Feb_19 കുഞ്ചുനായർ ( വാഴേങ്കട )

*ദൈവദോഷം നിനക്കു വന്നു ഭാവമിളപ്പെട്ടില്ലയോ?*
*ഇനിപ്പൊരുന്നതാകിൽ വനവാസം ചെയ്ക!*
*തോറ്റാൽ ജയിച്ചോർക്ക് നാടും!.*

*നളചരിതം രണ്ടാംദിവസം*  . ജ്യേഷ്ഠാനുജന്മാരുടെ ചൂത്കളി.  *ഗുരുകുഞ്ചുക്കുറുപ്പാണ്* നളൻ.
രംഗമവസാനിച്ച് അണിയറയിൽ മുഖത്തെ  തേയ്പ്  അഴിക്കാനിരിക്കുമ്പോഴാണ് പുഷ്ക്കരവേഷക്കാരനെ
ഗുരു ശ്രദ്ധിക്കുന്നത്,
ഒരു യുവനടൻ. അണിയറയിലെ ചിലരോടായി ഇങ്ങിനെ പറഞ്ഞു.
"ഇന്ന് നളചരിതമല്ല _പുഷ്ക്കരചരിതമാണിവിടെ_ ആടിയത്."
പുഷ്ക്കരനായി വന്ന യുവനടന് കുഞ്ചുക്കുറുപ്പിന്റെ പ്രോത്സാഹനമായിരുന്നു  അത്.
*വാഴേങ്കട കുഞ്ചുനായരായിരുന്നു*  _പുഷ്ക്കരനായി_ വേഷമിട്ട് _കുഞ്ചുക്കുറുപ്പിന്റെ_ പ്രശംസ പിടിച്ചുപറ്റിയ ആ യുവനടൻ.
കഥകളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ *കുഞ്ചുനായർ* നടൻമാത്രമല്ല, തികഞ്ഞ നാട്യാചാര്യനും കൂടിയായിരുന്നു,
കഥകളിയിലെ *കല്ലുവഴിച്ചിട്ടയുടെ* പ്രതിനിധിയായിരുന്നു അദ്ദേഹം.

*പാലക്കാട്* ജില്ലയിലെ *ചെർപ്പുളശ്ശേരി* എന്ന നഗരത്തിൽ നിന്ന് _പെരിന്തൽമണ്ണയിലേയ്ക്ക്_ സഞ്ചരിക്കുമ്പോൾ *കാറൽമണ്ണ* എന്ന _വള്ളുവനാടൻ_ ഗ്രാമം കാണാനാകും.
1987 ൽ ആശാന്റെ പേരിൽ സ്ഥാപിതമായ
_വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിന്റെ_ ആസ്ഥാനം ഇവിടെയാണ്. ആശാന്റെ ഓർമ്മകൾ സ്ഫുരിക്കുന്ന നാളുകളിൽ  കഥകളിയെ സംബന്ധിച്ച സെമിനാറുകളും ശില്പശാലകളും അനുസ്മരണ യോഗങ്ങളും നടത്തിവരുന്നു.
1990 കളുടെ പകുതിയിൽ
ഉദ്യോഗാർത്ഥം ഷൊർണ്ണൂരിനടുത്തുള്ള
മനോഹരമായ വള്ളുവനാടൻ
ഗ്രാമമായ *ചളവറയിലെത്തിയ*
ഈ ലഘുക്കുറിപ്പ് തയ്യാറാക്കിയയാൾക്കും
നിരവധി സമാരോഹം പരിപാടികളിൽ പങ്കെടുത്ത്
ആനന്ദതുന്ദിലനാകാനായത്
ഒരു മഹാഭാഗ്യമെന്ന് സന്തോഷിക്കുന്നു.
*കഥകളിസമാരോഹം* എന്ന പേരിൽ കഥകളി ആസ്വാദകരെ ആനന്ദത്തിലാറാടിച്ചിരുന്ന പ്രശസ്തർ പങ്കെടുത്തിരുന്ന കഥകളിയരങ്ങുകൾ,
പുലർച്ചെ നാല്മണിക്ക് നമ്മുടെ വീടുകളിലെ സ്വീകരണമുറികളിലും ഏഷ്യാനെറ്റ് ഗ്ലോബൽ ചാനലിലൂടെ ദർശിച്ചിരുന്ന നാളുകൾ അസ്തമിച്ചു.

സാങ്കേതികമായ കാരണങ്ങളാൽ _സമാരോഹം_ പരിപാടിയുടെ  സ്പോൺസർഷിപ്പ് തുടർന്നും   _ഏഷ്യാനെറ്റ്‌_ ഏറ്റെടുക്കാതെ അവസാനിപ്പിച്ചതിൽ അതിയായ അമർഷവും അതിലുപരി വിഷമവുമുണ്ട്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിച്ച്
വരുന്ന _കൈരളി ടെലിവിഷൻ,_
ഒരവസരത്തിൽ സമാരോഹം
കഥകളി അവതരണങ്ങൾ
പുലർകാലങ്ങളിൽ
സംപ്രേക്ഷണത്തിന്
തയ്യാറാണെന്ന്
കത്ത് മുഖേന ട്രസ്റ്റ് അധികാരികളെ അറിയിച്ചിരുന്നു.
എന്നാൽ മലയാളം ചാനലിന്റെ
ഡയറക്ടർ ബോർഡംഗങ്ങളുടെ
യോഗത്തിൽ, വിഖ്യാത ചലച്ചിത്രനടന്റെ എതിർപ്പ് മൂലം
സമാരോഹം പരിപാടി
വിശ്വം മുഴുവനുമുള്ള
കഥകളി ആസ്വാദകരുടെ
സ്വപ്നം മാത്രമായിത്തീർന്നു.

*കേരളശാകുന്തളം* എന്നറിയപ്പെടുന്ന നളചരിതം.
നാല് രാവുകളിൽ ആടിത്തീരുന്ന നാടകീയത മുറ്റിനില്ക്കുന്ന കഥാസന്ദർഭങ്ങൾ.
പ്രച്ഛന്നവേഷധാരിയായി *അയോധ്യയിൽ* വസിക്കുന്ന നളമഹാരാജനായ ബാഹുകവേഷമാണ് ആശാന് ഏറ്റവും  ഇണങ്ങിയിരുന്നതെന്ന്  കഥകളി നിരൂപകർ ഒന്നടങ്കം അവകാശപ്പെടുന്നു, 

രസാഭിനയത്തിലുള്ള ഔചിത്യദീക്ഷ പുലർത്തിയിരുന്ന ബാഹുകവേഷത്തിന്,  _കുഞ്ചുനായർ,_  *മാഘം* പോലുള്ളസംസ്കൃത കാവ്യങ്ങളിൽ നിന്ന്
പഠിച്ചുവശമാക്കിയിരുന്ന ശ്ലോകങ്ങൾകൊണ്ട് മുന്നാംദിവസത്തെ ബാഹുകവേഷം
പ്രധാനമായിവരുന്ന കഥാസന്ദർഭങ്ങളെ പൊലിപ്പിച്ചു. 
ചില സന്ദർഭങ്ങളിൽ  *കലാമണ്ഡലം കൃഷ്ണൻനായരാശാനെക്കാൾ* ഒരു പടി മുന്നിലാണോ _കുഞ്ചുനായരാശാൻ_ എന്ന് പകച്ചിരുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ _കൃഷ്ണൻനായരുടെ_ ഉയരവും കഥകളിയിലെ *സ്റ്റാർ* എന്ന വിശേഷണവും  _കുഞ്ചുനായരെ_ കുറച്ച് നിഷ്പ്രഭനാക്കുകയായിരുന്നു

*മലപ്പുറം* ജില്ലയിലെ
പെരിന്തൽമണ്ണയ്ക്ക് സമീപമുള്ള _വാഴേങ്കടയിൽ_ നെടുംചെട്ടി _ഗണപതിനായരുടെയും_ ചേനമ്പുറത്ത് _ഇട്ടിച്ചിരിയമ്മയുടെയും_  മകനായി
1909 സെപ്തംബറിൽ _കുഞ്ചുനായർ_ ജനിച്ചു. കൃഷ്ണൻ എന്നാണ് പേരിട്ടതെങ്കിലും  *കുഞ്ചു* എന്ന വിളിപ്പേരാണ് ഉറച്ചത് '

_കല്ലുവഴി_ സമ്പ്രദായത്തിന്റെ പ്രസിദ്ധാചാര്യനായ
*പട്ടിക്കാംതൊടി രാമുണ്ണിമേനോൻ* അഭ്യസിച്ചിരുന്ന _വെള്ളിനേഴിക്കളരിയുടെ_ സമീപത്തുള്ള വിദ്യാലയത്തിലായിരുന്നു  _കുഞ്ചുനായർ_ പഠിച്ചിരുന്നത്. കുട്ടിക്കാലത്ത്തന്നെ കഥകളിയിൽ
ഭ്രമം തോന്നുകയും  ബാലസഹജമായ കൗതുകത്തോടെ
ആ കളരിയിലെ അഭ്യാസമുറ വീക്ഷിക്കുകയും അദ്ദേഹത്തിന്റെ പതിവായി.
*കരിയാട്ടിൽ കോപ്പൻനായരുടെ* ( സാക്ഷാൽ ആശാരിക്കോപ്പൻ.) കീഴിൽ 1924 ൽ  _കുഞ്ചുനായർ_ അഭ്യാസം തുടങ്ങുകയും
അടുത്തകൊല്ലം
*വാഴേങ്കട  നരസിംഹമൂർത്തി* ക്ഷേത്രത്തിലെ
ഉത്സവകാലത്ത് അരങ്ങേറുകയും ചെയ്തു. പിന്നെ രണ്ടുകൊല്ലം
*കല്ലുവഴി ഗോവിന്ദപ്പിഷാരടിയുടെ* ശിഷ്യനായിരുന്നു..
പരിശീലനം പൂർത്തിയാക്കിയ _കുഞ്ചുനായർ_,
*കാവുങ്ങൽ ശങ്കരപ്പണിക്കർ,* *തിരുവില്വാമല വെങ്കിച്ചൻസ്വാമി*  തുടങ്ങിയവരുടെ കളിയോഗങ്ങളിൽ പ്രവർത്തിച്ചു.
1936ൽ *കലാമണ്ഡലത്തിലെ*  അധ്വാപകനായി.
ഒരു വർഷത്തിന്ശേഷം *കോട്ടയ്ക്കൽ പി.എസ്സ് വി നാട്യസംഘത്തിലേയ്ക്ക്* പോയ അദ്ദേഹം   _കലാമണ്ഡലത്തിൽ_ തിരികെയെത്തി. പിന്നീട് പ്രിൻസിപ്പളുമായി.

ഏതുവേഷവും  കെട്ടിഫലിപ്പിക്കാനുള്ള അപൂർവ്വമായ കഴിവായിരുന്നു _വാഴേങ്കടയുടെ_ സവിശേഷത. ചില പ്രത്യേകവേഷങ്ങളിൽ  അദ്ദേഹത്തെ കവച്ചുവയ്ക്കാൻ  ആരുമുണ്ടായിരുന്നില്ല. കഥകളിയിലെ മിക്ക ആദ്യാവസാന വേഷങ്ങളും  പ്രധാനവും അപ്രധാനവുമായ വേഷങ്ങളും അദ്ദേഹം കെട്ടിയിട്ടുണ്ട്. _പട്ടിക്കാംതൊടിയുടെ_ ശൈലിവല്ലഭത്വവും, _കുഞ്ചുക്കുറുപ്പിന്റെ_ ഭാവാഭിനയ നൈപുണ്യവും  സമഞ്ജസമായി സമ്മേളിച്ചതാണ് കുഞ്ചുനായരുടെ
നാട്യശില്പശൈലി.

കഥകളിയിലെ കല്ലുവഴിച്ചിട്ടയ്ക്ക്  സ്വന്തം അഭിനയശൈലിയിലൂടെ  പ്രത്യക്ഷമാതൃക സൃഷ്ടിച്ച മുദ്രകൾ കാണിക്കാനെടുക്കുന്ന സമയം , മുദ്രകളുടെ നീളത്തിൽ വരുത്തുന്ന നിയന്ത്രണം, ആട്ടക്കഥയിലെ പദത്തിലെ പ്രസക്തമായ ആശയം വിസ്തരിച്ചുള്ള പദാർത്ഥാഭിനയം, നാട്യാംശത്തിന് മുൻതൂക്കം നൽകിക്കൊണ്ടുള്ള അഭിനയം  തുടങ്ങിയവയിലൂടെ ശില്പസുന്ദരമായ ഒരു ശൈലി  അദ്ദേഹം  മെനഞ്ഞെടുത്തു
അദ്ദേഹത്തിന്റെ അദ്ധ്യാപനക്കുറിപ്പുകൾ കഥകളിയഭ്യാസത്തിന്റെ വിജ്ഞാനകോശമാണ്.

പാലക്കാട്‌, ചെർപ്പുളശേരി പാതയിലെ _കോങ്ങാടിന്_ സമീപം ജനിച്ചുവളർന്ന
ശ്രീ_കലാമണ്ഡലം _വാസുദേവപിഷാരടി_  _വാഴേങ്കടയുടെ_ അരുമശിഷ്യനാണ്.  കത്തിവേഷങ്ങളിലെ മികച്ച പ്രകടനമാണ് പിഷാരടിയെ പ്രശസ്തനാക്കിയത്. വാർദ്ധക്യവും രോഗപീഡകളാലും അദ്ദേഹം ഇന്ന് വിശ്രമജീവിതത്തിലാണ്.
പ്രശസ്ത സ്ത്രീവേഷക്കാരൻ യശ്ശശരീനായ *കോട്ടയ്ക്കൽ ശിവരാമൻ* ഭാഗിനേയനും കലാമണ്ഡലം പ്രിൻസിപ്പാളായിരുന്ന _വാഴേങ്കടവിജയൻ_  കുഞ്ചുനായരുടെ ആദ്യഭാര്യയിലെ മകനുമാണ്.
തെക്കൻ ജില്ലക്കാർക്ക് സുപരിചിതനായ
ശ്രീ _നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും_ വാഴേങ്കടയുടെ ശിഷ്യത്വം  സ്വീകരിച്ചിട്ടുണ്ട്.
1971ൽ അദ്ദേഹത്തിന് *പത്മശ്രീ* ബഹുമതി ലഭിച്ചു.
1981 ഫെബ്രുവരി 19 ന് അദ്ദേഹം കഥാവശേഷനായി.
 ഗുരുനാഥനായ
_പട്ടിക്കാംതൊടിക്ക്_ അപഥ്യമായിരുന്ന
_നളചരിതം_ കഥ അരങ്ങുകളിൽ   സമുജ്ജ്വലമായി ശോഭിക്കാൻ  കുഞ്ചുനായർ കാട്ടിയ
വ്യഗ്രതയും ഔൽസുക്യവും നാട്യാചാര്യന് എന്നും
കീർത്തിമുദ്ര ചാർത്തിക്കൊടുക്കും.

തിരുവനന്തപുരം കഥകളി ക്ലബ്ബിന്റെ സ്ഥാപകനും പ്രശസ്ത പണ്ഡിതനുമായിരുന്ന
*വി. കൃഷ്ണൻതമ്പി* താടകാവധം എന്ന പേരിൽ ഒരാട്ടക്കഥ രചിച്ചിട്ടുണ്ട്. താടകയുടെ സുന്ദരരൂപമായ മോഹിനിവേഷത്തിൽ ഒരിക്കൽ കൂഞ്ചുനായർ രംഗത്ത് വന്നതായി പ്രൊഫസർ അയ്മനം
കൃഷ്ണക്കൈമൾ മനോരമ വാരികയിൽ ആശാൻ വിടപറഞ്ഞ1981ൽ എഴുതിയിരുന്നത് ഓർമ്മയിൽ വരുന്നു.
രാമായണത്തിൽ ഝർഝരൻ എന്ന രാക്ഷസന്റെ പുത്രിയാണ് താടകയെങ്കിലും ഒരു
ദ്രാവിഡവനിതയായി തമ്പി ചിത്രീകരിച്ച നായികയെ ആശാൻ  വളരെയധികം ഭാവസമ്പുഷ്ടമാക്കിയെന്നാണ് കാണുന്നത്.

മൺമറഞ്ഞ, സുകൃതിയായ _വാഴേങ്കടയുടെ_ ഓർമ്മകൾക്ക് മുന്നിൽ  പ്രണാമമർപ്പിക്കുന്നു.

*കെ.ബി.ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ