Ar_13 നാരായണ മേനോൻ

*ഉടൻ മഹാദേവി ഇടത്തുകയ്യാൽ,*
*അഴിഞ്ഞ വാർപൂങ്കുഴലൊന്നു തൊതൂക്കി.*
*ജ്വലിച്ച കൺകൊണ്ടൊരു നോക്കു നോക്കി,*
*പാർശ്വസ്ഥനാകും പതിയോടുരച്ചു.*

വീട്ടിൽ വിദ്യ പഠിക്കാൻ വരുന്ന വിദ്യാർത്ഥി ടീച്ചറുടെ മകനെ ഉപദ്രവിച്ചാൽ ടീച്ചറുടെ ഭാര്യ വെറുതെയിരിക്കില്ല.
ഉപദ്രവമുണ്ടാക്കിയ ശിഷ്യനെ ശകാരിക്കുകയോ തിരിച്ചൊരു കൊട്ടു കൊടുക്കുകയോ ചെയ്യാതിരിക്കില്ല.
ഭർത്താവ് മകന്റെ അവസ്ഥയിൽ വിഷമിക്കാതെ ശിഷ്യന്റെ പക്ഷം നിന്നാലോ മൗനം ദീക്ഷിച്ചാലോ ഭാര്യ ഘോരരൂപിണിയാകും.

ഈ നാട്ടുനടപ്പ്  ശ്രീ പരമേശ്വരന്റെ ജീവിതത്തിലും സംഭവിച്ചു.

മഹാകവി
*വളളത്തോൾ*
*നാരായണമേനോൻ* ഖണ്ഡകാവ്യ രചനയിൽ അദ്വിതീയനാണെന്നാണ് സാഹിത്യകുതുകികളുടെ പക്ഷം.
*ശിഷ്യനായ പരശുരാമന്റെയും  മകനായ വിനായകന്റെയും* കഥ ശിവപുരാണത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരേടിൽ നിന്നെടുത്ത് ഏറ്റവും
അർത്ഥഗാംഭീര്യമുള്ള സംസ്കൃതപദങ്ങൾ വളരെയധികം ഉപയോഗിച്ച്  ഖണ്ഡകാവ്യം രചിക്കുമ്പോൾ ലളിതസുന്ദരമായ രീതിയിൽ മലയാളഭാഷയെ പരമാവധി ഔചിത്യത്തോടെ പ്രയോഗിക്കാനും മറന്നില്ല.

*കിട്ടിലയോ ദക്ഷിണ വേണ്ടുവോളം*
*വിശിഷ്ടനാം ശിഷ്യനിൽ നിന്നിദാനീം*
പാർവ്വതിദേവിയുടെ പരിഭവം.

*നാളെപ്പുലർകാലത്തുന്മേഷമിന്നത്തെ*
*ക്കാളുമിണങ്ങിയുണർന്നെണീപ്പാൻ*

പഴയ മൂന്നാം ക്ലാസ്സിലെ *ഒരുറക്ക് പാട്ടെന്ന* ചെറുകവിതയിലെ രണ്ടാമത്തെ ഈരടികൾ.
ഒരു കുഞ്ഞു തങ്കക്കുടത്തിനെ പാടിയുറക്കുന്ന താരാട്ടിന്റെ ധ്വനിയുടെ  മാധുര്യത്തെ _സാഹിത്യമഞ്ജരി_ രണ്ടാംഭാഗത്തിൽത്തന്നെ പോയി നുണയണം.
മാവിന്റെ തളിർ തിന്നു മദിച്ച ഇളങ്കുയിൽ  തൊട്ടിലിൽ ശയിക്കുന്ന പൈതലിന്റെ  കർണ്ണങ്ങൾ രണ്ടിലും പൂന്തേൻ കുഴമ്പാകുന്ന കൂജനത്താൽ പാടി നിറയ്ക്കുകയാണ്
ചെയ്യൂന്നതെന്ന്
ഇളംപൈതലിന്റെ മാതാവ് സങ്കല്പിക്കുന്നു.

*കേളിയേറീടിന മേല്പത്തൂരിന്റെ* *വിഭക്തിയെക്കാളിഹ*
*പൂന്താനത്തിൻ ഭക്തിയാണെനിക്കിഷ്ടം*

പഴയ  പത്താംക്ലാസ്സിലെ
മലയാളംക്ലാസ്സിൽ
ഭക്തകവി
*പുന്താനംനമ്പൂതിരിയുടെ* കാവ്യജീവിതത്തിലുണ്ടായ
ഒരു സങ്കടത്തെ വിശ്വമാനവികതയുടെ അളവുകോലായി സങ്കല്പിച്ച് രചിച ലഘുകവിതയുടെ  സൗന്ദര്യത്തിളക്കം *ഗുരുവായൂരപ്പന്* സമർപ്പിച്ചത്
_സാഹിത്യ മഞ്ജുരിയിലൂടെയാണ്_
അഹങ്കാരിയായ പട്ടേരിയുടെ കൈകാലുകൾ കോച്ചിപ്പിടിപ്പിച്ച കള്ളക്കണ്ണൻ ഉടനെ ഭാഷാകവിയുടെ സങ്കടം ഉള്ളറിഞ്ഞ് തീർക്കാൻ ഉപദേശവും കൊടുത്തു
*ഭക്തിയും വിഭക്തിയും* പോലെയുള്ളൊരു കവിത ബ്രഹ്മജ്ഞന്മാരുടെ
സമദൃശ്ജ്യോതിസ്സിലാണ് ഇളക്കം സൃഷ്ടിക്കുക.

മലയാളത്തിലെ മഹാകവിയും *കേരള കലാമണ്ഡലത്തിന്റെ* സ്ഥാപകനുമാണ് _വള്ളത്തോൾ_
ആധുനിക മലയാള കവിത്രയത്തിൽ
കാവ്യശൈലിയിലെ
ശബ്ദസൗന്ദര്യംകൊണ്ടും സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്നു വള്ളത്തോൾ,
തികഞ്ഞ മനുഷ്യസ്നേഹിയും മതസൗഹാർദത്തിന്റെ വക്താവുമായിരുന്നു.
മലയാളഭാഷയെ ലോകത്തിന് മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും മലയാളത്തിന്റെ തനത് കലയായ *കഥകളിയെ* പരിപോഷിപ്പിക്കുകയും
ലോകജനതയ്ക്ക് മുമ്പിൽ സമർപ്പിക്കുകയും അതുവഴി മലയാളവും _കഥകളിയും_ അന്താരാഷ്ട്ര
പ്രസിദ്ധിനേടുകയും ചെയ്തു.
സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി. ബ്രിട്ടീഷുകാർക്കെതിരെ സമര കാഹളം മുഴക്കുന്നതിന്  ഭാരതജനതയെ ഒന്നടങ്കം ആവേശഭരിതരാക്കുകയും *മഹാത്മജിയുടെ* ആദർശങ്ങളിൽ അടിയുറച്ച് വിശ്വസിക്കുകയും  _ഗാന്ധിജിയെ_ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു
_മഹാകവി വള്ളത്തോൾ._

*മലപ്പുറം* ജില്ലയിലെ
_പൊന്നാനിക്കടുത്ത്_
*മംഗലം* പഞ്ചായത്തിൽപ്പെട്ട _ചേന്നരയിൽ_
_വള്ളത്തോൾ കുടുംബത്തിന്റെ_
കൊണ്ടയൂർ ശാഖയിൽ 1878 ഒക്ടോബറിൽ _കടുങ്ങോട്ട് മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും_ _
_കുട്ടിപ്പാറു അമ്മയുടെയും_ മകനായി നാരായണമേനോൻ ജനിച്ചു. *കൈക്കുളങ്ങര രാമവാര്യരായിരുന്നു* ഗുരുനാഥൻ.
വൈദ്യം പഠിപ്പിക്കുകയായിരുന്നു മാതാപിതാക്കളുടെ ഉദ്യേശ്യം.
വൈദ്യത്തെക്കാൾ കവിതയായിരുന്നു കമ്പം.
പിന്നെ കഥകളിയും.
ശ്ലോകങ്ങളാണ്  വള്ളത്തോൾ എഴുതിത്തുടങ്ങിയത്.
1894 ൽ *കോഴിക്കോട്‌* ഭാഷാപോഷിണി സഭ സംഘടിപ്പിച്ച കവിതാ മത്സരത്തിൽ പതിനാറ്കാരനായ _വള്ളത്തോളിന്_ ഒന്നാം സ്ഥാനം ലഭിച്ചു. ഇതേത്തുടർന്ന് ഭാഷാപോഷിണിയുൾപ്പെടെയുള്ള സാഹിത്യ പ്രസിദ്ധീകരണങ്ങളിൽ ആ യുവകവിയുടെ രചനകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

നിയോ ക്ലാസ്സിക്ക് മാതൃകയിലുള്ള കാവ്യങ്ങളുമായാണ്  _വള്ളത്തോൾ_ സാഹിത്യജീവിതം തൂടങ്ങിയത്.
1905 ൽ ആദികാവ്യമായ
*വാല്മീകിരാമായണത്തിന്റെ* തർജ്ജമയാരംഭിച്ചു.
സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേയ്ക്കുള്ള പരിഭാഷ 1907 ൽ പൂർത്തിയായെങ്കിലും കാവ്യലോകത്ത് അത്രകണ്ട് യശ്ശസാർജ്ജിച്ചില്ല.

1901 ൽ ചിറ്റഴി വിട്ടിൽ മാധവിയമ്മയെ വിവാഹം കഴിച്ചു.1905 ൽ  വന്നേരിയിലേയ്ക്ക് കവി കുടുംബസമേതം താമസം മാറ്റി.

_വള്ളത്തോളിന്റെ_ കാവ്യജീവിതത്തിൽ പരിവർത്തനമുണ്ടാക്കിയ പ്രധാനഘടകം ദേശീയ സ്വാതന്ത്ര്യസമരവും ഗാന്ധിയൻ ആദർശങ്ങളുമായിരുന്നു.
ഭാരതീയ പാരമ്പര്യത്തിൽ അഭിമാനിച്ചിരുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്
സ്വാതന്ത്ര്യസമരം ഉയർത്തിവിട്ട ദേശീയതാബോധത്തോട് ഇഴുകിച്ചേരുക എളുപ്പമായിരുന്നു
1924 ൽ
*വൈക്കം സത്യാഗ്രഹം* നടക്കുന്ന വേളയിലാണ്
*മഹാത്മാഗാന്ധിയെ* നേരിട്ട് കണ്ടതോടെ  വളളത്തോൾ, മഹാത്മാവിന്റെ ആരാധകനായിത്തീർന്നു.
*എന്റെ ഗുരുനാഥൻ* എന്ന കവിതയിലൂടെ _വള്ളത്തോൾ_ വരച്ചെടുത്ത _മഹാത്മജിയുടെ_ ചിത്രം അവിസ്മരണീയമാണ്.

_""ഗീതയ്ക്ക് മാതാവായ ഭൂമിയേ_
ദൃഢമിതു_
_മാതിരിയൊരു_ _കർമ്മയോഗിയേ_ പ്രസവിക്കൂ""_

_""ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര_
_മംഗളം കായ്ക്കും_ _കല്പപാദമുണ്ടായ് വരൂ""_

എന്നാണ് ഗാന്ധിജിയെ വള്ളത്തോൾ വിശേഷിപ്പിച്ചത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രണ്ട് സമ്മേളനങ്ങളിൽ വള്ളത്തോൾ പങ്കെടുത്തു.
ബ്രിട്ടീഷ് രാജകുമാരൻ നൽകിയ പട്ടും വളയും നിരസിക്കാനുള്ള ധീരതയും മഹാകവി പ്രകടിപ്പിച്ചു.
1917 ൽ രചിച്ച *മാതൃവന്ദനം* എന്ന കവിതയോടെയാണ് ദേശീയതയും സ്വാതന്ത്ര്യകാംക്ഷയും വള്ളത്തോളിന്റെ കാവ്യങ്ങളിൽ രൂഢമൂലമായത്.

*കേരളമെന്ന പേരു കേട്ടാലോ തിളയ്ക്കണം*
*ചോര നമുക്ക്‌ ഞരമ്പുകളിൽ*

ഏത് മലയാളിയുടേയും മനസ്സിൽ കെടാവിളക്ക് പോലെ തെളിഞ്ഞുനില്ക്കുന്ന വരികൾ.
മലയാള കവിതയിലെ വസന്തോദ്വാനങ്ങളിലൊന്നായിരുന്നു മഹാകവിയുടെ കവിത
അദ്ദേഹത്തിന്റെ വരിഷ്ഠ ഭാവനയിൽ വിളഞ്ഞ സുന്ദരോദാരമായ പദങ്ങൾ.
ഇനിയുമുണ്ട് ഇത്തരം വരികൾ,
_"പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വെച്ചും,"_,
_"പോരാപോരാ_
_നാളിൽനാളിൽ_
_ദൂരദൂരമുയരട്ടെ"_,
_"ത്യാഗമെന്നതേ നേട്ടം_
_താഴ്മതാനഭ്യുന്നതി",_
 _"യോഗവിത്തേവം _ജയിക്കുന്നിതെൻ_ _ഗുരുനാഥൻ"_

*"പ്പൊ പ്പറ്റി കോപ്പശ്ശാരെ"*

കലാമണ്ഡലത്തിൽ കഥകളി പഠിക്കാനെത്തിയ പ്രശസ്ത താടിവേഷക്കാരൻ *വെള്ളിനേഴി നാണുനായരെ*
സംബന്ധിച്ച ഇത്തരമൊരഭിപ്രായം,
പിതാവ് *കരിയാട്ടിൽ കോപ്പൻനായരോട്*
( _സാക്ഷാൽ_ _ആശാരിക്കോപ്പൻ_) പറഞ്ഞത് മഹാകവിയായിരുന്നു.
കഥകളി പഠിക്കാൻ കലാമണ്ഡലത്തിൽ ചേരാനെത്തുന്ന ബാലന്മാരെ നന്നായി അഭിമുഖം നടത്തുന്ന രീതി കവിക്കുണ്ടായിരുന്നു.
മുഖഭംഗിക്കുറവ്, നീളക്കുറവ്, ഉണ്ടക്കണ്ണൻ മുതലായ ന്യൂനതകൾ ചൂണ്ടിക്കാട്ടാൻ കവിക്ക് ലോപമുണ്ടായിരുന്നില്ല.
എന്നാൽ ഇഷ്ടപ്പെട്ട കലാശക്കാരനെ വാരിപ്പുണരാനും മഹാകവി മടിച്ചില്ല.

മണക്കുളത്ത് കോവിലകത്തെ വലിയ തമ്പുരാനായിരുന്ന കുഞ്ഞുണ്ണി രാജാ കുന്നംകുളത്ത് കളിയോഗം എന്ന പേരിൽ നടത്തിയിരുന്ന കഥകളിയോഗമാണ് മഹാകവിയുടെ അശ്രാന്തപരിശ്രമത്താൽ ആദ്യം നിളാതീരമായ _ചെറുതുരുത്തിയിലും_ പിന്നെ ഇന്നു _വെട്ടിക്കാട്ടിരിയിലും_ ഉജ്ജ്വലശോഭയോടെ പരിലസിക്കുന്ന പ്രവർത്തന സ്വാതന്ത്ര്യമുള്ള വിശ്വ പ്രസിദ്ധമായ
*കേരള കലാമണ്ഡലമായത്* കഴിഞ്ഞ നൂറ്റാണ്ടിന്റെ  പകുതിയോടെ കലാമണ്ഡലത്തിൽ  പഠിതാവായെത്തിയവർ
പ്രശസ്തരായ കഥകളി കലാകാരന്മാരായത്  മഹാകവിയുടെ അനുഗ്രഹവും കൂടിയുള്ളതിനാലാണ്.
കലാമണ്ഡലത്തിന്റെ ഉന്നമനത്തിനായി വിദേശ സഞ്ചാരവും സാധ്യമായി.

_ചിത്രയോഗം_ എന്ന മഹാകാവ്യം ഏഴോളം ഖണ്ഡകാവ്യങ്ങൾ,
സാഹിത്യമഞ്ജരി, രാമായണം പരിഭാഷ മുതലായവ ചില സാഹിത്യ സൃഷ്ടികൾ മാത്രം.
1955 ൽ *പത്മഭുഷൺ* ബഹുമതി.

അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ കലാമണ്ഡലത്തിന്റെ പ്രവേശനഭാഗത്ത് തലയുയർന്ന് നില്ക്കുന്നത് തീവണ്ടിയിൽ സഞ്ചരിക്കുന്നവർ ശ്രദ്ധിച്ചാൽ കാണാം. ചില തീവണ്ടികൾ മാത്രം നില്ക്കുന്ന റെയിൽവേ സ്റ്റേഷന് മഹാകവിയുടെ നാമവും നൽകിയിരിക്കുന്നു

1958  മാർച്ച് 13 ന് _എറണാകുളത്താണ്_ മഹാകവി ഉദരരോഗത്താൽ കാവ്യലോകത്തിൽ നിന്ന് മറയുന്നത്. യുവാവായിരുന്നപ്പോൾ ഒരു നിയോഗം പോലെ കേൾവിക്കുറവും സംഭവിച്ചു.

മലയാള ചലച്ചിത്ര സീരിയൽ നടൻ ശ്രി _രവി വള്ളത്തോൾ_   മഹാകവിയുടെ സഹോദരി പുത്രിയുടെ മകനാണ്.
_ടി എൻ ഗോപിനാഥൻ_ _നായരുടെയും,_ _സൗദാമിനിയുടേയും_ ( *കുറ്റിപ്പുറത്ത് കേശവൻ നായരുടെ മകൾ* ) മകൻ.

_വള്ളത്തോൾ സ്മാരക ട്രസ്റ്റ്_ സാഹിത്യപ്രതിഭകൾക്ക് *വള്ളത്തോൾ സമ്മാനം* കൊല്ലംതോറും സമ്മാനിച്ചു വരുന്നു.

*തിരുവനന്തപുരത്ത്*  _പിരപ്പൻകോടിനടുത്ത്_ *കോലിയക്കോട്* എന്ന സ്ഥലത്ത് വള്ളത്തോൾ സ്മാരക കഥകളിയോഗം ഇന്നും സജീവമായി  അരങ്ങൊരുക്കുന്നു.  ഈ സ്മരണ കുറിക്കുന്നയാളിന് മഹാകവിയെ സംബന്ധിച്ച ആദ്യയറിവ് ജനിക്കുന്നത് ഈ കളിയോഗത്തിന്റെ തിരശീലയുടെ മുൻഭാഗത്തെ നാലക്ഷരത്തിൽ നിന്നാണ്.

കേരളത്തിന് മലയാളമെന്നും
മലനാടെന്നും പേർ പറയുന്നു.
 പക്ഷേ ആംഗലേയഭാഷ മാത്രം പഠിച്ച് മക്കൾ വളർന്ന് വലിയ വിദ്വാനായിത്തീരണമെന്നും ഇംഗ്ലീഷിൽ മാത്രമെ ആശയങ്ങൾ സംവദിക്കാവു എന്നും കലാലയ നടത്തിപ്പുകാരും രക്ഷകർത്താക്കളും കടും പിടിത്തം പിടിക്കുന്നു,
അത്തരക്കാർക്ക് മഹാകവിയുടെ ചുട്ട മറുപടിയാണ് ചുവടെ

*സംസ്കൃതഭാഷതൻ സ്വാഭാവികൗജസ്സും,*
*സാക്ഷാൽത്തമിഴിന്റെ സൗന്ദര്യവും,*
*ഒത്തുചേർന്നുള്ളൊരു ഭാഷയാണെൻഭാഷ,*
*മത്താടികൊൾകഭിമാനമേ നീ!.*

*കെ.ബി.ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ