Feb_23 Prof.എം.കൃഷ്ണൻ നായർ

1983 ലാണ്  പ്രശസ്ത ആംഗലേയ നോവലിസ്റ്റ്
*വില്യം ഗോൾഡിംഗിന്* സാഹിത്യത്തിനുള്ള _നൊബേൽ സമ്മാനം_ അദ്ദേഹത്തിന്റെ പ്രശസതമായ
*ഈച്ചകളുടെ തമ്പുരാൻ*
("ദി ലോർഡ് ഓഫ് ദി ഫ്ലൈസ്") എന്ന നോവലിന് ലഭിക്കുന്നത്.
അക്കാലത്ത്തന്നെ ഈ പുസ്തകം
*കേരള യൂണിവേഴ്‌സിറ്റി* രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് പാഠപുസ്തകമായി അംഗീകരിക്കപ്പെട്ടിരുന്നു.

കടൽച്ഛേദത്തിലകപ്പെട്ട്
*ശാന്ത മഹാസമുദ്രത്തിലെ* നിബിഡവനങ്ങളാൽ നിറഞ്ഞ ഒരു ദ്വീപിൽ 15 വയസ്സുള്ള കുറച്ച് കുട്ടികൾ അകപ്പെടുന്നതും തുടർന്ന് അവിടെനിന്ന് രക്ഷപ്പെടുന്നതിനിടയിൽ ഉണ്ടാകുന്ന സംഘർഷങ്ങളും, ദുരന്തങ്ങളും, സംഭവങ്ങളുമാണ് നോവലിലെ ഇതിവൃത്തം.

*തിരുവനന്തപുരത്തെ* _ശാസ്തമംഗലത്തെ_ വസതിയിലിരുന്ന് ഈ ചെറിയ നോവൽ വായിച്ച് പൂർത്തിയാക്കാനും ഒരു നിരൂപണം തയ്യാറാക്കാനും *പ്രൊഫസ്സർ എം കൃഷ്ണൻ നായർക്ക്*
ഒരു സായാഹ്‌നത്തിൽ തുടങ്ങിയാൽ അത്താഴത്തിനുമുമ്പ്
പിറ്റേ ആഴ്ചയിലെ
*സാഹിത്യവാരഫലമെന്ന* തന്റെ പ്രശസ്തമായ പംക്തിയിൽ അരപ്പേജ് നിറയ്ക്കാൻ മതിയാകും.

മേല്പറഞ്ഞ നോവലിനെ സംബന്ധിച്ച
ഒരു ലഘുനിരൂപണം *കലാകൗമുദിയിൽ* എഴുതിയിരുന്നത് ഈ കുറിപ്പെഴുതുന്നയാൾ
അന്ന് വായിച്ചിരുന്നു.  *മലയാളനാട്*
വാരികയുടെ അച്ചടി  അപ്പോഴേയ്ക്കും നിലച്ചിരുന്നു. തുടർന്ന് ഇടതടവില്ലാതെ _കലാകൗമുദിയിലെ_ അവസാന താളുകളിൽ വാരഫലം എന്ന പംക്തി പ്രസിദ്ധീകരിച്ച് കൊണ്ടേയിരുന്നു.
1990 കളുടെ ആരംഭങ്ങളിൽ കലാകൗമുദി രണ്ടായി പിരിഞ്ഞപ്പോൾ
കൃഷ്ണൻനായർ സമകാലീന മലയാളം വാരികയോടൊപ്പം
നില നിന്നു.

സാഹിത്യത്തിനുവേണ്ടി മറ്റെല്ലാം ത്യജിച്ച് ഒരു ജീവിതകാലം മുഴുവൻ വാക്കിന്റെ അധിദേവതയെ ഉപാസനചെയ്ത് കടന്നുപോയ *പ്രൊഫസർ എം കൃഷ്ണൻനായരെ* സ്മരിക്കുവാനാണ് ഈ ദിനം.
2006 ഫെബ്രുവരി 23 ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ
സാഹിത്യനഭസ്സിലെ ആ നക്ഷത്രം പൊലിഞ്ഞു.

1923  മാർച്ചിൽ _വി.കെ. മാധവൻപിള്ളയുടെയും_ _ശാരദാമ്മയുടേയും_ മകനായി _തിരുവനന്തപുരത്ത്_ _കൃഷ്ണൻനായർ_ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം
_യൂണിവേഴ്സിറ്റി കോളേജിൽ_ നിന്ന് മലയാളത്തിൽ
ബിരുദാനന്തരബിരുദം നേടി.
കുറച്ച് നാൾ സെക്രട്ടറിയേറ്റിൽ ക്ലാർക്കായി ജോലിനോക്കി.
1950 ൽ
സർക്കാർ ജോലി രാജിവച്ചാണ് സംസ്കൃത കോളേജിൽ അധ്യാപകനായത്.
1969 ൽ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. തുടർന്ന്
_ഗവ ആർട്സ് കോളേജിലും_ *പാലക്കാട് വിക്ടോറിയകോളേജിലും* മലയാളം മേധാവിയും പ്രൊഫസ്സറുമായി ജോലി ചെയ്തു.
1978 ൽ _എറണാകുളം_ *മഹാരാജാസിൽ* ഫസ്റ്റ്ഗ്രേഡ് പ്രൊഫസ്സറായിരിക്കെ വിരമിച്ചു.

മഹത്വത്തെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുകയെന്നത് ചെറിയവർക്കാവുന്ന കാര്യമല്ല. എന്നുമാത്രവുമല്ല  ചെറിയലോകങ്ങളിൽ വസിക്കുന്നവർ വലിപ്പമുള്ള സംഗതികളെ കണ്ടില്ലെന്ന് നടിക്കുകയോ അഥവാ എങ്ങാനും കണ്ടുപോയാൽ അസ്വസ്ഥരാവുകയും ചെയ്യും.
കൃഷ്ണൻനായർ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ കൂട്ടംകൂടി ആക്രമിക്കുകയും മരണാനന്തരം
അങ്ങിനെയൊരു പേര്  ഉച്ചരിക്കുന്നത്പോലും പാപമാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹിത്യകാരന്മാരുടെ നാടായി മാറിയിരിക്കുന്നു കേരളം.

1969 ലാണ്
*എസ്സ്കെ നായരുടെ* _മലയാളനാട്_ വാരികയിൽ നായരുടെ വേറിട്ട രചനയായ സാഹിത്യവാരഫലമാരംഭിക്കുന്നത്. വിശ്വസാഹിത്യത്തിലെ പ്രധാനമായും നോവൽ നാടക കവിതാ മേഖലയിൽ പുറത്ത് വരുന്ന കൃതികൾ വായിച്ച് അഭിപ്രായമോ നിരൂപണമോ നടത്തുക. ഇത് ആ
സാഹിത്യനിരൂപണ പംക്തിയുടെ മൗലികതകൊണ്ടും അതിലെ അത്ഭുതപ്പെടുത്തുന്ന സാഹിത്യാവബോധംകൊണ്ടും സംഭവിച്ചതാണ്. വിവാദം ഉളവാക്കുന്ന ചില അംശങ്ങളും അതിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നത് ആ പംക്തിയുടെ ഔചിത്യത്തേയോ വിശ്വാസ്യതയേയോ അപകടപ്പെടുത്തിയിരുന്നില്ല.

*നയൻതാര സെഗാളിനെ*
പോലുളളവർ
സാഹിത്യവാരഫലത്തെ അതുല്യമെന്ന്
വാഴ്ത്തിയിട്ടുളള കാര്യം അദ്ദേഹം അഭിമാനപൂർവ്വം അനുസ്മരിക്കാറുണ്ടായിരുന്നു.ആയത് വെറുതെയല്ല എന്ന് വായനക്കാർക്കും ബോധ്യപ്പെട്ടിരുന്നു. മലയാളികൾ തിരിച്ചറിയാൻ വൈകിയെങ്കിലും തിരിച്ചറിഞ്ഞെങ്കിൽകൂടി പുറത്ത് പറയാതിരിക്കുകയും ചെയ്ത ഈ അനന്യത
*യു.ആർ അനന്തമൂർത്തിയെപ്പോലുള്ള*
ഇതര ഭാഷാ സാഹിത്യകാരന്മാർ
വേണ്ടിവന്നു വകവച്ചുതരാൻ.

തിരിഞ്ഞുനോക്കുമ്പോൾ നമ്മുടെ ശുഷ്കമായ സാഹിത്യാസ്വദന നിലവാരത്തെ വിശ്വനിലവാരത്തിലേയ്ക്ക് ഉയർത്തിക്കൊണ്ട്
വരുന്നതിൽ നിസ്തുലമായ പങ്കുവഹിച്ചു.
ലോകസാഹിത്യത്തിലെ വിസ്മയാവഹമായ പ്രകാശനക്ഷത്രങ്ങളെ അദ്ദേഹം മലയാള ഭാവൂകത്വത്തിന്റെ ഇരുണ്ട അറകളിലേയ്ക്ക് ആനയിച്ചുകൊണ്ടുവന്നു.
വിശ്വസാഹിത്യത്തിൽ നിന്നുള്ള
ഗംഭീരകൃതികളെക്കുറിച്ച് പറഞ്ഞ് മലയാളത്തിലെ എഴുത്തുകാരുടെ രചനയെ വിമർശിക്കുന്ന അദ്ദേഹത്തിന്റെ രീതി തെറ്റിദ്ധരിക്കപ്പെടുകയും വമ്പിച്ച എതിർപ്പിന് കാരണമാവുകയും ചെയ്തു.
മലയാളസാഹിത്യത്തിന്റെ പവിത്രമായ ക്ഷേത്രപരിസരങ്ങളിൽ *കേസരിയ്ക്ക്* ശേഷം കൃഷ്ണൻനായർ കടൽകടത്തിക്കൊണ്ടുവന്ന സാഹിത്യപ്രതിഭകളെ പുരോഗമന
ചിന്താഗതിയുളളവരെല്ലാം പ്രഹർഷത്തോടെ സ്വീകരിച്ചു.
_ഏണസ്റ്റോ സബാറ്റോ_
_ഗബ്രിയേൽ മാർകേസ്_
_ബോർഹസ്_
_ലോർക_
_ഈവോ ആൻഡ്രീച്ച്_
_പാസ്തർനാക്ക്_
_മഷാദു ദീ ആസീസ്_
_ഏല്യാസ് കനേറ്റിഹെർമാൻ ബ്രോഹ്_
_ക്ലാരിസ് ലിസ്പെക്ടർ_
_റോബർട്ട് മ്യൂസിൽ_
എന്ന് തുടങ്ങി എണ്ണമറ്റ പ്രതിഭകളെ മലയാളികൾക്ക് അഭിഗമ്യരാക്കിത്തീർത്തു.

അതികായന്മാരായ നമ്മുടെ സാഹിത്യ പണ്ഡിതന്മാരുടെ മുൻപന്തിയിലായിരുന്നു _കൃഷ്ണൻനായർ._
അത്യസാധാരണമായ തന്റെ പാണ്ഡ്യത്യത്തിന് തകർക്കാൻ കഴിയാത്ത സഹൃദയത്വവും അദ്ദേഹത്തിന് അവകാശപ്പെട്ടതായീരുന്നു.
ആധുനികതയുടെ മികച്ച സംഭാവനകളായ
*ഖസാക്കിന്റെ ഇതിഹാസം*,
*ഉഷ്ണമേഖല* തുടങ്ങിയ നോവലുകളെ ആദ്യം കണ്ടെത്തി വാഴ്ത്തിയത്
കൃഷ്ണൻനായരായിരുന്നുവെന്നത് ആധുനികതതാവാദികളുടെ വാദമുനകളെ തകർക്കുന്ന വസ്തുതയത്രേ.
*കാക്കനാടൻ* ഉഷ്ണമേഖല എഴുതി പച്ചവെള്ളത്തെ മുന്തിരിച്ചാറാക്കി എന്നു കൃഷ്ണൻനായരെഴുതുമ്പോൾ, _എൻഎസ്സ് മാധവന്റെ_
*ഹിഗ്വിറ്റ* മാതൃഭൂമിയിൽ വന്നതിന്റെ തൊട്ടുപിന്നാലെ അതിന്റെ കാലാത്മകതയെക്കുറിച്ച് എഴുതുമ്പോൾ, *കടമ്മനിട്ടയുടെ* _ശാന്ത_യെക്കുറിച്ച് പ്രശംസിച്ചെഴുതുമ്പോൾ അദ്ദേഹത്തിലെ സഹൃദയനെ
മലയാളി തിരിച്ചറിഞ്ഞു.

സാഹിത്യവിമർശനത്തിന്റെ
ചിട്ടവട്ടങ്ങൾക്കൊത്തുനിന്ന്
കൊണ്ടെഴുതിയതായിരുന്നില്ല _സാഹിത്യവാരഫലം._
അത്യപൂർവ്വങ്ങളായ നിരീക്ഷണങ്ങളുടെയും,
സാഹിത്യമർമ്മജ്ഞതയുടേയും, സാമൂഹ്യ വിമർശനത്തിന്റെയും
ഹൃൽസ്പന്ദനങ്ങൾ ആ വിമർശന പംക്തിയിൽ സജീവമായിരുന്നു
ഇന്റർനെറ്റോ അതുപോലെയുള്ള മറ്റന്തെങ്കിലും സംവിധാനങ്ങളോ ഉപയോഗത്തിലില്ലാതിരുന്ന കാലങ്ങളിൽ ലണ്ടനിലും പാരീസിലും ബ്രസീലിലും ഇറങ്ങുന്ന നവനോവലുകളെക്കുറിച്ച് കേരളത്തിലെ തെക്കേമൂലയിൽ വസിച്ചിരുന്ന
ഈ സാധാരണ മനുഷ്യന് എങ്ങിനെ  ബോധമുദിച്ചു?.

1979 ൽ അദ്ദേഹത്തിന് *ബി.ഡി ഗോയങ്ക* പുരസ്ക്കാരവും 2000 ൽ സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് അക്കാദമി അവാർഡും ലഭിച്ചു. ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം.

തിരുവനന്തപുരം സ്വദേശിനിയായ _വിജയമ്മയാണ്_ സഹധർമ്മിണി.
ഏകമകൻ *വേണുഗോപാൽ* 1986 ൽ  _പുളിമൂടിന്_ സമീപം ഒരു റോഡപകടത്തിൽ നിര്യാതനായതിന്റെ അടങ്ങാത്ത വ്യസനം വാരഫലത്തിലൂടെ അദ്ദേഹം പ്രതിഫലിപ്പിച്ചിരുന്നു.
അഞ്ച് പെൺമക്കൾകൂടി അദ്ദേഹത്തിനുണ്ട്.

_തിരുവനന്തപുരത്ത്_
_ഇന്ത്യൻകോഫീ ഹൗസിലും_,
_മോഡേൺ ബുക്ക് സെന്ററിലും_ നിത്യ സന്ദർശകനായ ശുഭ്രവസ്ത്രധാരിയായി വളഞ്ഞ കാലൻകുട ഒരു കരത്തിലും മറുകയ്യിൽ ഒരടുക്ക് പുസ്തകങ്ങളുമായി നടന്നുപോകുന്ന
_കൃഷ്ണൻനായരുടെ_ രൂപം മറക്കാനാകില്ല.

പുസ്തക വായനയ്ക്ക് മുമ്പായി കൈകൾ നന്നായി സോപ്പിട്ട്‌ കഴുകി
ശുദ്ധമാക്കുമായിരുന്നു.
വായന ഉഷാറാകുമ്പോൾ മനസ്സിൽ വിടരുന്ന വിചാരങ്ങൾ താളിലെ ഒരു വശത്ത് _വീനസ്_
പെൻസിൽകൊണ്ട് കോറിയിടുകുമായിരുന്നു.
അതിഥികളായെത്തുന്ന പുസ്തക പ്രേമികൾക്ക് പുസ്തകം സമ്മാനിക്കാൻ യാതൊരു വൈമനസ്യവുമില്ലായിരുന്നു.
അമൂല്യമായി സൂക്ഷിച്ചിരുന്ന തന്റെ പുസ്തക സമ്പത്ത് _എറണാകുളം_ *കാക്കനാട്ടെ* ഒരു ഗ്രന്ഥശാലയ്ക്ക്
സംഭാവന ചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നു.
അത് മക്കൾ നിറവേറ്റുകയും ചെയ്തു.

വിശ്വസാഹിത്യത്തിൽപ്പോലും ഒരു വിസ്മയമാണ്
_കൃഷ്ണൻനായർ_. അങ്ങിനെയൊരാൾ മറ്റൊരിടത്തും ഉണ്ടായിരിക്കാനിടയില്ല. ഇത്രയും നീണ്ട വിശ്വസാഹിത്യ തീർത്ഥാടനം മറ്റാരാണ് നടത്തിയിട്ടുണ്ടാവുക??.

1989 ൽ പ്രശസ്ത നടൻ
*പ്രേംനസീർ* അന്തരിച്ചപ്പോൾ *അടൂർഭാസി* എന്ന നടൻ, വിവരിച്ചുകൊടുത്ത,
 ഒരനുഭവകഥ വാരഫലത്തിൽ
 _കൃഷ്ണൻനായർ_
കണ്ണീർതുളുമ്പുന്ന   വരികളാൽ കുറിച്ചത് ഇന്നും സങ്കടപ്പെടുത്തുന്ന ഒരോർമ്മയാണ്.
ഈ കുറിപ്പ് തയ്യാറാക്കിയയാൾ
ഇന്നും 30 വർഷം പഴക്കമുള്ള
ആ ലക്കം വാരഫലം
ചില്ലിട്ട് ഒരു നിധിപോലെ
സൂക്ഷിച്ച് വച്ചിട്ടുണ്ട്.
അത് ആരോടുള്ള ആദരവാണെന്ന്
ഇന്നും അറിയില്ല.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ