Feb13 ബാലു മഹേന്ദ്ര

*"കുളിരാടുന്നു മാനത്ത്, കിളി പാടുന്നു താഴത്ത്.*
*മഞ്ഞിൽ വിരിഞ്ഞു മന്ദാരങ്ങൾ.*
*നെഞ്ഞിൽ കിനിഞ്ഞു തേൻ തുള്ളികൾ*
*കിളി വാതിൽ തുറന്നൊരു* *പൊൻപക്ഷിപോൽ ഇനി എൻ ഗാനമേ പോരൂ"*

1982  ലെ ഓണക്കാലം. സെപ്തംബർ 2 ന്  _ഏഷ്യയിലെ_ ആദ്യത്തെ 70 എംഎം ചിത്രമായ _നവോദയായുടെ_ *പടയോട്ടം*
_തിരുവനന്തപുരം_  _അതുല്യ_
തിയേറ്ററിൽ നിന്ന് ആദ്യത്തെ പ്രദർശനം വല്ലവിധേനയും ഈ അനുസ്മരണം കുറിച്ചയാൾ   കണ്ടു.
*പ്രേംനസീറിന്റെ*
മറ്റൊരു ചിത്രമായ  _ജോഷി_ സംവിധാനം ചെയ്ത _എവർഷൈനിന്റെ_
മൾട്ടിസ്റ്റാർ ചിത്രം *ആരംഭം* _ശക്തിയിൽ_ ഓടുന്നു.  സാധാരണരീതിയിൽ   "ആരംഭ" ത്തിന്
ടിക്കറ്റ്കിട്ടാൻ യാതൊരു മാർഗ്ഗവും കാണുന്നില്ല. ഏതെങ്കിലും ഒരു ചിത്രം
കണ്ടേ മതിയാകൂ.

_ധന്യ രമ്യ_ തിയേറ്ററുകളിൽ *ഓളങ്ങൾ* എന്നൊരു ചിത്രമോടുന്നു
പ്രശസ്ത താരനിരയില്ല.
നായകൻ മറാഠിനടനാണ് . ഏതായാലും _ഓളങ്ങൾ_ കണ്ടിറങ്ങിയപ്പോൾ
മനസ്സും ശരീരവും കുളിർത്തു എന്നുതന്നെപറയാം.

_പ്രാക്കാട്ട് ഫിലിംസിന്റെ_ ബാനറിൽ  പ്രശസ്ത ഛായാഗ്രഹകൻ *ബാലുമഹേന്ദ്ര*
കഥ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം *എറിക്ക് സീഗലിന്റെ*    ""മാൻ, വുമൻ ചൈൽഡ്""  എന്ന നോവലിനെ, അവലംബിച്ചുള്ളതായിരുന്നു. അതിലെ ഏറ്റവും മനോഹരമായ ഗാനത്തിന്റെ പല്ലവിയാണ് ആദ്യം കണ്ടത്. _അമോൽപലേക്കർ_ എന്ന നടൻ പാടുന്നത് പോലെയായിരുന്നു
_ഗാനഗന്ധർവ്വൻ_
ആ ഗാനമാലപിച്ചിരിക്കുന്നത്.   പലേക്കറെ കൂടാതെ
പുർണിമാജയറാം അംബിക ബേബിഅഞ്ജു മുതലായവർ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങൾ  *ഒഎൻവി* ഇളയരാജ ടീമായിരുന്നു. ഇതിലെ ജാനകിയാലപിച്ച ""തുമ്പീ വാ തുമ്പക്കുടത്തിൻ"" എന്ന ഗാനത്തിന്റെ സുഖമറിയാത്തവരുണ്ടോ എന്നു സംശയമാണ്.

ഇന്ത്യൻ സിനിമയ്ക്ക് പുതിയൊരു ഭാവുകത്വവും ലാവണ്യ സംസ്ക്കാരവും പകർന്ന്നല്കിയ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ *ബാലുമഹേന്ദ്ര* ആറാണ്ടുകൾക്ക് മുമ്പ് ഇതേ ദിനത്തിലാണ് *ചെന്നൈയിലെ*
_വിജയാ ആശുപത്രിയിൽ_ ഹൃദയാഘാതംമൂലം അന്തരിച്ചത്.

*ശ്രീലങ്കയിലെ* _അമൃതകലിയിൽ_
1939 ൽ  ശ്രീലങ്കൻ തമിഴ് കുടുംബത്തിൽ ജനിച്ച *ബാലനാഥൻ ബെഞ്ചമിൻ മഹേന്ദ്ര*  എന്ന
 _ബാലുമഹേന്ദ്ര_  പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനാണ് ഇന്ത്യയിലെത്തുന്നത്.
സ്കുൾ പഠനകാലത്ത്  ബാലു ഒരു വിനോദയാത്രാവേളയിൽ  ശ്രീലങ്കയിൽ നിർമ്മിച്ച *ഡേവിഡ്ലീനിന്റെ*
_ദ ബ്രിഡ്ജ് ഓൺ ദ റിവർ കാവായി_ എന്ന സിനിമയുടെ   രംഗ ചിത്രീകരണം കാണാനിടയായി. ലീനിന്റെ വ്യക്തിപ്രാഭവത്തിൽ മനം മയങ്ങിയ  അദ്ദേഹത്തിന്റെ മനസ്സിൽ ബാല്യത്തിലേ ഒരു ഫിലിംമേക്കറാകണമെന്ന ബോധമുദിച്ചു.

സ്കൂൾ പഠനം കഴിഞ്ഞയുടൻ അഭിനയവും ചിത്രകലയും പഠിക്കുവാൻ ബാലുവിന് അടങ്ങാത്ത ആഗ്രഹമുണ്ടായി.
*ലണ്ടൻ യൂണിവേഴ്സിറ്റിയിൽ* ചേർന്നു  ഉയർന്ന മാർക്കോടെ സയൻസിൽ ബിരുദമെടുത്തു.  ശ്രീലങ്കയിൽ തിരിച്ചെത്തിയ മഹേന്ദ്ര സർവ്വേ വകുപ്പിൽ ഡ്രാഫ്റ്റ്സ്മാനായി _കൊളംബോയിൽ_ ഒരു ചെറിയകാലയളവിൽ ജോലി ചെയ്തു.  ഇക്കാലത്തിനിടയിൽ
_തേൻ അരുവി_ എന്നൊരു മാസികയിൽ പ്രവർത്തിക്കുകയും റേഡിയോ സിലോണിൽ നാടക കലാകാരനാകുകയും ചെയ്തു.

1969 ൽ  ഛായാഗ്രഹണത്തിൽ
സ്വർണ്ണമെഡലോടെ  ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തിറങ്ങിയ _ബാലുവിന്_ വഴിത്തിരിവായത് പ്രമുഖസംവിധായകൻ _രാമുകാര്യാട്ടിന്റെ_  *നെല്ല്* ആണ്. ഈ ചലച്ചിത്രത്തിൽ ക്യാമറാമാൻ എന്ന നിലയിൽ _ബാലു_ നടത്തിയ പരീക്ഷണങ്ങൾ
ചലച്ചിത്രലോകം വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്.
പ്രകൃതിദത്തമായ വെളിച്ചം കഴിയുന്നത്ര ഉപയോഗിച്ച്കൊണ്ട്  _ബാലു_ ക്യാമറ ചലിപ്പിച്ചപ്പോൾ ഇന്ത്യൻ സിനിമ പുതിയൊരു പ്രതിഭയുടെ വരവറിഞ്ഞു 1971 ൽ ചിത്രികരിച്ച "നെല്ല്" മൂന്നോളം വർഷങ്ങൾ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. ഇതിനിടയിൽ കാര്യാട്ടിന്റെ തന്നെ *മായ* എന്ന ചിത്രത്തിന് വേണ്ടിയും ബാലു ക്യാമറമാനായി.
എന്നാൽ മലയാളത്തിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം *പി.എൻ മേനോന്റെ* _പണിമുടക്ക്_  എന്ന
ചിത്രമായിരുന്നു.
1974 ൽ നെല്ലിന്റെ ഫോട്ടാഗ്രാഫിക്ക്
സംസ്ഥാത അവാർഡ് ലഭിച്ചു. മലയാളത്തിൽ നിരവധി ചിത്രങ്ങൾക്ക് അക്കാലത്ത് ക്യാമറ ചലിപ്പിക്കാൻ ബാലുവിനായി.

1978 ൽ പുറത്തുവന്ന
_ജെ. മഹേന്ദ്രന്റെ_
*മുള്ളുംമലരും*   എന്ന ചിത്രം _കൽക്കി_ മാസികയിൽ  ഖണ്ഡശ പ്രസിദ്ധീകരിച്ചു വന്ന  *ഉമാചന്ദ്രന്റെ* നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു.
_രജനികാന്ത്_ *ശോഭ*
ശരത്ബാബു  എന്നിവരഭിനയിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം കൂടാതെ തിരക്കഥ സംഭാഷണം സഹസംവിധാനവും ബാലു നിർവ്വഹിക്കുകയുണ്ടായി. ചിത്രം രജനിയുടെ കരിയറിൽ ഒരു വഴിത്തിരിവായിരുന്നു. 1979 ൽ
*വേനലിൽ ഒരു മഴ* എന്ന പേരിൽ ഈ ചിത്രം  _ശ്രീകുമാരൻതമ്പി_
സംവിധാനം ചെയ്തു

1979 ൽ _ദേവി ഫിലിംസിന്റെ_ *അഴിയാത്ത കോലങ്ങൾ* എന്ന ചിത്രം ബാലു സംവിധാനം ചെയ്തു. ഈ ചിത്രത്തിലെ നായിക ശോഭയായിരുന്നു

1980 ൽ *കെ.വിശ്വനാഥന്റെ* സംഗീതചിത്രമായ *ശങ്കരാഭരണത്തിന്റെ* ഛായാഗ്രഹണം
 _ബാലുമഹേന്ദ്രയായിരുന്നു_
നിർവ്വഹിച്ചത്.

1980 നവംബറിൽത്തന്നെ ബാലുവിന്റെ മൂന്നാമത്തെ ചിത്രമായ *മൂടുപനി*
 പുറത്തുവന്നു
_ആൽഫ്രഡ് ഹിച്ച്കോക്കിന്റെ_  "സൈക്കോ" എന്ന  ചിത്രത്തിന്റെ സ്വാധീനമുൾക്കൊണ്ടാണ് പ്രതാപ് പോത്തനും ശോഭയുമഭിനയിച്ച   ചിത്രം സംവിധാനം ചെയ്തത്.

1982 ൽ ശ്രീ _കമലഹാസന്_ ഏറ്റവും നല്ല നടനും
 _ബാലു മഹേന്ദ്രയ്ക്ക്_  നല്ല ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത
_സത്യജ്യോതി ഫിലിംസിന്റെ_ *മൂന്നാംപിറൈ* 
മുന്നൂറ് ദിവസത്തോളം പ്രദർശിപ്പിച്ച  ചിത്രമായിരുന്നു. ബാലു തന്നെ കഥയും സംവിധാനവും  നിർവ്വഹിച്ച ചിത്രത്തിന് വേണ്ടിയായിരുന്നു *കണ്ണദാസ്സൻ*
എന്ന പ്രസിദ്ധനായ  തമിഴ്കവി അവസാനമായി
കവിത രചിച്ചത്.  കമലിന്റെ നായികയായി *ശ്രീദേവി* അസാധരണമായ  അഭിനയമാണ് കാഴ്ചവച്ചത്. ഒരപകടത്തെത്തുടർന്ന് ഓർമ്മ നഷ്ടപ്പെട്ട  കുലീന കുടുംബത്തിലെ യുവതിയെ,  സ്കൂളധ്യാപകനായ ശ്രീനിവാസ്(ചീനു)  സംരക്ഷിക്കുകയും ചികിത്സയിലൂടെ പൂർവ്വസ്ഥിതി കൈവരുന്ന അവസ്ഥയിൽ സംരക്ഷകനായ സ്നേഹിതനെ തിരിച്ചറിയാതെവരുന്ന വല്ലാത്ത  ദൂരവസ്ഥയും പ്രേക്ഷകരെ  ഇളക്കിമറിച്ചിരുന്നു.  ഭാഗ്യലക്ഷ്മി നാട്ടിലേയ്ക്ക് തിരിക്കുന്ന
തീവണ്ടി സ്റ്റേഷനിലെ രംഗങ്ങൾ  വിഷമിപ്പിച്ചു. ക്ലൈമാക്സ് സീനിൽ തിയേറ്ററിൽ കാണികളുണ്ടാക്കിയ ചേഷ്ടകൾ ഇന്നും മറന്നിട്ടില്ല.
1983ൽ *സദ്മ* എന്ന പേരിൽ ചിത്രത്തിന്റെ റീമേക്കിൽ ഇതേ പ്രണയജോഡികൾ തന്നെ അഭിനയിച്ചു.

1983 ലെ ഓണക്കാലത്ത്, _പ്രാക്കാട്ട്ഫിലിംസ്_
ബാലുമഹേന്ദ്രയുടെ ആദ്യചിത്രമായ   *കോകില* (കന്നഡ)
മലയാളത്തിൽ *ഊമക്കുയിൽ* എന്ന പേരിൽ പുറത്തിറക്കി.
_വൈ.ജി മഹേന്ദ്രയായിരുന്നു_ നായകൻ.
ചിത്രം പരാജയമായിരുന്നു.

1985 ൽ _ജോൺപോളിന്റെ_ കഥയ്ക്ക് _ബാലുമഹേന്ദ്ര_  തിരക്കഥയെഴുതി  ഛായാഗ്രഹണം നിർവ്വഹിച്ച് സംവിധാനം ചെയ്ത
_പ്രാക്കാട്ട് ഫിലിംസിന്റെ_ *യാത്ര*   അദ്ദേഹത്തിന്റെ മലയാളത്തിലെ
അവസാന ചിത്രമായിരുന്നു.  1977 ലെ  _ജാപ്പനീസ്സ്_ ക്ലാസ്സിക്ക് ചിത്രമായ *ദി യെല്ലോ ഹാൻഡ് കർചീഫിന്റെ* പ്ലോട്ട്,
1982 ൽ _മഹേന്ദ്ര_ ഉൾക്കൊണ്ട്  _തെലുങ്കിൽ_ *നിരീക്ഷണ*  എന്ന പേരിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു മലയാളത്തിൽ "യാത്ര"യായത്, മനുഷ്യാവകാശ ധ്വംസനവും പ്രണയവും ജയിലും പശ്ചാത്തലമാക്കിയ ചിത്രത്തിൽ പ്രശസ്ത നടൻ "മമ്മൂട്ടിയാണ്" നായകൻ,   _ബാലുമഹേന്ദ്ര_ വളരെയധികം നിർബന്ധിച്ചതിനാലാണ്  ജയിൽപ്പുള്ളിയുടെ വേഷത്തിന് സ്വാഭാവികത, ലഭിക്കാൻ മമ്മൂട്ടി തലമുണ്ഡനം ചെയ്യാൻ വിധേയനായത് എന്നൊരിക്കൽ _ചെമ്പിലരയൻ_ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
മൊട്ടയടിക്കപ്പെട്ടാൽ തന്റെ ഇമേജിനെ ബാധിക്കുമെന്ന് മമ്മൂട്ടി ഭയന്നിരുന്നു. എന്നാൽ
ഈ ചിത്രത്തിന് നല്ല നടനുള്ള സംസ്ഥാന അവാർഡ്  ലഭിച്ചു.

1983 ൽ പൂനെയിൽ ബാലുവിന്റെ ജൂനിയറായിരുന്ന ശ്രീ. _കെ.ജി ജോർജ്ജ്_  സിനിമയ്ക്കുള്ളിലെ
സിനിമയായി പ്രശസ്ത നടി *ശോഭയുടെ*  ആത്മഹത്യയെ അടിസ്ഥാനമാക്കി  ""ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്"" എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്തു.
ഡേവിഡ് കാച്ചപ്പിള്ളിയും
ഇന്നസെന്റുമയിരുന്നു  നിർമ്മാതാക്കൾ. ഈ ചിത്രത്തിലെ  സുരേഷ്ബാബു, ലേഖ മുതലായ കഥാപാത്രങ്ങൾക്ക്  ശോഭയുടെയും
ബാലുമഹേന്ദ്രയുടേയും സാദൃശ്യമുണ്ടായിരുന്നെങ്കിലും അദ്ദേഹം കോലാഹലമുണ്ടാക്കാൻ തുനിഞ്ഞില്ല.

തമിഴിൽ മഹേന്ദ്ര തുടർന്ന് ചെയ്ത _വണ്ണ വണ്ണ പൂക്കൾ_, _മറുപടിയും, സതിലീലാവതി_, _രാമൻ അബ്ദുള്ള, വീട്_,
_ഇരട്ട വാൽ കുരുവി_ എന്നിവയും ശ്രദ്ധിക്കപ്പെട്ടു.

1978 ലാണ് ബാലുമഹേന്ദ്ര മലയാളിയായ പ്രശസ്ത നടി *ശോഭയെ*  രണ്ടാംവിവാഹം ചെയ്തത്.  സിനിമാമേഖലയിലെ ദമ്പതികൾക്ക് സാധാരണ സംഭവിക്കാറുള്ള അസ്വാരസ്യങ്ങൾ ഇവരുടെ ജീവിതത്തിലും കടന്നുവന്നു.
തന്റെ പ്രശസ്തമാകാൻ പോകുന്ന _മൂന്നാംപിറയിലെ_ ഭാഗ്യലക്ഷ്മി എന്ന കഥാപാത്രമായി ഭാര്യയായ _ശോഭയെ_ കണ്ടുകൊണ്ട് ചിത്രത്തിന്റെ ആരംഭം കുറിക്കുമ്പോഴാണ് _ശോഭ_ ജീവിതത്തിന് വിരാമമിടുന്നത്. 1979 ൽ ഇവർ *പശി* എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശി അവാർഡ് നേടിയിരുന്നു.
_ബാലുമഹേന്ദ്ര_ മുന്നാമതും വിവാഹിതനായി.

കളർസിനിമയ്ക്ക് വളരെയേറെ ചമയങ്ങളുണ്ടായിരുന്ന കാലത്താണ് ബാലു മഹേന്ദ്ര ക്യാമറയിൽ പുതിയ കാഴ്ചകൾ സൃഷ്ടിച്ചത്.  മേക്കപ്പ്മൂലം  മുഖംമൂടി പോലെ തോന്നിച്ചിരുന്നു  അന്നത്തെ നടീനടന്മാരുടെ ദൃശ്യങ്ങൾ അതിനിടയിൽ മുഖത്തിന്റെ യഥാർത്ഥ രൂപവും  വികാരവിക്ഷോഭങ്ങളും ക്യാമറയിൽ പതിയണമെന്ന്  അദ്ദേഹമാഗ്രഹിച്ചു. നമ്മുടെ പല അഭിനേതാക്കളുടെയും  പ്രകൃതിയുടേയും സ്വാഭാവിക സൗന്ദര്യം ഒപ്പിയെടുക്കുന്നതിലും അവയെ യഥാതഥമായി പ്രതിബിംബിപ്പിക്കുന്നതിലും പ്രത്യേക വിരുത് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. വലിയൊരു മുദ്രയാണ് ബാലു എന്ന ക്യാമറാമാൻ ഇന്ത്യൻ സിനിമയിൽ പതിപ്പിച്ചത്.

ദൃശ്യാവിഷ്ക്കരണം ഛായാഗ്രഹണ കലയിൽ കലർത്തി കഥ പറഞ്ഞിരുന്ന,  ഇന്ത്യൻ സിനിമകണ്ട  ഏറ്റവും സൗന്ദര്യമായ രീതിയിൽ  ക്യാമറ ഉപയോഗിച്ചിരുന്ന ഈ ഫോട്ടോഗ്രാഫർ ആരാധിച്ചിരുന്ന രണ്ട് ഉജ്ജ്വല പ്രതിഭകളിൽ ഒരാൾ വിഖ്യാതനായ
*സത്യജിത്ത്റേയായിരുന്നു.* 

*യാത്രയായത് ""യാത്ര""യുടെ  സൃഷ്ടാവ്*

ബാലുവിന്റെ നല്ലൊരു തമിഴ് ചിത്രമായ
*വണ്ണ വണ്ണ പൂക്കളിലെ* ഗാനഗന്ധർവ്വൻ, അനശ്വരമാക്കിയ
_ഇളം നെഞ്ചം വാ_
എന്ന പ്രകൃതി വർണ്ണന തുളുമ്പുന്ന മനോഹര ഗാനവും കേൾപ്പിക്കുന്നു.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ