Feb_02 കൊച്ചിൻ ഹനീഫ

*കീരീക്കാടൻ ചത്തേ......*

*കീരിക്കാടൻ ജോസ് ചത്തേ....*

*കീരിക്കാടൻ ജോസിനെ കൊന്നേ.......*

*തിരുവനന്തപുരം* ജില്ലയിലെ  *നെടുമങ്ങാട്*  താലൂക്കിലെ  "ആര്യനാടിന്" സമീപമുള്ള *പള്ളിവേട്ട* എന്നൊരു ഗ്രാമം.
*കൃപാഫിലിംസിന്റെ* ബാനറിൽ ശ്രീ _കൃഷ്ണകുമാർ_ നിർമ്മിച്ച്‌ ശ്രീ. _സിബി മലയിൽ,_ യശ്ശശരീരനായ
*ലോഹിതദാസിന്റെ*  കഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത *കിരീടം* എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലെ
ഒരു സീൻ നിർമ്മിക്കുന്നത് വലിയൊരു പുരുഷാരത്തിനെ സാക്ഷികളാക്കി കൃത്യം
മുപ്പതുവർഷങ്ങൾക്ക് മുമ്പ് കാണാൻ ഭാഗ്യമുണ്ടായത് വളരെയധികം സംതൃപ്തിയോടെയും എന്നാൽ ഇന്ന് നൊമ്പരമുണർത്തുന്ന വിഷമത്തോടും ഓർക്കുകയാണ് ഈ കുറിപ്പ് തയ്യാറാക്കുന്നയാൾ.

_കിരീടത്തിലെ_ _ഹൈദ്രോസ്സ്_ എന്ന  ഭീരുവായ ഊച്ചാളിച്ചട്ടമ്പി, 
ഷൂട്ടിംഗ്പ്രദേശത്തെ നിലത്ത് നെടുനീളത്തിൽ
തല പൊട്ടിത്തകർന്ന് ദേഹമാസകലം ചോരയിൽ കുളിച്ച് നിശ്ചലനായി കിടക്കുന്ന
_കീരിക്കാടൻ ജോസിനെക്കണ്ട്_ ജനക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് പൊങ്ങിച്ചാടി
നാക്കു കടിച്ചുപിടിച്ച്  തിളങ്ങുന്ന ആഹ്ളാദത്തിമിർപ്പുള്ള കണ്ണുകളുമായി,ഉച്ചത്തിൽ ഹർഷാരവം മുഴക്കുന്നത്.

_കീരിക്കാടൻ ജോസിനെ കൊന്നേ..._

*കൊച്ചിൻ ഹനീഫയുടെ* അത്യുജ്ജ്വലമായ ഒരു വേഷമായിരുന്നു _കിരീടത്തിലേയും_ അതിന്റെ തുടർച്ചയായി 1993 ൽ പുറത്തുവന്ന *ചെങ്കോലിലേയും* _ഹൈദ്രോസ്സ്._  ഈ ചിത്രത്തോടെയാണ് അദ്ദേഹത്തെ തേടി കൊമേഡിയൻ കഥാപാത്രങ്ങൾ തേടിയെത്താൻ തുടങ്ങിയത്.

ചിരിപ്പിക്കുക എളുപ്പമല്ല. എന്നാൽ അനായാസമായി ചിരിപ്പിച്ച നടനാണ്
_കൊച്ചിൻ ഹനീഫ._ സംഭാഷണം, ശരീരം, ചലനം എല്ലാറ്റിലും സ്വന്തം സ്പർശം മുദ്രിതമാക്കിയിരുന്നു അദ്ദേഹം.
അതിൽത്തന്നെ _ഹനീഫ_ അറിയപ്പെട്ടു.
മലയാളസിനിമ അർഹിക്കുന്ന സ്ഥാനത്തിരുത്താതെ പോയ വലിയനടൻ.
നഷ്ടമാകുന്ന സമയമാകും ഒരാളുടെ ഇടം
നാം വിലയിരുത്തുക. അനവസരത്തിലുള്ള കണക്കെടുപ്പ്  മലയാളത്തിന് ആ അർത്ഥത്തിൽ _ഹനീഫയെ_ ഓർത്ത് ഖേദിക്കേണ്ടിവരും.
മഹാനായ ഒരുനടനെ
ദുർബ്ബലവേഷങ്ങളിൽ കുടിയിരുത്തിയതിന് ആ അഭിനയത്തെ ചില അളവുകോണുകളിലൂടെ മാത്രം സമീപിച്ചത്, അക്ഷന്തവ്യമായ അപരാധമായി  മലയാള സിനിമാ ചരിത്ര പുസ്തകത്തിലെ ഇരുണ്ട അധ്യായമായിത്തന്നെ തുടരും.

വില്ലനായെത്തി ഭയപ്പെടുത്തിയും പിന്നീട് ഹാസ്യവേഷങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ചും
മലയാളിമനസ്സ് കീഴടക്കിയ  നടനും തിരക്കഥാകൃത്തും സംവിധായകനുമായ  *കൊച്ചിൻ ഹനീഫ*
കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് *ചെന്നൈയ്ക്ക്* സമീപം _പോരൂർ_ _ശ്രീരാമചന്ദ്ര_
_മെഡിക്കൽ കോളേജ്_ ആശുപത്രിയിൽ
 2010 ഫെബ്രുവരി 2 ന്   ആ നിറചിരി നിന്നു.

_കൊച്ചിയിലെ_ ആലുങ്കൽ പറമ്പിലെ വെളുത്തേടത്ത് തറവാട്ടിൽ _മുഹമ്മദിന്റെയും_ _ഹാജിറയുടേയും_  മകനായി 1951 ഏപ്രിലിൽ ജനിച്ച
*സലീം അഹമ്മദ്‌ഘോഷ്* എന്ന _ഹനീഫയുടെ_ വിദ്യാഭ്യാസം  എറണാകുളത്തെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരുന്നു. സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിന് ശേഷം സ്വന്തമായി ബിസ്സിനസ്സ് തുടങ്ങി. കലാപാരമ്പര്യമുള്ള കുടുംബ പശ്ചാത്തലമായിരുന്നില്ലെങ്കിലും 1972 ൽ  യാദൃച്ഛികമായി
*പി. വിജയൻ* സംവിധാനം ചെയ്ത *അഴിമുഖം* എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.

ചെറിയതരം വില്ലൻവേഷങ്ങളും കൊള്ളസംഘങ്ങളുടെ സങ്കേതങ്ങളിൽ കാവലാളായും കവലച്ചട്ടമ്പിയായും മറ്റുമായിരുന്നു ഹനീഫയുടെ ആദ്യകാല  പ്രയാണം.
1978 ൽ മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായ *തച്ചോളി അമ്പു* മുതലാണ് _ഹനീഫയെ_ പ്രേക്ഷകർ
ശ്രദ്ധിച്ചുതുടങ്ങിയത്. അനശ്വരരായ *ജയനോടും, എം.എൻ നമ്പ്യാരോടുമൊപ്പം* വില്ലൻ വേഷത്തിൽ  ഹനീഫയുടെ പ്രകടനവും  മികവുറ്റതായി.
1979 ൽ *ഇരുമ്പഴികൾ,* *ആവേശം* എന്നീ ചിത്രങ്ങളിൽ വില്ലനിൽ നിന്നൊരു  രൂപമാറ്റമുണ്ടായി. 1981 ൽ ജഗൻ പിക്ചേഴ്സിന്റെ ജോഷിച്ചിത്രമായ *രക്തത്തിലെ*
_പൊട്ടൻനീലാണ്ടൻ_ ഹനീഫയുടെ  നല്ലൊരു നടനെ തിരിച്ചറിയാൻ സാധിച്ചു.
1981 ൽ ശ്രീ സായ് പ്രൊഡക്ഷൻസിന്റെ *അടിമച്ചങ്ങല*
എന്നൊരു ചിത്രം
*എ ബി.രാജ്*   സംവിധാനം ചെയ്തതിൽ സംഭാഷണം എഴുതിയത് ഹനീഫയായിരുന്നു.
_മലബാർലഹളയുടെ_
ബാക്കിപത്രം കഥാതന്തുവായ ചിത്രത്തിൽ *പ്രേംനസീറിനോടൊപ്പം* _കുഞ്ഞാലി_ എന്ന കഥാപാത്രമായി അഭിനയിക്കുകയും ഡയലോഗവതരണത്തിൽ പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്തു.

1985 ൽ ശ്രീ സായ്‌ പ്രൊഡക്ഷൻസിന്റെ തന്നെ *ഒരു സന്ദേശം കൂടി* എന്ന ചിത്രം _മമ്മൂട്ടിയെ_ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്തു.
തുടർന്ന് _മൂന്ന് മാസങ്ങൾക്ക് മുമ്പ്,_  _ആൺകിളിയുടെ താരാട്ട്,_
_ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക്,_ _വാത്സല്യം,_ മുതലായ ചിത്രങ്ങൾ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തു.
_വീണമീട്ടിയ വിലങ്ങുകൾ,_ _ഭീഷ്മാചാര്യയും_ ഹനീഫയുടെ ചിത്രങ്ങളാണ്.

കൃത്രിമത്തം തോന്നിക്കാത്തവിധം ഹാസ്യം അഭിനയിച്ചു ഫലിപ്പിക്കുക ഏറെ പ്രയാസമാണ്. എന്നാൽ അദ്ദേഹം ഹാസ്യം ചെയ്യുന്നത് കാണുന്നത് തന്നെ ചിരിപ്പിക്കുന്ന അനുഭവമാണ്. ആരെയും അനുകരിക്കാതെ തികച്ചും സ്വന്തം സ്റ്റൈലിൽ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം പില്ക്കാലത്ത് അഭിനയിച്ച ചിത്രങ്ങളിലെ ഓരോരംഗവും  മലയാളികൾക്ക് ഓർത്തോർത്ത് ചിരിക്കാനുള്ള വകനല്കി.

ഏതാനും കഥാപാത്രങ്ങൾ ഒഴിച്ചുനിർത്തിയാൽ ഹനീഫയുടെ അഭിനയചാതുര്യം ഉപയോഗപ്പെടുത്തിയവ അധികമൊന്നുമുണ്ടായിട്ടില്ല. വ്യത്യസ്തമായ അഭിനയശൈലി തിരിച്ചറിഞ്ഞ്  പ്രയോജനപ്പെടുത്താനും മലയാള സിനിമയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഹനീഫയെ ഒരേതരം വേഷങ്ങളിലേയ്ക്ക് തിരിച്ചുവിട്ടു. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെവേണം ഒരു നടനെ വിലയിരുത്തുന്നത്.

1999 ൽ _ജോഷി_ സംവിധാനം ചെയ്ത *പത്രം* എന്ന ചിത്രത്തിലെ
*ഡേവിഡ് സഭാപതി* എന്ന വേഷവും 2000 ൽ _താഹ_ യുടെ _ഈ പറക്കും തളികയിലെ_
_ട്രാഫിക്പോലീസ് ഇൻസ്പക്ടറുടെ_ വേഷവും ഒന്നു
താരതമ്യം ചെയ്താൽ മാത്രം മതിയാകും അദ്ദേഹത്തിന്റെ അഭിനയശൈലിയിലെ വ്യത്യസ്തത മനസിലാക്കാൻ.
മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ മികച്ച രസകരമായ വേഷങ്ങൾ എണ്ണിപ്പറയുക പ്രയാസം.. *ലോഹിതദാസിന്റെ* _സൂത്രധാരൻ_ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നല്ല നടനുള്ള പുരസ്ക്കാരം ലഭിച്ചു.
നിരവധി തമിഴ്ചിത്രങ്ങളിലും വേഷമിട്ടു.  "സിദ്ദിഖിന്റെ" _ബോഡിഗാർഡാണ്_ അവസാന ചിത്രം.

തലശേരി സ്വദേശിനി
"ഫാസിലയാണ്" ഭാര്യ. ഇരട്ടക്കുട്ടികളായ "സഫയും" "മർവയും" മക്കൾ.

"കരയാത്തവർ ചിരിച്ചിട്ടില്ല" എന്നൊരു വാക്യമുള്ളത്  അന്വർത്ഥമാകുന്നത്   ഹനീഫയുടെ ചില കഥാപാത്രങ്ങളിലൂടെയാണെന്നും തോന്നിയിട്ടുണ്ട്. *ചെങ്കോലിലെ* _ഹൈദ്രോസ്_   അത്തരമൊരു വേഷമായിരുന്നു.

കണ്ണീരിൻമണികളെപ്പോലും നറുമുത്തായി മാറ്റുന്നതിന് അല്പകാലം കൂടി സ്വരരാഗതല്ലത്തിൽ  ഉപവിഷ്ടനാകാൻ കാലം അദ്ദേഹത്തെ അനുവദിച്ചില്ല.

*മഹാനായ കലാകാരാ പ്രണാമം*

*കെ. ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ