാന്തരീഷം ചിത്രം കണ്ടിരിക്കുന്ന പ്രേക്ഷകരുടെ മനസ്സുകളിൽ പ്രാണനുരുകുന്ന ഗാനമാകുന്നു.
എന്നാൽ രംഗത്ത് കഥാപാത്രങ്ങൾ ആഹ്ളാദത്തിൽ,
_ശിവരഞ്ഞിനിയിൽ_ ആദ്യം ശ്രുതിമീട്ടിത്തുടങ്ങിയ ""രാമകഥാഗാനലയം മംഗളമെൻ"" എന്ന ഗാനത്തിന് പൂർണ്ണത കൈവന്നത് _ശുഭപന്തുവരാളിയുടെ_ ഛായയിൽ കൊണ്ടുവന്നപ്പോഴായിരുന്നു.
_രവീന്ദ്രന്_ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ഗാനമായിരുന്നു
രാമകഥാഗാനലയം.

ജനപ്രിയ ഗാനശാഖയിൽ തേനും വയമ്പുമൊഴുകിയും ഒറ്റക്കമ്പിനാദം മീട്ടിയും ഹരിമുരളിരവമൊരുക്കിയും  സർഗ്ഗവൈഭവത്തിന്റെ വെളിച്ചം വിതറിയ ഈ സംഗീതസാരഥി,
*മെല്ലിശൈമന്നൻ*
*എംഎസ്സ് വിയുടെ* കടുത്ത ആരാധകനായിരുന്നു.
മൂന്ന്
പതിറ്റാണ്ടുകളിലേറെയായി സംഗീതസപര്യ തുടരുകയും എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിരിന്റെ ധന്യതയാർന്നതുപോലെ തലമുറകൾ പകർന്നു നല്കിയ അനുഗ്രഹാശ്ശിസുകളിലൂടെയാണ് പഠിച്ചതും പാടിയതും പ്രവർത്തിച്ചതും.
സമാനതകളില്ലാത്ത  ശൈലിയിലൂടെ മെലഡിയുടെ മാസ്മരികതയിലൂടെ ആഹ്ളാദവും,ദുഖവും, പ്രണയവും, വിരഹവും, വ്യത്യസ്തമാകുന്ന വരികളിലൊക്കെയും വിസ്മയമൊരുക്കാൻ കഴിഞ്ഞതിൽ കലാകാരന് കാരണങ്ങൾ കുറെയൊന്നുമില്ല.
ശാശ്വതമായ ശുദ്ധസംഗീതത്തിന്റെ സ്വാഭാവികത മാത്രമാണിതെല്ലാമെന്ന വിനയപൂർവ്വമായ വെളിപ്പെടുത്തലിലാണ് അദ്ദേഹം ചെന്നു നിന്നിരുന്നത്.

സംഗീതത്തിലെന്നല്ല, കലയുമായി ബന്ധപ്പെട്ട മറ്റേതൊരു രംഗത്തും ആത്മാർപ്പണമായിരിക്കണം ആദ്യം എന്നത് മനപാഠമാക്കേണ്ട മന്ത്രമാണെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.
സിനിമയിലായാലും  കാസറ്റിലായാലും സീരിയലിലായാലും സംഗീതം സാധനയായിരിക്കണം,
സംസ്ക്കാരമായിരിക്കണം, എത്ര പണം കിട്ടിയാലും സംസ്ക്കാരം നഷ്ടമാകുന്ന സംഗീതത്തിന് അദ്ദേഹമുണ്ടായിരുന്നില്ല.

കാലഘട്ടങ്ങൾക്കനുസരിച്ചുള്ള സംഗീതം സർവ്വസാധാരണമാകുമ്പോൾ അത്യാന്താധുനികമെന്ന പേരിൽ അരങ്ങേറുന്ന
വൈകൃതങ്ങളോട് വെറുപ്പ് പ്രകടിപ്പിച്ചിരുന്നു _രവീന്ദ്രൻ._
ഒന്നുമില്ലായ്മയിൽ നിന്ന്
ഒരുപാട് നേടിയതിന്റെ പരിചയം പലർക്കും പാഠമാണ്.
സംഗീതം സന്നിവേശിച്ച മനസ്സുമാത്രമുണ്ടായിരുന്നപ്പോഴും വെറുതെ കിട്ടിയ വരദാനത്തെ  വഴിയാധാരമാക്കാതെ പരിപോഷിപ്പിക്കുകയായിരുന്നു.
കല ദിവ്യവും ശ്രേഷ്ഠവുമാണ്.
അതിൽ ജീവിക്കുക പുണ്യവും.

*ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു*

_ചെന്നൈയിലെ_ _സാലിഗ്രാമത്തിൽ_ _രവീന്ദ്രന്റെ_ ഭാര്യ _ശോഭന_ മക്കളോടും മരുമക്കളോടും  ജീവിക്കുന്നു
സ്നേഹമയനായ ഭർത്താവ് പൊടുന്നനെ അരികിലില്ലാതായതിന്റെ തകർച്ചയിൽ നിന്ന് കരകയറാൻ കാലമേറെയെടുത്തെന്ന് _ശോഭന,_. പിരിയുമ്പോൾ നക്ഷത്രമിഴിനിറയുമെന്നത് എത്ര സത്യം.
വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചാണ് _ശോഭന_ മാഷിനോടൊപ്പം ഇറങ്ങിത്തിരിച്ചത്
_കുളത്തുപ്പുഴയിൽ_ _രവീന്ദ്രനായി_ നിർമ്മിക്കാനുദ്യേശിച്ച സ്മാരകം പാതിവഴിയിലാണ്.
_കൊല്ലം_ ആസ്ഥാനമായി ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.
മക്കൾ മൂന്ന് പേരും സംഗീതത്തിന്റെ വഴിയിലാണ്.
രണ്ടാമത്തെ മകൻ _സാജൻ_  _യക്ഷിയും ഞാനും,_ _രഘുവിന്റെ സ്വന്തം റസിയ_
മുതലായ ചിത്രങ്ങൾക്ക് പാട്ടൊരുക്കിയിട്ടുണ്ട്.
ഇളയമകൻ. _നവീൻ_ ഗായകനാണ്.

കാവ്യവിനോദിനി,
കരിമഷി പടരുമീ കൽവിളക്കിൽ കനകാംഗുരമായ് വിരിയേണം
അന്തർനാളമായ് തെളിയേണം എന്ന പ്രാർത്ഥനയായിരുന്നു അദ്ദേഹത്തിനു
എന്നുമുണ്ടായിരുന്നത്.

എന്നാൽ  അവസാനകാലത്ത് പ്രസാദമധുരഭാവമെവിടെയോ പോയ്മറഞ്ഞു.

*മൃദുലനാദലയങ്ങളിൽ അശ്രുപാതമായിരുന്നു.*

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ