Feb_12 വി.ടി.ഭട്ടതിരിപ്പാട്

*"ഞാനൊരു* *ശാന്തിക്കാരനായിരുന്നെങ്കിൽ വെച്ചു കഴിഞ്ഞ നിവേദ്യം* *വിശന്നു വലയുന്ന കേരളത്തിലെ പാവങ്ങൾക്ക്* *വിളമ്പിക്കൊടുക്കും"*.

*"ദേവന്റെ മേൽ ചാർത്തിക്കഴിഞ്ഞ* *പട്ട്തിരുവുടയാട  അർദ്ധനഗ്നരായ പാവങ്ങളുടെ* *അര മറയ്ക്കാൻ ചീന്തിക്കൊടുക്കും".*

_യോഗക്ഷേമസഭയുടെ_ മുഖപത്രമായ
*ഉണ്ണിനമ്പൂതിരി* യിൽ  *വി.ടി. ഭട്ടതിരിപ്പാട്* എന്ന സമുദായ പരിഷ്ക്കർത്താവ്  ധാർമ്മികരോഷത്തോടെ എഴുതിയ ലേഖനത്തിന്റെ തുടക്കത്തിലെ
ചില വരികളാണ് മേലുദ്ധരിച്ചത്.
ഈ ലേഖനത്തിലെ 
ധാർമ്മികരോഷം അലയടിച്ച ഉദ്ഘോഷങ്ങൾ യാഥാസ്ഥിതികത്വത്തിന്റെ കുടുമകളെ പിടിച്ചുലച്ചു.
ഭരണവർഗത്തിന്റെ
സ്വൈരംകെടുത്തി.
_കൊച്ചി സർക്കാർ_
പത്രം
കണ്ടുകെട്ടി. _കൊച്ചിരാജ്യത്ത്_ പ്രവേശിക്കുന്നതിൽനിന്ന് അധികൃതർ _വിടിയെ_ വിലക്കി.
എന്നാൽ
ഇതുകൊണ്ടൊന്നും അദ്ദേഹത്തെ തളർത്താൻ ആർക്കുമായില്ല.
ഉറച്ചമനസ്സും
കരുത്തുറ്റ തൂലികയുമായി അദ്ദേഹം മുന്നോട്ട് സഞ്ചരിച്ചു.

വർത്തമാനകാലം ഏറ്റവും കുടുതൽ ചർച്ച ചെയ്യുകയും പരിചയപ്പെട്ടതുമായ  ഒരു പദമാണ് *നവോത്ഥാനം.*
"പുതിയ ഉണർവ്"  എന്നർത്ഥം പറയുന്ന പദത്തിന്റെ മൂല്യം മാനവരാശിയുളളിടത്തോളം കാലം അർത്ഥവത്തായിത്തന്നെ നിലനില്ക്കും.
ഇരുണ്ട യുഗങ്ങളിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് നടന്നു കയറിയ മർത്യർ  തുടർന്നും സാമൂഹ്യവും മതപരവും സാംസ്ക്കാരികവുമായ നവോത്ഥാനങ്ങൾക്ക് കീഴ്പ്പെട്ട് പരിവർത്തനങ്ങൾക്ക്  വിധേയരായിക്കൊണ്ടിരിക്കും.  ആർക്കും തടുക്കാനാകാത്ത അത്ഭുത പ്രതിഭാസമാണത്..  ഇന്നത്തെ ആചാരം നാളത്തെ അനാചാരമാകുന്ന പ്രവണത തികച്ചും  ആപേക്ഷികമാണ്.

നമ്പൂതിരി സമുദായത്തിൽ നടമാടിയിരുന്ന
പല ദുരാചാരങ്ങളേയും സംബന്ധിച്ച് നാമിന്നു കേൾക്കുമ്പോൾ വിസ്മയഭരിതരാകും.
ഇത്തരത്തിലൊന്നായിരുന്നു *സ്മാർത്തവിചാരം* 
1994 ൽ ശ്രീ _എംടി_ രചിച *പരിണയം*
_നേമം പുഷ്പരാജിന്റെ_ *ഗൗരീശങ്കരം* എന്നീ ചലച്ചിത്രങ്ങൾ  കാണുന്നവർക്ക്   നമ്പൂതിരി സമുദായത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായിരുന്ന  ദുരാചാരങ്ങളെക്കുറിച്ച്  സാമാന്യമായ  അറിവുണ്ടാകും..

പുതിയ പത്താം ക്ലാസ്സ് പാഠപുസ്തകത്തിലെ
*അമൃതസ്മൃതികൾ*  എന്നൊരധ്യായം *വിടിയുടെ*  _ആത്മകഥയായ_
*കണ്ണീരും കിനാവും*  എന്ന പുസ്തകത്തിലെ
ഒരേടാണ്. 1970 ലാണ് _ആത്മകഥ_ പുറത്തിറങ്ങുന്നത്.
 1972 ൽ പുസ്തകത്തിന് അക്കാദമി അവാർഡു ലഭിച്ചു.
ആത്മകഥയെന്നു കരുതി അദ്ദേഹത്തിന്റെ വീര സാഹസിക കഥകളല്ല പുസ്തകത്തിൽ. ഇരുളടഞ്ഞ ബാല്യകാലവും  ക്ലേശകരമായ ജീവിതത്തിന്റെ ഭാഗങ്ങളുമാണ് വായിക്കാനാകുന്നത്.
കേരളത്തിന്റെ സാംസ്കാരികചരിത്രത്തിൽ  പ്രധാനപ്പെട്ട ഒരു നാഴികക്കല്ലുറപ്പിക്കുവാൻ സാധിച്ച
സാഹിത്യനായകനാണ് _വിടി._
ദുരാചാരങ്ങളുടെ ഒരധ്യായം തിരുത്തിക്കുറിച്ച അദ്ദേഹം ശക്തനായ സ്വാതന്ത്ര്യസമര സേനാനികൂടിയാണ്.

നവോത്ഥാനത്തിന്റെ അക്ഷരത്തിരി കൊളുത്തി ചെറിയനാളം ജ്വലിച്ചു തുടങ്ങിയ വർത്തമാനകാലത്തിലെ മാനവർ, പതിറ്റാണ്ടുകൾക്ക് മുമ്പ്,  അനാചാരങ്ങൾ കുമിഞ്ഞുകൂടിയ യാഥാസ്ഥിതിക സമൂഹത്തെ ഞെട്ടിച്ചുണർത്തിയ
*വിടി ഭട്ടതിരിപ്പാടിന്റെ*  ഓർമ്മദിനമാണ് _ഫെബ്രുവരി പന്ത്രണ്ട്_ എന്നുള്ള വാർത്തയറിയണം.

*പാലക്കാട്‌* ജില്ലയുടെ  പടിഞ്ഞാറൻ ഭാഗമായ _തൃത്താല._  പഞ്ചായത്തിലെ  _മേഴത്തൂരിൽ_ *വെള്ളിത്തിരുത്തി*
*താഴത്തുമനയിൽ*
_തുപ്പൻ ഭട്ടതിരിപ്പാടിന്റെയും_ കിടങ്ങൂർ കൈപ്പള്ളി ഇല്ലത്ത് _ശ്രീദേവി അന്തർജ്ജനത്തിന്റെയും_ രണ്ടാമത്തെ മകനായി 1896  മാർച്ചിലാണ് "വിടി" യുടെ ജനനം.

വിടിയുടെ ബാല്യകാലം
ഒട്ടും ശോഭനമായിരുന്നില്ല. സാമ്പത്തിക ഭദ്രതയില്ലാത്ത ഒരില്ലത്താണ് അദ്ദേഹം പിറന്നത്.
 _മുതുകുർശിമനയിൽ_ വേദം അഭ്യസിച്ച കാലത്ത് അദ്ദേഹം അപ്ഫന്മാരുടെ കൂട്ടിരിപ്പിനെയും
മൂസ്സ് നമ്പൂതിരിമാരുടെ അധിവേദനത്തേയും മറ്റുമുള്ള ചുടുപിടിച്ച ചർച്ചകൾക്ക് സാക്ഷിയായിരുന്നു വേദപഠനത്തിന് ശേഷം അദ്ദേഹം _ഷൊർണൂരിനടുത്തുള്ള_ *മുണ്ടമുക* ശാസ്താക്ഷേത്രത്തിലെ ശാന്തിക്കാരനാകേണ്ടി വന്നു.
ഇവിടെ ശാന്തി ചെയ്യുന്ന കാലത്ത് ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ട ഒരു സംഭവമുണ്ടായി. ഒരു തിയ്യാടി പെൺകുട്ടിയിൽ നിന്ന് അക്ഷരജ്ഞാനം സിദ്ധിക്കേണ്ടി വന്നു.
പതിനേഴ് വയസ്സ് വരെ നിരക്ഷരനായിരുന്ന വിടിക്ക് വായിക്കാനും അറിവു നേടാനുമുള്ള ആഗ്രഹം  വളരാനിടയായി. പെൺകുട്ടിയുടെ ശിഷ്യത്വം  സ്വീകരിച്ച് വായിക്കാൻ കഴിവ് നേടിയപ്പോൾ "മാൻ മാർക്ക് കുട" എന്ന് വായിച്ചത് ആത്മകഥയിൽ ആത്മഹർഷത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ പഠിക്കാനായി *തിരുവനന്തപുരത്തേക്ക്* പുറപ്പെട്ടു.
അവിടെനടന്ന മുറജപത്തിൽ പങ്കുകൊണ്ട് ജീവിതം തുടർന്നു

തുടർന്ന് *പെരിന്തൽമണ്ണ* ഹൈസ്കൂളിൽ 1918 ൽ ഒന്നാം ക്ലാസ്സിൽ ചേർന്നു.
ചില ദോഷകരമായ സാഹചര്യങ്ങൾ നിമിത്തം
ആ സ്കൂളിൽ പഠനം തുടരാനാകാതെ പിന്നീട്
1921 ൽ  _ഇടക്കുന്നി നമ്പൂതിരി_ വിദ്യാലയത്തിൽ പഠിക്കേണ്ടിവന്നു.
എന്നാൽ അവിടെയും *വിടിയെ* പഠനം തുടരാൻ ചില സാഹചര്യങ്ങൾ അനുവദിച്ചില്ല.
ദേശീയ സമരാവേശം തലയ്ക്ക്പിടിച്ച
ചില സഹപാഠികളുമൊത്ത് _വിടി_ *അഹമ്മദാബാദിൽ* നടന്ന _ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്_ സമ്മേളനത്തിനായിപ്പോയി.
അക്കാലത്ത്
പുറംനാടുകളിൽ പോകുക വളരെ നിഷിദ്ധമായിരുന്ന പ്രവൃത്തിയായിരുന്നു.
ദുഷ്പ്രവർത്തിക്ക്
പ്രായശ്ചിത്തത്തിന് മുതിരാത്തതിനാൽ  സമുദായ സ്നേഹികൾ പഠനം മുന്നോട്ട് കൊണ്ടു പോകാനനുവദിച്ചില്ല..

1923 ൽ അദ്ദേഹം _യോഗക്ഷേമം_ കമ്പനിയിൽ ജോലിക്കാരനായി.
*നാരായണഗുരുവിന്റെ*
 ""ഒരുജാതി ഒരുമതം
ഒരുദൈവം മനുഷ്യന്"" എന്ന ആദർശത്തോട് ആദരവ് തോന്നാനും _എസ്സ്എൻഡിപി_ യോഗം എന്ന സംഘടനയോട് അടുപ്പം തോന്നാനും ഇക്കാലത്ത് സാധ്യമായി.  ഈഴവരുടെ പൊതുയോഗങ്ങളിൽ പങ്കെടുക്കുക അവരുടെ വീടുകളിൽ നിന്ന്  ഭോജനം നടത്തുക,  മിശ്രഭോജനം
മിശ്രവിവാഹം,  എന്നീ വിപ്ലവാശയങ്ങൾ അദ്ദേഹത്തിൽ കടന്നുകൂടിയതും ഇക്കാലത്താണ്.
സമുദായത്തിൽ പറ്റിപ്പിടിച്ച അഴുക്കിനെ ഇല്ലാതാക്കാൻ ലേഖനങ്ങളും പ്രസംഗങ്ങളും മുഖേന ജനങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു.

1919 ൽ ത്തന്നെ നമ്പൂതിരി "യുവജനസംഘവും" സ്ഥാപിക്കപ്പെട്ടു. "പാശുപതം"
എന്നൊരു പത്രവും ആരംഭിച്ചു. അതിലെ _രജനിരംഗം_ എന്ന പംക്തി കൈകാര്യം ചെയ്തിരുന്നത് വിടിയാണ്. ആദ്യ കഥ വിഷുക്കൈനേട്ടം  ഇതിലൂടെ വെളിച്ചം കണ്ടു.

*ചെർപ്പുളശേരിക്കടുത്ത* _ചളവറ ഇട്ടിയാമ്പറമ്പത്ത്_ "വാസുദേവൻ നമ്പൂതിരിയുടെ" പുത്രിയും
_കമ്യൂണിസ്റ്റ്പാർട്ടിയുടെ_ ആദ്യകാല പ്രവർത്തകൻ *ഐ.സി.പി. നമ്പൂതിരിയുടെ* സഹോദരിയുമായ
 _ശ്രിദേവി അന്തർജ്ജനത്തെ_ 
 1930 ന് രണ്ടാം വേളി കഴിക്കുന്നത്. 

സാമുദായിക പരിഷ്ക്കാരത്തിനായാണ്
വിടി തന്റെ ആദ്യ നാടകം രചിക്കുന്നത്.
ഒരു ലഘുനോവൽ രചന നടത്തുമ്പോൾ അതിലെ നാലാമധ്യായമാണ്  പ്രസിദ്ധമായ *അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്* എന്ന നാടകമായി രൂപാന്തരപ്പെട്ടത്.
1929 ഡിസംബറിൽ _ഇടക്കുന്നിയിൽ_ നാടകം അവതരിപ്പിക്കപ്പെട്ടു.
നാടകം സമുദായത്തെ ഇളക്കിമറിച്ചു. അന്തപ്പുരങ്ങളിൽപ്പോലും സജീവ ചർച്ചയായി.
ഒരു മാസത്തിനകം നാടകം പുസ്തകരൂപത്തിൽ
പുറത്തുവന്നു.
ചൂടപ്പംപോലെ പുസ്തകം വിറ്റഴിഞ്ഞെങ്കിലും  രണ്ടാം പതിപ്പ് *കേളപ്പന്റെ* അവതാരികയോടെ _മാതൃഭുമി_ പ്രസിദ്ധികരിക്കുന്നത്
കാൽനൂറ്റാണ്ടിന് ശേഷമാണ്. തുടർന്ന് *കരിഞ്ചന്ത* എന്നൊരു നാടകവും _വിടി_ രചിച്ചു.

അഭൂതപൂർവ്വമായ ജൈത്രയാത്രയായിരുന്നു വിടി യുടെ ആദ്യ നാടകം നടത്തിയത്.
*കുട്ടിക്കൃഷ്ണമാരാർ* അടക്കമുള്ളവർ നാടകത്തെ പുകഴ്ത്തി.1930 ൽ _ഗുരുവായൂരിൽ_  നടന്ന യുവജനസംഘത്തിന്റെ വാർഷികത്തിൽ _ഭട്ടതിരി_ സംഘത്തിന്റെ സെക്രട്ടറിയായി ചുമതലയേറ്റു.
സമുദായപരിഷ്ക്കരണ ശ്രമങ്ങൾ.  അയിത്തോച്ചാടനം,
ദേശീയപ്രസ്ഥാനം  തുടങ്ങിയ _ഗാന്ധിയൻ_ സമരമുറകളിലും അദ്ദേഹം സജീവമായി പങ്കെടുത്തു.

സംഘം സെക്രട്ടറിയായതോടെ ഉത്തരവാദിത്തങ്ങൾ കൂടി . അനാചാരങ്ങളെ എതിർത്തിരുന്ന അദ്ദേഹം മാതാവിന്റെ വിയോഗത്തെത്തുടർന്നുള്ള _സംവത്സരദീക്ഷ_ നോറ്റില്ല.
ഇടക്കുന്നിയിലെ നമ്പൂതിരി വിദ്യാലയത്തിന്റെ ജീർണ്ണാവസ്ഥ പരിഹരിക്കാൻ 1931 ൽ യാചനായാത്ര നടത്തി. ഇല്ലങ്ങൾ സന്ദർശിച്ച് പിരിവെടുത്ത യാത്ര മുപ്പത്തിയെട്ടാം ദിവസം സമാപിച്ചു. ബ്രഹ്മാലയങ്ങളിലും ദേവാലയങ്ങളിലും അവർണ്ണർക്ക് പ്രവേശനം നല്കാൻ വിടി ശ്രമിച്ചു.
*ഗുരുവായൂർ*
ക്ഷേത്രപ്രവേശന പ്രവർത്തനങ്ങൾക്ക് സജീവ സഹകരണം നല്കിയ അദ്ദേഹം പ്രചരണ യോഗങ്ങളിൽ പ്രസംഗിക്കുകയും ചെയ്തു.

വിടിയുടെ പ്രവർത്തനം സമുദായത്തിനുള്ളിൽ മാത്രം ഒതുങ്ങിനിന്നില്ല. സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർക്കായി _കൊടുമുണ്ടയിൽ_ ഒരാശ്രമം സ്ഥാപിക്കുകയുണ്ടായി.

ശതാഭിഷിക്തനായി  ഏതാനും മാസം കഴിഞ്ഞതും രോഗാതുരനായി.വാതവും ഹൃദയാഘാതവും ആരോഗ്യത്തെ തകർത്തു. ചികിത്സകൾക്കൊടുവിൽ 1982 ഫെബ്രുവരി 12 ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

*"എന്റെ സഹോദരി സഹോദരന്മാരെ കരിങ്കല്ലിനെ*
*കല്ലായും മനുഷ്യനെ മനുഷ്യനായും കരുതുക"*

ഇതായിരുന്നു
മാനവജനതയ്ക്ക് അദ്ദേഹം നല്കിയ സന്ദേശം

*കെ.ബി. ഷാജി. നെടുമങ്ങാട്*.

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ