Feb_22 മൌലാനാ അബ്ദുൾ കലാം ആസാദ്

*പാകിസ്താൻ* *ഉണ്ടാവുകയില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ?.*

*പാകിസ്താൻ ഉണ്ടാവരുതെന്നായിരുന്നു ഞാൻ പറഞ്ഞത്!*

*ഇപ്പോൾ പാകിസ്താൻ ഉണ്ടായിരിക്കുന്നു.* *പക്ഷേ. എന്റെ വാക്കുകൾ*
*ഓർത്തുവച്ചോളു. ഇന്ത്യ ഒരു രാജ്യമായിരുന്നു. ഇപ്പോഴും ഒരു രാജ്യമാണ്. പാകിസ്താൻ ഒരു പരീക്ഷണമാണ്, അതിനെ വിജയിപ്പിക്കുക.*

ഇന്ത്യാവിഭജനം യാഥാർത്ഥ്യമായപ്പോൾ  *അബ്ദുൾ കലാം ആസാദ്* എന്ന ഇന്ത്യൻ
സ്വാതന്ത്രുസമര ചരിത്രത്തിലെ ശ്രദ്ധേയനായ വ്യക്തിയുടെ വാക്കുകളാണ് മുകളിൽ പറഞ്ഞത്.

1988 ഫെബ്രുവരിയിൽ,
_ആസാദ്,_ നിര്യാതനായതിന്റെ മുപ്പതാം വർഷം അദ്ദേഹത്തിന്റെ ആത്മകഥയായ
*ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു* എന്ന പുസ്തകത്തിലെ അവസാനത്തെ മുപ്പത് പേജുകൾ അധികാരത്തിലിരുന്ന കോൺഗ്രസ്സ് സർക്കാർ പ്രസിദ്ധീകരിച്ചു.
പുസ്തകത്തിലെ അവസാന പേജുകളിൽ _ആസാദ്_ എഴുതിച്ചേർത്തിരുന്ന ഭാഗങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും തന്റെ മരണാനന്തരം  മുപ്പതാണ്ടുകൾകൾക്ക് ശേഷം മാത്രമെ പ്രസിദ്ധികരിക്കാവു എന്നൊരു നിബന്ധന എഴുതിച്ചേർത്തിരുന്നു.
ഇതൊരു സർക്കാർ തീരുമാനമൊന്നുമായിരുന്നില്ല.
*രാജീവ്ഗാന്ധിയുടെ* ഭരണത്തിന്റെ അവസാന നാളുകളിൽ രാജ്യം ആകാംഷയോടെ വീക്ഷിച്ച ആത്മകഥയുടെ അവസാന പേജുകളിൽ  പ്രതിപക്ഷ കക്ഷികൾ, പ്രതീക്ഷിച്ചതുപോലെ മുൻ പ്രധാനമന്ത്രി
*ജവഹർലാൽ നെഹ്റുവിനെ* അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പുസ്തകത്തിൽ ഒന്നും കണ്ടെത്താനായില്ല.
പുസ്തകത്തിന്റെ സമ്പൂർണ പതിപ്പാണ് ഇപ്പോൾ വായനക്കാർക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.

*മൗലാനാ അബ്ദുൾ കലാം ആസാദിന്റെ* ജന്മദിനമായ നവംബർ പതിനൊന്നിനാണ് ദേശീയ വിദ്യാഭ്യാസദിനമായി രാജ്യം ആചരിക്കുന്നത്.
ആസാദിനെപ്പോലെയുള്ള മഹാത്മാർ മറവിയുടെ തിരശ്ശീലയ്ക്കൂള്ളിലേയ്ക്ക് മറയുകയാണ്. പുതിയ കാലത്ത് ദിനാചരണങ്ങൾ വെറും ചടങ്ങുകളായി
തരംതാഴുന്നു.

പത്രപ്രവർത്തകൻ,
സ്വാതന്ത്ര്യസമരഭടൻ, പണ്ഡിതൻ, ഗ്രന്ഥകാരൻ, സ്വതന്ത്ര ഇന്ത്യയിലെ
ആദ്യ വിദ്യാഭ്യാസമന്ത്രി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച
_അബ്ദുൾകലാം ആസാദിന്റെ_ ചരമദിന വാർഷികമാണ് ഫെബ്രുവരി 22.

1888 നവംബർ 11 ന് ഇസ്ലാമിക പുണ്യനഗരമായ *അറേബ്യയിലെ മെക്കയിലാണ്* _ആസാദിന്റെ_ ജനനം.
പണ്ഡിതനായ മതാചാര്യനായിരുന്നു പിതാവ് _മൗലാനാ മുഹമ്മദ്_ _ഖൈറുദ്ദീൻ,_
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്ശേഷം മെക്കയിലേക്ക് കുടിയേറി.
*മദീനയിലെ* പ്രസിദ്ധ
പണ്ഡിതനായ
_മുഹമ്മദ്സാഹിർ വാത്രിയുടെ_ മകൾ *ഏലിയെ* വിവാഹം ചെയ്തു.
അബ്ദുൾകലാമുൾപ്പെടെ അഞ്ച് മക്കൾ.
1889 ൽ അമ്മ _ഏലി_ മരണമടഞ്ഞു.
കുറിച്ച് നാളുകൾക്ക്ശേഷം ശിഷ്യരുടെയും സുഹൃത്തുക്കളുടെയും അഭ്യർത്ഥന സ്വീകരിച്ച്  _ഖൈറുദ്ദീൻ_ കുടുംബസമേതം ഇന്ത്യയിലേക്ക് തിരികെവന്നു. *കൽക്കട്ടയിൽ* താമസമാക്കി.

ബംഗാൾ വിഭജനത്തിനെതിരെ ആരംഭിച്ച സമരം ഇന്ത്യയിലൊട്ടാകെ ഒരു പ്രസ്ഥാനമായി
രൂപംകൊണ്ടുതുടങ്ങിയിരുന്നു.
*അരവിന്ദഘോഷ്*,
*ശ്യാംസുന്ദർ ചക്രവർത്തി* മുതലായ വിപ്ലവാശയങ്ങൾ മനസ്സിലുണ്ടായിരുന്ന  നേതാക്കളുമായി _ആസാദ്_ സമ്പർക്കം പുലർത്തി.
ഉത്തരേന്ത്യയിൽ മിക്കയിടത്തും
വിപ്ലവസംഘങ്ങൾ സ്ഥാപിച്ചു. തുടർന്ന്നടത്തിയ
*ഇറാൻ, തുർക്കി* സന്ദർശനത്തിൽ
സാമൂഹിക പരിഷ്ക്കർത്താക്കൾ, വിപ്ലവകാരികൾ എന്നിവരുമായി ബന്ധം പുലർത്തി.

1912 ജൂണിൽ കൽക്കത്തയിൽ നിന്നും
*അൽ ഹിലാൽ* എന്ന ഉർദു ദിനപ്പത്രമാരംഭിച്ചു. ഹിന്ദുക്കൾക്കൊപ്പം സ്വാതന്ത്ര്യ സമരത്തിലിറങ്ങിപ്പോരാടാൻ മുസ്ലീംങ്ങളെ ആഹ്വാനം ചെയ്തു. *ആസാദ്* എന്ന തൂലികാനാമത്തിലാണ് പത്രത്തിൽ ലേഖനങ്ങൾ എഴുതിയിരുന്നത്. യാഥാസ്ഥിതിക മുസ്ലീംങ്ങളും
ബ്രിട്ടീഷ് സർക്കാരും പത്രത്തെ എതിർത്തു. നിയമവിരുദ്ധമാണ് പത്രമെന്നാരോപിച്ച് പ്രസ്സ് കണ്ട് കെട്ടി. ബംഗാൾ വിട്ടുപോകാൻ കലാമിനോട് അധികാരികൾ ഉത്തരവിട്ടു.  പിന്നീട് *ബീഹാറിലെ* _റാഞ്ചിയിലായിരുന്നു_ നിരോധനം നീങ്ങുന്നതുവരെ ആസാദിന്റെ വാസം .

1920 ജനുവരിയിൽ ദൽഹിയിലാണ് ആദ്യമായി
*മഹാത്മാഗാന്ധിയെ* _ആസാദ്_ കാണുന്നത്. ഒന്നാം ലോകയുദ്ധവസാനത്തോടെ  *തുർക്കി സുൽത്താന്റെ* പദവിയിൽ വന്ന മാറ്റം
ഇന്ത്യയിലെ മുസ്ലീങ്ങളെയും അസംതൃപ്‌തരാക്കിയിരുന്നു. അവർ *ഖിലാഫത്ത്* പ്രസ്ഥാനമാരംഭിച്ചു. കോൺഗ്രസ്സിന്റെ പരിപാടിയുടെ ഭാഗമായി ഖിലാഫത്ത് അംഗീകരിക്കപ്പെട്ടു. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം നല്കി.
1920 ലെ കൽക്കത്ത കോൺഗ്രസ്സ് സമ്മേളനം കഴിഞ്ഞ് നിസ്സഹകരണ സന്ദേശം  ജനങ്ങൾക്കിടയിലെത്തിക്കാനായി _ഗാന്ധിജി_ നടത്തിയ പ്രസംഗ പര്യടനത്തിൽ ആസാദും *അലി* സഹോദരന്മാരുമൊപ്പമുണ്ടായിരുന്നു. ഇതോടെ ഗാന്ധിജി ആസാദ് ബന്ധം ദൃഢമായി.

ഇക്കാലത്താണ് രാഷ്ട്രീയാശയങ്ങൾ പ്രചരിപ്പിക്കാനായി അദ്ദേഹം *പൈഹാം* എന്ന വാരിക തുടങ്ങിയെങ്കിലും മുന്നോട്ടു കൊണ്ടു പോകാനായില്ല.
1921 ൽ *ലാഹോർ* മുസ്ലീം സമ്മേളനത്തിൽ *ഇമാം ഉൽ ഹിന്ദ്* (ഇന്ത്യയുടെ നേതാവ്) എന്ന പദവി നല്കാൻ തീരുമാനിച്ചുങ്കിലും ആസാദ് സ്നേഹപൂർവ്വം നിരസിച്ചു.1923 ൽ അദ്ദേഹം കോൺഗ്രസ്സ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

1927 ൽ *സൈമൺ കമ്മീഷനെ* ബഹിഷ്ക്കരിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചത് ആസാദിന്റെ അധ്യക്ഷതയിൽ _കൽക്കത്തയിൽ_ ചേർന്ന യോഗത്തിലാണ്‌.
1930 മേയിൽ ഉപ്പുസത്യഗ്രഹ സമരത്തിൽ _ഗാന്ധിജി_ ജയിലിലായപ്പോൾ *പട്ടേൽ* സമരമേറ്റെടുത്തു.
തുടർന്ന് ആസാദും.
*മീററ്റിൽ* ആസാദ് നിയമവിരുദ്ധമായി പ്രസംഗിച്ചെന്നാരോപിച്ച് ആസാദും അറസ്റ്റിലായി. രാജ്യത്തുടനീളം ഹർത്താലാചരിക്കപ്പെട്ടു.
ഒരു വർഷത്തിന് ശേഷം _ഗാന്ധി ഇർവിൻ_ സന്ധി പ്രകാരം മോചിപ്പിക്കപ്പെട്ടു.

1940 ൽ  *രാംനഗറിൽ* ആസാദിന്റെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ്സ് സമ്മേളനം പരിപൂർണ്ണ സ്വാതന്ത്ര്യവും കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയും വേണമെന്ന പ്രമേയം പാസ്സാക്കി.
രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യയെ സമ്മതമില്ലാതെ വലിച്ചിഴയ്ക്കുന്നതിൽ പ്രതിഷേധവും രേഖപ്പെടുത്തി.
1939--46 കാലത്ത് ആസാദായിരുന്നു കോൺഗ്രസ്സ് പ്രസിഡണ്ട്.

*ക്വിറ്റിന്ത്യാ* പ്രമേയത്തെത്തുടർന്ന് മറ്റ് നേതാക്കൾക്കൊപ്പം ആസാദിനെയും അറസ്റ്റ് ചെയ്ത്
*അഹമ്മദ്നഗർ കോട്ടയിൽ* തടവിലാക്കി.  ജയിൽ വാസത്തിനിടയിലാണ് ഭാര്യ *സുലേഖ* അന്തരിച്ചത്.
1944 ൽ അദ്ദേഹം മോചിതനായി.
ബ്രിട്ടൻ ഇന്ത്യയിൽ നിന്ന്  അധികാരമൊഴിയാൻ തീരുമാനിച്ചെങ്കിലും 1946 ൽ അസംബ്ലിയിൽ മുസ്ലീങ്ങൾക്കായി പാകിസ്ഥാൻ പ്രത്യേകരാജ്യമായി വിഭജിക്കണമെന്ന *ജിന്നയുടെ* വാദത്തെ ആസാദ് എതിർത്തു.
ഇന്ത്യ സ്വതന്ത്രയായി. പാകിസ്ഥാനും.
ഹിന്ദു മുസ്ലീംമൈത്രി
സ്വപ്നം കാണുകയും 
ഇന്ത്യൻ ഉപഭൂഖണ്ഡം ഒരൊറ്റ മഹാരാജ്യമായി നിലനിന്ന് കാണാഗ്രഹിക്കുകയും ചെയ്ത ആസാദിന് സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിപദം അലങ്കാരമായിരുന്നില്ല.
1958 ഫെബ്രുവരി 20 ന്  പക്ഷവാതത്താൽ ബോധരഹിതനായി . 22 ന് ഡൽഹിയിൽ അദ്ദേഹം അന്തരിച്ചു.

ദൽഹിയിൽ ജുമാമസ്ജിദിന് സമീപമാണ് അദ്ദേഹത്തിന്റെ ശവകുടീരം.
വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ നിരവധി പരിഷ്ക്കാരങ്ങളും സ്ഥാപനങ്ങളും കൊണ്ടുവന്നു. 1951ൽ ആദ്യത്തെ *ഐഐടി,* 1953 ൽ
*യുജിസി* മറ്റ് പ്രമുഖരോടൊപ്പം
_ജാമിയാ മില്ലിയ_ മുസ്ലിം യൂണിവേഴ്സിറ്റി  മുതലായവ അവയിൽ ചിലതാണ്.

1905 ൽ ബംഗാളിൽനിന്ന് മുഴങ്ങിത്തുടങ്ങിയ
ആ സിംഹഗർജ്ജനം സ്വാതന്ത്ര്യസമരത്തിന്റെ സഞ്ചാരപഥങ്ങളിലുടനീളം മുഴങ്ങിക്കൊണ്ടിരുന്നു.
ഈ ദീർഘയാത്രയിൽ
തന്റെ പരമമായ
ചരിത്രദൗത്യമായി അദ്ദേഹം കണ്ടത് ഹിന്ദുമുസ്ലിം ഐക്യവും ഇന്ത്യയുടെ അഖണ്ഡതയുമായിരുന്നു. സാമാജ്യത്വത്തിന്റെ
ആസൂത്രണ കുരുക്കിൽപെടാതെ
ഇരു സമുദായങ്ങളേയും ദേശീയവിമോചന പ്രസ്ഥാനത്തിൽ ഏകോപിച്ച് നിർത്തേണ്ടത്
സർവ്വപ്രധാനമാണെന്ന് ആസാദ് ചിന്തിച്ചു.
ഹിന്ദുമുസ്ലീം മൈത്രി ഇന്ത്യയുടെ ശാശ്വതമായ മൗലിക പ്രശ്നമാണെന്നും അത് സ്വാതന്ത്ര്യസമരത്തെ ത്വരപ്പെടുത്തുന്ന ഒരു ഉപാധി മാത്രമല്ല, ലക്ഷ്യം തന്നെയാണെന്നും അദ്ദേഹം വിശ്വസിച്ചു.

ആരെയാണ് നമ്മുടെ തലവര ഈ മട്ടിൽ അനുസ്മരിക്കാൻ ശ്രമിക്കുന്നത്?.
പാരതന്ത്ര്യത്തിന്റെ പീഢാനുഭവകാലത്ത്
ചോരകൊണ്ടും
കഠിനമായ
ജയിൽജീവിതംകൊണ്ടും  ജന്മത്തിന്റെ അർത്ഥം വിശദീകരിച്ച മഹാത്യാഗികളുടെ
തലമുറയെത്തന്നെ. അവരോടുള്ള കടപ്പാട് അതോടെ തീർന്നു.
അവരിൽ പലരും ഇന്ന് കവലകളിൽ മൂകസാക്ഷികളായി ആദരിക്കപ്പെട്ടിരിക്കുന്നു. ജനഹൃദയങ്ങളിൽനിന്ന് പലരും കുടിയൊഴിക്കപ്പെട്ടു കഴിഞ്ഞു. അവരോട് പുലർത്തേണ്ട
ചരിത്രധർമ്മത്തെക്കുറിച്ച് വിലപിക്കാൻപോലും ആളുകളില്ലാതായിരിക്കുന്നു

1991ൽ വളരെ വൈകിയാണ് രാജ്യം, *ഭാരതരത്നം* നല്കി അദ്ദേഹത്തെ ആദരിച്ചത്.
1960 ലാണ് ആത്മകഥയായ *ഇന്ത്യ വിൻസ് ഫ്രീഡം* അവസാന അധ്വായങ്ങളില്ലാതെ പ്രസിദ്ധികരിച്ചത്.

1983 ൽ സർ
_റിച്ചാർഡ് ആറ്റൻബറോ_ സംവിധാനം ചെയ്ത *ഗാന്ധി*
സിനിമയിൽ, പ്രശസ്ത
ഹിന്ദിനടൻ
*വീരേന്ദ്ര റസ്ദാൻ* _ആസാദിന്റെ_ വേഷമണിഞ്ഞു. ഇദ്ദേഹം
1988 ൽ
*ബിആർ ചോപ്രയുടെ*  _മഹാഭാരതം_ പരമ്പരയിൽ *വിദുരരുടെ* വേഷത്തിലഭിനയിച്ചിരുന്നു.

കോണ്ഗ്രസ്സ് സർക്കാരുകളുടെ കാലത്ത് രാജ്യസഭാ ഉപാധ്യക്ഷയായും പിന്നീട് *
*ഭാരതീയജനതാപാർട്ടിയിൽ* ചേർന്ന് _മോദിയുടെ_ ക്യാബിനറ്റിൽ അംഗമാവുകയും ഇപ്പോൾ *മണിപ്പൂർ* സംസ്ഥാനത്ത് ഗവർണർ സ്ഥാനമലങ്കരിച്ചുവരുന്നതുമായ ശ്രീമതി
_നജ്മാ ഹെപ്റ്റുളള_ _കലാമിന്റെ_  ഭാഗിനേയിയുടെ
മകളാണ്.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ