Feb_21 ആറന്മുള പൊന്നമ്മ

*"നളചരിതം കഥകളിയിലെ അരയന്നത്തിനെപ്പോലെ;*
*ദൂരെയുള്ളോരരമനയിൽ ദൂതിന് പോകും.*
*അവൾ ദൂതിന് പോകും."*

*"കിലുകിലുക്കും കിലുകിലുക്കും കിങ്ങിണി* *ചെപ്പിലൊളിച്ചിരിക്കും, ടെലഫോണിനുള്ളിലുണ്ടൊരു കൂട്ടുകാരി, കളിക്കൂട്ടുകാരി."*

*വയലാർ* രചിച്ച് *ദേവരാജൻ* ഈണം നല്കി _എം എസ് രാജേശ്വരി_ പാടിയ ഗാനം.

1974 ൽ *നെടുമങ്ങാട്*
*ബിയുപിഎസ്സിൽ* പഠിക്കുമ്പോൾ
സ്കൂളിൽനിന്ന് പ്രത്യേക ഫണ്ട് സ്വരൂപിച്ച് വിദ്യാർത്ഥികളെ വരിവരിയായി *നെടുമങ്ങാട് ഭുവനേശ്വരി ടാക്കീസിലേയ്ക്ക്* നടത്തിച്ചുകൊണ്ടുപോയി കാട്ടിത്തന്നൊരു ചിത്രമാണ് *സ്കൂൾമാസ്റ്റർ.*
അന്ന് കണ്ട ചിത്രത്തിൽ നിന്നുള്ള ഒരേയൊരു ഓർമ്മച്ചെപ്പാണ് മുകളിൽ പറഞ്ഞ വരികളുള്ള കുട്ടികളുടെ ഗാനം. കുട്ടിയുടെ കളിക്കും ഗാനത്തിനും താളത്തിനുമൊപ്പം തലയാട്ടിച്ചിരിച്ചുകൊണ്ട്  ഒരു മുത്തശ്ശി സോഫയിലിരിക്കുന്നു .
1964 ൽ
*എസ്സ്ആർ പുട്ടണ്ണ* എന്ന സംവിധായകനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
ഒരു കന്നഡ ചിത്രത്തെ അവലംബിച്ച് തയ്യാറാക്കിയ ഈ ചിത്രം ഇന്നത്തെ കാലത്തെ പുത്രർക്ക് മാതാപിതാക്കന്മാർ വാർദ്ധക്യകാലത്ത് ഒരു തലവേദനയാകുന്ന
_ക്രൂരമായ മോഡേണിസം,_ അമ്പത് വർഷങ്ങൾക്ക് മുന്നേ  ബോധ്യപ്പെടുത്തിയിരുന്നു.

*കളഞ്ഞുകിട്ടിയ തങ്കം* എന്ന സിനിമയുടെ ചിത്രീകരണകാലം.
നായകനായി അഭിനയിക്കുന്ന *സത്യൻ* മേക്കപ്പിട്ടശേഷം അമ്മയായി അഭിനയിക്കുന്ന _ആറന്മുള പൊന്നമ്മയുടെ_ അടുത്തെത്തി വയറ്റിൽ
തൊട്ടശേഷം ഇങ്ങിനെ പറഞ്ഞു:
""അടുത്ത ജന്മത്തിലെങ്കിലും എനിക്ക് അമ്മയുടെ മകനായി ജനിക്കണം.""

1965 ൽ *ശശികുമാർ* സംവിധാനം ചെയ്ത *തൊമ്മന്റെ മക്കൾ* എന്ന ചിത്രത്തിൽ സത്യന്റെ നായികയായി പൊന്നമ്മയെ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ എതിർപ്പ്മൂലം പകരം
_കവിയൂർപൊന്നമ്മ_ യാണ് അഭിനയിച്ചത്.
ഈ ചിത്രം 1984 ൽ *സ്വന്തമെവിടെ ബന്ധമെവിടെ* എന്ന പേരിൽ _ശശികുമാർ_ വീണ്ടും വെള്ളിത്തിരയിലെത്തിച്ചു.

ഇതെന്റെ അമ്മയായിരുന്നെങ്കിലെന്നു ആരെക്കൊണ്ടും പറയിപ്പിക്കന്ന സ്നേഹമയിയായ ഒരമ്മയായിരുന്നു ആറന്മുള പൊന്നമ്മ. ജീവിതം പോലെ തന്നെയായിരുന്നു പൊന്നമ്മയ്ക്ക് സിനിമയും.
മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച അവർ രണ്ടോ മൂന്നോ ചിത്രങ്ങളിലൊഴികെ അമ്മയായും മുത്തശ്ശിയായുമാണ് വേഷമിട്ടതെന്നുകൂടി ഓർക്കുമ്പോഴേ അമ്മയുടെ ഈ നന്മ മുഖത്തിന്റെ മാറ്ററിയൂ. സദാ വിഷാദം
തളംകെട്ടി നില്ക്കുന്ന കണ്ണുകൾ. അവയിൽ പക്ഷേ സ്നേഹത്തിന്റെ കടലാഴമുണ്ടായിരുന്നു. വാക്കിലും നോക്കിലും നിറയുന്ന അമ്മയുടെ നന്മ കാഴ്ചക്കാരുടെ ഉള്ളിലേയ്ക്ക് മഞ്ഞിന്റെ കുളിരോടെയെത്തുന്ന വാത്സല്യത്തിന്റെ
മായച്ഛായകൾ ഓർമ്മകളുടെ ഫ്രെയിമിലേക്ക് മറയുമ്പോൾ ബാക്കിയാകുന്നത് ഒരമ്മയുടെ ആയിരമായിരം ഭാവങ്ങളാണ്.

1993 ൽ *കന്യാകുമാരിയിൽ* വാളക്കുഴി ഫിലിംസിനായി _സിബിമലയിൽ_ ഒരുക്കുന്ന *സാഗരം സാക്ഷി* എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിൽ മമ്മൂട്ടിയുമായുള്ള
ചില രംഗങ്ങളിൽ
_ആറന്മുള പൊന്നമ്മയും_  അഭിനയിക്കുന്നു.
കടൽക്കരയിലെ പാറക്കെട്ടുകളിലുള്ള ഒരു കൽമണ്ഡപത്തിൽ   ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി  _മമ്മൂട്ടി_ പൊന്നമ്മയുടെ കാലടികളിൽ സാഷ്ടാംഗം പ്രണമിക്കുന്നു.
സൂപ്പർതാരത്തിന്റെ അപ്രതീക്ഷിതമായ  പെരുമാറ്റത്തിൽ
അമ്പരന്നുപോയി _പൊന്നമ്മ._

മുന്നൂറിലേറെ സിനിമകളിലഭിനയിച്ച മലയാളികളുടെ മനസ്സിലെ ഐശ്വര്യം തുളുമ്പുന്ന മാതൃസങ്കല്പമായ
*ആറന്മുള പൊന്നമ്മ,*
2011 ഫെബ്രുവരി 21 നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്.

മാലേത്ത് _കേശവപിള്ളയുടേയും__ _പാറുക്കുട്ടിയമ്മയുടേയും_
 അഞ്ച് മക്കളിൽ ഒരാളായി *പത്തനംതിട്ട* ജില്ലയിലെ ആറന്മുളയിലായിരുന്നു _പൊന്നമ്മയുടെ_ ജനനം.  ഒമ്പത് വയസ്സുള്ളപ്പോൾ തന്നെ പൊന്നമ്മയ്ക്ക് പിതാവ് നഷ്ടമായി. പാറുക്കുട്ടിയമ്മ മക്കളെപ്പോറ്റാൻ അനുഭവിച്ച ക്ലേശകരവും
ത്യാഗസുരഭിലവുമായ  അനുഭവങ്ങളുടെ പ്രകാശം പൊന്നമ്മയിലും പതിയാനിടയായി
എന്നു പറയാം. അമ്മയിൽ നിന്നും, കർണ്ണാടക സംഗീതം ചെറുപ്പത്തിലേ പഠിച്ചു തുടങ്ങിയ _പൊന്നമ്മ_ തന്റെ പന്ത്രണ്ടാംവയസ്സിൽ അരങ്ങേറ്റവും നടത്തി.
ഹിന്ദുമഹാമണ്ഡൽ നടത്തിയിരുന്ന യോഗങ്ങളിൽ പ്രാർത്ഥനാ ഗാനം പാടാറുണ്ടായിരുന്നു പൊന്നമ്മ. *പാലായിലെ* ഒരു പ്രൈമറി വിദ്യാലയത്തിൽ _പൊന്നമ്മ_ പതിനാലാം വയസ്സിൽ സംഗീത അദ്ധ്യാപികയായി നിയമിതയായി.
പിന്നീട് _സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ_ തുടർപഠനത്തിനായി _പൊന്നമ്മ_ ചേർന്നു പഠനത്തിന് ശേഷം *തിരുവനന്തപുരം* കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയായി.

ഗായകൻ _യേശുദാസിന്റെ_ പിതാവായ
*അഗസ്റ്റിൻ ജോസഫിന്റെ* നായികയായി *ഭാഗ്യലക്ഷ്മി* എന്ന നാടകത്തിൽ അഭിനയിച്ച് കൊണ്ടാണ് _പൊന്നമ്മ_  കലാജീവിതം തുടങ്ങുന്നത്‌.
ഈ നാടകത്തിൽ ഗായികയാകാനാണ് _പൊന്നമ്മയെ_ ആദ്യം ക്ഷണിച്ചത്. 
അന്ന് _പൊന്നമ്മയ്ക്ക്_ 29 വയസ്സായിരുന്നു പ്രായം. _തുടർന്ന് പൊന്നമ്മ_ നാടകങ്ങളിൽ സജീവമായി.1950 ൽ *ടി ജാനകിറാം* സംവിധാനം ചെയ്ത *ശശിധരൻ* എന്ന സിനിമയിൽ *കുമാരിയുടെ* അമ്മയായി അഭിനയിച്ചുകൊണ്ട് _പൊന്നമ്മ_ സിനിമയിലേക്ക് കടന്നുവന്നു.
അതേവർഷം
*തിക്കുറിശ്ശി*
*സുകുമാരൻനായർ,* നായകനായ,
 *ടി.ഇ. വാസുദേവൻ* എന്ന മലയാള ചലച്ചിത്ര നിർമ്മാതാവിന്റെ ആദ്യ ചിത്രമായ *അമ്മയിലും* _പൊന്നമ്മ_ അമ്മ വേഷമണിഞ്ഞു. ഈ ചിത്രത്തിലെ പ്രധാന രംഗങ്ങൾ അഭിനയിക്കുന്ന വേളയിൽ തിക്കുറിശ്ശിയുടെ മാതാവിന്റെ മരണം സംഭവിച്ചത് അന്നൊരു വാർത്തയായിരുന്നു.
തുടർന്ന് _പൊന്നമ്മയെ_
തേടിവന്ന റോളുകളെല്ലാം അമ്മവേഷങ്ങളായിരുന്നു.

*യാചകൻ* എന്ന ചിത്രത്തിലെ
കണ്ടമാനംജീവിക്കുന്ന തങ്കമ്മ, 1968 ൽ
പുറത്തുവന്ന
*എം കൃഷ്ണൻ നായരുടെ*
_പാടുന്ന പുഴ_ യിലെ  ദുഷ്ടയായ അമ്മായിയമ്മയുടെ വേഷം, *അഗ്നിപുത്രിയിലെ* *പ്രേംനസീറിന്റെ*  അമ്മയായി
കടുകട്ടി മനസിനുടമയായി, മകന്റെ ഭാര്യയുടെ കുറ്റങ്ങൾ കണ്ടെത്തുന്ന _രാജേശ്വരിയമ്മ_ തുടങ്ങിയ വേഷങ്ങൾ _പൊന്നമ്മയുടെ_ അഭിനയജീവിതത്തിലെ അപവാദ വേഷങ്ങളായിരുന്നു.
_പാടുന്ന പുഴയിൽ_ നായികയായ _ഷീലയ്ക്ക്_ അപകടം വരുത്താൻ വിഷം പാലിൽ കലർത്തുന്ന രംഗം വല്ലാതെ വിഷമിപ്പിക്കും.
ഈ കഥാപാത്രം പിന്നീട് അവരുടെ മനസ്സിലും വിഷമമുണ്ടാക്കി..

പരാശ്രയമില്ലാതെ ജീവിക്കണമെന്നതായിരുന്നു _പൊന്നമ്മ_ തന്റെ അമ്മയിൽ നിന്നു പഠിച്ച പാഠം.
ഇക്കാര്യം ജീവിതകാലം മുഴുവൻ ഒരു വ്രതമായി അവർ കൊണ്ടുനടന്നു.
സിനിമയിലും ജീവിതത്തിലും അവർ മാതൃകയായി സ്വീകരിച്ചത് സ്വന്തം അമ്മയെത്തന്നെയായിരുന്നു.പണമില്ലെങ്കിലും പ്രൗഢമായി ജീവിക്കുന്ന ഒരമ്മ, എന്നിട്ടും കണ്ണീരണിഞ്ഞ ഒട്ടേറെ നാളുകളായിരുന്നു ജീവിതം അവർക്ക് കാത്തുവച്ചത്.

1995 ൽ _അടൂരിന്റെ_  *കഥാപുരുഷൻ* എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്ക്കാരം ലഭിച്ചു.
2006 ൽ സംസ്ഥാന സർക്കാർ ചലച്ചിത്രമേഖലയിലെ പ്രതിഭകൾക്ക് നല്കുന്ന മലയാളത്തിലെ *ഫാൽക്കെ* അവാർഡ് പുരസ്ക്കാരമായ *ജെ.സി. ഡാനിയേൽ* അവാർഡ് സമ്മാനിച്ചു.
2004 ൽ
ശ്രീ _നേമം പുഷ്പരാജിന്റെ_ കന്നിച്ചിത്രമായ *ഗൗരീശങ്കരത്തിലാണ്*  അവർ ഒടുവിലഭിനയിക്കുന്നത്.

_അടൂർ_ സ്വദേശി
*കൊച്ചു കൃഷ്ണപിള്ളയായിരുന്നു* പൊന്നമ്മയുടെ ഭർത്താവ്.1982 ൽ അദ്ദേഹം നിര്യാതനായി.
മക്കളായ ഡോക്ടർ
 *രാജശേഖരൻനായർ* 1989 ലും മകൾ *രാജമ്മ* വളരെ നേരത്തേയും യാത്രയായി. ഡോക്ടർ രാജശേഖരൻനായർ ഏറെക്കാലം *നെടുമങ്ങാട്* താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചുമകൾ
_രാധികാ രാജശേഖർ_ പ്രശസ്ത നടൻ _സുരേഷ് ഗോപിയുടെ_ പത്നിയാണ്.

മലയാളം മറക്കാത്ത അമ്മ ഇപ്പോൾ മറ്റൊരു ലോകത്ത് ദൈവത്തിന് കൂട്ടിരിക്കുന്നു അമൃതായൊരമ്മയായി.

*പ്രണാമം*

*കെ. ബി. ഷാജി. നെടുമങ്ങാട്*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ