Feb_23(2) കീറ്റ്സ്

*"സൗന്ദര്യമെന്നാൽ സത്യം.*
*സത്യമെന്നാൽ സൗന്ദര്യം,"*

*ഓഡ് ഓൺ എ ഗ്രീസിയൻ*
*ഏൺ*
എന്ന കാവ്യത്തിൽ പ്രശസ്ത
ഇംഗ്ലീഷ് കവി
*ജോൺ കീറ്റ്സ്*
പാടിയതാണ്.

കാല്പനിക കവി എന്ന സങ്കല്പത്തിന്റെ ആദിരൂപവും ഒരു ഇംഗ്ലീഷ് കവിയുമാണ്‌ *ജോൺ കീറ്റ്സ്.*
കാല്പനികകവിതയ്ക്ക് ഐന്ദ്രിയ സമൃദ്ധിയുടെ ചിറകുകൾ നല്കിയ
കീറ്റ്സിനെ പത്തൊമ്പതാം
നൂറ്റാണ്ടിലെ ഏറ്റവും
മഹാനായ കവിയെന്നാണ്
*ആൽഫ്രഡ് ടെന്നീസൺ*
വിലയിരുത്തിയത്.
"സൗന്ദര്യത്തിന് വേണ്ടിയുള്ള
ധൈഷണികവും ആത്മീയവുമായ ആസക്തിയായിരുന്നു"
കീറ്റ്സിന്റേതെന്ന്
*മാത്യൂ ആർനോൾഡും* പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രേഷ്ഠരായ ആംഗലേയ കവികളിലൊരാളായ
*ടിഎസ് എലിയറ്റും*
കീറ്റ്സിനെ വാഴ്ത്തി.
കീറ്റ്സിന്റെ കത്തുകൾ,
'ഒരിംഗ്ലീഷ് കവി എഴുതിയ ഏറ്റവും ശ്രദ്ധേയവും സുപ്രധാനമായവയെന്നാണ്'
എലിയറ്റ് അഭിപ്രായപ്പെട്ടത്.
26 വയസ്സ് വരെ മാത്രം
ജീവിച്ച കീറ്റ്സ്
ആ ഹ്രസ്വായുസ്സ്കൊണ്ട്
കാല്പനികതയുടെ വസന്തോത്സവം തന്നെ സൃഷ്ടിച്ചു.
കാല്പനിക കവികളിൽ
ഒടുവിൽ ജനിച്ചതും ഏറ്റവും ചെറിയ പ്രായത്തിൽ  മരിച്ചതും അദ്ദേഹമാണ്‌. കീറ്റ്സിന്റെ രചനകളെല്ലാം 1817 നും1820 നും ഇടയ്ക്കുള്ള മൂന്ന് വർഷക്കാലത്തിനിടെ
വെളിച്ചംകണ്ടവയാണ്‌.
ആദ്യ കവിതകളുടെ പ്രസിദ്ധീകരണത്തിന് വെറും നാല് വർഷത്തിന് ശേഷം,
അന്തരിച്ച കീറ്റ്സ്,
ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രതിഭകളിൽ ഒരാളും, ബൈറണും ഷെല്ലിക്കുമൊപ്പം കാല്പനിക പ്രസ്ഥാനത്തിന്റെ നായകസ്ഥാനിയുമായി വിലയിരുത്തപ്പെടുന്നു. ജീവിതകാലത്ത് ഏറെ അനുഭാവപൂർ‌വമല്ല സാഹിത്യലോകം കീറ്റ്സിനെ സ്വീകരിച്ചത്.
എന്നാൽ മരണാനന്തരം അദ്ദേഹത്തിന്റെ പ്രശസ്തി വളരുകയും,
*വിൽഫ്രഡ് അവൻ* എന്നിവരടക്കമുള്ള പിൽക്കാലകവികളെ അദ്ദേഹം നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു.

തന്റെ ചുരുങ്ങിയ ജീവിതകാലയളവിനുള്ളിൽ കീറ്റ്സ് എഴുതിയ കവിതകളൊക്കെയും അനശ്വര കലാശില്പങ്ങളായി മാറി.
അതി വിശിഷ്ടമായ സൗന്ദര്യബോധം, ആത്മാവിൽ
ആണ്ടിറങ്ങുന്ന ദാർശനികത,
അന്യൂന്യമായ ശബ്ദസൗകുമാര്യം എന്നിവ കൊണ്ട് ഇംഗ്ലീഷ് കാവ്യ സാഹിത്യത്തിൽ
കീറ്റ്സിന്റെ സ്ഥാനം,
സുവർണ്ണലിപികളാൽ
ആലേഖനം ചെയ്തിരിക്കുന്നു.
കീറ്റ്സിന്റെ കവിതകൾ പൊതുവേ, പ്രത്യേകിച്ച്
1819 ൽ പ്രസിദ്ധീകരിച്ച അർച്ചനാകാവ്യങ്ങളുടെ
പരമ്പര, അവയുടെ ബിംബസമൃദ്ധികൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കവിതകളും കത്തുകളും അസാമാന്യമായ ജനസമ്മതിയുള്ളവയും ഏറെ ആസ്വദിക്കപ്പെടുന്നവയുമായി ഇന്നും തുടരുന്നു.

_തോമസ് കീറ്റ്സിന്റേയും_ _ഫ്രാൻസസ് ജെന്നിങ്ങ്സ് കീറ്റ്സിന്റേയും_ മൂത്ത പുത്രനായി ലണ്ടനിൽ
1795 ഒക്ടോബർ 31നാണ്‌ ജോൺ കീറ്റ്സ് ജനിച്ചത്.
മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഏറ്റവും ഇളയ സഹോദരൻ _എഡ്‌വേഡ്,_ ശൈശവത്തിൽ മരിച്ചു. ജോർജ്ജ്, തോമസ് എന്നീ സഹോദരന്മാരും "ഫാനി" എന്ന വിളിപ്പേർ വീണ ഫ്രാൻസ് മേരി എന്ന സഹോദരിയുമായിരുന്നു മറ്റുള്ളവർ. മദ്ധ്യ ലണ്ടണിലാണ്‌ ജോൺ കീറ്റ്സ് ജനിച്ചതെന്നു കരുതപ്പെടുന്നെങ്കിലും കൃത്യമായ ജന്മസ്ഥാനം നിശ്ചയമില്ല.മൂത്തമകന്റെ ജന്മകാലത്ത് തോമസ് കീറ്റ്സ്, ഹൂപ്പ് ആൻഡ് സ്വാൻ എന്ന മദ്യശാലയിലെ വില്പനക്കാരനായിരുന്നു. പിൽക്കാലത്ത് തോമസ് കീറ്റ്സിന്റെ ഉടമസ്ഥതയിലായ ആ സ്ഥാപനത്തിലാണ്‌ കുറേക്കാലം അദ്ദേഹം കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
മൂർഗേറ്റ് തീവണ്ടി സ്റ്റേഷനടുത്ത് ഇന്നുള്ള "കീറ്റ്സ് അറ്റ് ദ ഗ്ലോബ്" മദ്യശാല അതിന്റെ പിന്തുടർച്ചയാണ്‌.
ശൈശവത്തിൽ കുഞ്ഞുകുട്ടികൾക്കുള്ള ഒരു പാഠശാലയിൽ അദ്ദേഹത്തെ അയച്ചു. ഈറ്റണും, ഹാരോയും മറ്റും പോലുള്ള സ്ഥാപനങ്ങളിൽ പഠിക്കാനുള്ള ധനശേഷി ഇല്ലാതിരുന്നതിനാൽ
1803 ലെ വേനൽക്കാലത്ത് അദ്ദേഹം, മുത്തച്ഛന്റേയും മുത്തശ്ശിയുടേയും വീടിനടുത്ത് _എൻഫീൽഡിൽ,_
*ജോൺ ക്ലാർക്ക്* എന്നൊരാൾ നടത്തിയിരുന്ന "ക്ലാർക്ക് സ്കൂളിൽ "താമസിച്ച് പഠിക്കാൻ തുടങ്ങി.
ജോൺ ക്ലാർക്ക്, കീറ്റ്സിന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിത്തീർന്ന് അദ്ദേഹത്തിന് മേൽ വലിയ സ്വാധീനം ചെലുത്തി. *ടാസോ, ഏഡ്മണ്ട് സ്പെൻസർ* തുടങ്ങിയവർ ഉൾപ്പെടെയുള്ള നവോത്ഥാന നായകന്മാരുടെ രചനകളേയും ജോർജ്ജ് ചാപ്പ്മാന്റെ ഹോമർ പരിഭാഷകളും കീറ്റ്സിന് പരിചയപ്പെടുത്തിയത് ക്ലാർക്കാണ്‌. സ്കൂളിൽ ചേർന്ന് ഒമ്പത് മാസം മാത്രം കഴിഞ്ഞ് ഒരു ദിവസം, സ്കൂളിൽ മകനെ സന്ദർശിച്ച് മടങ്ങുകയായിരുന്ന പിതാവ് ജോൺ കീറ്റ്സ്, കുതിരപ്പുറത്ത് നിന്ന് വീണ്‌ തലയോട്ടി തകർന്ന് മരിച്ചു.
രണ്ട് മാസത്തിനകം അമ്മ വീണ്ടും വിവാഹം കഴിച്ചു. എന്നാൽ താമസിയാതെ
 ആ വിവാഹബന്ധം തകർന്നു. വില്പത്രം എഴുതാതെ മരിച്ചിരുന്ന കീറ്റ്സിന്റെ പിതാവിന്റെ സ്വത്തെല്ലാം അതോടെ അമ്മയുടെ
രണ്ടാം ഭർത്താവിന്റേതായി. തുടർന്ന് അമ്മ, മക്കൾ നാലുപേരുമൊത്ത് അവരുടെ അമ്മ ആലീസ് ജെന്നിങ്ങ്സിനൊപ്പം എഡ്മണ്ടണിൽ താമസമാക്കി. ഇടയ്ക്ക് അമ്മ അലഞ്ഞ് തിരിഞ്ഞ് നടക്കുകയും പലരോടുമൊപ്പം അവിഹിതബന്ധത്തിൽ ജീവിക്കുകയുമൊക്കെ ചെയ്തതായും പറയപ്പെടുന്നു. ഒടുവിൽ ക്ഷയരോഗത്താൽ ആരോഗ്യം തകർന്ന അവർ1810 മാർച്ച് മാസം, കീറ്റ്സിന്റെ പതിനാലാമത്തെ വയസ്സിൽ മരിച്ചു.
കീറ്റ്സ് കുടുംബത്തിന്റെ അന്തകനായി ക്ഷയരോഗം രംഗപ്രവേശം ചെയ്തു കഴിഞ്ഞിരുന്നു. അതോടെ കീറ്റ്സിന്റേയും സഹോദരങ്ങളുടേയും ചുമതല മുത്തശ്ശിയുടേതായി. അവർ പേരക്കുട്ടികൾക്ക് രണ്ട് രക്ഷാകർത്താക്കളെ നിയമിച്ചു. അടുത്ത ശിശിരകാലത്ത് കീറ്റ്സിനെ ക്ലാർക്ക് സ്കൂളിൽ നിന്ന് മാറ്റി ശസ്ത്രക്രിയാ വിദഗ്ദ്ധനും അപ്പോത്തിക്കരിയുമായ *തോമസ് ഹാമ്മോണ്ടിന്റെ* അടുത്ത് വൈദ്യ പരിശീലനത്തിനാക്കി. അടുത്ത സുഹൃത്തും സഹപാഠിയും ആയിരുന്ന ചാൾസ് കൗഡൺ ക്ലാർക്കിന്റെ അഭിപ്രായത്തിൽ, "കീറ്റ്സിന്റെ ദുരിതപൂർണ്ണമായ ജീവിതത്തിലെ ഏറ്റവും പ്രശാന്തമായ കാലം ഇതായിരുന്നു." ഹാമോണ്ടിനൊപ്പം താമസിച്ച കീറ്റ്സ് അദ്ദേഹത്തിന്റെ ശസ്ത്രക്രിയാശാലയുടെ മച്ചിലാണ്‌ ഉറങ്ങിയിരുന്നത്.
വായന ശീലമാക്കിയിരുന്നു അദ്ദേഹം ഈ ജീവിതകാലത്തുതന്നെ
ഗ്രീക്ക് കവി _വിർജിലിന്റെ_
*ഏനിഡ്* എന്ന കൃതി പരിഭാഷപ്പെടുത്താൻ തുടങ്ങി.
വൈദ്യ പരീക്ഷ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ബിരുദാനുമതി  ലഭിക്കുന്നതിടയിൽത്തന്നെ അദ്ദേഹം പരിഭാഷ പൂർത്തിയാക്കി.

എഡ്മണ്ട് സ്പെൻസറുടെ
*ഫെയറി ക്വീൻ* എന്ന മഹാകാവ്യവും കീറ്റ്സിന്റെ കാവ്യഭാവനയ്ക്ക് പ്രചോദനമായി.
1814 ൽ എഴുതിയ ആദ്യ കവിതയുടെ പേര് തന്നെ സ്പെൻസറിന്റെ മാതൃകയിലുള്ള കുറച്ച് വരികൾ എന്നായിരുന്നു. അതേവർഷം തന്നെ അദ്ദേഹം
ലണ്ടനിലേക്ക് മാറുകയും
*ഗയ്സ്* ഹോസ്പിറ്റലിൽ വൈദ്യപഠനം തുടരുകയും ചെയ്തു.
1815 ൽ അദ്ദേഹത്തിന് വൈദ്യസേവനത്തിന് അനുമതി ലഭിച്ചു. അതോടെ
അദ്ദേഹം ശസ്ത്രക്രിയാരംഗത്ത് സജീവമായി. പിന്നീട് *ലഹണ്ട്* എന്ന മറ്റൊരു കാവ്യപ്രതിഭയെ കാണുകയും അദ്ദേഹത്തോടൊപ്പം
ഷെല്ലിയുൾപ്പെടെയുള്ള മറ്റ് കാല്പനിക കവികളുമായി പരിചയപ്പെടുകയും ചെയ്തതിന് ശേഷമാണ് കീറ്റ്സ് തന്റെ മുഴുവൻ സമയവും കാവ്യസപര്യയ്ക്കായി സമർപ്പിച്ചത്.

ആദ്യ കൃതിയായ "കവിതകൾ"  1817 ൽ പുറത്തിറങ്ങിയെങ്കിലും അത്ര കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
തനിക്ക് പ്രിയപ്പെട്ടവരുമായി  കത്തിടപാടുകൾ
ഈ കാലഘട്ടത്തിലാണ് തുടങ്ങിയത്.
തന്റെ സ്വകാര്യജീവിതത്തെക്കുറിച്ചും  പൊതുവിലും വിവരണങ്ങൾ നൽകുന്ന കീറ്റ്സിന്റെ എഴുത്തുകൾ പിന്നീട്
വിശ്വവിഖ്യാതങ്ങളായി.
1818 ൽ *എൻഡിമിയൻ*
എന്ന ആദ്യ നീണ്ട കവിത
പ്രസിദ്ധീകരിക്കപ്പെട്ടു.
ചാന്ദ്രദേവതയായ _സിൻഥിയയ്ക്ക്_
ആട്ടിടയയുവാവായ _എൻഡിമിയണിനോട്_  തോന്നിയ പ്രണയത്തിന്റെ
കഥ പറയുന്ന ഈ കവിതയ്ക്ക് നാലായിരം വരികളാണുള്ളത്.
അതിന്  ശേഷം വളരെ ക്രിയാത്മകമായ ഒരു
കാവ്യജീവിതം നയിച്ച കീറ്റ്സ്, *ലാമിയ,*  *സെയിന്റ് ആഗ്നസിന്റെ ഓർമ്മദിനം,* *രാക്കുയിലിന്*
*ഹൈപീരിയോൺ* തുടങ്ങി വിശ്രുതങ്ങളായത്തീർന്ന  രചനകളിൽ കുറച്ച് കാലം
മുഴുകി. അതിനിടയിൽ
കുറച്ച് കാലം
*ദ ചാമ്പ്യൻ* എന്ന
സാഹിത്യമാസികയ്ക്ക്
വേണ്ടി നാടകവിമർശന പംക്തിയും കൈകാര്യം ചെയ്തു.

1818 ന്റെ അവസാനകാലം തന്റെ സഹോദരൻ ടോമിനെ ശുശ്രൂഷിക്കുവാനാണ്
കീറ്റ്സ് ചെലവഴിച്ചത്.
കുടുംബത്തിൽ പണ്ടുമുതൽക്കേ ഉണ്ടായിരുന്ന ക്ഷയം തന്നെയായിരുന്നു ടോമിനേയും രോഗിയാക്കിയത്.
ഒടുവിൽ ഡിസംബറിൽ
ടോം മരണമടഞ്ഞു.

സഹോദരന്റെ മരണശേഷം കീറ്റ്സ്, *ഹാംസ്റ്റെഡിലേക്ക്* താമസം മാറ്റി. അവിടെവച്ച്
*ഫാനി ബ്രൗൺ* എന്ന് പേരുള്ള പെൺകുട്ടിയുമായി അദ്ദേഹം അനുരാഗത്തിലായി. 1819 ൽ കീറ്റ്സ്, ലാമിയ
ഹൈപീരിയണിന്റെ പതനം എന്നിവ പൂർത്തിയാക്കി.
ഇക്കാലത്ത്ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട കവിത
*ഒരു ഗ്രീക്ക് ചിതാഭസ്മ കലശത്തിന്* ആയിരുന്നു.
പുരാതനമായ ഒരു ഗ്രീക്ക് അലങ്കാരപ്പാത്രത്തിന്റെ സൗകുമാര്യം വർണിച്ച് കൊണ്ട് അതി വിശിഷ്ടങ്ങളായ ചില ചിന്തകളുതിർക്കുന്ന ഈ കവിത, സഹൃദയർക്കിടയിൽ ചിരപ്രതിഷ്ഠ നേടി.
_സൗന്ദര്യമെന്നാൽ സത്യം,_ _സത്യമെന്നാൽ സൗന്ദര്യവും_ എന്ന വിഖ്യാത കഥനം ഈ കവിതയിലാണുള്ളത്.

1820 ൽ പുതിയൊരു കവിതാസമാഹാരം പുറത്തിറങ്ങി. വായനക്കാരെയും വിമർശകരെയും ആകർഷിച്ച ആ കൃതി കീറ്റ്സിന്റെ പ്രശസ്തി വർദ്ധിപ്പിച്ചു.
പക്ഷേ അതിനിടയിലാണ്
ക്ഷയരോഗം തന്നെയും
പിടികൂടിയിരിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കിയത്.
ദാരിദ്ര്യംമൂലം ഫാനി ബ്രൗണുമായുള്ള വിവാഹം മുടങ്ങുമെന്നുള്ള സാഹചര്യം രോഗസ്ഥിരീകരണം കൂടി കഴിഞ്ഞപ്പോഴേക്കും പ്രതീക്ഷക്ക് വകയില്ലാത്തവണ്ണം വഷളായി.
കീറ്റ്സിന് ആ ബന്ധത്തിൽ നിന്നും പിന്മാറേണ്ടി വന്നു.

രോഗം മൂർച്ഛിച്ചതോടെ ഇംഗ്ലണ്ടിലെ മഞ്ഞുകാലം താണ്ടുക അപകടകരമെന്ന് തെളിഞ്ഞു. സെപ്റ്റംബർമാസത്തിൽ സുഹൃത്തും ചിത്രകാരനുമായ *ജോസഫ് സെവേണുമൊത്ത്*
കീറ്റ്സ്, *ഇറ്റലിയിലേക്ക്* യാത്രതിരിച്ചു. അക്കാലത്ത് ഇറ്റലിയിലെ *പിസയിൽ* താമസിച്ചിരുന്ന _ഷെല്ലിയുടെ_ ക്ഷണം നിരസിച്ചു കൊണ്ട് കീറ്റ്സ്  റോമിലെത്തി.
അവിടെ 1821 ഫെബ്രുവരി 23
ന്  അദ്ദേഹം മരണമടഞ്ഞു. ശവകുടീരത്തിന് മുകളിൽ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്
ഈ വരികൾ എഴുതിച്ചേർക്കപ്പെട്ടു.

_വെള്ളത്തിന് മുകളിൽ_ _എഴുതപ്പെട്ട_ _നാമധാരിയായൊരാൾ_ _ഇവിടെയിതാ അന്ത്യവിശ്രമം_ _കൊള്ളുന്നു._

മരണാനന്തരം കീറ്റ്സിന്റെ പ്രശസ്തി പതിന്മടങ്ങ് വർദ്ധിച്ചു.
1848 ൽ അദ്ദേഹത്തിന്റെ "കത്തുകൾ" പുറത്തിറങ്ങി.
*ആൻഡ്രൂ മോഷൻ*
എന്ന മറ്റൊരു പ്രശസ്തനായ ഇംഗ്ലീഷ് കവി രചിച്ച
കീറ്റ്സിന്റെ ജീവചരിത്രം
1998 ൽ പുറത്തിറങ്ങുകയുണ്ടായി.
രോഗവും ദാരിദ്ര്യവും
പ്രിയപ്പെട്ടവരുടെ വിയോഗവും ചേർന്ന് നാനാവിധങ്ങളായ ദുരിതങ്ങൾ സഹിക്കേണ്ടിവന്ന
ആ കാവ്യപ്രതിഭ തന്റെ ചുരുങ്ങിയ കാവ്യജീവിതത്തിനുള്ളിൽ
നടത്തിയ അന്യാദൃശ രചനകളിലൂടെ വിശിഷ്ടതാരകമായി
നിലകൊള്ളുന്നു.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ