Feb_18 മൈക്കലാഞ്ജലോ

*"പിയെത്ത"*

*യേശു ക്രിസ്തുവിന്റെ മൃതദേഹം മടിയിൽവച്ച്*
*ദുഃഖമടക്കിപ്പിടിച്ചിരിക്കുന്ന കന്യാമറിയത്തിന്റെ വിശ്രുത ശില്പം.*
ആ വെണ്ണക്കൽപ്രതിമയിൽ ഇങ്ങനെ കൊത്തിയിട്ടുണ്ട്,
_Michel Angelus Bonarotus_
_Florent Facibat._
അതിനർത്ഥം ഇങ്ങനെ. മൈക്കലാഞ്ജലോ
ബോണറോട്ടി,
ഫ്ലോറൻസ്കാരൻ,
ഇത് നിർമ്മിച്ചു.
പാശ്ചാത്യ ശില്പകലയിലെ അപ്രതിമപ്രഭാവനായ *മൈക്കലാഞ്ജലോ* കയ്യൊപ്പ് ചാർത്തിയ ഏകസൃഷ്ടിയും
"പിയെത്ത" ആയിരുന്നു.

ശില്പി, ചിത്രകാരൻ, കവി, വാസ്തുശില്പി അങ്ങനെ പോകുന്നു മൈക്കലാഞ്ജലോയുടെ സ്ഥാനങ്ങൾ. 'ഡേവിഡിന്റെ' ശില്പവും *വത്തിക്കാനിലെ* സിസ്റ്റൈൻ ചാപ്പലിന്റെ തട്ടിൽ
വരച്ച ചിത്രങ്ങളും മാത്രം മതി മൈക്കലാഞ്ജലോയെ കലയുടെ ചരിത്രത്തിലെ
നിത്യാത്ഭുതമാക്കാൻ.
ഇറ്റലിയിലെ ടസ്കനി  മേഖലയിലെ കപ്രീസീയിൽ 1475 മാർച്ച് ആറിന് ലുഡൊവിക്കോ ബോണറോട്ടിയുടെയും ഫ്രാൻസെസ്ക നേറിയുടെയും മകനായി മൈക്കലാഞ്ജലോ ജനിച്ചു.
അഞ്ച് ആൺമക്കളിൽ രണ്ടാമനായിരുന്നു മൈക്കലാഞ്ജലോ.
രോഗാതുരയായിരുന്ന അമ്മയ്ക്ക് മകനെ ശുശ്രൂഷിക്കാൻ കഴിയാതിരുന്നതിനാൽ അവനെ വളർത്താൻ മറ്റൊരു കുടുംബത്തെ ഏല്പിച്ചു.
കൽപ്പണിക്കാരായിരുന്നു
ആ കുടുംബം. അവിടെ വളർത്തമ്മയുടെ പാൽ കുടിച്ചു ഉളിയും ചുറ്റികയും കണ്ടുമാണ് താൻ വളർന്നതെന്ന് മൈക്കലാഞ്ജലോ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മൈക്കലിന് ആറ് വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ആരോടും കൂട്ട് കൂടാതെ  രൂക്ഷസ്വഭാവിയും ഏകാകിയുമായ വളർന്ന മൈക്കലിന്റെ ഏക ആഗ്രഹം കലാകാരനാവുക എന്നതായിരുന്നു.
ആ ഏകാന്ത വ്യക്തിത്വവും തുറന്നടിക്കുന്ന
രൂക്ഷപ്രകൃതവും മൈക്കലാഞ്ജലോയുടെ പിൽക്കാല ജീവിതത്തിലും തുടർന്നു.
തന്നെക്കാൾ ഇരുപത്
വയസ്സ് കൂടുതലുള്ള
വിശ്രുതകലാകാരൻ
*ലിയനാർഡോ ഡാവിൻചിയുമായി*
മൈക്കലാഞ്ജലോയ്ക്കുണ്ടായിരുന്ന ശത്രുത പ്രസിദ്ധമാണ്.
കലാകാരന്റെ
സ്വേച്ഛാചാരിത്വത്തിൽ വിശ്വസിച്ചാണ് ആഞ്ജലോ
ജീവിച്ചത്.
ആത്മപ്രചോദനമല്ലാതെ മറ്റൊന്നും തന്റെ കലാപ്രവർത്തനത്തിൽ മഹാനായ ആ കലാകാരൻ അനുവദിച്ചില്ല.

ഫ്ലോറൻസിലെ ഭരണകർത്താക്കളായ മെഡിസി കുടുംബത്തിന് കീഴിലെ ഒരു ചെറുകിട ഉദ്യോഗസ്ഥനായിരുന്നു മൈക്കലിനിന്റെ പിതാവ് ലു ഡൊവിക്കോ.
മകൻ വ്യാപാരിയോ വണിക്കോ ആകണമെന്ന് പിതാവ് ആശിച്ചു. എന്നാൽ കലാകാരനാകാനായിരുന്നു  അവന് മോഹം. ഇത് പിതാവിനെ ക്രൂദ്ധനാക്കി.
*ഫ്രാൻസെസ്കോ ഗലോട്ട*
എന്ന അധ്യാപകൻ കീഴിൽ   വ്യാകരണവും ലാറ്റിനും പഠിച്ച മൈക്കൽ, സഹപാഠിയും ആറ് വയസ്സ് മൂത്തവനുമായ
ഫ്രാൻസെസ്കോ  ഗ്രനാച്ചിയുടെ സ്വാധീനത്താൽ ചിത്രകലയിലേക്ക് തന്നെ ചെന്ന് വീണു.
*ഗിർലാൻഡയോ* എന്ന പ്രശസ്ത ചിത്രകാരന്റെ ശിഷ്യനായിരുന്നു ഗ്രനാച്ചി. അച്ഛന്റെ  എതിർപ്പിനിടയിൽത്തന്നെ പതിമൂന്നാം വയസ്സിൽ മൈക്കലാഞ്ജലോ ഡൊമിനിക്കോ
ഗിർലാൻഡയോയുടെ പണിപ്പുരയിൽ പരിശീലനാർത്ഥിയായി. ഒരുവർഷത്തെ
ചുമർചിത്രപഠനത്തിനുശേഷം മെഡിസി കൊട്ടാരത്തിലെ
ശില്പവിദ്യാലയത്തിലും
ഭരണകർത്താവായ ലോറൻസോ ഡി മെഡിസിയുടെ സദസ്സിലും മൈക്കലാഞ്ജലോ എത്തി.
ശവശരീരങ്ങൾ പരിശോധിച്ച് മൈക്കലാഞ്ജലോ
മനുഷ്യശരീരഘടന പഠിച്ചതും ഇക്കാലത്താണ്.

പതിനാറാം വയസ്സിൽത്തന്നെ മൈക്കലാഞ്ജലോ
തനതായ ശൈലി രൂപപ്പെടുത്തിത്തുടങ്ങി.
*ബാറ്റിൽ ഓഫ് ദ സെന്റോർസ്,*
*മഡോണ ഓഫ് ദ സ്റ്റെയേഴ്സ്*
എന്നീ റിലീഫുകൾ ഇക്കാലത്തേതാണ്.
ലോറൻസോയുടെ
മരണത്തോടെ  ഫ്ലോറൻസിലെ രാഷ്ട്രീയം കലങ്ങി മറിഞ്ഞു.
മെഡിസി കുടുംബത്തിന് അധികാരം നഷ്ടപ്പെട്ടു.
ഫ്രഞ്ച് സേന ഫ്ലോറൻസ് കീഴടക്കുകയും ചെയ്തു.
മൈക്കലാഞ്ജലോ റോമിലേക്ക് തിരിച്ചു. ഇക്കാലത്താണ് തന്റെ ആദ്യത്തെ കൂറ്റൻ ശില്പമായ
*ബാക്കസ്* അദ്ദേഹം നിർമ്മിച്ചത്. 1498 തന്നെ വിഖ്യാതമായ
_പിയെത്തയുടെ_ നിർമ്മാണം തുടങ്ങുകയും ചെയ്തു.
*സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ* ഇന്നും
ആ വരിഷ്ഠശില്പം നിലകൊള്ളുന്നു.
പ്രതിമ പൂർത്തിയായിക്കഴിഞ്ഞപ്പോൾ ഏതോ തീർത്ഥാടകൻ, അത്
*ക്രിസ്റ്റഫോറോ സൊലാരി* നിർമ്മിച്ച ശില്പമാണെന്ന് പറയുന്നത് മൈക്കലാഞ്ജലോ കേട്ടു. അതിൽ അരിശം മൂത്താണ് ശില്പത്തിൽ അദ്ദേഹം തന്റെ പേര്
കൊത്തിയത്.
*കലാകാരന്മാരുടെ*
*ജീവിതം*
എന്ന ഗ്രന്ഥത്തിൽ
*ഗിയോർഗിയോവസാറി*
പറയുന്നു.
"രൂപരഹിതമായ ഒരു
കൽകഷണത്തെ
പ്രകൃതിക്ക്പോലും മനുഷ്യശരീരത്തിൽ സാധ്യമാകാത്ത പരിപൂർണതയിലേക്ക് പരിവർത്തിപ്പിക്കാൻ കഴിഞ്ഞ
ഈ ശില്പം ഒരു ദിവ്യാത്ഭുതമാണ്."
നിർമ്മാണകാലം മുതൽ ഇന്നുവരെയും പിയെത്ത കലയെയും സാഹിത്യത്തെയും തത്വചിന്തയെയും മതത്തെയും പ്രചോദിപ്പിച്ചുകൊണ്ട് നിൽക്കുന്നു.

രാഷ്ട്രീയാനിശ്ചിതത്വം തീർന്ന് 1501 ൽ ഫ്ലോറൻസിൽ റിപ്പബ്ലിക്  പുനസ്ഥാപിതമായപ്പോൾ മൈക്കലാഞ്ജലോ മടങ്ങിയെത്തി.
റിപ്പബ്ലിക് നിലവിൽ
വന്നതിന്റെ പന്ത്രണ്ടാം ദിവസം
"ഡേവിഡിന്റെ" ശില്പം കൊത്താൻ മൈക്കലാഞ്ജലോ കരാർ ചെയ്യപ്പെട്ടു. 14.24 അടി ഉയരമുള്ള ഈ കൂറ്റൻ മാർബിൾ ശില്പം
1501-1504 കാലഘട്ടത്തിലാണ് അദ്ദേഹം കൊത്തിയെടുത്തത്.
*ഇസ്രായേലിന്റെ* ശത്രുക്കളെ, ഇച്ഛാശക്തിയും ദൈവവിശ്വാസവും കൊണ്ട് തോൽപ്പിച്ച ആ *ബൈബിൾ* കഥാപാത്രത്തെ ഫ്ലോറൻസിന്റെ ദേശാഭിമാനപ്രതീകമായാണ് മൈക്കലാഞ്ജലോ ഭാവന ചെയ്തത്.
ഡേവിഡിന്റെ  നിർമ്മിതി യോടെ ശില്പിയുടെ കീർത്തി വാനോളമുയർന്നു. എന്നാൽ ഏകാകിയായ
ആ കലാകാരനെ സമീപിക്കാൻ എല്ലാവർക്കും ഭയമായിരുന്നു. കുപ്രസിദ്ധമായ കോപവും പൊട്ടിത്തെറിക്കലും
അന്യരെ അകറ്റിനിർത്തി.
മൈക്കലാഞ്ജലോയ്ക്ക് ശിഷ്യന്മാരുണ്ടായിരുന്നില്ല. ഇക്കാലത്ത് ഫ്ലോറൻസിലെ പലാസോ വെച്ചിയോ എന്ന ടൗൺഹാളിൽ അദ്ദേഹം ഒരു ചുമർചിത്രമെഴുതി.
*ദ ബാറ്റിൽ ഓഫ് കാസിന* 1503 ൽ സ്ഥാനാരോഹണം ചെയ്ത വൃദ്ധനായ *പോപ്പ്*
*ജൂലിയസ്സ് രണ്ടാമൻ* കലാകാരന്മാരുടെ പ്രോത്സാഹകനായിരുന്നു.
അദ്ദേഹം,
_സിസ്റ്റൈൻ ചാപ്പലിലെ_ മേൽത്തട്ടിൽ ചിത്രം വരയ്ക്കാനായി മൈക്കലാഞ്ചലോയെ ക്ഷണിച്ചു. പ്രശസ്ത ചിത്രകാരനായ *റഫേലും* ഇവിടെ ചിത്രരചന നടത്തുന്നുണ്ടായിരുന്നു. മേൽത്തട്ടിൽ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ ചിത്രങ്ങളും അലങ്കാരപ്പണികളും
വരയ്ക്കാനാണ് മൈക്കലാഞ്ചലോയെ ക്ഷണിച്ചത്.

1508 മേയിൽ മൈക്കലാഞ്ജലോ  പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. തട്ടൊരുക്കലും രൂപകല്പനയുമായിരുന്നു ആദ്യം. ഏതാനും സഹായികളും തൊഴിലാളികളും കൂട്ടിനുണ്ടായിരുന്നു. എന്നാൽ കുറച്ച്‌ നാൾക്കകം അദ്ദേഹം സഹായി ചിത്രകാരന്മാരെ പുറത്താക്കി. തന്റെ പ്രതീക്ഷയ്ക്കൊപ്പം നിലവാരം അവർക്കില്ലാത്തതായിരുന്നു കാരണം. 1512 ഒക്ടോബർ 31ന് മൈക്കലാഞ്ജലോ ചിത്രങ്ങൾ പൂർത്തിയാക്കി.
300 രൂപങ്ങളാണ് സിസ്റ്റൈൻ ചാപ്പലിൽ അദ്ദേഹം വരച്ചത്. പോപ്പിനെ ഒഴിച്ച് മറ്റാരെയും മൈക്കലാഞ്ജലോ  ചിത്രങ്ങൾ കാണിച്ചിരുന്നില്ല. എന്നാൽ റഫേൽ രഹസ്യമായി അവ കണ്ടു.
അവയാൽ വ്യാമുക്തനായ
ആ വിശ്രുത കലാകാരന്റെ ചിത്രണശൈലിയിൽ അതോടെ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു.
എക്കാലത്തെയും മികച്ച
ചിത്രരൂപങ്ങളായാണ്  സിസ്റ്റൈൻ ചാപ്പലിൽ മൈക്കലാഞ്ജലോ വരച്ച ചിത്രങ്ങൾ വിലയിരുത്തപ്പെടുന്നത്.

സിസ്റ്റൈൻ ചാപ്പലിലെ ജോലി ഏല്പിക്കുന്നതിന് മുമ്പുതന്നെ _പോപ്പ് ജൂലിയസ് രണ്ടാമൻ_
തന്റെ ശവകുടീരം പണിയാൻ മൈക്കലാഞ്ജലോയെ കരാർ ചെയ്തിരുന്നു. (1505) വാസ്തുശില്പി എന്നനിലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അംഗീകാരമായിരുന്നു അത്. 1513 ൽ _പോപ്പ്_ കാലം ചെയ്തെങ്കിലും ശവകുടീരം തീർന്നത് 1545 ൽ ആയിരുന്നു.
അതിന് വേണ്ടി നിരവധി
വിഖ്യാത ശില്പങ്ങളും അദ്ദേഹം
കൊത്തിയുണ്ടാക്കി.
മെഡിസി കുടുംബത്തിലെ
ലോറൻസോ, ഗിയുലിയോസോ
എന്നീ പ്രഭുക്കന്മാരുടെ ശവകുടീരങ്ങളും  മൈക്കലാഞ്ജലോ നിർമ്മിച്ചവയാണ്.
1534 ൽ മെഡിസി
കുടുംബത്തിലെ അലെസാൻഡ്രോ പ്രഭുവുമായി പിണങ്ങി മൈക്കലാഞ്ജലോ ഫ്ലോറൻസ് വിട്ട് റോമിലേക്ക് പോയി.
അവിടെ _പോപ്പ്_ *ക്ലമന്റ് ഏഴാമൻ* അദ്ദേഹത്തെ സ്വീകരിച്ച് സിസ്റ്റൈൻ ചാപ്പലിൽ *അന്ത്യവിധിയുടെ*
ചുമർചിത്രം വരയ്ക്കാൻ കരാർ നൽകി. മരണത്തിന് തൊട്ട്മുമ്പായിരുന്നു അത്. പുതിയ _പോപ്പ്_
*പോൾ മൂന്നാമൻ*
ആ കരാർ ഉറപ്പിച്ചു.
1535 ഏപ്രിലിൽ, ചാപ്പലിൽ മൈക്കലാഞ്ജലോ  അന്ത്യവിധി വരയ്ക്കാൻ തുടങ്ങി.
ഔദ്യോഗികമായ അനാച്ഛാദനത്തിന് മുമ്പേ ചിത്രം രൂക്ഷവിമർശനത്തിനിരയായി.
വത്തിക്കാനിലെ
മാസ്റ്റർ ഓഫ് സെറിമണിസായ
*ബിയാജിയോ ഡ സെസെന* ആയിരുന്നു
മുഖ്യവിമർശകൻ.
ചിത്രത്തിലെ നഗ്നരൂപങ്ങൾ, ഒരു വിശുദ്ധസ്ഥലത്തിനല്ല പൊതുശൗചാലയങ്ങൾക്കും സത്രങ്ങൾക്കുമാണ് ചേരുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
_നരകത്തിൽ,_ കാലിൽ മഹാസർപ്പം ചുറ്റിവരിഞ്ഞു കിടക്കുന്ന *മിനോസിന്റെ* മുഖത്തിന് ബിയാജിയോയുടെ ഛായ നൽകിയാണ് മൈക്കലാഞ്ജലോ
പക വീട്ടിയത്. എന്നാൽ
ആ നഗ്നരൂപങ്ങളെ പോൾ മൂന്നാമമോ തുടർന്ന് വന്ന
*ജൂലിയസ് മൂന്നാമനോ* എതിർത്തില്ല.
1541 ൽ ആണ്
"അന്ത്യവിധി" പൂർത്തിയായത്.

ഏകാന്തവും
വിഷാദഭരിതവുമായിരുന്നു മൈക്കലാഞ്ജലോയുടെ  ജീവിതം. സ്ത്രീകളിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും അദ്ദേഹം അകന്നുനിന്നു. കോമളവും പേലവവുമായ ഭാവങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നൽകിയില്ല.
രൗദ്രതയും  ബീഭത്സതയും
ആ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം.
നഗ്നമായ പുരുഷരൂപങ്ങളെ യഥാതഥമായി ചിത്രീകരിക്കാനാണ് അദ്ദേഹം
വെമ്പിയത്.
*വിറ്റോറിയ കൊളോണ* എന്ന വിധവയായ കവയിത്രിയുമായി കുറച്ച് കാലം നീണ്ടുനിന്ന സൗഹൃദത്തിന്റെ കാലത്ത് അദ്ദേഹം കവിതകൾ എഴുതിയിരുന്നു.
അവരുടെ മരണം മൈക്കലാഞ്ജലോയുടെ  ഏകാന്തത വർധിപ്പിച്ചു.
എങ്കിലും അന്ത്യംവരെയും അദ്ദേഹം ശില്പങ്ങൾ നിർമ്മിച്ചു. 1564 ഫെബ്രുവരി 18 ന്
മൈക്കലാഞ്ജലോ
അന്തരിച്ചു.
*കോട്ടയം പുഷ്പനാഥ്,*
1977 ൽ പ്രസിദ്ധീകരിച്ച *ഫറോവന്റെ മരണമുറി* എന്ന അപസർപ്പക നോവലിൽ,
_ഡോക്ടർ മാർക്സിൻ,_
ഈജിപ്തിലെ
ഒരു ഹോട്ടലിന്റെ കമനീയമായ
ഹാളിൽ
സിസ്റ്റൈൻ ചാപ്പലിലെ
ചിത്രങ്ങളുടെ പകർപ്പുകൾ
കണ്ടാനന്ദിച്ച് നില്ക്കുന്ന
കാര്യം വിവരിച്ചിട്ടുണ്ട്.
*പാറപ്പുറത്തിന്റെ*
_മകനെ നിനക്ക് വേണ്ടി_
എന്ന നോവലിലും
ആഞ്ജലോയുടെ
_അന്ത്യവിധി_ എന്ന ചിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ