Feb_24 രുക്മിണി ദേവി

*ഉത്സവപ്പന്തലിൽ കഥകളിയിന്നലെ*
*രുക്മിണിസ്വയംവരമായിരുന്നു.*
*നന്ദകുമാരന്റെ വേഷം കണ്ടിട്ട് നിൻ മിഴിയെന്തേ*
*നനഞ്ഞുപോയി??*

*വൃന്ദാവനത്തിലെ രാധയെ ഞാൻ,*
*അന്നേരമോർമ്മിച്ച് നിന്നുപോയി.*

_രാധയുടെ  പ്രണയവും നൃത്തത്തിലെ ലാസ്യഭാവവും_
ആയിരിക്കാം ഓർത്തത്.

*കൂട്ടുകുടുംബം.* (1969) വയലാർ, ദേവരാജൻ
പി സുശീല, ബി വസന്ത എന്നിവരാണ്
സ്വപ്നസഞ്ചാരിണി എന്നു തുടങ്ങുന്ന ഗാനത്തിന്റെ ശില്പികൾ.

1980 ൽ _തിരുവനന്തപുരത്ത്_ *അമ്മ മഹാറാണിയുടെ*
പിറന്നാളാഘോഷം.
_കനകക്കുന്നിലെ_ കമനീയമായ പന്തലിൽ
*അഡയാർ കലാക്ഷേത്രത്തിലെ* പ്രഗല്ഭരായ കലാകാരന്മാർ *രുക്മിണിസ്വയംവരം* നൃത്ത നാടകമവതരിപ്പിക്കുന്നു.
കലാക്ഷേത്രയുടെ സ്ഥാപകയും പ്രശസ്ത നർത്തകിയുമായ
*രുക്മിണിദേവി അരുൺഡേയ്ലും* വേദിയിലുണ്ട്.  ഭാഗവതത്തിലെ കൃഷ്ണകഥകൾ ഏറെക്കൂറെ അവതരിപ്പിച്ച് ചാരിതാർത്ഥ്യത്തോടെയാണ് സംഘം മടങ്ങിയത്.

1977 ൽ അടിയന്തിരാവസ്ഥയ്ക്ക്ശേഷമുള്ള പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്
തോറ്റുതുന്നംപാടി.
*മൊറാർജിദേശായിയുടെ* നേതൃത്വത്തിൽ
_ജനതാസർക്കാർ_ അധികാരത്തിൽ വന്നു.
1976 ൽ നിലവിലെ പ്രസിഡണ്ട് *ഫക്രുദീൻ ആലിമുഹമ്മദിന്റെ* നിര്യാണശേഷം
പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ സർക്കാർ വിജ്ഞാപനമിറക്കി.
ഇന്ത്യയുടെ പ്രസിഡണ്ട് സ്ഥാനമലങ്കരിക്കാൻ _മൊറാർജി,_ അന്ന്
_രുക്മിണിദേവിയെ_ സന്തോഷത്തോടും ആദരവോടും ക്ഷണിക്കുകയുണ്ടായി.
എന്നാൽ കലാപോഷണത്തിലും വിദ്യാഭ്യാസ സാമൂഹിക, പക്ഷിമൃഗാദികളോടുളള ക്രൂരതയ്ക്കെതിരായ പ്രവർത്തനങ്ങളിലും മുഴുകുന്നതിന്
തടസമാകുമെന്നുളളതിനാൽ രാജ്യത്തെ പ്രഥമപൗര പദവി ആ കലവിദുഷി സ്നേഹത്തോടെ നിരസിച്ചു.
തുടർന്ന് ഭാരതചരിത്രത്തിലാദ്യമായി *എൻ സഞ്ജീവറെഡ്ഡി* ഏകകണ്ഠമായി  തിരഞ്ഞെടുക്കപ്പെട്ടു.

ഭാരതീയ ദൃശ്യകലയുടെ നവോത്ഥാനത്തിന് ഇരുപതാം ശതകത്തിൽ ജീവിതം ഉഴിഞ്ഞുവച്ച വനിതയായ _രുക്മിണിദേവി അരുൺഡേയ്ൽ_
1986 ഫെബ്രുവരി 24 ന് *ചെന്നൈയിൽ* നിര്യാതയായി.

*ടാഗോറിന്റെ* _ശാന്തിനികേതനവും_ *വളളത്തോളിന്റെ*
_കേരള കലാമണ്ഡലവും_ പോലെ പ്രസിദ്ധമായ _അഡയാർ കലാക്ഷേത്രത്തിന്റെ_ സ്ഥാപകയായ  _രുക്മിണി,_
1904 ഫെബ്രുവരി 29 ന്  _മധുരയിലാണ്_ ജനിച്ചത്.
യാഥാസ്ഥിതിക ബ്രാഹ്മണരായ  _നീലകണ്ഠശാസ്ത്രിയുടേയും_ ശേഷമ്മാളിന്റെയും_ ആറാമത്തെ മകളാണ്.
എഞ്ചിനിയറും സംസ്കൃത പണ്ഡിതനുമായിരുന്നു പിതാവ്.
കുട്ടിക്കാലത്തുതന്നെ _ദേവി_ നൃത്തമഭ്യസിച്ചു തുടങ്ങി. പിതാവിന്റെ ഉദ്യോഗത്തിന്റെ ഭാഗമായുളള സ്ഥലം മാറ്റം കുടുംബത്തിനെ അഡയാറിലെത്തിച്ചു. തിയോഹഫിക്കൽ സൊസൈറ്റിയുടെ
ആസ്ഥാനമവിടെയായിരുന്നു.
_രുക്മിണിയുടെ_
നൃത്തത്തിലാകൃഷ്ടനായി  _തിയോഹഫിക്കൽ സൊസൈറ്റിയിൽ_ *ആനിബസന്റിന്റെ* സഹപ്രവർത്തകനായിരുന്ന ആസ്ത്രേലിയക്കാരനായ *ഡോ. ജോർജ് അരുൺഡേയ്ൽ*
1920 ൽ അവരെ വിവാഹം ചെയ്തു. സമൂഹത്തിലെ സവർണ്ണ മേധാവിത്വം പുലർത്തിയിരുന്ന
യാഥാസ്ഥിതികരിൽ ഇത് എതിർപ്പുളവാക്കി.

സൊസൈറ്റിയുടെ ആദർശങ്ങൾ പ്രചരിപ്പിക്കാൻ 1926 ൽ ലോകയാത്ര നടത്തിയ ഭർത്താവിനോടൊപ്പം രുക്മിണിയുമനുഗമിച്ചു.
വിശാലമായ ലോകത്തിന്റെ കാഴ്ചയും നൃത്തസംഗീത രൂപങ്ങളുടെ വൈവിധ്യദർശനവും  _രൂക്മിണിയിലെ_ കലാകാരിയിൽ നവ്യോർജ്ജം പകർന്നു.
പ്രസിദ്ധ റഷ്യൻ ബാലേ നർത്തകിയായ *അന്നാ പാവ്‌ലോവയുടെ*  നൃത്തപ്രകടനം കണ്ട് പ്രചോദിതയായി.
_ബാലെ_ എന്ന റഷ്യൻ
ന്യത്തശൈലി അതിനുശേഷമാണ്
ഇന്ത്യയിൽ പ്രചരിക്കുന്നത്.
ഒരുകാലത്ത് ക്ഷേത്രോൽസവങ്ങളിലെ കലാവിരുന്നുകളിൽ
ഒഴിവാക്കാൻ
ഒരുതരത്തിലും നിർവ്വാഹമില്ലാതിരുന്ന ബാലെയുടെ ഇന്നത്തെ സ്ഥിതിയോ?.

ഭാരതീയമായ ദേവദാസി നൃത്തരൂപം പുനരുദ്ധരിക്കണമെന്ന ആഗ്രഹവുമായാണ്
_രുക്മിണിദേവി_ ഇന്ത്യയിൽ തിരിച്ചെത്തിയത്.
"സദിർ", "ചിന്നതാളം" എന്നൊക്കെ അറിയപ്പെട്ടിരുന്ന ദേവദാസി നൃത്തരൂപത്തെ പരിഷ്ക്കരിച്ച് ഭരതനാട്യമാക്കിയത് അവരായിരുന്നു. ഇതിനിടയിൽ _പന്തലൂർ_ *മീനാക്ഷിസുന്ദരംപിളളയിൽ* നിന്ന് രണ്ട്
വർഷം നൃത്തവും പഠിച്ചു.

ദേവിയുടെ ഭർത്താവ് അദ്ധ്യക്ഷനായ _സൊസൈറ്റി_ പ്രവർത്തിച്ചിരുന്ന _അഡയാറിൽ_
1936 ജനുവരിയിൽ കലകൾക്ക് വേണ്ടിയുള്ള
അന്താരാഷ്ട്ര കേന്ദ്രം സ്ഥാപിച്ചു.
ഭരതനാട്യവും മറ്റ് നൃത്ത രൂപങ്ങളും മാത്രമല്ല നാടകവും കേരളത്തിന്റെ *കഥകളിയുമൊക്കെ* പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയുമായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം.
1963 ൽ *കലാക്ഷത്രം* എന്ന പേരിട്ട സ്ഥാപനം *തിരവാൺമിയൂരിലേയ്ക്ക്* മാറ്റി .

ഒരു വിദ്യാർത്ഥിനിയുമായി ആരംഭിച്ച "കലാക്ഷേത്രം" കുറഞ്ഞ കാലംകൊണ്ട് ഇന്ത്യയിലെ മഹത്തായ കലാ സ്ഥാപനങ്ങളിലൊന്നായി മാറി. നിരവധി പ്രമുഖർ അവിടെ പഠിപ്പിക്കാനെത്തി. പഠിച്ചിറങ്ങിയ പലരും പ്രശസ്തരായി.
_പാപനാശം ശിവൻ_
_എം.ഡി.രാമനാഥൻ_
_ടൈഗർ വരദാചാര്യർ_
എന്നിവർ അവിടെ സംഗീതാദ്ധ്യാപകരായിരുന്നു.
സംസ്കൃതം, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലുള്ള ഗാനങ്ങളിൽ ചിട്ടപ്പെടുത്തിയ നിരവധി നൃത്തനാടകങ്ങൾ കലാക്ഷേത്രം അവതരിപ്പിച്ചു.
കേരളീയ കൂത്തമ്പലമാതൃകയിൽ  കലാക്ഷേത്രത്തിൽ
_രുക്മിണിദേവി_ പണിയിച്ച അരങ്ങിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മാത്രമല്ല  അതിഥികളായെത്തുന്ന പ്രശസ്തരുടെയും
ചിലങ്കകൾകിലുങ്ങി.
അന്തേവാസികൾക്കിടയിൽ *അത്തൈ*(അമ്മായി) എന്ന വിളിപ്പേരിൽ അവരറിയപ്പെട്ടു.

അസാധാരണമായ
ഭക്തിപ്രാചുര്യം ക്ലാസ്സിക്കൽ അംശങ്ങളുടെ പ്രധാന്യം, ലാളിത്യം, നാടകീയത, വൈവിധ്യം, നൃത്തസംഗീത സമന്വയഭംഗി, സർവാംഗീണമായ ആഭിജാത്യം എന്നിവയൊക്കെ _രുക്മിണിയുടെ_ നൃത്തനാടകങ്ങളുടെ സവിശേഷതയായിരുന്നു.
പാവ് ലോവയെപ്പോലെ വേഷം ധരിച്ച് രാധയെപ്പോലെ നൃത്തം ചെയ്ത _രുക്മിണിയിൽ_ അന്താരാഷ്ട്ര സ്വാധീനവും ദർശിക്കാം.
തെക്ക് കിഴക്കനേഷ്യയിൽ സഞ്ചരിച്ചതിന്റെ സ്വാധീനം രാമായണകഥാനൃത്തനാടകങ്ങളുടെ ആവിഷ്ക്കാരത്തിലുണ്ട്.

ലോക പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണയായ
*മറിയ മോണ്ടിസോറിയെ* ഇന്ത്യയിൽ വരുത്തിയത് _രുക്മിണിയും_ ഭർത്താവും ചേർന്നായിരുന്നു.
ഇന്ത്യയിലാദ്യമായി മോണ്ടിസോറി സമ്പ്രദായത്തിലുളള സ്കൂൾ സ്ഥാപിച്ചത് അവരാണ്.
1945 ൽ ഭർത്താവ്
_അരുൺഡേയ്ൽ_ അന്തരിച്ചു.
1952, 1956 വർഷങ്ങളിൽ രാജ്യസഭയിലേയ്ക്ക് അവരെ നോമിനേറ്റു ചെയ്തു.
ഒരു വനിതയെ ആദ്യമായി നോമിനേറ്റ് ചെയ്തതിന്റെ
ക്രെഡിറ്റ് എന്നും അവരുടെ പേരിലായിരിക്കും.

പക്ഷിമൃഗാദികളോടുള്ള ക്രൂരതയ്ക്കെതിരെ ശബ്ദിച്ച രുക്മിണിദേവി സസ്യഭോജനത്തിനുവേണ്ടി വാദിച്ചു.
*ലോക വെജിറ്റേറിയൻ കോൺഗ്രസ്,*
_ജന്തുക്ഷേമ ബോർഡ്_ എന്നിവയുടെ അദ്ധ്യക്ഷയും, *ലണ്ടൻ* ആസ്ഥാനമായ
_ബ്യൂട്ടി വിത്തൗട്ട് ക്രുവൽറ്റി_  എന്ന സംഘടനയുടെ ഉപാധ്യക്ഷയുമായിരുന്നു അവർ.
രാജ്യസഭാംഗമായിരിക്കുമ്പോൾ മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയ്ക്കെതിരെ ഒരു നിയമം പാസാക്കാൻ അവർ ശ്രമിച്ചു.
നിരവധി പുരസ്‌കാരങ്ങളും ബഹുമതികളുംകൊണ്ട് ആദരണീയയായ അവർക്ക് രാഷ്ട്രം 1956 ൽ *പത്മഭൂഷൺ* സമ്മാനിച്ചു.


ആ ശുഭമയി സമൂഹത്തിനും രാഷ്ട്രത്തിനും നല്കിയ സേവനങ്ങൾക്കൊപ്പം തന്നെ ജീവിതവും
ജീവിതലക്ഷ്യങ്ങളും നേട്ടങ്ങളും വഴി നവ്യമായൊരു സന്ദേശംകൂടി നല്കുകയായിരുന്നു.
കലയേയും സംസ്ക്കാരത്തെയുംകുറിച്ച്
അവർക്കുള്ള വീക്ഷണങ്ങളുടെ
മൂർത്തിമദ്ഭാവമായ *കലാക്ഷേത്രം* ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന സ്ഥാപനമാണ്. ലോക പ്രശസ്ത നർത്തകരായ
രാധാ ബെർണിയർ,
ശാരദാ ഹോഫ്മാൻ,
സംയുക്താ പാണിഗ്രാഹി,
യാമിനി കൃഷ്ണമൂർത്തി
തുടങ്ങിയവർ കലാക്ഷേത്രയിൽ അഭ്യസിച്ചവരാണ്.

1985 ൽ *ഐവി ശശി* സംവിധാനം ചെയ്ത എംടിയുടെ *രംഗം*  എന്ന ചിത്രത്തിൽ _അപ്പുണ്ണി_(മോഹൻലാൽ)
_ചന്ദ്രികയെ_ (ശോഭന)
മദിരാശിയിലെ പത്മാവതി ദേവിയുടെ അക്കാഡമിയിൽ പഠിക്കുന്നതിന് കൊണ്ടുപോകുന്നത്  കലാക്ഷേത്രയെയാണ് ഉദ്യേശിക്കുന്നത്.


"പുണ്യവതിയായ
നർത്തകിയുടെ കനകച്ചിലങ്കയുടെ കിലുക്കം നിലച്ചു".
*ദി ഹിന്ദു* ഇങ്ങിനെയാണ്,  അവരുടെ വിയോഗവാർത്ത പത്രത്തിൽ എഴുതിയത്.

*സദയമയിക്ക്  പ്രണാമം.*

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

Jan_01_1989/ജി.ശങ്കരപിള്ള

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ