Feb_20 പി.രഘുകുമാർ

*കൈക്കുടന്ന നിറയെ തിരുമധുരം തരും:*
*കുരുന്നിളം തൂവൽ കിളിപ്പാട്ടുമായ്,*
*ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം?.*

എത്ര സുന്ദരമായൊരു ഗാനം.
1993 ൽ _സിബിമലയിൽ_ സംവിധാനം ചെയ്ത
ശ്രീ _മോഹൻലാൽ_ ഇരട്ടവേഷത്തിലഭിനയിച്ച *മായാമയൂരം* എന്ന ചിത്രത്തിനായി
_ശ്രീ കെ.ജെ യേശുദാസ്_ _ശ്രീമതി എസ് ജാനകിയും_ ചേർന്ന് പാടിയ ഗാനത്തിന്റെ  പല്ലവിയായിരുന്നു മേലുദ്ധരിച്ചത്.
ഗാനശില്പികളായ
*ഗിരീഷ് പുത്തഞ്ചേരിയും* *പി.രഘുകുമാറും* കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്  ഇതുപോലൊരു ഫെബ്രുവരിയിലായത് തികച്ചും നിർഭാഗ്യകരം.

1953 ജൂണിൽ *കോഴിക്കോട്ടെ* പ്രശസ്തമായ പൂതേരിൽ തറവാട്ടിലാണ്
_തൃപ്പുണിത്തുറ_ കോവിലകം _കേളപ്പൻ തമ്പുരാന്റെയും_  _പി.കെ. ലീലാമ്മയുടെയും_ മകനായി _രഘുകുമാർ_ ജനിച്ചത്.

വളരെ ചെറുപ്പത്തിലേതന്നെ _രഘുകുമാർ_,
 *ജി.എസ്സ് ശ്രീകുമാർ*
എന്ന കർണ്ണാടക
സംഗീതജ്ഞനിൽനിന്ന് ശാസ്ത്രീയ
സംഗീതമഭ്യസിച്ചുതുടങ്ങി.
ഇതിനിടയിൽ ആകാശവാണി കലാകാരനായ *ബാലസുബ്രമണ്യനിൽനിന്നും*
തബലയിലും പരിശീലനമാരംഭിച്ചു.
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വശ്യമനോഹാരിതയിൽ
മനംമയങ്ങി _സിത്താർ_
എന്ന സംഗീത ഉപകരണം പഠിക്കുന്നതിന് കോഴിക്കോട് തന്നെയുള്ള
_വിൻസന്റ് മാസ്റ്ററുടെ_ അടുക്കൽ കുറച്ചുനാൾ പോയിരുന്നു.
ഈ കാലത്തു തന്നെയാണ്
പ്രശസ്ത സംഗീത സംവിധായകനായ
എആർ റഹ്‌മാന്റെ പിതാവായ
 *ആർകെ ശേഖറിനെ* പരിചയപ്പെടുന്നത്.
ഈ പരിചയം സിനിമാ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന ചില സംവിധായകരോടൊപ്പം തബല വായിക്കാൻ _രഘുകുമാറിന്_ അവസരങ്ങൾ കൈവന്നു.

1979 ൽ  ഭാഗികമായി ചിത്രീകരിച്ച _സോമൻ, രാഘവൻ, അടൂർ ഭവാനി_ എന്നിവരഭിനയിച്ച
*ഈശ്വരാ ജഗദീശ്വരാ* എന്ന ചിത്രത്തിന് വേണ്ടിയാണ് രഘുകുമാർ സംഗീതസംവിധായകനാകുന്നത്‌. മിക്ക കലാകാരന്മാരുടെയും ആദ്യ സംരഭം തടസപ്പെടുന്നത് പതിവാണല്ലോ!.
എങ്കിലും 1981 ൽ
 *പി.ടി.രാജൻ* സംവിധാനം ചെയ്ത *വിഷം* എന്ന ചിത്രത്തിന് വേണ്ടി ""നിന്നെയെൻ സ്വന്തമാക്കും ഞാൻ"" എന്ന _യേശുദാസ്_ പാടിയ ഗാനമായിരുന്നു _രഘുകുമാറിന്റേതായി_ ആദ്യം പ്രേക്ഷകർ കേട്ട ഗാനം .
_പൂവച്ചൽ ഖാദറായിരുന്നു_ ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്.

1982 ൽ  ശ്രീ _ജോഷിയുടെ_ സംവിധാനത്തിൽ
പുറത്തുവന്ന *ധീര* എന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് _രഘുകുമാറായിരുന്നു_
ഈ ചിത്രത്തിലെ
"മെല്ലെ നീ മെല്ലെ വരൂ" (സതീഷ് ബാബു, ജാനകി ആലപിച്ചത്) ""മൃദുലേ ഇതാ ഒരു ഭാവഗീതമിതാ"" (ജയചന്ദ്രൻ) തുടങ്ങിയ പാട്ടുകൾ പ്രേക്ഷകർ മറന്നിട്ടുണ്ടാകില്ല.

1983 ൽ _രതീഷ്, മാധവി_ മുതലായവരഭിനയിച്ച _വില്യംസിന്റെ_ *പൊൻതുവൽ* എന്ന ചിത്രത്തിനായി _ജാനകി_ പാടിയ കുഷ്ണഭക്തിയലയടിച്ച  *കണ്ണാ ഗുരുവായൂരപ്പാ  നീയറിഞ്ഞോ*
എന്നഗാനം ഒരിക്കൽകേട്ടാൽ മതിയാകുകയില്ല.  _രഘുകുമാറായിരുന്നു_ കണ്ണനെ സ്തുതിക്കുന്ന
ഭക്തിസാന്ദ്രമായ ഈ ഗാനം ചിട്ടപ്പെടുത്തിയത്.

_പ്രിയദർശൻ_ എന്ന സംവിധായകന്റെ ചിത്രങ്ങളിലാണ് _രഘുകുമാർ_ കൂടുതൽ പ്രവർത്തിച്ചിരുന്നത്.
1985 ൽ ഒരു ഫ്രഞ്ച് നാടകമായ
*ബോയിംഗ് ബോയിംഗ്* അതേ പേരിൽ പ്രിയദർശൻ ചലച്ചിത്രമാക്കിയപ്പോൾ അതിലെ രണ്ടു ഗാനങ്ങളും ചിട്ടപ്പെടുത്തിയത് രഘുകുമാറായിരുന്നു
_ആഭോഗി_ രാഗത്തിൽ യേശുദാസിന്റെ ശബ്ദത്തിലുള്ള ""തൊഴുകൈ കൂപ്പിയുണരും,"" "ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ" എന്നീ ഗാനങ്ങളായിരുന്നു
അത്.

1988.
ഓണത്തിന്
റിലീസാകാനിരുന്ന പ്രിയദർശൻ മോഹൻലാൽ
കൂട്ടുകെട്ടിലെ ഒരു ചിത്രം.
*ടി ദാമോദരന്റെ*
തിരക്കഥയിൽ,
ഓണത്തിന് ശേഷം പുറത്ത്
വന്ന *ആര്യൻ* എന്ന
ബോംബെയിൽ ചിത്രീകരിച്ച
സിനിമയിൽ സാധുവായ
ഒരു ബ്രാഹ്മണയുവാവ് ബോംബെയിലെ അധോലോകനായകനാകുന്ന കഥയിൽ പ്രിയനൊരുക്കിയ ആര്യനിലെ ഗാനങ്ങൾ പ്രേക്ഷകശ്രദ്ധ ആകർഷിച്ചതായിരുന്നു.
*ദേവനാരായണന്റെ*
(മോഹൻലാൽ) കുട്ടിക്കാലം ഫ്ലാഷ്ബാക്കിലൂടെ കാണികൾക്ക് കാഴ്ചവയ്ക്കുന്ന നമ്പൂതിരിയില്ലത്തിലെ ദൃശ്യങ്ങളുൾക്കൊള്ളിച്ചു കൊണ്ടുള്ള *ശാന്തിമന്ത്രം വിടരും ഉപനയനങ്ങൾ പോലെ* എന്ന ഗാനം രചിച്ചത് _കൈതപ്രമായിരുന്നു_.
_എം ജി ശ്രീകുമാർ_  പാടിയ ഈ ഗാനരംഗത്തിൽ ഇല്ലത്ത് നടക്കുന്ന കഥകളി അവതരണത്തിൽ പാടുന്നത് പ്രശസ്ത കഥകളി ഗായകനായ *കലാമണ്ഡലം രവീന്ദ്രനായിരുന്നു.* അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.
ഇതേചിത്രത്തിലെ
"പൊൻമുരളിയൂതും കാറ്റിൽ ഈണമലിയുംപോലെ"  എന്ന
പ്രണയഗാനവും വമ്പൻ
ഹിറ്റായിമാറി. _സുജാതയായിരുന്നു_ ശ്രീകുമാറിനോടൊപ്പം  പാടിയത്.

*വെൺമതികല ചൂടും വിണ്ണിൻ ചാരുതയിൽ,*
*പൂഞ്ചിറകുകൾ തേടി*
*വാനിൻ അതിരുകൾ തേടി.*

1986 ൽ പ്രിയൻ, *ഒൺ ഫ്ല്യൂ ഓവർ എ കുക്കൂസ് നെസ്റ്റ്* എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ആശയത്തിൽ
_സെവൺ ആർട്സിനായി_ *താളവട്ടം* എന്നൊരു ചിത്രം പുറത്തിറക്കി.
ജനശ്രദ്ധയാകർഷിച്ച   ചിത്രത്തിലെ, ഗാനങ്ങൾ രചിച്ചത്
_പൂവച്ചൽ ഖാദറായിരുന്നു_.
_രഘുകുമാറിന്റെ_ ഈണത്തിൽ ഗാനങ്ങളെല്ലാം ശ്രവ്യമധുരമായി.
സാധാരണ പ്രിയദർശന്റെ ചിത്രങ്ങളിൽ, ഗാനഗന്ധർവ്വന്
അവസരങ്ങൾ നല്കാറില്ലെങ്കിലും
*കൂട്ടിൽനിന്നും മേട്ടിൽ വന്ന* എന്ന
അതിസുന്ദരമായ ഒരു ഗാനം
*രാജാമണിയുടെ*
ഈണത്തിൽ പ്രിയദർശൻ
താളവട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു.
രഘുകുമാർ ഈണമിട്ട
*പൊൻവീണേ* എന്ന ഗാനം
ഇന്നും വശ്യസുന്ദരമാണ്
സിനിമയുടെ കഥാഗതിക്ക്
വലിയൊരു മാറ്റമുണ്ടാകുന്ന
സംഭവത്തിന്റെ തൊട്ടുമുമ്പിലായി
ലവേഴ്സ് പാടിയ
ഗാനത്തിന്റെ ഇടയ്ക്കുള്ള ചില
വരികളാണ് ഈ ഖണ്ഡികയുടെ തൊട്ട് മുകളിൽ
ബോൽഡായ അക്ഷരങ്ങളിൽ
കൊടുത്തിട്ടുള്ളത്.

1986 ൽത്തന്നെ *ബിയോണ്ട് ദ മാൻ* എന്ന ആംഗലേയ ചിത്രത്തിന്റെ ചുവട് പിടിച്ച്
തിരുവനന്തപുരം നഗരത്തിലെ
എസ്സ്എൽ തിയേറ്റർ കോംപ്ലക്സ്‌, പാർത്ഥാസ്
മുതലായ സിനിമാശാലകളിൽ
മോഹൻലാലിന്റെയും ശത്രുക്കളുടെയും
ഓട്ടവും ചാട്ടവും രംഗങ്ങൾ
ചിത്രീകരിച്ച
_ഹലോ മൈഡിയർ റോംഗ് നമ്പർ_ എന്ന ചിത്രത്തിലെ
_നീയെൻ കിനാവോ_
_പൂവോ കിനാവോ_
എന്ന ഗാനം യേശുദാസും
ചിത്രയുമാണ് പാടിയിരിക്കുന്നത്,
പ്രിയന്റെ
_ഒന്നാനം കുന്നിൽ ഓരടിക്കുന്നിൽ,_
_ചെപ്പ്,_
_അരം+അരം = കിന്നരം_ തുടങ്ങിയ പ്രിയൻ ചിത്രങ്ങളിലെയും ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് _രഘുകുമാറായിരുന്നു_

*ദേവന് നല്കാൻ കയ്യിൽ* *നാണത്തിൻ നൈവേദ്യമോ?*
*കോവിലിൽ പോയി ദൂരെ നാണിച്ച് നിന്നവളെ!.*

*ശ്യാമ* എന്ന ചിത്രമാണോ
_ചെമ്പരത്തിപ്പൂവേ_
എന്ന ഗാനമാണോ
ഗായിക _ചിത്രയാണോ_
മുന്നിൽ?
ഇന്നും ആലോചിക്കേണ്ടിയിരിക്കുന്ന
വിഷയം.
1986 ൽ _ജോഷിയുടെ_ ശ്യാമയിൽ ഈ ഗാനം പ്രത്യക്ഷപ്പെടുന്നത്
ഇടവേളയും കഴിഞ്ഞ്
ക്ലൈമാക്സിന് തൊട്ട്
മുമ്പാണ്.
അതി മനോഹരമായ ഈ ഗാനം ഒരവസരത്തിലും
ചിത്രത്തിൽ ചേർക്കാൻ
ആലോചിച്ചിരുന്നില്ലത്രേ.
കോടമ്പക്കത്തെ ഒരു ജ്യോത്സ്യരുടെ ഉപദേശപ്രകാരമാണ്
പാട്ട് ചിത്രത്തിലുൾപ്പെടുത്തിയതെന്ന് അഭിപ്രായമുണ്ട്.
ഈ ഗാനം പ്രേക്ഷകർക്ക് ഇത്രയേറെ ഇഷ്ടമാകാൻ കാരണമെന്തെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
_ഷിബു ചക്രവർത്തിയുടെ_ രചനയാണോ, _രഘുകുമാറിന്റെ_ ഈണമാണോ, നായികയായി നടിച്ച _നദിയയുടെ_ രൂപലാവണ്യവും ഭാവവാഹാദിയും ഒരുമിച്ചുചേരുന്ന നിറച്ചാർത്താണോ
അതോ ചിത്രയുടെ സ്വരമാധുരിയാണോ? ഏതാണെന്നറിയില്ല. എന്തായാലും ദേവന് നാണത്തിൽ പൊതിഞ്ഞ നൈവേദ്യമായിരുന്നു ആ ഭക്തയർപ്പിച്ചത്.
ഈ ചിത്രത്തിൽ _ഉണ്ണിമേനോൻ_ ചിത്രയോടൊപ്പം പാടിയ "പൂങ്കാറ്റെ പോയി ചൊല്ലാമോ" എന്നഗാനവും പ്രശസ്തമായി.

1998 ൽ _സിബിമലയിൽ_ സംവിധാനം ചെയ്ത
ഹിന്ദുമുസ്ലിം മതവികാരങ്ങൾ കത്തിജ്വലിക്കുന്ന കഥയായ *കാണാക്കിനാവ്* എന്ന ചിത്രത്തിന് ശേഷം _രഘുകുമാറിന്_ ഹിറ്റ് ഗാനങ്ങൾ തീർക്കാനുള്ള ചിത്രങ്ങൾ ലഭിച്ചില്ല.
ആൽബം സോങ്ങും ഭക്തിഗാനങ്ങളും ഇക്കാലത്ത് ചെയ്യൂകയുണ്ടായി.

*സ്വർണ്ണമീനിന്റെ ചേലൊത്ത*
*കണ്ണാളെ*
*എന്റെ രോമാഞ്ചമായ്* *മുന്നിൽ വാ..*

1979 ൽ *സർപ്പം* എന്ന ചിത്രത്തിലെ പ്രശസ്തമായ ഖവ്വാലി
ഒരുക്കിയിരിക്കുന്നത്
ശ്രീ _കെ.ജെ. ജോയി_ എന്ന
മ്യൂസിക് ഡയറക്ടറാണ്.
ബീച്ചു തിരുമലയാണ്
വരികൾ രചിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ പകുതിയിൽ
*പ്രേംനസീർ*, _രവികുമാർ,_ _വിധുബാല,_ _ഭവാനി_ മുതലായ നടീനടന്മാർ ഒരു വിരുന്ന് സൽക്കാരവേളയിൽ നിറലാവണ്യം വിളയുന്ന രീതിയിൽ പാടി കാണികളെ
ആനന്ദഭരിതരാക്കിയപ്പോൾ
ജോയിയുടെ സംഗീതട്രൂപ്പിൽ
തബലവായനക്കാരനായിരുന്നു രഘുകുമാർ.
ആ ഗാനമാണെങ്കിലോ തബലയുടെ ശബ്ദത്തിന് അതിപ്രാധാന്യവും നല്കിയിരുന്നു.
ഗൗരി മനോഹരി
രാഗത്തിലാണ് _സ്വർണ്ണമീനിന്റെ_
എന്ന ഗാനം ചിട്ടപ്പെടുത്തിയത്.
1997 ൽ *ആറാംതമ്പുരാനിലെ* _ഹരിമുരളീരവം_
 എന്നഗാനത്തിന്റെ
പല്ലവിക്കും ചരണത്തിനുമിടയിലുള്ള
ഹമ്മിംഗ് _രഘുകുമാറിന്റെ_ ശബ്ദത്തിലായിരുന്നു *രവീന്ദ്രൻമാസ്റ്റർ* റെക്കോർഡ് ചെയ്തത്.

പ്രശസ്ത നടി _ഭവാനിയാണ്_ (ലിസ ഫെയിം) സങ്കല്പമന്ദാരം തളിരിട്ട രാസകുഞ്ജങ്ങളിലെ രഘുകുമാറിന്റെ തോഴി. ഇവർക്ക് രണ്ട് പെൺമക്കൾ പിതാവിന്റെ സംഗീതവാസന പുത്രിമാർക്ക് ലഭിച്ചിട്ടില്ല.

ചുണ്ടിൽ എരിയുന്ന സിഗരറ്റു മായിരുന്നു തബലയിൽ താള വിസ്മയം തീർക്കുന്ന രഘുകുമാർ, അവാച്യമായ ഏതോ ആനന്ദലഹരിയിലെന്നവണ്ണം കണ്ണുകൾ ചിമ്മി, ഹാർമോണിയത്തിന്റെ കട്ടകളിലൂടെ സ്വയം മറന്ന്
ഒഴുകിപ്പോകുന്ന രഘുകുമാർ.
മാന്ത്രികവിരലുകളാൽ  സിത്താർ തന്ത്രികളിൽ
ബിംപലാസിയുടെയും
ബിലാവലിന്റെയും ജയ്ജയവന്തിയുടെയും
അത്ഭുതലോകം വിരിയിക്കുന്ന  രഘുകുമാർ.
മറക്കാനാവില്ല മിഴിവാർന്ന ഈ ചിത്രങ്ങളോരോന്നും.
ഈണമിട്ട പാട്ടുകളിലെല്ലാം  സവിശേഷമായ സ്വന്തം സംഗീതമുദ്ര പതിപ്പിച്ച ഈ സംഗീതസംവിധായകൻ എന്നിട്ടും എന്തുകൊണ്ടാവാം
സിനിമയുടെ
പുറമ്പോക്കിൽ ചെന്നൊടുങ്ങിയത്?.

എണ്ണത്തിൽ കൂടുതലില്ലെങ്കിലും
_രഘുകുമാറിന്റെ_  തനതായൊരു ശൈലി രൂപപ്പെടാൻ തക്ക അവസരങ്ങൾ ചലച്ചിത്രലോകം അന്നനുവദിച്ചിരുന്നില്ല അതിൽ അദ്ദേഹത്തിന് പരിഭവവുമുണ്ടായില്ല.
2014 ൽ ചെന്നൈയിൽ  അന്തരിക്കുമ്പോൾ
ഒരുപിടി  നല്ല ഗാനങ്ങൾ മലയാള
ചലച്ചിത്രഗാനശാഖയ്ക്ക് മുതൽക്കൂട്ടാക്കിയിട്ട് യാത്രയായ ചാരിതാർത്ഥ്യമായിരിക്കും  അത്യുന്നതങ്ങളിലും ആകാശവീഥിയിലും
സ്വർഗ്ഗീയഗീതം മുഴക്കിയ സംഗീതജ്ഞന്റെ വദനത്തിൽ നിറഞ്ഞ്നില്ക്കുക.

*കൈക്കുടന്ന നിറയെ മാത്രമല്ല.....*

*കെ. ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ