Feb_25 കുതിരവട്ടം പപ്പു

*താനാരാണെന്ന്* *തനിക്കറിയാൻ മേലെങ്കിൽ* *താൻ എന്നോട് ചോദിക്ക്,*
*താനാരാണെന്ന്!.*
*തനിക്ക് ഞാൻ പറഞ്ഞു തരാം താനാരാണെന്ന്.....*
*എന്നിട്ട് ഞാനാരാണെന്ന്*
*എനിക്കറിയാമോന്ന് എന്നോട് ചോദിക്ക്*
*അപ്പോൾ*
*ഞാൻപറഞ്ഞുതരാം* *ഞാനാരാണെന്നും*
*താനാരാണെന്നും'*
.
സംവിധായകൻ
_എസ് പ്രിയദർശൻ_ പോലും (അദ്ദേഹത്തിന്റെ ചിത്രത്തിലെ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിലെ ഒരു സംഭാഷണ ശകലമായിരുന്നു മേലുദ്ധരിച്ചത്)
*പപ്പുവേട്ടന്റെ* ഈ തമാശ വാചകങ്ങൾ പരസ്പരം മാറ്റിമാറ്റി പറഞ്ഞ് നാക്കുളുക്കിപ്പോയെന്ന് സമ്മതിച്ചിട്ടുണ്ട്.

മലയാള സിനിമയുടെ വലിയൊരു നഷ്ടത്തിന്
ഇരുപതാണ്ട് തികയുന്നു.
2000 ഫെബ്രുവരി 25 നാണ് *കുതിരവട്ടം പപ്പു* കോഴിക്കോട്, നിര്യാതനായത്.
ഷാജി കൈലാസിന്റെ *നരസിംഹമായിരുന്നു* അവസാന ചിത്രം.

ഒരു ചെറിയേ സ്പാനറും താമരശ്ശേരിചുരവും കൊണ്ട് തിയേറ്ററുകളിൽ ആരവം മുഴക്കിയ കലാകാരൻ. പപ്പുവിന്റെ നോട്ടം നടത്തം എല്ലാം പ്രേക്ഷകന് ചിരിക്കാനുള്ള വക നല്കി.
പത്മദളാക്ഷൻ എന്ന കുതിരവട്ടം പപ്പു മലയാളസിനിമയിൽ മലബാറിന്റെ സാന്നിധ്യമായിരുന്നു.
കോഴിക്കോടൻ നാടകക്കളരിയിൽ നിന്ന് വന്ന് മൂന്ന് പതിറ്റാണ്ട്കാലം  മലയാള സിനിമയുടെ അവിഭാജ്യഘടകമായി ആ കലാകാരൻ.
ഒരു നടൻ എന്നതിലുപരി കഷ്ടപ്പാടും അലച്ചിലും നിറഞ്ഞ മനുഷ്യാവസ്ഥകളുടെ പ്രതിനിധി കൂടിയായിരുന്നു മഹാനായ ആ കലാകാരൻ.
പപ്പു മാള ജഗതി ത്രയങ്ങൾ മലയാള സിനിമയുടെ അരങ്ങുകളിൽ തീർത്ത
ചിരിവട്ടത്തിന് ഇന്നും വൈഡൂര്യത്തിളക്കം. കാലം കണക്ക് തീർക്കുന്നതും  സിനിമയുടെ ടൈറ്റിൽ മുറപ്രകാരം തന്നെ.
പപ്പുവിന്റെ കഥാപാത്രങ്ങളെ തിരിച്ചറിയാൻ രൂപമാവശ്യമില്ല. സ്വതസിദ്ധമായ അഭിനയ രീതിയാൽ ഒരു ഹാസ്യനടനും ഒരു സ്വഭാവനടനും
ഈ പ്രതിഭയിൽ സമന്വയിച്ചു.

_പനങ്ങാട്ട് രാമന്റെയും_ _ദേവിയുടേയും_ മൂത്ത പുത്രനായി _കോഴിക്കോട്‌_ ജില്ലയിലെ *ഫറോക്കിലാണ്*
1937 ഡിസംബറിലാണ് _പത്മദളാക്ഷൻ_ ജനിച്ചത്.
സാധാരണ വിദ്യാഭ്യാസത്തിന് ശേഷം ചില്ലറ
ജോലിചെയ്ത്
ജീവിതം മുന്നോട്ടു പോകവേ  കോഴിക്കോട്ടെ _ദേശപോഷിണി ഗ്രന്ഥശാലയിലെ_ നാടക സമിതിയുമായി അടുക്കുന്നു.
_തിക്കൊടിയന്റെ_ നേതൃത്വത്തിൽ നടന്മാരായ
_കുഞ്ഞാണ്ടിയും,_
_ബാലൻ കെ നായരും,_ _നെല്ലിക്കോട് ഭാസ്ക്കരനും,_
 റിഹേഴ്സലിനെത്തുമ്പോൾ പപ്പുവും ഒരു സഹായിയായി അവിടെയുണ്ടാകും. ചില അവസരങ്ങളിൽ നാടകാവതരണം നടക്കുമ്പോൾ അഭിനയിക്കാൻ എത്താതിരുന്ന ചെറിയ നടന്മാരുടെ റോളുകൾ ചെയ്തു തുടങ്ങി. ഇതിന്  പ്രത്യേകിച്ച് തയ്യാറെടുപ്പോ, റിഹേഴ്സലോ വേണ്ടി വന്നില്ല.
പെട്ടെന്ന് ഒരു കഥാപാത്രമായി മാറാനും സ്വന്തമായി സംഭാഷണങ്ങൾ പറയാനും അനായാസം ഇദ്ദേഹത്തിന് കഴിഞ്ഞു.
_ചന്ദ്രതാരാ ഫിലിംസ്_ ഉടമ *ടി.കെ. പരീക്കുട്ടി* ഒരിക്കൽ
_കുപ്പയിൽ നിന്ന്_ എന്ന നാടകാവതരണം കാണാനിടയായി.

ചലച്ചിത്രലോകത്ത് പപ്പുവിനെ ആനയിച്ചത് _രാമുകാര്യാട്ടായിരുന്നു._
_തോപ്പിൽഭാസിയുടെ_
 -മുടിയനായ പുത്രനിൽ_ അഭിനയിപ്പിക്കാൻ തീരുമാനിച്ചെങ്കിലും തക്കതായ റോളുകളില്ലാതിരുന്നു
1963 ൽ _പൊറ്റക്കാടിന്റെ_ *മൂടുപടം* ചലച്ചിത്രമാക്കിയപ്പോൾ ഒരു വേഷംനല്കി.
എന്നാൽ _ബഷീറിന്റെ_ _നീലവെളിച്ചം_ എന്ന കൃതി
ചന്ദ്രതാരാ ഫിലിംസ് 1964 ൽ *ഭാർഗ്ഗവീനിലയം* എന്നപേരിൽ *വിൻസന്റ്* സംവിധാനം ചെയ്തപ്പോൾ സാക്ഷാൽ *ബേപ്പൂർ സുൽത്താൻ* തന്നെ *കുതിരവട്ടം പപ്പു* എന്ന പേരിൽ
ഭാർഗ്ഗവിക്കുട്ടിയുടെ വാല്യക്കാരനാക്കി.

1980 ഏപ്രിൽ മാസമാണ്  *ഐ.വി.ശശിയുടെ* _അങ്ങാടി_ പുറത്തിറങ്ങിയത്
ശശി സംവിധാനം ചെയ്യുന്ന ചിത്രങ്ങളെല്ലാം കോഴിക്കോടാണ് ഷൂട്ട് ചെയ്യുക.
ചിത്രമിറങ്ങിയതോടൊപ്പം
_ആകാശവാണിയിൽ_ പരസ്യവും വന്നുതുടങ്ങി.
ചലച്ചിത്ര
ഗാനങ്ങൾക്കിടയിലെ പരസ്യത്തിന്റെ രൂപമിതായിരുന്നു.

"ഖദീശുമ്മ ഇതുവരെ സിനിമ കണ്ടിട്ടേയില്ല".
"എന്നാലങ്ങാടികണ്ടു"
പിന്നെ ഉമ്മയുടെ സ്വരമാണ്.
അബുവിനെക്കുറിച്ചാണ് വേവലാതി.
കെട്ടിക്കാറുണ്ടായ ഒരു പെങ്ങള് ഓന് ഉണ്ടോന്ന് വല്ല വിചാരമുണ്ടോ?
പാവാടവേണം മേലാടവേണമെന്ന ഗാനത്തിന്റെ ആദ്യവരികളും.
ശരിയാണ് അബുവിന് ഉമ്മയും പെങ്ങളും മാത്രം.
ബാപ്പ ആരെന്നറിയീല്ല..
ഒടുവിൽ ബാപ്പയെ തിരിച്ചറിയുന്നു.
പെങ്ങളെ കുരുതികൊടുത്ത ഇളയച്ഛനെ കുത്തി കൊലപ്പെടുത്തി ജയിലിലേക്ക് .
_പപ്പുവിന്റെ_ അബു എന്ന കഥാപാത്രം അങ്ങാടിയിൽ നിറഞ്ഞു നിന്നു

ദേശത്തെ ജനങ്ങളെ മരിപ്പിക്കാൻ നടക്കുന്ന
*കുട്ടിനാരായണൻ.*
എംടി വാസുദേവൻ നായരുടെ കഥാപാത്രമാണ്‌.
ഐവി ശശി പപ്പുവിനെയാണ് കുട്ടിനാരായണനിൽ കണ്ടത്.
എത്ര ഉജ്ജ്വലമായ പ്രകടനം. പ്രദേശത്തെ സമ്പന്നമായ ഒരു നായർ തറവാട്ടിലെ മാധവൻമാഷിന്റ മരണത്തെ സംബന്ധിച്ച് നാരായണന് കൂടെക്കൂടെ ചില പ്രവചനങ്ങളും കണക്ക് കൂട്ടലുകളുമുണ്ട്.
തനി വള്ളുവനാടൻ
ശൈലിയിലെ ഈ ഗദ്ഗദമൊന്നു ശ്രദ്ധിക്കൂ..

""മാഷക്കിപ്പോൾ....
അറുപത്തിമൂന്ന് അറുപത്തിനാല്.....
തരക്കേടൊന്നൂല്യ...
മരിക്കണ്ട പ്രായം തന്നെ.
ഇന്നെന്താ നാള്?
ഉം, നാളേയ്ക്ക് നോക്കിയാൽ മതി.
ഏകാദശിം ദ്വാദശീം ചേരണ തിരുവോണം."

ഇതാണ് പപ്പുവിന്റെ വിജയം.
തനി കോഴിക്കോടൻ നാടൻഭാഷമാത്രമല്ല മറ്റ് ശൈലികളും  തനിക്ക് വശമാകുമെന്ന് *ആൾക്കൂട്ടത്തിൽ തനിയെ* എന്ന ചിത്രത്തിലൂടെ പപ്പു തെളിയിച്ചു.
1990 ൽ _സീമ_ നിർമ്മിച്ച _എംടിയുടെ_ കഥയിൽ _ശശിതന്നെ_ സംവിധാനം ചെയ്ത *മിഥ്യയിലെ* _എഴുത്തശ്ശനും_ _വള്ളുവനാടൻ_ ഛായയായിരുന്നു.

1200 ഓളം ചിത്രങ്ങളിലെ ചില കഥാപാത്രങ്ങളെ മാത്രം തിരഞ്ഞെടുത്ത് നിരത്തുകയാണ്.
ഒരു പക്ഷേ ശശിയും പ്രിയദർശനുമായിരിക്കാം ഏറ്റവുമധികം കോമഡി വേഷങ്ങൾ പപ്പുവിനെ അണിയിച്ചത്.
ടി. ദാമോദരൻ ശശിക്ക് വേണ്ടി കഥയെഴുതുമ്പോൾ പപ്പുവിന് ഒരു വേഷമുണ്ടാകുമെന്നത് ഉറപ്പാണ്.
_പ്രിയദർശൻ_ എന്ന സംവിധായകന്റെ ഒരു ദൗർബല്യമായിരുന്നു പപ്പു. പ്രിയന്റെ സിനിമകൾക്ക് പത്തരമാറ്റ് തിളക്കം നല്കിയിരുന്ന അഭിനേതാവായിരുന്നു *പപ്പു* എന്ന് പ്രിയൻതന്നെ സമ്മതിച്ചിട്ടുണ്ട്.
ആദ്യ ചിത്രമായ *പുച്ചയ്ക്കൊരു മൂക്കുത്തി* മുതൽ ചന്ദ്രലേഖ വരെയുള്ള ചിത്രങ്ങളിൽ  മിക്കതിലും പപ്പുവിന് നല്ല വേഷങ്ങളും അഭിനയ സ്വാതന്ത്ര്യവും നല്കിയിരുന്നു.

1981 ഡിസംബറിൽ
പുറത്തുവന്ന *അഹിംസ* യിൽ നോക്കൂ.
പപ്പു ഒരു ഡോബി(അലക്ക്കാരൻ) ആയിട്ടാണ് അഭിനയിക്കുന്നത്. കൂട്ടത്തിൽ യേശുദാസിന്റെ ഒരു ഗാനവും പാടിയഭിനയിക്കുന്നു.

_നവോദയായുടെ_ *പടയോട്ടം* 1982 ൽ റിലീസായപ്പോൾ പപ്പുവിനും ലഭിച്ചു *പൊക്കൻ* എന്ന വേഷം. രാജപ്രതാപത്തെ തകർക്കാൻ ഗൂഢാലോചന നടത്തുന്ന കുറുപ്പിനും കമ്മാരനും രഹസ്യങ്ങൾ ചോർത്തുന്ന നെഗറ്റീവ് റോൾ.

1986 ൽ _ദാമോദരന്റെ_ കഥയെ ആസ്പദമാക്കി _ശശി_ _ഗൃഹലക്ഷ്മിക്ക്_ വേണ്ടി *വാർത്ത* എന്നൊരു ചിത്രം സംവിധാനം ചെയ്തു.
തെരുവിലെ അനാഥനായ ഹംസയെന്ന കഥാപാത്രമായാണ് പപ്പു അഭിനയിച്ചത്.

1981 ൽ _വിജയാനന്ദ്_
""റ്റിറ്റ് ഫോർ റ്റാറ്റ് അഥവാ ദ്വന്ദയുദ്ധം"" എന്നൊരു ചിത്രം സംവിധാനം ചെയ്തതിൽ പപ്പുവിന് ഇരട്ടവേഷം' സമ്പന്നനായ _നാഗേഷിന്റെ_ മന്ദബുദ്ധിയായ മകനും പോലീസുകാരനും.

ചില നെഗറ്റീവ് റോളുകളും കാണികൾക്ക്‌ വിദ്വേഷം ജനിപ്പിക്കുന്ന രീതിയിൽ _പപ്പു_ കൈകാര്യം ചെയ്തിട്ടുണ്ട്.
1996 ൽ *ടി.എ. റസാക്കിന്റെ* കഥയെ ആസ്പദമാക്കി
_സിബി മലയിൽ_ ഒരുക്കിയ *കാണാക്കിനാവിലെ* "അമ്മായിക്ക" എന്ന വേഷത്തോട് എത്രമാത്രം വെറുപ്പായിരുന്നുവെന്നത് ആ വേഷത്തോട് പപ്പുകാട്ടിയ പ്രതിബദ്ധതയാണ്.

_മണിച്ചിത്രത്താഴിലെ_ *കാട്ടുപറമ്പൻ*,
_വിയറ്റ്നാം കോളനിയിലെ_
*എരുമേലി*
_ദി കിങ്ങിലെ_
സ്വാതന്ത്ര്യസമര സേനാനി *കൃഷ്ണൻ*
_ആറാം തമ്പുരാനിലെ_ *മംഗലം* _ഏയ് ആട്ടോയിലെ_  *പുയ്യാപ്ല* ഇതൊക്കെ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ചുരുക്കം ചില വേഷങ്ങൾ മാത്രമാണ്.

1986 ൽ _മോഹൻലാലിന്_ ആദ്യമായി സംസ്ഥാന അവാർഡ് ലഭിച്ച
_സത്യൻ അന്തിക്കാടിന്റെ_
*ടി.പി. ബാലഗോപാലൻ എം എ*
എന്ന ചിത്രത്തിലെ പ്രൈവറ്റ് ബസ്സ്കണ്ടക്ടറായ *ഭാസ്ക്കരൻ* എന്ന വേഷമഭിനയിക്കുമ്പോഴേ *താമരശ്ശേരി ചുരം* _പപ്പുവിന്റെ_ മനസ്സിലുണ്ട്.
1988 ൽ
*വെളളാനകളുടെ നാടിലെ*
റോഡ് റോളർ ഡ്രൈവർ *സുലൈമാൻ* ശരിക്കും വണ്ടിയുമായി ചുരമിറങ്ങി.
ഡയലോഗ് എഴുതിവച്ചിരുന്നതിനെക്കാൾ സ്വാതന്ത്ര്യം പപ്പുവിന് സംവിധായകൻ അനൂവദിച്ചിരുന്നതിന്റെ ഉദാഹരണമായിരുന്നു ഇത്.

_കുതിരവട്ടം പപ്പുവിന്_ പകരം വയ്ക്കാൻ മറ്റൊരു നടൻ മലയാളത്തിലുണ്ടാകില്ല.
അദ്ദേഹത്തിന്റെ ഇളയ മകൻ ബിനു പിതാവിന്റെ പാതയിലാണ്.
എന്നാലും ഒരു *ടാസ്ക്കി വിളിയെടാ*
എന്നുറക്കേ അടഞ്ഞ സ്വരത്തിലലറാൻ _പപ്പു_ തന്നെ വേണം.
കലാകേരളം വേണ്ടത്ര ആദരിക്കാത്ത നടന്, ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു.

*കെ. ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ