Feb_06 ലളിതാംബിക അന്തർജനം

*വാർതിങ്കളുദിക്കാത്ത* *വാസന്ത രാത്രിയിൽ:*
*എന്തിനീ അഷ്ടമംഗല്യം.?*
*പൂമണംമായുമീ*
*ഏകാന്തശയ്യയിൽ,*
*എന്തിനീ അനംഗമന്ത്രം?*

_കൈതപ്രത്തിന്റെ_ വരികളും ഈണവും._ചിത്രയുടെ_ വിഷാദം തുളുമ്പുന്ന  ആലാപന ഭംഗി.
ഒരു ചിത്രത്തിന്റെ കഥയേയും ആശയാവിഷ്ക്കരണത്തേയും
ഉള്ളിലറിഞ്ഞ് വികാരതീവ്രമായ വരികൾ കുറിക്കാൻ കൈതപ്രത്തിന് കഴിഞ്ഞു. മന്മഥമന്ത്രത്തിന്റെ ധ്വനിയില്ലാത്ത ഒരു മണിയറയിൽ നിന്നുള്ള ഗദ്ഗദങ്ങളാണ് ഗാനത്തിലൂടെ പ്രതിധ്വനിക്കുന്നത് 

1999 ൽ ശ്രീ  _ശ്യാമപ്രസാദ്_ തന്റെ കന്നിച്ചിത്രമായ *അഗ്നിസാക്ഷിയിൽ* സ്ത്രൈണകാന്തിയാൽ പരിശോഭിതയായ
പുതുശേരിമനയിലെ ആത്തോലമ്മയായ _ദേവകിയുടെ_  ദൈന്യതയും , വിഷാദവും  നെടുവീർപ്പും കണ്ണുനീരുമായിരുന്നു നിറദീപക്കാഴ്ചയാക്കിയത്.   ഏറ്റവും  നല്ല സംവിധായകനുള്ള
സംസ്ഥാന പുരസ്ക്കാരം
ഈ ചിത്രം നേടിക്കൊടുത്തു

കേരളത്തിലെ പ്രശസ്ത കഥാകൃത്തും  മുത്തശ്ശിയായിരിക്കെ എഴുതിയ *അഗ്നിസാക്ഷി* എന്ന ഒറ്റ നോവൽകൊണ്ട് മലയാള സാഹിത്യമനസ്സിൽ ചിരപ്രതിഷ്ഠനേടിയ *ലളിതാംബിക അന്തർജ്ജനത്തിന്റെ* വിയോഗത്തിന് മുപ്പത്തിരണ്ടാണ്ട് തികഞ്ഞിരിക്കുന്നു.

പഴയ എട്ടാംക്ലാസ്സിലെ
കേരളപാഠാവലി മലയാള പുസ്തകത്തിലെ ഒരദ്ധ്യായം.
*മാണിക്കൻ*  എന്ന കാളയും അവന്റെ യജമാനനായ _അഴകന്റെയും_ കഥ.
 ഇന്നും ആ കഥ വായിക്കുമ്പോൾ  മനസ്സ് വല്ലാതെ വിങ്ങും.   അന്തർജ്ജനത്തിന്റെ തിരഞ്ഞെടുത്ത കഥകൾ എന്ന പുസ്തകത്തിൽ നിന്ന് ഈ കഥ പഠിക്കുവാൻ പുസ്തകത്തിൽ ചേർത്ത മഹാനുഭാവന്
ആയിരം നമസ്ക്കാരം. ലളിതാംബിക അന്തർജ്ജനത്തെ അറിയാനും അവരുടെ കഥകളെ പരിചയപ്പെടാൻ  ആരംഭിച്ചത് അന്നുമുതലായിരുന്നു.


മലയാളത്തിൽ
കവിതാ കഥാരംഗത്ത്
ഒന്നുപോലെ കനകപ്രഭ തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായ _ലളിതാംബിക അന്തർജ്ജനം_ *കൊട്ടാരക്കര* താലൂക്കിലെ _കോട്ടവട്ടത്ത്_ തെങ്ങുന്നത്ത് മഠത്തിൽ
_ദാമോദരൻപോറ്റിയുടെയും_ _ചെങ്ങാരപ്പള്ളിഇല്ലത്തെ_ _നങ്ങയ്യ അന്തർജ്ജനത്തിന്റെയും_
പുത്രിയായി
1909 മാർച്ചിൽ ജനിച്ചു. പിതാവ് പ്രജാസഭാമെംബറും പണ്ഡിതനും സമുദായ പരിഷ്ക്കർത്താവുമായിരുന്നു.
കേരളനിയമസഭാ സ്പീക്കറും  മന്ത്രിയുമായിരുന്ന *ദാമോദരൻേപാറ്റി* ഉൾപ്പെടെ
എട്ട് സഹോദരന്മാരുടെ
ഏക സഹോദരിയായിരുന്നു അന്തർജ്ജനം.
നമ്പൂതിരി സ്ത്രീകൾക്ക് സ്കൂൾവിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന അക്കാലത്ത് വീട്ടിനുള്ളിൽത്തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മൂന്നാം വയസ്സിൽ എഴുത്തിനിരുത്തി.

_ചെങ്ങന്നൂർ കെ.കൃഷ്ണൻ മൂത്തതായിരുന്നു_  ആദ്യഗുരുനാഥൻ. അമ്മ മകളെ മണിപ്രവാളം പഠിപ്പിച്ചു.   ആളെവരുത്തി   വീട്ടിൽത്തന്നെ ഹാർമോണിയവും ഫിഡിലും  പഠിച്ചു.  *പ്രബുദ്ധകേരളത്തിന്റെ*  പത്രാധിപരായിരുന്ന അമ്മാവന്റെ മകനും സുഹൃത്തുമായ
*എൻ.എസ്*. *പണ്ടാലയായിരുന്നു* ഒരർത്ഥത്തിൽ ആത്മീയഗുരു.
വീട്ടിൽ കിട്ടാവുന്ന പുസ്തകങ്ങളൊക്കെ ചെറുപ്പത്തിലേതന്നെ  അന്തർജ്ജനം വായിച്ചിരുന്നു.
അച്ഛന്റെ സുഹൃത്തുക്കളായി ചില സാഹിത്യകാരന്മാർ വീട്ടിൽ നിരന്തരം വന്നിരുന്നത് എഴുത്തിനോടും സാഹിത്യത്തിനോടുമുളള ആത്മബന്ധം വലുതാക്കി.
മക്കൾ  വലുതാകുമ്പോൾ വായിക്കണമെന്ന് കരുതി അമ്മ പഴയ
ആനുകാലികങ്ങളൊക്കെ അടുക്കിക്കെട്ടി സൂക്ഷിച്ചിരുന്നു.
*കെപി കേശവമേനോൻ* രചിച്ച "മഹാത്മാഗാന്ധി" എന്ന ജീവചരിത്രഗ്രന്ഥവും
*കെ നാരായണകുരുക്കളുടെ* നോവലുകളും  ഇതിനകം വായിക്കാനിടയായി.
കുഞ്ഞുന്നാളിൽത്തന്നെ *ഗാന്ധി,*
*ഗുരുദേവൻ,*  *ശിവാനന്ദസരസ്വതി* എന്നിവരെ നേരിൽക്കാണാനുള്ള ഭാഗ്യവും വായനനല്കിയ വിജ്ഞാനവും ചെറുപ്പത്തിൽത്തന്നെ ഈ
സത്യസ്വരൂപിണിയുടെ മനസ്സിൽ ഉൽപ്പതിഷ്ണുത സൃഷ്ടിച്ചു.

അന്തർജ്ജനത്തിന്റെ കുട്ടിക്കാലം കേരളത്തിൽ സാമൂഹിക മുന്നേറ്റങ്ങളുടെ കാലമായിരുന്നു. വൈദേശിക ഭരണത്തോടുള്ള പ്രതിഷേധം നാട്ടിലുടനീളമുയർന്നതും, സഹനസമരവും, അറസ്റ്റും, വെടിവയ്പും, മർദ്ദനവും മുതലായ വാർത്തകൾ നിത്യേന കേട്ടുവളർന്ന
ആ ജ്വാലമുഖി ഗാന്ധിജിയുടെ  ആദർശങ്ങളിൽ ആകൃഷ്ടയായി,
കസവ് വലിച്ചെറിഞ്ഞ് ഖദറണിയാൻ തയ്യാറായി.

ഇതിനിടയിൽ സാഹിത്യരചനയുമാരംഭിച്ചു. *പുനലൂർ* നിന്നും പ്രസിദ്ധികരിച്ച _ശാരദ_ മാസികയിൽ ഗാന്ധിയെപ്പറ്റിയെഴുതിയ _അഭിനവ പാർത്ഥസാരഥിയായിരുന്നു_ ആദ്യ പ്രസിദ്ധികരണം. ധാരാളം കഥകളും ഇക്കാലത്തവരെഴുതി.
1927 ൽ *മീനച്ചിൽ* താലൂക്കിലെ _രാമപുരത്ത്_ അമനകരയില്ലത്തെ *നാരായണൻ നമ്പൂതിരി* അവരെ വേട്ടു.

1932 അന്തർജ്ജനത്തെ സംബന്ധിച്ച് ഒരു സുപ്രധാന വർഷമായിരുന്നു. പുരോഗമനാശയങ്ങളുള്ള ചില ചെറുപ്പക്കാർ ചേർന്ന്
*യുവജനസമാജം*  എന്ന സംഘടന രൂപീകരിച്ചു.
*തൃത്താല* എന്ന സ്ഥലത്ത് കൂടിയ സമ്മേളനത്തിൽ ആറേഴ് നമ്പൂതിരിയുവതി കളും കടന്നുവന്നു. മറക്കുടയ്ക്കുള്ളീൽനിന്നും സ്ത്രീകൾ പുറത്ത്
കടക്കുന്നത്
ആദ്യമായിട്ടായിരുന്നു. ഈ പരിഷ്‌കരണത്തെ നായർ സർവ്വീസ്സ് സൊസൈറ്റിയുടെ നെടുംതൂണായ
*മന്നത്ത് പത്മനാഭൻ* അഭിനന്ദിച്ചു.

നമ്പൂതിരി സമുദായത്തിൽ വിധവാവിവാഹം കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്താണ് ഒരു സ്കൂളിൽ അവതരിപ്പിക്കാൻ
പ്രസ്തുത വിഷയമാസ്പദമാക്കി അവർ ഒരു നാടകമെഴുതിയത്.
ആറോളം രംഗങ്ങൾ എഴുതിത്തീർന്നപ്പോൾ സമുദായത്തിലെ ആദ്യ വിധവാവിവാഹം നടന്നു.
_വിടിയുടെ_ കാർമ്മികത്വത്തിൽ _എംആർബി_
ഉമാദേവി അന്തർജ്ജനത്തെ പരിണയിച്ചു. *പുനർജന്മം* എന്ന പേരിട്ട നാടകം യോഗക്ഷേമസഭയുടെ _ഹരിപ്പാട്‌_ സമ്മേളനത്തിൽ അവതരിപ്പിച്ചു.

1937 ൽ അവരുടെ ആദ്യ കവിതാ സമാഹാരം "ലളിതാഞ്ജലി" പ്രസിദ്ധീകൃതമായി.
മലയാളരാജ്യം ചിത്രവാരികയിലാണ്
ആദ്യ കഥയായ യാത്രാഖണ്ഡം പ്രസിദ്ധികരിച്ചത്.
_സീതാദേവി ചതോപാദ്ധ്വായ_ മോഡേൺ റിവ്യൂവിലെഴുതിയ ഒരു കഥയുടെ സ്വതന്ത്രാനുകരണമായിരൂന്നു.
1937 ൽത്തന്നെ ആദ്യ കഥാസമാഹാരം *അംബികാഞ്ജലി*
പുറത്തുവന്നു.
വഞ്ചിരാജേശ്വരി, ഭാവദീപ്തി, ഒരു പൊട്ടിച്ചിരി, നിശബ്ദസംഗീതം എന്നീ കവിതാസമാഹാരങ്ങളും അവർ രചിച്ചു.
പന്ത്രണ്ടിലേറെ ചെറുകഥാ സമാഹാരങ്ങൾ അവരുടേതായുണ്ട്.
1966 ൽ എൻബിഎസ്സ് അവരുടെ അറുപത് കഥകൾ ഒറ്റ പുസ്തകമായി പ്രസിദ്ധപ്പെടുത്തി.

*സീത മുതൽ സാവിത്രി വരെ* 1972 ൽ പുരാണത്തിലെ സ്ത്രീ കഥാപാത്രങ്ങളെ സംബന്ധിച്ച ഒരു പഠനമാണ്.
1979 ൽ അവരുടെ ആത്മകഥയായ
*ആത്മകഥയ്ക്കൊരു ആമുഖം*  പുറത്തുവന്നു

_അന്തർജ്ജനത്തിന്റെ_ ഏറ്റവും പ്രശസ്തമായ കൃതി _അഗ്നിസാക്ഷി_ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖണ്ഡശ ആദ്യം പ്രസിദ്ധീകരിച്ചുവന്നത് പതിനെട്ട് അധ്വായങ്ങളുള്ള നോവൽ  _ആകാശവാണിയിൽ_ *മഹിളാലയം* പരിപാടിയിൽ *പ്രസാദം* എന്നപേരിൽ നാടകരൂപത്തിലും പ്രേക്ഷകർക്ക് പരിചിതമാക്കി.
1977 ൽ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയ നോവൽ നമ്പൂതിരി സ്ത്രീകളുടെ ജീവിതരീതിയും അന്തപ്പുരമതിൽതാണ്ടി സമുദായ പുരോഗതി പ്രസ്ഥാനത്തിലും
ദേശസേവന പരിപാടികളിലും മുഴുകി ഒടുവിൽ ദാർശനിക ജീവിതത്തിൽ സംതൃപ്തികണ്ടെത്തിയ ഒരന്തർജ്ജനത്തിന്റെ കഥയാണ് അനാവരണം ചെയ്യുന്നത്.

_അഗ്നിസാക്ഷിയായി_ വിവാഹിതയായ _തേതിക്കുട്ടി_  മാനമ്പിളളി ദേവകിയായ് ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു. മനയിലെ ഉണ്ണിനമ്പൂതിരി ധർമ്മിഷ്ഠനും സ്വാത്തികനും ആചാരശീലങ്ങളിൽ നിന്നു അണുവിട വ്യതിചലിക്കാതെ പൂജയും
തേവാരവുമായിക്കഴിഞ്ഞു. അവിടെനിന്ന് തേതിക്കുട്ടി കെട്ടുപിണഞ്ഞു കിടക്കുന്ന ആചാരനചാരങ്ങൾ അറുത്ത് മുറിച്ചു പുറത്ത് കടന്ന്
*ദേവീബഹനായി* സാമൂഹ്യസേവന രംഗത്ത് എത്തിച്ചേരുകയും  ഒടുവിൽ *സുമിത്രാനന്ദയോഗിനിയായി* ഹിമാലയസാനുക്കളിലെ ഗംഗാതടങ്ങളിൽ മനശാന്തി കണ്ടെത്തുന്നു.
നിത്യക്ഷണികമായ ലോകഹൃദയത്തിൽ മുദുലമൃദുവായ
പൂജാസുമമായി  _അഗ്നിസാക്ഷി_ എന്ന
ചെറുനോവൽനിലകൊള്ളും.

ഭാവനാശക്തിക്ക്
തീ കൊളുത്തുന്ന അനുഭവങ്ങളിൽനിന്ന്
നേരിട്ട് ഉയർന്നു വന്നിട്ടുള്ളതാണ് അവരുടെ എല്ലാകഥകളും. നാലുകെട്ടുകൾക്കുള്ളിൽ, മൂടുപടങ്ങളിലും, മറക്കുടകളിലും, നെടുവീർപ്പിട്ടു കണ്ണുനീർവാർത്തുകഴിഞ്ഞ ആത്തോൽ സമൂഹത്തിന്റെ ദുരന്തകഥകൾക്ക് നാവും നാമവും കൊടുക്കാൻ അവരുടെ
ഇടയിൽനിന്നുതന്നെ
ഉയർന്നുവന്ന ഒരു പ്രതിഭാസമാണ് _അന്തർജ്ജനം._ തീവ്രമായ ഭാഷയിൽ വികാരങ്ങളെയോ അതിശക്തമായ ആശയ
ആവിഷ്ക്കാരമോ  സുന്ദരങ്ങളായ അവരുടെ കഥകളിൽ കാണാനിടയില്ല. സ്വസമുദായം അനുവർത്തിച്ചു വന്നിരുന്ന  ദുരാചാരങ്ങൾ അകന്നുപോകണമെന്ന അതിയായ  അഭിവാഞ്ചയായിരുന്നു ഹൃദ്യമായ അവരുടെ ഉള്ളത്തിൽ.

1966 ൽ പുറത്തുവന്ന _ഉദയായുടെ_ *ശകുന്തള* എന്ന പുരാണചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് ധന്യയായ ഈ മഹതിയായിരുന്നു. ചിത്രത്തിലെ സംഭാഷണങ്ങളിൽ അലിഞ്ഞു ചേർന്ന സൗന്ദര്യത്തിന്റെ ശ്രേഷ്ഠതയും അതിൽ മുഴങ്ങുന്ന ശംഖനാദവും  ആ ചിത്സ്വരൂപിണിയുടെ സ്വസ്ഥമാനസത്തിന്റെ പുണ്വമായി ഒരു മലയാള ചലച്ചിത്രത്തിനും ലഭിച്ചു.

പ്രശസ്ത കഥാകൃത്ത്
 *എൻ മോഹനൻ* അന്തർജ്ജനത്തിന്റെ രണ്ടാമത്തെ പുത്രനാണ്.
1999 ൽ  ദിവംഗതനായ അദ്ദേഹത്തിന്റെ *പൂജയ്ക്കെടുക്കാത്ത പൂക്കൾ* എന്ന കഥ 1977 ൽ *എൻ ശങ്കരൻനായർ*  സിനിമയാക്കി.

1987 ഫെബ്രുവരി 6  ന് *വിധി* ധർമ്മനിഷ്ഠ തെറ്റിക്കാതെ ആ പുണ്യവതിയേയും  ഇഹത്തിൽ നിന്നും പരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

ജീവിതം ഒരു യജ്ഞമായിക്കരുതിയ നോവലിലെ ഉണ്ണിനമ്പൂതിരിയെപ്പോലെ *അന്തർജ്ജനവും* മഹത്വത്തിന്റെ
സുഗന്ധം പരത്തുന്ന
ചൈതന്യ
സന്ദേശവാഹികയായി  നിലകൊള്ളട്ടെ...

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

Jan_01_1989/ജി.ശങ്കരപിള്ള

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ