Feb_17 ജിദ്ദു കൃഷ്ണമൂർത്തി

*സൗഖ്യദുഖങ്ങൾ സഹജമേവർക്കുമേ*
*നീക്കാവതല്ല സുരാസുരന്മാരാലും*
*ലോകേ സുഖാനന്തരം* *ദുഖമായ് വരു*
*മാകുലമില്ല ദുഖാനന്തരം* *സുഖം*

*അധ്യാത്മരാമായണം* _അയോധ്യാകാണ്ഡത്തിലെ_
*ഗുഹസംഗമം* എന്ന
അധ്യായത്തിൽ,
_സൗമിത്രിയും ഗുഹനും_
യാമിനിയിൽ, വനമധ്യത്തിൽ ശ്രീരാഘവനും
ദേവിക്കും കാവലായി വർത്തിക്കുമ്പോൾ
ലോകകാര്യങ്ങളെക്കുറിച്ച്
പറയുകയാണ്.
കേകയപുത്രിയും മന്ഥരയും
അനുവർത്തിച്ച കുടിലതയുടെ
ഫലമാണത്രേ
രാഘവന് ദുഖമുണ്ടാകുവാൻ
കാരണമായതെന്ന്
ഗുഹന്റെ വാക്കുകളെ
തത്വാപദേശത്താൽ
ലക്ഷ്മണൻ ഖണ്ഡിക്കുകയാണ്

സാധാരണനായൊരു ഗ്രാമീണ ബാലനിൽ അവതാരപുരുഷനെ ലഭിക്കുകയും
ലോകം
വളരെക്കാലമായി പ്രതീക്ഷിച്ചിരിക്കുന്ന
*മഹാഗുരുവായി* പ്രഖ്യാപിക്കുകയും ചെയ്യുക,
മഹാഗുരുവിന് വേണ്ടവിധത്തിലുള്ള വിദ്യാഭ്യാസാദി സൗകര്യങ്ങളോടെ വളർത്തപ്പെട്ട അവൻ പ്രഭാഷണങ്ങളിലൂടെയും
മാസ്മരിക വ്യക്തിത്വത്തിലൂടെയും  ലോകമെങ്ങും അനേകായിരം അനുയായികളെ നേടുകയും _നൂറ്റാണ്ടിലെ ബുദ്ധൻ_ എന്ന് പലരാലും വിശേഷിക്കപ്പെടുകയും ചെയ്യുക, ഒടുവിൽ തന്നിലാരോപിക്കപ്പെട്ട ദൈവികതയെ തള്ളിപ്പറഞ്ഞ് ഞാനാരുടെയും ഗുരുവല്ല, എനിക്ക് ശിഷ്യന്മാരില്ല എന്ന് പറഞ്ഞ് ഏകാന്തമായൊരു ജീവിതത്തിലേക്കും  ദർശനത്തിലേക്കും പടർന്നേറുക,--- ഇതൊക്കെയായിരുന്നു ഇരുപതാം ശതകത്തിലെ ഏറ്റവും പ്രശസ്തനായ ഇന്ത്യൻ തത്വചിന്തകനും പ്രഭാഷകനും ഗ്രന്ഥകാരനും
*തിയോസഫിക്കൽ സൊസൈറ്റിയുടെയും* _പൗരസ്ത്യ_
_താരകസംഘത്തിന്റേയും_
മുഖ്യസംഘാടകനുമായ
*ജിദ്ദു കൃഷ്ണമൂർത്തി.*

*ചെന്നൈ* നഗരത്തിൽ നിന്ന് 150 നാഴിക വടക്ക് *മദനപ്പള്ളി* ഗ്രാമത്തിൽ, (ഇപ്പോൾ ആന്ധ്രയിൽ) തെലുങ്ക് ബ്രാഹ്മണരായ _നാരായണയ്യയുടേയും_ _സജ്ജീവമ്മയുടേയും_ എട്ടാമത്തെ പുത്രനായി
1895 മെയ് 11ന് കൃഷ്ണമൂർത്തി ജനിച്ചു. റവന്യൂവകുപ്പ് ഉദ്യോഗസ്ഥനായ നാരായണയ്യയുടെ സ്ഥലം മാറ്റത്തിനൊപ്പം കുടുംബവും താമസം മാറ്റിക്കൊണ്ടിരുന്നു.
അനുജൻ നിത്യാനന്ദനായിരുന്നു കളിക്കൂട്ടുകാരൻ. രണ്ട് പേരെയും മദനപ്പള്ളി സ്കൂളിലാണ് ചേർത്തത്.
കൃഷ്ണമൂർത്തി പഠിത്തത്തിൽ അത്ര സമർഥനായിരുന്നില്ല. പരീക്ഷകളോട് വെറുപ്പായിരുന്നു, പ്രകൃതി ദൃശ്യങ്ങൾ കണ്ട് രസിക്കുന്നതിലായിരുന്നു താല്പര്യം.
അച്ഛനുമമ്മയും
*ആനിബസന്റിന്റെ*
തിയോസഫിക്കൽ  സൊസൈറ്റിയിൽ അംഗങ്ങളായിരുന്നു. വീട്ടിൽ ഭഗവാന്മാരുടെ ചിത്രങ്ങൾക്കൊപ്പം ആനിബസന്റിന്റെ ചിത്രവും തൂക്കിയിരുന്നു. കൃഷ്ണന്
പത്ത് വയസ്സുള്ളപ്പോൾ
അമ്മ മരണമടഞ്ഞു.
പന്ത്രണ്ട് വയസ്സുള്ളപ്പോൾ അച്ഛൻ പെൻഷൻപറ്റി പിരിഞ്ഞു.
തുച്ഛമായ പെൻഷൻതുകകൊണ്ട് കുട്ടികളുടെ പഠിത്തവും ജീവിതച്ചിലവും പ്രയാസമേറിയതായി.

ഇക്കാലത്താണ് നാരായണയ്യ കത്തുകൾ വഴി
ആനിബസന്റുമായി ബന്ധപ്പെടുന്നത്.
ഇനിയുള്ള തന്റെ സമയം മുഴുവൻ തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ തയ്യാറാണെന്നും പകരം തനിക്കും കുട്ടികൾക്കും സൊസൈറ്റി കേന്ദ്രമായ
*അഡയാറിൽ* താമസിക്കാനൊരിടം ഒരുക്കിയാൽ മതിയെന്നും അറിയിച്ച്, നാരായണയ്യ അയച്ച കത്തിന് ആദ്യം
ആനിബസന്റിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല.
നാരായണയ്യ വീണ്ടും വീണ്ടുമെഴുതി.
ഒടുവിൽ മദാമ്മ സമ്മതിച്ചു. 1909 ൽ നാരായണയ്യ കുടുംബസമേതം അഡയാറിലെത്തി.
തിയോസഫിക്കൽ സൊസൈറ്റിയുടെ വിശാലമായ ആസ്ഥാനത്തിന് സമീപം ഒരു കൊച്ചുവീട്ടിൽ താമസമാക്കി. അധികം അകലെയല്ലാത്ത *മൈലാപ്പൂർ* സുബ്രഹ്മണ്യം ഹൈസ്കൂളിൽ കൃഷ്ണമൂർത്തിയേയും നിത്യാനന്ദനേയും ചേർത്തു.

അഡയാർ വാസകാലത്താണ് കൃഷ്ണമൂർത്തിയുടെ ജീവിതത്തെ മാറ്റിമറിച്ച ചില സംഭവങ്ങളുണ്ടാകുന്നത്.
ആനിബസന്റിന്റെ വലംകൈയും ദിവ്യദൃഷ്ടിയുണ്ടെന്ന്   സഹപ്രവർത്തകർ വിശ്വസിക്കുന്നയാളുമായ
*സി ഡബ്ലിയു ലെഡ്ബീറ്റർ* ആദ്യമായി കൃഷ്ണമൂർത്തിയെ കാണുന്നത്. ഇവിടെവച്ചാണ് കൃഷ്ണമൂർത്തിയുടെ ശിരസ്സിന് ചുറ്റും അസാധാരണമായ ഒരു പ്രഭാവലയം ദർശിച്ച ലെഡ്ബീറ്റർ അത്  സുഹൃത്തുക്കളോടൊക്കെ പറഞ്ഞു.
ഈശ്വരനെ മറ്റൊരു അവതാരത്തെ (മഹാഗുരു) പ്രതീക്ഷിച്ചിരുന്ന
ആനിബസന്റും ലെഡ്ബീറ്ററും
തിയോസഫിക്കൽ പ്രവർത്തകരും കൃഷ്ണമൂർത്തി
അവതാരപുരുഷൻ
തന്നെയെന്ന് വിശ്വസിച്ചു.

ആനിബസന്റിന്റെ
പ്രത്യേക നിർദ്ദേശപ്രകാരം കൃഷ്ണമൂർത്തിയുടെയും നിത്യാനന്ദന്റെയും വിദ്യാഭ്യാസം സൊസൈറ്റി ഏറ്റെടുത്തു. പ്രത്യേക ഗുരുനാഥന്മാരെ അവർക്കായി ഏർപ്പെടുത്തി. ഔപചാരികമായ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു.
_ഡിക് ക്ലാർക്ക്,_ _സുബ്രഹ്മണ്യയ്യർ,_
_ഏണസ്റ്റ് വുഡ്,_
_ഫബ്രീസിയോ റസ്പോളി_ തുടങ്ങിയ തിയോസഫിക്കൽ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു വിദ്യാഭ്യാസം.
ആനിബസന്റും കൃഷ്ണമൂർത്തിയും കുറഞ്ഞ കാലം കൊണ്ട് അമ്മയും മകനും പോലെ അടുത്തു. മരണംവരെ അമ്മ എന്നാണ് കൃഷ്ണമൂർത്തി ബസന്റിനെ സംബോധന ചെയ്തിരുന്നത്. കൃഷ്ണമൂർത്തിയുടെയും നിത്യാനന്ദന്റേയും താമസം
തിയോസഫിക്കൽ സൊസൈറ്റി സെന്ററിൽ
ആനിബസന്റിന്റെ മുറിക്ക് സമീപം തന്നെയായി.

പതിനഞ്ച് വയസ്സുള്ളപ്പോൾ കൃഷ്ണമൂർത്തിയെ തിയോസഫിക്കൽക്കാരുടെ മഹാഗുരുവായ "കുത്തമി" ശിഷ്യനായി അംഗീകരിച്ചത്രെ ഈ ഘട്ടത്തിലാണ്
*ഗുരു പാദങ്ങളിൽ* എന്ന ഗ്രന്ഥം കൃഷ്ണമൂർത്തി രചിച്ചത്. മഹാഗുരു തന്നോട് പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ഈ ഗ്രന്ഥം പിന്നീട് അതിപ്രസിദ്ധമായി. 1911ൽ ആനിബസന്റുമൊത്ത് കൃഷ്ണമൂർത്തിയും നിത്യാനന്ദനും, *ബനാറസിലേക്ക്*
പോയി താമസിക്കുമ്പോഴാണ് കൃഷ്ണമൂർത്തി ആദ്യമായി പ്രഭാഷണങ്ങൾ നടത്തിയത്.
ബസന്റും ലെഡ് ബീറ്ററും *ജോർജ്ജ് അരുണ്ഡേലും* ചേർന്ന് ആ വർഷം രൂപവത്കരിച്ച _പൗരസ്ത്യ താരക സംഘ_
( *ഓർഡർ ഓഫ് സ്റ്റാർ ഇൻ ഈസ്റ്റ്* )ത്തിന്റെ തലവനായി അവരോധിച്ചത്, കൃഷ്ണമൂർത്തിയെയാണ്.
സംഘത്തിന്റെ  ആഭിമുഖ്യത്തിൽ കൃഷ്ണമൂർത്തി പത്രാധിപരായി ഒരു പ്രസിദ്ധീകരണവുമാരംഭിച്ചു. ഇക്കാലത്ത് തന്നെയായിരുന്നു ആദ്യ വിദേശയാത്രയും.
ബസന്റിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി. ഏതാനും മാസങ്ങൾ ലണ്ടനിലും കുറച്ചുനാൾ പാരീസിലും താമസിച്ച ശേഷം അഡയാറിലേക്ക് മടങ്ങി.
ആ വർഷാവസാനം ബനാറസിൽ നടന്ന സൊസൈറ്റി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച
പൗരസ്ത്യ താരക സംഘത്തിന്റെ യോഗത്തിൽ അധ്യക്ഷം വഹിച്ച കൃഷ്ണമൂർത്തി ചെയ്ത
ചെറുപ്രസംഗം ലോകമെങ്ങുമുള്ള
തിയോസഫിക്കൽ പ്രവർത്തകരെ ആകർഷിച്ചു.

കൃഷ്ണമൂർത്തിയുടെയും നിത്യാനന്ദന്റെയും രക്ഷാകർത്തൃത്വത്തെച്ചൊല്ലി ആനിബസന്റും   നാരായണയ്യയും തമ്മിൽ ഇക്കാലത്ത് ചില തർക്കങ്ങളുണ്ടായി ഉന്നതവിദ്യാഭ്യാസത്തിനായി അവരെ ലണ്ടനിലേക്കയ്ക്കുന്നത് നാരായണയ്യ എതിർത്തെങ്കിലും ഒടുവിൽ സമ്മതിച്ചു.
1912 ജനുവരിയിൽ കൃഷ്ണമൂർത്തിയും നിത്യാനന്ദനും ലണ്ടനിലെത്തി. വിദ്യാഭ്യാസം തുടർന്നു. കൃഷ്ണമൂർത്തിയുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതായി
ജോർജ്ജ് അരുണ്ഡേൽ ബനാറസ് ഹിന്ദു കോളേജിൽ നിന്ന് ലീവെടുത്ത് ലണ്ടനിലെത്തി. ഇവിടെവച്ചാണ് അരുണ്ഡേലിന്റെ സഹായത്തോടെ കൃഷ്ണമൂർത്തി,
*വിദ്യാഭ്യാസം ഒരു സേവനം* എന്ന ഗ്രന്ഥം രചിച്ചത്. കുട്ടികളുടെ രക്ഷാകർത്തൃത്വത്തെച്ചൊല്ലിയുള്ള പ്രശ്നം ഈ സമയത്ത് വീണ്ടുമുയർന്നു. ഏറെക്കാലം നീണ്ടുനിന്ന കോടതിക്കേസിൽ ഒടുവിൽ ബസന്റ് വിജയിച്ചു. ആ വർഷം തന്നെ ലണ്ടൻ യൂണിവേഴ്സിറ്റി  മെട്രിക്കുലേഷൻ പരീക്ഷ എഴുതിയെങ്കിലും കൃഷ്ണമൂർത്തി വിജയിച്ചില്ല.
നിത്യാനന്ദ് ഉയർന്ന മാർക്കോടെ വിജയിച്ച് നിയമപഠനം ആരംഭിച്ചു. കൃഷ്ണമൂർത്തി രണ്ട്തവണകൂടി എഴുതിയെങ്കിലും വിജയിക്കാനായില്ല.
അതോടെ പരീക്ഷയെഴുതുന്ന ഏർപ്പാട് അവസാനിപ്പിച്ചു.

ആനിബസന്റിനും  മറ്റ് പ്രമുഖ തിയോസഫിക്കൽ സൊസൈറ്റി പ്രവർത്തകർക്കുമൊപ്പം യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലും സഞ്ചരിച്ച് കൃഷ്ണമൂർത്തി പ്രഭാഷണ പരമ്പര നടത്തി.
അദ്ദേഹത്തിന്റെ  പ്രഭാഷണശൈലി
ആയിരങ്ങളെ ആകർഷിച്ചു. വളരെ പെട്ടെന്ന് പ്രശസ്തനായി. പ്രഭാഷണങ്ങൾക്കായി *പാരീസിൽ* കഴിയുമ്പോഴാണ് *ബുദ്ധദർശനങ്ങൾ* കൂടുതലായി പഠിച്ചത്.
ഇത് കൃഷ്ണമൂർത്തിയുടെ
പിൽക്കാല ചിന്തയെ ഏറെ സ്വാധീനിച്ചു.
_അഭിനവ ബുദ്ധനെന്നും_ ഇരുപതാം ശതകത്തിലെ ബുദ്ധനെന്നും ഏറെപ്പേരെക്കൊണ്ട് വിശേഷിപ്പിക്കത്തക്ക നിലയിലുള്ള ജീവിത വീക്ഷണത്തിലും
തത്വദർശനത്തിലേക്കും കൃഷ്ണമൂർത്തിയുടെ ചിന്തയിൽ പരിവർത്തനമുണ്ടായി.

*ഹോളണ്ട്* പര്യടനകാലത്ത് *ഒമ്മാൻ* എന്ന സ്ഥലത്ത് ഒരു ധനികൻ 5000 ഏക്കർ സ്ഥലവും  കൂറ്റൻ കെട്ടിടവും കൃഷ്ണമൂർത്തിക്ക് സമർപ്പിച്ചു.
ഇവിടം പൗരസ്ത്യ താരകകേന്ദ്രത്തിന്റെ ആസ്ഥാനമാക്കി ഏറെനാൾ പ്രവർത്തിച്ചു.
പിന്നീട് *അമേരിക്കയിലെ* കാലിഫോർണിയയ്ക്കടുത്തുള്ള *ഓജായ്* എന്ന സ്ഥലത്തും പൗരസ്ത്യ
താരകസംഘത്തിന്റെ ഒരു കേന്ദ്രം ആരംഭിച്ചു. കുറച്ച് കാലത്തിനുള്ളിൽ അമേരിക്ക യൂറോപ്പ് ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രവർത്തന കേന്ദ്രങ്ങൾ തുറന്നു. ലോകത്തിലെല്ലായിടത്തും സഞ്ചരിച്ച് നിരവധി പ്രഭാഷണ യോഗങ്ങൾ നടത്തി.
ലോകമെങ്ങും അനേകായിരം അനുയായികളുണ്ടായി. ലോകത്തിലെ ഏറ്റവും പ്രശസ്ത വ്യക്തികളിലൊരാളായി മാറി അദ്ദേഹം.

1925 ൽ നിത്യാനന്ദ് മരണമടഞ്ഞു.

പ്രശസ്തിയുടെ ഉച്ചകോടിയിൽ നിൽക്കവേ കൃഷ്ണമൂർത്തിയുടെ ജീവിത വീക്ഷണത്തിലും തത്വചിന്തയിലും വലിയ മാറ്റങ്ങളുണ്ടായി.
ദൈവത്തിന്റെ അവതാരമാണെന്നും ലോകഗുരുവാണെന്നുമുള്ള പ്രചരണം അദ്ദേഹത്തിൽ
മനം മടുപ്പുണ്ടാക്കിത്തുടങ്ങിയിരുന്നു.
ആത്മപരിശോധനയ്ക്കൊടുവിൽ 1929 ഓഗസ്റ്റ് മൂന്നിന് പൗരസ്ത്യ താരകസംഘം പിരിച്ചുവിട്ടു.
"സുഖം ലഭിക്കുവാൻ നമുക്ക് മതങ്ങൾ ആവശ്യമില്ല, സ്നേഹിക്കുവാൻ ക്ഷേത്രങ്ങൾ ആവശ്യമില്ല." മതസംഘടനകളുടെ വെളിച്ചം നിറഞ്ഞ പ്രസംഗപ്പന്തലൂകളിലോ ക്ഷേത്രങ്ങളുടെ ഇരുണ്ട ഇടനാഴികളിലോ സത്യം കണ്ടെത്തുക സാധ്യമല്ല. മതഗ്രന്ഥങ്ങളും മതാചാരങ്ങളും നമ്മെ സത്യത്തിലേക്ക് നയിക്കുകയില്ല.

അങ്ങനെ തികച്ചും വ്യത്യസ്തമായൊരു വഴിയിലേക്ക് കൃഷ്ണമൂർത്തി നീങ്ങി.
1939 ൽ തിയോസഫിക്കൽ സൊസൈറ്റിയിൽ നിന്നും രാജിവച്ചു.
തനിക്ക് സമർപ്പിക്കപ്പെട്ടിരുന്ന വസ്തുവകകളും സമ്പത്തുമെല്ലാം  സമർപ്പിച്ചവർക്ക് തിരിച്ച് നൽകി. എല്ലാ സംഘടനകളിൽനിന്നും പ്രസ്ഥാനങ്ങളിൽ നിന്നും വിമുക്തനായി.
സ്വതന്ത്രസത്യപ്രചാരകനായി ജീവിക്കാനാണ് തനിക്കിഷ്ടമെന്ന് അദ്ദേഹം പറഞ്ഞു. "ആരുടേയും ഗുരുനാഥനല്ല താന്നെന്നും തനിക്ക് ശിഷ്യന്മാരില്ലെന്നും  പ്രഖ്യാപിച്ചു. എല്ലാത്തരം ബന്ധനങ്ങളിൽ നിന്നും ഭയത്തിൽനിന്നും മനുഷ്യനെ കേവലമായും നിരുപാധികമായും മോചിപ്പിക്കുക,"
അതാണ് എന്റെ ലക്ഷ്യം.

1933 ൽ ആനീബസന്റും
1934 ൽ ലെഡ് ബീറ്ററും അന്തരിച്ചു.

തിയോസഫിക്കൽ സൊസൈറ്റിയുമായുള്ള ബന്ധം
വിട്ടശേഷം അഡയാർ കേന്ദ്രമാക്കി കൃഷ്ണമൂർത്തി ഫൗണ്ടേഷൻ ആരംഭിച്ചു. കൃഷ്ണമൂർത്തിയുടെ പ്രസംഗ പര്യടനങ്ങൾ ഏർപ്പാട് ചെയ്യുക, പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, അദ്ദേഹം സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭരണപരമായ ചുമതലകൾ നിർവ്വഹിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഫൗണ്ടേഷനെ ഏല്പിച്ചത്, നിലവിലുള്ള വിദ്യാഭ്യാസസമ്പ്രദായത്തെ വിമർശിക്കുകയും തന്റെ ആശയങ്ങൾക്കനുസരിച്ചുളള വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി നൂതന വിദ്യാഭ്യാസസംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇന്ത്യയിലും ഇംഗ്ലണ്ടിലും അമേരിക്കയിലുമായി ആറ് അന്തർദേശീയ വിദ്യാലയങ്ങൾ സ്ഥാപിച്ചു.

*നിത്യാനന്ദം പകരും ബ്രഹ്മം*
*നീയേ ധർമ്മം ഈ ജന്മ മർമ്മം.*

താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും "സുന്ദരനായ വ്യക്തി" എന്നാണ് കൃഷ്ണമൂർത്തിയെ വിഖ്യാത സാഹിത്യകാരനായ
*ബർണാഡ് ഷാ* വിശേഷിപ്പിച്ചത്.
"ഇത്രമാത്രം ശ്രദ്ധേയമായൊരു പ്രസംഗവും ഞാനിതുവരെ കേട്ടിട്ടില്ല" എന്ന്
*ആൽഡസ് ഹക്സിലി.*   712 പുസ്തകങ്ങൾ കൃഷ്ണമൂർത്തിയുടേതായുണ്ട്.അവയിലേറെ പങ്കും പ്രഭാഷണങ്ങളുടെ സമാഹാരമാണ്. _എഡ്യൂക്കേഷൻ ആൻഡ്_
_ദ സിഗ്നിഫിക്കൻസ് ഓഫ് ലൈഫ്,_
_ദ ഫസ്റ്റ് ആൻഡ് ദ ലാസ്റ്റ്._
_ദ ലെഗസി ഓഫ് ചേഞ്ച്_
എന്നിവ മുഖ്യഗ്രന്ഥങ്ങൾ.

"ഒറ്റയടിപ്പാതപോലുമില്ലാത്ത ഒരു ഭൂപ്രദേശമാണ് സത്യം. അതിലെത്താൻ ഒരു വഴിയുമില്ല.
മറ്റൊരാളെ പിൻതുടരുമ്പോൾ നിങ്ങൾ സത്യത്തെ  പിൻതുടരാതാവുന്നു"
എന്നു പറഞ്ഞ് സത്യത്തിന്റെ ഏകാന്തമായ വഴിത്താരകളിലേക്ക് മനുഷ്യനെ നയിച്ച,
ജിദ്ദു കൃഷ്ണമൂർത്തി
1986 ഫെബ്രുവരി 17 ന് _കാലിഫോർണിയയിൽ_ അന്തരിച്ചു.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ