Feb_04 ജിതിൻ ശ്യാം

*ദൂരെ.....*
*നീറുന്നോർമ്മയായ് നീ അലയുന്നു..*
*നോവും മനസ്സുമായ്  നിൻ വഴിത്താരകൾ,*
*ഇതാ തിരയുന്നു...*
*ഞാൻ തിരയുന്നു.*

ഒരു കാലത്തല്ല എന്നും
നീറുന്നയോർമ്മകൾ  സമ്മാനിച്ച ഒരു സുന്ദരമായ മെലഡി,
1982 ൽ *എൻ ശങ്കരൻനായർ* സംവിധാനം നിർവ്വഹിച്ച *പൊന്മുടി* എന്ന സിനിമയിലേതാണ്
ശ്രീമതി _ജാനകി_ ആലപിച്ച
ഈ ഗാനം.

പ്രസിദ്ധ ഗായിക
ശ്രീമതി _ലതാമങ്കേഷ്ക്കർ_ ആദ്യമായി ഒരു മലയാള ചിത്രത്തിൽ
 *(1974 ൽ നെല്ല്)*
 ""കദളി ചെങ്കദളി കൺകദളി"" ആലപിക്കുന്നത്
ബംഗാളിസംഗീത സംവിധായകനായ *സലിൽചൗധരി*
ആ ചിത്രത്തിന്
സംഗീതം ഒരുക്കിയത്കൊണ്ടാണ്.
1977 ൽ അവരുടെ സോദരി ശ്രീമതി _ആശാബോൺസ്ലേ_ *സുജാത* എന്ന ചിത്രത്തിനായി ""സ്വയംവര ശുഭദിന മംഗളങ്ങൾ"" എന്ന ഗാനം പാടിയത് ബോംബെയിൽ നിന്നെത്തിയ *രവീന്ദ്രജെയിൻ* ഉണ്ടായിരുന്നതിനാലാണ്.

എന്നാൽ  ഒരു മലയാള ചിത്രത്തിൽ.  *മുഹമ്മദ്റാഫി*  എന്ന ലോക പ്രശസ്തനും ഹിന്ദിയിലെ മുടിചൂടാമന്നനുമായ ഗായകനെക്കൊണ്ട് ( ഹിന്ദിയിൽ
*കുന്ദൻലാൽ സൈഗാൾ* കഴിഞ്ഞാൽ, ഏറ്റവും ജനകീയയനും, എണ്ണത്തിൽ, ഏറ്റവുമധികം ഗാനങ്ങൾ റെക്കോർഡ്‌ ചെയ്തതിനുടമയുമാണ് _റാഫി_) ഒരു ഹിന്ദിഗാനമെങ്കിലും പാടി റെക്കോർഡ് ചെയ്യിപ്പിക്കാൻ ആലപ്പുഴക്കാരനായ
*ജിതിൻ ശ്യാമിന്* കഴിഞ്ഞു.

2015 ഫെബ്രുവരി നാലിന് *ആലപ്പുഴ* മെഡിക്കൽ കോളേജ് ആശുപത്രിയിൽ  സുഹൃത്തും ഹാർമോണിസ്റ്റുമായ *ഉസ്മാൻ* എന്നയാളുടെ വിയോഗവാർത്തയുടെ ആഘാതത്തിലാണ *ശ്യാമും* കണ്ണടച്ചത്.
മലയാളത്തിലാകെ അഞ്ച് ചിത്രങ്ങൾ. കാതടപ്പിക്കുന്ന ഓർക്കസ്ട്രയുടെ
അതിപ്രസരമോ കേട്ടിട്ടില്ലാത്ത സംഗീത ഉപകരണങ്ങളുടെ അകമ്പടിയോയില്ലാത്ത
ശാന്തമധുരമായ ഇരുപതോളം ഗാനങ്ങൾ.
_ജിതിന്_ മലയാളത്തിന് സ്വന്തമെന്ന് പറയാൻ ഇതല്ലാതെ മറ്റൊന്നുമില്ല.

1947 ൽ _ആലപ്പുഴ_ നഗരപരിധിക്കുള്ളിലെ സനാതനം വാർഡിൽ വെളുത്തശ്ശേരി പുരയിടം
ബിയു അൽബൈത്തിൽ  ഉമ്മർ ബീമാ ബീവി ദമ്പതികളുടെ മകനായി ജനിച്ച *മുഹമ്മദ് ഇസ്മയിൽ* എന്ന മാപ്പിളക്കുട്ടിയാണ് *ജിതിൻ ശ്യാം* എന്നറിയപ്പെട്ട സംഗീതസംവിധായകൻ.

ട്രാവൻകൂർ *എച്ച്എംവി*. റെക്കോർഡ്സിന്റെ ആലപ്പുഴയിലെ ഡീലറായിരുന്ന പിതാവ്,
വീട്ടിൽ കൊണ്ടുവന്നിരുന്ന ഗ്രാമഫോൺ  പ്ലേറ്റുകളിലൂടെയായിരുന്നു ഈ ബാലൻ _മുഹമ്മദ്റാഫിയെ_   പരിചയപ്പെടുന്നത്.
ജീവിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന നാളുകളിൽ മാപ്പിളപ്പാട്ടുകളിലൂടെ പ്രശസ്തയായ _"റംലാബീഗത്തിന്റെ"_ കഥാപ്രസംഗ ട്രൂപ്പിൽ ചേർന്നു.
ആലപ്പുഴ ആർട്സ് അസോസിയേഷനിലെ _ഉസ്താദ് ഉസ്മാനിൽ_ നിന്നും ഹാർമോണിയം  പഠിച്ച ഇദ്ദേഹം പിന്നീട്
പല ഗാനമേളകളിലും ഗായകനായും പിന്നണിയിലും ശ്രദ്ധനേടി. റംലാബീഗത്തിന്റെ ഭർത്താവും
പ്രശസ്ത ഹാർമോണിസ്തുമായ
"സലാംമാസ്റ്ററുടെ" കീഴിലും കഴിവ് തെളിയിച്ചു.

1970 കളുടെ പകുതിയോടെയാണ് *ജിതിൻ* _ബോംബെ_ മഹാനഗരത്തിലെത്തുന്നത്.
അവിടെ സിനിമാനിർമ്മാതാവ് *മുഹമ്മദ് ബാപ്പുവിനെയും* സംവിധായകൻ
*കബീർ റാവുത്തരെയും*  പരിചയപ്പെട്ടത് ജീവിതത്തിലെ ഒരു വഴിത്തിരിവായി.
പ്രസിദ്ധ സംഗീത സംവിധായകരായ
*കല്യാൺജി ആനന്ദ്ജിയുടെ* അസിസ്റ്റന്റായ ജയകുമാർ വഴിയാണ്  _റാവുത്തരെ_ പരിചയപ്പെടുന്നത്. അങ്ങിനെ *ബോംബെ ലോക്കൽ ട്രെയിൻ* എന്ന ചിത്രത്തിന്റെ ഗാനസംവിധാനച്ചുമതല ജിതിന് ലഭിക്കുന്നു.
റാഫിയുടെ  ഏറ്റവും വലിയ ആരാധകനായിരുന്ന ജിതിൻ റാഫിയെ നേരിട്ട് കണ്ടാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ ആദ്യ ചിത്രത്തിലുൾപ്പെടുത്തുന്നത്. ഇതിനകം ഹിന്ദി സംഗീത സംവിധായകൻ *നൗഷാദ് അലിയുടെ*
അരുമശിഷ്യനായി മാറിക്കഴിഞ്ഞു.
ദക്ഷിണേന്ത്യക്കാരനും  പ്രത്യേകിച്ചും മലയാളിയുമായ ഒരു  ചെറുപ്പക്കാരന് റാഫിയെക്കൊണ്ട്  പാടിപ്പിക്കുകയെന്നത് ദുഷ്ക്കരമായിരുന്നു

_മോഹൻലാലിന്റെ_ ആദ്യചിത്രമായ *തിരനോട്ടം* സംവിധാനം ചെയ്ത കലാകാരനെ അറിയാത്തവരില്ലല്ലോ?
ശ്രീ _അശോക് കുമാർ._ തിരുവനന്തപുരത്ത് ലാൽ പ്രിയൻ എന്നിവരോടൊപ്പം  അശോകും ടീമിലുണ്ടായിരുന്നു.
ടി വ്യക്തിയുടെ ജേഷ്ഠസഹോദരനായ
 ശ്രീ _രാജീവ്നാഥിന്റെ_ ആദ്യ ചിത്രമായ *തണൽ*
1978 ൽ പുറത്തുവന്നു.
 _ബിച്ചു തിരുമല_ രചിച്ച ""പ്രഭാതകിരണം മൗലിയിൽ അണിയും"" എന്ന ഗാനം യേശുദാസിനെക്കൊണ്ട് പാടിപ്പിച്ചാണ് മലയാളത്തിൽ ജിതിൻ ഗാനങ്ങളൊരുക്കാൻ തുടങ്ങിയത്. ഈ ഗാനം ഇന്നും പ്രേക്ഷകർ ആകാശവാണിയിലുടെ ആവശ്യപ്പെടുന്നുണ്ട്. ഇതിലെതന്നെ _വാണിജയറാം_ ആലപിച്ച" നീലിമേ രാഗസിന്ദൂര" എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു.

1980 ൽ *നെടുമങ്ങാട്* _സൂര്യാസിനിഹാസ്_
ശ്രീ _കെജെ യേശുദാസ്_ ഉദ്ഘാടനം ചെയ്തു.
പ്രദർശനത്തിനെത്തിയ
ആദ്യചിത്രം *ജയൻ* അഭിനയിച്ച *അങ്ങാടി.* തുടർന്നുവന്ന ചിത്രം
_പി. ഗോപികുമാർ_ സംവിധാനം ചെയ്ത
*തളിരിട്ട കിനാക്കൾ.*. _പി.ഗോപികമാർ,_
പ്രശസ്ത സംവിധായകൻ _പി.ചന്ദ്രകുമാറിന്റെ_
കനിഷ്ഠസഹോദരനാണ്.
*കാട്ട്പോത്ത്* എന്നൊരു ചിത്രം  _ഗോപികുമാർ_
തുടങ്ങിവെച്ചങ്കിലും
 പുറത്തുവന്നില്ല.
*മ്പുകുമാരൻ* , _തനൂജ_ _മധുമാലിനി_ മുതലായവർ അഭിനയിച്ച ഈ ചിത്രത്തിലെ  ആറുഗാനങ്ങളിലോന്നായ *ശബാബ് ലേക്കെ വോ* എന്ന ഗാനമായിരുന്നു _റാഫി_ ആലപിച്ചത്.
_കുതിരവട്ടം പപ്പുവും അടൂർ ഭവാനിയുമായിരുന്നു_
ഗാന ചിത്രീകരണവേളയിൽ അഭിനയിച്ചത്.  ഈ ചിത്രത്തിൽ യേശുദാസ് പാടിയ *സാജ് ദിൽ തോട് ദോ* എന്ന ഗാനവും മനോഹരമായിരുന്നു, ' എന്നാൽ ഈ ചിത്രത്തിലെ
_ജമാൽ കൊച്ചങ്ങാടിയുടെ_ രചനയിൽ  ജാനകിയാലപിച്ച "" എൻ മൂകവിഷാദം ആരറിയാൻ"" എന്ന ഗാനത്തിന്  ഹിന്ദിഛായയാണെങ്കിലും ആലാപനസൗന്ദര്യത്താൽ ശ്രവണമധുരമായിത്തീർന്നു
എന്നു നിസംശ്ശയം പറയാം.

1982 ലാണ്  അൻവർ ക്രിയേഷൻസിന്റെ *പൊന്മുടി* റിലീസായത്. _എൻ ശങ്കരൻനായരുടെ_ ഈ ചിത്രത്തിൽ *പ്രേംനസീറായിരുന്നു* നായകൻ.
_ബാലുകിരിയത്ത്_
_പെരുമ്പുഴ ഗോപാലകൃഷ്ണൻ_
എന്നിവരുടെ ഗാനങ്ങൾക്കാണ് _ജിതിൻ_ സംഗീതം പകർന്നത്.
ജാനകി പാടിയ ആ ഗാനം (ദൂരെ നീറുന്ന) ഒരു കാലത്തും മലയാളികൾ വിസ്മരിക്കില്ല. അതീവസുന്ദരമായ ആലാപനവും
രംഗ ചിത്രീകരണവും
ഇന്നും
നീറുന്നയോർമ്മ തന്നെയാണ്.

ദിവംഗതനായ നിർമ്മാതാവ് *എൻ പി അബു* പ്രിയാ ഫിലിംസിന്റെ ബാനറിൽ
1983 ൽ *വിസ* എന്നൊരു ചിത്രം നിർമ്മിച്ചു.
_മമ്മൂട്ടി മോഹൻലാൽ_ *ബഹദുർ ശ്രീനാഥ്* _ശാന്തികൃഷ്ണ, ജലജ_ എന്നിവരായിരുന്നു അഭിനേതാക്കൾ.
ബാലു കിരിയത്തിന്റെ രണ്ടാമത്തെ ചിത്രമായ വിസയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ജിതിൻ ശ്യാം ആയിരുന്നു നാലു ഗാനങ്ങളിൽ "താലീപീലി കാട്ടിനുള്ളിൽ"" എന്ന ഗാനം താഴാമ്പൂവിന്റെ സുഗന്ധം പരത്തിയും ഏഴു വർണങ്ങൾ വിരിയിച്ചും എന്നും വസന്തമായി പരിലസിക്കുന്നു.

1995 ൽ ശ്രീ _തുളസിദാസിന്റെ_ *സുന്ദരി നീയും സുന്ദരൻ ഞാനും* എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു _ജിതിൻ_ അവസാനമായി സംഗീതം നിർവ്വഹിച്ചത്.
 _രഞ്ജിത് മട്ടാഞ്ചേരിയുടെ_ രചനയിൽ  "ആരോമൽ പൂവേ നീയെന്നാരാമത്തിൽ പോരാമോ"
എന്ന ഗാനം _തുളസിദാസിന്റെ_ കരിയറിലെ ഏറ്റവും സുന്ദരമായ ഗാനചിത്രികരണമായിരുന്നു.

മലയാളത്തിൽ വളരെക്കുറച്ച്  ചിത്രങ്ങളിലെ ഗാനങ്ങൾ  മാത്രം  സംവിധാനം ചെയ്ത _ജിതിൻ ശ്യാം_ ഹിന്ദിയിലാണ് കൂടുതൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.
ലഭിച്ച ഗാനങ്ങളെല്ലാംതന്നെ നിർമ്മാതാക്കളോ സംവിധായകരോ സുഹൃത്തുക്കളോ അദ്ദേഹത്തിന്റെ സംഗീതത്തിലുള്ള പാണ്ഡിത്യം നേരിട്ടറിഞ്ഞവസരം നല്കിയതാണ്
ഒരിക്കൽപോലും അവസരങ്ങൾക്കായി അദ്ദേഹം ആരുടെ മുന്നിലും കാത്തുനിന്നിട്ടില്ല. *ബാബുരാജിന്* ശേഷം ഹിന്ദുസ്ഥാനി സ്റ്റൈലിൽ ഇത്രയേറെ അറിവ് നേടിയ ഒരു സംഗീതജ്ഞൻ അന്നുണ്ടായിരുന്നില്ല. എന്നാൽ മലയാളിയായ അദ്ദേഹത്തിന്റെ  വിജ്ഞാനങ്ങൾ
ചലച്ചിത്രലോകം എത്രമാത്രം ഉപയോഗപ്പെടുത്തി എന്നത്  ഇന്നും ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

*അദ്ദേഹത്തിന്റെ വേർപാട് എന്നും നീറുന്നൊരോർമ്മതന്നെയാണ്.*

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ